അതുല്യര്‍ ഈ അനുചരന്മാര്‍

ഇഹ്‌സാന്‍ വളപട്ടണം

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

പ്രവാചകന്മാര്‍ക്കുശേഷം ഏറ്റവും ശ്രേഷ്ഠരായവരാണ് അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി ﷺ യുടെ അനുചരന്മാര്‍. പ്രവാചകനെ ﷺ  വിശ്വാസിയായിക്കൊണ്ട് കണ്ടുമുട്ടുകയും വിശ്വാസിയായിത്തന്നെ മരണപ്പെടുകയും ചെയ്യാന്‍ ഭാഗ്യം ലഭിച്ച മഹാരഥന്മാരാണ് അവര്‍. പ്രവാചകനുമായുള്ള സഹവാസം  ലഭിക്കുക എന്നതിനെ മറ്റെന്തിനെക്കാളും ശ്രേഷ്ഠമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അതുകൊണ്ടുതന്നെ അതിന് ഭാഗ്യം ലഭിച്ചവരാണ് വിശ്വാസികളില്‍ ഏറ്റവും വിശിഷ്ടര്‍. മഹാനായ ഇബ്‌നുഉമര്‍(റ) പറയുകയുണ്ടായി:

'മുഹമ്മദ് നബി ﷺ യുടെ  സഹാബികളെ നിങ്ങള്‍ ചീത്തപറയരുത്. കാരണം പ്രവാചകനോടൊപ്പമുള്ള അവരുടെ ഒരു മണിക്കൂര്‍ സമയം നിങ്ങളിലൊരാള്‍ 40 വര്‍ഷം കര്‍മങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ ഉത്തമമാണ്.'

അതുല്യരായ ആ അനുചരന്മാരെ കുറിച്ച് ക്വുര്‍ആനില്‍ വന്ന അഞ്ചു വചനങ്ങളെ പരിചയപ്പെടാം.

1. ഇസ്‌ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ പ്രതിജ്ഞയെടുത്ത സ്വഹാബികളെ പ്രശംസിച്ചുകൊണ്ടും അവര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളെ വിവരിച്ചുകൊണ്ടും അല്ലാഹു പറയുന്നു:

''ആ മരത്തിന്റെ ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു''(48:18).

ചരിത്രപ്രസിദ്ധമായ ബൈഅത്തു രിദ്‌വാനില്‍  പങ്കെടുത്ത സ്വഹാബിമാരെ കുറിച്ച് അല്ലാഹു പറഞ്ഞ വാചകങ്ങളാണിത്. ആയിരത്തി നാനൂറോളം പേര്‍ വരുന്ന ആ സംഘത്തിന് അല്ലാഹു നല്‍കിയ പ്രശംസയുടെ പ്രത്യക്ഷമായ തെളിവാണ് ഇത്. ശുദ്ധഹൃദയരായ അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന സാക്ഷ്യപത്രം ക്വുര്‍ആനില്‍ വേറെയും സ്ഥലങ്ങളില്‍ കാണുവാന്‍ സാധിക്കും. അല്ലാഹുവിന് പൂര്‍ണ തൃപ്തിയുള്ളവരെ തൃപ്തിയോടെ ഉള്‍ക്കൊള്ളുന്നവനും സ്വീകരിക്കുന്നവനുമാണ് യഥാര്‍ഥ വിശ്വാസി എന്നത് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.

2. ''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെവളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍വേണ്ടിയാകുന്നു. അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 48:29).

പൂര്‍വവേദങ്ങളില്‍ പോലും വാഴ്ത്തപ്പെട്ടവരാണ് സ്വഹാബിമാര്‍ എന്ന് അല്ലാഹു ഇവിടെ സൂചിപ്പിക്കുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കല്‍ ഇത് മുഴുവന്‍ സഹാബികള്‍ക്കുള്ള വര്‍ണനയാണ് എന്ന് ഇമാം ഇബ്‌നുല്‍ ജൗസി (റഹി) പറഞ്ഞിട്ടുണ്ട്.

3. ''മുഹാജിറുകളില്‍നിന്നും അന്‍സ്വാറുകളില്‍നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതംചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (9:100).

