അവസരങ്ങള്‍ നല്‍കാം; മുന്‍വിധികളില്ലാതെ

നബീല്‍ പയ്യോളി

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

ജോലി അന്വേഷിച്ചു ധാരാളം സ്ഥാപനങ്ങളില്‍ കയറിയിറങ്ങി. എല്ലാവര്‍ക്കും എക്‌സ്പീരിയന്‍സ് ഉള്ളവര്‍ വേണം. അവസാനം എത്തിയ കമ്പനിയില്‍നിന്നും ഇതേ ചോദ്യം കേട്ടപ്പോള്‍ മറുപടി നല്‍കി: 'നിങ്ങളൊക്കെ ജോലി നല്‍കിയാലല്ലേ എക്‌സ്പീരിയന്‍സ് ഉണ്ടാവൂ?' മറുപടി കേട്ട് കൗതുകം തോന്നിയ ആ കമ്പനി മാനേജര്‍ പറഞ്ഞു: 'എങ്കില്‍ നീ ഇവിടെ ജോലി ചെയ്‌തോളൂ.'

ജോലി തേടി കടല്‍കടന്ന് മണലാരണ്യത്തില്‍ എത്തിയ അനുഭവം വിവരിച്ച കൂട്ടത്തില്‍ ഗുരുനാഥന്‍ പറഞ്ഞ വാചകം ചിന്തനീയമാണ്; അനുഭവം സ്വയം ഉണ്ടാവുകയല്ലല്ലോ, അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രമല്ലേ അനുഭവം ഉണ്ടാവൂ?

നമുക്ക് ചുറ്റുമുള്ള മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുക അസാധ്യമാണ്. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചാല്‍ മാത്രമെ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതിനനുസരിച്ച് നാം അപ്‌ഡേറ്റഡായിരിക്കണം. നമ്മള്‍ മാത്രമല്ല കൂടെയുള്ളവരും നമുക്കൊപ്പം സഞ്ചരിക്കുക എന്നത് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അനിവാര്യമാണ്. ചുറ്റുമുള്ളവരെ പലപ്പോഴും മുന്‍വിധിയോടെയാണ് നമ്മള്‍ സമീപിക്കാറുള്ളത്. 'ഹേയ്, അവനത് ചെയ്യാന്‍ പറ്റില്ല. എന്തിനാ ഒരു പരീക്ഷണത്തിന് നില്‍ക്കുന്നത്, ഞാന്‍ ചെയ്‌തോളാം.' നാം പലപ്പോഴും കേട്ട വാചകങ്ങളാണിത്. അത് സ്വയം കുഴപ്പത്തിലേക്ക് എടുത്തുചാടലാണെന്ന് മനസ്സിലാക്കാതെ പോവുകയാണ്. ചെയ്യാവുന്നതിലധികം കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ഒന്നും ഭംഗിയായി ചെയ്യാന്‍ സാധിക്കാതെ നിരാശപ്പെടുകയാണ് പലപ്പോഴും നാം. ഇല്ലെങ്കില്‍ എല്ലാം അപൂര്‍ണമായി ചെയ്തുതീര്‍ക്കും, മനസ്സില്ലാ മനസ്സോടെ.

മനുഷ്യര്‍ വ്യത്യസ്തമായ കഴിവുകളുള്ളവരാണ്. ഓരോരുത്തരുടെയും കഴിവുകളെ കണ്ടെത്തിയും അവ സമര്‍ഥമായി ഉപയോഗപ്പെടുത്തിയും മുന്നോട്ടുപോകുന്നവര്‍ക്കേ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സാധ്യമാവുകയുള്ളൂ. മനുഷ്യര്‍ പൊതുവെ മടിയന്മാര്‍കൂടിയാണ്. ആരെങ്കിലും 'അത് ഞാന്‍ ചെയ്‌തോളാം' എന്നു പറഞ്ഞാല്‍ വലിയ സന്തോഷമാണ്, നമ്മള്‍ എന്തിന് വെറുതെ ബുദ്ധിമുട്ടണം, അവന്‍ തന്നെ ചെയ്യട്ടെ എന്ന മനോഭാവം. കാര്യങ്ങള്‍ ഭംഗിയായി നടക്കണമല്ലോ എന്ന നിഷ്‌കളങ്കതയുടെ മേമ്പൊടി ചേര്‍ത്ത് അത് ഗംഭീരമാക്കും ചില വിരുതന്മാര്‍. ഇസ്തിരിചുളിയാതിരിക്കാനും ദേഹത്ത് ചെളി പുരളാതിരിക്കാനും ഇക്കൂട്ടര്‍ സദാ ജാഗ്രതകാണിക്കുകയും ചെയ്യും. മറ്റുചിലര്‍ വേലിയിലിരിക്കുന്ന പാമ്പിനെയെന്തിന് തോളത്തിടണം എന്ന് ചിന്തിക്കുന്നവരാണ്, നിഷ്‌കളങ്കമായ ചിന്ത. ഇതും ശരിയല്ല.

