റമദാന്‍; അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുമ്പോള്‍

ലുക്വ്മാനുല്‍ ഹകീം അല്‍ഹികമി

2020 മെയ് 23 1441 റമദാന്‍ 30

കോവിഡ് കാലത്തെ ഈ റമദാന്‍ ഏറിയപങ്കും നമ്മില്‍ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ദിനരാത്രങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. താന്‍ ചെലവഴിച്ച ഓരോ ദിനരാത്രത്തെകുറിച്ചുമുള്ള വിചിന്തനം ഒരു വിശ്വാസിക്ക് ഗുണകരമായിരിക്കും. അത്തരം ചിന്തകളിലേക്ക് ശ്രദ്ധകൊടുത്താല്‍ തീര്‍ച്ചയായും രണ്ടുവിഭാഗം ആളുകളെ നമുക്ക് ദര്‍ശിക്കാനാകും.

പകലുകളില്‍ വ്രതമനുഷ്ഠിക്കുകയും രാത്രികളില്‍ നമസ്‌കരിക്കുകയും പരിശുദ്ധ ക്വുര്‍ആന്‍ പാരായണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും തന്റെ സമ്പത്തില്‍നിന്ന് സാധുക്കള്‍ക്കും പുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഓഹരി മാറ്റിവെക്കുകയും, അതോടൊപ്പം എല്ലാതരം തിന്മകളില്‍ നിന്നും അധര്‍മങ്ങളില്‍ നിന്നും വിട്ടകലുകയും, വിനോദങ്ങളിലും ഉപകാരമില്ലാത്ത കാര്യങ്ങളിലും മുഴുകാതെ ശ്രദ്ധയോടെ ഈ സുവര്‍ണാവസരത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഒരു വിഭാഗം ആളുകള്‍.

നോമ്പിനെയും ഈ പുണ്യം നിറഞ്ഞ അവസരങ്ങളെയും യഥാവിധം ഉപയോഗപ്പെടുത്താത്തവരാണ് രണ്ടാമത്തെ വിഭാഗം. പകല്‍ മുഴുവന്‍ പട്ടിണികിടക്കുകയും ഉറങ്ങിയും കളിതമാശകളിലും വിനോദങ്ങളിലും ഗെയിമുകളിലും മുഴുകി റമദാനിലെ പകലുകളെ വൃഥാവിലാക്കുകയും ചെയ്തവരാണവര്‍. രാത്രിനമസ്‌കാരമോ ക്വുര്‍ആന്‍ പാരായണമോ ദാനധര്‍മമോ ദിക്‌റുകളോ ദുആകളോ ഇത്തരക്കാരുടെ അജണ്ടയില്‍ ഉണ്ടാകാറുമില്ല.

തങ്ങള്‍ക്ക് ലഭിച്ച ഈ അസുലഭ അവസരങ്ങളെയും ലോക്ഡൗണ്‍ ഒഴിവുകളെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയവര്‍ക്കും ഉറക്കിലും കളി തമാശകളിലും സമയം കളഞ്ഞവര്‍ക്കും സന്തോഷത്തിന്റെ നാളുകളാണ് അവസാനത്തെ പത്തു ദിനങ്ങള്‍ സമ്മാനിക്കുന്നത്.

ഒന്നാമത്തെ വിഭാഗത്തെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ചെയ്ത നന്മകളെ തുടര്‍ത്താനും അവസാന പത്തിലെ പ്രതിഫലങ്ങള്‍ കരഗതമാക്കാനുമുള്ള അവസരമാണ്. രണ്ടാമത്തെ വിഭാഗത്തിനാകട്ടെ, തങ്ങളുടെ അറിവില്ലായ്മ കൊണ്ടോ അശ്രദ്ധകൊണ്ടോ നന്മകള്‍ ചെയ്യുവാനുള്ള അവസരംനഷ്ടപ്പെടുത്തിയതിനാല്‍ അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങാനും നന്മകളില്‍ മുഴുകാനുമുള്ള അവസരമാണ്.

