വിവാഹപ്രായം: മാറേണ്ടത് പ്രായമോ കാഴ്ചപ്പാടോ?

സ്റ്റാഫ്‌ റിപ്പോർട്ടർ

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

(നേര്‍പഥം വൈജ്ഞാനിക സംവാദം / ഭാഗം 2)

(ഈ ലക്കത്തില്‍: കെ. മുരളീധരന്‍ എം.പി / ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍  / മുജാഹിദ് ബാലുശ്ശേരി )

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിലൂടെ കുടുംബം എന്ന അടിസ്ഥാനഘടകം ശിഥിലമാകുന്നത് എങ്ങനെയാണെന്ന് മുജാഹിദ് ബാലുശ്ശേരി നമ്മളുമായി പങ്കുവെക്കുന്നു.


മുജാഹിദ് ബാലുശ്ശേരി

ഈ ചര്‍ച്ചയില്‍ ചില സുപ്രധാനമായ കാര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. പ്രായപരിധി വര്‍ധിപ്പിക്കുന്നതിന് അനുകൂലമായി സംസാരിക്കുന്നവരുണ്ട്. എന്നാല്‍ അവര്‍ പ്രായപരിധി വര്‍ധിപ്പിക്കുമ്പോള്‍ വരാനിടയുള്ള അനേകം പ്രതിസന്ധികളെ കാണാതിരിക്കുകയാണ് ചെയ്യുന്നത്. ഫാസിസ്റ്റ് ചിന്താഗതിയുള്ള ഭരണകൂടമാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. അനേകം ഹിഡന്‍ അജണ്ടകള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് അവര്‍ ഭരണം നടത്തുന്നത്.  

2005ലെ റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയില്‍ 50 ലക്ഷത്തിലധികം സ്ത്രീപുരുഷന്മാര്‍ വിവാഹം കഴിക്കാതെ ലൈംഗികമായ ആസ്വാദനങ്ങള്‍ക്കുവേണ്ടി ഒന്നിച്ചു ജീവിക്കുന്നുണ്ട്. അവരിലധികവും 15 വയസ്സിന്റെയും 45 വയസ്സിന്റെയും ഇടയിലുള്ളവരാണ്. ഒരു കാര്യം നാം പ്രത്യേകമായി മനസ്സിലാക്കണം. സാമ്രാജ്യത്വശക്തികള്‍ ലോകത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഈ വിഷയത്തില്‍ ഒരു അജണ്ടയുണ്ട്. ആ അജണ്ട എന്താണെന്ന് ചോദിച്ചാല്‍, ഭദ്രമായ കോട്ടപോലെ കെട്ടിയുയര്‍ത്തപ്പെട്ട കുടുംബത്തിന്റെ അടിക്കല്ലിളക്കുക എന്നതാണ്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ധിപ്പിക്കുന്നത് കുടുംബത്തിന്റെ അടിക്കല്ലിളക്കലാണ് എന്നു പറയുന്നതെന്തുകൊണ്ടാണ്? മനുഷ്യന്‍ ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തനായൊരു സൃഷ്ടിയാണ്.  ധാര്‍മികത അവന്റെ നിലനില്‍പിന് ആധാരമാണ്. 18 വയസ്സായാല്‍ കല്യാണം കഴിക്കാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ സ്വാഭാവികമായും ഒരു രാജ്യത്ത് ഉണ്ടാകും. അവര്‍ക്ക് ലൈംഗികമായ ആഗ്രഹങ്ങള്‍ ഉണ്ട്. ഒരു ഇണയോടൊപ്പം ജീവിക്കാനുള്ള മോഹമുണ്ട്.  

