നിര്‍ഭയത്വം, നിരാകുലത, ആത്മ സമര്‍പ്പണം

മൂസ സ്വലാഹി, കാര

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

ഭൗതിക ജീവിതത്തില്‍ സുഖവും സമാധാനവും കൊതിക്കുന്നവനാണ് മനുഷ്യന്‍. അല്ലലും അലട്ടലുമില്ലാത്ത ജീവിതത്തിനായി നെട്ടോട്ടമോടുന്ന തിരക്കിലാണ് അവന്‍. ആത്യന്തിക ലക്ഷ്യത്തെ വിസ്മരിക്കും വിധമാണ് പലരുടെയും പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത് അസ്ഥിരമായ എല്ലാ അനുഗ്രഹങ്ങളും വെടിഞ്ഞ് അനന്തമായ ലോകത്തേക്കുള്ള ഒരുക്കമാണ് ഏറ്റവും മുഖ്യം എന്നാണ്. അല്ലാഹു പറയുന്നു:

''ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം'' (ക്വുര്‍ആന്‍ 3:14).

നിര്‍ഭയത്വപൂര്‍ണമായ ജീവിതമാണ് എല്ലാവരും ആശിക്കുന്നത്. ചിട്ടയായ ജീവിതത്തിന് ഇത് അനിവാര്യവുമാണ്. ഭയം തളംകെട്ടി നില്‍ക്കുന്നിടത്തു നിന്ന് അസ്വസ്ഥതയും നിരാശയും വിട്ടൊഴിയുകയില്ല. പലരെയും അനാവശ്യമായി നാം പേടിക്കുന്നത് മൂലം അല്ലാഹുവിനെ ധിക്കരിക്കലും അനുസരണകേട് കാണിക്കലുമാണ് അനന്തരഫലമായി പ്രകടമാകുന്നത്. എന്നാല്‍ അല്ലാഹുവിന്റെ കല്‍പനകളെ ശിരസ്സാവഹിക്കാതിരിക്കുന്നതിലാണ് യഥാര്‍ഥത്തില്‍ ഭയമുണ്ടാകേണ്ടത്. ഇത് മുഖേനയാണ് നിഷിദ്ധങ്ങളില്‍ നിന്ന് അകന്നു ജീവിക്കുവാന്‍ നമുക്ക് സാധിക്കുക.

അല്ലാഹു പറയുന്നു: ''അത് (നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത്) പിശാചു മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍'' (ക്വുര്‍ആന്‍ 3:175).

ശിര്‍ക്കും സത്യനിഷേധവും സന്ദേഹവുമില്ലാതെ വിശ്വാസത്തെ രൂഢമൂലമാക്കിയവര്‍ക്കാണ് ഇരു ലോകത്തും നിര്‍ഭയത്വവും നിലനില്‍പും ലഭിക്കുക. അല്ലാഹു പറയുന്നു: ''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍'' (ക്വുര്‍ആന്‍ 24:55).

ഈ ബോധത്തില്‍നിന്നും ഭൂരിഭാഗം ആളുകളും വ്യതിചലിച്ചു. ശവകുടീരങ്ങള്‍, തങ്ങള്‍വേഷവും സിദ്ധവേഷവും കെട്ടി തട്ടിപ്പിനിറങ്ങിയവര്‍, ആരൊക്കെയോ ഊതിക്കൊടുക്കുന്ന നൂലുകള്‍, ഏലസ്സുകള്‍... ഇതിലെല്ലാമാണ് നിര്‍ഭയത്വം ലഭിക്കുക എന്ന വിശ്വാസത്തില്‍ അലയുകയാണ് അറിവും വിവേചന ശേഷിയുമുള്ള മനുഷ്യര്‍! ഇത്തരം ദുര്‍വഴികളെ വെടിയുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷ വാര്‍ത്ത ഇപ്രകാരമാണ്. അല്ലാഹു പറയുന്നു: ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 6:82).