അവസാന പത്തിന്റെ പ്രത്യേകതകള്‍

1) ക്വുര്‍ആനിന്റെ അവതരണം

മാര്‍ഗദര്‍ശക ഗ്രന്ഥമായ പരിശുദ്ധ ക്വുര്‍ആന്‍ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും ഒന്നാനാകാശത്തേക്ക് (സമാഉദ്ദുന്‍യാ) അവതീര്‍ണമായത് റമദാനിന്റെ അവസാനത്തെ പത്തിലെ ലൈലത്തുല്‍ ക്വദ്‌റിന്റെ രാവിലാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു''(ക്വുര്‍ആന്‍ 44/3).

''തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 97/1).

2) ലൈലത്തുല്‍ ക്വദ്ര്‍

നിര്‍ണയത്തിന്റെ രാത്രിയിലാണ് (ലൈലത്തുല്‍ ക്വദ്‌റിന്റെ) ക്വുര്‍ആന്‍ അവതരിച്ചത് എന്ന് സൂചിപ്പിച്ചല്ലോ. ആ ദിവസത്തിന്റെ പ്രത്യേകതയും മഹത്ത്വവും എന്തെന്ന് അല്ലാഹു നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. ആ ദിവസത്തില്‍ ചെയ്യുന്ന ഒരു കര്‍മം, ആയിരം മാസങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ പുണ്യം ലഭിക്കുന്നതാണെന്നാണ് അല്ലാഹു അറിയിക്കുന്നത്. ജിബ്‌രീലും മറ്റു മലക്കുകളും ഭുമിയിലേക്ക് ഇറങ്ങിവരുന്നതും പ്രഭാതോദയം വരെ ശാന്തിപരത്തുന്നതുമായ ദിവസമാണ് അതെന്നും അല്ലാഹു പഠിപ്പിക്കുന്നു:

''നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ'' (ക്വുര്‍ആന്‍ 97/25).

ലൈലത്തുല്‍ ക്വദ്‌റിന്റെ രാവ് അനുഗൃഹീതമാണെന്നും അല്ലാഹു അറിയിക്കുന്നു: ''തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 44/3).

3) നബി ﷺ  ഏറെ ആരാധനകളില്‍ മുഴുകിയ ദിനങ്ങള്‍

റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചാല്‍ മറ്റുസമയങ്ങളില്‍ ചെയ്യുന്ന ആരാധനാ കര്‍മങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിശ്രമവും കഠിനാധ്വാനവും ഉണ്ടായിരുന്നതായി ഹദീഥുകളില്‍ നമുക്ക് കാണാന്‍ സാധിക്കും.

ആഇശ(റ) പറയുന്നു: ''നബി ﷺ  അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ കര്‍മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു'' (മുസ്‌ലിം).

ആയിശ(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥ് കാണുക: ''നബി ﷺ  അവസാന പത്തിലേക്ക് പ്രവേശിച്ചാല്‍ മുണ്ട് മുറുക്കിയുടുക്കുകയും രാത്രിയെ (ആരാധനകളാല്‍) ജീവിപ്പിക്കുകയും വീട്ടുകാരെ ഉണര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു'' (ബുഖാരി, മുസ്‌ലിം).

നബി ﷺ  റമദാനിന്റെ അവസാനത്തെ പത്തില്‍ മുമ്പത്തേതിനെക്കാള്‍ ആവേശത്തിലും പ്രതീക്ഷയിലും സ്വയം കര്‍മങ്ങള്‍ നിര്‍വഹിക്കുകയും കുടുംബത്തെ അതിന് പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട് എന്ന് ഈ ഹദീഥുകള്‍ വ്യക്തമാക്കുന്നു. 'മുണ്ട് മുറുക്കിയുടുക്കുക,' 'രാത്രിയെ ജീവിപ്പിക്കുക' എന്ന, മേല്‍പറഞ്ഞഹദീഥിലെ പ്രയോഗങ്ങളെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്, ആരാധനാ കര്‍മങ്ങള്‍ക്കായി ഒഴിഞ്ഞിരിക്കുകയും അനുവദനീയമായ കാര്യങ്ങളില്‍നിന്ന് പോലും വിട്ടുനിന്ന് രാത്രി നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം, സ്വദക്വ, ദിക്‌റുകള്‍, ദുആകള്‍ തുടങ്ങിയവയില്‍ മുഴുകുമെന്നും അതിനായി രാത്രിയില്‍ ഉറക്കമൊഴിവാക്കും എന്നുമാണ്.

