ഐക്യം: ഇസ്‌ലാമിന് പറയാനുള്ളത്

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2020 മെയ് 30 1441 ശവ്വാല്‍ 06

ലോകത്ത് മനുഷ്യവംശത്തിനെ സത്യമാര്‍ഗത്തിലൂടെ വഴിനടത്താന്‍ ദൈവത്താല്‍ നിയുക്തരായവരാണ് നബിമാര്‍. നബിമാരുടെ ജീവിതവും അവര്‍ അനുഭവിച്ച ത്യാഗങ്ങളും വിശ്വാസികള്‍ക്ക് മാതൃകയാകാനും പ്രയാസഘട്ടങ്ങളില്‍ ആശ്വാസമാകാനും ഉപകരിക്കത്തക്ക രീതിയിലാണ് ക്വുര്‍ആനില്‍ അവ വിവരിക്കപ്പെട്ടിരിക്കുന്നത്. മുഹമ്മദ് നബി ﷺ ക്ക് ശേഷം മുഴുവന്‍ മനുഷ്യരാശിയുടെയും മോക്ഷം ക്വുര്‍ആന്‍ പിന്‍പറ്റുന്നതിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ക്വുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട ഓരോ വിഷയവും അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ഐക്യത്തിനും പരസ്പര സഹവര്‍ത്തിത്വത്തിനും ക്വുര്‍ആന്‍ വിശ്വാസികളെയും മാനവരാശിയെ പൊതുവായും ഉപദേശിക്കുന്നു. വ്യത്യസ്ത കാല, ദേശങ്ങളില്‍ നിയോഗിതരായ സര്‍വ നബിമാരും അവരുടെ നിയോഗത്തിലും സര്‍വോപരി ആദര്‍ശത്തിലും ഐക്യപ്പെട്ടിരിക്കുന്നു. അവരെ സംബന്ധിച്ച് വിശ്വാസികളും അത്തരം വീക്ഷണമാണ് വെച്ചുപുലര്‍ത്തേണ്ടത് എന്ന് അല്ലാഹു നമ്മോട് ഉണര്‍ത്തുന്നു.

നബിമാര്‍ ഐക്യത്തിന്റെ സന്ദേശവാഹകര്‍

അല്ലാഹു പറയുന്നു: ''പറയുക: ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും, ഇബ്‌റാഹീം ഇസ്മാഈല്‍ ഇസ്ഹാക്വ്, യഅ്ക്വൂബ്, യഅ്ക്വൂബ് സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കപ്പെട്ടതിലും; മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും പ്രവാചകന്മാര്‍ക്കു മുഴുവനും തങ്ങളുടെ രക്ഷിതാവില്‍ നിന്ന് നല്‍കപ്പെട്ടതിലും വിശ്വസിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും തങ്കള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരുമാണ്'' (ക്വുര്‍ആന്‍ 2: 136).

ഐക്യം: മതത്തിന്റെ അടിത്തറ

ഐക്യത്തിന് സവിശേഷ സ്ഥാനമാണ് ഇസ്‌ലാമിലുള്ളത്. അല്ലാഹു പറയുന്നു:

''നിങ്ങളൊന്നായി സംഘടിച്ച് അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുക, ഭിന്നിച്ച് പോകരുത്. പരസ്പരം ശത്രുക്കളായിരുന്ന ഘട്ടത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്നെ അനുഗ്രഹം ഓര്‍ക്കുക. അവന്‍ നിങ്ങളുടെ ഹൃദയങ്ങള്‍ കുട്ടിയിണക്കി. അവന്റെ അനുഗ്രഹത്തോടെ നിങ്ങള്‍ സഹോദരങ്ങളായി മാറി. നിങ്ങള്‍ ഒരഗ്നികുണ്ഡത്തിന്റെ വക്കിലെത്തിയിരുന്നു. അതില്‍ വീണുപോകാതിരിക്കാന്‍ അല്ലാഹു നിങ്ങളെ തുണച്ചു. അല്ലാഹു അവന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ഇങ്ങനെ വിശദമാക്കിത്തരുന്നത് നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുവാനാണ്'' (ക്വുര്‍ആന്‍ 3:103).

