പ്രണയം, മതപരിവര്‍ത്തനം, ഇസ്‌ലാംവിരോധം

അബ്ദുല്‍ മാലിക് സലഫി

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

ഏതായാലും കുറച്ചുകാലത്തേക്കെങ്കിലും ഇനി ഇസ്‌ലാം വിമര്‍ശകന്‍മാര്‍ക്ക് വിശ്രമിക്കാം. ഏതാനും വര്‍ഷങ്ങളായി മുസ്‌ലിംകളുടെ മനസ്സിനെ നോവിക്കാനും ഇസ്‌ലാമിനെ മോശമാക്കാനുമായി ജിഹാദിനെ പ്രണയവുമായി കൂട്ടിക്കെട്ടി ദുഷ്പ്രചാരണം നടത്തിയിരുന്ന സംഘപരിവാര്‍-ക്രിസ്ത്യന്‍ മിഷണറി കൂട്ടുകെട്ടിന് മൂര്‍ധാവില്‍ കിട്ടിയ അടിയാണ് കേന്ദ്രസര്‍ക്കാര്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന.

രാജ്യത്തെവിടെയും ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പറഞ്ഞത്. ബെന്നി ബെഹ്‌നാന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ രണ്ട് മിശ്രവിവാഹങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ പറഞ്ഞു. ലൗ ജിഹാദിന് നിലവിലെ നിയമത്തില്‍ വ്യാഖ്യാനങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേരള സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വകതിരിവിന്റെ വിഷയത്തില്‍ വട്ടപ്പൂജ്യമായ ചില ക്രിസ്ത്യന്‍ സഭകള്‍ ലൗ ജിഹാദ് ഉണ്ടെന്ന്, പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ കൊടുങ്കാറ്റു തൊടുത്തുവിട്ട വേളയില്‍ തന്നെ നിലപാടെടുത്തതോടെയാണ് ഇത് വീണ്ടും ഉയര്‍ന്നുവന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എംപി ചോദ്യം ഉന്നയിച്ചത്. അതിലാണ് ഇത്തരക്കാരുടെ ദുരാരോപണങ്ങളെ തകര്‍ക്കുന്ന മറുപടി കേന്ദ്രം നല്‍കിയത്.

തങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പല അരുതായ്മകളെയും മറച്ചുപിടിക്കാന്‍ വേണ്ടി സഭ കണ്ടെത്തിയ ഈ വക്രവഴി സിഎഎയില്‍ പരുങ്ങിനില്‍ക്കുകയായിരുന്ന സംഘീ കൂടാരത്തിന് അല്‍പം ആശ്വാസം നല്‍കി. അങ്ങനെയാണ് കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദിനെതിരെ പിണറായി സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് പറഞ്ഞ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ രംഗത്തെത്തിയത്. സംസ്ഥാനത്തു നിന്നും സ്ത്രീകളെ നിര്‍ബന്ധിത മതമാറ്റത്തിന് വിധേയമാക്കി മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നും രേഖാ ശര്‍മ വ്യക്തമാക്കി. നിര്‍ബന്ധിത മതമാറ്റം, ലൗ ജിഹാദ്, രാജ്യം വിട്ട് പോകുന്ന സ്ത്രീകള്‍ എന്നീ വിഷയങ്ങളില്‍ ഒരു വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും രേഖ ശര്‍മ വ്യക്തമാക്കി. പക്ഷേ, രേഖയുടെ കയ്യില്‍ ഒരു രേഖയും ഈ കാര്യത്തിലില്ല എന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണത്തോടെ വ്യക്തമായി. ഈ കലങ്ങിയ കുളത്തില്‍ ചൂണ്ടയിടാന്‍ സെന്‍കുമാറും ചൂണ്ടയുമായി ഇറങ്ങി. എന്നാല്‍ കേരളത്തിന്റെ നിലവിലെ ഡിജിപി അത്തരം വാര്‍ത്തകളെ നിഷേധിച്ചതോടെ മുന്‍ ഡിജിപിയുടെ ചൂണ്ടയും കുളത്തിലായി!

