സത്യസന്ധത

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 22)

ഇസ്‌ലാം കല്‍പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു മഹത്തായ സ്വഭാവമാകുന്നു സത്യസന്ധത. പെരുമാറ്റങ്ങളിലും ഇടപാടുകളിലുമെല്ലാം സത്യസന്ധതയുടെയും വസ്തുനിഷ്ഠമായ വാര്‍ത്തകളുടെയും അനിവാര്യത അനിഷേധ്യമാണല്ലോ. അല്ലാഹു ആജ്ഞാപിക്കുന്നത് നോക്കൂ:

''വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക''(ക്വുര്‍ആന്‍ 9:119).

സത്യസന്ധതയടക്കമുള്ള സല്‍ഗുണങ്ങളും സല്‍സ്വഭാവങ്ങളും മേല്‍വിലാസമായുള്ള വിശ്വാസികള്‍ക്ക് അല്ലാഹു ഒരുക്കിയ പ്രതിഫലവും മോഹനമായ വാഗ്ദാനവും കാണുക:

''(അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍; വിശ്വാസികളായ പുരുഷന്മാര്‍, സ്ത്രീകള്‍; ഭക്തിയുള്ളവരായ പുരുഷന്മാര്‍, സ്ത്രീകള്‍; സത്യസന്ധരായ പുരുഷന്മാര്‍, സ്ത്രീകള്‍; ക്ഷമാശീലരായ പുരുഷന്മാര്‍, സ്ത്രീകള്‍; വിനീതരായ പുരുഷന്മാര്‍, സ്ത്രീകള്‍; ദാനം ചെയ്യുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍; വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍; തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍; ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 33:35).

ഭൗതികലോകത്ത് സത്യസന്ധതയില്‍ ജീവിച്ചിരുന്നവര്‍ക്ക് പാരത്രികലോകത്ത് തങ്ങളുടെ സത്യസന്ധത ഉപകരിക്കുമെന്ന് അല്ലാഹു ഉണര്‍ത്തുന്നു:

''അല്ലാഹു പറയും: ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'' (ക്വുര്‍ആന്‍ 05:119).

ഉബാദത്ത് ഇബ്‌നു സ്വാമിത്തി(റ)ല്‍നിന്നു നിവേദനം. തിരുദൂതർ ﷺ പറഞ്ഞു: ''ആറു കാര്യങ്ങള്‍ക്ക് (അവ പ്രാവര്‍ത്തികമാക്കാം എന്നതിന്) നിങ്ങള്‍ എനിക്ക് മനസ്സാ ജാമ്യം നില്‍ക്കുക. ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തിന് ജാമ്യം നില്‍ക്കാം. നിങ്ങള്‍ സംസാരിച്ചാല്‍ സത്യം പറയുക, നിങ്ങള്‍ കരാര്‍ ചെയ്താല്‍ പൂര്‍ത്തീകരിക്കുക, നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ അമാനത്ത് നിര്‍വഹിക്കുക. നിങ്ങള്‍ നിങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുക, നിങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുക, നിങ്ങളുടെ കൈകളെ (തെറ്റുകളില്‍ നിന്ന്) തടുക്കുക'' (മുസ്‌നദു അഹ്മദ്, സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍. അല്‍ബാനി ഹദീഥിനെ 'സ്വഹീഹുന്‍ ലി ഗയ്‌രിഹി' എന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുമസ്ഊദി(റ)ല്‍നിന്നു നിവേദനം: ''നിങ്ങള്‍ കളവിനെ സൂക്ഷിക്കുക. കാരണം കളവ് നീചവൃത്തികളിലേക്ക് വഴിതെളിയിക്കും. നീചവൃത്തികളാകട്ടെ നരകത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി കളവുപറയും; അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ പെരുംകള്ളന്‍ എന്ന് എഴുതപ്പെടും. നിങ്ങള്‍ സത്യസന്ധത പുലര്‍ത്തുക. കാരണം സത്യസന്ധത പുണ്യത്തിലേക്ക് വഴിതെളിയിക്കും. സത്യസന്ധതയാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കും. നിശ്ചയം, ഒരു വ്യക്തി സത്യം പറയുകയും സത്യസന്ധത പുലര്‍ത്തുവാന്‍ സൂക്ഷ്മത കാണിക്കുകയും ചെയ്യും. അങ്ങനെ അയാള്‍ അല്ലാഹുവിങ്കല്‍ സത്യസന്ധന്‍ എന്ന് എഴുതപ്പെടും'' (മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുഅംറി(റ)ല്‍നിന്നു നിവേദനം: ''നാലു കാര്യങ്ങള്‍ നിന്നിലുണ്ടായാല്‍ ഭൗതികലോകത്ത് എന്ത് നഷ്ടമായാലും താങ്കള്‍ക്ക് പ്രശ്‌നമില്ല. അമാനത്തിന്റെ സംരക്ഷണം, സംസാരത്തിലെ സത്യസന്ധത, സല്‍സ്വഭാവം, സംശുദ്ധമായ ആഹാരം'' (മുസ്‌നദുഅഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഹസനി(റ)ല്‍ നിന്നു നിവേദനം: ''സംശയകരമായതു വെടിയുക. സംശയരഹിതമായതു സ്വീകരിക്കുക. സത്യസന്ധത സമാധാനപൂര്‍ണമാണ്. വ്യാജം സമാധാനക്കേടുമാണ്''(സുനനുത്തുര്‍മുദി. തുര്‍മുദി ഹസനുല്‍സ്വഹീഹ് എന്നു വിശേഷിപ്പിച്ചു).

