സല്‍വിചാരം
അബ്ദുല്‍ ജബ്ബാര്‍ മദീനി
2020 മാര്‍ച്ച് 21 1441 റജബ് 26
(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 9)
തിന്മയുടെ ഭാഗത്തെക്കാള്‍ നന്മയുടെ ഭാഗത്തിന് പ്രാമുഖ്യം കല്‍പിക്കലാണല്ലോ സല്‍വിചാരത്തിന്റെ തേട്ടം. സത്യവിശ്വാസിയെ കുറിച്ച് ഒരു വാര്‍ത്ത കേട്ടാല്‍ സല്‍വിചാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തുകയും അതില്‍ തീരുമാനം കൈകൊള്ളുകയും ചെയ്യേണ്ടത്. വ്യാജവാര്‍ത്തകള്‍ കേള്‍ക്കുകയായാല്‍ വിശ്വാസിക്കുണ്ടാകേണ്ട നിലപാട് വ്യക്തമാക്കി അല്ലാഹു—പറയുന്നു:
''നിങ്ങള്‍ അതു കേട്ടസമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?'' (ക്വുര്‍ആന്‍ 24:16).
ആളുകളെ കുറിച്ചുള്ള ദുര്‍വിചാരം വര്‍ജിക്കുവാനാവശ്യപ്പെട്ടും അതിന്റെ കാരണം വ്യക്തമാക്കിയും അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയുമരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു''(ക്വുര്‍
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ''ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജംനിറഞ്ഞതാണ്....''(ബുഖാരി)
ഇബ്‌നുഅബ്ബാസി(റ)ല്‍നിന്ന് നിവേദനം: കഅ്ബയിലേക്ക് നോക്കിക്കൊണ്ടു നബി ﷺ പറഞ്ഞു: ''കഅ്ബയേ, നിനക്കു സ്വാഗതം. നീ എത്ര മഹനീയമാണ്. നിന്റെ പവിത്രത എത്ര മഹനീയമണ്. ഒരു വിശ്വാസിക്ക് അല്ലാഹുവിങ്കല്‍ നിന്നെക്കാള്‍ മഹനീയമായ പവിത്രതയുണ്ട്. അല്ലാഹു നിന്നെത്തൊട്ട് ഒരു കാര്യമാണ് ഹറാമാക്കിയത്. ഒരു വിശ്വാസിയെതൊട്ട് അവന്‍ മൂന്ന് കാര്യങ്ങള്‍ ഹറാമാക്കിയിരിക്കുന്നു. അവന്റെ രക്തവും സമ്പത്തും അവനെക്കുറിച്ച് ദുര്‍വിചാരം വെച്ചുപുലര്‍ത്തപ്പെടുന്നതും'' (സുനനുല്‍ബയ്ഹക്വി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
ഇബ്‌നു ഉമറി(റ)ല്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടര്‍ ഇപ്രകാരമാണുള്ളത്: ''വിശ്വാസിയെ കുറിച്ച് സല്‍വിചാരമേ വെച്ചുപുലര്‍ത്താവൂ'' (സുനനുഇബ്‌നിമാജ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
വിശ്വാസികളുടെ മാതാവായ പ്രവാചക പത്‌നി സ്വഫിയ്യ(റ) പറയുന്നു: ''തിരുനബി ﷺ ഇഅ്തികാഫ് ഇരിക്കുന്നവനായിരുന്നു. അപ്പോള്‍ ഞാന്‍ രാത്രിയില്‍ തിരുമേനിയെ സന്ദര്‍ശിക്കുവാന്‍ ചെന്നു.