പ്രകൃതത്തെ കണ്ടറിയുന്ന സാമര്‍ഥ്യം

അഷ്‌റഫ് എകരൂല്‍

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

ഒരു കുടുംബത്തിന്റെ രണ്ട് അടിസ്ഥാന ചക്രങ്ങളാണല്ലോ ഭര്‍ത്താവും ഭാര്യയും. രണ്ട് അറ്റങ്ങളില്‍ നിന്ന് കടന്നുവന്ന് ഒന്നായവര്‍. ജീവിതപാത ഒന്നിച്ച് താണ്ടിത്തീര്‍ക്കേണ്ടവര്‍. ഓരോ മനുഷ്യനും ഓരോ പ്രകൃതത്തിലാണ് ഊട്ടപ്പെട്ടിട്ടുള്ളതെന്നതിനാല്‍ രണ്ടുപേര്‍ക്കും ഒരേ പ്രകൃതവും ഒരേ താല്‍പര്യവും ഉണ്ടാവുക സംഭവ്യമല്ല. വ്യത്യസ്ത പ്രകൃതങ്ങള്‍ തമ്മില്‍ സമരസപ്പെട്ട് പോകാനും അവ പരിക്കില്ലാത്ത വിധം വകവെച്ച് കൊടുക്കാനും സാധിച്ചാല്‍ ഈ ജീവിതയാത്ര മധുരമുള്ളതും മധുവൂറുന്നതും ആകും. വ്യത്യസ്ത പ്രകൃതങ്ങള്‍ പൊട്ടലിനും ചീറ്റലിനും കാരണമാവേണ്ടതില്ല. വെള്ളത്തെ തിളപ്പിക്കാന്‍ തീയിന് കഴിയും എന്നപോലെ തീയിനെ കെടുത്താന്‍ വെള്ളത്തിനും കഴിയും എന്ന് തിരിച്ചറിഞ്ഞാല്‍ അവ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സമാധാനവും സുരക്ഷിതബോധവും വളര്‍ത്തും. ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹില്‍ 'കിതാബുന്നിക്കാഹി'ല്‍ കൊടുത്ത ഒരു തലക്കെട്ട് 'അരിശം' എന്നതാണ്. പെണ്ണുങ്ങള്‍ക്കിടയില്‍ പരസ്പരവും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ഉണ്ടായേക്കാവുന്ന ഈ പ്രതിഭാസത്തിന്റെ ഉദാഹരണമായി കൊടുത്ത ഒരു ഹദീഥില്‍ നമുക്ക്; പ്രത്യേകിച്ച് കുടുംബിനികള്‍ക്ക് നല്ല പാഠങ്ങള്‍ ഉണ്ട്.

അബൂബക്കറി(റ)ന്റെ മകള്‍ അസ്മാഅ് പറയുന്നതിന്റെ ചുരുക്കം ഇതാണ്: 'പരമദരിദ്രനായ സുബൈറിനാണ് എന്നെ വിവാഹം ചെയ്തുകൊടുത്തത്. തന്റെ ഒരു കുതിരയും സാധാരണ ഉപയോഗിക്കുന്ന ഒരു ഒട്ടകവുമല്ലാതെ അദ്ദേഹത്തിന് ഒന്നുമില്ല. കുതിരയെ കുളിപ്പിക്കലും തീറ്റിക്കലുമടക്കം എല്ലാം ഞാനൊറ്റക്കായിരുന്നു ചെയ്യേണ്ടിയിരുന്നത്. എനിക്ക് നന്നായി റൊട്ടിയുണ്ടാക്കാന്‍ പോലും അറിയില്ല. അയല്‍വാസികളായ നല്ല സ്ത്രീകള്‍ എന്നെ സഹായിക്കും. ഞങ്ങള്‍ക്ക് പ്രവാചകന്‍ ﷺ  വിട്ടുതന്ന ചെറിയ ഒരു സ്ഥലത്ത് കൃഷിയിറക്കിയേടത്തുനിന്ന് വിത്തുകള്‍ നിറച്ച കൊട്ടയും തലയില്‍ പേറി ഞാന്‍ പോകുമ്പോള്‍ ഒരു കൂട്ടം സ്വഹാബികളോടൊപ്പം വരുന്ന നബി ﷺ  എന്നെ കണ്ടു. തന്റെ വാഹനം നിര്‍ത്തി കൂടെ വാഹനപ്പുറത്ത് കയറിക്കൊള്ളാന്‍ നബി ﷺ  പറഞ്ഞു. പക്ഷേ, ആണുങ്ങളോടൊപ്പമുള്ള യാത്ര എനിക്ക് ലജ്ജയായി. മാത്രവുമല്ല എന്റെ ഭര്‍ത്താവിന്റെ 'അരിശം' എനിക്ക് ഓര്‍മയും വന്നു. അദ്ദേഹം ഇത്തരം കാര്യങ്ങളില്‍ നല്ല അരിശക്കാരനായിരുന്നു. എനിക്ക് കൂടെ കയറാന്‍ താല്‍പര്യമില്ലാത്തതും എന്റെ നാണവും നബിക്ക് മനസ്സിലായി. നബി ﷺ  കടന്നുപോയി.'

