ശൈഖ് ദിയാഉര്‍റഹ്മാന്റെ വൈജ്ഞാനിക സംഭാവനകള്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2020 ആഗസ്ത് 29 1442 മുഹര്‍റം 10

(ശൈഖ് ദിയാഉര്‍റഹ്മാന്‍ അഅ്ദ്വമി: പണ്ഡിതലോകത്തെ വിസ്മയ സാന്നിധ്യം: 3)

ശൈഖ് ദിയാഉര്‍റഹ്മാന്‍ എന്ന മഹാപണ്ഡിതന്റെ ഉയര്‍ച്ചക്കുപിന്നില്‍ നിരവധി ഗുരുവര്യന്‍മാരുടെ ത്യാഗപരിശ്രമങ്ങള്‍ ഉണ്ട്.

എല്ലാ മഹാരഥന്മാര്‍ക്ക് പിന്നിലും ത്യാഗോജ്വലമായ പരിശ്രമങ്ങള്‍ നിര്‍വഹിച്ച ഗുരുവര്യന്‍മാരെ കാണാനാകും. നാം പിറകിലേക്ക് അന്വേഷിച്ച് ചെല്ലണമെന്ന് മാത്രം. ശൈഖ് ദ്വിയാഉര്‍റഹ്മാന്‍ അഅ്ദ്വമിയുടെ വ്യക്തിത്വം രൂപപ്പെടുത്തിയവരിലെ അതിപ്രധാനികള്‍ ഇവരാണ്:

അല്ലാമാ ശൈഖ് മുഹമ്മദ് അമീന്‍ അശ്ശന്‍ക്വീതി, ശൈഖ് ഹമ്മാദ് അല്‍ അന്‍സ്വാരി, ശൈഖ് അബ്ദുല്‍ ഗഫാര്‍ ഹസന്‍, ഡോ മുഹമ്മദ് അമീന്‍ മിസ്‌രി, ഡോ. മുഹമ്മദ് ബിന്‍ മുഹമ്മദ് സമാഹി, ഡോ. മുഹമ്മദ് അബൂശഹ്ബ, ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദ്. ലോകപ്രസിദ്ധരായ ഈ പണ്ഡിതരെ കൂടാതെ ഇന്ത്യയിലെ ഉമറാബാദിലെ ശൈഖ് അബ്ദുല്‍ വാജിദ് റഹ്മാനി തുടങ്ങിയവരും അവരില്‍ പെടും.

അധ്യാപന ജീവിതം

ഔപചാരിക പഠന, പരിശ്രമങ്ങള്‍ക്കു ശേഷം അധ്യാപനജീവിതത്തിലേക്ക് അദ്ദേഹം കാലെടുത്തു വച്ചു. അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയശേഷം മദീനയില്‍ തിരിച്ചെത്തി. മദീന ജാമിഅ ഇസ്‌ലാമിയ്യ ശ്രേഷ്ഠനായ തങ്ങളുടെ വിദ്യാര്‍ഥിയെ അധ്യാപകപ്പട്ടം നല്‍കി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു!

അവിടെ ഹദീഥ് കോളേജില്‍ അധ്യാപകനായി പുതിയജീവിതം ആരംഭിച്ചു. പിന്നീട് അതേ കോളേജിലെ പ്രിന്‍സിപ്പല്‍ പദവിയില്‍വരെ അദ്ദേഹം എത്തിച്ചേര്‍ന്നു!

അദ്ദേഹത്തിന്റെ അധ്യാപനത്തെ കുറിച്ച് പറയാന്‍ വിദ്യാര്‍ഥികള്‍ക്ക് നൂറുനാവാണ്. ഓരോ ഹദീഥിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വസ്തുതാപരവും തെളിവിന്റെ അടിസ്ഥാനത്തിലുമുള്ള വിശകലനങ്ങള്‍ ഇന്നലെ കഴിഞ്ഞതുപോലെ അവരില്‍ പലരും ഓര്‍ത്തെടുക്കുന്നു.

അധ്യാപനകാലത്തുതന്നെ കോളേജ് സമയം കഴിഞ്ഞാല്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ പൊതുജനങ്ങള്‍ക്കായി തന്റെ ജ്ഞാനഭണ്ഡാരം തുറന്നുവയ്ക്കുക എന്നത് അദ്ദേഹത്തിന് ഏറെ താല്‍പര്യമുള്ള കാര്യമായിരുന്നു.  പിന്നീട് ഔദേ്യാഗിക ജീവിതം അവസാനിച്ചശേഷം കൂടുതല്‍ ഭംഗിയായി ഈ കാര്യം അദ്ദേഹം തുടര്‍ന്നുപോന്നു. മദീന പള്ളിയിലെ ദര്‍സുകളില്‍ സ്ഥിരം മുഖമായി ശൈഖ് ദ്വിയാഉര്‍റഹ്മാന്‍  മാറുകയും ചെയ്തു.