ഒരു നവജാത ശിശുവിന് ആദ്യമായി നമ്മള്‍ ബിരിയാണിയോ നെയ്‌ച്ചോറോ കൊടുക്കാറില്ല. അമ്മിഞ്ഞപ്പാലാണ് കൊടുക്കുക. പാല്‍ മാത്രം കഴിക്കുന്ന കാലഘട്ടം കഴിയുമ്പോള്‍ ക്രമേണ ദഹിക്കാന്‍ കഴിയുന്ന മറ്റു ഭക്ഷ്യവസ്തുക്കള്‍ കൊടുത്തുതുടങ്ങും. കുട്ടിയുടെ പ്രായത്തിനനുസരിച്ച് എന്താണോ ആവശ്യമുള്ളത് അത് കൊടുക്കുക എന്നതാണ് അതിനുള്ള അവകാശം. മുമ്പൊക്കെ ഒരു കുട്ടിക്ക് 5 വയസ്സായാല്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കും. അതിനിടയിലുള്ള പ്രായത്തില്‍ രക്ഷിതാക്കള്‍ ആ കുട്ടിയുടെ പഠന കാര്യത്തില്‍ ആശങ്കപ്പെടാറില്ല. കാലം മാറിയപ്പോള്‍ അഞ്ച് എന്നത് മൂന്നിലേക്കെത്തി. മൂന്നു വയസ്സുള്ള കുട്ടികളെ എല്‍കെജിയില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിലേക്കെത്തി. അങ്ങനെയൊരുവശം ഇതിലുമുണ്ട്.

മനുഷ്യന് അടിസ്ഥാനപരമായി ഭക്ഷണം ആവശ്യമാണ്. നന്നായി വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ എന്തുചെയ്യും? എവിടെനിന്നാണ് ഭക്ഷണം ലഭിക്കുക എന്ന് ആലോചിക്കും. ഏതു മാര്‍ഗേണയും വിശപ്പടക്കാന്‍ തയ്യാറാകും. കാരണം അയാള്‍ക്ക് ജീവിക്കണം. പട്ടിണി കിടന്ന് മരിക്കാന്‍ ആഗ്രഹമില്ല. അപ്പോള്‍ ധര്‍മത്തിന്റെയും മൂല്യങ്ങളുടെയും മാര്‍ഗം ലംഘിച്ചുകൊണ്ട് അയാള്‍ക്ക് നീങ്ങേണ്ടിവരും.

ദാഹിക്കുന്ന കുട്ടിക്ക് വെള്ളം കൊടുക്കണം. ദാഹിക്കുന്ന ഒരു കുട്ടിയോട് 18 വയസ്സ് തികഞ്ഞാലേ വെള്ളം കുടിക്കാന്‍ പറ്റൂ എന്ന് പറയാന്‍ പറ്റുമോ? ദാഹിക്കുമ്പോള്‍ വെള്ളം കിട്ടുക എന്നതാണ് പ്രധാനം. അതുപോലെ ലൈംഗികദാഹവും  ലൈംഗികവിശപ്പും അനുഭവിക്കുമ്പോള്‍ നിയമാനുസൃതമായ വഴികളിലേക്ക് അവരെ കൊണ്ടുവരിക എന്നതാണ് ശരിക്കും സമൂഹത്തിന്റെ പുരോഗതിക്ക് നിദാനമായി വരുന്നത്. 21 വയസ്സ് ആക്കുന്നതോടുകൂടി ഈ ആഗ്രഹത്തെ അടിച്ചമര്‍ത്തേണ്ടിവരും. സ്വാഭാവികമായും അത് പ്രശ്‌നമുണ്ടാക്കും. അപ്പോള്‍ സമൂഹത്തിന്റെ നിയമള്‍ക്കും ധാര്‍മികതക്കും വിരുദ്ധമായ മാര്‍ഗം തേടും. ലൈംഗിക അരാജകത്വമായിരിക്കും അതിന്റെ അനന്തരഫലം. ലോകത്ത് അങ്ങനെ എമ്പാടും ഉണ്ടായിട്ടുണ്ട് എന്നു നമുക്കറിയാം. ലോകരാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ നമുക്ക് ഈ കാര്യം പൂര്‍ണമായി ബോധ്യപ്പെടുന്നതാണ്.