പ്രവാചകന്റെ കാലത്ത് ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ നൂറ്റിഇരുപത് വര്‍ഷത്തോളമായി ഭിന്നിപ്പിലും ശത്രുതയിലുമായി കഴിഞ്ഞ് കുടിയിരുന്നു. റസൂൽ ﷺ  വരികയും ക്വുര്‍ആന്‍ അവതരിക്കുകയും ചെയ്തപ്പോള്‍ ഇസ്‌ലാമിന്റെ ഐക്യസമീപനത്താല്‍ ആ നീണ്ടകാല പകയും വിദ്വേഷവും പോലും തുടച്ചുനീക്കപ്പെട്ടു! ഐക്യത്തെ കേവല സാമൂഹിക ശാക്തീകരണത്തിനുള്ള ഉപാധിയായല്ല ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മറിച്ച് വിശ്വാസികള്‍ കണിശമായി പാലിക്കേണ്ട ദൈവിക കല്‍പന എന്ന നിലയ്ക്കാണ്. വിശ്വാസികളോരോരുത്തരോടുമാണ് ഇതിലെ കല്‍പന വിരല്‍ ചൂണ്ടുന്നത്; സമൂഹത്തിലെ പണ്ഡിതന്മാര്‍, സാധാരണക്കാര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഐക്യത്തിന് പരിശ്രമിക്കണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സ്വാഭാവികമായും ആദര്‍ശവ്യതിയാനങ്ങളും തുടര്‍ന്ന് നടക്കുന്ന സംവാദങ്ങളും ഭിന്നതക്ക് ആക്കം കൂട്ടിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഏതൊരു ആദര്‍ശ പ്രവര്‍ത്തനവും നടത്തുമ്പോഴും ഐക്യത്തിനും സാഹോദര്യത്തിനുമുള്ള ദൈവികകല്‍പന ഹൃദയത്തിലുണ്ടായിരിക്കേണ്ടതുണ്ട്. ഗുണകാംക്ഷാപരമായ ഇത്തരം സമീപനങ്ങളാണ് ഒരു പ്രബോധകനെ നയിക്കേണ്ടത്. ഇസ്‌ലാമിന്റെ മഹത്തായ വിജയങ്ങളെ നിര്‍ണയിച്ച പ്രധാനമായ ഘടകങ്ങളിലൊന്നായ ഐക്യബോധത്തെ തിരിച്ചറിഞ്ഞ ശത്രുക്കള്‍ ഇസ്‌ലാമിലെ അവാന്തരവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഐക്യപ്പെടാതിരിക്കാനുമുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തതായി ചരിത്രം പഠിപ്പിക്കുന്നു. അടിസ്ഥാന വിഷയങ്ങളില്‍ യോജിച്ചുകൊണ്ടുള്ള സംവാദശൈലിയാണ് പൂര്‍വികര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സമകാലിക ലോകത്ത് അത് കയ്യേറ്റങ്ങളിലേക്കും കലാപങ്ങളിലേക്കും നീങ്ങുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് മുസ്‌ലിംകളെ വംശീയമായി ഉന്‍മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുകയും ചെയ്യുന്നുണ്ട്.

അനൈക്യം ദൈവികശിക്ഷക്കു കാരണം

''വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്'' (ക്വുര്‍ആന്‍ 3:105).

ഐക്യത്തിനുള്ള ദൈവിക കല്‍പന ലംഘിച്ച് കക്ഷിത്വത്തിന് വേണ്ടി മല്‍സരിച്ച്, ഇസ്‌ലാമിന്റെ പൊതുവായ കാഴ്ചപ്പാടിനോട് പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയിറങ്ങും എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ധര്‍മനിഷേധികളില്‍ നിന്ന് സമൂഹത്തിന് നേരിടുന്ന മര്‍ദനങ്ങളും മറ്റിതര വിപത്തുകളും ദൈവകല്‍പനയുടെ ധിക്കാരത്താല്‍ നമുക്ക് നേരിടേണ്ടിവരുന്നതാണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ മാത്രമാണ് എങ്ങനെ പരീക്ഷണഘട്ടങ്ങള്‍ മറികടക്കാം എന്ന ചിന്തയും അതിനുള്ള പ്രായോഗിക നടപടിയും നമുക്കുള്ളില്‍ തെളിയുക.