സൗദി അറേബ്യക്കകത്തും പുറത്തും നിരവധി സെമിനാറുകളിലും ലോകസമ്മേളനങ്ങളിലും അന്താരാഷ്ട്ര വേദികളിലും പ്രബന്ധാവതരണങ്ങള്‍ക്കായി ശൈഖ് ക്ഷണിക്കപ്പെടുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.

വൈജ്ഞാനിക സംഭാവനകള്‍

സംഭവബഹുലമായ ജീവിതത്തിനിടയില്‍ നിരവധി ഗ്രന്ഥങ്ങളുടെയും പ്രബന്ധങ്ങളുടെയും കര്‍ത്താവായി ശൈഖ് ദ്വിയാഉര്‍റഹ്മാന്‍ മാറുകയുണ്ടായി. അദ്ദേഹം എഴുതിയ മിക്ക ഗ്രന്ഥങ്ങളും തന്റെ മുമ്പില്‍ വന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയായിരുന്നു എന്നതാണ് അവയുടെ പ്രത്യേകത.

അതോടൊപ്പം മൗലികമായ ഒട്ടേറെ ഗ്രന്ഥരചനകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. അവയെ പ്രധാനമായും രണ്ടായി തിരിക്കാം:

 ഒന്ന്) ഹദീഥ് വിജ്ഞാനവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍, പഠനങ്ങള്‍:

ഇമാം ബൈഹഖിയുടെ ഹദീഥ് ഗ്രന്ഥത്തിന് ഒരു ആമുഖം, അല്‍ മിന്നത്തില്‍ കുബ്‌റാ, പ്രവാചകന്റെ വിധികള്‍, ഹദീഥ് നിദാനശാസ്ത്ര പഠനങ്ങള്‍, ഹദീഥ് സാങ്കേതിക ശബ്ദങ്ങള്‍, അബൂഹുറയ്‌റ ഹദീഥ് വിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍, കര്‍മശാസ്ത്ര പഠനങ്ങള്‍; വിശ്വാസം, കര്‍മം നബിപാതയില്‍, പ്രാര്‍ഥനകള്‍ പ്രകീര്‍ത്തനങ്ങള്‍, സ്വഹീഹായ ഹദീഥുകളുടെ സമ്പൂര്‍ണ ശേഖരം.

ഒടുവില്‍ പറഞ്ഞതാണ് ശൈഖ് ഏറ്റവും സമയമെടുത്തു തയ്യാറാക്കിയ ഗ്രന്ഥം. നീണ്ട പതിനഞ്ച് വര്‍ഷത്തെ കഠിനമായ അധ്വാനത്തിന് ഒടുവിലാണ് അദ്ദേഹം ഈ രചന പൂര്‍ത്തിയാക്കിയത്.

ചില ഇസ്‌ലാം വിമര്‍ശകര്‍ പലപ്പോഴും ക്വുര്‍ആന്‍ ദൈവികമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഹദീഥ് തങ്ങള്‍ക്ക് പല കാരണത്താലും സംശയങ്ങളുണ്ടാക്കുന്നു എന്ന വാദമാണ് കാലങ്ങളായി ഉന്നയിച്ചു വരുന്നത്. എന്തുകൊണ്ടാണ് മുഴുവന്‍ സ്വഹീഹായ ഹദീഥുകളും ഒരു ഗ്രന്ഥത്തില്‍ ലഭ്യമാകാത്തത് എന്ന ചോദ്യം പഠനകാലത്തുതന്നെ ശൈഖ് അഭിമുഖീകരിച്ചിരുന്നു. അധ്യാപകന്റെ പ്രേരണകൂടി ഉണ്ടായപ്പോള്‍ ഇതിന്റെ പരിഹാരത്തിന് തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കണമെന്ന് അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷങ്ങള്‍ അതിനായി അദ്ദേഹം മാറ്റിവച്ചു. ഈ വര്‍ഷങ്ങളില്‍ യാത്രകള്‍ ഒഴിവാക്കി. ഉറക്കമിളച്ചു. പലപ്പോഴും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റാതായി.  

അവസാനം അധ്വാനം സഫലമായി. പന്ത്രണ്ട് വാല്യങ്ങളിലായി മുഴുവന്‍ സ്വഹീഹായ (സ്വീകാര്യയോഗ്യമായ) ഹദീഥുകളും അടങ്ങുന്ന ഒരു ബൃഹത്ഗ്രന്ഥം ലോകത്തിന് സമ്മാനിക്കാന്‍ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചു.

രണ്ട്). ഹദീഥ് വിജ്ഞാനീയത്തില്‍ പെടാത്ത രചനകള്‍:

1. ക്വുര്‍ആന്‍ വിഷയാധിഷ്ഠിത വിവരണം.

2. ഇസ്‌ലാമികേതര മതസ്ഥര്‍ക്കുള്ള സന്ദേശം.

3. ഇന്ത്യന്‍ മതങ്ങളെ കുറിച്ചുള്ള പഠനം.

