സഫറുല്‍ ഇസ്‌ലാം ഖാന്‍: ഇസ്‌ലാമോഫോബിയയിലേക്കാണ് ചര്‍ച്ച നീളേണ്ടത്...

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

2020 മെയ് 23 1441 റമദാന്‍ 30

ലോക മുസ്‌ലിംകള്‍ മുഴുവന്‍ വ്രതാനുഷ്ഠാനത്തിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും വ്രതത്തിലാണ്. അദ്ദേഹത്തിന്റെ വ്രതം മുസ്‌ലിംകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ വ്രതമല്ല; മറിച്ച് മുസ്‌ലിം വെറുപ്പിന്റെ ഭാഗമായ മൗനവ്രതമാണ്.

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവിയിലേക്ക് താന്‍തന്നെ നിയമിച്ച മൗലാനാ സഫറുല്‍ ഇസ്‌ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരിക്കുന്നു. കേന്ദ്രം ചരട് വലിക്കുമ്പോള്‍ കളിക്കുന്ന ഒരു പപ്പറ്റായത് കൊണ്ട് ഈ അനീതിക്കെതിരില്‍ 'രണ്ടക്ഷരം' ഉരുവിടാന്‍ ആപ്പുകാരന് കഴിയുന്നില്ല. പുള്ളിക്കാരന്‍ മൗനവ്രതത്തില്‍ തന്നെ തുടരുകയാണ്.

എന്തിനാണ് സഫറുല്‍ ഇസ്‌ലാമിനെതിരെ കരിനിയമം ചാര്‍ത്തിയത് എന്നറിയേണ്ടേ? മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പീഡിതര്‍ക്ക് വേണ്ടി നിയമ സാധ്യതകള്‍ ഉപയോഗിച്ച് കൊണ്ടുതന്നെ ശബ്ദമുയര്‍ത്തിയതിന്! സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ നിലകൊണ്ടതിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി തന്റെ നിലപാട് വ്യക്തമാക്കിയതിന്! ഇത്രയും ആയപ്പോള്‍ അരവിന്ദ് കേജ്‌രിവാള്‍ ചോദിക്കുകയാണ്; നിങ്ങള്‍ക്ക് വല്ല പള്ളിമൂലയിലും ഫത്‌വ കൊടുത്ത് കഴിഞ്ഞുകൂടിയാല്‍ പോരേ, എന്തിനാണ് ഇത്തരം വിഷയങ്ങളിലേക്ക് ഇറങ്ങിവന്ന് ഞങ്ങളുടെ രാഷ്ട്രീയക്കളികള്‍ക്ക് വട്ടം നില്‍ക്കുന്നത് എന്ന്!

സഫറുല്‍ ഇസ്‌ലാമിനെതിരെ എങ്ങനെ രാജ്യദ്രോഹത്തിന് കേസെടുക്കാതിരിക്കും! ജനാധിപത്യ രാജ്യമായ ഇന്ത്യ ഏകാധിപത്യ രാജ്യമായി പരിണമിക്കുന്ന ഈ ഘട്ടത്തില്‍ ഭരണാധികാരികളുടെ അജണ്ടകളും മറ്റും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് അദ്ദേഹത്തിന് അറിയില്ലേ?

കേന്ദ്രത്തില്‍ നിന്ന് ചരട് വലിക്കുമ്പോള്‍ അതിനൊത്ത് നൃത്തം ചവിട്ടേണ്ടി വരുന്ന അവസ്ഥയിലേക്ക് പരിണമിച്ചിരിക്കുകയാണല്ലോ ഡല്‍ഹി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന അരവിന്ദ് കേജരിവാള്‍.

