ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമോ?

ശമീര്‍ മദീനി

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

''പുരുഷന്‍മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവുനല്‍കിയതുകൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു'' (ക്വുര്‍ആന്‍ 4:34).

ഇസ്‌ലാം വിമര്‍ശകര്‍ വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇസ്‌ലാം സ്ത്രീത്വത്തെ അപമാനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പുരുഷമേധാവിത്വത്തിന്റെ മതമാണെന്ന് ആരോപിക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. സത്യത്തില്‍ ഇസ്‌ലാം അത്തരത്തിലുള്ള ഏതെങ്കിലും ഒരു പക്ഷംപിടിക്കുകയോ ഏതെങ്കിലും ഒരു പക്ഷത്തെ അന്യായമായി അടിച്ചമര്‍ത്തുകയോ ചെയ്യുന്നില്ല എന്നത് ഇസ്‌ലാമികാധ്യാപനങ്ങളെ അതിന്റെ പ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ അന്ധമായ വിരോധംകൊണ്ടോ തികഞ്ഞ അജ്ഞതകൊണ്ടോ ഇസ്‌ലാമിനെ വിമര്‍ശിച്ചു നടക്കുന്നവര്‍ വസ്തുതകള്‍ അറിയാന്‍ ശ്രമിക്കുകയോ അറിഞ്ഞ സത്യം ഉള്‍ക്കൊള്ളുകയോ അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുകയോ ചെയ്യാറില്ല എന്നത് ഒരു വസ്തുതയാണ്.

സ്ത്രീയും പുരുഷനും പ്രകൃത്യാതന്നെ വ്യത്യസ്തതകള്‍ ഉള്ളവരാണ്. സ്ത്രീകള്‍ക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് എത്ര ശ്രമിച്ചാലും ഒരിക്കലും ചെയ്യാന്‍ പറ്റാത്തതാണ്. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവയാല്‍ തന്റെ ഇണ കഷ്ടപ്പെടുന്ന രംഗം കണ്ടിട്ട് ഒരിക്കലെങ്കിലും താനത് നിര്‍വഹിക്കാം എന്ന് പറഞ്ഞു ഒരു പുരുഷനും അത് ചെയ്യാന്‍ തുനിഞ്ഞിട്ടില്ല; അതിന് സാധ്യവുമല്ല. അപ്രകാരം പുരുഷന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്.

ശരീരഘടനയിലും മാനസികാവസ്ഥകളിലും ബൗദ്ധികനിലവാരത്തിലുമെല്ലാം ഈ വ്യത്യാസം പ്രകടമാണ്. അതിനാലാണ് സ്ത്രീ-പുരുഷ സമത്വം പ്രകൃതിപരമോ സാധ്യമോ അല്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് സ്ത്രീ-പുരുഷ സമത്വമല്ല; മറിച്ച് ഓരോരുത്തര്‍ക്കും ന്യായമായി കിട്ടേണ്ട നീതിയും അവകാശങ്ങളുമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നു പറയുന്നത്.

ആ നിലയില്‍ സ്ത്രീയെക്കാള്‍ ഭരണനിര്‍വഹണ ശേഷി പുരുഷനാണ് സ്രഷ്ടാവ് നല്‍കിയിട്ടുള്ളത്. കായികവും മാനസികവുമായ ശക്തിയും കരുത്തും അതില്‍ പ്രധാനമാണ്. അതിനാല്‍ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ഭരണനിര്‍വഹണ ചുമതലയും ബാധ്യതയും മുഖ്യമായും പുരുഷനെയാണ് ഇസ്‌ലാം ഏല്‍പിക്കുന്നത്. പ്രസ്തുത സുശക്തമായ നേതൃത്വത്തിനുകീഴില്‍ സംരക്ഷണവും സ്വാതന്ത്ര്യവും അനുഭവിക്കേണ്ടവളായിട്ടാണ് സ്ത്രീയെ ഇസ്‌ലാം കാണുന്നതും. മുകളില്‍ കൊടുത്ത ക്വുര്‍ആന്‍ വചനം (4:34) വിശദമാക്കുന്നതും അതാണ്:

അതായത്, പുരുഷന്‍ സ്ത്രീയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഏല്‍പിക്കപ്പെട്ട അധികാരസ്ഥനാണ്. അവളുടെ നേതാവും നായകനുമാണ്. അവള്‍ക്ക് സംരക്ഷണം നല്‍കേണ്ടതും ആശ്വാസം പകരേണ്ടതും അവന്റെ ചുമതലയാണ്. അവള്‍ക്ക് എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കേണ്ടതും നേരെയാക്കേണ്ടതും അധികാരസ്ഥനായ പുരുഷനാണ്. മതമംഗീകരിക്കുന്ന ഏതൊരാള്‍ക്കും ഇത് അംഗീകരിച്ചേ മതിയാകൂ. മതം മാത്രമല്ല ശാസ്ത്രവും ചരിത്രവും അനുഭവങ്ങളും അതാണ് സത്യപ്പെടുത്തുന്നത്.

