സവിശേഷം തദ്ദേശം

നബീല്‍ പയ്യോളി

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

കേരളം മറ്റൊരു തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പതിവില്‍നിന്നും വ്യത്യസ്തമായി നിരവധി സവിശേഷതകള്‍ ഈ തെരഞ്ഞെടുപ്പിനുണ്ട്. കേരളത്തിലെ 21,865 വാര്‍ഡുകളില്‍ മൂന്ന് കോടിയോളം വോട്ടര്‍മാരാണ് ഉള്ളത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് തുടങ്ങിയ  വിവിധ പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണിത്. നിയമസഭ, ലോക്സഭാ തിരിഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്തമായി പ്രാദേശിക വികസനങ്ങളും അടിസ്ഥാന സൗകര്യങ്ങളും അടക്കം ഓരോ വോട്ടര്‍മാരും നേരിട്ടനുഭവിക്കുന്ന പ്രശ്‌നങ്ങളും വികസന കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് എന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. സ്ഥാനാനാര്‍ഥികള്‍ മിക്കവാറും വോട്ടര്‍മാര്‍ക്ക് വ്യക്തിപരയായി പരിചയമുള്ളവരായിരിക്കുകയും ചെയ്യും.

കോവിഡ് കാല തെരഞ്ഞെടുപ്പ്

ഈ തെരഞ്ഞെടുപ്പിന്റെ പ്രധാനപ്പെട്ട പ്രത്യേകത കോവിഡ് കാലത്ത് നടക്കുന്നത് എന്നതു തന്നെയാണ്. മഹാമാരി ഇനിയും വിട്ടുമാറിയിട്ടില്ലെന്ന തിരിച്ചറിവും ജാഗ്രതയും തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാവണം എന്നത് ഇലക്ഷന്‍ കമ്മീഷന്റെ പ്രധാന നിര്‍ദേശമാണ്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തേണ്ടത് എന്ന നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തേണ്ടതുണ്ട്. കൊറോണ ചെന്നെത്താത്ത ഒരിടവും ഭൂമിയിലില്ലെന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ കോവിഡ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. കൊറോണക്കാലത്ത് പ്രാദേശിക ഭരണകൂടങ്ങളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ എത്രമാത്രം ഫലപ്രദമായി നിര്‍വഹിച്ചു എന്നതിന് വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ മറുപടി നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാവും. നാടിനെ മൊത്തം ബാധിച്ച പ്രതിസന്ധി എന്ന നിലയില്‍ തങ്ങളുടെ ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം കൂടിയായി കോവിഡ്കാല ഇടപെടലുകള്‍ മാറിയിട്ടുണ്ട്. വിവിധ മുന്നണികളുടെ പ്രകടന പത്രികയില്‍ കോവിഡ് വാക്‌സിന്‍ അടക്കമുള്ള വിഷയങ്ങള്‍ കടന്നുവന്നതും ഈ പശ്ചാത്തലത്തിലാണ്. കോവിഡ് രോഗികളോടും കുടുംബങ്ങളോടുമുള്ള സമീപനം, കമ്യുണിറ്റി കിച്ചണ്‍,ക്വാറന്റൈന്‍, കണ്ടൈന്‍മെന്റ് സോണ്‍, ഭക്ഷണ സാധനങ്ങളുടെ ലഭ്യത, ആരോഗ്യ പരിശോധനകള്‍ തുടങ്ങി കൊറോണക്കാലത്തെ ഓരോ ഇടപെടലും ഓരോരുത്തരുടെയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും ഈ തെരഞ്ഞെടുപ്പിന്റെ ഇടനാഴികളില്‍ സജീവ ചര്‍ച്ച തന്നെയാണ്.

കോവിഡ് മനുഷ്യമനസ്സുകളില്‍ വലിയ ഭീതിപടര്‍ത്തിയ രോഗമാണ്. അത് ഇനിയും വിട്ടുമാറിയിട്ടില്ല. ഇതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമവും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. സ്ഥാനാര്‍ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിവാദം അതിന്റെ ഉദാഹരമാണ്. സ്ഥാനാര്‍ഥി കോവിഡ് രോഗിയാണെന്നു പ്രചരിപ്പിച്ച് എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനുള്ള ശ്രമങ്ങളും അനാരോഗ്യ പ്രവണതകള്‍ തന്നെയാണ്. ഇത്തരം കുറുക്കുവഴികള്‍ക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് കാതോര്‍ക്കാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് രംഗം നിലനിര്‍ത്താനുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.