ലൈലത്തുല്‍ ക്വദ്ര്‍ എന്ന്?

ലൈലത്തുല്‍ ക്വദ്ര്‍ ഇന്ന ദിവസമാണ് എന്ന് ക്ലിപ്തപ്പെടുത്തി പറയാവുന്ന രൂപത്തില്‍ യാതൊരു തെളിവും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടില്ല. എന്നാല്‍ എന്നാണ് ലൈലത്തുല്‍ ക്വദ്ര്‍ എന്ന് നബി ﷺ ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിരുന്നു എന്നും ശേഷം ഈ ഉമ്മത്തിന്റെ നന്മക്കായി ആ അറിവ് ഉയര്‍ത്തപ്പെടുകയും ചെയ്തു എന്നും ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീഥില്‍ നമുക്ക് കാണാന്‍ സാധിക്കും.

ലൈലത്തുല്‍ ക്വദ്ര്‍ എന്നാണ് എന്ന് കൃത്യമായി അറിയിച്ചിട്ടില്ല എങ്കിലും ചില സൂചനകള്‍ നബി ﷺ  നല്‍കിയിട്ടുണ്ട്. അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക, അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ പ്രതീക്ഷിക്കുക, അവസാനത്തെ ഏഴ് രാത്രികളില്‍ പ്രതീക്ഷിക്കുക, അവസാനത്തെ പത്തില്‍ ഒമ്പത് അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍ എന്നിങ്ങനെ വ്യത്യസ്ത റിപ്പോര്‍ട്ടുകളിലായി വ്യത്യസ്ത പരാമര്‍ശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

സ്വഹാബികള്‍, സ്വാലിഹുകളായ മുന്‍ഗാമികള്‍, കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ എന്നിവരുടെയെല്ലാം വ്യത്യസ്ത അഭിപ്രായങ്ങള്‍ നമുക്ക് പല ഗ്രന്ഥങ്ങളിലും വായിക്കാനാകും. നാല്‍പതിലേറെ അഭിപ്രായങ്ങള്‍ പ്രസ്തുത ദിനവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം മഹത്തുക്കളായ, ഗവേഷണ യോഗ്യരായ പണ്ഡിത വരേണ്യരുടെ ഗവേഷണങ്ങളും അനുമാനങ്ങളും മാത്രമാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന ദിവസമാണെന്നോ ഇന്ന രാവിലാണെന്നോ നമുക്ക് ക്ലിപ്തപ്പെടുത്താനാകില്ല എന്നതാണ് വസ്തുത.

പണ്ഡിത ലോകത്തെ 46 അഭിപ്രായങ്ങളെ പ്രതിപാദിച്ച ശേഷം ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റഹ്) ഇപ്രകാരം പറഞ്ഞു: ''ഈ അഭിപ്രായങ്ങളില്‍ ഏറ്റവും ശരിയോടടുത്തത്, റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ടരാവിലാണ് എന്നതാണ്. അതാകട്ടെ (ഓരോ റമദാനിലും) മാറി മാറി വരുന്നതുമാണ്'' (ഫത്ഹുല്‍ ബാരി).

ശൈഖ് ഇബ്‌നു ബാസ്(റഹ്) പറയുന്നു: ''ലൈലത്തുല്‍ ക്വദ്‌റിന്റെ വിഷയത്തിലുള്ള ശരിയായ അഭിപ്രായം; അത് അവസാന പത്തില്‍ (ദിവസം) മാറിക്കൊണ്ടിരിക്കും. ഒറ്റപ്പെട്ട രാവുകളിലാകാനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഉദയസ്ഥാനങ്ങള്‍ വ്യത്യാസപ്പെടുമ്പോള്‍ ഓരോ നാടുകളിലുമുള്ള അവസാന പത്തുകളില്‍ അത് പ്രതീക്ഷിക്കാം. അവസാനത്തെ പത്തില്‍നിന്ന് അത് പുറത്ത് കടക്കുകയുമില്ല'' (അസ്സിയാമു ഫില്‍ഇസ്‌ലാം).

