ചരിത്രത്തെ അപനിര്‍മിക്കുന്ന ഫാഷിസം

മുജീബ് ഒട്ടുമ്മല്‍

2020 ആഗസ്ത് 22 1442 മുഹര്‍റം 03

ചരിത്രം ഭൂതകാലത്തിന്റ വര്‍ത്തമാനമാണ്. ഭൂതകാലത്തെ അറിഞ്ഞുകൊണ്ടുമാത്രമെ മനുഷ്യന് മുന്നോട്ടുപോകാന്‍ കഴിയൂ. ചരിത്രമില്ലാത്ത സമൂഹം ഓര്‍മയില്ലാത്ത മനുഷ്യനെപ്പോലെയാണ്. അതിനെ തിരസ്‌കരിക്കാനാര്‍ക്കും സാധ്യമല്ല. ഇന്നലെകളുടെ വര്‍ത്തമാനങ്ങളില്‍ അഭിമാനിക്കത്തക്കവിധമുള്ള എന്തെങ്കിലും ഒന്ന് ഇല്ലാത്തവന് ചരിത്രത്തോട് പുഛം തോന്നുന്നത് സ്വാഭാവികം.

രാജ്യത്തിന്റെ അഭിമാനകരമായ മുന്നേത്തിന് ത്യാഗംചെയ്ത ഒരുസമൂഹത്തെ ശത്രുവായിക്കാണുകയും അവരെ നിഷ്‌കാസനം ചെയ്യാന്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് ഇന്നലെകളെക്കുറിച്ച് അപകര്‍ഷതയും വിദ്വേഷവും ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

വൈവിധ്യങ്ങളാല്‍ സുന്ദരമായ ഇന്ത്യാമഹാരാജ്യത്തിന്റെ ഭൂതകാലവര്‍ത്തമാനങ്ങളില്‍ വലിയ പാഠങ്ങളുണ്ട്. ഫാഷിസത്തെയും നാസിസത്തെയും ദര്‍ശനമായി സ്വീകരിച്ച ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും വെറുപ്പിന്റെ രാഷ്ട്രീയാശയങ്ങളാല്‍ രാജ്യത്തിന്റ പൈതൃകം വിസ്മരിച്ചുപോയവര്‍ക്ക് സത്യസന്ധമായ ചരിത്രം സ്വീകാര്യമല്ലാത്തതിനാല്‍ അവര്‍ അതിനെ അപനിര്‍മിക്കാനുള്ള അതീവ ശ്രമത്തിലാണ്.

പൗരത്വഭേദഗതി നിയമവും കാശ്മീരിന്റെ 370ാം വകുപ്പിന്റെ നിരാകരണവും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ന്യായീകരണവും ഏകീകൃത സിവില്‍കോഡിന്റ സാധുതയുമെല്ലാം യാഥാര്‍ഥ്യമായി അവതരിപ്പിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ അപരവല്‍കരിക്കാന്‍ വേണ്ടിയാണ് ഇത്തരം അപനിര്‍മിതിക്കായി സംഘപരിവാരം ശ്രമിക്കുന്നത്.

അതിനാല്‍ അധികാരത്തിന്റെ ദംഷ്ട്രങ്ങളാല്‍ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ പഠനത്തിനൊരവസരമായാണ് മുജാഹിദ് നവോത്ഥാന പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ഔട്ട്‌ലുക്ക് 3.0 സംഘടിപ്പിച്ചത്.

ചരിത്രകാരനും ചിന്തകനുമായ ഡോ.പി.ജെ വിന്‍സന്റ് സാമൂഹ്യപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഡോ.പി.സരിന്‍, ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എം. ജെ. ശ്രീചിത്രന്‍, മുസ്‌ലിം യൂത്ത്‌ലീഗ് നേതാവും പ്രഭാഷകനുമായ പി.കെ. ഫിറോസ്, വിസ്ഡം പ്രതിനിധിയും പ്രഭാഷകനുമായ റഷീദ് കുട്ടമ്പൂര്‍ എന്നിവരുടെ ഘനഗംഭീരവും വൈജ്ഞാനികവുമായ വിഷയാവതരണങ്ങളില്‍നിന്ന് പ്രോജ്വലിക്കുന്ന ഇന്ത്യന്‍ പൈതൃകത്തിന്റെ ആത്മാവിനെ തൊട്ടറിയാനാകും.

