ദാമ്പത്യജീവിതം: വിശ്വാസികള്‍ ശ്രദ്ധിേക്കണ്ടത്

മജീദ് ബസ്താക്ക്, കണ്ണൂര്‍

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

ദാമ്പത്യജീവിതം സന്തോഷം പകരുന്നതാകണം. സമാധാനം നിറഞ്ഞതാകണം. അതാണ് എല്ലാവരുടെയും ആഗ്രഹം. അത് അസംഭവ്യമൊന്നുമല്ല. എന്നാല്‍ അത്ര എളുപ്പവുമല്ല. വിവാഹജീവിതം വിജയകരമാകണമെങ്കില്‍ ഇണകളുടെ യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്. നാം എന്തിനുവേണ്ടിയാണോ പരിശ്രമിക്കുന്നത് അതാണ് നമുക്ക് ലഭിക്കുക, അല്ലാഹു ഉദ്ദേശിച്ചാല്‍.  

നമ്മുടെ വികാരവിചാരങ്ങളും വാക്കുകളും പ്രവൃത്തികളുമെല്ലാം തന്നെ ദാമ്പത്യത്തെ ഊഷ്മളമാക്കുകയോ വഷളാക്കുകയോ ചെയ്‌തെന്നുവരാം.  മധുരതരമോ കയ്പ്പുറ്റതോ ആക്കിത്തീര്‍ത്തേക്കാം. നാം തന്നെയാണ് നമ്മുടെ ദാമ്പത്യത്തെ ആസ്വാദ്യകരവും സംതൃപ്തവും ആക്കിത്തീര്‍ക്കേണ്ടതെന്ന് മനസ്സിലാക്കുക.

കുടുംബ ജീവിതത്തില്‍ ആത്മാര്‍ഥത കാണിക്കുക, അതിനായി അത്യധ്വാനം ചെയ്യുക, അതിന് നാം നേടിയിട്ടുള്ള ആത്മീയ-ഭൗതികവിജ്ഞാനങ്ങളെ ഉപയോഗപ്പെടുത്തുക, സര്‍വോപരി അല്ലാഹുവോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക... ഇതൊക്കെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ദാമ്പത്യജീവിതം വിജയകരമായിത്തീരാന്‍ പ്രവാചക ജീവിതം പഠിച്ച് നാം മാതൃകയാക്കേണ്ടതുണ്ട്.  

പരസ്പര ബന്ധം

ദമ്പതികള്‍ക്കിടയിലുള്ള ബന്ധം കേവലം സൗന്ദര്യമോ ശാരീരികാകര്‍ഷണമോ പ്രേമമോ മൂലം ഉണ്ടായാല്‍ പോരാ; അതിന് അല്ലാഹുവുമായുള്ള ബന്ധംകൊണ്ടുള്ള അടിത്തറ പാകേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു നിര്‍ദേശിച്ച ഉദാത്ത സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കി ചപലസ്വഭാവങ്ങളെയും ബാലിശവാദങ്ങളെയും സ്വാര്‍ഥതയെയും നേരിടണം.

ഏകദൈവ വിശ്വാസമാണ്  നമ്മുടെ ദാമ്പത്യത്തിന് ഊടുംപാവും നല്‍കേണ്ടതെന്ന് നാം തിരിച്ചറിയണം. അല്ലാഹുവിലുള്ള വിശ്വാസവും ഭരമേല്‍പിക്കലും നമ്മുടെ ദാമ്പത്യത്തിന് ആത്മീയമായ കരുത്തേകുന്നു. അതിലൂടെ ജീവിത പ്രയാസങ്ങളെ സധൈര്യം അഭിമുഖീകരിക്കാന്‍ സാധിക്കും.

ഇണകളെയും സന്താനങ്ങളെയും സല്‍സ്വഭാവം കൊണ്ടും മതബോധംകൊണ്ടും കണ്‍കുളിര്‍മ നല്‍കുന്നവരാക്കി മാറ്റുവാന്‍ നാം സ്രഷ്ടാവിനോട് പ്രാര്‍ഥിക്കണം.

'''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:74).

ചങ്ങാത്തം

ദമ്പതികള്‍ക്കിടയിലുള്ള ചങ്ങാത്തം വെറുതെയങ്ങ് സംഭവിക്കുന്നതല്ല. ദൈനംദിന ജീവിതത്തിലെ പ്രവൃത്തികളില്‍  സാധ്യമാകുന്നത്ര അന്യോന്യം സഹായിച്ചും സുഖദുഃഖങ്ങള്‍ പരസ്പരം പങ്കിട്ടും മറ്റുമാണ് അത് നേടാനാവുക.  

പ്രവാചകജീവിതത്തില്‍ തന്റെ ഭാര്യമാരെ അദ്ദേഹം സഹായിച്ചിരുന്നതിന്റെ ഒട്ടേറെ തെളിവുകള്‍ കാണുവാന്‍ സാധിക്കും.  

പ്രവാചകപത്‌നി ആഇശ(റ)യോട് ആരോ ചോദിച്ചു: ''വീട്ടിലായിരിക്കെ പ്രവാചകന്‍ ﷺ  എന്താണ് ചെയ്യാറുള്ളത്?'' ആഇശ(റ) അതിന് ഉത്തരമേകി: ''വീട്ടുപണികളില്‍ അദ്ദേഹം ഞങ്ങളെ സഹായിക്കും''(ബുഖാരി).

ഗാര്‍ഹികാന്തരീക്ഷത്തിലെ ചെറുതും വലുതുമായ സംഗതികളില്‍ സഹകരിച്ചും സഹായിച്ചും പ്രവര്‍ത്തിക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തെയും സ്‌നേഹത്തെയും ഊട്ടിയുറപ്പിക്കും. ജീവിതപങ്കാളിയോട് സഹാനുഭൂതി കാട്ടുന്നത് സൗഹൃദവും ചങ്ങാത്തവും തളിര്‍ക്കാന്‍ സഹായിക്കും.