ഈ അടുത്ത് ഡല്‍ഹിയില്‍ അരങ്ങേറിയ, തീര്‍ത്തും ഏകപക്ഷീയമായി നടന്ന മുസ്‌ലിം വിരുദ്ധ പോരാട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മുസ്‌ലിം രാജ്യങ്ങളുടെ ചര്‍ച്ചകളിലേക്ക് കൊണ്ടെത്തിക്കുകയും ന്യൂനപക്ഷങ്ങളുടെ ഭാവിയും അവരുടെ സുരക്ഷിതത്ത്വവും മോദി-അമിത്ഷാ കൂട്ടുകെട്ട് നിലനില്‍ക്കുന്ന ഇന്ത്യയില്‍ സംശയാസ്പദമാണ് എന്ന വസ്തുത തുറന്ന് പറയുകയും ചെയ്യുമ്പോള്‍ സഫറുല്‍ ഇസ്‌ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തിന്റെ കളിപ്പാവകള്‍ക്ക് തെല്ലൊന്നുമല്ല തലവേദന സൃഷ്ടിക്കുക.

ജനാധിപത്യ ഇന്ത്യയുടെ തലപ്പത്ത് വര്‍ഗീയത കാലുംനീട്ടി ഇരിക്കുമ്പോള്‍ ഒരാള്‍ യഥാര്‍ഥ ഇന്ത്യക്കാരനും രാജ്യസ്‌നേഹിയുമാണോ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങളും മാറ്റി നിര്‍വചിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

ലോക്ഡൗണ്‍കാലത്തും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ അറബ് രാജ്യങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ അതിനെ പ്രശംസിച്ച ഒരാളാണല്ലോ സഫറുല്‍ ഇസ്‌ലാം. പിന്നെ എങ്ങനെ ഫാസിസ്റ്റ് ഇന്ത്യയില്‍ അദ്ദേഹം ഒരു രാജ്യസനേഹിയായി മാറും?

ഡിജിറ്റല്‍ ഇന്ത്യയില്‍ മുസ്‌ലിം പേരുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ലോക്ഡൗണ്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റത്തിന്റെ 'ലോക്കുകളാണ്' വീണുകൊണ്ടിരിക്കുന്നത്!

ഡല്‍ഹിയിലും അനുബന്ധ സ്ഥലങ്ങളിലുമെല്ലാം മുസ്‌ലിം പേര് നോക്കി ആക്രമിക്കുന്ന നീചമായ പ്രവണതക്കെതിരെ മൗലാന സഫറുല്‍ ഇസ്‌ലാം ഖാന്‍ നല്‍കിയ  പരാതികള്‍ ഒന്നും തന്നെ രാജ്യത്തിനെതിരല്ല എന്ന് ആര്‍ക്കും വ്യക്തമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ഈ നരനായാട്ടുകള്‍ ഇസ്‌ലാമോഫോബിയയാണ് എന്ന് വിളിച്ചുപറയാന്‍ പോലും പറ്റാത്ത സാഹചര്യം ഉണ്ടാക്കി വെച്ചിരിക്കുന്നു ജനാധിപത്യ ഇന്ത്യയില്‍!

ഇത് ഇസ്‌ലാമോഫോബിയ അല്ലാതെ പിന്നെന്താണ്? ലോകത്ത് റോക്കറ്റ് വേഗതയിലാണ് ഇസ്‌ലാമിനെക്കുറിച്ചുള്ള ഭീതി പരക്കുന്നത്. കോവിഡ് കേസുകള്‍ രാജ്യവ്യാപകമായി ഉയരാന്‍ കാരണം തബ്‌ലീഗ് ജമാഅത്താണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്! കോവിഡ് ഹോട്‌സ്‌പോട്ടുകള്‍ക്ക് മുസ്‌ലിം പള്ളികളുടെ പേര് നിര്‍ദേശിച്ചത് വഴി വിചിത്രമായ ഒരു നടപടി സ്വീകരിച്ചതും ഇതേ യോഗി തന്നെയാണ്.

ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം കേന്ദ്രമന്ത്രി പദത്തിലിരിക്കുന്നവരും പാര്‍ലമെന്റ് അംഗങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉള്‍പ്പെടെ കടുത്ത ഇസ്‌ലാം വിരുദ്ധ , മുസ്‌ലിം വെറുപ്പ് വെച്ച് പുലര്‍ത്തുന്നു എന്നതാണല്ലോ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായ സഫറുല്‍ ഇസ്‌ലാം ഖാന്റെ മേലില്‍ ചുമത്തപ്പെട്ട രാജ്യദ്രോഹ കുറ്റവും അദ്ദേഹത്തിന്റെ അറസ്റ്റും നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഈ ലോക്ഡൗണ്‍ കാലത്തും ആര്‍.എസ്.എസ് ഗുണ്ടകളും പോലീസും ചേര്‍ന്ന് മുസ്‌ലിം ജിനോസൈഡിന് തിരികൊളുത്തുന്നു. അതിന്റെ ഭാഗമായി ജാമിഅയിലെ വിദ്യാര്‍ഥികളെയും സി.എ.എ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഗര്‍ഭിണിയായ യുവതിയെയുമടക്കം കരിനിയമം ചാര്‍ത്തി ജയിലിലടക്കുന്നു. ഈ അനീതിക്കെതിരില്‍ ശബ്ദിച്ചതിനും ഒരു കുറിപ്പെഴുതി മുഖപുസ്തകത്തിലൂടെ തന്റെ നട്ടെല്ലുള്ള നിലപാട് തുറന്നെഴുതിയതിനും മൗലാനാ സഫറുല്‍ ഇസ്‌ലാമിനെതിരെ യു.എ.പി.എ  ചുമത്തുന്നു...!

സഫറുല്‍ ഇസ്‌ലാം ഒരു സാധാരണക്കാരനല്ല; ഇന്ത്യയുടെ ഒരു ഉയര്‍ന്ന പദവിയലങ്കരിക്കുന്ന ഒരു മഹത് വ്യക്തിയാണ്. മതേതര ഇന്ത്യയില്‍ ഇങ്ങനെയള്ളവരുടെ ഗതിപോലും ഇതാണ് എങ്കില്‍ മറ്റുള്ളവരുടെ കാര്യം പിന്നെ പറയാനുണ്ടോ?

ഇത്തരം സാഹചര്യങ്ങളില്‍ നാം ഭയത്തിനടിമപ്പെട്ട് മൗനികളാവുകയല്ല വേണ്ടത്. 'ഭയത്തിനടിമപ്പെടരുത്; അങ്ങനെ സംഭവിച്ചാല്‍ ഹൃദയത്തിന്റെ ഭാഷ മനസ്സിലാകാതെ പോകും' എന്ന് സാന്റിയാഗോ എന്ന ചെറുപ്പക്കാരനോട് ആല്‍കമിസ്റ്റ് നല്‍കുന്ന ഉപദേശം പൗലോ കൊയ്‌ലോ തന്റെ ആല്‍കമിസ്റ്റ് എന്ന പ്രസിദ്ധ നോവലില്‍ വിശദീകരിക്കുന്നത് ഈ സാഹചര്യത്തില്‍ വലിയ പ്രാധാന്യത്തോടെ ഓര്‍ത്ത്‌പോകുന്നു.

ലോക്ഡൗണ്‍ കാലത്തും ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന ഈ നരനായാട്ടിന്റെ രാഷ്ട്രീയം തീര്‍ച്ചയായും ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ് എന്ന് നാം മനസ്സിലാക്കുക. അത്‌കൊണ്ട് തന്നെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ ഇവിടെ ഉപകരിക്കുമെന്ന് മനസ്സിലാക്കുന്നു.

