മുസ്‌ലിംകളും കൊറോണവ്യാപനത്തിന്റെ ശരിദൂരങ്ങളും

സി.ടി. അഹ്മദ് കബീര്‍ ഒതായി

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

അടിയന്തിര സന്ദര്‍ഭങ്ങളില്‍ പോലും ആരാധനകള്‍ക്ക് അവധിയില്ല. ഭക്തിസാന്ദ്രമായി നിത്യജീവിതം നയിക്കുന്ന മുസ്‌ലിം, വ്യക്തിപരവും സാമൂഹികവും കാലികവുമായ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ വിശ്വാസ കര്‍മാദി കാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന മതജീവിതത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ അവനെ അതിനു കെല്‍പുറ്റവനാക്കും.

മുസ്‌ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിഷയങ്ങളിലുള്ള വിവരക്കേടുകളാണ് ഇസ്‌ലാമിക സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ആകെയുള്ള കയ്യിലിരിപ്പ്. കാര്യഗ്രഹണത്തിനായി ഇസ്‌ലാമിക പ്രമാണങ്ങളെയോ അവയെ നേരിട്ടറിഞ്ഞവരെയോ ആശ്രയിക്കണമെന്ന് അവരെയാരും പഠിപ്പിച്ചിട്ടില്ല. അപക്വബാല്യത്തിന്റെ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാതാപിതാക്കളാലും പുരോഹിതന്മാരാലും അടിച്ചേല്‍പിക്കപ്പെട്ട മദ്‌റസാപാഠങ്ങളില്‍നിന്നോ അപരിഷ്‌കൃതമായ പഠനരീതികളെ പിന്‍തുടരുന്ന പ്രാകൃത സമ്പ്രദായങ്ങളില്‍നിന്നോ നേടിയെടുത്ത, ഭാഗികമായി ഓര്‍ത്തെടുക്കാവുന്ന ഏതാനും വികലശകലങ്ങള്‍ മാത്രമാണ് അവരുടെയെല്ലാം മതവിവരം!

മുസ്‌ലിം സമൂഹത്തിന്റെ സകല തലങ്ങളിലുള്ളവരെയും അവശ്യം വേണ്ട അറിവുപകര്‍ന്നുകൊണ്ട് സംസ്‌കരിക്കാനുതകുന്ന വെള്ളിയാഴ്ച ഖുത്വുബയെ പ്രാദേശിക ഭാഷകളുടെ പടിക്ക് പുറത്തുനിര്‍ത്തുകയും പകരം അറബിയിലുള്ള ഖുത്വുബകള്‍ക്ക് ശാഠ്യം പിടിക്കുകയും ചെയ്തുകൊണ്ട് അവര്‍ക്കുമേല്‍ പൗരോഹിത്യം പിടിമുറുക്കുകയുമാണുണ്ടായത്; ഈ പ്രക്രിയ അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനുമപ്പുറം മതപ്രമാണങ്ങള്‍ക്ക് അപരിചിതമായ അസംഖ്യം കാര്യങ്ങള്‍ വിശ്വാസ, കര്‍മ മേഖലകളിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

കൊറോണക്കാലത്തെ കലുഷമായ കാലാവസ്ഥക്ക് കടുപ്പംകൊടുത്ത സാമൂഹ്യചര്‍ച്ചകള്‍ പലതുമുണ്ടായിട്ടുണ്ട്. കൂട്ടത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവെട്ടിയ വിഷയമായിരുന്നു ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബിലീഗ് സമ്മേളനം. അമീറുമാരുടെ നിര്‍േദശങ്ങളുണ്ടായി എന്നതിലപ്പുറം പ്രാദേശികമോ ദേശീയമോ ആയ സാഹചര്യങ്ങളെക്കൂടി അവിടെ പരിഗണിക്കേണ്ടതായിരുന്നു. മുന്‍ നിശ്ചിതമെങ്കില്‍പോലും സന്ദര്‍ഭവശാല്‍ അനാവശ്യവും അനവസരത്തിലുള്ളതുമായിട്ടുണ്ടെങ്കില്‍ ഇത്തരം സമ്മേളനാഹ്വാനങ്ങളെ അനിവാര്യമായും അവഗണിക്കുകയും ഉത്തരവാദപ്പെട്ടവര്‍ പിന്‍വലിക്കുകയും വേണമായിരുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നും ആഴ്ചകള്‍ക്കു മുമ്പുതന്നെ ഇന്ത്യയിലെത്തി വിവിധ സംസ്ഥാനങ്ങളിലൂടെ സംഘങ്ങളായി സഞ്ചരിക്കുകയും പള്ളികളിലും ലോഡ്ജുകളിലുമെല്ലാം താമസിക്കുകയും ചെയ്തത് രോഗവ്യാപന സാധ്യത വര്‍ധിക്കാന്‍ കാരണമായി മാറി. അത് അധികൃതരുടെ ആശങ്കകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അനല്‍പമായ അവസരങ്ങളുണ്ടാക്കി.