പ്രവാചകത്വവും രാജ്യത്തിന്റെ പൊതുഭരണ നേതൃത്വവും പുരുഷന് മാത്രമാണ് മതം വകവെച്ച് നല്‍കിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഏത് മേഖലയില്‍ ആയിരുന്നാലും അധികാരവും സ്ഥാനവും കഴിവുകളും നല്‍കപ്പെടുന്നവര്‍ക്ക് അത് നല്‍കപ്പെടാത്തവരെക്കാള്‍ കൂടുതല്‍ ബാധ്യതയും ഏല്‍പിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇസ്‌ലാമിന്റെ ബാലപാഠം അറിയുന്ന ആര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആ ഒരു തലത്തില്‍ കുടുംബത്തിന്റെ മുഖ്യമായ ഭാരം വഹിക്കേണ്ടതും പുരുഷന്‍ തന്നെയാണ്. ഈ രണ്ട് കാര്യങ്ങളും വിശുദ്ധ ക്വുര്‍ആന്‍ 4:34ല്‍ അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. എന്തുകൊണ്ട് പുരുഷന് സ്ത്രീയുടെമേല്‍ അധികാരം നല്‍കി എന്ന ചോദ്യത്തിന് ക്വുര്‍ആന്‍ നല്‍കുന്ന മറുപടിയാണ് അത്.

1. അല്ലാഹു ചിലരെ ചിലരെക്കാള്‍ കഴിവുള്ളവരാക്കി.

2. ചില അധിക ചുമതലയും അവരെ ഏല്‍പിച്ചിട്ടുള്ളതിനാലും അവരാണ് അതിന് അര്‍ഹതയുള്ളവര്‍.  

സാമ്പത്തിക ഉത്തരവാദിത്തം, സംരക്ഷണച്ചുമതല... മുതലായവ പുരുഷന്റെ കടമ കൂടിയാണ് എന്ന് സാരം. അല്ലാഹു സ്ത്രീയെക്കാള്‍ പുരുഷന് ചില സവിശേഷതകളും ഉത്തരവാദിത്തങ്ങളും നല്‍കി എന്നു വ്യക്തം.

സ്ത്രീക്കും പുരുഷനും പരസ്പരം അവകാശങ്ങളും ഉണ്ടെന്ന് ഉണര്‍ത്തിയ ക്വുര്‍ആന്‍ പുരുഷന് സ്ത്രീയെക്കാള്‍ സവിശേഷമായ ഒരു പദവിയുമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

''...സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 2:228).

അതിനാല്‍ മതം അംഗീകരിക്കുന്ന, പടച്ചവനിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിനിയെ സംബന്ധിച്ചിടത്തോളം അവള്‍ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ച് ജീവിക്കാന്‍ കടമപ്പെട്ടവളാണ്.

ഇനി ഒരാള്‍ (പുരുഷന്‍) തന്റെ ഇത്തരം ന്യായമായ അവകാശങ്ങള്‍ വകവെച്ച് നല്‍കുന്നില്ല എന്ന് ഒരു സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ അയാളുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ വരെയുള്ള അവകാശം സ്ത്രീക്ക് ഇസ്‌ലാം നല്‍കിയിട്ടുണ്ട്.

ചുരുക്കത്തില്‍, പുരുഷമേധാവിത്വത്തിന്റെയോ ആണധികാരത്തിന്റെയോ പ്രശ്‌നമല്ല; പ്രകൃതിപരവും സൃഷ്ടിപരവുമായ തേട്ടമാണ് പുരുഷന് സ്ത്രീയെക്കാള്‍ പദവിയും കഴിവുകളും ഉണ്ട് എന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിലും പൊതുഭരണരംഗത്തും പുരുഷനാണ് ഇസ്‌ലാം ആ സ്ഥാനവും ഉത്തരവാദിത്തവും ഏല്‍പിച്ചിരിക്കുന്നത്.

പുരുഷന്‍ ചില കാര്യങ്ങളില്‍ സ്ത്രീയെക്കാള്‍ കഴിവും മികവും ഉള്ളവനാണ്. എന്നാല്‍ മറ്റു ചില സംഗതികളില്‍ പുരുഷനെക്കാള്‍ മഹത്ത്വവും കഴിവുകളും സ്ത്രീകള്‍ക്കാണ് ഉള്ളത്. അതും സൃഷ്ടിപരവും പ്രകൃതിപരവും മതപരവുമായി അറിയപ്പെട്ട കാര്യവുമാണ്. അഥവാ സ്ത്രീ, പുരുഷ അവകാശങ്ങളും ബാധ്യതകളും പരസ്പര പൂരകങ്ങളാണ്.

സൃഷ്ടിയിലും പ്രകൃതത്തിലും വികാരങ്ങളിലുമെല്ലാം സ്ത്രീയും പുരുഷനും സമമല്ല. അതിനാല്‍ സമത്വവാദമല്ല നീതിയാണ് ഇസ്‌ലാം പരിഗണിച്ചിട്ടുള്ളത്.

സ്ത്രീയുടെ സുരക്ഷിതത്വവും ജീവിതച്ചെലവും ശരിയായ രൂപത്തില്‍ നിര്‍വഹിച്ചു നല്‍കപ്പെടാത്ത അവസ്ഥയില്‍ അതിനുള്ള പരിഹാരമായി വിവാഹബന്ധം ദുര്‍ബലപ്പെടുത്താന്‍വരെ സ്ത്രീക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

 സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നു എന്ന് മാത്രമല്ല പ്രകൃത്യാതന്നെ അല്ലാഹു നല്‍കിയ മഹത്ത്വവും കൂടി ഈ സ്ഥാനത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ക്വുര്‍ആന്‍(4:34) പരാമര്‍ശത്തില്‍ നിന്നും ഗ്രഹിക്കാനാവുന്നത്.