മനസ്സിനെ തിരിച്ചറിയുക

ഷമീര്‍ മരക്കാര്‍ നദ്‌വി

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

മനുഷ്യകഴിവുകള്‍ നിസ്തുലമാണ്. മനസ്സിന്റെ ശക്തി അവനില്‍ ധാരാളം കഴിവുകളെ പരിപോഷിപ്പിക്കുന്നു. മനസ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മനുഷ്യനെ മറ്റു വര്‍ഗങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം. കര്‍മമണ്ഡലങ്ങളില്‍ വ്യക്തിപരമായ വേര്‍തിരിവുകള്‍ സാധ്യമാക്കുന്നതും ഈ മനസ്സിന്റെ ശേഷിവ്യത്യാസമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്ത ശേഷി അവന്റെ സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. ഒന്ന് മറ്റൊന്നിനെ അതിജയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അപ്പോഴാണ് .

സ്രഷ്ടാവ് സംവിധാനിച്ച പ്രകൃതത്തില്‍ മനസ്സിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്രഷ്ടാവ് നമുക്ക് നല്‍കിയിട്ടുണ്ട്. അവയാണ് വ്യതിയാനങ്ങള്‍ സംഭവിക്കാതെ മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഘടകം.

നാം മനസ്സിനെയാണ് കീഴ്‌പ്പെടുത്തേണ്ടത്. അതിനെ ശക്തമായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിശ്വാസി വിജയിക്കുന്നത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനസ്സിനെയും അതിന്റെ ക്രമപ്പെടുത്തലിനെയും കൊണ്ട് സത്യം ചെയ്തു പ്രഖ്യാപിക്കുന്നതും ഇതിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നു.

''മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (ക്വുര്‍ആന്‍ 91:7-10).

ജയ-പരാജയ ഘടകമായി മനസ്സിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്തുകയാണിവിടെ. അപ്പോള്‍ മനസ്സിനെ തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കലാണ് ജീവിതത്തിന്റെ വിജയവഴി.

മനുഷ്യനില്‍ ഒരു ആന്തരിക പ്രേരണ നിലകൊള്ളുന്നുണ്ട്. ഈ പ്രേരണയുടെ യാഥാര്‍ഥ്യത്തെ അവന്‍ തിരിച്ചറിയുകയും അതിന്റെ ഫലങ്ങളായ പ്രവര്‍ത്തനങ്ങളും വാക്കുകളും നിയന്ത്രണ വിധേയമാക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവന് ഉദ്ദിഷ്ട ലക്ഷ്യം നേടാന്‍ സാധിക്കുന്നത്. പ്രേരണയുടെ ഘടകങ്ങള്‍ പ്രകൃതിക്കും സ്വത്വത്തിനും അനുഗുണമാക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. അഥവാ ക്രിയാത്മകവും അനുകൂലാത്മകവുമായ (creative and positive) മനോഭാവ നിര്‍മിതിക്ക് അവന്റെ ആന്തരിക പ്രേരണകളെ പര്യാപ്തമാക്കണം.

ഈ ഗുണാത്മകമായ മാറ്റം എങ്ങനെ സാധ്യമാക്കും? മനസ്സിന്റെ പ്രേരണകളെ നിയന്ത്രിക്കുവാനുള്ള വഴികള്‍ ഏതെല്ലാമാണ്?

ഒന്നാമത്തെ മാര്‍ഗം മനസ്സിന്റെ പ്രകൃതത്തെ തിരിച്ചറിയലാണ്. മനസ്സിനെയും അതിന്റെ കഴിവുകളെയും തിരിച്ചറിയുന്നതിലൂടെ അവയെ ഉപയോഗപ്പെടുത്തേണ്ട രീതിയെയും തലത്തെയും കുറിച്ചുള്ള ധാരണ വ്യക്തിക്ക് ബോധ്യപ്പെടും. ആത്മബോധം (ടലഹള മംമൃലില)ൈ വളര്‍ത്തിയെടുക്കുക എന്ന പ്രഥമ ലക്ഷ്യമാണ് ഒരു വ്യക്തി ഈ അവസ്ഥയില്‍ തീര്‍ച്ചയായും ചെയ്യേണ്ടത്. അല്ലാഹു ഈ പ്രപഞ്ചത്തില്‍ ഒരു വസ്തുവിനെയും വ്യഥാ സൃഷ്ടിച്ചിട്ടില്ല. എല്ലാത്തിനും അതിന്റെ കഴിവും പ്രാപ്തിയും നല്‍കിയിട്ടുമുണ്ട്; വിശിഷ്യാ മനുഷ്യന്. അവന്‍ തന്റെ മനസ്സിന്റെ ശക്തിയും കഴിവും തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവാണ് അവനെ ക്രിയാത്മകമാക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നത്.