നബിമാരുടെ ഒരു സ്വഭാവം അല്ലാഹു— പറയുന്നു: ''വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു'' (ക്വുര്‍ആന്‍ 19:41).

''വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു'' (19:56).

''വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം സത്യസന്ധമായി പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു'' (ക്വുര്‍ആന്‍ 19:54).

സത്യസന്ധതയില്‍ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു യൂസുഫ് നബി(അ). മിസ്വ്‌റിലെ രാജാവ് തന്റെ സ്വപ്‌നത്തിനു വ്യാഖ്യാനം ആവശ്യപ്പെട്ടപ്പോള്‍ യൂസുഫ് നബി(അ)യെ വിശേഷിപ്പിച്ചത് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:

''(അവന്‍ യൂസുഫിന്റെ അടുത്ത ചെന്നു പറഞ്ഞു:) ഹേ, സത്യസന്ധനായ യൂസുഫ്! തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ്‌മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവുംകൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ'' (ക്വുര്‍ആന്‍ 12:46).

വിശുദ്ധ മര്‍യമിനുള്ള ഒരു വിശേഷണമായി ഈ വചനത്തില്‍ അല്ലാഹു പറയുന്നത് നോക്കൂ: ''മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്'' (ക്വുര്‍ആന്‍ 5:75).

സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും നിറഞ്ഞ ഉദാഹരണമായിരുന്നു മുഹമ്മദ് നബില. തിരുമേനിയുടെ ശത്രുപോലും ഈ വസ്തുത സമ്മതിച്ചിരുന്നു. ഹിറോക്ലിയസ് രാജാവും റോമന്‍ അധിപന്മാരും അബൂസുഫ്‌യാന്‍ അവിശ്വാസിയായിരുന്ന നാളില്‍ അദ്ദേഹവുമായി ഈലിയാ പട്ടണത്തില്‍ സന്ധിച്ചപ്പോള്‍ ഹിറോക്ലിയസ് അബൂസുഫ്‌യാനോട് ഇപ്രകാരം ചോദിച്ചു: 'മുഹമ്മദ് ഈ കാര്യങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ്, അദ്ദേഹത്തെ കളവു പറയുന്നവനായി നിങ്ങള്‍ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ?' 'ഇല്ല' എന്നായിരുന്നു അബൂസുഫ്‌യാന്റെ പ്രതികരണം. ഹിറോക്ലിയസ് രാജാവ് അബൂസുഫ്‌യാന് വായടപ്പന്‍ മറുപടിയാണ് നല്‍കിയത്. അദ്ദേഹം പറഞ്ഞു: 'മുഹമ്മദിനെ കളവ് പറയുന്നവനായി നിങ്ങള്‍ സംശയിക്കുകയെങ്കിലും ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ ഇല്ലെന്ന് പറഞ്ഞു. ജനങ്ങളെക്കുറിച്ച് വ്യാജം പറയാത്തവന്‍ അല്ലാഹുവെക്കുറിച്ച് കളവു പറയുകയില്ലെന്ന് ഞാന്‍ തീര്‍ച്ചയായും മനസ്സിലാക്കുന്നു.'

വിശുദ്ധ ക്വുര്‍ആനില്‍ മുദ്ഖലസ്വിദ്ക്വ്, മുഖ്‌റജസ്വിദ്ക്വ്, ലിസാനസ്വിദ്ക്വ്, ക്വദമസ്വിദ്ക്വ്, മക്വ്അദസ്വിദ്ക്വ് എന്നിവ പറയപ്പെട്ടിട്ടുണ്ട്. താഴെ വരുന്ന വചനങ്ങള്‍ ശ്രദ്ധിക്കുക. മുദ്ഖലസ്വിദ്ക്വും മുഖ്‌റജസ്വിദ്ക്വും അല്ലാഹുവോട് തേടുവാന്‍ അല്ലാഹു തിരുദൂതരോട് കല്‍പിക്കുന്നു:

''എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാര്‍ഗത്തിലൂടെ നീഎന്നെ പ്രവേശിപ്പിക്കുകയും സത്യത്തിന്റെ ബഹിര്‍ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:80).

ലിസാനസ്വിദ്ക്വ് അരുളുവാന്‍ ഇബ്‌റാഹീംനബി(അ) അല്ലാഹുവോട് കേഴുന്നു: ''പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ''(ക്വുര്‍ആന്‍ 26:84).

ക്വദമസ്വിദ്ക്വും മക്വ്അദസ്വിദ്ക്വും തന്റെ ദാസന്മാര്‍ക്ക് ഉണ്ടെന്ന് അല്ലാഹു സന്തോഷവാര്‍ത്ത നല്‍കുന്നു:

''സത്യവിശ്വാസികള്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്റെതായ പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 10:02).

 ''തീര്‍ച്ചയായും ധര്‍മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്റെ അടുക്കല്‍'' (ക്വുര്‍ആന്‍ 54:54,55).

മുദ്ഖലസ്വിദ്ക്വ്, മുഖ്‌റജസ്വിദ്ക്വ്, ലിസാനസ്വിദ്ക്വ്, ക്വദമസ്വിദ്ക്വ്, മക്വ്അദസ്വിദ്ക്വ് എന്നിവയുടെ അര്‍ഥങ്ങളിലും തേട്ടങ്ങളിലും വ്യത്യസ്ത സമീപനങ്ങള്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ഉെണ്ടങ്കിലും സത്യത്തിന്റെ വക്താക്കള്‍ക്കും സത്യസന്ധന്മാര്‍ക്കും ഇഹത്തിലും പരത്തിലുമായി നല്‍കപ്പെടുന്ന ആദരവുകളാണ് ഇവ എന്നത് അവയുടെ പൊരുളാണ്.