സത്യാസത്യം വിവേചിക്കപ്പെട്ട ബദ്ര്‍ പോരാട്ടത്തില്‍ ദുര്‍ബലരായ മുസ്‌ലിം സൈന്യത്തിന് വിജയിക്കാനായതും അബൂബക്കര്‍(റ), ഉമര്‍(റ) എന്നീ ഭരണാധികാരികളുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കളായി നിലകൊണ്ടിരുന്ന റോമന്‍, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ മുസ്‌ലിംകളെ ഉന്മൂലനാശം വരുത്തുവാന്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ അവരുടെ നേരെ തിരിഞ്ഞ് വിശ്വാസി സമൂഹത്തിന് പ്രതികരിക്കാന്‍ കരുത്തായതും കലര്‍പ്പില്ലാത്ത ഈ വിശ്വാസമാണ്.

നാനാ ജാതി മതസ്ഥര്‍ അവരുടെ വിശ്വാസമനുസരിച്ച് വസിക്കുന്ന മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നല്ല നിലനില്‍പിനായി വിവേകമതികളായ നേതാക്കന്മാര്‍ എഴുതിയുണ്ടാക്കിയ, രാജ്യത്തിന്റെ നട്ടെല്ലായ ഭരണഘടനയെ വിവേകശൂന്യരായ ഭരണാധികാരികള്‍ തച്ചുതകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും, തങ്ങളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുമ്പോഴും അചഞ്ചലമായ വിശ്വാസം തന്നെയാണ് ഒന്നാമത്തെ ആശ്വാസം. അല്ലാഹുവിന്റെ വാഗ്ദാനം കാണുക:

അല്ലാഹു പറയുന്നു: ''...അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കി കൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്'' (ക്വുര്‍ആന്‍ 65:2,3).

ആകുലതയും വ്യാകുലതയും നീറ്റലുണ്ടാക്കുന്ന വ്രണങ്ങളാണ്. അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച്, അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുന്നവരെ താല്‍ക്കാലിക പ്രയാസങ്ങള്‍ അസ്വസ്ഥരാക്കുകയില്ലെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

അല്ലാഹു പറയുന്നു: ''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (ക്വുര്‍ആന്‍ 46:13).

ക്ഷമയും പ്രവര്‍ത്തനവും പ്രാര്‍ഥനയുമാണ് പരീക്ഷണങ്ങളെ അതിജയിക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ച വഴികള്‍. അല്ലാഹു പറയുന്നു: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും'' (ക്വുര്‍ആന്‍ 2:155,156).

വിശ്വാസികള്‍ എത്രത്തോളം കഠിനാധ്വാനികളും സഹനശീലരുമാണെന്ന് തെളിയുന്നത് വരെ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. അല്ലാഹു പറയുന്നു: ''നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 47:31).

അവ്യക്തതകള്‍, ഭൗതിക കാര്യങ്ങളിലെ അതിമോഹം, സാഹചര്യങ്ങളുടെ സമ്മര്‍ദം എന്നിവയ്ക്ക് അടിമപ്പെട്ട് വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നവരുണ്ട്. ഇത്തരം ചതികളെതൊട്ട് വിശ്വാസികള്‍ ജാഗ്രതയുള്ളവരാകണം. ജീവിതകാലത്തും മരണവേളയിലും അല്ലാഹു സ്ഥൈര്യം നല്‍കണമെങ്കില്‍ വിശ്വാസം കരുത്തുറ്റതാകണം. അല്ലാഹു പറയുന്നു:

''ഐഹികജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്...'' (ക്വുര്‍ആന്‍ 14:27).