മനസ്സിന്റെ കഴിവുകളെ തിരിച്ചറിയാനുള്ള രണ്ടാമത്തെ ഘടകം അല്ലാഹു അവന് നല്‍കിയ ധാരാളം അനുഗ്രഹങ്ങളെ തിരിച്ചറിയുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമാണ്. വസ്തുനിഷ്ഠമായി ചിന്തിച്ച്, ബുദ്ധിപരമായി കാര്യങ്ങളെ തെരഞ്ഞെടുക്കുവാന്‍ അവന്‍ നമുക്ക് സ്വാതന്ത്യം നല്‍കി. ഇത് വിശ്വാസത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. അന്ധവിശ്വാസത്തെ ഇല്ലാതാക്കുന്നു. പ്രപഞ്ച യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് വിശ്വാസ,   കര്‍മങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: ''മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 76:1-3).

മനുഷ്യന്‍ അവന്റെ ഉന്മയെക്കുറിച്ച് ചിന്തിക്കണമെന്നും നന്മയുടെയും തിന്മയുടെയും വഴികളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്യമുണ്ടെങ്കിലും നന്ദി കാണിച്ച് നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കണമെന്നും ഈ വചനങ്ങള്‍ അറിയിക്കുന്നു. മനസ്സിനെ ഉപയോഗപ്പെടുത്തേണ്ടത് എപ്രകാരമാണെന്ന് തിരിച്ചറിവും അല്ലാഹു നല്‍കുന്നു.

ലക്ഷ്യബോധമില്ലാത്ത മനസ്സുകളാണ് അപകടകരം. നിര്‍ണിതമായ ലക്ഷ്യങ്ങള്‍ മനസ്സിനെ സമചിത്തതയോടെ പെരുമാറുവാനും ഉദ്ദേശ്യങ്ങളെ ശക്തിപ്പെടുത്തുവാനും സഹായകമാണ്. കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെടുന്നത് ഈ ഘട്ടത്തിലാണ്. 'ഉദ്ദേശ്യമാണ് കര്‍മങ്ങളുടെ അടിവേര്' എന്ന തത്ത്വത്തിന്റെ അര്‍ഥവും ആശയവും വ്യക്തമാകുന്നത് അപ്പോഴാണ്.

നബി ﷺ  പറഞ്ഞു: ''തീര്‍ച്ചയായും കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്...''

മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെയാണ് ഈ ഉദ്ദേശ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുന്നത്. ചീത്ത ഉദ്ദേശ്യങ്ങളെ അടിച്ചമര്‍ത്തുവാനും നല്ലവയെ വളര്‍ത്തുവാനും കര്‍മപഥത്തില്‍ കൊണ്ടുവരാനും ആത്മനിയന്ത്രണംകൊണ്ട് സാധ്യമാകുന്നു.

ആത്മനിയന്ത്രണത്തിന്റെ ഉത്തമവഴികളാണ് ആരാധനാകര്‍മങ്ങള്‍. മനസ്സിനെ ഏകനായ അല്ലാഹുവിന് മാത്രം കീഴൊതുക്കി ഭക്തിയും ആത്മാര്‍ഥതയും കൊണ്ട് മനസ്സിനെ അലങ്കരിക്കുക. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ക്വുര്‍ആന്‍ പാരായണം തുടങ്ങിയ എല്ലാ ആരാധനകളും നിര്‍വഹിക്കുമ്പോള്‍ കൈവരുന്ന നേട്ടവും ഇതുതന്നെയാണ്. അല്ലാഹു പറയുന്നു: ''...തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു...'' (ക്വുര്‍ആന്‍ 29:45).

നീചപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കരുത്ത് നമസ്‌കാരം എന്ന ഇബാദത്തിന് എങ്ങനെ സാധ്യമാവുന്നു? ഇവിടെയാണ് നമസ്‌കാരം പോലുള്ള മറ്റു എല്ലാ ഇബാദത്തുകളുടെയും പ്രവര്‍ത്തന മണ്ഡലമായി മനസ്സ് വര്‍ത്തിക്കുന്നതിന്റെ പ്രാധാന്യം. ആത്മനിയന്ത്രണവും മാനസിക കരുത്തും വര്‍ധിപ്പിക്കുന്ന ശക്തികളായി ഇബാദത്തുകള്‍ മാറുന്നതിന്റെ പൊരുളും അതുതന്നെയാണ്. മനസ്സിനെ നിര്‍ണയിക്കുവാനും നിയന്ത്രിക്കുവാനും ഇസ്‌ലാം നല്‍കുന്ന ഈ ഉള്‍ക്കാഴ്ചകളാണ് നന്മയുള്ള മനസ്സുകള്‍ രൂപപ്പെടുന്നതിന്റെ അടിസ്ഥാന കാരണം.