ഏതായിരുന്നാലും, റമദാനിലെ അവസാനത്തെ പത്തിലാണ് ലൈലത്തുല്‍ ക്വദ്ര്‍ എന്നത് വ്യക്തമാണ്. അതിന്റെ കൃത്യമായ ദിവസം ഗോപ്യമാക്കിയതാകട്ടെ ഈ ഉമ്മത്തിന് കാരുണ്യമാണ് താനും.

ലൈലത്തുല്‍ ക്വദ്‌റിന്റെ അടയാളങ്ങള്‍

ലൈലത്തുല്‍ ക്വദ്ര്‍ എന്നാണെന്ന് തിരിച്ചറിയാനുള്ള ചില സൂചനകള്‍ നബി ﷺ  പഠിപ്പിച്ചതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം.

ലൈലത്തുല്‍ ക്വദ്‌റിന്റെ രാത്രി ശാന്തമായതും പ്രസന്നമായതും അമിതമായ ചൂടോ തണുപ്പോ ഇല്ലാത്തതുമായിരിക്കുമെന്നും അന്ന് ചന്ദ്രനെ ചെറിയ ഒരു കീറല്‍ പോലെ ദര്‍ശിക്കാനാകുമെന്നും വിവിധങ്ങളായ ഹദീഥുകളില്‍ കാണാം.

രാത്രിക്ക് ശേഷമുള്ള പകലില്‍ സൂര്യന്‍ ഉദിച്ചുയരുന്നത്, ദുര്‍ബലമായ ചുവന്ന നിറത്തോടെയായിരിക്കുമെന്നും ഉയര്‍ന്ന് വരുന്നതുവരെ കിരണങ്ങളില്ലാതെ വൃത്താകൃതിയിലുള്ള പാത്രത്തെപോലെയായിരിക്കുമെന്നും വിവിധ ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഇഅ്തികാഫ്

നബി ﷺ  റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരുന്നത് ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്ന കാര്യമാണ്. നബി ﷺ യുടെ ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നതായി സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ആഇശ(റ) പറയുന്നു:

''ഇഹലോകവാസം വെടിയുന്നത് വരെ നബി ﷺ  റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു. ശേഷം നബിയുടെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു'' (ബുഖാരി, മുസ്‌ലിം).

നബി ﷺ യും ഭാര്യമാരും ഇഅ്തികാഫ് ഇരുന്നതായി ഈ ഹദീഥിലൂടെ വ്യക്തമാണ്. ഇഅ്തികാഫ് ഇരുന്നതാകട്ടെ പള്ളിയിലും. അഥവാ ഇഅ്തികാഫ് പള്ളിയിലാണ് ഇരിക്കേണ്ടത് എന്ന വിധി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമായ കാര്യമാണ്. പ്രസ്തുത ഹദീഥിനെ വിശദീകരിക്കുന്ന വേളയില്‍ ഇമാം നവവി(റഹ്) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:

''പള്ളിയിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ല എന്നതിന് ഈ ഹദീഥ് തെളിവാണ്. കാരണം, നബി ﷺ യും ഭാര്യമാരും സ്വഹാബികളും പള്ളിയില്‍ മാത്രമാണ് ഇഅ്തികാഫ് നിര്‍വഹിച്ചത്; അത് പതിവാക്കല്‍ പ്രയാസമുണ്ടായിരുന്നിട്ടും. വീട്ടില്‍ വെച്ച് ഇഅ്തികാഫ് അനുവദനീയമായിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലെങ്കിലും അത് നിര്‍വഹിക്കുമായിരുന്നു; പ്രത്യേകിച്ചും സ്ത്രീകള്‍. അവരാകട്ടെ അതിന് കൂടുതല്‍ ആവശ്യക്കാരുമായിരുന്നു'' (ശര്‍ഹു മുസ്‌ലിം).