ജന്മനാടായ മക്കയില്‍ നിന്ന് നബി ﷺ  പുറത്താക്കപ്പെട്ടപ്പോഴും അഭയംതേടി ത്വാഇഫില്‍ ചെന്നപ്പോള്‍ ഉണ്ടായ പ്രയാസങ്ങളിലും അദ്ദേഹത്തിന് കുളിരായത് ക്ഷമയും പ്രാര്‍ഥനയുമാണ്. സ്വഹാബത്തും ശേഷക്കാരും അനുഭവിച്ച പീഡനങ്ങളില്‍ അവര്‍ അടിപതറാതിരുന്നതും ഇത് മൂലമാണ്. അല്ലാഹു പറയുന്നു:

''അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?'' (ക്വുര്‍ആന്‍ 3:142).

മതാധ്യാപനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തതിന്റെ പേരില്‍ ഇമാം അഹ്മദ് ഇബ്‌നു ഹമ്പലും ഇമാം ബുഖാരിയും ഭരണാധികാരികളാല്‍  ക്രൂശിക്കപ്പെട്ട സന്ദര്‍ഭത്തിലും താര്‍ത്താരികളും മതത്തില്‍ അതിര് കവിഞ്ഞവരും ഇബ്‌നുതൈമിയ്യയുടെ നാടിനെ കീഴ്‌പ്പെടുത്താന്‍ ഒരുങ്ങിയ സമയത്തും അവര്‍ക്ക് സൗമ്യതയോടെ പെരുമാറുവാനും വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുവാനും കഴിഞ്ഞത് അവര്‍ ക്ഷമാലുക്കളായത് കൊണ്ടാണ്.

നമ്മുടെ രാജ്യം വിഷമകരമായ ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ഈ സാഹചര്യത്തെ മറികടക്കാനും ഒന്നിച്ചു നില്‍ക്കാനും ക്ഷമ അനിവാര്യമാണ്. അല്ലാഹു പറയുന്നത് കാണുക:

''സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ക്വുര്‍ആന്‍ 3:200).

ജീവിതത്തെ പൂര്‍ണമായും സ്രഷ്ടാവിന് സമര്‍പ്പിക്കുക എന്നതാണ് വിശ്വാസത്തിന്റെ പൊരുള്‍. ആത്മാര്‍ഥത ചോരാതെ മനസ്സും നാവും ശരീരാവയവങ്ങളും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ ഏകോപിക്കണം.

അല്ലാഹു പറയുന്നു: ''പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു'' (ക്വുര്‍ആന്‍ 6:162).

സല്‍കര്‍മങ്ങള്‍ ചെയ്യുക; പതിവാക്കുക എന്ന ഗുണം രക്ഷയുടെ മാര്‍ഗം തുറന്നുതരുന്നതാണ്. ആത്യന്തിക രക്ഷ ലഭിക്കേണ്ടത് പരലോകത്താണ്. അത് വിസ്മരിക്കുവാന്‍ പാടില്ല.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍ അവരുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിനകത്ത് അവരുടെ പ്രാര്‍ഥന അല്ലാഹുവേ, നിനക്ക് സ്‌തോത്രം എന്നായിരിക്കും. അതിനകത്ത് അവര്‍ക്കുള്ള അഭിവാദ്യം സമാധാനം എന്നായിരിക്കും. അവരുടെ പ്രാര്‍ഥനയുടെ അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്നായിരിക്കും'' (ക്വുര്‍ആന്‍ 10:9,10).

അധര്‍മകാരികളില്‍ നിന്ന് വിശ്വാസികള്‍ക്കുള്ള സംരക്ഷണവും രക്ഷയുമാണ് നല്ല പ്രവര്‍ത്തനങ്ങള്‍. പേടിപ്പിച്ച് നിര്‍ത്തുക എന്ന ദുഷ്ടചിന്താഗതിക്കാരുടെ മുന്‍വിധികള്‍ക്ക് മുമ്പില്‍ തലകുനിച്ച് ആത്മ സംസ്‌കരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളെ മറക്കുന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ല.

അല്ലാഹു പറയുന്നു: ''അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍'' (ക്വുര്‍ആന്‍ 24:52).