പുണ്യകര്‍മങ്ങള്‍

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 4)

ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ സ്വഭാവഗുണങ്ങളില്‍ ഒന്നാണ് 'ബിര്‍റ്.'''ബിര്‍റ്' എന്തെന്നു വിശദീകരിച്ച് നബി ﷺ   പറഞ്ഞു: ''സല്‍സ്വഭാവമാകുന്നു ബിര്‍റ്. നിന്റെ മനസ്സിന് ചൊറിച്ചിലുണ്ടാക്കുകയും ജനങ്ങള്‍ നോക്കിക്കാണുന്നത് നിനക്ക് അനിഷ്ടകരമാവുകയും ചെയ്യുന്നത് പാപവും''(ബുഖാരി).

വാബിസ്വ ഇബ്‌നു മഅ്ദ്(റ) പറഞ്ഞു: ''ഞാന്‍ തിരുദൂതരുടെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ   ചോദിച്ചു: 'താങ്കള്‍ ബിര്‍റിനെ കുറിച്ചും പാപത്തെ കുറിച്ചും ചോദിക്കുവാനാണോ വന്നിരിക്കുന്നത്?' ഞാന്‍ പറഞ്ഞു: 'അതെ.' തിരുമേനി ﷺ   പറഞ്ഞു: 'താങ്കളുടെ മനസ്സിനോട് വിധി ചോദിക്കുക. മനസ്സ് സമാധാനമടഞ്ഞതേതോ അതാണ് ബിര്‍റ്. ഹൃദയം ശാന്തി കണ്ടതുമാണ് ബിര്‍റ്'' (മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ബന്ധം ചാര്‍ത്തലും നന്മയേകലും നന്നായി വര്‍ത്തിക്കലുമാണ് ബിര്‍റ്. ഏഴു കാര്യങ്ങള്‍ ബിര്‍റിലെ നിധികളായി പരിചയപ്പെടുത്തപെട്ടിട്ടുണ്ട്. ആരാധനയിലുള്ള ആത്മാര്‍ഥത (ഇഖ്‌ലാസ്വ്), മാതാപിതാക്കള്‍ുള്ള പുണ്യം, കുടുംബബന്ധം ചാര്‍ത്തല്‍, അമാനത്തിന്റെ നിര്‍വഹണം, പാപത്തിന്റെ വിഷയത്തില്‍ ആരെയും അനുസരിക്കാതിരിക്കല്‍, ദേഹേച്ഛ പ്രവൃത്തിക്കാതിരിക്കല്‍, പുണ്യകര്‍മത്തില്‍ കഠിനാധ്വാനിയാകലും അല്ലാഹുവെ ഭയക്കലും അവന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കലും തക്വ്‌വ കൈകൊള്ളലും നാഥനെ ഭയക്കലും ബിര്‍റിനുള്ള മാര്‍ഗമാണ്. (സമര്‍ക്വന്ദിയുടെ തന്‍ബീഹുല്‍ഗാഫിലീന്‍ പേജ്: 253).

അല്ലാഹു—പറഞ്ഞു: ''പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍'' (ക്വുര്‍ആന്‍ 2:189).

''നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല'' (ക്വുര്‍ആന്‍ 3:92).

ലുബ്ധ്, പിശുക്ക് എന്നീ രോഗങ്ങളില്‍നിന്ന് മനസ്സിനെ ചികിത്സിക്കുക, ദാനം നിര്‍വഹിക്കുക, നന്മയുടെ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്യുവാനും പരിശ്രമിക്കുക എന്നിവ ബിര്‍റിന് സഹായകമാവുന്ന മാര്‍ഗമാണ്. അല്ലാഹു— പറഞ്ഞു:

''നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍'' (ക്വുര്‍ആന്‍ 2:177).

ബിര്‍റിന്റെ മഹത്ത്വവും പ്രാധാന്യവും അറിയിച്ച് തിരുമേനി ﷺ   പറഞ്ഞു: ''പുണ്യം മാത്രമാകുന്നു ആയുസ്സില്‍ വര്‍ധനവുണ്ടാക്കുന്നത്. പ്രാര്‍ഥന മാത്രമാകുന്നു വിധിയെ തടുക്കുന്നത്'' (സുനനു ഇബ്‌നി മാജ. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ   പറഞ്ഞു: ''നിങ്ങള്‍ സത്യസന്ധത കൃത്യമായി പാലിക്കുക. കാരണം സത്യസന്ധത നന്മയി(ബിര്‍റ്)ലേക്കു നയിക്കും. നന്മയാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കും''(മുസ്‌ലിം).

അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവെ കാണുന്നതുപോലെ നിങ്ങള്‍ അവനെ ആരാധിക്കുക. നിങ്ങളെ നിങ്ങള്‍ മരണംവരിച്ചവരില്‍ എണ്ണുക. നിങ്ങള്‍ക്ക് ഐശ്വര്യമേകുന്ന തുച്ഛമായതാണ് നിങ്ങളെ അശ്രദ്ധമാക്കുന്ന കൂടുതല്‍ സമ്പത്തിനെക്കാള്‍ ഉത്തമം. ബിര്‍റ് ഒരിക്കലും നശിക്കുകയില്ലെന്നും പാപം ഒരിക്കലും മറയുകയില്ലെന്നും നിങ്ങള്‍ അറിയുക''  (മുസ്വന്നഫു ഇബ്‌നിഅബീ ശയ്ബ).

അബൂദര്‍റ് അല്‍ഗിഫാരി(റ) പറഞ്ഞു: ''ബിര്‍റ് ചെയ്യുന്നതോടൊപ്പം ദുആ, ഭക്ഷണത്തില്‍ ഉപ്പ് എത്രമാത്രം മതിയോ അത്രമാത്രം മതി'' (മുസ്വന്നഫു ഇബ്‌നി അബീശെയ്ബ).

ഇബ്‌നുല്‍ക്വയ്യിം പറഞ്ഞു: ''പുണ്യപ്രവൃത്തികള്‍ ദാസനെ സജീവമാക്കുകയും അവനെ നിലനിര്‍ത്തുകയും ചെയ്യും. അവ അവനെയുംകൊണ്ട് അല്ലാഹുവിലേക്ക് കയറും. അവന് പുണ്യങ്ങളോടുള്ള ബന്ധത്തിന്റെ ശക്തിക്കനുസരിച്ച് അവയുടെ ഉയര്‍ച്ചയോടൊപ്പം അവനും ഉയര്‍ച്ചയുാകും'' (ത്വരീക്വുല്‍ഹിജ്‌റതയ്ന്‍).

എല്ലാ സല്‍പ്രവൃത്തികളും ബന്ധം ചാര്‍ത്തലും നന്മയും 'ബിര്‍റ്' എന്ന പദം ഉള്‍കൊള്ളുന്നു. എന്നാല്‍ ബിര്‍റിന്റെ ഏറ്റവും പ്രധാനമായ ഒരു രൂപം മാതാപിതാക്കള്‍ക്കു നേരെയുള്ളതാകുന്നു. ഈസാ നബി(അ)യെയും യഹ്‌യാനബി(അ)യെയും പ്രശംസിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കൂ:

''തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല'' (ക്വുര്‍ആന്‍ 19:14).

''(അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല'' (ക്വുര്‍ആന്‍ 19:32).

മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുന്നതിന്റെ മഹത്ത്വമറിയിക്കുന്ന ഏതാനും തിരുമൊഴികളും സംഭവങ്ങളും താഴെ നല്‍കുന്നു.

അബൂ ഉസയ്ദ് അസ്സാഇദീ(റ)യില്‍ നിന്ന് നിവേദനം:

''ഞങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരോടൊപ്പമായിരിക്കെ ബനൂസലമ ഗോത്രത്തില്‍പെട്ട ഒരു വ്യക്തി തിരുസവിധത്തിലെത്തി. അയാള്‍ ചോദിച്ചു: 'എന്റെ മാതാപിതാക്കളുടെ മരണാനന്തരം ഞാന്‍ അവര്‍ക്ക് നിര്‍വഹിക്കുവാന്‍ ശേഷിക്കുന്ന വല്ല ബിര്‍റും ഉേണ്ടാ?' തിരുമേനി ﷺ   പറഞ്ഞു: 'അതെ. അവരുടെ മേല്‍ ജനാസ നമസ്‌കാരം, അവര്‍ക്ക് വേണ്ടിയുള്ള പാപമോചന തേട്ടം, അവരുടെ വാഗ്ദാനങ്ങള്‍ അവരുടെ വിയോഗാനന്തരം നടപ്പിലാക്കല്‍, അവരിലൂടെ മാത്രം ചേര്‍ക്കപ്പെടുന്ന കുടുംബബന്ധം ചാര്‍ത്തല്‍, അവരുടെ കൂട്ടുകാരെ ആദരിക്കല്‍'' (ഇബ്‌നി ഹിബ്ബാന്‍).