സമാന സംഭവങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. ലോക്ക്ഡൗണ്‍ ലംഘിച്ചു ജുമുഅ നടത്തിയതിനാല്‍ ഇമാമും സഹായിയും അറസ്റ്റിലായത് നമ്മുടെ നാട്ടിലാണ്. സംഘടിത പ്രാര്‍ഥനകള്‍ക്കായി സമ്മേളനമൊരുക്കിയതിനും പള്ളിയില്‍ ഒത്തുകൂടി കൂട്ടുപ്രാര്‍ഥന സംഘടിപ്പിച്ചതിനുമെല്ലാം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും മുസ്‌ലിം സമുദായത്തിന്റെ കോവിഡ്കാല പാതകങ്ങളായി രേഖപ്പെടുത്തപ്പെട്ടു. ഈ കാലയളവില്‍ നടന്ന ചില രാഷ്ട്രീയ യോഗങ്ങളെയോ ഇതരമതവിശ്വാസികളുടെ ഒത്തുകൂടലുകളെയോ ഓര്‍ക്കാതിരിക്കുന്നത് ശരിയല്ല.

സമാന സാഹചര്യങ്ങളിലായി ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കേരളത്തില്‍തന്നെയും സംഘടിപ്പിക്കപ്പെട്ട മതപരവും രാഷ്ട്രീയപരവുമായ പരിപാടികളും പ്രമുഖരുടെ പഞ്ചനക്ഷത്രകല്യാണങ്ങളും നമ്മളെ ചകിതരാക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമവകുപ്പിനും തലവേദന വരുത്തുകയും ചെയ്തതും ഇതോടൊപ്പം ഓര്‍ത്തെടുക്കാനും മനോവിശാലത കാണിക്കേണ്ടതുണ്ട്. മാധ്യമക്കാരുടെ ക്യാമറക്കണ്ണുകള്‍ പതിയെ അടയുന്ന അവസരങ്ങളില്‍ ചിലതായി നമുക്കിതിനെ മനസ്സിലാക്കാം.

വാര്‍ത്താ ചാനലുകളില്‍ ചിലതും പത്രക്കുറിപ്പുകളില്‍ പലതും ആഖ്യാനങ്ങളിലെ അമിതത്വവും അതിശയോക്തിയും പക്ഷപാതപരമായ വീക്ഷണങ്ങളുമാണ് അവതരിപ്പിക്കുന്നത്. മതന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെ മാത്രം ഹൈലൈറ്റ് ചെയ്യാനാണ് അവരുടെ ശ്രമമെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ ധാരാളം.

ഇസ്‌ലാമിന്റെ വളപ്പിനു പുറത്തുള്ള 'ശിയാ'ക്കളുടെയും അവാന്തര വിഭാഗമായി അറിയപ്പെടുന്ന 'ബോരി'കളുടെയുമെല്ലാം മതകീയ വൈകൃതങ്ങളും ജല്‍പനങ്ങളുമെല്ലാം മുസ്‌ലിംകളുടെ മേലില്‍ ആരോപിക്കുന്ന ദുഃസ്ഥിതി പോലും ഇതിനിടയിലൂടെ നടന്നുകൊണ്ടിരിക്കുന്നു. തലപ്പാവിലും വേഷഭൂഷാദികളിലും മാത്രമാണ് ഇവര്‍ക്ക് സുന്നികളുമായി ഭാഗിക സാമ്യതയുള്ളത്. സുന്നികളില്‍ നിന്നുള്ള ശരിയകലത്തിന്റെ പരിധിക്കു പുറത്താണ് ശിയാക്കള്‍ നിലയുറപ്പിച്ചിട്ടുള്ളത്. 'കൊറോണ ദൈവിക ശിക്ഷയാണെന്ന് പറഞ്ഞ മതപണ്ഡിതന് കൊറോണ'യെന്നത് ഒരു പത്രവാര്‍ത്തയായിരുന്നു. യഥാര്‍ഥത്തില്‍ ഇറാനിലെ ഒരു ശിയാ പണ്ഡിതനാണ് ഈ പ്രസ്താവനയിലെ കഥാപാത്രം! ഭക്ഷണാനന്തരം കഴുകിവൃത്തിയാക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളിലും സ്പൂണുകളുമുള്ള എച്ചില്‍ 'മതാചാര'മെന്നോണം നക്കിത്തുടക്കുന്ന 'ബോരി'കളുടെ വൃത്തികെട്ട വാട്‌സാപ്പ് വീഡിയോ പോലുളളവയും മുസ്‌ലിംകളുടെ പൊതുപ്ലാറ്റ്‌ഫോമിലേക്ക് ചേര്‍ത്തുപ്രചരിപ്പിക്കുക പോലുമുണ്ടായി.