ചരിത്രാപനിര്‍മിതിയില്‍ ഫാഷിസം ലക്ഷ്യമാക്കുന്നത്

പ്രൗഢമായ ചരിത്ര പാരമ്പര്യമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യ. ഇന്നലെകളിലെ വര്‍ത്തമാനങ്ങളില്‍ അഭിമാനിക്കാവുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. പ്രാചീന, മധ്യകാലഘട്ടങ്ങളിലെ രാജഭരണങ്ങളും അതിലൂടെയുള്ള വൈവിധ്യമാര്‍ന്ന സംസ്‌കൃതിയുമെല്ലാം രാജ്യത്തിന്റെ സൗന്ദര്യമേറെ ഉയര്‍ത്തിയിട്ടുണ്ട്. വൈദേശികരുടെ കരാളഹസ്തങ്ങളില്‍ രാജ്യമമര്‍ന്നപ്പോള്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ സമര സേനാനികളുടെ ഐതിഹാസികമായ മുന്നേറ്റം അഭിമാനകരമായ ചരിത്രമാണ് സൃഷ്ടിച്ചത്. എന്നിട്ടും ചരിത്രത്തെ വക്രീകരിക്കാന്‍ സംഘപരിവാരത്തെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?

പി.കെ. ഫിറോസ്: ഒരു നദിയുടെ ഉറവിടവുമായുള്ള ബന്ധം വിഛേദിച്ചാല്‍ നദിതന്നെ ഇല്ലാതാകുമെന്ന പോലെയാണ് ചരിത്രത്തെ തിരസ്‌കരിക്കുന്നതിലൂടെ ഒരു സമൂഹത്തിന് സംഭവിക്കാനിരിക്കുന്നത്. ആരാണോ ഇന്നലെകളെ അധീനമാക്കുന്നത് അവരാണ് ഭാവിയെ ഭരിക്കുക. നാസി ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ചരിത്രം തങ്ങളുടേതാക്കി മാറ്റി ന്യൂനപക്ഷമായ ജൂതന്‍മാരെ അപരവല്‍കരിച്ചു. 60 ലക്ഷത്തോളം ജൂതന്‍മാരെ കൊന്നുതള്ളിയിട്ടും തങ്ങള്‍ക്ക് ചരിത്രമില്ലെന്ന് തോന്നുമാറ് അപരവല്‍കൃതരായ ഒരു സമൂഹത്തിന് അത് ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നുവത്രെ! ഏഴു കോടിയോളംവരുന്ന ജനങ്ങള്‍ നിശ്ശബ്ദരാകുമാറ് ചരിത്രത്തിന്റെ വക്രീകരണം അതിന് മാത്രം സ്വാധീനിക്കപ്പെട്ടിരുന്നു. അതിനാല്‍ ഫാഷിസം ദീര്‍ഘകാലത്തെ ഒരു പദ്ധതിയാണ്. അതിലെ ഒരു ഘട്ടമാണ് ചരിത്രത്തിന്റെ അപനിര്‍മിതി. ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തില്‍ അപഹാസ്യമായി മാപ്പെഴുതിയ ഭീരുത്വത്തിന്റെ പാരമ്പര്യമുള്ള സംഘപരിവാരങ്ങള്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. മതരാഷ്ട്രമാക്കാനുള്ള ഒളിയജണ്ടയുടെ സ്വാഭാവിക പരിണിതി.

മതരാഷ്ട്രവാദത്തിന് ഇന്ത്യന്‍ ചരിത്രത്തിലിടമുണ്ടോ?

