മൗനം ദീക്ഷിക്കല്‍

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 23)

അന്യായം പറയുന്നതില്‍നിന്നും നാവിനാല്‍ അന്യരെ ആക്രമിക്കുന്നതില്‍നിന്നും അനാവശ്യങ്ങളില്‍നി ന്നും മൗനം പാലിക്കുവാന്‍ ഇസ്‌ലാം അനുശാസിച്ചു.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''...വല്ലവനും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ...'' (ബുഖാരി).

ഇമാം നവവി പറഞ്ഞു: ''ഈ ഹദീഥിന്റെ ആശയമായി ഇമാം ശാഫിഈ പറഞ്ഞു: 'ഒരാള്‍ സംസാരിക്കു വാനുദ്ദേശിച്ചാല്‍ അവന്‍ ആലോചിക്കട്ടെ. തനിക്ക് വിനയാവുകയില്ലെന്ന് ബോധ്യപ്പെട്ടാല്‍ അവന്‍ സംസാ രിക്കട്ടെ. അതില്‍ വിനകളുണ്ടെന്ന് ബോധ്യപ്പെടുകയോ സംശയിക്കുകയോ ചെയ്താല്‍ അവന്‍ നാവിനെ നിയന്ത്രിക്കട്ടെ.''

ഇബ്‌നു അബ്ദില്‍ബര്‍റ് പറഞ്ഞു: ''ഈ ഹദീഥില്‍ മര്യാദകളും സുന്നത്തുകളുമുണ്ട്. മൗനത്തിന്റെ അനി വാര്യത ഉറപ്പാക്കല്‍ അതില്‍പെട്ടതാണ്. നന്മ പറയല്‍ മൗനം ദീക്ഷിക്കുന്നതിനെക്കള്‍ ഉത്തമമാണ്.''

ഇമാം അബൂഹാതിം അല്‍ബുസ്തി പറഞ്ഞു: ''സംസാരിക്കേണ്ട അനിവാര്യത ഉണ്ടാകുന്നതുവരെ മൗനം അനിവാര്യമായും പാലിക്കല്‍ ബുദ്ധിയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. സംസാരിച്ചാല്‍ ഖേദിക്കേണ്ടിവരുന്ന എത്രയെത്ര ആളുകളുണ്ട്! മൗനം ദീക്ഷിച്ച് ഖേദിക്കുന്നവര്‍ എത്രമാത്രം കുറവാണ്'' (റൗദത്തുല്‍ ഉക്വലാഅ്).

മനുഷ്യന് രണ്ടുകാതും ഒരു നാക്കും നല്‍കിയതിലെ പൊരുള്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കുവാനാണെന്ന് ദാര്‍ശനികള്‍ പറഞ്ഞിട്ടുണ്ട്. തിന്മ പറയുന്നതിനെതൊട്ട് മൗനംപാലിച്ചവന്‍ ഇഹത്തിലും പരത്തിലും രക്ഷപ്പെട്ടുവെന്നും സകല നന്മയും നേടി അവന്‍ വിജയം വരിച്ചുവെന്നും തിരുദൂതര്‍ ﷺ  ഉണര്‍ത്തുന്നു: ''വല്ലവനും മൗനം ദീക്ഷിച്ചാല്‍ അവന്‍ രക്ഷപ്പെട്ടു'' (മുസ്‌നദുഅഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നാവിനെ പിടിച്ചുനിറുത്തുന്നതില്‍ രക്ഷയുെണ്ടന്ന് നബി ﷺ  ഇവിടെ ഉണര്‍ത്തുന്നു. കാരണം, പല പ്പോഴും നാവാണ് മനുഷ്യന് നാശങ്ങളും നഷ്ടങ്ങളും കൊെണ്ടത്തിക്കുന്നത്. നാവ് ചൊവ്വായാല്‍ എല്ലാ അവയവങ്ങളും നേരെയാവുമെന്നും അത് വക്രമായാല്‍ അവയവങ്ങളെല്ലാം വക്രമാവുമെന്നും തിരുമൊഴിയുണ്ട്.

അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ''മനുഷ്യന്‍ പ്രഭാതത്തിലായാല്‍ അവന്റെ അവയവങ്ങള്‍ നാവിനോട് വിനയപുരസ്സരം പറയും: ഞങ്ങളുടെ വിഷയത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ നേരേചൊവ്വെ ആയാല്‍ ഞങ്ങള്‍ നേരെയായി. നീ വളഞ്ഞാല്‍ ഞങ്ങളും വളഞ്ഞു'' (മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

മനുഷ്യരുടെ നന്മകളും സല്‍പ്രവൃത്തികളും പാഴാകാതിരിക്കുവാന്‍ നാവിനെ നിയന്ത്രിക്കേണ്ടതുണ്ട്.ഇസ്‌ലാം കാര്യങ്ങളെയും പുണ്യപ്രവൃത്തികളെയും മുആദ് ഇബ്‌നുജബലി(റ)ന് ഓതിക്കൊടുത്ത തിരു ദൂതര്‍ ﷺ  അവസാനമായി അദ്ദേഹത്തോടു പറഞ്ഞ വിഷയങ്ങള്‍ നോക്കൂ:  