ആരെയും അവരുടെ ബാഹ്യരൂപമോ, വിദ്യാഭ്യാസമോ, പണമോ, പ്രായമോ തുടങ്ങി നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന അളവുകോല്‍കൊണ്ട് അളക്കരുത്. അവസരങ്ങള്‍ ലഭിക്കാത്തത് മൂലം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവരായി ധാരാളംപേര്‍ നമുക്കുചുറ്റുമുണ്ട്. വീട്ടില്‍, നാട്ടില്‍, ജോലിസ്ഥലത്ത്; സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത സംഘടനകളില്‍ തുടങ്ങി മനുഷ്യര്‍ ഇടപെടുന്ന ഇടങ്ങളിലെല്ലാം ഇത്തരം ധാരാളം ആളുകളുണ്ട്. എല്ലാവരുടെയും കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ബുദ്ധി, എങ്കില്‍ കാര്യങ്ങള്‍ ഭംഗിയായും എളുപ്പത്തിലും നടത്താന്‍ സാധ്യമാവും.

മുമ്പ് അധ്യാപകര്‍ പറഞ്ഞുതന്ന നോട്ട് പകര്‍ത്തിയെഴുതിയാണ് നമ്മള്‍ സ്‌കൂളില്‍ പഠിച്ചതെങ്കില്‍ ഇന്ന് അധ്യാപകര്‍ ഒരു സ്രോതസ്സ് മാത്രമാണ്. കുട്ടികള്‍ അധ്യാപകരെയടക്കം നിരവധി അറിവിന്റെ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നു. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരാണെങ്കില്‍ ആ കുട്ടികള്‍ നിരവധി ക്രിയാത്മകമായ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യും. സര്‍ട്ടിഫിക്കറ്റുകളെക്കാള്‍ കഴിവിനും നൈപുണ്യത്തിനുമാണ് ഇന്ന് തൊഴിലിടങ്ങളില്‍ പ്രാമുഖ്യം. ഇത് പൊടുന്നനെ ഉണ്ടാകുന്നതല്ല, മറിച്ച് ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കേണ്ടതാണ്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ മാത്രമല്ല അവര്‍ക്കു പഠനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന മാതാപിതാക്കള്‍ കൂടി കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ചിന്തിക്കാനും അപ്‌ഡേറ്റ് ചെയ്യാനും തയ്യാറാവണം. നിര്‍ബന്ധിതാവസ്ഥ എന്ന നിലയിലോ സ്വയം ബോധ്യത്തിലോ രക്ഷിതാക്കള്‍ അങ്ങനെയായിക്കഴിഞ്ഞു. ഇനിയും ഒരുപാട് മാറേണ്ടതുണ്ട്. ആശാവഹമായ മാറ്റങ്ങള്‍ തന്നെയാണിത്.