മുആവിയത് അസ്സുലമി(റ)യില്‍ നിന്ന് നിവേദനം: ''ഞാന്‍ അല്ലാഹുവിന്റെ റസൂലിന്നരികില്‍ ചെന്നു. ഞാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു.' തിരുമേനി ﷺ   പറഞ്ഞു: 'താങ്കള്‍ക്ക് നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യം ചെയ്യുക. ശേഷം ഞാന്‍ മറുഭാഗത്തിലൂടെ തിരുമേനി യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ആഗ്രഹിക്കുന്നു. തിരുമേനി പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യംചെയ്യുക. പിന്നീട് ഞാന്‍ മുന്നിലൂടെ തിരുമേനി ﷺ  യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു. നബി(റ) പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പ്രതികരിച്ചു: താങ്കള്‍ക്കു നാശം. അവരുടെ കാല്‍പാദത്തെ വിടാതെ കൂടുക. കാരണം അവിടെയാണ് സ്വര്‍ഗം'' (സുനനുഇബ്‌നിമാജഃ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ''തന്റെ പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോട് ബന്ധം ചാര്‍ത്തുകയെന്നത് ഏറ്റവും വലിയ പുണ്യമാകുന്നു.''(മുസ്‌ലിം)

മുഖപ്രസന്നത

സന്തോഷവും പുഞ്ചിരിയും നല്ല മുഖഭാവവും തന്മയത്തവും ആളുകളെ അഭിമുഖീകരിക്കുമ്പോഴുള്ള പ്രസന്നതയുമൊക്കെ അനിവാര്യവും അഭികാമ്യവുമാണ്. തിരുസുന്നത്തില്‍ തല്‍വിഷയത്തില്‍ കല്‍പനകളും നിര്‍ദ്ദേശങ്ങളും ഏറെയാണ്. അബൂദര്‍റില്‍ഗിഫാരി(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. തിരുനബി എന്നോടു പറഞ്ഞു:

 ''നന്മയില്‍ യാതൊന്നും താങ്കള്‍ നിസാരവല്‍കരിക്കരുത്; താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നതായാല്‍പോലും.'' (മുസ്‌ലിം) മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്:

 ''നിന്റെ സഹോദരന്റെ മുഖത്തു(നോക്കിയുള്ള) നിന്റെ പുഞ്ചിരി നിനക്കു സ്വദക്വഃയാണ്.'' ജാബിറി(റ)

യില്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമാണുള്ളത്:

''എല്ലാ നന്മയും സ്വദക്വഃയാകുന്നു. നിശ്ചയം താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നത് നന്മയില്‍പെട്ടതാകുന്നു.'' (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

തിരുദൂതരുടെ മാതൃക ഈ വിഷയത്തില്‍ അനുചരന്മാരും പ്രവാചകപത്‌നിമാരും വര്‍ണിക്കുന്നത് ഏറെ വശ്യമാണ്. ഏതാനും വര്‍ണനകള്‍ ഇവിടെ നല്‍കുന്നു. ആഇശ(റ)യില്‍ നിന്ന് നിവേദനം:

''തിരുനബി ﷺ  യെ ഒരിക്കലും ഗൗരവതരത്തിലും ചെറുനാക്ക് കാണും വിധം ചിരിക്കുന്നതായും ഞാന്‍ കണ്ടിട്ടില്ല. തിരുമേനി പുഞ്ചിരിക്കുക മാത്രമായിരുന്നു.'' (ബുഖാരി)

ജരീര്‍ ഇബ്‌നു അബ്ദില്ല(റ)യില്‍ നിന്ന് നിവേദനം: ''ഞാന്‍ ഇസ്‌ലാം സ്വീകരിച്ച നാളുമുതല്‍ തിരുനബി എന്നെ(തിരുദൂതരു ﷺ  ടെ അടുക്കലേക്ക് പ്രവേശിക്കുന്നത്) തടഞ്ഞിട്ടില്ല. എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കാതെ എന്നെ തിരുമേനിക്ക് മുട്ടിയിട്ടുമില്ല.'' (ബുഖാരി)

ബര്‍റാഅ് ഇബ്‌നു ആസിബില്‍ നിന്ന് നിവേദനം:

''തിരുനബി മനുഷ്യരില്‍ ഏറ്റവുമധികം മുഖസൗന്ദര്യം ഉള്ളവനായിരുന്നു.'' (ബുഖാരി) അബൂ ഇസ്ഹാക്വി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ബറാഇ(റ)നോട് ചോദിക്കപ്പെട്ടു:

''തിരുനബി ﷺ  യുടെ മുഖം തിളങ്ങുന്ന വാളു പോലെയായിരുന്നുവോ അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു.''(ബുഖാരി)