2009ലാണ് ഒരു ഹിന്ദുത്വസംഘടനയുടെ ഓണ്‍ലൈന്‍ പേജില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വ്യാജവാര്‍ത്ത ആദ്യമായി വരുന്നത്. പെണ്‍കുട്ടികളെ മതം മാറ്റാനായി പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി പാക്കിസ്ഥാനിലെ ചുവന്ന തെരുവില്‍ വില്‍ക്കുന്നുണ്ടെന്നുമൊക്കെയായിരുന്നു കഥകള്‍. റോമിയോ ജിഹാദ് എന്ന പര്യായപദവും അവര്‍ അതിന് നല്‍കി. അത് ഹിന്ദുത്വസംഘടനകളും രാഹുല്‍ ഈശ്വറിനെ പോലുള്ളവരും ഏറ്റുപിടിച്ചു. കേരള കൗമുദിയും മലയാള മനോരമയും മാതൃഭൂമിയുമൊക്കെ അന്വേഷണ പരമ്പരകള്‍ തന്നെ പ്രസിദ്ധീകരിച്ചു. എന്നാല്‍ 2009 നവംബറില്‍ അത്തരത്തിലുള്ള ആസൂത്രിത ശ്രമങ്ങളൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുസ്‌ലിം യുവാക്കളുമായി പ്രണയവിവാഹം നടത്തിയ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. എന്നാല്‍ പ്രണയവിവാഹവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ ഒരു തെളിവുമില്ലാതെ തന്നെ ലൗ ജിഹാദുണ്ടെന്ന തരത്തിലുള്ള നിരീക്ഷണം ജസ്റ്റിസ് കെ.ടി ശങ്കരന്‍ നടത്തിയതോടെ കേരളത്തില്‍ ലൗജിഹാദ് വ്യാപകമാണെന്ന തരത്തിലുള്ള പത്രറിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ 2010ല്‍ സമാനമായ കേസില്‍ കര്‍ണാടക ഹൈക്കോടതി ലൗ ജിഹാദ് പ്രചാരണം ശരിയല്ലെന്ന് വിധിച്ചു. ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയ ഹിന്ദുത്വ വെബ്‌സൈറ്റിനെതിരായ പരാതി അന്വേഷിച്ച കേരള പോലീസ് രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2012ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലൗ ജിഹാദ് ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണെന്നായിരുന്നു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. അങ്ങനെ മൂന്ന് വര്‍ഷത്തോളം നീണ്ടു നിന്ന മുസ്‌ലിം വിരുദ്ധ പ്രചാരണം അവസാനിപ്പിക്കാന്‍ മാധ്യമങ്ങളും സംഘപരിവാര്‍ ശക്തികളും നിര്‍ബന്ധിതരായി. സമാനമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഘപരിവാര്‍ നടത്തിയിരുന്നു.

'ലൗ ജിഹാദ്' വഴി ദക്ഷിണ കര്‍ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി തട്ടിവിട്ടു! തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണാടക പോലീസ് ഔദേ്യാഗിക വിശദീകരണം നല്‍കുകയുണ്ടായി. 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത് എന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി.

ഇതിന്റെയൊക്കെ പര്യവസാനം എന്ന നിലയ്ക്കാണ് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രസ്താവന വന്നത്. അതോടുകൂടി ഈ വിമര്‍ശനങ്ങളുടെ മുഴുവനും മുനയൊടിഞ്ഞു എന്നു മാത്രമല്ല, മുസ്‌ലിംകള്‍ക്കെതിരാണെങ്കില്‍ എന്തു നുണയും തട്ടിവിടാം എന്ന സംഘപരിവാര, െ്രെകസ്തവ ലോബിയുടെ സ്വപ്‌നവുമാണിവിടെ പൊലിഞ്ഞത്. കേന്ദ്രം ഭരിക്കുന്നത് സംഘീ സര്‍ക്കാറാണ് എന്നത് പ്രത്യേകം ഓര്‍ക്കുക.

