ദേശീയ വിദ്യാഭ്യാസ നയം: പ്രായോഗികരംഗത്തെ പ്രതിസന്ധികള്‍

റശീദ് കുട്ടമ്പൂര്‍

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

(ദേശീയ വിദ്യാഭ്യാസ നയം: ആശയും ആശങ്കകളും 2)

ഗൗരവപൂര്‍ണമായ ചര്‍ച്ചകളും അഗാധമായ അപഗ്രഥനങ്ങളും ആവശ്യമായ ഒരു നയരേഖ, കോവിഡ് 19 സൃഷ്ടിച്ച ആധുനിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ ധൃതിപിടിച്ച് അവതരിപ്പിച്ചത് തികച്ചും ദുരൂഹമാണ്. സ്‌കൂള്‍ തലത്തിലെ പല നിര്‍ദേശങ്ങളും പ്രായോഗികതയുടെയും അവസ്ഥാ ബോധ്യത്തിന്റെയും അഭാവം കൊണ്ട് ശ്രദ്ധേയമാണെന്നത് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണമായ ഒരു ഉടച്ചുവാര്‍ക്കല്‍ നിര്‍ദേശിക്കുന്നുണ്ട് നയരേഖയില്‍. ഈ പുനരാവിഷ്‌കാരത്തിന്റെ ലക്ഷ്യമായി NEP 2020 പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:

Objective: Revamp the higher education system, create world class multidisciplinary higher education institutions across the country increase Gross Enrollment Ration (GER) to at least 50% by 2035.

2018ലെ കണക്കുപ്രകാരം GER 26.3% മാത്രമാണ്. ഇന്ത്യയില്‍ 26.5 കോടിയോളം പേര്‍ 15 വയസ്സിനു മേല്‍ പ്രായമുള്ള നിരക്ഷരയുവജനങ്ങളാണ് എന്ന് നയരേഖതന്നെ വ്യക്തമാക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയാണ് ഈ പതിതാവസ്ഥക്കു കാരണം. ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവേഷക വിദ്യാര്‍ഥികളെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് 'റിസര്‍ച്ച് സ്‌കോളര്‍' (Research Scholar). സ്‌കോള്‍ (scole) എന്ന ഗ്രീക്ക് പദത്തിന് 'ഒഴിവുസമയം' അഥവാ 'വിശ്രമവേള' (leisure) എന്നാണ് അര്‍ഥം. "Pursue knowledge in an atmosphere which is free from tension and material pressure of life'' (എല്ലാ മനഃസംഘര്‍ഷങ്ങളില്‍ നിന്നും ജീവിത സമ്മര്‍ദങ്ങളില്‍ നിന്നും മുക്തമായ അവസ്ഥയില്‍ അറിവ് ആര്‍ജിക്കുക) എന്നതാണ് 'സ്‌കോളര്‍ഷിപ്പ്' കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ പണമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഉന്നത വിദ്യാഭ്യാസം എന്നത് അചിന്ത്യമാകും വിധം പഠനച്ചെലവുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതിനെ ഒന്നുകൂടി ശക്തിപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസം സമ്പന്നര്‍ക്കു മാത്രം എന്ന അവസ്ഥയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയരേഖ.

ഇന്ത്യയിലെ ജനസംഖ്യയില്‍ 65 ശതമാനത്തിലേറെ പേര്‍ തൊഴില്‍പ്രായത്തിലുള്ളവരാണ്. എന്നാല്‍ മനുഷ്യമൂലധന സൂചികയില്‍ നമ്മുടെ സ്ഥാനം വളരെ പിറകിലാണ്. ലോകബാങ്ക് 2018ല്‍ തയ്യാറാക്കിയ 157 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 115ാം സ്ഥാനത്താണുള്ളത്. മാറുന്ന ലോകഗതിയില്‍, മനുഷ്യവിഭവശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ചൈനയെപോലുള്ള രാജ്യങ്ങള്‍ക്ക് ഏറെ മുന്നേറാന്‍ സഹായകമായത്. നീണ്ട 34 വര്‍ഷങ്ങള്‍ക്കു ശേഷം അവതരിപ്പിക്കപ്പെടുന്ന ഒരു നയരേഖ എന്ന നിലയ്ക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട് ശക്തവും ക്രിയാത്മകവുമായി നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നു പുതുതായി അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ നയരേഖ.

