വിവാഹപ്രായ വര്‍ധന അടിച്ചേല്‍പിക്കരുത്

ഫാദര്‍ പോള്‍ തേലക്കാട്

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

കേരളത്തിലും ഭാരതത്തിലും ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാണ്. അതില്‍നിന്ന് 21 വയസ്സിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് പുതുതായി ഇന്ത്യയുടെ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ആഗോളതലത്തില്‍ എങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ഒന്ന് വിലയിരുത്തേണ്ടതുണ്ട്. 198 രാജ്യങ്ങളില്‍ 153 രാജ്യങ്ങളും കുട്ടിപ്രായത്തില്‍ അഥവാ 18 വയസ്സിന് താഴെയുള്ള പ്രായത്തില്‍ കല്യാണം കഴിക്കരുത് എന്ന് നിയമമുള്ള രാജ്യങ്ങളാണ്. അതേസമയം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും രണ്ടു പ്രായം നിശ്ചയിക്കുന്ന 38 രാജ്യങ്ങളുണ്ട്. എന്നാല്‍ പത്ത് വയസ്സിനും 15 വയസ്സിനുമൊക്കെ താഴെ കല്യാണം നടക്കുന്ന രാജ്യങ്ങളും ലോകത്തിലുണ്ട്. പ്രത്യേകിച്ച് ഞാന്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നത് ടാന്‍സാനിയയാണ്. അവിടെ ഹിന്ദുകുട്ടികളും മുസ്‌ലിംകുട്ടികളും 12 വയസ്സിനും 15 വയസ്സിനും താഴെ പ്രായത്തില്‍ കല്യാണം കഴിക്കുന്നുണ്ട്.

നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം; വിവാഹപ്രായം നിശ്ചയിക്കുന്നത് സമൂഹത്തിലെ പല മാനദണ്ഡങ്ങളാണ്. കുട്ടിപ്രായം കഴിഞ്ഞു കല്യാണം കഴിക്കണം എന്നുള്ള ഒരു കാഴ്ചപ്പാടാണ് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും എടുക്കുന്നത്. 18 വയസ്സാണ് കുട്ടിപ്രായം കഴിയാനുള്ള പ്രായം. 18 എന്നത് 21 ആക്കണോ വേണ്ടയോ എന്നുള്ള ചോദ്യമാണ് നമ്മുടെ മുമ്പിലുള്ളത്. ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ആധുനിക കാലഘട്ടത്തില്‍ വിദ്യാഭ്യാസം നേടാന്‍ സൗകര്യങ്ങള്‍ ഉള്ളപ്പോള്‍; ആ വിദ്യാഭ്യാസത്തിന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ പോകുന്നതുകൊണ്ട്, പതിനെട്ടും ഇരുപതും ഒക്കെ പ്രായം ആകുമ്പോഴാണ് കുട്ടികള്‍ വിദ്യാഭ്യാസം നേടി ഒരു ജോലിയിലോ ഒരു കൃത്യമായ ഒരു സ്ഥിതിയിലോ എത്തിച്ചേരുന്നത്. അതുകൊണ്ട് 21 വയസ്സ് ആക്കണം എന്ന് പറയുന്നതില്‍ യുക്തിയുണ്ട്.

പക്ഷേ, ഏറ്റവും പ്രധാനമായി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്; ഇങ്ങനെയൊരു കാര്യം ഭൂരിപക്ഷം അടിച്ചേല്‍പിക്കുന്നത്, ന്യൂനക്ഷത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു കാഴ്ചപ്പാടും ഒരു പ്രതികരണവും ഒരു ശൈലിയുമാണ്. ഇത് ഭാരതം പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഗുണകരമാകില്ല. അതിന് പരിശ്രമിക്കാതിരിക്കുന്നതാണ് അഭിലഷണീയം എന്ന് പറയാനാണ് എനിക്ക് താല്‍പര്യം.

 കാരണം ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല ജനാധിപത്യം. ന്യൂനപക്ഷങ്ങളടക്കം എല്ലാവര്‍ക്കും അവരുടെ ജീവിതശൈലിയില്‍ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും കൊടുക്കുമ്പോഴേ ജനാധിപത്യം എന്നതിന് അര്‍ഥമുണ്ടാവുകയുള്ളൂ. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21ലേക്ക് മാറ്റുന്നത് എല്ലാവരുടെയും സഹകരണത്തോടെയും എല്ലാവരുടെയും സമ്മതത്തോടുകൂടിയും ആകണം.  അടിച്ചേല്‍പിക്കുന്ന ഒരു നയം ഭാരതത്തില്‍ ഉണ്ടാകുന്നത് ഭൂരിപക്ഷ ആധിപത്യത്തിന്റെ മൃഗീയമായ നടപടിയാകും, ഏകാധിപത്യമാകും  എന്ന ആശങ്കയും ഭയവും ഉള്ളതുകൊണ്ടാണിത് പറയുന്നത്. 18ല്‍നിന്ന് 21 ആക്കുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷങ്ങളുടെയും അംഗീകാരവും യോജിപ്പും മനസ്സമ്മതവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം എന്നാണ് ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത്.