കനം തൂങ്ങുന്ന കര്‍മങ്ങള്‍

മുഹമ്മദ് സ്വാദിഖ് മദീനി

2020 മാര്‍ച്ച് 14 1441 റജബ് 19

സത്യവിശ്വാസത്തിന്റയും സല്‍കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്വര്‍ഗപ്രവേശനം സാധ്യമാവുക. നാം ചെയ്യുന്ന കര്‍മങ്ങള്‍ (അവ നന്മയാകട്ടെ, തിന്മയാകട്ടെ) നാളെ പരലോകത്ത് അല്ലാഹു തൂക്കികണക്കാക്കുകയും അവന്‍ നമ്മോട് അനീതി ചെയ്യുന്നില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ്.

മനുഷ്യന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ അല്ലാഹുവിന് വിചാരണ നടത്തുകയോ അവന്റെ കര്‍മങ്ങള്‍ തൂക്കി കണക്കാക്കുകയോ ചെയ്യേണ്ടതില്ല. കാരണം മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പ് തന്നെ അല്ലാഹുവിന്റെ ആദിയായ അറിവിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരുടെയും ഭാവി എന്തായിരിക്കുമെന്ന് അവനറിയാം.

അല്ലാഹു അവന്റെ അടിമകളോട് ഒരു തരിമ്പും അനീതി കാണിച്ചിട്ടില്ല, അവന്റെ മലക്കുകള്‍ മനുഷ്യന്റെ കര്‍മരേഖയില്‍ കളങ്കം ചെയ്തിട്ടില്ല എന്ന് അല്ലാഹു നമ്മെ ബോധ്യപ്പെടുത്തും. അല്ലാഹു പറയുന്നു:

''ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നീതിപൂര്‍ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മം) ഒരു കടുക് മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി'' (ക്വുര്‍ആന്‍ 21:47).

സല്‍കര്‍മികളുടെ തുലാസ് കനം തൂങ്ങിയതും പാപികളുടേത് നന്മകള്‍ ഇല്ലാത്ത, കനം കുറഞ്ഞതുമായിരിക്കുമെന്ന് കുര്‍ആന്‍ അറിയിക്കുന്നു. അല്ലാഹു പറയുന്നു:

''അന്നത്തെ ദിവസം (കര്‍മങ്ങള്‍) തൂക്കി കണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍. ആരുടെ തുലാസുകള്‍ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവര്‍ അന്യായം കൈക്കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്'' (ക്വുര്‍ആന്‍ 7:8,9).

''അപ്പോള്‍ ആരുടെ (സല്‍കര്‍മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ (സല്‍കര്‍മങ്ങളുടെ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍, നരകത്തില്‍ നിത്യവാസികള്‍'' (ക്വുര്‍ആന്‍ 23:102,103).

''അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും'' (ക്വുര്‍ആന്‍ 101:6-8).

മീസാന്‍ എന്നത് അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തില്‍ പെട്ടതായതിനാല്‍ മീസാനിന്റെ രൂപം, കര്‍മങ്ങള്‍ തൂക്കി കണക്കാക്കുന്ന രീതി തുടങ്ങിയവ പ്രമാണങ്ങളില്‍ വന്നത് അനുസരിച്ചല്ലാതെ മനുഷ്യബുദ്ധിക്കനുസരിച്ച് കണ്ടെത്താന്‍ കഴിയില്ല. ഇതാണ് ആ വിഷയത്തിലുള്ള പൂര്‍വസൂരികളുടെ നിലപാട്

ക്വുര്‍ആനില്‍ തുലാസുകള്‍ അഥവാ (മവാസീന്‍) എന്നും ഹദീഥുകളില്‍ മീസാന്‍ അഥവാ തുലാസ് എന്നും രണ്ട് രൂപത്തില്‍ പറയപ്പെട്ടിരിക്കുന്നു. ആകാശഭൂമികളെ പോലും തൂക്കി കണക്കാക്കാന്‍ സാധ്യമാകുന്നതാണ് മീസാന്‍ എന്ന ഹദീഥുകളില്‍ നിന്നും മനസ്സിലാകുന്നതാണ്.

