മനുഷ്യന്റെ മുഖ്യശത്രു

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

(മനുഷ്യന്‍ ക്വുര്‍ആനില്‍: 4)

7. മനുഷ്യന്റെ കൂടെ ശത്രുവുണ്ട്

തന്റെമേല്‍ അര്‍പ്പിതമായ ബാധ്യതകള്‍ കഴിയുംവിധത്തില്‍ പാലിച്ചുജീവിക്കുന്നവര്‍ക്കാണ് പരലോകരക്ഷയുള്ളത് എന്നാണ് ക്വുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ രക്ഷയിലേക്കുള്ള മാര്‍ഗം അത്ര എളുപ്പമുള്ളതല്ല. കാരണം നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള വിവേചനശക്തി നല്‍കിയ അല്ലാഹു മനുഷ്യന്റെ ഈ ഇഹലോകജീവിതത്തെ ഒരു പരീക്ഷണകാലമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്:

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 67:2).

ആദം നബിൗയെ അല്ലാഹു സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും പിന്നീട് ആദമിനെയും ഇണയെയും തന്റെ പ്രഥമ ശത്രുവായ പിശാച് വഴിതെറ്റിച്ചതും അങ്ങനെ എല്ലാവരെയും ഇഹലോകത്തേക്ക് ജീവിക്കാന്‍ വിട്ടതും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. പിശാച് ഭൂമിയില്‍ മനുഷ്യസമൂഹത്തെ സന്മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ കഴിവതും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

''തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത്തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍നിന്നും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെനിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 7:11-13).

മനുഷ്യന്റെ തുടക്കത്തില്‍ അദൃശ്യലോകത്തുണ്ടായ സംഭവമാണ് ക്വുര്‍ആന്‍ സൂചനയായി വിവരിച്ചത്. മനുഷ്യസൃഷ്ടിയുടെ ആരംഭത്തോടൊപ്പം തന്നെ അവനൊരു ശത്രുകൂടി ഉണ്ടായിരിക്കുന്നു എന്ന് വ്യക്തമാണ്. ആ ശത്രുവാണ് ഇബ്‌ലീസ്. മനുഷ്യനോടുള്ള സമീപനത്തില്‍ ഇബ്‌ലീസിന്റെ നിലപാട് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

''അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരെ നീ എനിക്ക് അവധിനല്‍കേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായപാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുകതന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല'' (ക്വുര്‍ആന്‍ 7:14-17).

ഇതാണ് മനുഷ്യന്റെ അവസ്ഥ! ബുദ്ധിയും വിവേചനശേഷിയും ജ്ഞാനവും എല്ലാമുണ്ടെങ്കിലും ശക്തനായ ഒരു ശത്രു അവനെ എപ്പോഴും പിന്തുടരുന്നുണ്ട്. മനുഷ്യന്റെ രക്തംസഞ്ചരിക്കുന്ന ഇടങ്ങളില്‍പോലും സഞ്ചരിക്കാന്‍ കഴിയുന്ന ശത്രുവാണവന്‍. ആ ശത്രുവലയില്‍നിന്ന് രക്ഷപ്പെടാന്‍ ചുരുക്കമാളുകള്‍ക്കേ കഴിയൂ. പരമ വഞ്ചകനാണവന്‍:

''...നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു'' (ക്വുര്‍ആന്‍ 4:83).

മനുഷ്യന്റെ ജന്മശത്രുവായ പിശാച് അല്ലാഹുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിഴപ്പിക്കാനിറങ്ങിയത്. എല്ലാവിധ തിന്മകള്‍ക്കും മാനസികപ്രേരണ നല്‍കുന്നത് അവനാണ് എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരു സത്യവിശ്വാസിയുെട ജീവിതം മുഴുക്കെ പിശാചുമായുളള സംഘട്ടനത്തിലാണ്. എപ്പോഴും താന്‍ സമ്പൂര്‍ണനാണെന്നും തെറ്റുപറ്റുകയില്ലെന്നുമുള്ള അഹങ്കാരബോധം മനുഷ്യമനസ്സില്‍ ജനിപ്പിക്കുകയാണവന്‍ ചെയ്യുക. അതോടെ സ്വയം തിരുത്തുവാനോ പാപമോചനം (ഇസ്തിഗ്ഫാര്‍) തേടാനോ മനുഷ്യന് തോന്നുകയില്ല. താന്‍ ചെയ്യുന്നത് തന്നെ ശരി എന്ന വിചാരം അവനെ പിടികൂടും.

'പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായിതോന്നിച്ചു' എന്ന് ക്വുര്‍ആനില്‍ പലയിടങ്ങളിലും കാണാം. അല്ലാഹുവിനോട് പിശാച് തര്‍ക്കിക്കുന്ന കാര്യം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

''അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പെടുത്തുക തന്നെ ചെയ്യും'' (17:62).

''അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ'' (17:63).

''അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു'' (17:64).

