സ്വര്‍ഗത്തിലേക്കു നയിക്കുന്ന കര്‍മങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

( ഭാഗം: 2)

റവാതിബ് നമസ്‌കാരം നിര്‍വഹിക്കല്‍

നിര്‍ബന്ധ നമസ്‌കാരങ്ങളുടെ മുമ്പും ശേഷവുമുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ക്കാണ് റവാതിബ് നമസ്‌കാരം എന്നു പറയുന്നത്.

അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളുടെ മുമ്പും ശേഷവുമുള്ള 12 റക്അത്ത് സുന്നത്ത് നമസ്‌കാരം നിത്യവും നിര്‍വഹിക്കുന്ന ഒരാള്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിച്ചു നല്‍കും.

ഉമ്മുഹബീബ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''മുസ്‌ലിമായ ഒരു അടിമ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെ 12 റക്അത്ത് സുന്നത്ത് നമസ്‌കരിച്ചാല്‍ അവന് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു ഭവനം നിര്‍മിച്ചു നല്‍കാതിരിക്കുകയില്ല'' (മുസ്‌ലിം: 28).

മറ്റൊരു നബിവചനം കാണുക:

ഉമ്മു ഹബീബ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും രാത്രിയിലും പകലിലുമായി പന്ത്രണ്ട് റക്അത്ത് നമസ്‌കരിച്ചാല്‍ അവന് സ്വര്‍ഗത്തില്‍ ഒരു ഭവനം പണിയുന്നതാണ്. ദുഹ്‌റിനുമുമ്പ് നാല്, ശേഷം രണ്ട്; മഗ്‌രിബിനുശേഷം രണ്ട്, ഇശാഇന് ശേഷം രണ്ട്, സ്വുബ്ഹിക്ക് മുമ്പ് രണ്ട്'' (തിര്‍മിദി: 415).

സ്വഹാബിമാര്‍ റവാതിബ് സുന്നത്തിന്റെ കാര്യത്തില്‍ കണിശത കാണിച്ചിരുന്നു.

ഉമ്മുഹബീബ(റ) പറഞ്ഞു: 'നബി ﷺ യില്‍നിന്ന് ഇത് കേട്ടതിനുശേഷം ഞങ്ങള്‍ പിന്നീട് ഇതില്‍ ഉപേക്ഷവരുത്തിയിട്ടില്ല.'

അല്ലാഹുവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കല്‍

അല്ലാഹുവിനെ സൂക്ഷിച്ച് (തക്വ്‌വയോടെ) ജീവിച്ചവര്‍ക്ക് സ്വര്‍ഗമുണ്ട്:

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും'' (ക്വുര്‍ആന്‍ 15:45).

''നമ്മുടെ ദാസന്മാരില്‍ നിന്ന് ആര്‍ ധര്‍മനിഷ്ഠ പുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുന്ന സ്വര്‍ഗമത്രെ അത്'' (ക്വുര്‍ആന്‍ 19:63).

''പക്ഷേ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല'' (ക്വുര്‍ആന്‍ 39:20).

''തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്. അതായത് സ്വര്‍ഗത്തിലെ തോട്ടങ്ങളും മുന്തിരികളും'' (ക്വുര്‍ആന്‍ 78:30,31)

തക്വ്‌വയെക്കുറിച്ച് അലിയ്യുബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ''ഉന്നതനായ അല്ലാഹുവിനെ ഭയപ്പെടലും അവന്‍ ഇറക്കിയതുകൊണ്ട് പ്രവര്‍ത്തിക്കലും അവന്റെ വാക്കുകളെ തൃപ്തിപ്പെടലും (വരാനിരിക്കുന്ന) ഒരു ദിവസത്തെ യാത്രക്കുവേണ്ടി തയ്യാറെടുക്കലുമാണ് തക്വ്‌വ.''

''അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക'' (ക്വുര്‍ആന്‍ 3:102). ഈ സൂക്തത്തെവിശദീകരിച്ചുകൊണ്ട് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ''അല്ലാഹുവിനെ ധിക്കരിക്കാതെ അനുസരിക്കലും മറക്കാതെ ഓര്‍ക്കലും നന്ദികേട് കാണിക്കാതെ നന്ദി ചെയ്യലുമാണ് തക്വ്‌വ.''

