ശൈഖ് ദിയാഉര്‍റഹ്മാന്‍ അഅ്ദ്വമി: പണ്ഡിതലോകത്തെ വിസ്മയ സാന്നിധ്യം

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

അവിഭക്ത ഇന്ത്യയിലെ ആസംഗഢില്‍ ഒരു പരമ്പരാഗത സവര്‍ണ ഹിന്ദുകുടുംബത്തില്‍  ജനിക്കുകയും  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ തന്റെ അന്വേഷതൃഷ്ണയുടെ ഫലമായി ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് വഴിതുറക്കപ്പെടുകയും കാഠിന്യമേറിയ പരീക്ഷണങ്ങളെ തന്റേടത്തോടെയും നെഞ്ചുറപ്പോടെയും അതിജീവിച്ച് പഠനത്തിന്റെയും അറിവുല്‍പാദനത്തിന്റെയും പാതയില്‍ ഏതൊരു മുസ്‌ലിമിന്റെയും മനംകുളിര്‍പ്പിക്കുകയും അവനില്‍ അസൂയജനിപ്പിക്കുകയും ചെയ്യുംവിധം അടിവേര് ഭൂമിയിലേക്ക് ഇറങ്ങിയതും ശാഖകള്‍ വിഹായസ്സില്‍ പടര്‍ന്നുപന്തലിച്ചതുമായ വടവൃക്ഷമായി മാറുകയും ചെയ്ത മഹാപണ്ഡിതനാണ് ശൈഖ് ദിയാഉര്‍റഹ്മാന്‍ അഅ്ദ്വമി.

ആസംഗഢെന്ന പൗരാണിക വടക്കേഇന്ത്യന്‍ ഗ്രാമത്തില്‍നിന്നും ദക്ഷിണേന്ത്യയിലെ മതവിജ്ഞാന കേന്ദ്രമായ ഉമറാബാദിലേക്കും പിന്നീട് മദീന മുനവ്വറയിലെ ജാമിഅ ഇസ്‌ലാമിയ്യയിലേക്കും ശേഷം ഈജിപ്തിലെ വിശ്രുത പാഠശാലയായ അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെക്കും പടര്‍ന്ന ജ്ഞാനാന്വേഷണത്തിനു ശേഷം മദീന ജാമിഅ ഇസ്‌ലാമിയ്യയില്‍ അധ്യാപകനായി മാറി. അവിടത്തെ ദീര്‍ഘകാല അധ്യാപനത്തിനിടയില്‍ ഹദീഥ് വിഭാഗം തലവനായും സേവനമനുഷ്ഠിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായി മാറി. തന്റെ മുമ്പില്‍ വന്ന പ്രതിസന്ധികളുടെ പരിഹാരമായി വിശ്രുതമായ ഗ്രന്ഥങ്ങള്‍ രചിച്ചു. ഇസ്‌ലാമികലോകത്ത് ഒരു പക്ഷേ, ആദ്യമായി മുഴുവന്‍ സ്വഹീഹായ ഹദീഥുകളും ഒരു ഗ്രന്ഥത്തിനു കീഴില്‍ കൊണ്ടുവന്ന, പ്രവാചകന്റെ മദീന പള്ളിയില്‍ മതസദസ്സിന് നേതൃത്വം നല്‍കുന്ന ശ്രേഷ്ഠമായ പദവിനേടിയ മഹാപണ്ഡിതന്‍. ഏതൊരു മുസ്‌ലിമിന്റെയും മനംകവരുന്ന രൂപത്തില്‍ ഭൗതിക ജീവിതത്തില്‍ വിജയംവരിച്ച് മദീനയില്‍ തന്നെ മരണപ്പെടാനുള്ള അവസരം ലഭിച്ച ആ അറിവിന്റെ സാഗരം ഭൗതിക ജീവിതവഴിയില്‍ നിന്നും പാരത്രിക ജീവിതത്തിലേക്കുളള യാത്ര ആരംഭിച്ചിരിക്കുന്നു.