എന്നാല്‍ ഇന്ന് പള്ളികള്‍ അടഞ്ഞുകിടക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ നമസ്‌കാരത്തിനായി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഇഅ്തികാഫ് ഇരിക്കാന്‍ പറ്റുമോ എന്നത് പലരും ഉന്നയിക്കുന്ന ചോദ്യമാണ്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സുലൈമാന്‍ റുഹൈലി (ഹഫിദഹുല്ലാഹ്) ഇപ്രകാരം പറഞ്ഞതായി കാണാം: ''പുരുഷന്മാര്‍ പള്ളിയിലാണ് ഇഅതികാഫ് ഇരിക്കേണ്ടത് എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. സ്ത്രീകളും പള്ളിയില്‍ തന്നെയാണെന്നാണ് ബഹുഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും വീക്ഷണം. അതുതന്നെയാണ് പ്രബലമായ അഭിപ്രായവും. പള്ളികളിലല്ലാതെ ആണായാലും പെണ്ണായാലും ഇഅ്തികാഫ് ഇരിക്കാന്‍ പാടുള്ളതല്ല. ക്വുര്‍ആനിലും ഹദീഥിലും ഇഅ്തികാഫിനെ പള്ളിയുമായി ബന്ധപ്പെടുത്തിയിട്ടാണ് വന്നിട്ടുള്ളത്. ഇബാദത്തുകള്‍ ക്വുര്‍ആനിന്റെയും ഹദീഥിന്റെയും തീരുമാനത്തിന് വിധേയവുമാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷം പള്ളികള്‍ അടക്കപ്പെട്ടതിനാല്‍ വീടുകളില്‍ ഇഅ്തികാഫ് ഇരിക്കല്‍ നിയമപരമല്ല. നിഷ്‌കളങ്കമായ നിയ്യത്ത് വിശ്വാസിക്ക് മതിയായതാണ്'' (മെയ് 3ന് അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ എഴുതിയത്).

കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പള്ളിയാണ് ഇഅ്തികാഫിന്റെ സ്ഥാനമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പഠിപ്പിച്ചതിനാല്‍ സ്ത്രീകളും പുരുഷന്മാരും വീട്ടില്‍ ഇഅ്തികാഫ് ഇരിക്കേണ്ടതില്ല എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. (അല്ലാഹു അഅ്‌ലം). അതില്‍ ഒരു വിശ്വാസി സങ്കടപ്പെടേണ്ട ആവശ്യമില്ലതാനും. അവന്റെതല്ലാത്ത കാരണത്താല്‍ നേരിട്ട പ്രയാസമായതിനാല്‍ അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച് അല്ലാഹുവില്‍ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാവുന്നതാണ്.

അവസാനത്തെ പത്തിലെ പ്രാര്‍ഥന

ഓരോ പത്തിലും ചൊല്ലേണ്ടതായ പ്രാര്‍ഥനകള്‍ എന്ന പേരില്‍ വിവിധങ്ങളായ പ്രാര്‍ഥനകള്‍ ഇന്ന് നമ്മുടെ നാടുകളില്‍ പ്രചുര പ്രാചാരം നേടിയിട്ടുണ്ട്. എന്നാല്‍ റമദാനിലെ ഓരോ പത്തിലും ചൊല്ലാനായി പ്രത്യേക പ്രാര്‍ഥനകള്‍ നബി ﷺ  പഠിപ്പിച്ചതായി സ്വീകാര്യയോഗ്യമായ ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടില്ല. എന്നാല്‍ ലൈലത്തുല്‍ ക്വദ്ര്‍ പ്രതീക്ഷിക്കുന്ന രാവില്‍ ചൊല്ലാനായി നബി ﷺ  പ്രത്യേകം പ്രാര്‍ഥന പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഹതി ആഇശ(റ)യുടെ ചോദ്യത്തിനായി പ്രവാചകന്‍ ﷺ  ഇപ്രകാരം മറുപടി നല്‍കി:

'അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നീ' (അല്ലാഹുവേ, നീ പാപങ്ങള്‍ പൊറുക്കുന്നവനാണ്, പൊറുത്ത് കൊടുക്കാന്‍ ഇഷ്ടപ്പെടുന്നവനുമാണ്. അതിനാല്‍ എന്റെ പാപങ്ങള്‍ നീ പൊറുത്ത് തരേണമേ) എന്ന് പറയുക' (അഹ്മദ്).