ഉഹ്ദ് യുദ്ധത്തിലെ പരാജയത്തിന്റെ കാരണവും ഭിന്നതതന്നെയാണ്. അഥവാ നേതൃകല്‍പന അനുസരിക്കുന്നതിലുള്ള വീഴ്ചയാണ്. ഐഹികമായ താല്‍പര്യങ്ങളാണ് പലപ്പോഴും ഭിന്നതയിലേക്കും തുടര്‍ന്ന് പരാജയത്തിലേക്കും അധഃപധനത്തിലേക്കും മനുഷ്യരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ഭിന്നതയ്‌ക്കെതിരെയും നാം ജാഗരൂകരാകേണ്ടതുണ്ട്. ഒരു പുതിയ ഗ്രന്ഥമോ നബിയോ ഇനി വരാനില്ല. അന്ത്യനാള്‍വരേക്കുമുള്ള ഗ്രന്ഥമാണ് ക്വര്‍ആന്‍ എന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഏത് കാലഘട്ടത്തിലും ഏത് പ്രശ്‌നവും നമുക്ക് ക്വുര്‍ആനിന്റെയും അതിന്റെ വിശദീകരണമായ പ്രവാചകചര്യയുെടയും അടിസ്ഥാനത്തില്‍ പരിഹരിക്കാം എന്നാണ്. അപ്പോഴാണ് നാം അല്ലാഹുവിന്റെ കല്‍പന അംഗീകരിക്കുന്നവരാവുക.

''അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 4:175).

കക്ഷിത്വം ഒരു ശിക്ഷ

യഥാര്‍ഥത്തില്‍ ഭിന്നത, കക്ഷിത്വം എന്നിവ അല്ലാഹുവിന്റെ ശിക്ഷയാണ് എന്നാണ് റസൂൽ ﷺ  നമ്മെ പഠിപ്പിക്കുന്നത്. ഓരോ കക്ഷിയുടെ നേതാക്കന്മാരും ചിലപ്പോഴൊക്കെ തങ്ങള്‍ നേതാക്കന്മാരായതില്‍ സ്വയം അഭിമാനിക്കുന്നുണ്ടാകാം. എന്നാല്‍ അല്ലാഹുവിന്റെ ഒരു ശിക്ഷാരീതിയിലെ ഒരു ഉപകരണം മാത്രമാണ് ഭിന്നതയ്ക്കും കക്ഷിത്വത്തിന്നും വേണ്ടി പരിശ്രമിക്കുന്നവര്‍.

''പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്തുനിന്നോ നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ; അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്!'' (ക്വുര്‍ആന്‍ 6:65).

മുകള്‍ ഭാഗത്തിലൂടെ ശിക്ഷ ഇറക്കുന്നതിന് ഉദാഹരണങ്ങളാണ് 'നൂഹ് നബി(അ)യുടെ കാലഘട്ടത്തിലെ മഴ, കാല്‍ച്ചുവട്ടിലൂടെ ശിക്ഷ ഇറക്കുന്നതിന് ഉദാഹരണമാണ് ഭൂമികുലുക്കം, ഭൂമിയിലേക്ക് താഴുക മുതലായവ.

ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ''ജിബ്‌രീല്‍ ഈ സൂക്തവുമായി നബി ﷺ യുടെ അടുത്ത് വന്നപ്പോള്‍ അദ്ദേഹം തന്റെ സമുദായത്തെക്കുറിച്ച് ആശങ്കയിലായി. ജിബ്‌രീല്‍ മറുപടിയായി പറഞ്ഞു: 'തീര്‍ച്ചയായും താങ്കളുടെ രക്ഷിതാവ് രണ്ട് കാര്യങ്ങളില്‍ നിന്ന് താങ്കളുടെ സമുദായത്തെ രക്ഷപ്പെടുത്തിയിരിക്കുന്നു. നൂഹ് നബിയുടെയും ലൂത്ത് നബിയുടെയും സമൂഹത്തിന് സംഭവിച്ചത് പോലെ മുകള്‍ ഭാഗത്തുനിന്നുള്ള ശിക്ഷയില്‍ നിന്നും ഖാറൂന് സംഭവിച്ചത് പോലെയുള്ള ഭൂമിയിലേക്കാഴ്ന്ന് പോകുന്നതില്‍നിന്നും അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു.''

ഭിന്നതയും അനൈക്യവും എത്രമാത്രം ഭീകരമായ പ്രത്യാഘാതങ്ങളാണ് സമുദായത്തിന് ഏല്‍പിക്കുന്നത് എന്നതിന് സമകാലിക ലോകത്ത് ഏറെ അനുഭവം നമുക്കു മുന്നിലുണ്ട്.

''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ക്വുര്‍ആന്‍ 6:153).

സത്യമാര്‍ഗം വ്യക്തമായിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് വഴിമാറിപ്പോകുന്നത് ഭിന്നതയിലേക്കും അനൈക്യത്തിലേക്കും നയിക്കുന്നു:

''തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്). അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ചുകൊള്ളും'' (ക്വുര്‍ആന്‍ 6:159).