മുസ്‌ലിം സമുദായത്തിലെ അവിവേകികളും അപക്വമതികളായ പണ്ഡിതവേഷധാരികളും വിവരമില്ലാതെ വരുത്തിക്കൊണ്ടിരിക്കുന്ന വൈകല്യങ്ങളുടെ ദുര്‍വശങ്ങള്‍ വേണ്ടത്ര വിശദീകരിക്കപ്പെടുന്നില്ല. അപൂര്‍വമായി നടത്തപ്പെടുന്ന തിരുത്തുകളുടെ പരിധിയിലേക്ക് ആരോപകരോ വിമര്‍ശകരോ അടുക്കുന്നുമില്ല.

സ്വതന്ത്രനിരീക്ഷകരില്‍ ചിലരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും സാന്ദര്‍ഭികമായി പരിഗണനയിലെത്തുമ്പോള്‍ ഏതാനും യാഥാര്‍ഥ്യങ്ങളെക്കൂടി കാണേണ്ടതായിട്ടുണ്ട്. നിഷ്പക്ഷരുടെയും ഗുണകാംക്ഷികളുടെയും അഭിപ്രായങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിലകല്‍പിക്കുന്നതോടൊപ്പം സുരക്ഷിതമായ സാമൂഹ്യഘടനക്ക് ഉപയുക്തമെങ്കില്‍ അവ നടപ്പാക്കുകയും വേണം. തങ്ങളുടെ ആദര്‍ശത്തിനും വിശ്വാസത്തിനും പ്രതികൂലമാവാത്ത കാര്യങ്ങളെ പരിഗണിക്കുന്നവരാണ് ഇസ്‌ലാമിക വിശ്വാസികള്‍.

ഇസ്‌ലാമിക സമൂഹത്തെ ഗുണപരമായി സമീപിക്കാറുള്ള സഹൃദയനായ എഴുത്തുകാരന്‍ ബഹുമാന്യനായ കെ.പി. രാമനുണ്ണിയുടെ ഇവ്വിഷയകമായി വന്ന ഒരു പരാമര്‍ശത്തെ സാന്ദര്‍ഭികമായി അനുസ്മരിക്കുകയാണ്: ''സമതുലിത മാര്‍ഗം, സാഹചര്യവിവേകം എന്നീ വിഷയങ്ങള്‍ മതവിഷയങ്ങളില്‍ പോലും തെറ്റിക്കാന്‍ അനുവാദമില്ലെന്ന് നേരത്തെ പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിവെക്കുന്നവര്‍ തിരിച്ചറിയുകതന്നെ വേണം.'' നിസാമുദ്ദീന്‍ ഇഷ്യുവില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലെ പരാമൃഷ്ട ഭാഗമാണിത്. കേരള മുഖ്യമന്ത്രി മുതല്‍ ദേശീയ പ്രതിപക്ഷനിരയിലെ പല പ്രമുഖരുടേയും അഭിപ്രായങ്ങള്‍ക്കും ഇതേ സ്വരം തന്നെയാണുള്ളത്.