നബി ﷺ യോട് ഞാന്‍ സംസാരിച്ചു. ശേഷം മടങ്ങിപ്പോരുവാന്‍ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ എന്നെ അനുഗമിക്കുവാന്‍ തിരുമേനിയും എഴുന്നേറ്റു. ഉസാമ ഇബ്‌നു സെയ്ദിന്റെ വീട്ടിലായിരുന്നു അവരുടെ താമസം. അപ്പോള്‍, അന്‍സ്വാരികളില്‍ പെട്ട രണ്ടാളുകള്‍ നടന്നുവന്നു. അവര്‍ നബി ﷺ യെ കണ്ടപ്പോള്‍ ധൃതികൂട്ടി. നബി ﷺ പറഞ്ഞു: 'നിങ്ങള്‍ സാവകാശത്തില്‍ നടന്നാലും. നിശ്ചയം, ഇത് സ്വഫിയ്യ ബിന്‍ത്ഹുയയ്യ് ആകുന്നു.' അവര്‍ രണ്ടു പേരും പറഞ്ഞു: ''അല്ലാഹു പരിശുദ്ധനാണ് തിരുദൂതരേ, (ഞങ്ങള്‍ താങ്കളെ കുറിച്ച് മോശമായി ഒന്നും വിചാരിച്ചില്ല).' തിരുമേനി ﷺ പറഞ്ഞു: 'നിശ്ചയം പിശാച്, മനുഷ്യനില്‍ രക്തസഞ്ചാരം കണക്കെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ വല്ല വിപത്തും ഇട്ടേക്കുമോ എന്ന് ഞാന്‍ തീര്‍ച്ചയായും ഭയപ്പെട്ടു'' (ബുഖാരി).
അല്ലാഹുവിനെക്കുറിച്ചുള്ള സദ്വിചാരം നിര്‍ബന്ധവും അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. അവന്‍ തനിക്കു മാപ്പേകുമെന്നും തന്നോടു പൊറുക്കുമെന്നും കരുണ കാണിക്കുമെന്നുമുള്ള വിചാരമാണത്. ജാബിറി(റ)ല്‍ നിന്ന് നിവേദനം: ''തിരുമേനി വഫാത്താകുന്നതിന്റെ മൂന്നുദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടു: 'നിങ്ങളില്‍ ഒരാളും അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുള്ളവനായിക്കൊല്ലാതെ മരിക്കരുത്''(മുസ്‌ലിം).
നല്ലവിചാരം വെച്ചുപുലര്‍ത്തുകയും പ്രതീക്ഷ വളര്‍ത്തുകയും തവക്കുലില്‍ (അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍) സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന ഒരു ദാസന്റെയും പ്രതീക്ഷയെ അല്ലാഹു ഇച്ഛാഭംഗ പ്പെടുത്തുകയില്ല. നേതാക്കന്മാരും പ്രജകളും ഭാര്യഭര്‍ത്താക്കന്മാര്‍, സുഹൃത്തുക്കള്‍, ഇടപാടുകാര്‍ തുടങ്ങി പടപ്പുകളും അന്യോന്യം നല്ലവിചാരം കൊണ്ടുനടക്കേതുണ്ട്. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) പറയാറുായിരുന്നു:
'തന്റെ വിചാരം കൊണ്ട് ഗുണം കൊയ്യാത്തവന്‍ തന്റെ ശരീരംകൊണ്ടും ഗുണം നേടില്ല.'
മഹതി ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ)യെ കുറിച്ച് കപടന്മാര്‍ അപവാദ പ്രചാരണം നടത്തിയ സംഭവം വലിയ ഫിത്‌നയായിരുന്നു. പലര്‍ക്കും അടിതെറ്റിയ പരീക്ഷണമായിരുന്നു അത്. നബി ﷺ യുടെ ഒരു സംസാരം ഈ വിഷയത്തിന്റെ ഗൗരവമറിയിക്കുന്നു:
''തിരുദൂതര്‍ എഴുന്നേറ്റു. അബ്ദുല്ലാഹ് ഇബ്‌നുഉബയ്യിന്റെ ദുഷ്‌ചെയ്തികളില്‍നിന്ന് അയാള്‍ക്ക് വിലങ്ങിടുവാന്‍ തീരുമാനിച്ചു. ആഇശ(റ) പറഞ്ഞു: തിരുദൂതര്‍ മിമ്പറില്‍ നിന്നുകൊണ്ട് പറഞ്ഞു: 'മുസ്‌ലിം സമൂഹമേ, എന്റെ ഭാര്യയുടെ വിഷയത്തില്‍ എനിക്ക് ദ്രോഹമുണ്ടാക്കിയ ഒരു മനുഷ്യനോട് ഞാന്‍ പ്രതികാരം ചെയ്താല്‍ ഞാന്‍ നീതിയാണ് ചെയ്തതെന്ന് പറയുവാനും എനിക്ക് ഒഴിവ് കഴിവ് അന്വേഷിക്കുവാനും ആരുണ്ട്?'' (ബുഖാരി, മുസ്‌ലിം).
