സ്ത്രീപ്രജനനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍

ഡോ. ജൗസല്‍

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

(ഭ്രൂണശാസ്ത്രം ക്വുര്‍ആനിലും ഹദീഥിലും 2)

ഇനി, സ്ത്രീയുടെ തെറിച്ചുവീഴുന്ന ദ്രാവകം തറാഇബില്‍നിന്ന് പുറപ്പെടുന്നു എന്ന പരാമര്‍ശമാണ് പരിശോധിക്കാനുള്ളത്. 'തറാഇബ്' എന്ന പദം സാധാരണ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പദമല്ല; സാഹിത്യപരമായ പദമാണ്. ഈ പദത്തിന്റെ അര്‍ഥത്തെ സംബന്ധിച്ച്  പലതരം അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ കാണാവുന്നതാണ്.

തഫ്‌സീറുകളില്‍ ഈ പദത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ കാണാം. തഫ്‌സീറുകളിലെ ചര്‍ച്ചകളെല്ലാം ഇവിടെ പ്രസ്താവിക്കുകയാണെങ്കില്‍ ലേഖനം വളരെ അധികം നീണ്ടുപോകും എന്നുള്ളതുകൊണ്ട് വളരെ ചുരുക്കി മാത്രം വിശദീകരിക്കുന്നു:

താബിഈ പണ്ഡിതനായ സഈദ് ബിന്‍ ജുബൈര്‍

(റഹി) പറഞ്ഞത് 'തറാഇബ്' എന്നത് ശരീരത്തിന് ഇരുവശത്തുമുള്ള ഏറ്റവും താഴെയുള്ള 4 വാരിയെല്ലുകള്‍ക്ക് ഇടയിലുള്ള ഭാഗമാണ് (upper abdomen) എന്നാണ്. ളഹ്ഹാക്വ്(റഹി) പറഞ്ഞത് തറാഇബ് എന്നത് മാറുകള്‍ക്ക് ഇടയിലുള്ള നെഞ്ചകത്തിനും(thorax) കാലുകള്‍ക്കിടയില്‍ ഉള്ള ഭാഗത്തിനും (pelvic girdle) കണ്ണുകള്‍ക്ക് ഇടയിലുള്ള ഭാഗത്തിനും (ethmoids) ഒക്കെ ഉപയോഗിക്കുന്ന പദമാണ് എന്നാണ്. (തഫ്‌സീര്‍ ഇബ്‌നു കഥീര്‍).

ഡിക്ഷ്ണറികള്‍ നോക്കിയാലും ഇതേ അര്‍ഥങ്ങള്‍ കാണാവുന്നതാണ്. AD 1863ല്‍ Edward William Lane പ്രസിദ്ധീകരിച്ച അൃമയശരഋിഴഹശവെ ഘലഃശരീി ഈ വാക്കിന് ഇതേ അര്‍ഥങ്ങള്‍ കൊടുത്തത് കാണുക:

ചുരുക്കിപ്പറഞ്ഞാല്‍, എല്ലിന്‍കൂടുകള്‍ക്കിടയില്‍ (skeletal cage) സ്ഥിതിചെയ്യുന്ന ശരീരത്തിലെ പല ഭാഗങ്ങളെ സൂചിപ്പിക്കാന്‍ തറാഇബ് എന്ന പദം ഉപയോഗിക്കുന്നുണ്ട്. ശരീരശാസ്ത്രം അഥവാ അനാട്ടമിയുടെ ഭാഷയില്‍ rib cage, shoulder girdle, pelvic girdle എന്നിവയ്‌ക്കൊക്കെ ഉപയോഗിക്കാവുന്ന ഒരു സാഹിത്യപദമാണ് തറാഇബ് എന്നത്.