പരസ്പരം അറിഞ്ഞും സഹായിച്ചും മുന്നോട്ട് പോവുക എന്നത് പ്രധാനമാണ്. സഹായം എന്നാല്‍ മറ്റൊരാള്‍ ചെയ്യേണ്ടത് സ്വയം ചെയ്ത് കൊടുക്കലാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ മറ്റൊരാള്‍ക്ക് ആവശ്യമായ ഉപദേശ, നിര്‍ദേശങ്ങള്‍ നല്‍കുകയും അവര്‍ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ സഹായം. കുട്ടിയോട് പ്രോജക്റ്റ് വര്‍ക്ക് ചെയ്തു കൊണ്ടുവരാന്‍ അധ്യാപകര്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും നല്ല പ്രോജക്ട് പണം കൊടുത്തുവാങ്ങി തന്റെ കുട്ടിക്ക് നല്‍കുന്ന രക്ഷിതാക്കളുണ്ട്. ചില രക്ഷിതാക്കള്‍ തന്നെ അത് ചെയ്ത് കൊടുക്കുന്നതും കാണാം. ഇത് രണ്ടും തികഞ്ഞ അവിവേകമാണ്. കുട്ടികളുടെ കഴിവുകള്‍ പരിശോധിക്കാനും പരിപോഷിപ്പിക്കാനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. അത് അട്ടിമറിക്കപ്പെടുകയാണ് പണവും അതിബുദ്ധിയും ഉപയോഗിച്ച് ചില രക്ഷിതാക്കള്‍. തങ്ങളുടെ കുട്ടികളുടെ അവസരം നിഷേധിക്കുകയും അവരുടെ കഴിവിനെ ഇല്ലാതാക്കുകയുമാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്. ഇത്തരം അബദ്ധങ്ങളില്‍നിന്നും രക്ഷിതാക്കള്‍ ഇനിയെങ്കിലും പിന്മാറണം. അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങളും അതിന് വേണ്ട പിന്തുണയും പ്രോത്സാഹനവും നല്‍കലാണ് ബുദ്ധിമതികളായ രക്ഷിതാക്കള്‍ ചെയ്യേണ്ടത്. അശാസ്ത്രീയ മൂല്യനിര്‍ണയ രീതികള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതിന്റെ ഒരു പ്രതിഫലനം കൂടിയാണ് ചില രക്ഷിതാക്കളെയെങ്കിലും ഇത്തരം അവിവേകങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

തൊഴിലിടങ്ങളിലും ഇങ്ങനെ തന്നെയാണ്. ആരെങ്കിലും എന്തെകിലും സഹായം ചോദിച്ചാല്‍ ചിലര്‍ മുഖം തിരിക്കും. മറ്റു ചിലര്‍ അത് മുഴുവനായും ചെയ്തുകൊടുക്കും. രണ്ടും ശരിയല്ല. പിന്നീട് അദ്ദേഹത്തിന് അത് സ്വയം ചെയ്യാന്‍ തക്കവണ്ണം എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്. മറ്റുള്ളവരുടെ ജോലികളില്‍ സഹായിച്ച് സ്വന്തം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നുന്ന പലരും നമ്മുടെ തൊഴിലിടങ്ങളിലുണ്ട്. മറ്റൊരാളുടെ പണിയും എടുത്ത് സ്വന്തം ജോലി ചെയ്യാന്‍ കഴിയാതെ മേലുദേ്യാഗസ്ഥരുടെ പഴി കേള്‍ക്കേണ്ടിവരുന്ന ഹതഭാഗ്യര്‍. അതുപോലെ വീട്ടില്‍ രാപകല്‍ അദ്ധ്വാനിക്കുന്ന സ്ത്രീകളും ഈ നിഷ്‌കളങ്കതയുടെ ഇരകളാണ്. കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കി അവരെക്കൂടി വീട്ടുജോലികളില്‍ ഭാഗവാക്കാക്കാന്‍ തയ്യാറാവണം.

ഒരു ഇലക്ഷന്‍ കാലം കൂടി വരികയാണ്, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം. രാഷ്ട്രീയ പാര്‍ട്ടികള്‍ പരിചയ സമ്പന്നരെ മാത്രം തെരഞ്ഞു നടക്കരുത്. പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കണം. അവസരങ്ങള്‍ അനിവാര്യമായി ലഭിക്കേണ്ടവരെ പരിഗണിക്കാതെ പോകരുത്. മാറ്റങ്ങള്‍ക്ക് വഴിമാറാം.

സംഘടനാരംഗത്തും ഈ പ്രവണതകള്‍ കണ്ടുവരാറുണ്ട്. ഏതാനും ആളുകളുടെ തലയില്‍ ഭാരമേല്‍പിച്ച് വിശ്രമിക്കുന്നവര്‍, അല്ലെങ്കില്‍ എല്ലാ ഭാരവും ഏറ്റെടുത്ത് സ്വയം ബലിയാടാകുന്നവര്‍. ഇവര്‍ രണ്ടുകൂട്ടരും ചെയ്യുന്നത് അവിവേകമാണ്. ഓരോ സംവിധാനത്തിന്റെയും ഭാഗമായ ധാരാളം ആളുകള്‍ ഉണ്ടാവും. അവരെ പരമാവധി ഉപയോഗപ്പെടുത്തി ബാക്കി കാര്യങ്ങള്‍ നമ്മള്‍ ചെയ്യുക എന്ന രീതി അവലംബിക്കുകയാണ് യഥാര്‍ഥ സംഘാടകര്‍ ചെയ്യേണ്ടത്. സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍ വരെ വ്യത്യസ്ത കഴിവുകളുള്ളവര്‍ ഉണ്ടാവും. അവര്‍ക്ക് അവസരം ലഭിക്കാത്തതുകൊണ്ടാവാം പലകാര്യങ്ങളും ചെയ്യാതെപോകുന്നത്. അവസരങ്ങളും പിന്തുണയും പ്രോത്സാഹനവും നല്‍കിയാല്‍ നമ്മെക്കാള്‍ ഭംഗിയായി അത്തരം ആളുകള്‍ കാര്യങ്ങള്‍ ചെയ്യും. അവരെ ഓര്‍മപ്പെടുത്തുന്നവരോ കോ ഓഡിനേറ്റ് ചെയ്യുന്നവരോ മാത്രമായി നാം മാറിയാല്‍ മതിയാവും.