ഭര്‍ത്താവ് സുബൈറിനോട് അസ്മാഅ്(റ) നബി ﷺ  വാഹനത്തില്‍ കയറാന്‍ പറഞ്ഞതും എന്നിട്ട് നാണം കൊണ്ട് കയറിയില്ല എന്നതും പറഞ്ഞു. 'നിങ്ങളുടെ ദേഷ്യവും അരിശവും എനിക്ക് നല്ലവണ്ണമറിയാമല്ലോ' എന്നും അവര്‍ സൂചിപ്പിച്ചു. സുബൈര്‍(റ) ഭാര്യയോട് പറഞ്ഞു: 'അസ്മാ, നീ ആ കൊട്ടയും തലയിലേറ്റി വരുന്നതിനെക്കാള്‍ എനിക്ക് പ്രയാസമുള്ളതായിരുന്നില്ല നീ നബി ﷺ യുടെ കൂടെ കയറുന്നത്.'

മറ്റൊരിക്കല്‍ ദരിദ്രനായ ഒരാള്‍ ഇവരുടെ അടുക്കല്‍ വന്ന് വീടിന്റെ അടുത്ത് ഒരു കച്ചവടം തുടങ്ങാന്‍ അനുവാദം ചോദിച്ചു. സുബൈര്‍(റ) സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അത്. 'ഞാന്‍ നിന്നെ സമ്മതിച്ചാല്‍ സുബൈറും അത് സമ്മതിച്ചുകൊള്ളണമെന്നില്ല. സുബൈര്‍ ഉള്ള നേരത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നീ എന്നോട് ചോദിക്ക്. അപ്പോള്‍ പറയാം' എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ മടക്കിവിട്ടു. അദ്ദേഹം മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് സുബൈര്‍(റ) വീട്ടിലുള്ള നേരത്ത് ചെന്നിട്ട് അദ്ദേഹം പറഞ്ഞു: 'ഉമ്മു അബ്ദുല്ലാഹ്, ഞാന്‍ ദരിദ്രനായ ഒരാളാണ്. എനിക്ക് നിങ്ങളുടെ വീടിന്റെ ചാരത്ത് ഒരു കച്ചവടത്തിന് അനുവാദം തരണം.' അപ്പോള്‍ അസ്മാഅ്(റ) ചോദിച്ചു: 'ഈ പട്ടണത്തില്‍ നീ എന്റെ വീടല്ലാതെ മറ്റൊന്നും കണ്ടില്ലേ?'  അതു കേട്ട സുബൈര്‍(റ) അവരോട് ചോദിച്ചു: 'അസ്മാ... ഒരു പാവം ദരിദ്രനെ എന്തിനാണ് നീ തടയുന്നത്?' അങ്ങനെ അയാള്‍ അവിടെ കച്ചവടം തുടങ്ങി.