ഉന്നത വിദ്യാഭ്യാസ മേഖലയെ സ്ഥാപനഘടനയുടെ (Institutional architecture) അടിസ്ഥാനത്തില്‍ താഴെ കാണുംവിധം മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

1. ഗവേഷണ സര്‍വകലാശാലകള്‍ (Research Universities). അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനങ്ങളാണിവ.

2. അധ്യാപന സര്‍വകലാശാലകള്‍ (Teaching Universities) ബിരുദ-ബിരുദാനന്തര തലത്തിലും പ്രൊഫഷനല്‍ മേഖലയിലുമുള്ള പഠനത്തിനുള്ള സ്ഥാപനങ്ങളാണിവ.

3. സ്വയം ഭരണ കോളേജുകള്‍ (Autonomous Colleges).

ബിരുദ കോഴ്‌സുകളും പ്രൊഫഷനല്‍ ഡിപ്ലോമകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമാണ് ഇവയുടെ പരിധിയില്‍ വരുന്നത്. കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം അക്കാദമിക് രംഗത്ത് കാഴ്ചവെച്ചാല്‍ ഇവയ്ക്ക് 1,2 കാറ്റഗറിയിലേക്ക് ഉയരാം.

അഫിലിയേഷന്‍ രീതി ഒഴിവാക്കി 15 വര്‍ഷംകൊണ്ട് എല്ലാ കോളേജുകള്‍ക്കും സ്വയംഭരണ പദവി നല്‍കുമെന്നാണ് വിദ്യാഭ്യാസനയം വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവലംബമായിരുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായ(Distance Education System)ത്തിന് മുന്‍കൂട്ടിത്തന്നെ കേന്ദ്ര സര്‍ക്കാര്‍ കത്തിവെച്ചിട്ടുണ്ട്. പകരം ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളാണ് നിര്‍ദേശിക്കുന്നത്. കേരളത്തില്‍ ശരാശരി രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ വിദൂരവിദ്യാഭ്യാസ രീതിയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കേരളത്തില്‍ നിലവില്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ ഇല്ലതാനും.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC), ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (AICTE) തുടങ്ങിയവയെ ഒഴിവാക്കിക്കൊണ്ട് ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (HECI) എന്ന അധികാര സംവിധാനത്തിനു കീഴിലായിരിക്കും ഉന്നത വിദ്യാഭ്യാസം. നിലവിലുള്ള കേന്ദ്രീയ സര്‍വകലാശാലകള്‍(Central Universities), എന്‍.ഐ.ടി പോലുള്ള കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; ഇവയെയെല്ലാം നേരത്തെ സൂചിപ്പിച്ച ടൈപ്പ് 1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നതുമാണ്. കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും ഗവേഷണ പഠനങ്ങളെ ശക്തിപ്പെടുത്തുകയും ആവശ്യമായ ഫണ്ട് സ്വരൂപിച്ചുനല്‍കുകയും ചെയ്യുന്നത് നേഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (NRF) എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും നയരേഖ വ്യക്തമാക്കുന്നു.

4 വര്‍ഷത്തെ ബിരുദ പഠന കോഴ്‌സാണ് NEPയിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന നിര്‍ദേശം. സത്യത്തില്‍ 4 വര്‍ഷ ഡിഗ്രി എന്നത് ശ്രീമതി സ്മൃതി ഇറാനി മാനവ വികസന വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. 4 വര്‍ഷത്തിനിടയില്‍ 'മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് ഓപ്ഷന്‍' എന്ന വാഗ്ദാനമുണ്ട്. അതായത് സൗകര്യപ്രദമായി ഏതു വര്‍ഷം പഠനം നിറുത്തിയാലും അനുയോജ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഒരുവര്‍ഷ പഠനത്തിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ, മൂന്ന് വര്‍ഷമോ നാലുവര്‍ഷമോ പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'ബാച്ചിലേഴ്‌സ് ഡിഗ്രി, നാലുവര്‍ഷ ഡിഗ്രി 'ബാച്ചിലേഴ്‌സ് ഡിഗ്രി വിത്ത് എ റിസര്‍ച്ച്' എന്ന നിലയിലുമായിരിക്കുമെന്ന് നയരേഖ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസരംഗത്തെ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്ന ഈ നിര്‍ദേശങ്ങളൊക്കെയും ഗണ്യമായ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെക്കുന്നവയാണ്. ആ മേഖലയിലെ വിഭവസമാഹരണത്തിന് വമ്പന്‍ കോര്‍പറേറ്റുകളെ ഉപയോഗപ്പെടുത്തുകയും അതുവഴി ഭരണകക്ഷി ഇതഃപര്യന്തം തുടര്‍ന്നുവന്ന സ്വകാര്യവല്‍ക്കരണത്തിനും കോര്‍പ്പറേറ്റ് ബാന്ധവത്തിനും കൂടുതല്‍ ശക്തിപകരുകയും തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് പുതിയ വിദ്യാഭ്യാസനയം ഒരാവര്‍ത്തി വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.