കുടുംബസംവിധാനത്തെ എന്തിനാണ് തകര്‍ക്കുന്നത്? ആദ്യത്തെ മനുഷ്യനായ ആദം(അ) ഒരു ഭര്‍ത്താവായിരുന്നു, അതോടൊപ്പം പിതാവുമായിരുന്നു. ആദ്യ സ്ത്രീയായ ഹവ്വാബീവി ഭാര്യയും മാതാവുമായിരുന്നു. ഒരുപക്ഷി അതിന്റെ കൂട്ടില്‍ സുരക്ഷിതമാണ്. ആ കൂട് പൊളിഞ്ഞു പോയാല്‍ അതിന്റെ സുരക്ഷിതത്വം നഷ്ടപ്പെടുന്നു. അതുതന്നെയാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. മക്കളെ കുറിച്ചുള്ള ആശങ്കകള്‍ രക്ഷിതാക്കളില്‍ വര്‍ധിക്കുന്നു. ഇത് ഇന്ത്യയിലെ മുഴുവന്‍  മനുഷ്യരെയും ബാധിക്കുന്ന കാര്യമാണ്. എന്താണോ ഒരു വ്യക്തിക്ക് അര്‍ഹതപ്പെട്ടത്, അവകാശമായിവരുന്നത് ആവശ്യമായ സമയത്തു തന്നെ അയാള്‍ക്കത് ലഭിക്കേണ്ടതുണ്ട്. അത് നിഷേധിക്കപ്പെടുമ്പോള്‍ അനുവദനീയമല്ലാത്ത മാര്‍ഗത്തിലേക്ക് മനുഷ്യര്‍ തെന്നിമാറുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. അപ്പോള്‍ കുടുംബത്തില്‍ സമാധാനക്കേടുണ്ടാകും. കുടുംബ ശിഥിലീകരണം സംഭവിക്കും. ഈ വിഷയത്തെ ഏതെങ്കിലും ഒരു മതക്കാരുടെയോ വിഭാഗത്തിന്റെയോ പ്രശ്‌നമായിട്ടല്ല കാണേണ്ടത്. ഇത് എല്ലാവരെയും ബാധിക്കുന്നതാണ്.


കെ. മുരളീധരന്‍ എം.പി

കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിക്കൊണ്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹത്തിന് തന്റെ കഴിഞ്ഞകാല ഭരണ നേട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍ കഴിഞ്ഞില്ല, ഒരുപക്ഷേ, ഭരണനേട്ടങ്ങള്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം. ഭാവിയെക്കുറിച്ച് ഒരു വ്യക്തമായ ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സാധാരണരീതിയില്‍ ആഗസ്റ്റ് 15ന്, കക്ഷിരാഷ്ട്രീയത്തിനതീതമായി രാജ്യത്തെ നയിക്കാന്‍ ബാധ്യതയുള്ള പ്രധാനമന്ത്രിമാര്‍ മുന്‍കാലങ്ങളില്‍ പതാക ഉയര്‍ത്തിയതിനുശേഷം സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് രാഷ്ട്രം എങ്ങനെ മുന്നോട്ടു പോകണമെന്നതിനെക്കുറിച്ച്  വ്യക്തമായ ദിശാബോധം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് നരേന്ദ്രമോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഈവക മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. അതിനു പകരം അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് ആലോചിക്കും എന്നതാണ്. ഒരിക്കലും ഒരു സ്വാതന്ത്ര്യദിനത്തില്‍ പറയേണ്ട വിഷയമല്ല ഇത്. ഇതുപോലത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് പാര്‍ലിമെന്റിലാണ്. അതോടൊപ്പം തന്നെ  രാഷ്ട്രീയകക്ഷികളുടെയും മതനേതാക്കന്മാരുടെയും അഭിപ്രായം കൂടി അറിഞ്ഞതിനുശേഷം വേണം ഇതുപോലത്തെ നിയമങ്ങള്‍ നിര്‍മിക്കാനും ആ നിയമങ്ങള്‍ പാര്‍ലിമെന്റി ല്‍ കൊണ്ടുവന്ന് ചര്‍ച്ച ചെയ്യാനും. ഇതൊന്നും പാലിക്കാതെ രാഷ്ട്രത്തിന് വ്യക്തമായ ദിശാബോധം നല്‍കേണ്ട ഒരു പ്രധാന സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദത്തിലേക്ക് പ്രധാനമന്ത്രി പോയിരിക്കുകയാണ്.