സ്വുല്‍ബിനെക്കുറിച്ച് സൂചിപ്പിച്ചപോലെ ഒട്ടുമിക്ക ഇംഗ്ലീഷ്, മലയാളം പരിഭാഷകളിലും തറാഇബിന് വാരിയെല്ല് അഥവാ rib cage എന്ന അര്‍ഥമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ pelvic girdle എന്ന അര്‍ഥമാണ് ഈ ക്വുര്‍ആന്‍ ആയത്തിന് യഥാര്‍ഥത്തില്‍ യോജിച്ച ശരിയായ അര്‍ഥം. മുഹമ്മദ് അസദിന്റെ the message of Quran എന്ന പരിഭാഷയില്‍ കൃത്യമായി ഈ അര്‍ഥം  കൊടുത്തിരിക്കുന്നത് കാണാവുന്നതാണ്.

Pelvic girdle എന്നാല്‍ ഇടുപ്പെല്ലുകള്‍ക്ക് ഇടയിലുള്ള ഭാഗമാണ്. ചിത്രം കാണുക:

പുരുഷശുക്ലം പോലെ സ്ത്രീക്കും തെറിച്ചുവീഴുന്ന ദ്രാവകം ഉണ്ടോ എന്നതായിരിക്കും ഒരുപക്ഷേ, നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ അത്ഭുതകരമായ കാര്യം സ്ത്രീക്കും അത്തരത്തില്‍ തെറിച്ചുവീഴുന്ന ദ്രാവകം ഉണ്ട് എന്നതാണ്. ഇബ്‌നു അബ്ബാസി(റ)ന്റെ വിശദീകരണത്തിലും ജലാലൈനി തഫ്‌സീറിലും ഒക്കെ പ്രസ്താവിച്ച സ്ത്രീയുടെ തെറിച്ചുവീഴുന്ന മഞ്ഞനിറത്തിലുള്ള ദ്രാവകമാണ് mature ovarian follicular fluid fluid.

സ്ത്രീയുടെ അണ്ഡാശയത്തിന് അകത്തുള്ള ഒരു അണ്ഡകോശം ഒരു ആര്‍ത്തവചക്രത്തില്‍ ഒരു പ്രാവശ്യം അടിവയറിനകത്ത് സ്ഖലിക്കപ്പെടുന്ന പ്രതിഭാസമാണ് ഓവുലേഷന്‍ അഥവാ അണ്ഡസ്ഖലനം. സാധാരണഗതിയില്‍ ഒരു മാസം എടുക്കുന്ന ആര്‍ത്തവചക്രത്തിന്റെ മധ്യത്തില്‍ ഒരു പ്രാവശ്യം മാത്രം നടക്കുന്ന സംഗതിയാണിത്. അണ്ഡാശയത്തിലെ പാകമായ ഓവേറിയന്‍ ഫോളിക്കിള്‍ (mature ovarian follicle) അണ്ഡാശയത്തിന് പുറത്തേക്ക് പൊട്ടുകയും അതിനകത്തുള്ള ദ്രാവകം പുറത്തുവരികയും ആണ് ചെയ്യുന്നത്. Follicular fluid എന്നാണ് ഈ ദ്രാവകം അറിയപ്പെടുന്നത്. മഞ്ഞനിറത്തിലാണ് ഈ ദ്രാവകം ഉള്ളത്. പാകമായ ഓവേറിയന്‍ ഫോളിക്കിളിന് ഏകദേശം 23 മില്ലിമീറ്റര്‍ വലിപ്പമുണ്ട്. 5 ാഹല്‍ കൂടുതല്‍ മഞ്ഞനിറത്തിലുള്ള ദ്രാവകം ഇതില്‍ ഉണ്ടാവും. ഇതില്‍ ഒരു അണ്ഡകോശം ഉണ്ടായിരിക്കും. അണ്ഡകോശത്തിന്റ  വ്യാസം ഏകദേശം100 മൈക്രോ മീറ്റര്‍ ആണ്. ഒരു തലമുടിയുടെ കനം എന്നുപറയാം. ഓവുലേഷന്‍ സമയത്ത് സ്ഖലിക്കപ്പെടുന്ന ഫോളിക്കുലര്‍ ഫ്‌ളൂയിഡ് എന്ന മഞ്ഞ ദ്രാവകത്തിലുള്ള ഈ കുഞ്ഞു അണ്ഡത്തെ ഫലോപ്പിയന്‍ ട്യൂബ് എന്ന അണ്ഡവാഹിനിക്കുഴല്‍ സ്വീകരിച്ചു ഗര്‍ഭാശയത്തിലേക്ക് നയിക്കുന്നു.