തദ്ദേശം തലമുറമാറ്റം

74899 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ മാറ്റുരക്കുന്നത്. നാട്യമില്ലാത്ത നാട്ടുകാര്‍ തന്നെയാണ് എല്ലാവരും. അയല്‍വാസികളും കുടുംബക്കാരും നാട്ടുകാരും ആയവരാണ് സ്ഥാനാര്‍ഥികള്‍ എന്നതുകൊണ്ട് പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ എന്നും ഓരോരുത്തരുടെയും വ്യക്തി ബന്ധങ്ങള്‍കൂടി ജയപരാജയങ്ങള്‍ തീരുമാനിക്കാറുണ്ട്. അതുകൊണ്ട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനകീയന്‍ എന്ന മാനദണ്ഡം സജീവമായി പരിഗണിക്കുന്ന ഘടകം തന്നെയാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ  പ്രത്യേകത ഇത് തലമുറ മാറ്റത്തിന്റെത് കൂടിയാണ് എന്നതാണ്. യുവജനങ്ങളാണ് സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. പുതുതലമുറയിലേക്ക് ഭരണയന്ത്രം കൈമാറുന്ന ഘട്ടമായി ഈ തെരഞ്ഞെടുപ്പിനെ നമുക്ക് വിലയിരുത്താം. പരിചയസമ്പന്നര്‍ ഉണ്ടെങ്കിലും പതിവില്‍ നിന്നും വിപരീതമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കുമാണ് പ്രധാന പരിഗണന നല്‍കിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ ചലനങ്ങളെ മനസ്സിലാക്കി സമൂഹത്തിന്റെ വികസന കാഴ്ചപ്പാടുകളും ആവശ്യങ്ങളും നിര്‍വഹിക്കാന്‍ ഈ മാറ്റത്തിലൂടെ സാധ്യമാവും. കേവല രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമപ്പുറം യാഥാര്‍ഥ്യബോധവും കാലത്തിന്റെ മാറ്റവും ചേര്‍ന്ന വികസന പ്രവര്‍ത്തനങ്ങളും ഭരണരീതിയും ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം വരിക്കുന്നവരുടെ പ്രത്യേകതകളായിരിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. യുവജനങ്ങള്‍ നാടിന്റെ സമ്പത്താണെന്നും നാളെയുടെ വാഗ്ദാനങ്ങളാണ് അവര്‍ എന്നും നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍നിന്നും യുവാക്കളെ അകറ്റിനിര്‍ത്തുന്ന കാഴ്ചയാണ് മുന്‍കാലങ്ങളില്‍ നാം കണ്ടത്. അതില്‍നിന്നും തികച്ചും വ്യത്യസ്തമായി മുതിര്‍ന്നവര്‍ സ്വയം മാറിനില്‍ക്കുകയും യുവാക്കള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്ന കാഴ്ച അഭിനന്ദനീയവും ശുഭകരവുമാണ്. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ഇത്തരമൊരു തീരുമാനത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെ എത്തിക്കുന്നതില്‍ ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മാറ്റത്തിന്റെ അലയൊലികള്‍ ഉണ്ടാവും എന്നത് തീര്‍ച്ചയാണ്.

പ്രവാസത്തിന്റെ തദ്ദേശം

പ്രവാസികളെ സംബന്ധിച്ചേടത്തോളവും ഈ തെരഞ്ഞെടുപ്പ് സവിശേഷമാണ്. ധാരാളം പ്രവാസി സുഹൃത്തുക്കള്‍ അന്യദേശത്തെ ജോലിയവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ഥിയാവാനുള്ള നിയോഗമാണ് നാട് സമ്മാനിച്ചത്. നിരവധി മുന്‍ പ്രവാസികള്‍ ഇന്ന് ജനവിധി തേടുന്നവരുടെ പട്ടികയിലുണ്ട് എന്നത് പ്രവാസലോകത്തിന് ലഭിച്ച അംഗീകാരം കൂടിയായാണ് പ്രവാസി സമൂഹം കാണുന്നത്.

കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചവര്‍കൂടിയാണ് പ്രവാസികള്‍. ആയിരത്തിലധികം മലയാളികള്‍ കേരളത്തിനു പുറത്ത് കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകളും സമീപനങ്ങളും വോട്ടുപെട്ടിയില്‍ പ്രതിഫലിക്കും. പ്രവാസലോകത്ത് മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, അവരുടെ പുനരധിവാസം, ജോലി നഷ്ടപ്പെട്ടവരുടെ പുനരധിവാസം, ധനസഹായം, ക്വാറന്റൈനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, പ്രവാസികുടുംബങ്ങളോട് കാണിച്ച അനീതിയും അനാരോഗ്യ സമീപനങ്ങള്‍ തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും എന്നത് തീര്‍ച്ചയാണ്. ഇനിയും പ്രവാസലോകത്തേക്ക് മടങ്ങാനാവാതെ നാട്ടില്‍ കുടുങ്ങിപ്പോയവരോട് സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനങ്ങളും പ്രവാസി കുടുംബങ്ങളില്‍ സജീവ ചര്‍ച്ചാവിഷയം തന്നെയാണ്. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ധാരാളം പ്രവാസികളും ഈ തെരഞ്ഞെടുപ്പിന്റെ വിധിനിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. പലര്‍ക്കും ഇത് കന്നിവോട്ട് കൂടിയാണ്.