ഘര്‍വാപസിയും ഏകീകൃത സിവില്‍കോഡും മതരാഷ്ട്രവാദത്തെ സാധൂകരിക്കാന്‍ സംഘപരിവാരങ്ങള്‍ തുടങ്ങിവച്ച പദ്ധതികളാണ്. മുകള്‍ ചക്രവര്‍ത്തിമാരും ലോധി, തുഗ്ലക്ക് ഭരണകൂടവുമടക്കമുള്ളവര്‍ അവര്‍ പ്രതിനിധാനംചെയ്യുന്ന മതദര്‍ശനങ്ങള്‍ക്കനുസരിച്ച രാജ്യമാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അവരുടേത് മതരാഷ്ട്ര ഭരണമായിരുന്നുവെന്നും സംഘപരിവാരങ്ങള്‍ ചരിത്രാഖ്യാനം നടത്തുന്നു.

ഇന്ത്യന്‍ മതേതരത്വത്തിന്റെ തകര്‍ച്ചക്കായി ചരിത്രത്തെ അപനിര്‍മിക്കുന്ന ഫാഷിസത്തിന്റെ ഇത്തരം വാദങ്ങളെ സാധൂകരിക്കുന്ന വല്ലതും ഇന്ത്യന്‍ ചരിത്രത്തില്‍ കാണാനാകുമോ? ഇന്ത്യ ഭരിച്ച ഏതെങ്കിലും ഭരണാധികാരി രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമിച്ചിരുന്നുവോ?

ഡോ.പി.ജെ.വിന്‍സന്റ്: സുദീര്‍ഘമായ ഇന്ത്യാചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും മതരാഷട്രമായി ഇന്ത്യ മാറിയതായി സൂചന ലഭിക്കുന്നില്ല. ബ്രാഹ്മണിക വൈദിക സംസ്‌കൃതിയെ ശക്തമായി എതിര്‍ക്കുന്ന ചര്‍വാകന്‍മാരുടെ സൗഖ്യത്തെ അന്വേഷിക്കുന്ന ശ്രീരാമനെ കുറിച്ച് രാമായണത്തില്‍ പറയുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഐതിഹ്യങ്ങളിലെ വീരകഥാപാത്രങ്ങള്‍ പോലുമെന്നതാണ് ശരി. പ്രാചീന, മധ്യകാല ഇന്ത്യയില്‍ വിവിധ മതങ്ങളില്‍ പെട്ടവര്‍ രാജ്യം ഭരിച്ചിട്ടുണ്ട്. അവരാരും മതരാഷ്ട്രമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യാചരിത്രത്തില്‍ പ്രോജ്വലിക്കുന്ന രണ്ട് ഭരണാധികാരികളാണ് അശോക ചക്രവര്‍ത്തിയും അക്ബര്‍ ചക്രവര്‍ത്തിയും.

പ്രാചീന കാലഘട്ടത്തില്‍ ഇന്ത്യ ഭരിച്ചിരുന്ന അശോകന്‍ ബുദ്ധമതവിശ്വാസിയും അതിന്റെ പ്രചാരകനുമായിരുന്നു. മകന്‍ മഹീന്ദ്രനെയും മകള്‍ സംഘമിത്രയെയും ബുദ്ധമതപ്രചാരണത്തിനായി ശ്രീലങ്കയിലേക്കയച്ചതിലൂടെ അദ്ദേഹത്തിന്റെ മതപരമായ താല്‍പര്യം മനസ്സിലാക്കാവുന്നതാണ്. അദ്ദേഹം ഒരിക്കലും ഈ രാജ്യത്തെ ബുദ്ധമത രാഷ്ട്രമാക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല എല്ലാ ധര്‍മങ്ങളുടെയും സ്വതന്ത്ര വിഹാരത്തിന് അവസരമൊരുക്കുകയും ചെയ്തുവെന്നര്‍ഥം.