ആ സ്വഹാബത്തിനെ ഇഹ്‌സാനോടുകൂടി പിന്‍പറ്റലാണ് അവര്‍ നേടിയെടുത്ത അല്ലാഹുവിന്റെ തൃപ്തി നമുക്കും നേടിയെടുക്കുവാനുള്ള മാര്‍ഗമെന്ന് ചുരുക്കം.

4. ''...നിങ്ങളുടെ കൂട്ടത്തില്‍നിന്നു (മക്കാ)വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു'' (57:10).

ഈ വചനത്തിലെ 'ഏറ്റവും നല്ല പ്രതിഫലം' എന്നത് സ്വര്‍ഗമാണ് എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും  അഭിപ്രായപ്പെട്ടിട്ടുള്ളത്. മുഴുവന്‍ സ്വഹാബിമാരും സ്വര്‍ഗാവകാശികളാണ് എന്നതിന് തെളിവാണ് ഈ വചനം എന്ന് ഇമാം ഇബ്‌നു ഹസം(റഹി) പറഞ്ഞിരിക്കുന്നു.

5. ''തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു-അവരില്‍നിന്ന് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞുമടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനുംകരുണാനിധിയുമാകുന്നു''(9:117).

അല്ലാഹു മുഴുവന്‍ സ്വഹാബിമാരുടെയും പശ്ചാത്താപം (തൗബ) സ്വീകരിച്ചിരിക്കുന്നു എന്ന് ഈ വചനത്തിലൂടെ നമുക്കു മനസ്സിലാക്കാം. തബൂക്ക് യുദ്ധത്തില്‍ പ്രവാചകന്റെകൂടെ യുദ്ധത്തില്‍ പങ്കെടുത്തവരെക്കുറിച്ചാണ് അല്ലാഹു ഈ വചനത്തില്‍ പറയുന്നത്. അല്ലാഹു ഒഴിവുകഴിവ് നല്‍കിയ സ്ത്രീകളും ദുര്‍ബലരും ഒഴിച്ച് സഹാബികളില്‍ അന്ന് നിലവിലുണ്ടായിരുന്ന മുഴുവനാളുകളും ആ യുദ്ധത്തില്‍ പങ്കെടുക്കുകയുണ്ടായി. യുദ്ധത്തിന് പോകാതെ മാറിനിന്നവരുടെ തൗബ അല്ലാഹു പിന്നീട് സ്വീകരിച്ചു  എന്ന വിഷയത്തില്‍ പ്രത്യേകം വചനങ്ങളും അവതരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകള്‍ ആ ശ്രേഷ്ഠരെക്കുറിച്ച് ക്വുര്‍ആനില്‍ നമുക്ക് കാണുവാന്‍ സാധിക്കും.

പ്രവാചകന് ﷺ  പറഞ്ഞു: ''നിങ്ങള്‍ എന്റെ അനുചരന്മാരെ ചീത്തപറയരുത്. എന്റെ ജീവന്‍ ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സത്യം, നിങ്ങളില്‍ ആരെങ്കിലും ഉഹ്ദ് മലയോളംവരുന്ന സ്വര്‍ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിനോ (രണ്ടു കൈകളും കൂട്ടി വാരുന്ന അത്ര അളവ്) അല്ലെങ്കില്‍ അതിന്റെ പകുതിക്കോ എത്തുകയില്ല'' (ബുഖാരി, മുസ്‌ലിം).

സ്വഹാബത്തിന്റെ ശ്രേഷ്ഠതകള്‍ക്ക് പ്രത്യക്ഷമായ തെളിവുകള്‍ ക്വുര്‍ആനില്‍ തന്നെ ധാരാളം ഉണ്ടായിട്ടും അതൊന്നും അംഗീകരിക്കാത്ത ചിലരെ നാം കാണുന്നു. വിമര്‍ശനങ്ങള്‍ക്ക് അതീതരായവരാണ്  പ്രവാചകന്റെ പ്രഥമ ശിഷ്യന്മാര്‍. മതത്തെ പ്രവൃത്തിപഥത്തില്‍ പുലര്‍ത്തേണ്ട രീതിശാസ്ത്രം വെളിവായത് അവരിലൂടെയാണ്. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കലും പാപമോചനം തേടലും വിശ്വാസികളുടെ ബാധ്യതയാണ്.