ജമാഅത്ത് നമസ്‌കാരം നിര്‍വഹിക്കാനായി പള്ളിയിലേക്ക് പോകല്‍

അഞ്ചുനേരത്തെ നമസ്‌കാരം പുരുഷന്മാര്‍ പള്ളികളില്‍വച്ച് ജമാഅത്തായി(സംഘടിതമായി)ക്കൊണ്ടാണ് നിര്‍വഹിക്കേണ്ടത്. ഒറ്റക്ക് നമസ്‌കരിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ളതും ജമാഅത്തായി നമസ്‌കരിക്കുന്നതാണ്. യാതൊരു കാരണങ്ങളുമില്ലാതെ ബാങ്ക് കേട്ടിട്ടും പള്ളിയില്‍ വരാത്തവന് (ജമാഅത്ത് നമസ്‌കാരത്തിന്) നിസ്‌കാരമില്ല എന്നും, ഞാന്‍ ചില വീടുകള്‍ കത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് നബി ﷺ  പറഞ്ഞപ്പോള്‍ കാരണം തിരക്കിയ സ്വഹാബത്തിനോട് നിര്‍ബന്ധ നമസ്‌കാരം വീടുകളില്‍വച്ച് നിര്‍വഹിക്കുന്നവരാണവര്‍ എന്നും നബി ﷺ  പറഞ്ഞതും ഹദീഥുകളില്‍ കാണാം.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''പ്രഭാതത്തിലും പ്രദോഷത്തിലും പള്ളിയില്‍ പോകുന്നവനു വേണ്ടി സ്വര്‍ഗത്തില്‍ എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും അല്ലാഹു സല്‍ക്കാരം ഒരുക്കിവച്ചിരിക്കുന്നു'' (മുസ്‌ലിം: 669).

സത്യസന്ധമായ പശ്ചാത്താപം

അല്ലാഹു പറയുന്നു: ''എന്നാല്‍ പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല'' (ക്വുര്‍ആന്‍ 19:60).

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍, അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചുതരികയും ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 66:8).

എല്ലാ പാപങ്ങളില്‍നിന്നും ഒഴിവാകലും കഴിഞ്ഞുപോയതില്‍ ഖേദമുണ്ടാകലും പാപത്തിലേക്ക് മടങ്ങാതിരിക്കലുമാണ് തൗബ അഥവാ പശ്ചാത്താപം.

എല്ലാ പാപത്തില്‍നിന്നും തൗബ നിര്‍ബന്ധമാണ്. മനുഷ്യരുമായി ബന്ധമില്ലാത്തതും അടിമക്കും അല്ലാഹുവിന്നും ഇടയിലുള്ളതുമായ പാപമാണെങ്കില്‍ പശ്ചാത്താപത്തിന് മൂന്ന് നിബന്ധനകളുള്ളതായി പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്:

1. പാപത്തില്‍നിന്ന് ഒഴിവാകല്‍.

2. പാപം ചെയ്തുപോയതില്‍ ഖേദിക്കല്‍.

3. ഇനി ഒരിക്കലും പാപത്തിലേക്ക് മടങ്ങുകയില്ലെന്ന് തീരുമാനിക്കല്‍.

ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ അവന്റെ തൗബ ശരിയാവുകയില്ല.

മനുഷ്യരുമായി ബന്ധപ്പെട്ട പാപമാണെങ്കില്‍ ഈ മൂന്നെണ്ണത്തിനു പുറമെ നാലാമതൊരു നിബന്ധനകൂടിയുണ്ട്. ആരോടാണോ തെറ്റു ചെയ്തിട്ടുള്ളത് അയാളോട് നേരില്‍ ക്ഷമചോദിച്ച് അതില്‍നിന്ന് ഒഴിവാകലാണത്.

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ

വിശ്വാസികളുടെ നാവുകള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളാല്‍ നനഞ്ഞിരിക്കണം. ഹൃദയങ്ങള്‍ ദൈവസ്മരണ നിറഞ്ഞതാവണം. മാനസിക പ്രയാസങ്ങളില്‍നിന്നും മനഃക്ലേശത്തില്‍നിന്നുമെല്ലാം മോചനം ലഭിക്കുന്നതും സമാധാനം നല്‍കുന്നതും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ്.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ഇസ്‌റാഇന്റെ (രാപ്രയാണത്തിന്റെ) രാവില്‍ ഞാന്‍ ഇബ്‌റാഹീംനബിൗയെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കളുടെ സമുദായത്തോട് എന്റെ സലാം പറയുക. അവരോട് പറയുക: നിശ്ചയം സ്വര്‍ഗം നല്ല മണ്ണാണ്. സ്വഛമായ വെള്ളമാണ്. നിശ്ചയം അത് നീണ്ടുവിശാലമാണ്. അതിലെ കൃഷിയാകട്ടെ 'സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍' എന്നിവയാണ്'' (തുര്‍മുദി: 3462).

ജാബിര്‍(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും സുബ്ഹാനല്ലാഹില്‍ അദ്വീം വബിഹംദിഹി എന്നു പറഞ്ഞാല്‍ സ്വര്‍ഗത്തില്‍ അവനുവേണ്ടി ഒരു ഈത്തപ്പന കൃഷിചെയ്യപ്പെടും'' (തുര്‍മുദി: 3464).