ശ്രീ. രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് 18 വയസ്സുകാര്‍ക്ക് വോട്ടവകാശം കൊണ്ടുവന്നത്. അത് വലിയൊരു കാല്‍വയ്പായിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതിയില്‍ ഇങ്ങനെ ഒരാശയം അദ്ദേഹം മുന്നോട്ടുവച്ചപ്പോള്‍ അന്ന് വര്‍ക്കിംഗ് കമ്മിറ്റിയിലെ പലരും പറയുകയുണ്ടായി; 18 വയസ്സുകാര്‍ക്ക് ആവേശം കൂടും,  അതിനാല്‍ നിലവിലുള്ള ഭരണസംവിധാനത്തിന് എതിരായിട്ടുള്ള ഒരു വികാരം അവര്‍ക്ക് ഉണ്ടാകും, അതുകൊണ്ട് ഈയൊരു തീരുമാനം ഗുണകരമാണോ എന്ന് പുനഃപരിശോധിക്കണം എന്ന്. അന്ന് രാജീവ് ഗാന്ധി പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹം പിന്നീടത് പൊതുസമ്മേളനത്തിലും പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ അക്കാര്യം ഊന്നിപ്പറയുന്നത്: 'ഒരു മനുഷ്യന് ചിന്തിക്കാനും ആ ചിന്തകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും തീര്‍ച്ചയായിട്ടും 18 വയസ്സിന്റെ ഊര്‍ജം അവരെ സഹായിക്കും. രാജ്യം ആരു ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും നമ്മളവര്‍ക്ക് നല്‍കുകയാണ്.'

ഈ രാജ്യം ആരു ഭരിക്കണം, നമ്മുടെ സംസ്ഥാനം ആരു ഭരിക്കണം, നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആരു ഭരിക്കണം... ഇതൊക്കെ തീരുമാനിക്കാനുള്ള അവകാശം 18 വയസ്സുകാര്‍ക്കുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. അങ്ങനെ, ഭരണകര്‍ത്താക്കളെ പോലും നിശ്ചയിക്കാനുള്ള ഒരു പക്വമായ മനസ്സ് 18 വയസ്സില്‍ ഉണ്ടാകും എന്ന് പറയുന്ന കാലഘട്ടത്തിലാണ് നമ്മുടെ പ്രധാനമന്ത്രി പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യദിനത്തിലുള്ള പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന  ഒരു അനാവശ്യവിവാദത്തിന് വഴിവയ്ക്കുകയും വീണ്ടും പ്രധാനമന്ത്രിയുടെ പല നടപടികളെക്കുറിച്ചും രാജ്യത്തിലെ ജനങ്ങള്‍ക്ക് സംശയം ഉണ്ടാക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. ഒരിക്കലും അദ്ദേഹം അങ്ങനെ പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നു.