തലച്ചോറിനകത്തെ പിറ്റിയൂട്ടറി ഗ്രന്ഥി പുറപ്പെടുവിക്കുന്ന Luteinizing hormone എന്ന ഹോര്‍മോണാണ് ഓവുലേഷന് കാരണമാകുന്നത്. ആര്‍ത്തവചക്രത്തിന്റെ മധ്യത്തില്‍ പിറ്റിയൂട്ടറി ഗ്രന്ഥി ഈ ഹോര്‍മോണ്‍ വലിയ അളവില്‍ പുറപ്പെടുവിക്കുന്നതിന്റെ (leutinizing hormone surge) ഫലമായാണ് ഓവേറിയന്‍ ഫോളിക്കിള്‍ പൊട്ടി അണ്ഡസ്ഖലനം സംഭവിക്കുന്നത്. മഞ്ഞ എന്നര്‍ഥം വരുന്ന luteus എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് Luteinizing hormone എന്ന പേരുണ്ടായത്. ഓവുലേഷന്‍ നടന്നതിനു ശേഷമുള്ള ഓവേറിയന്‍ ഫോളിക്കിള്‍ Corpus luteum (Latin word for 'yellow body') എന്നാണ് അറിയപ്പെടുന്നത്.

ഈ കാര്യങ്ങളെല്ലാം നടക്കുന്നത് സ്ത്രീശരീരത്തിന് അകത്താണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ് ഈ കാര്യങ്ങളെക്കുറിച്ചു ശാസ്ത്രത്തിന് അറിവുലഭിക്കുന്നത്. 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല എന്നുള്ളതില്‍ സംശയമില്ലല്ലോ. കുഞ്ഞുണ്ടാകുന്നതില്‍ പങ്കുവഹിക്കുന്ന സ്ത്രീയുടെ തെറിച്ചുവീഴുന്ന ഈ മഞ്ഞനിറത്തിലുള്ള ദ്രാവകത്തെ പറ്റിയുള്ള പരാമര്‍ശം ഹദീഥുകളിലും വ്യക്തമായി കാണാം

പ്രവാചകന്‍ ﷺ  അരുള്‍ ചെയ്തു: ''പുരുഷന്റെ ദ്രാവകം കട്ടിയുള്ളതും വെളുത്തതും ആണ്. സ്ത്രീയുടെ ദ്രാവകം കട്ടിയില്ലാത്തതു മഞ്ഞയും ആണ്. ഇതില്‍ ഏത് അതിജയിക്കുന്നുവോ ജനിക്കുന്ന സന്താനം അവരോട് സാദൃശ്യമുള്ളത് ആയിരിക്കും'' (നസാഈ).

വിശുദ്ധ ക്വുര്‍ആനില്‍ പ്രതിപാദിച്ച സ്ത്രീയുടെ തറാഇബില്‍ നിന്ന് ഉത്ഭവിക്കുന്ന തെറിച്ചുവീഴുന്ന, സന്താന ഉല്‍പാദനത്തില്‍ പങ്കുവഹിക്കുന്ന മഞ്ഞ ദ്രാവകം എന്നത് ഓവുലേഷന്‍ സമയത്ത് ഓവേറിയന്‍ ഫോളിക്കിള്‍ പൊട്ടി അണ്ഡ സ്ഖലനം സംഭവിക്കുന്ന കാര്യമാണ് എന്ന് വ്യക്തം. സ്ത്രീയുടെ അണ്ഡാശയം സ്ഥിതിചെയ്യുന്നത് ഗര്‍ഭാശയത്തിന് ഇരുവശത്തുമായി pelvic girdleന് അകത്താണ്. വിശുദ്ധ ക്വുര്‍ആന്‍ ആശയത്തോട് ഏറ്റവും യോജിച്ച പരിഭാഷ തറാഇബ് എന്നാല്‍ pelvic girdle എന്നത് തന്നെയാണ്. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് മുഹമ്മദ് അസദ് പ്രസിദ്ധീകരിച്ച ക്വുര്‍ആന്‍ പരിഭാഷയാണ് ഈ ആയത്തിനെ കൃത്യമായി പരിഭാഷപ്പെടുത്തിയത് എന്നു പറയാം. മിക്ക പരിഭാഷകളിലും കൊടുത്തിട്ടുള്ള വാരിയെല്ല് (rib) എന്ന പരിഭാഷയെക്കാന്‍ കൃത്യമായ പരിഭാഷ pelvic girdle എന്നതാണ്.