അക്ബര്‍ ചക്രവര്‍ത്തി മധ്യകാലത്ത് രാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയാണ്. മുസ്‌ലിമായ അദ്ദേഹം ഒരിക്കല്‍പോലും മതരാഷ്ട്രമാക്കാന്‍ ശ്രമിച്ചില്ല. എല്ലാ മതങ്ങളെയും അവയുടെ വിശ്വാസ ആചാരപ്രകാരം സ്വതന്ത്രമായ ജീവിതത്തിന് അവസരമൊരുക്കുകയായിരുന്നു അദ്ദേഹം. മതസംവാദത്തിനായി തന്റെ തലസ്ഥാനമായ പത്തേപൂര്‍സിക്രിയില്‍ ഇബാദത്ത് ഖാന സ്ഥാപിച്ചു. ദീന്‍ ഇലാഹി എന്ന മതം സ്ഥാപിച്ചിട്ട് പോലും അദ്ദേഹം രാജ്യത്തെ ഔദേ്യാഗിക മതമായി അതിനെ പ്രഖ്യാപിച്ചില്ല.

ഇന്ത്യയുടെ മധ്യകാലത്തെ ഇസ്‌ലാമിക കാലമെന്ന് വിലയിരുത്തിയിട്ട് പോലും ആ കാലഘട്ടത്തിലാണ് മറാത്തയും ഹൈന്ദവ സംസ്‌കൃതിയുടെ കേദാരമായ വിജയ നഗരവുമുണ്ടായത് എന്നോര്‍ക്കുക.

കേരളത്തില്‍ കണ്ണൂര്‍ ആസ്ഥാനമാക്കി അറക്കല്‍ രാജവംശവും ആലി രാജാക്കന്‍മാരും രാജ്യം ഭരിച്ചപ്പോഴും ഇസ്‌ലാമിക രാജ്യമാക്കിയില്ല, മലബാര്‍ തീരദേശങ്ങളും മുസ്‌ലിം ഭൂരിപക്ഷമായ ലക്ഷദീപും തങ്ങളുടെ അധീനതയിലായിട്ടും അവര്‍ മതരാജ്യമാക്കാന്‍ ശ്രമിച്ചില്ല.

എന്നാല്‍ ഡല്‍ഹി സുല്‍ത്താന്‍മാരും മുഗള്‍ രാജാക്കന്‍മാരും മറ്റു ഭരണാധികാരികളും രാഷ്ട്രീയപരമായ ലക്ഷ്യങ്ങള്‍ക്കായി യുദ്ധങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്നത് വിസ്മരിക്കന്നില്ല. പക്ഷേ, അതും മതരാഷ്ട്രമാക്കാനായിരുന്നില്ല. അതിനാല്‍ വംശീയ ധ്രുവീകരണത്തിനായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നാസീദര്‍ശനം കടമെടുത്ത് ബ്രിട്ടീഷുകാരുപയോഗിച്ചത് അനുധാവനം ചെയ്തു കൊണ്ട് സംഘപരിവാരങ്ങള്‍ കലുഷിതമാക്കുകയാണിവിടെ.

ജാതീയതയിലേക്കുള്ള തിരിച്ചുപോക്ക്

ജാതീയതയും വര്‍ണവെറിയും അരങ്ങുവാണിരുന്ന കാലത്ത് വിദ്യാഭ്യാസം പോലും വിലക്കിയിരുന്നു. അക്ഷരാഭ്യാസം വിലക്കപ്പെടാന്‍ കാരണം സവര്‍ണ മേധാവിത്വമായിരുന്നു. അത്തരം അജ്ഞാന കാലത്തേക്കുള്ള തിരിച്ചുപോക്കിന് വേണ്ടിയാണോ സംഘപരിവാരം ചരിത്രത്തിന്‍മേല്‍ കൈവെക്കുന്നത്?

ഡോ. സരിന്‍ പി: ജമ്മുകാശ്മീരിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ് മനുഷ്യാവകാശ ലംഘനത്തിന് ആക്കംകൂട്ടുന്ന സമീപനം ഭരണകൂടം കൊണ്ടുവന്നത് ജാതി, മത, വര്‍ണ, വര്‍ഗങ്ങള്‍ക്കനുസരിച്ച് ധ്രുവീകരണം ലക്ഷ്യമാക്കിത്തന്നെയാണ്. അതിനായി പാഠപുസ്തകംവരെ തിരുത്തിയെഴുതാന്‍ അവര്‍ ധൈര്യപ്പെട്ടു. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഇതല്ലാം പഴയകാല ജാതി വ്യവസ്ഥയിലേക്കുള്ള കൂടുമാറ്റം തന്നെയാണ്.

ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുംവിധം

മതാധിഷ്ഠിത രാഷ്ട്രനിര്‍മിതിക്കായുള്ള ശ്രമം സംഘപരിവാരങ്ങളുടെ ഉദയം മുതലേ തുടങ്ങിയതാണ്. എന്നാല്‍ തീര്‍ത്തും ഭരണം കയ്യിലമര്‍ന്നപ്പോള്‍ ചരിത്രത്തെ തങ്ങളുടേതാക്കാനുള്ള ശ്രമത്തിന് എളുപ്പമാവുകയായിരുന്നു. അതില്‍ വാജ്‌പേയി സര്‍ക്കാരിന്റ ഇടപെടല്‍ എത്രത്തോളമാണ്?

എം.ജെ ശ്രീചിത്രന്‍:  ആര്‍.എസ്.എസിന്റ ആവിര്‍ഭാവം മുതലേ ഇന്ത്യന്‍ചരിത്രത്തിന് മതത്തിന്റെ പരിവേഷം നല്‍കാന്‍ ശ്രമംനടന്നിരുന്നു. ഹിന്ദുചരിത്രമാണ് ഇന്ത്യയുടേതെന്നാണ് അവര്‍ വാദിക്കാന്‍ ശ്രമിച്ചത്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ അവരുടെ വാദമുഖങ്ങളെ സാധൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂടുകയായിരുന്നു. ദേശീയ ചരിത്ര കൗണ്‍സിലുകള്‍ക്ക് കാവി വര്‍ണമേകാന്‍ അവര്‍ക്ക് കഴിഞ്ഞു. രാമക്ഷേത്രവും രാമജന്‍മഭൂമിയുമെല്ലാം ചരിത്രങ്ങളിലെ ഏടുകള്‍ക്ക് വര്‍ണംപകര്‍ന്നു. ആള്‍ക്കൂട്ട സംസാരങ്ങളും മിത്തുകളുമെല്ലാം ചരിത്രത്താളുകളില്‍ ഇടംനേടി. ബ്രാഹ്മണിക് സംസ്‌കാരത്തിന്റ ആധിപത്യം സംസ്ഥാപിച്ചുതുടങ്ങി. മോദി സര്‍ക്കാര്‍ പൗരത്വ നിയമങ്ങളിലൂടെയും അല്ലാതെയും മുസ്‌ലിംകളെയും ദളിതരെയും അപരവല്‍കരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിന്നു.

രാഷ്ട്രത്തിനുവേണ്ടി ത്യാഗംചെയ്ത മുസ്‌ലിംകള്‍ അപരരോ?

ചരിത്രത്തിന്റെ അപനിര്‍മിതിയിലൂടെ ന്യൂനപക്ഷങ്ങളിലെ ഏറ്റവും വലിയ വിഭാഗമായ മുസ്‌ലിംകളെ അപരവല്‍കരിക്കാനാണ് സംഘപരിവാര ശ്രമം. ഇന്ത്യാമഹാരാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയില്‍ മുസ്‌ലിംസമൂഹം നല്‍കിയ സംഭാവനകളെ വിസ്മരിക്കാനാകുമോ? വൈദേശിക കൊളോണിയില്‍ ശക്തികളില്‍നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത സേവനങ്ങളെന്തൊക്കെയാണ്? നൂറ്റാണ്ടുകളായി രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളില്‍നിന്ന് രാജ്യ വിരുദ്ധമായ സമീപനങ്ങളുണ്ടായിരുന്നോ?

റഷീദ് കുട്ടമ്പൂര്‍: ഇന്ത്യാരാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനങ്ങളില്‍ ചരിത്രപരാമര്‍ശങ്ങളിലെവിടെയും സംഘപരിവാരങ്ങളുടെ ഒരു സംഭാവനയും കാണാനാവില്ല. വിദ്വേഷം, വെറുപ്പ് എന്നിവയുടെ പ്രചാരണങ്ങളേറ്റെടുത്ത് വൈദേശികശക്തികളുടെ അജണ്ട നടപ്പാക്കിയാണ് ചരിത്രത്തെ അവര്‍ വഞ്ചിച്ചത്. രാജ്യത്തിന്റ പുരോഗതിയും സമാധാനവും സൗഹാര്‍ദവും തകര്‍ക്കുന്ന സമീപനമാണവര്‍ സ്വീകരിച്ചത്.