ഈ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട മതത്തില്‍ ഭിന്നിപ്പുണ്ടാക്കിയവര്‍ ആരെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ബഹുദൈവവിശ്വാസികളിലെ കക്ഷിത്വങ്ങളാണെന്നും അതല്ല വേദക്കാര്‍ക്കിടയിലെ ഉള്‍പിരിവുകളും തമ്മിലടിയും ആണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ പേരില്‍ തമ്മിലടിച്ച് കക്ഷികളായി പിരിയുന്ന പുത്തനാശയക്കാരും അതില്‍ ഉള്‍പ്പെടുമെന്ന് മുജാഹിദ്(റ) ഉള്‍പ്പെടെയുള്ള പണ്ഡിതര്‍ പറയുന്നു. മുസ്‌ലിംകള്‍ ഒരേസ്വരത്തില്‍ സംസാരിക്കുകയും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പ്രേരണനല്‍കുവാനാണ് ഈ വചനം ഉപദേശിക്കുന്നത്. ദീനില്‍ പുത്തന്‍ ചിന്തകളുമായി കടന്നുവന്ന് ഛിദ്രതയുണ്ടാക്കരുതെന്ന് വചനം നമ്മോട് ആവശ്യപ്പെടുന്നു.

'അവരുമായി താങ്കള്‍ക്ക് യാതൊരു ബന്ധവുമില്ല' എന്ന് അല്ലാഹു ഈ വചനത്തില്‍ നബി ﷺ യോട് പറയുന്നു. അവരുടെ വിശ്വാസത്തില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും നബി ﷺ  വിദൂരത്താണ്, അവരുടെ പ്രവര്‍ത്തനഫലം അവര്‍ക്ക് മാത്രയാണ് എന്നര്‍ഥം. ഈ വചനവും നമ്മോട് പറയുന്നത് കക്ഷിത്വത്തിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കരുതെന്നാണ്. അപ്രകാരം കക്ഷികളായിത്തീര്‍ന്നവര്‍ അതിനുള്ള ഫലം അനുഭവിക്കുകതന്നെ ചെയ്യും.

അനൈക്യം ധൈര്യവും ശക്തിയും ചോര്‍ത്തിക്കളയുന്നു

അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുന്നതിന്റെ ഭാഗം തന്നെയാണ് ഭിന്നിക്കാതിരിക്കുക എന്നത്. ഭിന്നത ധീരതയെ ഇല്ലായ്മ ചെയ്യുന്നു. വിശ്വാസികളുടെ ശക്തി ഐക്യമാണ്. ആ ശക്തിയെ ധര്‍മ നിഷേധികള്‍ ഭയക്കുന്നു. ധര്‍മനിഷേധികളുടെ നിര്‍ഭയത്വം സത്യവിശ്വാസികളുടെ ഭിന്നതയിലാണ് നിലകൊള്ളുന്നത്. എന്നാല്‍ സാമൂഹ്യജീവിയായ മനുഷ്യന് പലവിധ കാരണങ്ങളാല്‍ ഭിന്നത എന്ന ദുരന്തത്തിന് ഇരയാകേണ്ടി വരുന്നു. ഐക്യപ്പെട്ടിരിക്കുക എന്നത് നിസ്സാരമായ ഒരു സംഗതിയല്ല. അതിന് വിശ്വാസത്തിന്റെ തീക്ഷ്ണതയും അസാമാന്യമായ ക്ഷമയും ആവശ്യമാണ്. വിശ്വാസികള്‍ ക്ഷമ, സഹനം എന്നീ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഐക്യപ്പെടാനും വിട്ടുവീഴ്ച ചെയ്യാനും അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു. അത്തരം ആളുകള്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകും എന്നത് തീര്‍ച്ചയാണ്.

''അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു'' (ക്വുര്‍ആന്‍ 8:46).

ഭിന്നതകൊണ്ട് ഉണ്ടാകുന്ന കാര്യങ്ങളാണ് ഭീരുത്വം, ബലഹീനത, വീര്യം നഷ്ടപ്പെടല്‍ തുടങ്ങിയവ. ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായപ്പോള്‍ അവരുടെ വീര്യം നഷ്ടപ്പെടുകയും ദൈവസഹായം ഇല്ലാതാവുകയും ചെയ്തു.

അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ബദ്‌റില്‍ വന്ന സൈന്യത്തെപ്പോലെ ഗര്‍വും അഹങ്കാരവും ദുരഭിമാനവും സത്യവിശ്വാസികള്‍ക്കുണ്ടായിക്കൂടാ. അവര്‍ അടക്കവും ഒതുക്കവും നിഷ്‌കളങ്കതയും ഭയഭക്തിയും ഉള്ളവരാകണം എന്ന് അല്ലാഹു ഉപദേശിക്കുകയാണ്.