ദിക്‌റുകളുടെ  പ്രാധാന്യവും മഹത്ത്വവും അവയ്ക്ക് ലഭിക്കുന്ന പ്രതിഫലവും അറിയിക്കുന്ന ഏതാനും ചില നബിവചനങ്ങള്‍ കൂടി കാണുക:

ഉമര്‍(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''നിങ്ങളില്‍ ഒരാള്‍ വുദൂഅ് ചെയ്യുന്നു. (പ്രവാചകന്‍ വുദൂഅ് ചെയ്ത പോലെ) വുദൂഇനെ നന്നാക്കുന്നു. അതില്‍നിന്ന് വിരമിച്ച ശേഷം 'അല്ലാഹു അല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരുമില്ലാത്തവനുമാണ്. നിശ്ചയം മുഹമ്മദ് നബി ﷺ  അവന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു' എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താന്‍ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാള്‍ക്ക് അതില്‍ പ്രവേശിക്കാവുന്നതാണ്'' (അബൂദാവൂദ്: 169).

അബൂമൂസ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''സ്വര്‍ഗീയ നിധികളില്‍പെട്ട ഒരു നിധിയെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ?'' അപ്പോള്‍ ഞാന്‍ പറഞ്ഞു: ''അതെ, അല്ലാഹുവിന്റെ ദൂതരേ.'' നബി ﷺ  പറഞ്ഞു: ''ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹ്'' (ബുഖാരി: 6384, മുസ്‌ലിം: 2704).

സയ്യിദുല്‍ ഇസ്തിഗ്ഫാര്‍

ശദ്ദാദുബ്‌നു ഔസ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്നാല്‍ നീ ഇപ്രകാരം പറയലാണ്: 'അല്ലാഹുവേ, നീ എന്റെ രക്ഷിതാവാകുന്നു. നീ അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയാണ്. എന്നാല്‍ സാധ്യമാകുംവിധം ഞാന്‍ നിന്റെ കരാറിന്മേലും വാഗ്ദാനത്തിന്മേലുമാണ്. ഞാന്‍ ചെയ്ത തിന്മകളില്‍നിന്ന് നിന്നോടു ഞാന്‍ രക്ഷതേടുന്നു. എന്റെ മേലുള്ള നിന്റെ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്ക് അംഗീകരിച്ച് തരുന്നു. എന്റെ പാപങ്ങളെയും ഞാന്‍ അംഗീകരിച്ച് തരുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. കാരണം, പാപങ്ങള്‍ പൊറുക്കുവാന്‍ നീയല്ലാതെ മറ്റാരുമില്ല.''

പ്രവാചകന്‍ ﷺ  പറഞ്ഞു: ''ഈ വചനങ്ങള്‍ ദൃഢവിശ്വാസിയായിക്കൊണ്ട് ഒരാള്‍ പകലില്‍ പറയുകയും ആ ദിനം വൈകുന്നേരം ആകുന്നതിന് മുമ്പ് അയാള്‍ മരണപ്പെടുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗവാസികളില്‍ പെട്ടവനാണ്. ഇവ ദൃഢവിശ്വാസിയായിക്കൊണ്ട് ഒരാള്‍ രാത്രിയില്‍ പറയുകയും നേരം പുലരുന്നതിന് മുമ്പ് അയാള്‍ മരണപ്പെടുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗവാസികളില്‍ പെട്ടവനാണ്.''

ഇതുപോലെ നിത്യജീവിതത്തില്‍ നാം അനുഷ്ഠിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ ദിക്‌റുകളും ദുആകളും ധാരാളമാണ്.

ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യല്‍

നബി ﷺ  പറഞ്ഞു: ''ആരെങ്കിലും എല്ലാ നമസ്‌കാരശേഷവും ആയത്തുല്‍ ക്വുര്‍സിയ്യ് ഓതിയാല്‍ മരണമല്ലാതെ അയാളുടെ സ്വര്‍ഗപ്രവേശനത്തിന് തടസ്സമായി ഒന്നുമില്ല.'' (നസാഈ).

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ''അതുകൊണ്ട് അര്‍ഥമാക്കുന്നത് (അഥവാ മേല്‍സൂചിപ്പിച്ച ഹദീഥില്‍ പറഞ്ഞത്) ആയത്തുല്‍ ക്വുര്‍സി പാരായണം ചെയ്തവനും സ്വര്‍ഗപ്രവേശനത്തിനും ഇടയിലെ തടസ്സം മരണമല്ലാതെ മറ്റൊന്നുമല്ല എന്നതാണ്.''

രാവിലെയും വൈകുന്നേരവും അഞ്ചുനേര നമസ്‌കാരങ്ങള്‍ക്ക് ശേഷവും ഉറങ്ങാന്‍ പോകുന്ന സമയത്തും അവന്‍ അത് നിര്‍വഹിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമുള്ള എല്ലാ നന്മയും അതിലുണ്ട്. (തുടരും)