ജനനം, വിദ്യാഭ്യാസം, ജീവിതം

1943ല്‍ അവിഭക്ത ഇന്ത്യയിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ആസംഗഢ് എന്ന ഗ്രാമത്തില്‍ ഒരു ഹിന്ദു സവര്‍ണ കുടുംബത്തില്‍ ജനിച്ചു. പിതാവ് ആ പ്രദേശത്തെ പ്രാദേശിക ഹിന്ദുനേതാവും പൗരപ്രമുഖനും ആയിരുന്നു. ബന്‍കിലാല്‍ എന്നായിരുന്നു കുടുംബം അദ്ദേഹത്തെ വിളിച്ച പേര്. സ്വാഭാവികമായി പുരാതന ഹിന്ദുകുടുംബത്തില്‍ ജനിച്ച ബന്‍കി ലാല്‍ തന്റെ സെക്കന്ററി പഠനകാലംവരെ കടുത്ത ഹിന്ദുമത വിശ്വാസിയായിത്തന്നെ വളര്‍ന്നു. കാരണം അദ്ദേഹത്തിന്റെ കുടുംബം സാമ്പ്രദായിക ഹിന്ദുകുടുംബവും പാരമ്പര്യമായി ക്ഷേത്രാരാധനയില്‍ വിശ്വസിച്ചിരുന്നവരുമായിരുന്നു.

സെക്കന്ററി പഠനത്തിനുശേഷം അടുത്തുള്ള ശിബിലി കോളേജിലാണ് ലാല്‍ ഉന്നതപഠനത്തിന് ചേര്‍ന്നത്. അത് ഗ്രാമത്തിന് അടുത്തുള്ള കോളേജായിരുന്നതിനാല്‍ അവിടെ പഠനം തുടരുകയായിരുന്നു. അവിടെ ചേരുന്നതുവരെ അദ്ദേഹത്തിന് തന്റെ കുടുംബത്തിന്റെ വിശ്വാസാചാരങ്ങളില്‍ തികഞ്ഞ മതിപ്പും ബോധ്യവുമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ശിബിലി കോളേജിലെ പഠനകാലയളവില്‍ പ്രീഡിഗ്രി പരീക്ഷയില്‍ വിജയിച്ചു നില്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന് ഒരു സുഹൃത്ത് ഒരു ചെറിയ പുസ്തകം വായിക്കാനായി നല്‍കി. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച 'സത്യമതം' എന്ന പുസ്തകമായിരുന്നു അത്.

'അല്ലാഹു ഒരാള്‍ക്ക് സന്മാര്‍ഗം ഉദ്ദേശിച്ചാല്‍ അവരുടെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് വിശാലപ്പെടുത്തി കൊടുക്കും' എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ടല്ലോ. സംഭവിച്ചത് അതുതന്നെയായിരുന്നു! തികച്ചും മറ്റൊരു മതത്തിന്റെ അന്തരീക്ഷത്തില്‍ ജീവിച്ചുവളര്‍ന്ന കൊച്ചു ബന്‍കീ ലാലിനെ ആ പുസ്തകം പിടിച്ചിരുത്തി ചിന്തിപ്പിച്ചു. മനസ്സില്‍ നൂറായിരം ചോദ്യങ്ങള്‍ എയ്തുവിട്ടു. ലാല്‍ ആ പുസ്തകവുമായി തന്റെ ഗ്രാമത്തിലെ ഹിന്ദുപണ്ഡിറ്റുകളുടെ അടുത്തേക്ക് പോയി അവരോട് തന്റെ സന്ദേഹങ്ങള്‍ക്ക് നിവാരണം വരുത്താന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ മനസ്സില്‍ കയറിക്കൂടിയ സംശയങ്ങള്‍ നിവര്‍ത്തിക്കാന്‍ അവരുടെ മറുപടികള്‍ക്ക് ആവുന്നില്ല എന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം  കോളേജ് തുറന്നപ്പോള്‍ അദ്ദേഹം കോളേജിലേക്ക് തിരികെ വന്നത് ഇസ്‌ലാമിനെ കൂടുതല്‍ അടുത്തറിയാനുള്ള  ആഗ്രഹവുമായിട്ടാണ്.