''...അവകളൊന്നും പാഴാക്കാതെ നിങ്ങള്‍ക്കു നേടിത്തരുന്നത് നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: 'അതെ, നബിയേ.' അപ്പോള്‍ തിരുനബി തന്റെ നാവുപിടിച്ചു. അവിടുന്ന് പറഞ്ഞു: 'ഇതു നീ പിടിച്ചു നിര്‍ത്തുക.' ഞാന്‍ ചോദിച്ചു: 'ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ പിടികൂടപ്പെടുമോ?' നബി ﷺ  പറഞ്ഞു: 'മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദൂഷ്യസംസാരങ്ങള്‍ മാത്രമാണ്...'' (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 തിരുനബി ﷺ  ഏറെ മൗനം ദീക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു. സിമാക് ഇബ്‌നുഹര്‍ബ്(റ) പറയുന്നു: ഞാന്‍ ജാബിര്‍ ഇബ്‌നു സമുറ(റ)യോട് ചോദിച്ചു: 'താങ്കള്‍ തിരുനബിയോടൊന്നിച്ച് ഇരിക്കാറുണ്ടായി രുന്നോ?' അദ്ദേഹം പറഞ്ഞു: 'അതെ. തിരുനബി ദീര്‍ഘമായി മൗനം ദീക്ഷിക്കുന്നവനും കുറച്ചുമാത്രം ചിരിക്കുന്നവനുമായിരുന്നു. അനുചരന്മാര്‍ ചിലപ്പോള്‍ നബിയുടെ അടുക്കല്‍ കവിത പറയാറുണ്ടായിരുന്നു. അവരുടെ ചില വിഷയങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചിരിക്കും. തിരുമേനിയാകട്ടെ ചിലപ്പോള്‍ പുഞ്ചിരിതൂകും''(മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ''തിരുനബി ദീര്‍ഘമായി മൗനംദീക്ഷിക്കുമായിരുന്നു. അവര്‍ ജാഹിലിയ്യാ വിഷയങ്ങള്‍ അവതരിപ്പിക്കും. അങ്ങനെ അവര്‍ ചിരിക്കുകയും തിരുമേനിയാകട്ടെ പുഞ്ചിരിക്കുകയും ചെയ്യും.''

അലിയ്യ്(റ) പറഞ്ഞു: 'മൗനം കൂടുതലാകുന്നതുകൊണ്ടാണ് ഗാംഭീര്യമുണ്ടാകുന്നത്.'

അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: ''സംസാരം പഠിക്കുന്നതു പോലെ നിങ്ങള്‍ മൗനവും പഠിക്കുക. കാരണം മൗനം തികഞ്ഞ യുക്തിയാണ്. സംസാരിക്കുന്നതിനെക്കാര്‍ സംസാരം കേള്‍ക്കുവാന്‍ താല്‍പര്യം കാണിക്കുക. തന്നെ പ്രശ്‌നമാക്കാത്ത യാതൊരു വിഷയത്തിലും സംസാരിക്കാതിരിക്കുകയും ചെയ്യുക.''

സത്യത്തിന്റെയും നന്മയുടെയും വിഷയത്തിലും നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്നിവയിലും ദിക്‌റെടുക്കുന്ന വിഷയത്തിലും സംസാരം നിര്‍ബന്ധമായ വിഷയത്തിലും മൗനം നിഷിദ്ധവും ആക്ഷേപാര്‍ഹവുമാണ്.

അലിയ്യ്(റ) പറഞ്ഞു: 'വിവരക്കേട് സംസാരിക്കുന്നതില്‍ യാതൊരു നന്മയുമില്ല എന്നതുപോലെ വിവരമുള്ള വിഷയങ്ങളില്‍ മൗനം ഭജിക്കുന്നതിലും യാതൊരു നന്മയുമില്ല.'

എന്നാല്‍ അനാവശ്യങ്ങളിലും അന്യായങ്ങളിലും നാവുനീട്ടുകയെന്നത് നിഷിദ്ധവും അവിടം മൗനം ഭജിക്കല്‍ നിര്‍ബന്ധവുമാണ്. ഒരു തിരുമൊഴി നോക്കൂ. ജാബിറുബ്‌നുഅബ്ദില്ല(റ)യില്‍ നിന്ന് നിവേദനം. തിരുദൂതന്‍ ﷺ  പറഞ്ഞു:

''...നിശ്ചയം, നിങ്ങളില്‍ എനിക്ക് ഏറ്റവും ദേഷ്യമുള്ളവരും അന്ത്യനാളില്‍ എന്നോട് ഏറ്റവും അകല ത്തില്‍ ഇരിപ്പിടമുള്ളവരും വായാടികളും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരും മുതഫയ്ഹിക്വീങ്ങളുമാണ്.' അവര്‍ ചോദിച്ചു: 'അല്ലാഹു വിന്റെ റസൂലേ, വായാടികളേയും ജനങ്ങളോട് നാക്ക്‌നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരെയും ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍, ആരാണ് മുതഫയ്ഹിക്വീങ്ങള്‍?' തിരുമേനി പറഞ്ഞു: 'അഹങ്കാരികളാണ്'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).