തീരുമാനിച്ചുറച്ച കാര്യങ്ങളില്‍ പിന്നോട്ടില്ലാത്ത നിലപാടുകള്‍ പ്രശംസനീയമാണ്. എന്നാല്‍ അതിനെ ഇസ്‌ലാമികമായി ശരിവയ്ക്കാനുതകുന്ന സാഹചര്യങ്ങളെക്കൂടി പരിഗണിക്കേണ്ടതുണ്ട്. മാരകമെന്ന് മനസ്സിലാക്കപ്പട്ട ഒരു മഹാമാരിയുടെ വ്യാപനം സ്ഥിരീകരിക്കപ്പെടുകയും ലോകത്തുടനീളം അതിന്റെ അനുരണനങ്ങളും അനുബന്ധമായ സുരക്ഷാ ക്രമീകരണങ്ങളും കൈക്കൊള്ളുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സമൂഹ നന്മയ്ക്കായി വിശുദ്ധ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സുപ്രധാന സുരക്ഷാ നിര്‍ദേശങ്ങളെ മനസ്സിലാക്കി മാനിക്കുമ്പോള്‍ പ്രസ്തുത നിലപാടുകളില്‍ മാറ്റം അനിവാര്യമായും ഉണ്ടാകേണ്ടതായിരുന്നു. തല്‍വിഷയകമായി പ്രാമാണിക വചനങ്ങള്‍ വരക്കുന്ന വൃത്തത്തിനകത്തു നില്‍ക്കുന്നതിലാണ് കൂടുതല്‍ പുണ്യവും; അതില്‍ തന്നെയാണ് ഭൗതികവും പാരത്രികവുമായ വിജയവും കുടികൊള്ളുന്നത്. മറിച്ച് 'അല്ലാഹു നമ്മെ കാത്തുകൊള്ളും, നമ്മള്‍ ദീനിന്റെ പരിശ്രമത്തിലാണല്ലോ' എന്ന ഭരമേല്‍പന(തവക്കുല്‍)യുടെ വിചാരം വച്ചുപുലര്‍ത്താനോ ജല്‍പിക്കാനോ അല്ല ഇസ്‌ലാമിക പാഠങ്ങള്‍ പ്രേരണ നല്‍കുന്നത്. മൃഗത്തെ കെട്ടിയിടാതെ അല്ലാഹുവിനെ ഏല്‍പിക്കുന്നതിലുള്ള അസാംഗത്യം സാമാന്യബുദ്ധിയെ തൊട്ടുണര്‍ത്തുന്നതായ പ്രവാചകവചനത്തിന്റെ പ്രസക്തി ഇവിടെ നമുക്ക് ബോധ്യമാകുന്നു.

വിശ്വാസികളായ അടിമകള്‍ക്ക് അവസരോചിതം അനുവദിക്കപ്പെടുന്ന അസംഖ്യം ഇളവുകളുണ്ട് ഇസ്‌ലാമില്‍; വെള്ളിയാഴ്ചയിലെ നിര്‍ബന്ധ(ജുമുഅ)നമസ്‌കാരവും ദിവസേന അഞ്ചുനേരങ്ങളിലായി സഗൗരവം നിര്‍വഹിക്കപ്പെടുന്ന സംഘ നമസ്‌കാരങ്ങള്‍പോലും അനിവാര്യമെങ്കില്‍ പള്ളികളില്‍വച്ചു നിര്‍വഹിക്കുന്നതിനു പകരം വീട്ടില്‍വച്ചു നിര്‍വഹിക്കാനാണ് പ്രവാചക നിര്‍ദേശം. രോഗവ്യാപനത്തിന് കടിഞ്ഞാണിടാന്‍ തന്നാലാവുംവിധം സഹകരിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം അതിന്റെ അനുധാവകവൃന്ദത്തിനുള്ള അവബോധമായി അറിയിക്കുന്നത്. സന്ദര്‍ഭോചിതം ശ്രദ്ധേയമായ പ്രവാചക നിര്‍ദേശമനുസരിച്ച്, രോഗബാധിത പ്രദേശങ്ങളിലുള്ളവരും അവയ്ക്കു പുറത്തുള്ളവരും കൈക്കൊള്ളേണ്ട ഇസ്‌ലാമിക നിലപാടുകള്‍ ലോകമാകെ ഇതിനകം ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.

പ്രശ്‌ന സങ്കീര്‍ണതകള്‍ക്കുള്ള പക്വമായ പരിഹാരമായി ഇസ്‌ലാമികപ്രമാണങ്ങളെ ഗണിച്ചും ഗ്രഹിച്ചും നിലപാടെടുക്കുന്ന മുസ്‌ലിംകള്‍ വിരളമാണ്; അംഗുലീപരിമിതരായ ന്യൂനപക്ഷമായി ലോകത്തിന്റെ വിവിധ ദിക്കുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഏതാനും വ്യക്തികളോ ചെറുസംഘങ്ങളോ മാത്രമാണ് ഇതിന്നപവാദമായിട്ടുള്ളത്. വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും നിത്യജീവിതത്തിലെ വഴികാട്ടികളായി മാറുന്ന ലളിതമായ ജീവിത സാഹചര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായി നിലനില്‍ക്കുന്ന കാലത്തോളം ഇത്തരം ദുരവസ്ഥ പ്രകടമായിരിക്കും.