എത്ര മാതൃകാപരമായാണ് മഹതി അസ്മാഅ്(റ) ഇവിടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്! എത്ര പാഠങ്ങളാണ് ഈ സംഭവങ്ങള്‍ നമ്മുടെ ഭവനങ്ങള്‍ക്ക് വെളിച്ചമായി നല്‍കുന്നത്! നാട്ടിലെ അറിയപ്പെടുന്ന, കുലീനവും സമ്പന്നവുമായ തറവാട്ടിലെ മഹാനായ  ഒരു മനുഷ്യന്റെ മകളെ ദരിദ്രനായ ഒരു ചെറുപ്പക്കാരന് വിവാഹം ചെയ്തുകൊടുത്ത ചിത്രം ഇവിടെയുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലെ നിത്യവേലകളില്‍ സന്തോഷത്തോടെ ഭാഗഭാക്കാവുന്ന ഒരു കുടുംബിനിയെ നാം ഇവിടെ കാണുന്നു. ഒരു ഭാര്യ എല്ലാം അറിഞ്ഞിരിക്കണമെന്ന് വാശിപിടിക്കേണ്ടതില്ല എന്ന കാര്യം ഭര്‍ത്താക്കന്മാരെ പഠിപ്പിക്കുന്നു. റൊട്ടിയുണ്ടാക്കാന്‍ ഞാന്‍ വിദഗ്ധയല്ലെന്ന് അവര്‍ പറയുമ്പോള്‍  അതാണ് വ്യക്തമാകുന്നത്. അയല്‍വാസികളെക്കുറിച്ച് നല്ലത് പറയുന്ന ഒരു നല്ല അയല്‍ക്കാരിയെ നാം കാണുന്നു. ഇതിനെല്ലാം പുറമെ തന്റെ ഭര്‍ത്താവിന്റെ കഴിവുകളെയും കഴിവുകേടുകളെയും കണ്ടറിഞ്ഞ് പെരുമാറുന്നു. തന്റെ ആത്മ മിത്രത്തിന്റെ മകള്‍, തലയില്‍ കൊട്ടയും പേറി നടന്നുവരുന്നത് കണ്ട വിഷമത്താല്‍ തന്റെ വാഹനത്തില്‍ കയറാന്‍ പറഞ്ഞ നബി ﷺ യുടെ ക്ഷണം അവര്‍ നിരസിക്കുന്നതിലെ പ്രധാന കാരണം ഭര്‍ത്താവ് സുബൈറി(റ)ന്റെ പ്രകൃതം ഓര്‍ത്തിട്ട് കൂടിയാണ്. തന്നെ ക്ഷണിക്കുന്നത് അല്ലാഹുവിന്റെ ദൂതനാണെങ്കിലും ഭര്‍ത്താവിന് അരിശം തോന്നിപ്പിക്കുകയോ മനസ്സില്‍ വെറുപ്പുണ്ടാക്കുകയോ ചെയ്‌തെങ്കിലോ എന്നു കരുതി അവരത് നിഷേധിച്ചു. മാത്രവുമല്ല ഇവിടെ അസ്മാഅ്(റ) തന്റെ ഭര്‍ത്താവിനോട് തുറന്നു പറയുന്നു. ഭര്‍ത്താവിന്റെ ഇഷ്ടത്തെയും അനിഷ്ടത്തെയും മുഖവിലക്കെടുക്കുന്നതില്‍ ഭാര്യയെന്ന നിലയ്ക്ക് എനിക്ക് ഒട്ടും വിഷമമില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകകൂടി ചെയ്യുന്നു. സുബൈര്‍(റ) പറഞ്ഞതാകട്ടെ 'നീ ആ കൊട്ടയും തലയിലേറ്റി വരുന്നതിനെക്കാള്‍ എനിക്ക് പ്രയാസമുള്ളതായിരുന്നില്ല നീ നബി ﷺ യുടെ കൂടെ കയറുന്നത്' എന്നാണ്. ഭാര്യയുടെ അധ്വാനത്തെയും ത്യാഗസന്നദ്ധതയെയും അദ്ദേഹം വിലവയ്ക്കുകയും അംഗീകരിക്കുകയും അവളോടുളള അലിവ് പ്രകടമാക്കുകയും ചെയ്യുന്നു. തന്റെ ഇണയെ കുറിച്ച് എത്ര മതിപ്പായിരിക്കും സുബൈര്‍(റ) എന്ന ഭര്‍ത്താവിന്ന് ഉണ്ടായിട്ടുണ്ടാവുക!

രണ്ടാമത്തെ സംഭവം ഇതിനെക്കാള്‍ ചിന്തനീയമാണ്. ദരിദ്രനായ മനുഷ്യന്‍ വന്ന് വീടിനടുത്ത് കച്ചവടത്തിന് അനുവാദം ചോദിച്ചപ്പോഴും ഭര്‍ത്താവിന്റെ പ്രകൃതത്തെ മനസ്സിലാക്കി ആ ഭാര്യ പ്രതികരിക്കുന്നു. ദരിദ്രനെ നിരാശപ്പെടുത്തുന്നുമില്ല. പിന്നീടയാള്‍ ഭര്‍ത്താവിന്റെ മുമ്പില്‍വച്ച് അനുവാദം ചോദിക്കുന്നു. അസ്മാഅ്(റ) താല്‍പര്യമില്ലാത്ത രീതിയില്‍ മറുപടി പറയുന്നു. ഒടുക്കം ഭര്‍ത്താവ് അനുവാദം കൊടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. അപ്പോള്‍ ഈ ഭര്‍ത്താവിന്റെ മാനസിക നിലവാരം എത്ര ഉയര്‍ന്നു! അസ്മാഅ് എന്ന കുടുംബിനിക്ക് ഭര്‍ത്താവിന്റെ ഒരു അനിഷ്ടത്തിനും പാത്രമാകേണ്ടിവന്നില്ല. ഭര്‍ത്താവിനാകട്ടെ ഭാര്യയോടുള്ള മതിപ്പും സ്‌നേഹവും വര്‍ധിക്കുന്ന രൂപത്തില്‍ സംതൃപ്തി ലഭിച്ചു. അങ്ങനെ കുടുംബത്തിന്റെ സമാധാന മേല്‍ക്കൂരയുടെ ആണിയായി വര്‍ത്തിക്കാന്‍ ഈ മഹതിയുടെ നിലപാടുകള്‍ക്ക് സാധിച്ചു. അരിശക്കാരനായ ഭര്‍ത്താവിന്റെ സമര്‍ഥയായ ഭാര്യയായിരുന്നു അസ്മാഅ്(റ). അതെ, പ്രകൃതത്തെ കണ്ടറിയുന്ന സാമര്‍ഥ്യം.