എന്നാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ വിശ്വാസ, ആചാര, അനുഷ്ഠാന രംഗങ്ങളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്നതോടൊപ്പം തന്നെ രാജ്യത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിച്ചിരുന്നു. 8 നൂറ്റാണ്ട് രാജ്യം ഭരിച്ചിരുന്ന മുസ്‌ലിം ഭരണാധികാരികള്‍ രാജ്യത്തിന്റെ എല്ലാം സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു.

പിന്നീടു വന്ന ഡച്ച്, ബ്രിട്ടീഷ് ശക്തികള്‍ ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു. ഭരണാധികാരികളെ വൈദേശിക ശക്തികള്‍ക്കെതിരെ ഉല്‍ബുദ്ധരാക്കിയത് മുസ്‌ലിംകളായിരുന്നുവെന്ന് കാണാം. ടിപ്പു സുല്‍ത്താനും ഹൈദരലിയും വൈദേശികര്‍ക്കെതിരെ നിലകൊണ്ട ശക്തമായ ചെറുത്തുനില്‍പ്പ് തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടതാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ മുസ്‌ലിംകളുടെ പങ്ക് മനസ്സിലാകാന്‍ ഡല്‍ഹിയിലെ ഇന്ത്യാഗെയ്റ്റ് കണ്ടാല്‍ മാത്രം മതി. 95300 സ്വാതന്ത്ര്യസമര പോരാളികളുടെ നാമങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 61945 പേരും മുസ്‌ലിംകളാണ്!

ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ വൈദേശികളാല്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ടത് അശ്ഫഖുല്ലാഹ് ഖാന്‍ എന്ന 27കാരനാണ്. മുകള്‍ സാമ്രാജ്യത്തിന്റെ അവസാന കണ്ണിയായ ബഹദൂര്‍ ഷാ സഫര്‍ ബ്രിട്ടീഷുകാരാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴും അടിയറവുവെച്ചില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ചിറങ്ങിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റ സംരംഭങ്ങള്‍ക്ക് അന്നത്തെ ഒരുകോടി രൂപ നല്‍കിയത് മേമന്‍ അബ്ദുല്‍ ഹബീബ് യൂസുഫ് മര്‍ഫാനി ആയിരുന്നു!

സാഹോദര്യം, സമാധാനം, സമത്വം എന്നിവ വിളംബരംചെയ്യുന്ന ഇന്ത്യന്‍ ദേശീയപതാക രൂപകല്‍പന ചെയ്തത് മിസിസ് സുരയ്യ ത്വയ്യിബ്ജി ആയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ ത്യാഗോജ്വലമായ രാഷ്ട്രസേവനം വിവരിക്കാന്‍ താളുകള്‍ മതിയാവില്ല. ബ്രിട്ടീഷ് വട്ടമേശ സമ്മേളനത്തിന് ഇന്ത്യന്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മൗലാന മുഹമ്മദലി ജൗഹറിന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യാന്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് മാത്രമെ സാധിക്കൂ. അദ്ദേഹത്തിന്റെ മാതാവ് ആബിദാ ബീഗം എന്ന ബിയുമ മക്കളെ രാജ്യരക്ഷയ്ക്കായി സജ്ജമാക്കിയതിന്റെ ത്യാഗങ്ങളെ വിസ്മരിക്കാനാവില്ല.

അങ്ങനെ ഇന്ത്യയുടെ ഹൃദയമിടിപ്പറിഞ്ഞ്, അതിന്റെ മുന്നേറ്റത്തിനും മോചനത്തിനുമായി ആത്മത്യാഗംചെയ്ത ഒരുസമൂഹത്തെ അപരവല്‍കരിക്കാന്‍ സംഘപരിവാരങ്ങളുടെ ചരിത്ര അപനിര്‍മിതിക്ക് സാധ്യമല്ല തന്നെ.