പ്രാദേശിക വികസന കാഴ്ചപ്പാടുകള്‍

ലോക്‌സഭ, നിയമസഭ തെരഞ്ഞടുപ്പുകളില്‍നിന്നും വ്യത്യസ്തമായി ഓരോ വോട്ടറും തന്റെ ദൈനം ദിന ജീവിതത്തില്‍ കാണുന്നതും അനുഭവിക്കുന്നതുമായ വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇടമാണ് പ്രാദേശിക ഭരണകേന്ദ്രങ്ങള്‍. അതുകൊണ്ട്തന്നെ ഓരോ വോട്ടറുടെയും അനുഭവങ്ങളുടെയും പരിചയത്തിന്റെയും കണക്കുകള്‍ ഈ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നതിനെ സ്വാധീനിക്കും. പാര്‍പ്പിടം, ഭക്ഷണം, വെള്ളം, വെളിച്ചം, കൃഷി, തൊഴില്‍, ആരോഗ്യ-ഗതാഗത സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ഷേമ പദ്ധതികള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. മാലിന്യപ്രശ്‌നമാണ് മിക്കവാറും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മുന്‍പില്‍ കീറാമുട്ടയായി ഇന്ന് നിലനില്‍ക്കുന്ന പ്രധാന വിഷയം. ഫലപ്രദമായ മാലിന്യസംസ്‌കരണ പദ്ധതികളാണ് കേരളത്തിന് ആവശ്യം. അതിന് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഇനിയും ഇത്തരം പദ്ധതികള്‍ വൈകിക്കൂടാ.

സാമൂഹ്യ മാധ്യമങ്ങളിലെ തദ്ദേശം

കോവിഡും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനവും ഒരുമിച്ച് വന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ സാമൂഹ്യമാധ്യമങ്ങളെ പ്രചാരണത്തില്‍ വലിയ തോതില്‍ തന്നെ ആശ്രയിക്കുന്നു എന്നത് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷതയാണ്. സോഷ്യല്‍ മീഡിയയാണ് പ്രധാന പ്രചരണ മേഖല. സ്ഥാനാര്‍ഥികളുടെ ജീവിതം പറയുന്ന ഡോക്യുമെന്ററികളും അനൗണ്‍സ്‌മെന്റുകളും വോയ്സ് കോളുകളും പ്രൊഫൈല്‍ പിക്ച്ചറുകളും ഫ്രെയിമുകളും അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മിക്ക സ്ഥാനാര്‍ഥികളും ഇതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. യുവ സാരഥികളാണ് തെരഞ്ഞെടുപ്പ് ഗോഥയിലധികവും എന്നതിനാല്‍ തന്നെ അതിന്റെ പ്രതിഫലനം സാമൂഹ്യമാധ്യമങ്ങളില്‍ പ്രകടമാണ്.

സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളും അവരുടെ ഇടപെടലുകളും ഒക്കെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഇടംകൂടിയാണ് സോഷ്യല്‍ മീഡിയ. നിരന്തരം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകേണ്ടവരാണ് തങ്ങള്‍ എന്ന ബോധം ജനപ്രതിനിധികള്‍ക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ ഇടപെടലിലും സൂക്ഷ്മത പുലര്‍ത്താനും ജനങ്ങളെ പരിഗണിക്കാനും ബോധ്യപ്പെടുത്താനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കുകയും ചെയ്യുന്നുണ്ട്.

വര്‍ഗീയതക്കെതിരെ വോട്ട്

നാടിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ ഓരോ നാടും പ്രതികരിക്കുകകൂടി ചെയ്യുന്ന കാലമാണിത്. അത് തെരഞ്ഞെടുപ്പ് ജയപരാജയങ്ങളില്‍ കാണുകയും ചെയ്യും. തീവ്ര നിലപാടുകാരുടെയും ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെയും വര്‍ഗീയത ഇന്ധനമാക്കിയവരുടെയും നിലപാടുകള്‍ക്കെതിരെയുള്ള ജനവികാരം പ്രകടമാവുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് നമ്മുടെ മുന്നില്‍ എത്തിനില്‍ക്കുന്നത്.

ഏതെങ്കിലും വ്യക്തികളോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമപ്പുറം നാടിന്റെ പൊതുവായ നന്മക്കും വികസനത്തിനും സമാധാനാന്തരീക്ഷത്തിനും കരുത്ത് പകരുന്ന ജനവിധിക്കായി സമ്മതിദാനം വിനിയോഗിക്കാന്‍ നമുക്ക് സാധ്യമാവട്ടെ.