ഏതെല്ലാം പരിഷ്‌കാരങ്ങള്‍ വരുത്തുന്നുവോ ആ പരിഷ്‌കാരങ്ങള്‍ക്കു മുമ്പ,് അത് പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഈ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ, പ്രത്യേകിച്ച് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ ആരായാന്‍ അദ്ദേഹം തയ്യാറാവേണ്ടതായിരുന്നു. അതിനുശേഷം ഇത് പാര്‍ലിമെന്റില്‍ കൊണ്ടുവന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മാത്രമല്ല ഈവക കാര്യങ്ങളൊക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടവയുമാണ്. അതിനുപകരം ഭൂരിപക്ഷമെന്നുള്ള ധാര്‍ഷ്ട്യത്തില്‍ ഇങ്ങനെയുള്ള നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് ശരിയല്ല. അതിനാല്‍ഈ ഉദ്യമത്തില്‍നിന്ന് പ്രധാനമന്ത്രി പിന്‍മാറുകയും ഇങ്ങനെ ഒരാശയമുണ്ടെങ്കില്‍ ആ ആശയത്തെക്കുറിച്ച് വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെയും മതപണ്ഡിതന്മാരുടെയും അഭിപ്രായം ആരായുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ പാടുള്ളൂ. ഈ തീരുമാനം ഏകപക്ഷീയമായി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല മതപണ്ഡിതന്മാരും അതിനെതിരായി രംഗത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ല. ആഗസ്റ്റ് 15ന് അദ്ദേഹം പറഞ്ഞ ആ വാചകം തീര്‍ച്ചയായിട്ടും ഒരിക്കലും രാജ്യത്തിന് ഗുണകരമാവില്ല എന്ന് പറയാന്‍ ഈ സന്ദര്‍ഭം ഞാന്‍ വിനിയോഗിക്കുകയാണ്.

ആങ്കര്‍: ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

എന്തിനാണ് വിവാഹം? പ്രപഞ്ചത്തില്‍ കോടിക്കണക്കിന് സൃഷ്ടിജാലങ്ങളുണ്ട്. അവയെല്ലാം ഇഷ്ടാനുസരണം ഇണചേര്‍ന്ന് ജീവിക്കുന്നു. അവയുടെ ലോകത്ത് വിവാഹം എന്ന ഏര്‍പ്പാടില്ല. 'പാറിനടക്കും പറവകളൊന്നും വേൡകഴിക്കാറില്ല' എന്ന് ഒരു പാട്ടിന്റെ വരിയില്‍ പറയുന്നതുപോലെ ജീവിക്കാനാഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. വിവാഹം എന്ന ഏര്‍പ്പാടിന്റെ ആവശ്യമെന്ത് എന്നു ചിന്തിക്കുന്നവരെക്കുറിച്ച് മുജാഹിദ് ബാലുശ്ശേരിക്ക് എന്തു പറയാനുണ്ട് എന്നു നോക്കാം.


മുജാഹിദ് ബാലുശ്ശേരി

ഒരുപാട് കാലമായി നിരീശ്വരവാദികളും യുക്തിവാദികളും അടക്കമുള്ള, കുടുംബമെന്ന സംവിധാനത്തിനെതിരെ ചിന്തിക്കുന്നവരൊക്കെ ചോദിക്കുന്ന ചോദ്യങ്ങളാണ് 'വിവാഹപ്രായം 18 ആയാലെന്ത്, 21 ആയാലെന്ത്,  മൃഗങ്ങള്‍ വിവാഹംകഴിക്കുന്നുണ്ടോ, പാറിനടക്കും പറവകള്‍ വേളികഴിക്കാറുണ്ടോ, മനുഷ്യനു മാത്രം വിവാഹമെന്ന സമ്പ്രദായം എന്തിനാണ്' എന്നൊക്കെ. എങ്കില്‍ നാം തിരിച്ചു ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. പക്ഷിമൃഗാദികള്‍ വിവാഹം കഴിക്കുന്നില്ല, ആ നിലയ്ക്കുള്ള നിയമങ്ങള്‍ അവലംബിക്കുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നില്ല. ഒക്കെ ശരിയാണ്; അംഗീകരിക്കുന്നു. അതോടൊപ്പം ചോദിക്കട്ടെ; ഈ പക്ഷിമൃഗാദികള്‍ വസ്ത്രം ധരിക്കുന്നുണ്ടോ? ഇല്ലല്ലോ! അവരുടെ മാതൃക ലൈംഗികരംഗത്ത് പിന്‍പറ്റാമെങ്കില്‍ പിന്നെന്തിനാണ് ഈ വിചിത്രവാദക്കാര്‍ വസ്ത്രം ധരിക്കുന്നത്? എന്തിനാണ് ലോകത്ത് ടെക്‌സ്‌റ്റൈല്‍സുകള്‍? എന്തിനാണ് തുണിമില്ലുകള്‍? മൃഗങ്ങള്‍ ഒരു കാര്യം ചെയ്യുന്നില്ല എന്നതുകൊണ്ട് മനുഷ്യന്‍ അത് ചെയ്യരുത് എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഏതെങ്കിലും മൃഗം യൂണിവേഴ്‌സിറ്റി നടത്തുന്നുണ്ടോ? സ്‌കൂളുകളും കോളേജുകളും നടത്തുന്നുണ്ടോ? ജന്തുലോകത്ത് ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പാളുമുണ്ടോ? ഇല്ലല്ലോ! എങ്കില്‍ എന്തേ അക്കാര്യത്തില്‍ ഈ വിവാഹവിരുദ്ധര്‍ മൃഗങ്ങളെ പിന്‍പറ്റുന്നില്ല? വിവരക്കേടില്‍നിന്നുണ്ടാകുന്ന ചോദ്യമാണ് യുക്തിവാദ-നിരീശ്വരവാദക്കാര്‍ ചോദിക്കുന്നതെന്നു വ്യക്തം.