അപവാദപ്രചാരണം വരുത്തിവെച്ച അപകടത്തിന്റെ ആഴമറിയുവാനാണ് ഈ സംസാരം ഉദ്ധരിച്ചത്. പ്രസ്തുത നാളുകളില്‍ മദീനയില്‍വെച്ച് സ്വഹാബിയായ അബൂഅയ്യൂബില്‍അന്‍സ്വാരി(റ)യും ഭാര്യ ഉമ്മുഅയ്യൂബും തമ്മില്‍ നടന്ന ഒരു സംഭാഷണം സല്‍വിചാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. അത് ഇപ്രകാരമാണ്:
ഉമ്മുഅയ്യൂബ്(റ) പറഞ്ഞു: 'ഓ അബൂഅയ്യൂബ്, ആഇശയുടെ വിഷയത്തില്‍ ജനങ്ങളുടെ സംസാരം താങ്കള്‍ കേട്ടില്ലേ?' അബൂഅയ്യൂബ് (റ)പറഞ്ഞു: 'അതെ. അത് കളവാകുന്നു. ഉമ്മു അയ്യൂബ്, നിങ്ങളായിരുന്നു അത് എങ്കില്‍ നിങ്ങള്‍ അപ്രകാരം ചെയ്യുമായിരുന്നോ?' ഉമ്മുഅയ്യൂബ് പറഞ്ഞു: 'അല്ലാഹുവാണേ ഇല്ല. ഞാന്‍ അത് ചെയ്യില്ല.' അബൂഅയ്യൂബ് പറഞ്ഞു: 'എങ്കില്‍ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടയാണ് ആഇശ.'
ഇപ്രകാരമായിരുന്നു സ്വഹാബികള്‍. അലി(റ)യുടെ ഭരണകാലത്ത് മുസ്‌ലിംകള്‍ക്ക് ഇടയില്‍ സംജാതമായ ജമല്‍യുദ്ധത്തില്‍ അലിയുടെ എതിര്‍പക്ഷത്തായിരുന്നു ത്വല്‍ഹത് ഇബ്‌നു ഉബയ്ദില്ല(റ). എന്നിട്ടും ത്വല്‍ഹ(റ) വധിക്കപ്പെട്ടപ്പോള്‍ അലി(റ) കരഞ്ഞതും ചരിത്രത്തില്‍ കാണാം:
''ത്വല്‍ഹത്ത് വധിക്കപ്പെടുകയും അദ്ദേഹത്തെ അലി(റ) കൊല്ലപ്പെട്ടവനായി കാണുകയും ചെയ്തപ്പോള്‍ അലി(റ) അദ്ദേഹത്തിന്റെ മുഖത്തുനിന്ന് മണ്ണ് തുടക്കുവാനും ഇപ്രകാരം പറയുവാനും തുടങ്ങി: 'അബൂമുഹമ്മദ്, താങ്കള്‍ ആകാശ താരങ്ങള്‍ക്ക് കീഴെ നിലംപൊത്തി കിടക്കുന്നത് കാണല്‍ എനിക്ക് ഏറെ പ്രയാസകരമാണ്.' ശേഷം അദ്ദേഹം പറഞ്ഞു: 'എന്റെ ദുഃഖങ്ങളും വ്യഥകളും ഞാന്‍ അല്ലാഹുവോട് ബോധിപ്പിക്കുന്നു.' ത്വല്‍ഹത്തിന്റെ ജനാസക്കരികിലിരുന്ന് അദ്ദേഹവും കൂടെയുള്ളവരും ഏറെ കരഞ്ഞു. അദ്ദേഹം പറഞ്ഞു: 'ഈ ദിനം വന്നണയുന്നതിന്റെ ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ മരണപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!'' (ഉസ്ദുല്‍ ഗാബഃ, ഉബ്‌നുല്‍ അഥീര്‍ 3:88,89).