ഇസ്‌ലാം ഭീതിയുടെ രാഷ്ട്രീയം ഏറ്റവും മൂര്‍ധന്യത്തില്‍ എത്തിയത് അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ക്കപ്പെട്ട സെപ്തംബര്‍ പതിനൊന്നിന് ശേഷമുള്ള പതിറ്റാണ്ടിലാണ്. 2001 സെപ്തംബര്‍ 11 സംഭവത്തിന് ശേഷം ഇസ്‌ലാമിനെ ഭീകരതയെ പാലൂട്ടുന്ന മതമായും ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ദര്‍ശനമായും അവതരിപ്പിക്കുന്നതില്‍ ഇസ്‌ലാമോഫോബിയയുടെ വക്താക്കള്‍ വളരെ നിഗൂഢവും വ്യാപകവുമായ പദ്ധതി തന്നെ നടപ്പാക്കിയിട്ടുണ്ട്. ലോകത്തെവിടെയും മുസ്‌ലിം നാമമോ ചിഹ്നങ്ങളോ ധരിക്കുന്നവര്‍ സംശയിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും മാര്‍ജിനലൈസ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ സംജാതമാകുന്നിടത്താണ് ഇസ്‌ലാമോഫോബിയയുടെ വിജയം.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തി അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും പിശാചുക്കളും രാക്ഷസന്മാരുമായി അവരെ ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണതയെ കുറിക്കാനാണല്ലോ ഇസ്‌ലാമോഫോബിയ (Islamophobia) എന്ന പദം വ്യാപകാര്‍ഥത്തില്‍ പ്രയോഗിക്കപ്പെടുന്നത്. ഇസ്‌ലാം ഭീതി എന്നാണ് ഇതിന്റെ മലയാള പരിഭാഷ. അള്‍ജീരിയന്‍ എഴുത്തുകാരനായ സ്‌ലിമാന്‍ ബിന്‍ ഇബ്രാഹിം 1918ല്‍ ഫ്രഞ്ച് ഭാഷയില്‍ എഴുതിയ പ്രവാചകന്റെ ജീവചരിത്രത്തിലാണ് ആദ്യമായി ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം ഉപയോഗിച്ചത്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ ഇസ്‌ലാം ഭീതി എന്ന് പരിഭാഷപ്പെടുത്തുന്നതിന് പകരം ഇസ്‌ലാം വിരുദ്ധ മനോഭാവം (Feeling inimical to Islam) എന്നായിരുന്നു കൊടുത്തിരുന്നത്. പിന്നീട് 1912 നും 1918നും ഇടയില്‍ ഫ്രഞ്ചില്‍ ഇറങ്ങിയ നിരവധി കൃതികളില്‍ ഈ വാക്ക് തുടര്‍ച്ചയായി പ്രയോഗിക്കപ്പെട്ടു.

ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം ഇംഗ്ലീഷില്‍ പ്രധാനമായും പ്രയോഗിച്ചത് എഡ്വാര്‍ഡ് സൈദാണ്; 1985ല്‍ Orientalism reconsidered എന്ന പ്രബന്ധത്തില്‍. പിന്നീട് അഫ്ഗാനില്‍ റഷ്യ നടത്തിയ അധിനിവേശ പ്രവര്‍ത്തനങ്ങളെ പരമാര്‍ശിച്ചുകൊണ്ട് 1991ല്‍ insight on the news എന്ന വാര്‍ത്താമാഗസിന്‍ ഈ പദം ഉപയോഗിക്കുകയുണ്ടായി. അവിടം മുതലങ്ങോട്ട് ഈ പദം ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഇടം നേടി. പ്രൊ.ഗോര്‍ഡന്‍ കോണ്‍വെ (ബ്രിട്ടനിലെ സസക്‌സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍) അധ്യക്ഷനായി 1996ല്‍ രണിമെഡി ട്രസ്റ്റ് ബ്രിട്ടീഷ് മുസ്‌ലിംകളെയും ഇസ്‌ലാമോഫോബിയയെയും കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. അവര്‍ തയ്യാറാക്കിയ Islamophobia: A challenge for us all എന്ന റിപ്പോര്‍ട്ട് 1997ല്‍ അന്നത്തെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജാക്‌സ്‌ട്രോവിന് സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടിലാണ് ഇസ്‌ലാമോഫോബിയക്ക് വ്യക്തമായൊരു നിര്‍വചനം വന്നത്. ഇസ്‌ലാം ഭീതിയെ കുറിച്ചുള്ള മുഴുവന്‍ പഠനങ്ങളിലും പ്രസ്തുത നിര്‍വചനമാണ് ആധികാരികമായി ഉദ്ധരിക്കാറുള്ളത്. മുസ്‌ലിംകളെ സമൂഹത്തില്‍ നിന്ന് അന്യവല്‍കരിക്കുകയും അവര്‍ക്കെതിരെ വിവേചനം കാണിക്കുകയും ചെയ്യാന്‍ കാരണമാകുന്ന മുസ്‌ലിം വിരുദ്ധ മനോഭാവം എന്നാണ് ഇസ്‌ലാമോഫോബിയയെ രണിമെഡി കമ്മീഷന്‍ സാമാന്യമായി നിര്‍വചിക്കുന്നത്.