ഒരാള്‍ ഭരിക്കാനും മറ്റെയാള്‍ ഭരിക്കപ്പെടാനും മാത്രമുള്ളതാണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നത് ദാമ്പത്യത്തെ തകര്‍ത്തുകളയും. എന്നാല്‍ പുരുഷന്‍ എന്ന നിലയില്‍ ഭര്‍ത്താവിന് അല്ലാഹു നല്‍കിയിരിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ഭാര്യ വകവെച്ചു കൊടുക്കേണ്ടതുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ അവളുടെ മാനസികവും ശാരീരികവുമായ അവസ്ഥാവിശേഷങ്ങള്‍ക്ക് അനുസൃതമായ നിലയില്‍ ഭര്‍ത്താവില്‍നിന്ന് ലഭിക്കേണ്ട അവകാശങ്ങളും പരിഗണനയും ഭാര്യക്ക് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള ജീവിതം അസ്വസ്ഥതകള്‍ നിറഞ്ഞതാകുമെന്നതില്‍ സംശയമില്ല.

സഹാനുഭൂതി

ദയാവായ്‌പോടെയും സ്‌നേഹപരിലാളനകളോടെയും ഇടപെടുന്നതാണ് സഹാനുഭൂതി. ദാമ്പത്യത്തിലെ യഥാര്‍ഥ സന്തോഷത്തിന്റെ ആണിക്കല്ലാണിത്.  

മുഹമ്മദ് നബി ﷺ  സഹാനുഭൂതിയോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ  ഭാര്യമാരും അനുചരന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെക്കാള്‍ സഹാനുഭൂതി പ്രകടിപ്പിച്ച മറ്റൊരു വ്യക്തിത്വത്തെയും അവര്‍ക്ക് പരിചയമില്ല.

വിട്ടുവീഴ്ച

ദാമ്പത്യത്തില്‍ സന്തോഷം വിലനിര്‍ത്തുന്നതിന് സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട സ്വഭാവസ വിശേഷതയാണ് വിട്ടുവീഴ്ച എന്നത്. തന്റെ ദൗര്‍ബല്യവും ജീവിതപങ്കാളിയുടെ ശക്തിയും മനസ്സിലാക്കുന്ന ഉന്നതമായ ആത്മീയാവബോധമുള്ള ഒരു വ്യക്തിക്കേ അത്തരം സ്വഭാവം ആര്‍ജിക്കാന്‍ കഴിയുകയുള്ളൂ. നബി ﷺ ക്ക് തന്റെ അനുയായികളെ ഒന്നിച്ചുകൊണ്ടുപോകാനും സ്വപത്‌നിമാരെ തമ്മില്‍ രജ്ഞിപ്പിലാക്കി ദാമ്പത്യം വിജയിപ്പിക്കാനും കഴിഞ്ഞത് ഇതുമൂലമാണ്.

തന്റെ ഇണയുടെ സ്ഥാനത്ത് നിന്നുകൊണ്ട് സ്വന്തം നിലപാടിനെയും വീഴ്ചയെയും പരിശോധിക്കാന്‍ തയ്യാറാകണം. പലപ്പോഴും ഭാര്യയും ഭര്‍ത്താവും താന്‍പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന പിടിവാശിയില്‍ ഉറച്ചുനില്‍ക്കും. അത് ദാമ്പത്യത്തിന് വലിയ പരിക്കേല്‍പിക്കും. ആത്മപരിശോധന തെറ്റുകള്‍ തിരുത്തുവാനും വിട്ടുവീഴ്ചയുടെ മാര്‍ഗം അവലംബിക്കുവാനും സഹായിക്കുെമന്നതില്‍ സംശയമില്ല.

ആത്മസംതൃപ്തി

സന്തുഷ്ടദാമ്പത്യത്തിന് വളരെയേറെ അത്യാവശ്യമായ ഒന്നാണ് ആത്മസംതൃപ്തി. മനസ്സിന്റെ ഐശ്വര്യാവസ്ഥയാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് പ്രവാചകന്‍ ﷺ  പറഞ്ഞിട്ടുണ്ട്. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കണമെങ്കില്‍ ഉള്ളതില്‍ സംതൃപ്തിയടയുന്ന മനസ്സ് അനിവാര്യമാണ്. അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അവന്റെ വിധിയില്‍ തൃപ്തനാകുന്ന ഒരാള്‍ക്ക് കൈവരുന്ന സ്വഭാവവിശേഷമാണ് സംതൃപ്താവസ്ഥ.

ഭര്‍ത്താവിന്റെ വരുമാനം ഭാര്യ കണ്ടറിയണം. ഭാര്യയുടെ ന്യായമായ ആവശ്യങ്ങള്‍ തന്റെ കഴിവിനനുസരിച്ച് ഭര്‍ത്താവ് നിര്‍വഹിച്ചു കൊടുക്കുകയും വേണം.

ആരോഗ്യകരമായ ലൈംഗികത ദാമ്പത്യത്തിന്റെ അനിവാര്യ ഘടകമാണെന്ന് പ്രത്യേം പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തില്‍ ഇണകള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. സംശയരോഗം ബന്ധങ്ങളെ തകര്‍ത്തുകളയും. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും വര്‍ത്തമാന കാലത്ത് ഏറെ ശ്രദ്ധയോടെ, സൂക്ഷ്മതാബോധത്തോടെ ജീവിതം നയിക്കുവാന്‍ ബോധപൂര്‍വം ശ്രമിച്ചേ തീരൂ.