ആദര്‍ശ തെളിമ കൊണ്ട് മനുഷ്യര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടിരിക്കുന്ന പരിശുദ്ധ ഇസ്‌ലാമിനെയും അത് ആദര്‍ശമായി സ്വീകരിച്ച് നാട്ടില്‍ സമാധാനം പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുസ്‌ലിംകളെയും മൊത്തത്തില്‍ താറടിച്ചു കാണിക്കുവാനും അതുവഴി ഇസ്‌ലാമിന്റെ വളര്‍ച്ചയ്ക്ക് തടയിടുവാനും വേണ്ടി ഇസ്‌ലാം വിരുദ്ധര്‍ കണ്ടെത്തിയതാണീ 'ലൗ ജിഹാദ്' എന്ന പദം തന്നെ. യഥാര്‍ഥത്തില്‍ പ്രണയം നടിച്ച് ആളുകളെ ഇസ്‌ലാമിലേക്ക് ചേര്‍ക്കുക എന്നത് ഒരിക്കലും മതം അംഗീകരിക്കാത്ത കാര്യമാണ് എന്നത് എല്ലാവര്‍ക്കുമറിയാം. മാത്രമല്ല , വിവാഹത്തിനു മുമ്പുള്ള പ്രണയത്തെ ഇസ്‌ലാം നിഷിദ്ധമായി കാണുകയും ചെയ്യുന്നു.

ജിഹാദ് എന്ന പദം അതിമഹത്തായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശുദ്ധ പദമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പരിശ്രമങ്ങള്‍; അതെത്ര ചെറുതായാലും വലുതായാലും അതെല്ലാം ജിഹാദിന്റെ പരിധിയില്‍ വരുന്നുണ്ട്. ശത്രുവിനെതിരെ വാളെടുത്ത് പോരാടല്‍ മാത്രമാണ് ജിഹാദ് എന്ന ധാരണ ശരിയല്ല. 13 വര്‍ഷത്തോളം പ്രവാചകന്‍ ﷺ  മക്കയില്‍ ജീവിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലും ജിഹാദ് ഉണ്ടായിരുന്നു. അവിടെ ഒരു സായുധസമരവും നടന്നിട്ടില്ല. വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് ഏറ്റവും വലിയ ജിഹാദ് നടത്തുവാനാണ് അന്ന് പ്രവാചകനോട് അല്ലാഹു കല്‍പിച്ചത്. (ക്വുര്‍ആന്‍ 25:52).

മതത്തിന്റെ മാര്‍ഗത്തിലുള്ള കഠിന പരിശ്രമങ്ങള്‍ തന്നെയായിരുന്നു മക്കയില്‍ നടന്നത്. അതായിരുന്നു അവിടുത്തെ വലിയ ജിഹാദും. വിശുദ്ധ ക്വുര്‍ആനില്‍ ജിഹാദ് എന്ന പദം പരാമര്‍ശിക്കപ്പെട്ട വചനങ്ങള്‍പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള വിശാലമായ അര്‍ഥങ്ങള്‍ അതിനുണ്ടെന്ന് വ്യക്തമാവും.

സ്വന്തം മനസ്സിനെ ഇച്ഛകളുടെ തിന്മയില്‍ നിന്ന് പിടിച്ചുനിര്‍ത്തലും നന്മയില്‍ വര്‍ത്തിക്കലുമെല്ലാം ജിഹാദ് തന്നെയാണ്. ഇങ്ങനെയുള്ള പരിശുദ്ധമായ ഒരു പദത്തെയാണ് വിവാഹത്തിനു മുമ്പുള്ള പ്രണയമെന്ന അശ്ലീലവുമായി കൂട്ടിക്കെട്ടി ഇസ്‌ലാമിനെ വികൃതമാക്കുവാനും മുസ്‌ലിംകളെ അവമതിക്കുവാനും വേണ്ടി ചിലരിവിടെ പണിയെടുത്തിരുന്നത്. അത്തരക്കാരുടെ മുഖമാണ് ഇപ്പോള്‍ വികൃതമായിരിക്കുന്നത്. ഇസ്‌ലാമിന്റെ പ്രമാണങ്ങളോടും മുസ്‌ലിംകളോടും എത്രമാത്രം ഉള്‍പ്പക സംഘപരിവാറും ശിങ്കിടികളും വച്ചുപുലര്‍ത്തുന്നു എന്നുള്ളതിന് ഏറെയൊന്നും ഉദാഹരണങ്ങള്‍ ആവശ്യമില്ലല്ലോ. യഥാര്‍ഥത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പിന്നിലും ഈ വെറുപ്പിന്റെ ബഹിസ്ഫുരണമാണ് കാണുവാന്‍ സാധിക്കുക.