അബൂസുഫ്‌യാന്റെ വര്‍ത്തക സംഘത്തെ രക്ഷിക്കുവാനായി ഒരുങ്ങിയിറങ്ങിയ മുശ്‌രിക്കുകള്‍ വഴിക്കുവച്ച് അവര്‍ രക്ഷപ്പെട്ട വിവരമറിഞ്ഞിട്ടും മടങ്ങിപ്പോകാതെ ബദ്‌റിലെ മൈതാനത്തുചെന്ന് മൂന്ന് ദിവസം ഒട്ടകത്തെ അറുത്തും കള്ള് കുടിച്ചും നൃത്താലാപനങ്ങള്‍ നടത്തിയും കഴിച്ചുകൂട്ടി. അറബികള്‍ക്കിടയില്‍ കീര്‍ത്തിനേടിക്കൊണ്ടല്ലാതെ മടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് മറ്റൊന്നായതിനാല്‍ അവരുദ്ദേശിച്ചത് നടന്നില്ല.

''അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 8:63).

വിജയത്തിന്റെയും സൗഭാഗ്യങ്ങളുടെയും നിതാനമായ ഐക്യം സമ്പത്ത് കൊണ്ടോ സ്ഥാനമാനങ്ങള്‍ കൊണ്ടോ നേടിയെടുക്കാന്‍ സാധ്യമല്ല. അത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. ആയതിനാല്‍ ഇസ്‌ലാമിക ഐക്യത്തിന് വേണ്ടി, ആ മഹത്തായ അനുഗ്രഹത്തിന് വേണ്ടി വിശ്വാസികള്‍ ഓരോരുത്തരും അല്ലാഹുവിലേക്ക് കരങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. ഏറ്റവും വലിയ സമ്പത്ത് ആയുധങ്ങളും ആള്‍ബലവുമല്ല മറിച്ച് ഐക്യമാണ് എന്ന പാഠം ഈ വചനം നമ്മെ ഉണര്‍ത്തുന്നു.

ഐക്യം തകര്‍ക്കുന്നവര്‍ കപടന്മാര്‍

പേരുകൊണ്ട് മുസ്‌ലിമായവരും എന്നാല്‍ ഇസ്‌ലാമിനോടും വിശ്വാസികളോടും ശക്തമായ വെറുപ്പ് വെച്ചുപുലര്‍ത്തുന്നവരുമാണ് കപടന്മാര്‍. ഒളിഞ്ഞും തെളിഞ്ഞും അവര്‍ ഇസ്‌ലാമിനെതിരെ കരുക്കള്‍ നീക്കും.ഇസ്‌ലാമിനെ തകര്‍ക്കാന്‍ വിശ്വാസികളുടെ ഐക്യം തകര്‍ക്കുന്നതിലൂടെ മാത്രമെ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞവരാണവര്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

''ദ്രോഹബുദ്ധിയാലും സത്യനിഷേധത്താലും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കിക്കൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു'' (ക്വുര്‍ആന്‍ 9:107).

സത്യവിശ്വാസികളുടെ ഐക്യം തകര്‍ക്കുക എന്നതാണ് കപടവിശ്വാസികളുടെ വഞ്ചനകളിലൊന്ന്. മുസ്‌ലിം സമൂഹത്തിനുള്ളില്‍ മുസ്‌ലിം വേഷത്തിനും ഭാവത്തിലും കപടവിശ്വാസികള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള ആക്രമണങ്ങളെക്കാള്‍ ആഘാതമുണ്ടാക്കുന്നവയാണ് കപട വിശ്വാസികളില്‍ നിന്നുള്ള പ്രഹരങ്ങള്‍. വചനത്തിന്റെ ഗൗരവം പരിഗണിക്കുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതക്ക് അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാകുന്നവര്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഓര്‍മിച്ചുകൊള്ളട്ടെ...!