നേരത്തെ പറഞ്ഞ പോലെ ഇത് ചില പരിഭാഷകളുടെ മാത്രം പോരായ്മയാണ്; അല്ലാതെ ഒരിക്കലും വിശുദ്ധ ക്വുര്‍ആനിന്റെ പോരായ്മയല്ല. നമ്മള്‍ ഇവിടെ ദീര്‍ഘമായി ചര്‍ച്ച ചെയ്ത സൂറഃ ത്വാരിക്വിലെ 5-7 ആയത്തുകളുടെ ശാസ്ത്രീയമായ പരിഭാഷ ഇങ്ങനെ വായിക്കാം:

'എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചുവീഴുന്ന ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. (പുരുഷനില്‍നിന്നും സ്ത്രീയില്‍ നിന്നും ദ്രാവകങ്ങള്‍ ഗര്‍ഭാശയത്തിനുള്ളിലേക്ക് തെറിച്ചുവീഴുന്നു). പുരുഷന്റെ ഇടുപ്പില്‍ നിന്നും സ്ത്രീയുടെ pelvis നിന്നും ആണ് (തെറിച്ചു വീഴുന്ന) ദ്രാവകങ്ങള്‍ പുറപ്പെടുന്നത്.'

2008ല്‍ ബെല്‍ജിയത്തില്‍ ഗര്‍ഭാശയം നീക്കംചെയ്യാനുള്ള എന്‍ഡോസ്‌കോപ്പി സര്‍ജറി ചെയ്യുന്നതിനിടയില്‍ തികച്ചും ആകസ്മികമായി അണ്ഡാശയത്തില്‍നിന്ന് ഓവുലേഷന്‍ നടക്കുന്നത് ലോകത്ത് ആദ്യമായി ലൈവായി നേരിട്ട് കാണാന്‍ ഇടയായി. അതിന്റെ ചിത്രം താഴെ കൊടുക്കുന്നു. ഓവേറിയന്‍ ഫോളിക്കിള്‍ പൊട്ടി മഞ്ഞനിറത്തിലുള്ള ദ്രാവകം പുറത്തുവരുന്നത് ഇതില്‍ വ്യക്തമായി കാണാവുന്നതാണ്. (അവലംബം: ബിബിസി ന്യൂസ് റിപ്പോര്‍ട്ട്).

സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്ന ഓവുലേഷന്‍ എന്ന പ്രക്രിയയുടെ ഒരു എജുക്കേഷനല്‍ വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു: https://youtu.be/wcVC3TFI7fQ

സ്ത്രീയുടെ ശരീരത്തില്‍ തറാഇബില്‍ അഥവാ pelvic girdleല്‍ സ്ഥിതിചെയ്യുന്ന അണ്ഡാശയം ഓവുലേഷന്‍ സമയത്ത് അണ്ഡവിസര്‍ജനം നടത്തുന്ന പ്രക്രിയ മനോഹരമായി വീഡിയോയില്‍  ആവിഷ്‌കരിച്ചിരിക്കുന്നു. ക്വുര്‍ആന്‍ പ്രസ്താവിച്ച സ്ത്രീയുടെ തെറിച്ചുവീഴുന്ന മഞ്ഞനിറത്തിലുള്ള ദ്രാവകത്തെപ്പറ്റി കൃത്യമായ ഒരു അവബോധം ഉണ്ടാക്കാന്‍ വീഡിയോ സഹായിക്കുമെന്ന് കരുതുന്നു.