ജനങ്ങളെ മതപരമായി വിഭജിക്കുന്ന വിവാദ നിയമം കത്തിനില്‍ക്കുന്നതിനിടയിലാണ് 'സീറോ സഭ' വെറുപ്പിന്റെ അമിട്ടായ ലൗ ജിഹാദ് വീണ്ടും എടുത്ത് ജനമധ്യത്തില്‍ ചര്‍ച്ചയാക്കിയത്. തങ്ങള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളെയും ലൈംഗിക വിവാദങ്ങളെയും സമൂഹത്തില്‍ നിന്നും മറച്ചു വെക്കാന്‍ വേണ്ടി സഭാനേതൃത്വം കണ്ടെത്തിയ ഒരു കച്ചിത്തുരുമ്പ് മാത്രമാണിത്. പക്ഷേ, ഈയൊരു ദുരാരോപണം വലിയൊരു ബൂമറാങ്ങ് കണക്കെ തിരിച്ചെത്തുമെന്ന് അവര്‍ കരുതിക്കാണില്ല. ആയുധം പോയി ഇളിഭ്യരായ സഭാനേതൃത്വം വീണ്ടും പഴയ ആരോപണത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്ന ദയനീയ കാഴ്ചയാണ് വീണ്ടും നാം കാണുന്നത്. കൂടെ സംഘപരിവാരങ്ങളുമുണ്ട്; കഷ്ടം!

ഈ വിഷയത്തില്‍ ഒരു ഇടയ ലേഖനവും ഇവര്‍ ഇറക്കിയിരുന്നു. പക്ഷേ, തങ്ങളുടെ സഭക്കുള്ളിലുള്ള കുഞ്ഞാടുകള്‍ പോലും അതിനെ തള്ളുകയാണുണ്ടായത്. അതോടെ ഇക്കൂട്ടരുടെ മുഖം സമൂഹത്തില്‍ കൂടുതല്‍ വികൃതമായി.

മുസ്‌ലിംകള്‍ ചില പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നതിനിടയില്‍ അവരെ കൂടുതല്‍ കുത്തി നോവിക്കുക എന്ന അജണ്ടയാണ് ഇത്തരം കുബുദ്ധികള്‍ എക്കാലത്തും പയറ്റിപ്പോന്നിട്ടുള്ളത്. ആഴ്ചകള്‍ക്കു മുമ്പ് മറ്റൊരു പാതിരി തന്റെ വിവരക്കേടും വിദ്വേഷവും ഒന്നിച്ചു പുറത്തുവിട്ടതും നമ്മള്‍ കേള്‍ക്കുകയുണ്ടായി. ടിപ്പുസുല്‍ത്താനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും വളരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ കുറെ വിവരക്കേടുകളാണ് അയാള്‍ തട്ടിവിട്ടത്. വിഷലിപ്തമായ ഈയൊരു പ്രസംഗം പുറത്തുവിടുക വഴി ചില ലക്ഷ്യങ്ങള്‍ അവര്‍ മുന്നില്‍ കണ്ടിരിക്കാം.

പക്ഷേ, വിവാദമായപ്പോള്‍ കുമ്പസരിച്ച് തടി രക്ഷപ്പെടുത്തുവാനാണ് അച്ഛന്‍ ശ്രമിച്ചത്. അവര്‍ക്ക് കുമ്പസാരം എല്ലാത്തിനും പരിഹാരമാണല്ലോ!