ലൈബ്രറിയില്‍ നിന്നും ഇസ്‌ലാമിനെ അറിയാന്‍ സഹായിക്കുന്ന ഗ്രന്ഥങ്ങള്‍; പ്രത്യേകിച്ചും ഉര്‍ദു, ഹിന്ദി ഭാഷയില്‍ ഉള്ളവ തേടിപ്പിടിച്ചു വായിച്ചു. ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റിനുകീഴില്‍ നടന്നിരുന്ന ക്വുര്‍ആന്‍ ക്ലാസ്സുകളില്‍ സ്ഥിരമായി പങ്കെടുത്തു.

നിരന്തരമായ വായനയും ക്വുര്‍ആന്‍ പഠനവും അദ്ദേഹത്തിന്റെ മനസ്സില്‍ ഇസ്‌ലാമിന്റെ  രാജപാത തെളിമയുള്ളതും അടിയുറച്ചതും ആക്കുകയായിരുന്നു.

ഇസ്‌ലാമിലേക്ക് ഹൃദയം ഹഠാദാകര്‍ഷിച്ചുവെങ്കിലും ആ ഇളംമനസ്സിന്  തന്റെ കുടുംബത്തിന് മുന്നില്‍ അത് ഉറക്കെ പറയാന്‍ തുടക്കത്തിലേ ആകുമായിരുന്നില്ല. കാരണം അത്രകണ്ടു പരമ്പരാഗത ഹിന്ദുമത വിശ്വാസികളും ക്ഷേത്രാരാധനയില്‍ ഉറച്ച് വിശ്വസിക്കുന്നവരുമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. കൂടാതെ തന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെക്കുറിച്ചുള്ള ആധിയും ആ ഇളംമനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.

ആയിടക്ക് ഒരു ദിവസം ക്വുര്‍ആന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരുന്ന ബന്‍കി ലാല്‍ സൂറഃ അല്‍അന്‍കബൂത്തിലെ ഈ വചനം ശ്രദ്ധിക്കാന്‍ ഇടയായി: ''അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!'' (29:41)

ഈ വചനത്തിന്റെ അര്‍ഥവും അതിന്റെ വിശദീകരണവും കേട്ട ലാല്‍ അതേ സദസ്സില്‍വച്ചു തന്നെ ഗുരുവിന്റെ മുന്‍പില്‍ ഇസ്‌ലാം തുറന്ന് പ്രഖ്യാപിക്കുകയും സ്വീകരിക്കുകയുമാണ് ചെയ്തത്. തുടര്‍ന്നു 'നമസ്‌കാരം എങ്ങനെ പഠിക്കാം' എന്ന പുസ്തകം വായിക്കുകയും കുളിച്ച് ശുദ്ധിവരുത്തി നമസ്‌കാരത്തിന് തയ്യാറാവുകയും ചെയ്തു. ശൈഖ് ആദ്യം പങ്കെടുത്തത് തന്റെ ഗുരുവിന്റെ കൂടെ അന്നത്തെ മഗ്‌രിബ് ജമാഅത്ത് നമസ്‌കാരത്തിനായിരുന്നു.

ഇസ്‌ലാം സ്വീകരിച്ചുവെങ്കിലും കുടുംബത്തിനു മുന്നില്‍ അദ്ദേഹത്തിന് തുറന്ന് പ്രഖ്യാപിക്കാന്‍ അപ്പോഴും കഴിയുമായിരുന്നില്ല. തന്റെ ഒഴിവുസമയങ്ങളധികവും ഇസ്‌ലാമിനെ വിശദമായി വായിച്ചറിയാന്‍ മാറ്റിവച്ച അദ്ദേഹം അക്കാലത്ത് നമസ്‌കാരം അടക്കം ഇസ്‌ലാമിക കര്‍മങ്ങള്‍ രഹസ്യമായി അനുഷ്ഠിച്ചു പോന്നു.

ഒരു അടുത്തബന്ധു ലാലിന്റെ ഈ മാറ്റങ്ങള്‍ തിരിച്ചറിയുകയും ഇസ്‌ലാമില്‍നിന്ന് പിന്മാറാന്‍ അദ്ദേഹത്തെ നിരന്തരം ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അടിയുറച്ച വിശ്വാസത്തില്‍ നിന്ന് പിന്മാറാന്‍ താന്‍ ഒരുക്കമല്ലെന്ന് ലാല്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് അയാള്‍ പിതാവിനെയും ബന്ധുക്കളെയും വിവരമറിയിക്കുകയും മകന്‍ ഏതുനിമിഷവും നിങ്ങള്‍ക്ക് നഷ്ടപ്പെട്ടേക്കാം എന്ന് അവരെ താക്കീത് ചെയ്യുകയും ചെയ്തു.