 നബി ﷺ  പറഞ്ഞു: ''മീസാന്‍ അന്ത്യനാളില്‍ സ്ഥാപിക്കപ്പെടും. അതില്‍ ആകാശഭൂമികള്‍ തൂക്ക പ്പെട്ടിരുന്നെങ്കില്‍ അതിന് അത് പര്യാപ്തമായിരുന്നു.'' അപ്പോള്‍ മലക്കുകള്‍ പറയും: ''റബ്ബേ, ആരെയാണ് ഇതില്‍ തൂക്കി നോക്കുന്നത്?'' അപ്പോള്‍ അല്ലാഹു പറയും: ''ഞാന്‍ ഉദ്ദേശിച്ച എന്റെ സൃഷ്ടികളെ.'' അപ്പോള്‍ മലക്കുകള്‍ പറയും: ''നീ പരിശുദ്ധനാണ്. നിന്നെ ആരാധിക്കേണ്ട മുറപ്രകാരം ഞങ്ങള്‍ ആരാധിച്ചിടാം'' (ഹാകിം).

ഇഹലോകത്ത് ഭാരവും വലിപ്പവും ഉള്ള ആളുകള്‍ നാളെ പരലോകത്ത് കര്‍മങ്ങള്‍ തൂക്കപ്പെടുമ്പോള്‍ ഭാരിച്ചവരായിക്കൊള്ളണമെന്നില്ല. നബി ﷺ  പറഞ്ഞു: ''തടിച്ച വലിയ ഒരു മനുഷ്യന്‍ അന്ത്യനാളില്‍ കൊണ്ടുവരപ്പെടും. ഒരു കൊതുകിന്റെ ചിറകിന്റെ കനം പോലും അല്ലാഹുവിന്റെ അടുക്കല്‍ അവന് ഉണ്ടായിരിക്കുന്നതല്ല.' തുടര്‍ന്ന് ഈ വചനം ഓതി: ''തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല''(ക്വുര്‍ആന്‍ 18: 105).

അപ്രകാരം തന്നെ സല്‍ക്കര്‍മികളായ വിശ്വാസികള്‍; അവര്‍ ദേഹം എത്ര മെലിഞ്ഞവരായിരുന്നാലും ശരി പരലോകത്ത് മീസാനില്‍ കനംകൂടിയവരായിരിക്കും. ഒരിക്കല്‍ നേര്‍ത്തു മെലിഞ്ഞ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) അറാക്കിന്റെ മരത്തില്‍ കയറി. കാറ്റടിച്ചപ്പോള്‍ മരക്കൊമ്പില്‍ അദ്ദേഹം ആടിയുലഞ്ഞു. ഇത് കണ്ട് ചില സ്വഹാബിമാര്‍ ചിരിച്ചു. അന്നേരം നബി ﷺ  പറഞ്ഞു: 'അല്ലാഹുവാണെ സത്യം! അദ്ദേഹത്തിന്റെ കാലുകള്‍ മീസാനില്‍ ഉഹ്ദ് പര്‍വതത്തെക്കാള്‍ ഭാരമുള്ളതാണ്.'

കര്‍മങ്ങള്‍ തൂക്കി കണക്കാക്കപ്പെടുമ്പോള്‍ നന്മയുടെ തുലാസ് കനം കൂടുവാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് നാം അറിഞ്ഞിരിക്കണം. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മുഖേനയാണ് വിശ്വാസികള്‍ സ്വര്‍ഗത്തിലേക്ക് പോകുക.

മീസാനില്‍ കനംതൂങ്ങുന്ന പ്രത്യേകമായ ചില കര്‍മങ്ങള്‍ നബി ﷺ  നമ്മെ അറിയിച്ചിട്ടുണ്ട്.

ഒന്ന്) 'ലാഇലാഹ ഇല്ലല്ലാഹു' ശരിയാക്കുക:

ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനം അല്ലാഹുവെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കുവാന്‍ പാടില്ല, മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് എന്ന സാക്ഷ്യവചനങ്ങള്‍ മനസാവാചാകര്‍മണാ അംഗീകരി ക്കലാണ്. അത് മീസാനില്‍ കനം തൂങ്ങുന്ന കാര്യമാണ്.