സഫറുല്‍ ഇസ്‌ലാം ഖാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ ഇസ്‌ലാമോഫോബിയയിലേക്കല്ലാതെ പിന്നെവിടെക്കാണ് ചര്‍ച്ച നീളേണ്ടത്? ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നിടത്താണ് ഇസ്‌ലാം ഭീതിയുടെ ചര്‍ച്ചകള്‍ വിജയം കാണുന്നത്. അതിനാല്‍ കൃത്യമായ രൂപത്തില്‍ ശരിയായ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ചര്‍ച്ചകള്‍ സജീവമാകുന്ന അന്തരീക്ഷത്തില്‍ ഇസ്‌ലാമോഫോബിയ എന്ന 'വൈറസ്' വളരില്ല എന്ന് നമ്മള്‍ തിരിച്ചറിയുക.

ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും എവിടേക്കല്ലാം കടന്നുവന്നിട്ടുണ്ടോ അവിടങ്ങളിലെ പുരോഹിതന്മാരെല്ലാം ഏറ്റെടുത്ത് വളര്‍ത്താന്‍ ശ്രമിച്ച പ്രവര്‍ത്തനം തന്നെയാണ് ഇസ്‌ലാമോഫോബിയ.

വിമര്‍ശിക്കപ്പെടുംതോറും വളര്‍ന്നു പന്തലിച്ച്, പുഷ്പിച്ചു വിളഞ്ഞ ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. എത്ര പേരുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചാലും കൈകള്‍ക്ക് ആമം വെക്കാന്‍ ശ്രമിച്ചാലും ഇല്ലാക്കുറ്റം ചുമത്തി ജയിലില്‍ തളക്കാന്‍ ശ്രമിച്ചാലും ഇസ്‌ലാം അതിന്റെ ജൈത്രയാത്ര നടത്തിക്കൊണ്ടേയിരിക്കും. അത് ഇസ്‌ലാമോഫോബിയക്ക് ആക്കം കൂട്ടുന്ന നിയോകോണുകള്‍ക്കും ഇവാഞ്ചലിസ്റ്റുകള്‍ക്കും സയണിസ്റ്റുകള്‍ക്കും തീവ്രദേശീയ വാദികള്‍ക്കും നിയോ നാസികള്‍ക്കും അള്‍ട്രാ സെക്കുലറിസ്റ്റുകള്‍ക്കും എത്തിസ്റ്റുകള്‍ക്കും ഹിന്ദുത്വ തീവ്രവാദികള്‍ക്കും അനിഷ്ടകരമാണെങ്കിലും ശരി.

നാഥന്റെ വാക്കുകളെത്ര ശരി: ''അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. സന്‍മാര്‍ഗവും സത്യമതവും കൊണ്ട് എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി'' (ക്വുര്‍ആന്‍ 61:8,9).