രാഷ്ട്രസേവനം മതപരമായ ബാധ്യത

ബ്രിട്ടീഷുകാരുടേത് കേവലം രാഷ്ട്രീയാധിനിവേശമായിരുന്നില്ല. മിഷണറി പ്രവര്‍ത്തനങ്ങള്‍ കൂടി അവര്‍ ലക്ഷ്യമാക്കിയിരുന്നു. ആശയപരവും മതപരവും രാഷ്ട്രീയപരവുമായ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫത്‌വകള്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ നല്‍കിയിരുന്നു. പഞ്ചാബുകാരനായ സിറാജുദ്ദീന്‍ സിയാല്‍കോട്ട് അദ്ദേഹത്തിന്റെ ഉറുദു രചനയായ 'രിസാലത്തു തഹ്‌രീരി'ലൂടെയും സൈനുദ്ദീന്‍ മഖ്ദൂം 'തുഹ്ഫത്തുല്‍ മുജാഹിദീനി'ലൂടെയും വക്കം മൗലവി അദ്ദേഹത്തിന്റെ 'അല്‍അമീന്‍,' 'സ്വദേശാഭിമാനി' പത്രങ്ങളിലൂടെയും മതപരമായി മുസ്‌ലിംകളെ ഉപദേശിച്ചു. അതിന്റെയൊക്കെ പ്രതിഫലനംകൂടിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ മുന്നില്‍ നിന്നത്.

1921ലെ മലബാര്‍ ലഹളയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ധീരമായ പോരാട്ടവുമെല്ലാം ഫാഷിസ്റ്റുകള്‍ വികൃതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഔട്ട്‌ലുക്ക് പ്രമാണബദ്ധമായി വസ്തുതകള്‍ വിവരിച്ച് ആ ധാരണകള്‍ തിരുത്തുന്നുണ്ട്. പാഠപുസ്തകങ്ങളിലും അക്കാദമിക സംവിധാനങ്ങളിലുമെല്ലാം കാവിവര്‍ണമേകി ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്നതിനെ തുറന്നു കാട്ടുന്നുണ്ട്. കാവിഭീകരതയ്ക്ക് താത്വിക പരിവേഷം നല്‍കുന്നതിന്റ നിരര്‍ഥകത തുറന്നുകാണിക്കുന്നുണ്ട്. ബാബരി മസ്ജിദിന്റ ധ്വംസനവും രാമക്ഷേത്ര നിര്‍മാണവുമെല്ലാം തകൃതിയായി നടക്കുന്ന ഇന്നിന്റ സാഹചര്യങ്ങളെ അവധാനയോടെ നേരിടേണ്ടതിന്റെ പ്രായോഗികരൂപം വിവരിക്കുന്നുണ്ട്. ഏകീകൃത സിവില്‍കോഡിലൂടെ രാജ്യത്തിന്റ വൈവിധ്യമാര്‍ന്ന സംസ്‌കൃതിയുടെ ഉന്നതബോധത്തെ ഇല്ലായ്മ ചെയ്യാന്‍ ഫാഷിസം അജണ്ടയൊരുക്കുന്നതിനെ തുറന്നുകാണിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര പോരാട്ട ചരിത്രം തിരുത്തുന്ന സംഘ പരിവാരങ്ങളുടെ വെറുപ്പിന്റ രാഷ്ട്രീയം വിതയ്ക്കുന്ന അതിഭീകരതയില്‍ രാജ്യത്തിന്റെ സ്ഥൈര്യം നഷ്ടപ്പെടുന്നതിനെ ചോദ്യംചെയ്യുന്നുണ്ട്. ഫാഷിസത്തിനെതിരെയുള്ള ധൈഷണികവും വൈജ്ഞാനികവുമായ ചെറുത്തുനില്‍പ് അനിവര്യമായ ഈ ഘട്ടത്തില്‍ ഔട്ട്‌ലുക്ക് 3.0ല്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.