ഇടപെടുന്ന ഏതുരംഗത്തും കുറഞ്ഞ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും അത് ഭംഗിയായി നിര്‍വഹിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ ധാരാളം കാര്യങ്ങള്‍ ഏറ്റെടുത്ത് അതെല്ലാം അപൂര്‍ണമായി ചെയ്യുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുത്. ഒരേകാര്യം തന്നെ ചെയ്തുകൊണ്ടിരിക്കുക എന്നത് മടുപ്പുളവാക്കും. അതോടൊപ്പം ആ കാര്യത്തില്‍ മറ്റൊരു ദിശയിലുള്ള ചിന്ത ഉണ്ടാകാനിടയുമില്ല. നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറി പുതിയ തലങ്ങളിലേക്ക് സ്വയം വളരാനോ അപ്‌ഡേറ്റഡാകുവാനോ തയ്യാറാവണം. എന്നാല്‍ നമുക്ക് മടുപ്പുണ്ടാവില്ല. മറ്റൊരാള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. കാര്യങ്ങളില്‍ പുതുമയുണ്ടാവുക എന്നത് എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. നിര്‍ബന്ധിതമായോ, ആഗ്രഹം എന്ന നിലയിലോ അതുമല്ലെങ്കില്‍ ആകാംക്ഷയോ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ നമ്മെ പ്രേരിപ്പിക്കും. മാറ്റം ആഗ്രഹിക്കാത്തവരായി ആരുമില്ല. മനുഷ്യന്റെ സൈക്കോളജി അതാണ്. പുതുമകളുടെ തേട്ടം മനുഷ്യമനസ്സിന്റെ അടങ്ങാത്ത ആഗ്രഹമാണ്. അതിന് നാം അവസരങ്ങള്‍ ഉണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് അവസരം നല്‍കുകയും ചെയ്യണം.

ഈ നശ്വര ലോകത്ത് ശ്വാസം മുട്ടി ജീവിക്കുന്നവരായി മാറരുത്; മറിച്ച് ആശ്വാസത്തില്‍ കാര്യങ്ങള്‍ ചെയ്യണം. മറ്റുള്ളവര്‍ക്ക് അവസരവും പ്രോത്സാഹനവും പരിഗണനയും നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തുകയും വേണം. നമ്മെ ആശ്രയിക്കുകയോ ചേര്‍ന്ന് നില്‍ക്കുകയോ ചെയ്യുന്നവര്‍ സ്വയം പര്യാപ്തരാവുന്നതും നല്ല നിലയില്‍ എത്തുന്നതും ആസ്വദിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. എങ്കിലേ സമൂഹത്തിന്റെ വളര്‍ച്ചയില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ സാധിക്കുകയുള്ളൂ. പോസിറ്റീവ് വളര്‍ച്ചയാണ് നാം ആഗ്രഹിക്കേണ്ടത്. അതിന് അവസരം ഒരുക്കുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും ചെയ്യുക. കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് ആത്മവിശ്വസത്തോടെ മുന്നോട്ടു പോയാല്‍ സാധ്യമാവാത്തത് ഒന്നുമില്ല. (അല്ലാഹു ഉദ്ദേശിച്ചാല്‍). മറ്റുള്ളവര്‍ നല്‍കുന്ന പ്രോത്സാഹനങ്ങളില്‍ മതിമറക്കരുത്. വിമര്‍ശനങ്ങളില്‍ പതറുകയുമരുത്. എല്ലാറ്റിനെയും പോസിറ്റിവായി എടുത്താല്‍ നമുക്ക് ഈ ലോകത്ത് ചിലത് ചെയ്യാന്‍ സാധിക്കും. ചില അടയാളപ്പെടുത്തലുകള്‍.