അനൈക്യമുണ്ടാകാതിരിക്കാന്‍ നബിമാര്‍ പുലര്‍ത്തിയ ജാഗ്രത

അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം സത്യവിശ്വാസികള്‍ക്ക് വെളിച്ചവും മാര്‍ഗദര്‍ശനവും അടങ്ങിയ വേദഗ്രന്ഥം സ്വീകരിക്കാനായി മൂസാ നബി(അ) തന്റെ സഹോദരനും പ്രവാചകനുമായ ഹാറൂന്‍ നബി(അ)യെ തന്റെ സമുദായത്തിന്റെ നേതൃത്വം ഏല്‍പിച്ചുകൊടുത്തുകൊണ്ട് പോയ സന്ദര്‍ഭം ചിന്തോദ്ദീപകമാണ്. മൂസാ നബി(അ) തിരിച്ചുവന്നപ്പോള്‍ തന്റെ സമുദായത്തിലെ ഒരു വിഭാഗം വ്യക്തമായ ശിര്‍ക്ക് ചെയ്യുന്നതായി കണ്ടു. അണികള്‍ക്കിടയിലുണ്ടായ ഈ പ്രവണത നേതൃത്വമേറ്റെടുത്ത ഹാറൂന്‍ നബി(അ)യുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് എന്നു ധരിച്ച മൂസാ നബി(അ) അദ്ദേഹത്തിനെതിരെ ധാര്‍മികരോഷം പൂണ്ടു. തല്‍സമയം ഹാറൂന്‍ നബി(അ) തന്റെ ഭാഗത്തുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്. ഇസ്‌ലാമിക സമൂഹത്തില്‍ ഭിന്നത ഉടലെടുക്കുന്നതിനെ അത്യധികം ഗൗരവമുള്ള ഒരു കാര്യമായാണ് ഹാറൂന്‍ നബി(അ) കണ്ടത്.

''അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്‌റാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിന് നീ കാത്തുനിന്നില്ല എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്'' (ക്വുര്‍ആന്‍ 20:94).

ശിര്‍ക്കിനെതിരെ ഹാറൂന്‍(അ) പ്രതികരിച്ചില്ല എന്നല്ല ഇതിനര്‍ഥം. ഈ അധ്യായത്തിലെ 90ാം വചനം അത് വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിക സമൂഹത്തില്‍ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നിതാണീ വചനം.

സത്യവിശ്വാസികളുടെ സംഘബലവും ഐക്യവും തകര്‍ത്തുകൊണ്ടല്ലാതെ അക്രമകാരികളായ സ്വേഛാധിപതികള്‍ക്ക് അധികാരത്തില്‍ വരാന്‍ സാധിക്കില്ല. ഇസ്‌റാഈല്‍ സമൂഹത്തിന് വര്‍ഷങ്ങളോളം അടിമവത്കരിക്കപ്പെട്ട,് പീഡനങ്ങള്‍ സഹിച്ച്, സന്താനങ്ങള്‍ കണ്‍മുന്നില്‍ കൊലചെയ്യപ്പെടുന്ന ദുഃഖ പൂര്‍ണമായ ജീവിതം തള്ളിനീക്കുവാനുള്ള സാഹചര്യത്തിനു പിന്നില്‍ അനൈക്യം വഹിച്ച പങ്ക് വളരെ വലുതാണ്.

''തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.'' (ക്വുര്‍ആന്‍ 28:4).

കക്ഷികളായി പിരിഞ്ഞവര്‍ തങ്ങളുണ്ടാക്കിയ മഹാഅപരാധം പലപ്പോഴും തിരിച്ചറിയുന്നില്ല എന്ന് മാത്രമല്ല തങ്ങള്‍ മാത്രമാണ് നേര്‍മാര്‍ഗത്തിലെന്ന് ധരിച്ചുവെക്കുകയും ചെയ്യുന്നു:

''അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ''

''തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി പിരിയുകയും ചെയ്ത കൂട്ടത്തില്‍ ഓരോകക്ഷിയും തങ്ങളുടെ പക്കലുള്ളതുമായി സന്തോഷിക്കുന്നവരാണ്'' (ക്വുര്‍ആന്‍ 30:32).

പ്രവാചകന്മാരോട് കല്‍പിച്ച പ്രധാന കല്‍പനകളില്‍ ഐക്യത്തിനുള്ള ആഹ്വാനവും ഉണ്ടായിരുന്നു എന്നത് അതിന്റെ ഗൗരവവും മുന്‍ഗണനയും വിളിച്ചോതുന്നു: ''നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം- നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍  ഭിന്നിക്കാതിരിക്കുക എന്ന കാര്യം- അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് വിളിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു...'' (ക്വുര്‍ആന്‍ 42:13).