മകന്റെ മനംമാറ്റം അറിഞ്ഞ പിതാവിന്റെ പ്രതികരണം വിവരണാതീതമായിരുന്നു. മകന്റെ അടുത്തെത്തി വിവരങ്ങള്‍ ആരാഞ്ഞ പിതാവ് തുടക്കത്തില്‍ വിചാരിച്ചത്  മകനെ എന്തോ പ്രേതബാധ പിടികൂടിയതാണെന്നായിരുന്നു. അതിന്റെ ചികിത്സക്കായി ഹൈന്ദവ ആചാര്യന്മാരുടെയും ജ്യോത്സ്യന്‍മാരുടെയും അടുത്തേക്ക് മകനെകൊണ്ട് ചെല്ലുകയും അവര്‍ അദ്ദേഹത്തെ പലവിധത്തിലും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പാരമ്പര്യവും മഹത്ത്വവും നിരന്തരം ഉപദേശിച്ചു. മതത്തിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ ഭീഷണിയുടെ സ്വരത്തില്‍ ഓര്‍മപ്പെടുത്തിക്കൊണ്ടും അവര്‍ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥിയായ അദ്ദേഹം തന്റെ മനസ്സിലുള്ള സംശയങ്ങള്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ അമ്പരന്നു പോവുകയും ഇയാളെ പിന്തിരിപ്പിക്കാന്‍ ആവില്ല എന്ന് തിരിച്ചറിയുകയും ചെയ്തു.

പിന്നീടവര്‍ അദ്ദേഹത്തെ ഉപദേശിച്ചത് 'നീ ഹിന്ദുമതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എങ്കില്‍ ഇസ്‌ലാമിനു പകരം ക്രൈസ്തവ മതത്തിലേക്ക് മാറിക്കൊള്ളുക, അതിന് കൂടുതല്‍ ലോകപ്രസിദ്ധിയുണ്ട്, അതിലെ ആളുകള്‍ സാമ്പത്തികമായി അഭിവൃദ്ധിയുള്ളവരുമാണ്' എന്നൊക്കെയായിരുന്നു. ഇന്നത്തെ പോലെ തീവ്രവാദത്തിന്റെ ചാപ്പ ഇസ്‌ലാമിന്റെ പേരില്‍ അന്ന് അത്ര പ്രചാരത്തില്‍ ഇല്ലായിരുന്നല്ലോ. എന്നാല്‍ ശൈഖിന്റെ ഉത്തരം ഇതായിരുന്നു: 'ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത് നിരന്തര പഠനത്തിന്റെയും ക്വുര്‍ആന്‍ വായനയുടെയും ഗ്രന്ഥങ്ങള്‍ പലതിന്റെയും അടിസ്ഥാനത്തിലാണ്, അല്ലാതെ നമുക്കുചുറ്റുമുള്ള മുസ്‌ലിംകളെ കണ്ടുകൊണ്ടല്ല.'

ഇതിനുശേഷം കുറച്ചുകാലം അദ്ദേഹം സ്ഥലത്തെ മുസ്‌ലിം സംഘടനകളുമായി അടുക്കുകയും മുന്നോട്ടുപോവുകയും ചെയ്തു.  പിതാവിനും സംഘത്തിനും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇതെല്ലാം. അദ്ദേഹത്തെ ഇല്ലാതാക്കാതെ ഇനി ഭക്ഷണം കഴിക്കുകയില്ല എന്നുവരെ അവര്‍ ശപഥം ചെയ്തു.