ജമലില്‍ അമീറുല്‍മുഅ്മിനീന്‍ അലി(റ)യുടെ എതിര്‍പക്ഷത്തായിരുന്നു ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ). മുസ്‌ലിംകള്‍ക്കിടയിലെ പ്രശ്‌നപരിഹാരത്തിന് അവര്‍ അവിടേക്ക് നയിക്കപ്പെടുകയാണുണ്ടായത്. അലിയോട് അവര്‍ക്കുണ്ടായിരുന്ന മതിപ്പും ആദരവും നല്ലവിചാരവും അറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം ചരിത്രത്തില്‍ കാണാം. ശുറയ്ഹ് ഇബ്‌നുഹാനിഅ്(റ) പറഞ്ഞു:
''ഖുഫ്ഫകള്‍ തടവുന്നതിനെ കുറിച്ചു ചോദിക്കുവാന്‍ ഞാന്‍ ആഇശയുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: 'താങ്കള്‍ അലിയ്യ് ഇബ്‌നു അബീത്വാലിബിനെ സമീപിക്കുകയും അദ്ദേഹത്തോടു ചോദിക്കുകയും ചെയ്യുക. കാരണം അല്ലാഹുവിന്റെ റസൂലിനോടൊപ്പം അദ്ദേഹം യാത്ര ചെയ്യുമായി രുന്നു.' അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അലി(റ) പറഞ്ഞു: 'മൂന്നു പകലുകളും അവയുടെ രാവുകളും യാത്രക്കാരനും ഒരു രാവും പകലും നാട്ടില്‍ താമസിക്കുന്നവനും (ഖുഫ്ഫഃ തടവുവാന്‍) തിരുദൂതര്‍ നിശ്ചയിച്ചിരിക്കുന്നു.' മറ്റൊരു നിവേദനത്തില്‍ ആഇശ(റ) പറഞ്ഞതായി ഇപ്രകാരമുണ്ട്: 'താങ്കള്‍ അലിയുടെ അടുക്കല്‍ ചെല്ലുക. കാരണം അദ്ദേഹത്തിനാണ് അതിനെ കുറിച്ച് എന്നെക്കാള്‍ അറിയുന്നത്.' അപ്പോള്‍ ഞാന്‍ അലിയുടെ അടുക്കല്‍ ചെന്നു. അദ്ദേഹം നബി ﷺ യില്‍ നിന്നും ഇതുപോലുള്ള ഒരു ഹദീഥ് പറഞ്ഞു.'
അലി(റ)യുടെ തന്നെ ഭരണകാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ സംജാതമായ മറ്റൊരു യുദ്ധമാണ് സ്വിഫ്ഫീന്‍ യുദ്ധം. ശത്രുക്കളുടെ കുതന്ത്രങ്ങളും കപടന്മാരുടെ ഇരട്ടമുഖങ്ങളും നിഷ്‌കളങ്കരായ സ്വഹാബത്തിനെ യുദ്ധമുഖത്ത് എത്തിക്കുകയായിരുന്നു എന്നതും പ്രസ്തുത യുദ്ധങ്ങളില്‍ പങ്കുകൊണ്ടസ്വഹാബികള്‍ വളരെ വിരളമായിരുന്നു എന്നതുമാണ് നേര്. അലി(റ)യും മുആവിയ(റ)യും ഇരുപക്ഷങ്ങളിലും നേതൃനിരയിലായിരുന്നു.