അല്ലാഹു എത്ര പരിശുദ്ധന്‍! വളരെ കൃത്യമായ സയന്റിഫിക് ആയ പ്രസ്താവനകള്‍ തന്നെയാണ് ക്വുര്‍ആനില്‍ ഉള്ളത് എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ആയത്തുകള്‍. ഇസ്‌ലാം വിമര്‍ശകര്‍ വികലമാക്കി അവതരിപ്പിച്ചതുകൊണ്ടാണ് ഇതെല്ലാം ഡീറ്റെയില്‍ ആയി തന്നെ പരിശോധിക്കുവാന്‍ തുനിഞ്ഞത്. ക്വുര്‍ആന്‍ കൂടുതല്‍ കൂടുതല്‍ അടുത്തറിയുമ്പോള്‍ അത്ഭുതങ്ങളുടെ പുതിയ പുതിയ വാതായനങ്ങള്‍ നമുക്ക് മുന്നില്‍ തുറക്കപ്പെടുന്നു. ക്വുര്‍ആന്‍ വചനങ്ങളുടെ ശാസ്ത്രീയമായ കൃത്യത വളരെ മികവോടെ നമുക്ക് മുന്നില്‍ അനാവൃതമാകുന്നു. ആധുനികമായ വ്യാഖ്യാനങ്ങള്‍ക്ക് പിറകെ പോവാതെ മുഹമ്മദ് നബി ﷺ യില്‍നിന്നും മതം നേരിട്ട് പഠിച്ച സ്വഹാബികളുടെ വ്യാഖ്യാനങ്ങള്‍ക്കാണ് നാം ഊന്നല്‍ കൊടുക്കേണ്ടത് എന്ന വസ്തുതയും കൂടി കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം വിമര്‍ശനങ്ങള്‍. സ്വഹാബികളും താബിഉകളും പഠിപ്പിച്ച ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പഴയകാല ഇമാമുമാര്‍ പഠിപ്പിച്ച ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിലെല്ലാം വളരെ വ്യക്തമായി ഇക്കാര്യം കൈകാര്യം ചെയ്തിട്ടുമുണ്ട് എന്ന് മുകളില്‍ കൃത്യമായി പ്രസ്താവിച്ചു കഴിഞ്ഞു.

ശാസ്ത്രീയമായ അറിവുകള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത് പല സൂക്തങ്ങളുടെയും ശാസ്ത്രീയമായ ഉദ്ദേശ്യങ്ങള്‍ അവര്‍ക്ക് ബോധ്യമായിരുന്നില്ലായിരിക്കാം. പക്ഷേ, അവയെല്ലാം എത്രമാത്രം ശാസ്ത്രീയമായി കൃത്യമായതായിരുന്നു എന്ന് നമുക്ക് ശാസ്ത്രം വികസിച്ച ഇന്നത്തെ കാലത്ത് ബോധ്യപ്പെടുന്നു. ശാസ്ത്രീയമായ അറിവുകള്‍ കൂടുന്നതിനനുസരിച്ച് ക്വുര്‍ആനിന്റെ ദൈവികത കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിക്കപ്പെട്ട ഒരു ഗ്രന്ഥം ഇന്നും അതേ രൂപത്തില്‍ യാതൊരു തിരുത്തലുകളും ഇല്ലാതെ അതിശക്തമായി കാലത്തെ അതിജീവിച്ചു നിലകൊള്ളുന്നു എന്നത് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാണ്.

''അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു''(ക്വുര്‍ആന്‍ 61:8).

''സന്‍മാര്‍ഗവും സത്യമതവുംകൊണ്ട് എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചുകാണിക്കുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് അത് അനിഷ്ടകരമായാലും ശരി''(ക്വുര്‍ആന്‍ 61:9). (അവസാനിച്ചില്ല)