മനഃശുദ്ധി
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 മെയ് 16 1441 റമദാന്‍ 23
(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍ 18)
പക, വിരോധം, വിദ്വേഷം, വെറുപ്പ് തുടങ്ങിയ ദുര്‍ഗുണങ്ങളില്‍നിന്ന് ഹൃദയത്തെ ശുദ്ധമാക്കല്‍ അനിവാര്യമാണ്. ഹൃദയത്തെ ബാധിക്കുന്ന മഹാരോഗങ്ങളാണ് അവയെല്ലാം. ഇത്തരം രോഗങ്ങളില്‍നിന്നും സന്ദേഹങ്ങള്‍, സംശയങ്ങള്‍, ദേഹേഛകള്‍, തന്നിഷ്ടങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍നിന്നും സുരക്ഷിതമായി അല്ലാഹുവിനെ മരണാനന്തരം കണ്ടുമുട്ടുന്നവര്‍ക്കാണ് പാരത്രിക വിജയമെന്ന് വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നു:
''അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്''(ക്വുര്‍ആന്‍ 26:90).
ജനങ്ങളില്‍ ഉത്തമനും അതിശ്രേഷ്ഠനും ആരെന്ന ചോദ്യത്തിന് നബി ﷺ നല്‍കിയ മറുപടിയില്‍ നിന്ന് ഭക്തിയുടെയും മനഃശുദ്ധിയുടെയും മഹത്ത്വവും പ്രാധാന്യവും തെളിയുന്നു.
അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ല്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ ദൂതന്‍, ചോദിക്കപ്പെട്ടു: 'ജനങ്ങളില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠന്‍?' തിരുനബി ﷺ പറഞ്ഞു: 'എല്ലാ മഖ്മൂമുല്‍ക്വല്‍ബും സ്വദൂക്വുല്ലിസാനുമാണ്. അവര്‍ ചോദിച്ചു: 'സ്വദൂക്വുല്ലിസാന്‍ (സംസാരത്തില്‍ സത്യസന്ധന്‍) ഞങ്ങള്‍ക്കറിയും. എന്നാല്‍ എന്താണ് മഖ്മൂമുല്‍ക്വല്‍ബ്?' തിരുനബി പറഞ്ഞു: 'പാപമോ അതിക്രമമോ ചതിയോ അസൂയയോ തീരെയില്ലാത്ത ശുദ്ധനും ഭക്തനുമാണ് അയാള്‍'' (സുനനുഇബ്‌നിമാജഃ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
സത്യവിശ്വാസികളായ ദാസന്മാരുടെ വിശേഷണം അറിയിച്ചുകൊണ്ട് അല്ലാഹു—പറഞ്ഞു: ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 59:10).
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി പറഞ്ഞു: ''സത്യവശ്വാസി (തന്റെ മനഃശുദ്ധി കാരണത്താല്‍) വഞ്ചിക്കപ്പെടുന്നവനും മാന്യസ്വഭാവക്കാരനുമാണ്. തെമ്മാടിയാകട്ടെ, തെറ്റിനു മിടുക്കനും നീച സ്വഭാവക്കാരനുമാണ്'' (സുനനുഅബീദാവൂദ്, മുസ്‌നദു അഹ്മദ്. ഹദീഥിന്റെ സനദ് ചുരുങ്ങിയ പക്ഷം ഹസനാണെന്ന് അഹ്മദ് ശാകിര്‍ വിശേഷിപ്പിച്ചു. അല്‍ബാനി ദഈഫെന്ന് വിധിച്ചു).
തിരുമേനി തന്റെ മനസ്സ് എത്രമാത്രം സുരക്ഷിതമാക്കുവാന്‍ ശ്രദ്ധിച്ചരുന്നുവെന്ന് താഴെ വരുന്ന ഹദീഥ് അറിയിക്കുന്നു.
ഇബ്‌നുമസ്ഊദി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ പറഞ്ഞു:''എന്റെ അനുചരന്മാരില്‍ ഒരാളും ഒരാളെക്കുറിച്ചും (മനസ്സില്‍ വെറുപ്പുളവാക്കുന്ന) ഒന്നും എന്നിലേക്ക് എത്തിക്കരുത്. കാരണം ഞാന്‍ സുരക്ഷിതമായ ഹൃദയവുമായി നിങ്ങളെ കണ്ടുമുട്ടുവാനാണ് ഇഷ്ടപ്പെടുന്നത്'' (സുനനുഅബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).