പില്‍കാലത്ത് അലി(റ) രക്തസാക്ഷിയായ വിവരം മുആവിയ(റ)ക്ക് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരം ചരിത്രത്തിലുണ്ട്:
അദ്ദേഹം കരയുകയായിരുന്നു. അദ്ദേഹത്തോട് ഭാര്യ ചോദിച്ചു: 'ഇന്നലെ താങ്കള്‍ അദ്ദേഹത്തോട് യുദ്ധം ചെയ്തു. ഇന്ന് താങ്കള്‍ അദ്ദേഹത്തിന് വേണ്ടി കരയുകയോ?' മുആവിയ(റ) പറഞ്ഞു: 'നിനക്കു നാശം, അദ്ദേഹത്തിന്റെ വിവേകവും വിജ്ഞാനവും മഹത്ത്വവും നന്മയും പുണ്യങ്ങളിലേക്കുള്ള മുന്നേറ്റങ്ങളും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനാലാണ് ഞാന്‍ കരയുന്നത്.'
മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് ഇപ്രകാരമാണ്: 'നിനക്ക് നാശം. ജനങ്ങള്‍ക്ക് എത്ര നന്മയും വിജ്ഞാനവും പാണ്ഡിത്യവുമാണ് (അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ) നഷ്ടപ്പെട്ടത് എന്ന് നിനക്ക് അറിയില്ല'' (അല്‍ബിദായ വന്നിഹായ, ഇബ്‌നുകഥീര്‍).
ഉമ്മുല്‍മുഅ്മിനീന്‍ ആഇശായുടെ സഹകളത്രിയായിരുന്ന ഉമ്മുല്‍മുഅ്മിനീന്‍ സയ്‌നബ് ബിന്‍ത് ജഹ്ശി(റ)ന് നബി ﷺ യുടെ അടുത്ത് വലിയ സ്ഥാനമായിരുന്നു. തിരുദൂതരുടെ അമ്മായി ഉമയ്മയുടെ മകളായിരുന്നു അവര്‍. തന്റെ സഹകളത്രിയായ സയ്‌നബി(റ)നെ കുറിച്ച് ആഇശ(റ) പറഞ്ഞതായ വചനങ്ങള്‍ നോക്കൂ: ''തിരുദൂതരുടെ അടുത്ത് സയ്‌നബിനുള്ള സ്ഥാനത്താല്‍ പ്രവാചക പത്‌നിമാരില്‍ അവരായിരുന്നു എന്നോടു കിടപിടിക്കാറുണ്ടായിരുന്നത്. മതനിഷ്ഠയിലും അല്ലാഹുവിലുള്ള തക്വ്‌വയിലും സത്യസന്ധമായ സംസാരത്തിലും കുടുംബബന്ധം ചാര്‍ത്തുന്നതിലും നന്നായി ദാനധര്‍മം നിര്‍വഹിക്കുന്നതിലും, ധര്‍മം നിര്‍വഹിക്കുക, അല്ലാഹുവോട് അടുക്കുക എന്നീ കര്‍മങ്ങളിലുള്ള തികഞ്ഞ അര്‍പ്പണബോധത്തിലും സയ്‌നബിനോളം ശ്രേഷ്ഠയായ ഒരു സ്ത്രീയെയും ഞാന്‍ കണ്ടിട്ടില്ല; അവരിലുണ്ടായിരുന്ന പെട്ടെന്നുള്ള ഈര്‍ഷ്യതാ സ്വഭാവമല്ലാതെ. ആ സ്വഭാവത്തില്‍ നിന്നാകട്ടെ അവര്‍ വേഗത്തില്‍ മടങ്ങുകയും ചെയ്യുമായിരുന്നു'' (മുസ്‌ലിം).