ഗോവധനിരോധനത്തിലെ മതവും രാഷ്ട്രീയവും

ഡോ.സബീല്‍ പട്ടാമ്പി

2020 മാര്‍ച്ച് 14 1441 റജബ് 19

(ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?: 6)

"You will be surprised to know that according to ancient Hindu rites and rituals, a man cannot be a good Hindu who does not eat beef. On certain occasions, he must sacrifice a bull and eat it"

''...ഇക്കാര്യം അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം, പുരാതനകാല ആചാരങ്ങള്‍ പ്രകാരം കാലികളുടെ മാംസം (യലലള) കഴിക്കാത്തവരെ നല്ല ഹിന്ദുവായി കണക്കാക്കിയിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അവന്‍ നിര്‍ബന്ധമായും കാളയെ അറുത്ത് ഭക്ഷിക്കണമായിരുന്നു'' (The Complete Works of Swami Vivekanand, vol.3, p. 536).

പശുസംരക്ഷകര്‍ അഴിഞ്ഞാടുമ്പോള്‍

പശുക്കളെക്കാള്‍ കൂടുതല്‍ പശുസംരക്ഷകരുള്ള ഒരു സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഗോവധം മാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ വേറെ ചില സംസ്ഥാനങ്ങളില്‍ കാളയെ കൊല്ലുന്നതും നിരോധിക്കപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പശുവിനെ അറുത്തതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ വേറെ ചില സ്ഥലങ്ങളില്‍ കാളയെ അറുത്തതിന്റെ പേരിലും വേണ്ടി വന്നാല്‍ ആടിനെ അറുത്തവനെ പോലും പശുസംരക്ഷകര്‍ ആക്രമിക്കാറും അടിച്ചു കൊല്ലാറുമുണ്ട്. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് ഇങ്ങനെ 28 ഓളം പേരാണു മരിച്ചത്.

പശുസംരക്ഷകര്‍ പറയുന്ന ന്യായം പശു ദൈവമാണെന്നും മാതാവാണെന്നുമൊക്കെയാണ്. എന്നാല്‍ ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്; ഗോവധം തീര്‍ത്തും പാടില്ല എന്ന് പറയാന്‍ പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളില്‍ തെളിവില്ല എന്നതാണത്. പശുവിന്റെയും കാളയുടെയും മാംസം പുരാതന ഇന്ത്യയിലെ ആളുകള്‍ കഴിച്ചിരുന്നു എന്നതിന് തെളിവുണ്ട് താനും.

ഗോവധം പൗരാണിക ഗ്രന്ഥങ്ങളില്‍

(1) ഇന്ദ്രന്‍ പശുവിന്റെയും കാളയുടെയും കുതിരയുടെയും പോത്തിന്റെയും മാംസം കഴിച്ചിരുന്നതായി ഋഗ്വേദം  6/17/1 പറയുന്നു.

(2). പെണ്‍കുട്ടികളുടെ വിവാഹ സന്ദര്‍ഭത്തില്‍ കാളയെയും പശുവിനെയും അറുത്തിരുന്നതായി ഋഗ്വേദം 10/85/13 ല്‍ കാണാം.

(3) ആപസ്തംപ ഗൃഹസൂത്രം 1/3/10ല്‍ കാണാം:  ''അതിഥികള്‍ വരുന്ന സമയത്തും മരണപ്പെട്ടവരുടെ ശ്രാദ്ധത്തിനും വിവാഹ സന്ദര്‍ഭത്തിലും പശുവിനെ അറവു ചെയ്യണം.''

(4) ചരിത്രകാരനായ ആര്‍.സി.മജുംദാര്‍ എഴുതുന്നു: ''രാജാവായിരുന്ന രന്ദി ദേവന്‍ ദിവസവും 2000 പശുക്കളെയും ഒപ്പം 2000 മറ്റു മൃഗങ്ങളെയും അറുത്ത് അവയുടെ മാംസം ദാനം ചെയ്തിരുന്നതായി മഹാഭാരതത്തില്‍ പറയുന്നുണ്ട്.'' (The history and culture of Indian people R.C. Majumdar, Volume2, page: 578)..

(5) ബൃഹദാരണ്യകോപനിഷത്ത് 6/4/18 ന്റെ വ്യാഖ്യാനത്തില്‍ ആദി ഗുരു ശങ്കരാചാര്യര്‍ പറയുന്നു: ''ധാന്യാഹരവും മാംസവും ചേര്‍ത്തുണ്ടാക്കുന്നതാണു 'മന്‍സോദന്‍.' അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: 'എന്തിന്റെ മാംസമായിരിക്കണമത്?' അദ്ദേഹം പറഞ്ഞു: 'ഉക്ഷത്തിന്റെ (കാള) മാംസം.''

(6) ബ്രാഹ്മണന്മാര്‍ പോലും വേദകാലത്ത് മാംസം കഴിച്ചിരുന്നതായി കാണാം: ''ശ്രാദ്ധത്തിന്റെ സമയത്ത് നല്‍കപ്പെടുന്ന മാംസം കഴിക്കാന്‍ ബ്രാഹ്മണന്‍ വിസമ്മതിച്ചാല്‍ അവന്‍ നരകത്തില്‍ പോകും''(വസിഷ്ഠധര്‍മ്മ സൂത്രം 11/34).