നബി ﷺ  പറഞ്ഞു: ''അന്ത്യനാളില്‍ അല്ലാഹു ഒരു മനുഷ്യനെ ജനസമക്ഷം കൊണ്ടുവരികയും അയാളുടെ കണ്ണെത്താദൂരത്തോളം ഉള്ള അവന്റെ ഏടുകള്‍ വിതറപ്പെടുകയും ചെയ്യും. എന്നിട്ട് അവന്‍ ചോദിക്കും: 'ഇതു നീ നിഷേധിക്കുന്നുണ്ടോ? എന്റെ മലക്കുകള്‍ നിന്നോട് ഇതില്‍ അക്രമം ചെയ്തിട്ടുണ്ടോ?' അപ്പോള്‍ അവന്‍ പറയും: 'ഇല്ല രക്ഷിതാവേ.' അല്ലാഹു അവനോട് ചോദിക്കും: 'നിനക്ക് വല്ല ഒഴിവുകഴിവും പറയാനുണ്ടോ?' അപ്പോഴും അവന്‍ പറയും: 'ഇല്ല.' അല്ലാഹു അവനോട് പറയും നിനക്ക് നമ്മുടെ പക്ക ല്‍ ഒരു നന്മയുണ്ട്. ഇന്നേദിവസം നീ ആക്രമിക്കപ്പെടുന്നതല്ല.' അങ്ങനെ ഒരു കാര്‍ഡ് പുറത്തുവരുന്നു. അതില്‍ 'അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്' എന്നുണ്ട്. അപ്പോള്‍ അല്ലാഹു പറയും: 'ഇത് തൂക്കി കണക്കാക്കുക.' അവന്‍ പറയും: 'എന്റെ റബ്ബേ, ഈ തൊണ്ണൂറ്റി ഒന്‍പത് രേഖകളോടൊപ്പം ഈ ഒരൊറ്റ കാര്‍ഡ് കൊണ്ട് എന്ത് ചെയ്യാനാണ്?' അല്ലാഹു പറയും: 'നീ ഇന്നേദിവസം ആക്രമിക്കപ്പെടുന്നതല്ല. അങ്ങനെ അവ തൂക്കി കണക്കാക്കുമ്പോള്‍ ആ കാര്‍ഡുള്ള തുലാസ് കനം തൂങ്ങും. അല്ലാഹുവിന്റെ നാമത്തോടൊപ്പം മറ്റൊന്നും കനം തൂങ്ങുകയില്ല'' (അഹ്മദ്).

രണ്ട്) ദിക്‌റുകള്‍:

ഒരു വിശ്വാസിയുടെ മനസ്സും നാവും സദാസമയവും അല്ലാഹുവിനെക്കുറിച്ചുള്ള ബോധത്താല്‍ നിറഞ്ഞിരിക്കണം. ശാരീരികമോ സാമ്പത്തികമോ ആയ ചെലവുകള്‍ ഇല്ലാത്ത വലിയ ആരാധനാ കര്‍മമാണ് ദിക്‌റുകള്‍. കേവലം നാവുകൊണ്ട് അവ ഉച്ചരിക്കുന്നതിലപ്പുറം ദിക്‌റുകളുടെ അര്‍ഥവും ആശയവും മനസ്സിലാക്കി ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കണം

നബി ﷺ  പറഞ്ഞു: ''പരമകാരുണികന് ഏറ്റവും ഇഷ്ടപ്പെട്ടതും മീസാനില്‍ കൂടുതല്‍ ഭാരം തൂങ്ങുന്നതും നാവിന് എളുപ്പമുള്ളതും ആയ രണ്ട് വചനങ്ങളാണ് സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം' എന്നത്.''

ഒരിക്കല്‍ നബി ﷺ  തന്റെ പത്‌നി ജുവൈരിയ(റ)യുടെ അടുക്കല്‍ നിന്നും അതിരാവിലെ പുറപ്പെട്ടു. സ്വുബ്ഹി നമസ്‌കാരാനന്തരം അവര്‍ അവരുടെ പള്ളിയിലായിരുന്നു. മധ്യാഹ്ന സമയത്ത് നബി ﷺ മടങ്ങി വന്നപ്പോഴും അവര്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ  ചോദിച്ചു: 'ഞാന്‍ നിന്റെ അടുക്കല്‍ നിന്നും പോന്ന ശേഷം നീ അതേ ഇരിപ്പില്‍ തന്നെയായിരുന്നോ?' അവര്‍ 'അതെ' എന്നു പറഞ്ഞു. നബി ﷺ  പറഞ്ഞു: 'നാലു വചനങ്ങള്‍ ഞാന്‍ മൂന്ന് പ്രാവശ്യം പറഞ്ഞു. അത് നീ പറഞ്ഞതുമായി തൂക്കി നോക്കുകയാണെങ്കില്‍ അവയായിരിക്കും ഏറ്റവും ഭാരം ഉള്ളത്: 'അല്ലാഹുവിന്റെ വചനങ്ങളുടെ മഷിയോളം, അവന്റെ സിംഹാസനത്തിന്റെ ഭാരത്തോളം, അവന്റെ മനസ്സിന്റെ തൃപ്തിയോളം, അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുന്നു'' (മുസ്‌ലിം).