Encourage Nonprofit, Public spirited private funding in education എന്ന് പരാമര്‍ശിച്ചുകൊണ്ട് 'ഫിലാന്‍ത്രോപിക് ആയി അത് നിര്‍വഹിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ട്. നയരേഖ പറയുന്നു: This include philanthropy by individuals (whether large or small scale,) Corporate social responsibility (CSR) funds of corporate and community mobilization of funds. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി ഉന്നത വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ചും സ്വകാര്യമേഖലക്ക് പുതിയ വാതിലുകള്‍ തുറന്നു കൊടുത്തും തടര്‍ന്നുവരുന്ന നയം, ഇനിയും കുറെ കൂടി 'പുരോഗമിക്കും' എന്നു വ്യക്തമാക്കുന്നതാണ് നയരേഖയിലെ താഴെ പറയുന്ന വരികള്‍:

Corporate social responsibility should bring in substantial funds for education: Large business houses and industries should be encouraged to contribute to the national agenda on education. Appropriate pathways will be created to enable this.”

GDPയുടെ 6% വിദ്യാഭ്യാസമേഖലക്കു വേണ്ടി നീക്കിവെക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇത് 1966ലെ കോത്താരി കമ്മീഷന്‍ ആവശ്യപ്പെട്ട കാര്യം തന്നെയാണ്. ബഹു.നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ വന്നശേഷം വിദ്യാഭ്യാസ രംഗത്തെ ഫണ്ടുകള്‍ പലതും വെട്ടിക്കുറക്കുകയാണുണ്ടായത്. 2014 മെയ് മുതല്‍ തുടര്‍ച്ചയായി താഴോട്ടുവന്നത് കണക്കുകള്‍ ബോധ്യപ്പെടുത്തിത്തരുന്നു. 2012-2013ല്‍ വിദ്യാഭ്യാസച്ചെലവ് GDPയുടെ 3.1% ആയിരുന്നു. അത് 2014-2015ല്‍ 2.8%വും 2015-2016ല്‍ 2.4%വും ആയി കുറഞ്ഞു.

സംസ്ഥാനങ്ങളുമായി ചേര്‍ന്നുകൊണ്ട് നിലവിലുള്ളതിന്റെ ഇരട്ടിയോളമായി തുക വര്‍ധിപ്പിക്കേണ്ട സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാവണം എന്നര്‍ഥം. കേരളംപോലെയുള്ള, വിദ്യാഭ്യാസത്തിന് താരതമ്യേന കുടുതല്‍ തുക നീക്കിവെക്കുന്ന സംസ്ഥാനങ്ങള്‍ പോലും സമീപകാലത്തായി ഇക്കാര്യത്തില്‍ പിറകോട്ടടിക്കുമ്പോള്‍ വിശേഷിച്ചും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ബജറ്റുവിഹിതം 2017-2018ല്‍ SDPയുടെ 17.5%ഉം 2018-2019ല്‍ 16.3%വും ആയിരുന്നെങ്കില്‍ 2019-2020 ബജറ്റിലെ വിഹിതം 15% ആയി കുറച്ചിരിക്കുകയാണെന്ന് എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. NPE 2020 നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ ഭീമമായ ചെലവുവരുന്നവയാണ്; അതില്‍ ഏറെയും സംസ്ഥാനങ്ങള്‍ വഹിക്കേണ്ടവയും. എന്നാല്‍ മിക്ക സംസ്ഥാനങ്ങളുടേയും ധനസ്ഥിതി അനുകൂലമല്ല എന്നതാണ് വസ്തുത.