അദ്ദേഹത്തിനു മുമ്പില്‍  രണ്ടുമാര്‍ഗങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്നുകില്‍ ഹിന്ദുമതത്തിലേക്ക് തിരികെ പോവുക, അല്ലെങ്കില്‍ കൊല്ലപ്പെടുക. അടുത്ത ബന്ധുക്കളില്‍നിന്നും ഇത്തരത്തിലുള്ള ചില ശ്രമങ്ങള്‍ കൂടി നേരിട്ടപ്പോള്‍ ജനിച്ച നാട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

വിശ്വാസത്തിന്റെ ശാദ്വലതീരത്തേക്ക് കടന്നുവന്ന എത്രയോ പ്രവാചകന്മാരും വിശ്വാസികളും ചരിത്രത്തില്‍ നേരിട്ട അതേ പ്രതിസന്ധിക്ക് മുമ്പില്‍ ശൈഖ് ഉറച്ച തീരുമാനമെടുത്തു; ഇസ്‌ലാമിനായി നാടും കുടുംബവും ഉപേക്ഷിക്കുക തന്നെ! അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റി. പലപ്പോഴും കന്നുകാലികളെ കെട്ടിയിരുന്ന തൊഴുത്തിലായിരുന്നു ശത്രുഭയത്താല്‍ അദ്ദേഹം അന്തിയുറങ്ങിയിരുന്നത്!

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലെ ഹിന്ദുസംഘടനകള്‍ വിഷയം ഏറ്റെടുക്കുകയും അദ്ദേഹത്തെ കണ്ടെത്താന്‍ അവര്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. അവര്‍ വിവിധ സ്ഥലങ്ങളില്‍ കയറിയിറങ്ങി പള്ളികളും മദ്‌റസകളും മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും അരിച്ചുപെറുക്കിയെങ്കിലും  അദ്ദേഹത്തെ കണ്ടെത്താനായില്ല.

ആയിടക്ക് റമദാന്‍ എത്തി. ഇസ്‌ലാമിലേക്ക് വന്നതിനു ശേഷമുള്ള തന്റെ ആദ്യത്തെ റമദാന്‍.  തന്റെ കൊച്ചുമുറിയിലിരുന്ന് നോമ്പെടുക്കുകയും രാത്രി നമസ്‌കാരം അടക്കമുള്ള ആരാധനകളില്‍ മുഴുകുകയും ചെയ്ത് ശൈഖ് കഴിച്ചുകൂട്ടി. ഇതിനിടയില്‍ എങ്ങനെയോ ഹിന്ദുസംഘടനകളിലുള്ളവര്‍ ശൈഖ് ഇവിടെ താമസം ഉണ്ടെന്ന് അറിഞ്ഞു.

അവര്‍ അന്വേഷിച്ച് എത്താന്‍ ഇടയുണ്ടെന്നറിഞ്ഞ നിമിഷം അവിടെനിന്നും രക്ഷപ്പെടാന്‍ തുനിഞ്ഞിറങ്ങി. റെയില്‍വേ സ്‌റ്റേഷനിലേക്ക് യാത്രയാരംഭിച്ച അദ്ദേഹത്തെ മുസ്‌ലിം സംഘടനകള്‍ സഹായിക്കുകയും വടക്കേ ഇന്ത്യയില്‍നിന്നും തെക്കേഇന്ത്യയിലെ വിജ്ഞാന ഗോപുരമായ ജാമിഅ ദാറുസ്സലാം ഉമറാബാദിലേക്ക് യാത്ര പുറപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു.

ഉമറാബാദിലേക്ക് വണ്ടികയറിയ ശൈഖിന് ഉമറാബാദ് എത്തി കാര്യങ്ങള്‍ ശരിയായപ്പോഴാണ് ആശ്വാസവും മനസ്സമാധാനവുമുള്ള ശാന്തമായ ജീവിതത്തിലേക്ക് കടന്നുവരാന്‍ കഴിഞ്ഞത്. പിന്നീട് അവിടെനിന്നും സ്വച്ഛമായ ഒരു നദിപോലെ ഇസ്‌ലാമിക ലോകത്തെ പണ്ഡിതശ്രേഷ്ഠന്‍മാരുടെ മുന്‍ നിരയിലേക്ക് അദ്ദേഹത്തിന്റെ ജീവിതം പതിയെ ഒഴുക്ക് ആരംഭിക്കുകയായിരുന്നു. (തുടരും)