ചുരുക്കത്തില്‍, ഏറെ മഹത്ത്വമുള്ളതും ആരാധനാകര്‍മങ്ങളില്‍ കൂടുതല്‍ വ്യാപൃതമാകേണ്ട സമയവുമാണ് റമദാനിലെ അവസാനത്തെ പത്ത്. ഖേദകരമെന്ന് പറയട്ടെ, ഇന്ന് സമൂഹത്തില്‍ ബഹുഭൂരിഭാഗം ആളുകളിലും നമുക്ക് കാണാന്‍ സാധിക്കാറുള്ളത് റമദാനിന്റെ അവസാനമാകുമ്പോഴേക്ക് അതിന്റെ ചൈതന്യം നഷ്ടപ്പെടുന്ന രൂപത്തിലുള്ള പല പ്രവര്‍ത്തനങ്ങളാണ്. തുടക്കത്തിലുണ്ടായിരുന്ന ആവേശവും ഊര്‍ജവും ചോര്‍ന്നുപോവുകയും മറ്റു ഭൗതിക കാര്യങ്ങള്‍ക്കും ഷോപ്പിങ്ങുകള്‍ക്കുമായി ഏറെ പുണ്യം നിറഞ്ഞ ഈ ദിന രാത്രങ്ങളെ ജനങ്ങള്‍ ഉപയോഗിക്കുന്നതായി കാണാം.

എന്നാല്‍ ഇത്തവണ കാര്യം വ്യത്യസ്തമാണ്. ലോക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെയായിരിക്കും. ഷോപ്പിങ്ങുകള്‍ക്കും മറ്റു രൂപത്തിലുള്ള തിരക്കുകള്‍ക്കും അല്‍പം കുറവുള്ള കാലമാണ്. ഈ സമയത്തെ സൊറ പറഞ്ഞും സോഷ്യല്‍ മീഡിയകളില്‍ അനാവശ്യമായി യാതൊരു ഉപകാരവുമില്ലാത്ത കാര്യങ്ങള്‍ വായിച്ചും ഷെയര്‍ ചെയ്തും ഗെയിമുകളിലും മറ്റു വിനോദങ്ങളിലും ചെലവഴിക്കാതെ ക്വുര്‍ആന്‍ പാരായണത്തിനും പാപമോചനതേട്ടങ്ങള്‍ക്കും മറ്റു ആരാധനാ കര്‍മങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക.

നമ്മുടെ ജീവിതം വളരെ എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമാണ്. അടുത്ത റമദാനില്‍ നാം ഉണ്ടാകുമോ എന്നത് നമുക്കാര്‍ക്കും ഉറപ്പ് പറയാന്‍ സാധിക്കുന്ന കാര്യമല്ല. ഇപ്പോള്‍ ലഭിച്ചത് പോലെ ഒരു ഒഴിവും അവസരവും പിന്നീട് ലഭിച്ചുകൊള്ളണമെന്നുമില്ല. അതിനാല്‍ അല്ലാഹു അവന്റെ മഹത്തായ റഹ്മത്തിനാല്‍ നമുക്കേകിയ ഈ അവസരത്തെ ഏറ്റവും നന്നായി വിനിയോഗിച്ച്, ഈ റമദാനിലൂടെ പാപമോചനം ലഭിക്കുന്ന, ലൈലത്തുല്‍ ക്വദ്‌റിന്റെ പുണ്യനിമിഷങ്ങള്‍ കരസ്ഥമാക്കുന്ന, റയ്യാനിലൂടെ സ്വര്‍ഗീയാരാമത്തില്‍ പ്രവേശിക്കുന്ന വിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ പ്രയത്‌നിക്കുക, പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.