4. ക്രൈസ്തവതയും ജൂതായിസവും.

5. ഇബ്‌നു മര്‍ദവിയയുടെ 'അമാലി' എന്ന ഗ്രന്ഥത്തിലെ മൂന്ന് ഭാഗങ്ങള്‍.

ഇതില്‍ വിവിധ മതങ്ങളെ കുറിച്ചുള്ള മതതാരതമ്യ പഠനം, പ്രത്യേകിച്ചും ഇന്ത്യന്‍ മതങ്ങളെ കുറിച്ചുള്ള വിശദമായ പഠനം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥമായി മാറി. പ്രത്യേകിച്ചും ഇന്ത്യയിലെ മറ്റൊരു മതത്തില്‍നിന്ന് അവരുടെ പരിസരങ്ങളെ ആഴത്തില്‍ അറിഞ്ഞ ഒരാള്‍ എഴുതുന്ന ഗ്രന്ഥമെന്ന നിലയ്ക്ക് അതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

മഹാപണ്ഡിതനും തലമുറകളുടെ ഗുരുനാഥനുമായ ശൈഖ് ദിയാഉര്‍റഹ്മാന്‍ അഅ്ദ്വമിയുടെ  ശിഷ്യഗണങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തും പരന്നുകിടക്കുന്നു. അവരിലൂടെ അദ്ദേഹം പകര്‍ന്നുനല്‍കിയ വൈജ്ഞാനിക സന്ദേശങ്ങള്‍ എന്നും നിലനില്‍ക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം.

ശൈഖ് ലോകത്തിന് നല്‍കിയ സന്ദേശം അദ്ദേഹത്തിന്റെ തന്നെ വരികളില്‍ ഇങ്ങനെ വായിക്കാം: ''ഞാന്‍ മുസ്‌ലിമായി മാറിയപ്പോഴാണ് എത്രമാത്രം വലിയ അന്ധകാരത്തില്‍ ആയിരുന്നു ഞാന്‍ ജീവിച്ചിരുന്നത് എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടത്. അല്ലാഹു ക്വുര്‍ആനില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: 'അല്ലാഹുവാണ് വിശ്വാസികളുടെ ആത്മമിത്രം. അവന്‍ അവരെ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് വഴി നടത്തുന്നു.' (ക്വുര്‍ആന്‍).

ഇസ്‌ലാമിലെ പാരസ്പര്യവും സ്‌നേഹവും ഉച്ചനീചത്വമില്ലായ്മയും എന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തി. 'വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ്' എന്ന ക്വുര്‍ആന്‍ വചനം എന്റെ മനസ്സില്‍ ആഞ്ഞുതറച്ചു. എന്നാല്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു കഴിഞ്ഞ്, പ്രത്യേകിച്ചും മുസ്‌ലിംകളെ കുറിച്ച് വിശദമായി മനസ്സിലാക്കിയപ്പോള്‍ അവര്‍ക്കിടയില്‍ പാടില്ലാത്ത പല ഉച്ചനീചത്വങ്ങളും ശരിയല്ലാത്ത നിലപാടുകളും നിലനില്‍ക്കുന്നു എന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. ഇതാകാം ഇസ്‌ലാമിനെ സവിശേഷ മതമായി കാണാന്‍ പുറത്തുള്ള പലര്‍ക്കും തടസ്സമാകുന്നത് എന്ന് എനിക്കുറപ്പുണ്ട്. ഇത് അവസാനിപ്പിക്കാതെ ജാതിക്കോമരങ്ങള്‍ക്കിടയില്‍ പെട്ട് ഉരുകുന്ന ഇതര വിശ്വാസി സമൂഹങ്ങളെ ആകര്‍ഷിക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് ആകും എന്ന് ഞാന്‍ കരുതുന്നില്ല. മുഴുവന്‍ മുസ്‌ലിം സഹോദരങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്; ഏത് പരിമിതമായ സാഹചര്യത്തില്‍ നിന്നാണ് നിങ്ങള്‍ മുന്നോട്ടുപോകുന്നത് എങ്കിലും നിങ്ങള്‍ അല്ലാഹുവിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും എന്റെ ഇന്ത്യയിലെ സഹോദരന്മാരേ, നമുക്ക് ചുറ്റും ഒരുപാട് ആളുകള്‍ക്ക് വെളിച്ചം നല്‍കേണ്ടതായി നമുക്ക് ബാധ്യതയുണ്ട്. അവയുടെ നിര്‍വഹണത്തില്‍ നിങ്ങള്‍ പങ്കാളികളാകുക. നിങ്ങള്‍ക്കൊപ്പം അല്ലാഹുവിന്റെ സഹായം ഉണ്ടാവും. 'അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിമാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തവനെക്കാള്‍ നല്ല വാക്ക് പറഞ്ഞവന്‍ ആരാണുള്ളത്' എന്നാണല്ലോ ക്വുര്‍ആന്‍ പറയുന്നത്.''