 പിതാവിന്റെ ബീജം പേറാന്‍ വിധിക്കപ്പെട്ടവളാണ് പക്ഷിമൃഗാദികളുടെ ലോകത്ത് മകള്‍; അതുപോലെ മകന്റെ ബീജം പേറാന്‍ വിധിക്കപ്പെട്ടവളാണ് അമ്മ. കുറ്റബോധത്തിന്റെ ലാഞ്ചനയെങ്കിലും അവയ്ക്കുണ്ടാകാറില്ല. നാം ശരിക്ക് പഠിക്കുക. എന്തെങ്കിലും ബാലിശമായ ചോദ്യം ചോദിക്കുക, എന്നിട്ട് വലിയ ബുദ്ധിമാനും വിവരമുള്ളവനെന്നും അതിന്റെ പേരില്‍ അഹങ്കരിക്കുക. ഇതൊന്നും വകതിരിവുള്ളവര്‍ക്ക് ചേര്‍ന്നതല്ല.

മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്. ജന്തുലോകത്ത് വിവാഹമില്ല; എന്നാല്‍ ലൈംഗിക ജീവിതവും അതുവഴി പെറ്റുപെരുകലുമൊക്കെയുണ്ട്. എന്നിട്ടുമെന്തേ അവയ്ക്കിടയില്‍ എയ്ഡ്‌സും സിഫിലിസും  ഗൊണേറിയയും ഇല്ലാത്തത്? ലൈംഗികമായ ഒരു രോഗവും ഇല്ലാത്തത്?

'ഹിസ്റ്ററി ഓഫ് എയ്ഡ്‌സ്' എന്ന് പേരുള്ള ഒരു ഗ്രന്ഥമുണ്ട്. അതില്‍ ഉറാങ് ഒട്ടാങ്ങുമായി മനുഷ്യന്‍ ബന്ധപ്പെട്ടതുകൊണ്ടാണ് എയ്ഡ്‌സിന് തുടക്കം കുറിച്ചത് എന്ന് പ്രതിപാദിക്കുന്നുണ്ട്. അതല്ലാത്ത അഭിപ്രായങ്ങളും ഉണ്ട്. മനുഷ്യന്‍ ഒരിക്കലും നിയന്ത്രിക്കാനാവാത്ത ചില രോഗാണുക്കളെ നിര്‍മിച്ചു എന്നും പറയുന്നുണ്ട്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്; അധര്‍മത്തിലൂടെ, അഥവാ നിയമാനുസൃതമല്ലാതെ ആരൊക്കെ  ലൈംഗികമായ ആഗ്രഹം പൂര്‍ത്തീകരിക്കുന്നുവോ അവര്‍ക്ക് ദൈവം നല്‍കുന്ന ഒരു പരീക്ഷണം കൂടിയാണ് ഈ രോഗങ്ങള്‍.