പരസ്പരം പിണങ്ങിനില്‍ക്കുന്ന സത്യവിശ്വാസികള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുവാനും അവര്‍ക്കിടയില്‍ നീതിപരമായ സമീപനം സ്വീകരിക്കാനും അല്ലാഹു നമ്മോടാവശ്യപ്പെടുന്നു. അത്തരം ആളുകളെ അല്ലാഹുവിന് വളരെയധികം ഇഷ്ടമാണെന്ന് സൂറത്തുല്‍ ഹുജുറാത്തിലെ 9-ാം വചനം നമ്മോട് പറയുന്നു.

വ്യക്തിപരമായി വിശ്വാസികളുടെ പിണക്കങ്ങളില്‍ ഇടപ്പെട്ട് ഇണക്കമുണ്ടാക്കുന്നതിനും ക്വുര്‍ആന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

''സത്യവിശ്വാസികള്‍ സഹോദരങ്ങള്‍ തന്നെ. അതിനാല്‍ നിങ്ങളുടെ രണ്ടുസഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രജ്ഞിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (ക്വുര്‍ആന്‍ 49:10).

ഭിന്നിപ്പിനുള്ള കാരണം വേദജ്ഞാനമില്ലാത്തതോ മാര്‍ഗദര്‍ശനം ലഭിക്കാത്തതോ അല്ല. അത് ഒരു പൈശാചിക പ്രേരണയാലുണ്ടാകുന്നത് തന്നെയാണ്.

''നേരെത്തെ വേദം ലഭിച്ചവരില്‍ ഭിന്നിപ്പുണ്ടായിട്ടുള്ളത് സുവ്യക്തമായ സന്മാര്‍ഗജ്ഞാനം അവര്‍ക്ക് വന്നുകിട്ടിയ ശേഷം മാത്രമാകുന്നു'' (അല്‍ബയ്യിന:4)

ഐക്യം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍

''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു'' (ക്വുര്‍ആന്‍ 2:213).

''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക'' (ക്വുര്‍ആന്‍ 3:64).

''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (ക്വുര്‍ആന്‍ 6:153).

മേല്‍ സൂചിപ്പിച്ച വചനങ്ങള്‍ എല്ലാം തന്നെ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള, നീതിക്കും നന്മക്കും വേണ്ടി നിലകൊള്ളുന്ന ഒരു ഐക്യത്തിന് വേണ്ടിയാണ് വിശ്വാസികള്‍ പരിശ്രമിക്കേണ്ടതെന്ന് ആവശ്യപ്പെടുന്നു. വിശ്വാസികളുടെ ഐക്യത്തിന് പ്രചോദനം കേവലമായ ഭൗതികതാല്‍പര്യങ്ങളാകരുത്. അല്ലാഹുവിന്റെ കല്‍പന നിറവേറ്റുക എന്ന മഹത്തായ കാര്യമാണ് ഐക്യത്തിന്റെ പരിശ്രമത്തിലൂടെ നാം ചെയ്യുന്നത് എന്ന ബോധ്യം വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമാണ് ഐക്യവും അതോടൊപ്പം അല്ലാഹുവിന്റെ തൃപ്തിയും സമാധാനവും നമുക്ക് ലഭിക്കുക.

ധര്‍മ നിഷേധികളുടെ ഐക്യം കാപട്യമാണ്, നിഷ്ഫലവും

അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുവാനും വിശ്വാസികളെ ഉന്മൂലനം ചെയ്യുവാനും പദ്ധതിയിടുന്ന ധിക്കാരികള്‍ വിശ്വാസികള്‍ക്കെതിരെ കൃത്യമായ ഐക്യം ഉണ്ടാക്കിയെടുക്കുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ പ്രസ്തുത ഐക്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ വിഭാഗവും കാപട്യം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും പരസ്പരം വൈരാഗ്യം പുലര്‍ത്തുന്നവരുമാണ്. അതുകൊണ്ട് തന്നെ അത്തരം കൂട്ടായ്മകളെ ഭയന്നുകൊണ്ട് വിശ്വാസികള്‍ തങ്ങളുടെ ഐക്യശ്രമങ്ങളില്‍ നിന്ന് പിന്തിരിയേണ്ടതില്ല. സത്യനിഷേധികളുടെ കൂട്ടായ്മകള്‍ അത്യന്തികമായി നിഷ്ഫലമാണ് എന്ന് യാഥാര്‍ഥ്യം സത്യവിശ്വാസികള്‍ മനസ്സിലാക്കുന്നതിന് വേണ്ടി അല്ലാഹു പറയുന്നത് കാണുക.

''കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്'' (ക്വുര്‍ആന്‍ 59:14).