മതബോധത്തെയും ഭക്തിയെയും കൂട്ടിക്കെട്ടി, ശിര്‍ക്കും (അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍) ബിദ്അത്തും (അനാചാരങ്ങള്‍) കൂട്ടിക്കലര്‍ത്തി പ്രതിഫലം നഷ്ടപ്പെടുത്തുക എന്നതാണ് വിശ്വാസികളെകൊണ്ട് പിശാച് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന.

''(നബിയേ) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക്പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്.'' (18:103,104)

''(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്.'' (88:1-4).

മനുഷ്യനില്‍ പിശാചിന്റെ സ്വാധീനം വ്യാപകമായതുകൊണ്ടാണ് പിശാചില്‍നിന്നുള്ള രക്ഷതേടല്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ചെയ്യാന്‍ അല്ലാഹുവും റസൂലും കല്‍പിച്ചത്.

''നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു'' (23:97,98).

''പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും'' (41:36).

''നീ ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവോട്ശരണം തേടിക്കൊള്ളുക'' (16:98).

പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്നും അവനെ എപ്പോഴും ഒരു ശത്രുവായിത്തന്നെ നിങ്ങള്‍ കാണണമെന്നും ക്വുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു'' (2:208).

''തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടി മാത്രമാണ്'' (35:6).

മനുഷ്യന്റെ വികാരവിചാരങ്ങളെവരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മുഖ്യശത്രുവിന്റെ നിത്യസാന്നിധ്യത്തെപ്പറ്റി മനുഷ്യന്‍ സദാ ബോധവാനാകണമെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. അവസാനം പരലോകത്തെത്തുമ്പോള്‍ പിശാച് തന്റെ യഥാര്‍ഥ നിറം പ്രകടിപ്പിക്കുന്നത് ക്വുര്‍ആനില്‍ അല്ലാഹു വിവരിക്കുന്നു:

''കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു; സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നുമാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (14:22).

8. മനുഷ്യന്‍ മനക്കരുത്തുള്ളവന്‍

ഏതു മഹാശത്രുവിന്റെ മുമ്പിലും, ഏതു അപകടമുഖത്തും ഉറച്ചുനില്‍ക്കാന്‍ മനുഷ്യന്ന് കഴിയുമെന്ന് പല സന്ദിഗ്ധ ഘട്ടങ്ങളിലെയും മനുഷ്യന്റെ ശക്തമായ നിലപാടുകളുദ്ധരിച്ചുകൊണ്ട് ക്വുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്. ഈമാന്‍ (വിശ്വാസം) ദൃഢമാണെങ്കില്‍ അവന്‍ പേടിക്കുകയില്ല. നിരാശപ്പെടുകയില്ല. ആദര്‍ശം അടിയറവുവെക്കുകയില്ല. മലപോലെ ഉറച്ചുനില്‍ക്കാന്‍ അവന്നു മനക്കരുത്തുണ്ടായിരിക്കും. ആദമിന്റെ രണ്ടു മക്കള്‍ (ഇവരുടെ പേര് ഹാബീല്‍ എന്നും ഖാബീല്‍ എന്നും ആയിരുന്നുവെന്ന് മിക്ക വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്) തമ്മിലുണ്ടായ സംഭാഷണം ക്വുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക:

''എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു'' (5:28).

തെറ്റുകാരനായ സഹോദരനോട് പ്രതികാരത്തിന്ന് മുതിരാതെ റബ്ബിനെ ഭയപ്പെടുന്നു എന്നു പറഞ്ഞ് മാറിനില്‍ക്കുന്ന ഒരു ആദ്യമനുഷ്യനെയാണിവിടെ നാം കാണുന്നത്.

''ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകുനിറച്ച തീയുടെ ആള്‍ക്കാര്‍. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം. സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന്അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം'' (85:4-8).

സത്യവിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ആളുകളെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി അവിശ്വാസികള്‍ ഒരുക്കിയ തീ കുണ്ഡത്തിനു മുമ്പില്‍ പതറാതെ രക്തസാക്ഷിത്വംവഹിച്ച ജനങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. വിശ്വാസികള്‍ തീയില്‍ കിടന്ന് വെന്തുമരിക്കുന്നത് ആ മര്‍ദകര്‍ കണ്ടാസ്വദിക്കുകയായിരുന്നു. പൂര്‍വകാലത്തുണ്ടായ ഒരു സംഭവമാണിവിടെ സൂചിപ്പിക്കുന്നത്.

''എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നുകൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു'' (3:146).

''അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്'' (2:214).

വളരെ നിസ്സാരമായ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ അടിപതറുന്ന ദുര്‍ബലനായ മനുഷ്യനെയും, അതേയവസരം അതിഭീകരമായ പ്രതിസന്ധികള്‍ക്കു മുമ്പില്‍ അടിയുറച്ചുനില്‍ക്കുന്ന ശക്തനായ മനുഷ്യനെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തിത്തരുന്നു. എന്നിട്ട് നാമെന്തുവേണമെന്ന് അല്ലാഹു പറയുന്നു:

''മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (91:7-10). (തുടരും)