മാധ്യമ ചര്‍ച്ചകള്‍ക്ക് വിഷയദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുന്ന, 'സകല' ശാസ്ത്രങ്ങളുടെയും 'മേലധികാരി'കളായ യുക്തി(?)വാദികളും ഭൗതിക വിചാരധാരയില്‍ മാത്രം ജീവിതത്തെ മുക്കിപ്പൊരിച്ചെടുത്ത നാസ്തിക ബുദ്ധിജീവവികളും, 'മുസ്‌ലിം' തോലണിഞ്ഞ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമെല്ലാം മതവാഹകരെയും മതങ്ങളെയും അവഹേളിക്കാനുള്ള അവസരമന്വേഷിച്ചു നിരാശാബാധിതരായി തളര്‍ന്നിരിക്കുകയായിരുന്നു. പെടുന്നനെ വീശിയടിച്ച കൊറോണക്കാറ്റില്‍ വീണ 'മധുരമാമ്പഴം' നുണഞ്ഞുകൊണ്ടവര്‍ പാടിത്തിമര്‍ത്തു: ''മതങ്ങള്‍ തോറ്റു... മതങ്ങള്‍ മാളങ്ങളിലൊളിച്ചു... മതങ്ങളും ദൈവങ്ങളും നിസ്സഹായര്‍...!'' അവരെ തിരുത്താനുള്ള സകല ഉദ്യമങ്ങളും നിഷ്ഫലങ്ങളാണ്. കാരണം അവര്‍ ബധിരന്മാരും ഊമകളുമാണ്. അഥവാ സത്യം അറിയാന്‍ ആഗ്രഹമില്ലാത്തവരാണ്.

''...എന്നാല്‍ ബധിരന്‍മാരെ -അവര്‍ ചിന്തിക്കാന്‍ ഭാവമില്ലെങ്കിലും-നിനക്ക് കേള്‍പിക്കാന്‍ കഴിയുമോ?'' (ക്വുര്‍ആന്‍ 10:42).

കാലോചിതവും കാലാതിവര്‍ത്തിയുമായ വിശുദ്ധ ഇസ്‌ലാം അജയ്യമാണ്; സമഗ്രമായ ജീവിത വ്യവസ്ഥയാണ്. വ്യക്തിപരവും സാമൂഹികവുമായി മനുഷ്യജീവിതത്തിന്റെ ആമൂലാഗ്രം ആവൃതമായ സുരക്ഷാ കവചമാണത്. രോഗാവസ്ഥയിലും അരോഗാവസ്ഥയിലും മനുഷ്യര്‍ കൈക്കൊള്ളേണ്ട നിലപാടുകളെ അത് പഠിപ്പിക്കുന്നുണ്ട്. അവക്രമനസ്സേടെ അടുത്തറിയാന്‍ അവസരമൊത്തവര്‍ തമോമയമായ അബദ്ധങ്ങളുടെ പുറംതോടുപൊളിച്ച് അതിന്റെ ദിവ്യപ്രകാശത്തില്‍ പ്രവേശിച്ചതായി നമുക്കുകാണാം. വ്യത്യസ്ത രാജ്യങ്ങളിലായി ജീവിച്ചുകൊണ്ടിരിക്കുന്നവരും മരിച്ചുപോയവരുമായ പ്രമുഖര്‍ ആ ശ്രേണിയിലുണ്ട്. സത്യാവസ്ഥ അറിയാതെ, മുന്‍ധാരണകളും വെറുപ്പും വച്ചുപുലര്‍ത്തിയ കാലങ്ങളില്‍ വസ്തുതകളെ വളച്ചൊടിക്കാനും വെറുപ്പിന്റെ വിഷം തുപ്പാനും വ്യഗ്രത കാണിച്ചവരായിരുന്നു അവരിലധികപേരും.

അതേസമയം ജന്മംകൊണ്ട് മുസ്‌ലിം സമൂഹത്തില്‍ അംഗത്വമുള്ളവരായ ആള്‍രൂപങ്ങളില്‍ അധികവും അതിന്റെ യഥാര്‍ഥ അനുധാവകരല്ല എന്നു പറയേണ്ടിയിരിക്കുന്നു. പ്രൗഢവും പ്രശാന്തവുമായ ആ ശുദ്ധജല പ്രവാഹത്തെ ജീവിതത്തിന്റെ സകല തലങ്ങളിലും ആവശ്യാനുസാരം ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങളുടെ വിശാസ, കര്‍മാദി കാര്യങ്ങളെ ദൈവശാസനകളുടെ അതിര്‍ത്തിലംഘിക്കാതെ പ്രാവര്‍ത്തികമാക്കി ജീവിക്കുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍.