വീടുകള്‍ക്കുള്ളിലെ 'സാമൂഹിക അകലം'

റിഫായി ജിഫ്രി, മണ്ണാര്‍ക്കാട്

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

ഈ വര്‍ഷം നമ്മള്‍ കൂടുതല്‍ കേട്ടതും പരിചയിച്ചതുമായ ഒരു വാക്കും പ്രവൃത്തിയുമാണ് 'സോഷ്യല്‍ ഡിസ്റ്റന്‍സ്' അഥവാ സാമൂഹിക അകലം പാലിക്കല്‍. നമ്മുടെ ആരോഗ്യത്തിനും ജീവനുതന്നെയും ഭീഷണിയായി മാറിയ വൈറസിനെ അകറ്റിനിര്‍ത്താനുള്ള ഒരു സ്വയംപ്രതിരോധ മാര്‍ഗം.

എന്നാല്‍ ഇവിടെ പ്രതിപാദിക്കുന്നത് ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ 'സാമൂഹിക അകലം' പാലിക്കുകയും ഒരുമിച്ചുകഴിയുകയും ചെയ്യുന്നതിനെക്കുറിച്ചാണ്.

വിവാഹവും മധുവിധു കാലഘട്ടവും കഴിഞ്ഞാല്‍ ദമ്പതികള്‍ക്ക് ഏറ്റവും സന്തോഷം പകരുന്നവരാണ് സന്താനങ്ങള്‍. മക്കളുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം അവരാണ്. സ്വന്തം ഇഷ്ടങ്ങളും വിനോദങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് അവരുടെ സന്തോഷത്തിനും ഭാവിക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് ഓരോ മാതാവും പിതാവും. മക്കളുടെ ഓരോ വളര്‍ച്ചയെയും കണ്ടും ഉത്കണ്ഠപ്പെട്ടും സന്തോഷം കണ്ടെ ത്തും മാതാപിതാക്കള്‍. അങ്ങനെ വരുമ്പോള്‍ എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ കാര്യത്തില്‍ സ്വാര്‍ഥരാണ്. അതായത് മക്കളിലൂടെ സന്തോഷം കണ്ടെത്തുന്ന നിര്‍ദോഷകരമായ സ്വാര്‍ഥത.  

എന്നാല്‍ ചില വീടുകളിലെങ്കിലും അന്തരീക്ഷം ഉദ്ദേശ്യവും പ്രവര്‍ത്തനവും തമ്മില്‍ ചേരുംപടി ചേരാത്ത പോലെയാണ്. മക്കളുടെ നല്ലതിനും വളര്‍ച്ചയ്ക്കും വേണ്ടി കടയ്ക്കല്‍ ഒഴിച്ചുകൊടുക്കുന്ന വെള്ളവും വളവുംകൊണ്ട് ഉദ്ദേശിച്ചത് കിട്ടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. കാണാന്‍ പുഷ്ടിയുള്ളതുകൊണ്ട് മാത്രം മികച്ച കായ്ഫലം കിട്ടിക്കൊള്ളണം എന്നില്ലല്ലോ.

 ഇവിടെയാണ് നേരത്തെ പറഞ്ഞ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകലം സൃഷ്ടിക്കുന്ന വിപരീതഫലം വെളിപ്പെടുന്നത്. കുടുംബനാഥന്‍  ഉണ്ടാകുമ്പോള്‍ കളിയും ചിരിയും ഇല്ലാതെ നിശ്ശബ്ദമാകുന്ന വീടുകള്‍. ഉപ്പ വരുന്നുണ്ട്, ഇനി മിണ്ടാതിരിക്കണം എന്ന മുന്നറിയിപ്പ് നല്‍കുന്ന ഉമ്മമാര്‍! മുമ്പ് മിക്ക വീടുകളിലും ഈ അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇന്ന് എണ്ണത്തില്‍ കുറവുണ്ടെങ്കിലും പല വീടുകളിലും ഇൗ അവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഇത്തരത്തിലുള്ള പിതാക്കളുടെ കാര്യമാണ് രസകരം. ഇവര്‍ വീടിനുപുറത്ത് മറ്റുള്ളവരുമായി വളരെ സ്വതന്ത്രമായി ഇടപെടുന്നവരും രസികരുമായിരിക്കും. എന്നാല്‍ വീട്ടിലേക്ക് കയറുന്നതോടെ ഗൗരവത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ഒരു മുഖാവരണം അണിയും. തന്റെ സാന്നിധ്യത്തിലുള്ള, വീട്ടിലെ നിശ്ശബ്ദതയും അച്ചടക്കവും ഇത്തിരി അഹങ്കാരത്തോടെ ആസ്വദിക്കും.

ഇതെല്ലാം കുടുംബത്തിന്റെയും മക്കളുടെയും നല്ലതിനാണ് എന്നാണ് ഭാഷ്യം. അച്ചടക്കവും കൃത്യനിഷ്ഠയും ശീലിക്കേണ്ടതു തന്നെയാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ ഇത്തരം മാതാപിതാക്കളുള്ള വീടുകളിലെ അവസ്ഥ എന്താണ്? അവിടങ്ങളില്‍ പിതാവ് സന്തോഷംകളയുന്ന ഒരുവ്യക്തിയായി മാറുകയാണ്. ആ കുടുംബത്തിന്റെ സന്തോഷം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് എന്നത് കൗതുകകരമാണ്, വിഷമകരവും.

ഇത്തരത്തില്‍ 'വാര്‍ഡന്‍മാര്‍' ആയി മാറുന്ന മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടത്; മക്കള്‍ സത്യത്തില്‍ ആഗ്രഹിക്കുന്നത് ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവരുന്ന, കണ്ടയുടന്‍ കെട്ടിപ്പിടിക്കുന്ന, ഉമ്മവയ്ക്കുന്ന,  നെറുകയില്‍ തലോടുന്ന മാതാപിതാക്കളെയാണ്. പ്രശ്‌നങ്ങളും വിഷമങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും ഭീതികൂടാതെ രക്ഷിതാക്കളെ അറിയിക്കാനുള്ള സ്വാതന്ത്ര്യമാണ് അവര്‍ ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും അത് അവര്‍ അര്‍ഹിക്കുന്നുണ്ട് താനും.

സ്വാതന്ത്ര്യം നല്‍കുന്നത് മക്കള്‍ വഷളാകുന്നതിന് കാരണമാകുന്നുണ്ട് എന്നത് ഒരു തെറ്റായ ധാരണയാണ്. മേല്‍പറഞ്ഞ ജീവിതസാഹചര്യം ഇല്ലാതെ വളരുന്ന കുട്ടികള്‍ സ്വാഭാവികമായും ഇതൊ ക്കെ പറയാന്‍ മറ്റുള്ളവരെ കണ്ടെത്തും. അത്തരം കൂട്ടുകെട്ടുകളും സാഹചര്യങ്ങളുമാണ് അവരെ ചൂഷണത്തിനിരയാക്കുന്നതും നമ്മുടെ നിയന്ത്രണത്തില്‍നിന്ന് പതിയെ വഴുതിപ്പോകാനുള്ള കാരണമായി മാറുന്നതും.

ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച വെള്ളവും വളവും വിഷമായി മാറുന്നത്. മാത്രമല്ല ഇങ്ങനെ വളര്‍ന്നുവരുന്ന കുട്ടികളുടെ ഭാവിജീവിതം അത്ര ശോഭനമാകില്ല. നല്ല ജോലിയും ശമ്പളവും മറ്റു ഭൗതിക സാഹചര്യങ്ങളുമൊക്കെ ഉണ്ടാകുമെങ്കിലും വ്യക്തിപരമായി ചില സ്വഭാവ വൈകല്യങ്ങള്‍ അവരില്‍ കാണപ്പെട്ടേക്കാം. അവരുടെ കുടുംബജീവിതത്തിലും ഇത് അസന്തുഷ്ടിയുണ്ടാക്കും എന്നതില്‍ സംശയമില്ല. കാരണം കണ്ടുവന്നതും പരിശീലിച്ചുവന്നതുമായ കാര്യങ്ങള്‍ തുടര്‍ന്നു ചെയ്യുന്നത് സ്വാഭാവികമാണ്. ഇതില്‍ തെറ്റുചെയ്യുന്നത് യഥാര്‍ഥത്തില്‍ മാതാപിതാക്കളാണ്.

ഇത്തരം മാതാപിതാക്കള്‍ക്ക് വയസ്സുകാലത്ത് സ്വന്തം പ്രവര്‍ത്തനത്തിന്റെ കയ്പുനീര്‍ കുടിച്ചു കഴിയേണ്ടി വരികയും ചെയ്യും. സ്വന്തം മക്കളൊന്നു തൊടാനും കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കാനുമുള്ള ആഗ്രഹം മരീചികയായി മാറുകയും ചെയ്യും. സത്യത്തില്‍ ഇതിന്റെ ദൂഷ്യഫലങ്ങള്‍ തലമുറകള്‍ തോറും  കൈമാറി ക്കൊണ്ടേയിരിക്കും.

ഭാര്യയും ഭര്‍ത്താവും തമ്മിലും മറ്റൊരുതരത്തില്‍ അകലം പാലിക്കുന്ന അവസ്ഥയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഒരേ വീട്ടില്‍ താമസിക്കുന്ന, ഒരേ മുറിയില്‍ കിടന്നുറങ്ങുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ മാനസികമായി വളരെ അകലത്തിലായിരിക്കുന്ന അവസ്ഥ! പലപ്പോഴും ഈ അകല്‍ച്ചയുടെ കാരണം നിസ്സാരമായിരിക്കും; ഉള്ളുതുറന്നു സംസാരിച്ചാല്‍ തീരുന്നത്. എന്നാല്‍ 'ഈഗോ' അതിനു സമ്മതിക്കില്ല. ഇതിന്റെ ദുരന്തഫലവും മക്കള്‍ അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

സ്വയം മാറാന്‍ തയ്യാറാവുക. സൗമ്യമായി പെരുമാറുവാനും സ്‌നേഹം പ്രകടിപ്പിക്കുവാനും സന്മനസ്സു കാണിക്കുക. ഇസ്‌ലാം പഠിപ്പിക്കുന്ന ഉന്നതമായ സ്വഭാവഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. എങ്കില്‍ സമാധനം കളിയാടും; കുടുംബത്തിലും മനസ്സിലും.