മനഃശുദ്ധിയുള്ള മനുഷ്യരുടെ മഹത്ത്വം വിളിച്ചറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്. അനസി(റ)ല്‍ നിന്നും നിവേദനം; അദ്ദേഹം പറഞ്ഞു:
''ഞങ്ങള്‍ തിരുദൂതരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: 'ഇപ്പോള്‍ നിങ്ങളുടെ അടുത്തേക്ക് സ്വര്‍ഗവാസികളില്‍പെട്ട ഒരാള്‍ വന്നെത്തും.' അപ്പോള്‍ അന്‍സ്വാരികളില്‍പെട്ട ഒരാള്‍ വന്നു. അദ്ദേഹത്തിന്റെ താടിയിലൂടെ വുദൂഇന്റെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഇടതുകയ്യില്‍ അദ്ദേഹത്തിന്റെ ചെരിപ്പുകള്‍ പിടിച്ചിരുന്നു. അങ്ങനെ അടുത്ത ദിവസമായപ്പോള്‍ നബി ﷺ അപ്രകാരം തന്നെ പറഞ്ഞു. അപ്പോഴും ആദ്യപ്രാവശ്യത്തെപ്പോലെ ആ മനുഷ്യന്‍ കടന്നുവന്നു. മൂന്നാം ദിവസമായപ്പോഴും നബി ﷺ അപ്രകാരം തന്നെ പറഞ്ഞു. ആദ്യത്തെ അതേ അവസ്ഥയില്‍ ആ മനുഷ്യന്‍ അന്നും അവരിലേക്ക് കടന്നുവന്നു. അങ്ങനെ നബി ﷺ എഴുന്നേറ്റപ്പോള്‍ അബ്ദുല്ലാഹ് ഇബ്‌നുഅംറ്(റ) ആ മനുഷ്യനെ പിന്തുടര്‍ന്നു പോയി... ശേഷം (അബ്ദുല്ലാഹ്) പറയുകയാണ്: 'താങ്കള്‍ എന്തെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് വീക്ഷിച്ച് അവ പിന്തുടരുവാന്‍ താങ്കളുടെ കൂടെ താമസിക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. പക്ഷേ, താങ്കള്‍ ധാരാളമായി കര്‍മങ്ങള്‍ ചെയ്യുന്നതായി ഞാന്‍ കണ്ടില്ല. പിന്നെ എന്താണ് തിരുമേനി പറഞ്ഞതിലേക്ക് താങ്കളെ എത്തിച്ചത്?' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ കണ്ടതല്ലാത്ത മറ്റൊന്നും എന്നിലില്ല.' ഞാന്‍ മടങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: 'മുസ്‌ലിംകളില്‍ ഒരാളോടും എന്റെ മനസ്സില്‍ ഒട്ടും ചതിയില്ല. ഞാന്‍ ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്ത നന്മയില്‍ അസൂയ കാണിക്കാറില്ല.' അപ്പോള്‍ അബ്ദുല്ലാഹ്(റ) പറഞ്ഞു: 'ഇത് തന്നെയാണ് (നബി ﷺ പറഞ്ഞതിലേക്ക്) താങ്കളെ എത്തിച്ചത്'' (മുസ്‌നദുഅഹ്മദ്. (മുസ്‌നദില്‍നിന്ന് ചുരുക്കരൂപത്തില്‍). ശുഐബുല്‍അര്‍നാഊത്വ് സനദിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്രകൂടിയുണ്ട്: ''ഒരാളോടും യാതൊരു പകയുമില്ലാതെയാണ് ഞാന്‍ എന്റെ കിടപ്പറ പ്രാപിക്കാറുള്ളത്'' (ഇത്തിഹാഫുല്‍ മഹറ).
മനസ്സിന്റെ സുരക്ഷയും പകയില്ലായ്മയും വലിയ അനുഗ്രഹവും സുഖദായകവുമാണ്. പകയും വിദ്വേഷവും മനസ്സിന് ഭാരവും ശിക്ഷയുമാണ്. അന്ത്യനാളില്‍ വിശ്വാസികളുടെ മനസ്സിനെ സ്ഫുടം ചെയ്യുകയും അസൂയയും വിദേഷവും നീക്കി ഹൃദയത്തെ സംശുദ്ധമാക്കി അല്ലാഹു അവരെ ആദരിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗവാസികളെക്കുറിച്ച് പറയുന്നത് നോക്കൂ:
''അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കിക്കളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചു പറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു''(ക്വുര്‍ആന്‍ 7:43).
''അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും''(ക്വുര്‍ആന്‍ 15:47).
സഹോദരങ്ങള്‍ക്കു നേരെ പകയും വിദേഷവും മനസ്സില്‍ കൊണ്ടുനടക്കല്‍ നിഷിദ്ധവും അത്യന്തം അപകടവുമാണ്. ഒരു തിരുമൊഴി അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:
''തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്ത എല്ലാ ദാസന്മാര്‍ക്കും പൊറുത്തു കൊടുക്കുകയും ചെയ്യും; തന്റെയും സഹോദരന്റെയും ഇടയില്‍ പിണക്കമുള്ള ഒരു വ്യക്തിക്കൊഴിച്ച്. പറയപ്പെടും: 'തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക''(മുസ്‌ലിം).