ഉന്നത വിദ്യാഭ്യാസരംഗത്തെ അധ്യാപകനിയമന കാര്യത്തില്‍ വ്യാവസായിക രംഗത്തെ 'ഹയര്‍ ആന്റ് ഫയര്‍ പോളിസി' (Hire and fire policy)ക്കു സമാനമായ നയമാണ് നയരേഖ വ്യക്തമാക്കുന്നത്.Tenure track”എന്ന് വിശേഷിപ്പിച്ചിരിക്കുന്ന നിയമനരീതി ഏകദേശം 5 വര്‍ഷ കാലയളവാണ് പ്രൊബേഷന്‍ സമയമായി കണക്കാക്കുന്നത്. ഫാക്കല്‍റ്റിയെ സംബന്ധിച്ച മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയ മാറ്റം വരാം. സൂപ്പര്‍വൈസര്‍, സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നുള്ള ഫീഡ്ബാക്ക് ഉള്‍പ്പെടെ വ്യത്യസ്ത ഡാറ്റകളുടെ അടിസ്ഥാനത്തിലുള്ള, വിവിധ പരാമീറ്ററുകളെ അവലംബമാക്കിയ സമ്പൂര്‍ണ മൂല്യനിര്‍ണയത്തിനു ശേഷമായിരിക്കും നിയമനം ഉറപ്പാക്കപ്പെടുക. അധ്യാപകനിയമനം അനിശ്ചിതത്വത്തിന്റെ ചരടില്‍ കുടുക്കപ്പെടുമെന്നര്‍ഥം.

കൂടാതെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 15:1ല്‍നിന്ന് ഇരട്ടിയാക്കി 30:1 എന്ന് ശുപാര്‍ശ ചെയ്യുന്നു. അധ്യാപന പ്രക്രിയയുടെ ഗുണനിലവാരത്തെ ഇത്തരം കാര്യങ്ങള്‍ എവ്വിധം ബാധിക്കുമെന്നത് പഠന വിധേയമാക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഡിജിറ്റലൈസേഷന് അമിതമായ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ജി.ഇ.ആര്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഓപ്പണ്‍ ലേണിംഗ് സിസ്റ്റത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്നു. കോളേജ് വിദ്യാഭ്യാസരംഗത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുവേണ്ടി, നേഷനല്‍ എഡ്യുക്കേഷനല്‍ ടെക്‌നോളജി ഫോറം (NETF) എന്ന സ്വയംഭരണ സംവിധാനം രൂപീകരിക്കുമെന്നും വ്യക്തമാക്കുന്നു. നാഷനല്‍ ഹയര്‍ എഡ്യുക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (NHERA) എന്ന പരമാധികാര സംവിധാനത്തിനു കീഴിലാണ് പ്രൊഫഷനല്‍ ഉള്‍പ്പെടെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും. പൊതുമേഖലയെയും സ്വകാര്യമേഖലയെയും തുല്യമായി കാണുമെന്ന നിലപാട് തീര്‍ച്ചയായും  കൂടുതല്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് നിലമൊരുക്കും. സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വീകരിക്കുന്ന അത്തരം സ്വകാര്യ യൂണിവേഴ്‌സിറ്റികളാവട്ടെ വിദ്യാര്‍ഥികളില്‍നിന്ന് കനത്ത ഫീസ് ഈടാക്കുമെന്നതില്‍ സംശയമില്ല.

സംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരങ്ങള്‍ കുറക്കുകയും നിയന്ത്രങ്ങള്‍ എല്ലാം കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുക എന്ന രീതിയാണെല്ലോ എന്‍.ഡി.എ ഗവണ്‍മെന്റിന്റെ നയങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. വിദ്യാഭ്യാസരംഗത്തും ഈ അധികാര പ്രയോഗം തന്നെയാണ് തത്ത്വത്തില്‍. പ്രധാനമന്ത്രി അധ്യക്ഷനായുള്ള രാഷ്ട്രീയ 'ശിക്ഷാ ആയോഗ്' എന്ന സമിതിയാണ് ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ പരമോന്നത ബോഡി. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രിയാണ് ഉപാധ്യക്ഷന്‍. 20-30 അംഗങ്ങളുടെ സമിതിയില്‍ ശേഷിക്കുന്നവരെല്ലാം നോമിനേറ്റഡ് അംഗങ്ങള്‍. ഇവരെ നിയമിക്കുന്ന കമ്മിറ്റിയിലെ അംഗങ്ങള്‍ രാജ്യത്തെ പ്രധാനമന്ത്രി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, ലോകസഭാസ്പീക്കര്‍ പ്രതിപക്ഷ നേതാവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്നിവരാണ്. കേന്ദ്രത്തിലെ രാഷ്ട്രീയ ശിക്ഷാ ആയോഗിനു കീഴില്‍ സംസ്ഥാന മുഖ്യമന്ത്രി അധ്യക്ഷനായുള്ള 'രാജ്യശിക്ഷാ ആയോഗ്' രൂപീകരിക്കും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും മറ്റു വിദഗ്ധരുമടങ്ങുന്ന ഈ സമിതിയില്‍ കേന്ദ്ര രാഷ്ട്രീയ ശിക്ഷാ ആയോഗിലെ ഒരു സീനിയര്‍ അംഗവും ഉള്‍പ്പെടും. കേന്ദ്രവുമായി കൂടിയാലോചിച്ചുകൊണ്ടാവണം സ്റ്റേറ്റ് ആര്‍.എസ്.എയുടെ പ്രവര്‍ത്തനം. പൂര്‍ണ സ്വയം ഭരണാധികാരമുള്ള സ്ഥാപനങ്ങളായി മാറുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണച്ചുമതല 'ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിനാണ്' (BOG). ഇത് നേരത്തെ പറഞ്ഞ രാഷ്ട്രീയ ശിക്ഷാ അയോഗിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. അക്കാദമി കൗണ്‍സില്‍ പോലെയുള്ളവയില്‍ അധ്യാപകര്‍, വിദ്യര്‍ഥികള്‍, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് തുടങ്ങിയവരുടെ പ്രാതിനിധ്യമില്ല. വി.സി.യുടെ നോമിനേഷന്‍ മാത്രമാണ് മാനദണ്ഡം. കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും ആര്‍.എസ്.എകളുടെ നോമിനേഷനിലൂടെയാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ചുരുക്കത്തില്‍ ഏറെ മാനങ്ങളുള്ളതാണ് പുതിയ വിദ്യാഭ്യാസ നയരേഖ. രാഷ്ട്രീയാധികാരവും വിദ്യാഭ്യാസവും സവര്‍ണര്‍ക്കും സമ്പന്നര്‍ക്കും എന്നെന്നും മേല്‍ക്കോയ്മയുള്ളതാവണമെന്ന ഭരണകക്ഷിയുടെ വീക്ഷണമാണ് ഇതില്‍ പ്രതിഫലിച്ചുകാണുന്നത്. രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന ദലിതര്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ വിദ്യാഭ്യാസപുരോഗതിയെ കുറിച്ചോ, വിദ്യാഭ്യാസ അവകാശങ്ങളെ സംബന്ധിച്ചോ റിപ്പോര്‍ട്ട് ഒരക്ഷരം ഉരിയാടിയിട്ടില്ല. ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഫാഷിസ്റ്റ് കക്ഷികളും സ്വകാര്യ കുത്തക മുതലാളിമാരും മാത്രമാണ് നയരേഖയെ സ്വാഗതം ചെയ്തത് എന്നതില്‍നിന്നു തന്നെ ആരുടെ താല്‍പര്യങ്ങളാണ് ഈ വിദ്യാഭ്യാസ നയത്തിലൂടെ സംരക്ഷിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവര്‍ ആ നിലയ്ക്കു തന്നെ അത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

ജനാധിപത്യ നടപടിക്രമങ്ങള്‍ പാലിക്കാത്ത, ഫെഡറല്‍ സംവിധാനത്തിന്റെ കെട്ടുറപ്പിനെ പരിഗണിക്കാത്ത, ധനസമാഹരണത്തെക്കുറിച്ചോ പദ്ധതി നടത്തിപ്പിനെക്കുറിച്ചോ പ്രായോഗിക നിര്‍ദേശങ്ങളില്ലാത്ത, രാജ്യത്തെ പിന്നാക്കവിഭാഗങ്ങളെ അവഗണിക്കുന്ന പുതിയ വിദ്യാഭ്യാസനയം നോട്ടുനിരോധനം പോലെത്തന്നെ രാജ്യം ഇതഃപര്യന്തം നേടിയതിനെയെല്ലാം എത്രത്തോളം തകര്‍ക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.