വിവാഹത്തെക്കുറിച്ച് വളരെ മോശമായ ധാരണയുണ്ടാക്കുകയും വിവാഹത്തിലൂടെ രൂപപ്പെടുന്ന ഉന്നതമായ കുടുംബസംവിധാനത്തെ ഏറ്റവും മോശമായ ഒരു സംവിധാനമായി വിലയിരുത്തുകയും ചെയ്യുന്നവര്‍ മനസ്സിലാക്കാന്‍ പറയട്ടെ; 'ഫാദര്‍ലസ്' അമേരിക്ക എന്ന് പറയുന്ന ഒരു പുസ്തകമുണ്ട്. ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു പുസ്തകം. അത് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. 'ഫാദര്‍ലസ് അമേരിക്ക' എന്നത് നേരിട്ട് മലയാളത്തില്‍ പരിഭാഷപ്പെടുത്തുമ്പോള്‍ 'തന്തയില്ലാത്ത അമേരിക്ക' എന്നുവരും അര്‍ഥം! 'ആരാണ് മോനേ നിന്റെ പിതാവ്' എന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ ഒരാളില്ല. ധാരാളം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സ്‌കൂളില്‍ അവരുടെ രക്ഷിതാക്കള്‍ 'പാരന്റ്‌സ് മീറ്റിംഗില്‍ പങ്കെടുക്കാനെത്തുമ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ അച്ഛനില്ലാത്ത കുട്ടികളുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്ര വലുതായിരിക്കും!

'പാപനഗരം' എന്ന് എഴുതിവച്ച ഒരു പ്രദേശമുണ്ട് അമേരിക്കയില്‍. 300 നൈറ്റ് ക്ലബ്ബുകളാണ് അവിടയുള്ളത്. ലൈംഗിക തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്നവരുടെ വിഹാര കേന്ദ്രം. സാമ്രാജ്യത്വശക്തികളുടെ കച്ചവട ചിന്തകളെ ശരിക്കും ഉദ്ദീപിപ്പിക്കുന്നത് സ്ത്രീ സൗന്ദര്യത്തിന്റെ വിപണനമാണ്. വിവാഹത്തിലൂടെ സംഭവിക്കുന്നത്, കുടുംബജീവിതത്തിലൂടെ സംഭവിക്കുന്നത് ഈ കച്ചവടക്കാരുടെ ആഗ്രഹങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കലാണ്. അതുകൊണ്ട് കുടുംബ സംവിധാനത്തെ ശിഥിലമാക്കുക എന്നത് അവരുടെ ലക്ഷ്യമാണ്.    

പെണ്ണിറച്ചിയുടെ വിപണന സാധ്യതകളുടെ എല്ലാ മേഖലകളെയും ത്രസിപ്പിക്കാന്‍ വേണ്ടിയാണ് സത്യത്തില്‍ കുത്തഴിഞ്ഞ ഉദാരലൈംഗികത എന്ന ആശയം ലോകത്തിനുമുമ്പില്‍ ഇവര്‍ കൊണ്ടുവന്നിട്ടുള്ളത്. പക്ഷേ, അതുവഴിയുണ്ടാകുന്ന അനേകം ദുരന്തങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? നമ്മുടെയൊക്കെ ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാവിന്റെയും പിതാവിന്റെയും പേരുണ്ട്, വിലാസമുണ്ട്. എന്നാല്‍ പിതാവാരെന്നു നിശ്ചയമില്ലാത്തവര്‍ പിതാവിന്റെ പേരിന്റെ കോളത്തില്‍ എന്തുകൊടുക്കും? ഇത്തരത്തില്‍ മേല്‍വിലാസമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനാണാണ് നിര്‍ഭാഗ്യവശാല്‍ യുക്തിവാദകിളും നിരീശ്വരവാദികളും ശ്രമിക്കുന്നത്. എത്രവലിയ അപകടകരമായ ഒരു പ്രവണതയിലേക്കാണ് ഈ വിഷയം കടന്നുപോകുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കണം. 'പക്ഷികള്‍ വേളി കഴിക്കുന്നില്ലല്ലോ, അതുകൊണ്ട് മനുഷ്യനും വേളി വേണ്ട' എന്ന വാദം ഉന്നയിക്കുന്നവര്‍ അതിന്റെ ഗൗരവം മനസ്സിലാക്കാതെ പോകരുത്.