മൂന്ന്) പരീക്ഷണങ്ങളില്‍ ക്ഷമിക്കുക:

പരീക്ഷണങ്ങള്‍ വിശ്വാസികള്‍ക്ക് ഉണ്ടാകുമെന്ന് വിശുദ്ധ ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനും സ്വര്‍ഗീയ പദവികള്‍ ഉയര്‍ത്തപ്പെടുവാനും പാപങ്ങള്‍ പൊറുക്കപ്പെടുവാനും പരീക്ഷണങ്ങള്‍ കാരണമായിത്തീരുന്നു. ക്ഷമയോടുകൂടി പരീക്ഷണങ്ങളെ നേരിടുകയും അല്ലാഹുവിനെക്കുറിച്ച് സദ്‌വിചാരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത് വലിയ പ്രതിഫലാര്‍ഹമായി മാറും. നബി ﷺ  പറഞ്ഞു: ''അഞ്ചു കാര്യങ്ങള്‍ മീസാനില്‍ ഏറ്റവും കനം തൂങ്ങുന്നതാണ്; ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍, സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, സ്വാലിഹായ സന്താനം മരണപ്പെടുകയും അതില്‍ ആ കുട്ടിയുടെ പിതാവ് ക്ഷമിച്ച് പ്രതിഫലം കാംക്ഷിക്കുകയും ചെയ്യല്‍'' (അഹ്മദ്).

നാല്) സല്‍സ്വഭാവം:

മനുഷ്യരുടെ ഇഷ്ടം കരസ്ഥമാക്കുവാന്‍ സല്‍സ്വഭാവം കാരണമായിത്തീരുന്നു. അതിലുപരിയായിസല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്നു. പരുഷരും ദേഷ്യക്കാരുമായവരെ മനുഷ്യര്‍ സ്‌നേഹിക്കുകയോ ഇഷ്ടപ്പെടുകയോ ഇല്ല. അതിനാല്‍ സല്‍സ്വഭാവം മീസാനില്‍ ഏറ്റവും കനം തൂങ്ങുന്ന കാര്യമായി ഇസ്‌ലാം പഠിപ്പിച്ചു. നബി ﷺ  പറഞ്ഞു: ''സല്‍സ്വഭാവം പോലെ മീസാനില്‍ ഏറ്റവും കൂടുതല്‍ ഭാരം തൂങ്ങുന്ന മറ്റൊന്നും തന്നെയില്ല'' (അബൂദാവൂദ്).

ഇമാം തിര്‍മിദി നിവേദനം ചെയ്യുന്ന റിപ്പോര്‍ട്ടിലുള്ളത് 'സല്‍സ്വഭാവം മുഖേന ഒരാള്‍ നോമ്പനുഷ്ഠിക്കുന്നവരുടെയും നമസ്‌കരിക്കുന്നവരുടെയും പദവിയിലേക്ക് എത്തും' എന്നാണ്.

 

അഞ്ച്) മയ്യിത്ത് സംസ്‌കരണം:

ഒരു വിശ്വാസി മരണപ്പെട്ടാല്‍ അദ്ദേഹത്തെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കുക, മറവ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. മീസാനില്‍ ഭാരം കൂടുന്ന ഒരു സല്‍പ്രവര്‍ത്തനമാണത്.

നബി ﷺ  പറഞ്ഞു: ''ആരെങ്കിലും ഒരു ജനാസയെ നമസ്‌കരിക്കുന്നത് വരെ തുടര്‍ന്നാല്‍ അവന് ഒരു കീറാത്ത് പ്രതിഫലം ഉണ്ടായിരിക്കും. എന്നാല്‍ നമസ്‌കരിക്കുകയും തുടര്‍ന്ന് മറവ് ചെയ്യുന്നത് വരെയും പങ്കെടുത്താല്‍ അവന് രണ്ട് കീറാത്ത് ഉണ്ടായിരിക്കും. അല്ലാഹുവാണേ സത്യം! ഒരു കീറാത്ത് അവന്റെ മീസാനില്‍ ഉഹദ് പര്‍വതത്തെക്കാള്‍ ഭാരം ഉള്ളതായിരിക്കും.''

സ്വര്‍ഗം കാംക്ഷിക്കുന്ന വിശ്വാസികള്‍ എന്ന നിലയില്‍ പരലോക രക്ഷക്ക് സാധ്യമാവുന്ന കര്‍മങ്ങള്‍ ആത്മാര്‍ഥമായി കൂടുതല്‍ ചെയ്യുക.