സത്യവിശ്വാസികള്‍ക്കെതിരെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിലയുറപ്പിച്ച വിഭാഗങ്ങളുടെ ആദര്‍ശവും വീക്ഷണവുമെല്ലാം വ്യത്യസ്തമാണെന്ന് മാത്രമല്ല പരസ്പരം കുടിപ്പക നിറഞ്ഞതുമാണ് എന്ന് കാണാന്‍ കഴിയും. ഇന്ത്യയിലെ നവഫാഷിസ്റ്റുകളുടെ കാര്യമെടുക്കുക. വര്‍ണവിവേചനത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടും അവര്‍ണ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടും അവരുടെ അഭിമാനത്തെ ചവിട്ടിമെതിച്ചുകൊണ്ടുമുള്ള നയങ്ങളാണ് ഉയര്‍ന്ന വിഭാഗം എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ സ്വീകരിക്കുന്നത്. ജാതിയുടെ പേരില്‍ മതിലുകള്‍ തീര്‍ത്തും ക്ഷേത്രങ്ങളിലെ കാര്‍മികത്വങ്ങളില്‍ ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും വര്‍ണാശ്രമ വ്യവസ്ഥ അതിന്റെ സ്വന്തം ശൈലിയില്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. സമത്വം എന്ന ഉന്നതമായ ആശയവും അതിന്റെ പ്രായോഗിക മാതൃകകളും ഇസ്‌ലാമില്‍ കാണുമ്പോള്‍ മര്‍ദിതരായ ജനവിഭാഗം അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും മാന്യമായി ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെകുറിച്ച് ബോധവാന്മാരാവുകയും ചെയ്യുന്നു. കാലാകാലങ്ങളായി തങ്ങളുടെ ജാതിമേല്‍ക്കോയ്മ നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ വര്‍ഗീയ വാദികള്‍ പ്രതിസ്ഥാനത്ത് ഇസ്‌ലാമിനെ കാണുന്നത് സ്വാഭാവികം മാത്രം. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളേയും ഉന്‍മൂലനം ചെയ്യുക എന്നത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാക്കി ഫാഷിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. അതിന് വേണ്ടി അവരുണ്ടാക്കിയ കൂട്ടായ്മകളില്‍ ഉള്‍പ്പെട്ട ഓരോ വിഭാഗവും ജാതീയമായും വിശ്വാസപരമായും വളരെയധികം അകലം പാലിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ഓരോ നീക്കവും സമൂഹത്തിലെ മര്‍ദിതര്‍ക്കെതിരെയും ദുര്‍ബലര്‍ക്കെതിരെയുമുള്ള നീക്കങ്ങളാണെന്ന് ചിലരെങ്കിലും ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

ഐക്യത്തിലേക്ക് മടങ്ങുക

ക്വുര്‍ആന്‍ വചനങ്ങളിലൂടെയും പ്രവാചകന്റെ വചനങ്ങളിലൂടെയും പ്രവാചകാനുയായികളുടെ ജീവചരിത്രത്തിലൂടെയും കണ്ണോടിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും ഐക്യത്തിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന്. അതുകൊണ്ട് തന്നെ ഐക്യത്തിനുവേണ്ടിയുള്ള മനസ്സ് ഓരോ വിശ്വാസിയും ഉണ്ടാക്കിയെടുക്കേണ്ടതാണ്. മറ്റുള്ളവരെ ഐക്യത്തിലേക്ക് പ്രേരിപ്പിക്കേണ്ടതുമാണ്. ഐക്യം തകര്‍ക്കുന്ന കപട വിശ്വാസികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കേണ്ടതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രാമാണികമായി തീര്‍ക്കുവാന്‍ ശ്രമിക്കണം. തീരാത്തവയുണ്ടെങ്കിലും പൊതുവായ വിഷയങ്ങളില്‍ ഐക്യപ്പെടുവാന്‍ വിമുഖത കാട്ടാതിരിക്കുക.

അനൈക്യത്തില്‍ നിന്ന് മുതലെടുക്കുന്ന ഫറോവയുടെ പിന്‍ഗാമികളെ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്. പ്രധാനമായും നാം മനസ്സിലാക്കേണ്ട കാര്യം ഐക്യപ്പെടുന്നതിലൂടെ നാം അല്ലാഹുവിന്റെ കല്‍പന അനുസരിക്കുകയാണ് എന്നതാണ്. അതിലൂടെ അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്ത വിജയങ്ങളും പ്രതിഫലങ്ങളും നമുക്ക് ലഭിക്കുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍ അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല.

''നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു'' (ഷൂറ:10)