വിവാഹപ്രായമെത്തിയാല്‍, അതിനുള്ള സൗകര്യങ്ങളൊത്താല്‍ വിവാഹം കഴിക്കുവാനും അത് ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുവാനും കണ്ണുകളെ നിയന്ത്രിക്കുവാനുമുള്ള ഏറ്റവും നല്ല കാര്യമാണെന്നും പ്രവാചാധ്യാപനങ്ങളില്‍ കാണാം.

 ഒരാള്‍ ഒരു പെണ്ണിനെ കണ്ടു, ഇഷ്ടപ്പെട്ടു. അവളുടെ കൂടെ രണ്ടുമാസം ജീവിച്ചു. പിന്നെ അവളോട് താല്‍പര്യം ഇല്ലാതാവുകയും അവളെ ഒഴിവാക്കുകയും ചെയ്തു എന്നു വിചാരിക്കുക. ആ പെണ്ണിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആലോചിച്ചു നോക്കൂ. അവള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്ര വലുതായിരിക്കും. എന്നാല്‍ നിയമാനുസൃതം വിവാഹം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ഭര്‍ത്താവില്‍നിന്ന് എന്തെങ്കിലും പ്രയാസമുണ്ടായാല്‍ അവള്‍ക്ക് അവളുടെ മാതാപിതാക്കളോട് അക്കാര്യം പറയാം. ഭര്‍ത്താവിന്റെ മാതാപിതാക്കളോടു പറയാം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇരുവരുടെയും കുടുംബത്തില്‍പെട്ട മധ്യസ്ഥന്മാര്‍ ഒന്നിച്ചിരുന്ന് അവരുടെ പ്രശ്‌നത്തില്‍ രഞ്ജിപ്പുണ്ടാക്കണം എന്നാണ് ക്വുര്‍ആനിന്റെ അനുശാസന. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

''ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ചുപോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (4:35).

 ഇങ്ങനെ ഒരു വകുപ്പ് 'പാറിനടക്കും പറവകളൊന്നും വേളി കഴിക്കാറില്ല' എന്ന് പറഞ്ഞുകൊണ്ട് ഏത് പെണ്ണുമായും രമിക്കാം, അവളെ ഇഷ്ടമില്ലാത്തപ്പോള്‍ ഒഴിവാക്കാം എന്ന നിലപാടില്‍ ജീവിക്കുന്നവരുടെ ലോകത്ത് കാണാനാകുമോ?

ഈ അപകടത്തെ നമ്മള്‍ വളരെ ഗൗരവമായി കണ്ടുകൊണ്ട് വേണം മുന്നോട്ടുപോകാന്‍. നമുക്ക് മറ്റൊരു താല്‍പര്യവും ഈ വിഷയത്തിലില്ല; സദുദ്ദേശ്യമല്ലാതെ. മാനവികതയെ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്; മനുഷ്യനെ സ്‌നേഹിക്കുന്നവര്‍ക്ക്, ശാന്തമായും സമാധാനത്തോടെയും മുന്നോട്ടുപോകണമെന്ന് വിചാരിക്കുന്നവര്‍ക്ക്, സമാധാനപൂര്‍വം ഒത്തുചേരേണ്ട കുടുംബസംവിധാനത്തെ തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കാനാവില്ല. മൃഗങ്ങളെ പോലെയുള്ള കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുക എന്ന സംസ്‌കാര ശൂന്യത ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതാണ് ഈ വിഷയകമായി ഇസ്‌ലാമിനു പറയാനുള്ളത്.