സത്യസന്ധമായി നേര്‍ക്കുനേരെ ഇസ്‌ലാമിനെ നേരിടുവാനും ഇസ്‌ലാമിക പ്രമാണങ്ങളെ വെല്ലുവിളിക്കാനും സാധിക്കാത്തവരാണ് ഇത്തരത്തിലുള്ള നിലവാരമില്ലാത്ത ആരോപണങ്ങളുമായി കടന്നുവരുന്നത്. ഇസ്‌ലാമിന്റെ വളര്‍ച്ചയെ ഇത്തരം ദുരാരോപണങ്ങള്‍ കൊണ്ട് തടയിടാനാവുമെന്നാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നതെങ്കില്‍ അതിന് ഏതായാലും ഇതുകൊണ്ട് കഴിയുകയില്ല എന്നതാണ് ഇസ്‌ലാമിന്റെ ചരിത്രം പഠിപ്പിക്കുന്നത്. എന്തു കളവുകള്‍ ഇസ്‌ലാമിനെതിരെ ആരൊക്കെ പ്രചരിപ്പിച്ചാലും അതിനെല്ലാം അല്‍പായുസ്സ് മാത്രമെ ഉണ്ടാവൂ. ഇന്നല്ലെങ്കില്‍ നാളെ വസ്തുതകള്‍ പുറത്തുവരും എന്ന കാര്യത്തില്‍ സംശയമില്ല.

സോഷ്യല്‍ മീഡിയ കരുത്താര്‍ജിച്ച ഈ കാലഘട്ടത്തില്‍ അസത്യങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമെ ഉണ്ടാവുകയുള്ളൂ എന്നത് എല്ലാവരും മനസ്സിലാക്കുന്നത് നന്ന്. കളവുകള്‍ക്ക് ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാം വിമര്‍ശകര്‍ കൂടുതല്‍ മാന്യത കാണിക്കേണ്ട സന്ദര്‍ഭമാണിത്. ക്വുര്‍ആനെയും ഇസ്‌ലാമിനെയും ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ, സത്യസന്ധമായിരിക്കണം. അത്തരം വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലിംകളുടെ കയ്യില്‍ ശക്തവും വ്യക്തവുമായ മറുപടികളും ഉണ്ട്.

 ആ മറുപടികള്‍ മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നതാണ് താനും. അതുകൊണ്ടാണ് ഇസ്‌ലാമിലേക്ക് ആളുകള്‍ കൂട്ടംകൂട്ടമായി കടന്നുവരുന്നത്. 2070 ആകുമ്പോഴേക്കും ലോകത്തെ ഒന്നാമത്തെ മതം ഇസ്‌ലാം ആകുമെന്ന പ്രവചനത്തെ ഏറെ ഭയപ്പാടോടെയാണ് സംഘപരിവാറും ക്രൈസ്തവ സഭകളും കാണുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഭയപ്പാട്‌കൊണ്ട് ഈ ശക്തിയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുകയില്ല. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിട്ടും കേന്ദ്ര ഏജന്‍സികള്‍ എല്ലാം തന്നെ അന്വേഷിച്ചിട്ടും കാണാത്ത ഒന്ന് പിന്നെയും യാതൊരു ലജ്ജയുമില്ലാതെ ആവര്‍ത്തിക്കുന്നവരുടെ തൊലിക്കട്ടിയെ കുറിച്ച് നമുക്ക് അത്ഭുതം തോന്നുകയാണ്. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികളെല്ലാം അന്വേഷിച്ചു തള്ളിയ ഒരു കേസ് കേരളത്തിലെ ചില സംഘികള്‍ക്കും ചില െ്രെകസ്തവ സഭകള്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞു എന്നത് ബുദ്ധിയുള്ള ഒരാളും അംഗീകരിക്കുമെന്നു തോന്നുന്നില്ല. അല്ലെങ്കില്‍ പിന്നെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ കവച്ചുവക്കുന്ന സംവിധാനങ്ങള്‍ ഇക്കൂട്ടരുടെ കയ്യില്‍ ഉണ്ടാവണം. അതേതായും ഇല്ല എന്നതും എല്ലാവര്‍ക്കും അറിയാം. ആകെയുള്ളത് ഇസ്‌ലാം വിരോധം അന്ധമാക്കിയ മനസ്സുകള്‍ മാത്രമാണ്. അതുകൊണ്ട് ഇനിയെങ്കിലും ഈ വൃത്തികെട്ട ആരോപണത്തില്‍ നിന്ന് ഇത്തരം പ്രഭൃതികള്‍ പിന്തിരിയണം; പിന്തിരിഞ്ഞാല്‍ അവര്‍ക്കു നന്ന്!