(7) പ്രാചീന ഭാരത ചരിത്ര പണ്ഡിതനായ കെ. ദാമോദരന്‍ എഴുതുന്നു: ''ആദ്യകാലത്ത് ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കുക പതിവായിരുന്നു. പശുമാംസം പോലും അവര്‍ ഭക്ഷിച്ചിരുന്നു എന്നാണു ചില പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മധ്യകാലത്തെ ബ്രാഹ്മണര്‍ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ബുദ്ധ, ജൈന മതങ്ങളുടെ സ്വാധീനം കാരണം സസ്യഭുക്കുകളായി മാറി. വര്‍ണാശ്രമ വ്യവസ്ഥയുടെ ആരംഭകാലത്ത് വിഗ്രഹാരാധനക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഹിന്ദുമതത്തിലെ വിഗ്രഹാരാധന ബുദ്ധന്മാരില്‍ നിന്ന് സ്വീകരിച്ചതാണ്. വര്‍ണാശ്രമ വ്യവസ്ഥയുടെ കാലത്തില്ലാതിരുന്ന ക്ഷേത്രങ്ങള്‍ ബുദ്ധവിഹാരങ്ങളുമായുള്ള മല്‍സരത്തിലൂടെയാണു വര്‍ധിച്ചു വന്നത്'' (ഭാരതീയ ചിന്ത, പേജ് 276, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1992).

കെ.ദാമോദരന്‍ പറയുന്ന പ്രകാരം പ്രാചീന കാലത്ത് ബ്രാഹ്മണരടക്കമുള്ള ഹിന്ദുക്കള്‍ പശുമാംസം കഴിച്ചിരുന്നു. അവര്‍ വിഗ്രഹാരാധകരായിരുന്നില്ല. പശുമാംസത്തിനുള്ള വിലക്കും വിഗ്രഹാരാധനയും പിന്നീട് വന്നതാണ്.

സ്വാമി വിവേകാനന്ദനും ബീഫും

സ്വാമി വിവേകാനന്ദന്‍ പശു മാംസമടക്കമുള്ള ബീഫ് കഴിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു. നാം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിവേകാനന്ദനെ ഉദ്ധരിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. സ്വാമി അമേരിക്കയില്‍ ലോകമത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബീഫ് കഴിച്ചതായി സമ്മേളനത്തിന്റെ സംഘാടകനായ Dr. Barrow പറയുന്നത് കാണുക:

''മത സമ്മേളനത്തിന്റെ ഒന്നാം സെഷന്‍ കഴിഞ്ഞ ശേഷം ഞാന്‍ സ്വാമി വിവേകാനന്ദനെയും കൂട്ടി താഴെയുള്ള ഒരു റസ്‌റ്റോറന്റിലേക്ക് പോയി. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'എന്താണ് അങ്ങേക്ക് കഴിക്കാന്‍ വേണ്ടത്?' വിവേകാനന്ദന്‍ പറഞ്ഞു: 'ബീഫ് ആവട്ടെ'' (1897 ജുലൈ മാസത്തിലെ Outlook മാഗസിനില്‍ Dr. Barrow തന്നെ എഴുതിയതാണിത്).

അവിടെവച്ച് അദ്ദേഹം ബീഫ് കഴിച്ചു എന്ന് മാത്രമല്ല, അദ്ദേഹം അതിഥിയായി താമസിച്ചിരുന്ന വീട്ടിലെ അമേരിക്കക്കാരനായ ഒരു കുട്ടിയെയും കൂട്ടി പുറത്ത് പോയി ബീഫ് വാങ്ങിക്കഴിച്ചു എന്ന് സ്വാമിയുടെ ശിഷ്യയായ Sister Gargi എഴുതിയ Swami Vivek-ananda in the west: New discoveries എന്ന പുസ്തകത്തില്‍ കാണാം.

പശുസംരക്ഷകനോട് ദേഷ്യപ്പെട്ട സ്വാമി വിവേകാനന്ദന്‍

 പശുസംരക്ഷണ സേന ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അതിനു 100-150 വര്‍ഷത്തെ പഴക്കമുണ്ട്. സ്വാമി വിവേകാനന്ദനെ കല്‍ക്കത്തയിലെ ബേലൂര്‍ മഠത്തില്‍ വെച്ച് ഒരു ഗോരക്ഷകന്‍ കാണാന്‍ വന്ന സംഭവം അദ്ദേഹത്തിന്റെ ശിഷ്യന്‍ ശരത് ചന്ദ്ര ചക്രബര്‍ത്തി രേഖപ്പെടുത്തുന്നത് കാണുക:

''പശുസംരക്ഷണ സേനയില്‍ പെട്ട് ആവേശഭരിതനായ ഒരു വ്യക്തി സ്വാമിജിയെ കാണാന്‍ വന്നു. അയാള്‍ ഒരു സന്യാസി വേഷധാരിയാണ്. തലയില്‍ ഒരു തലപ്പാവുമുണ്ട്. സ്വാമിജി അയാളെ കാണാന്‍ വന്നു. ഈ വ്യക്തി സ്വാമിയെ വണങ്ങുകയും ഗോമാതാവിന്റെ ഒരു ചിത്രം പാരിതോഷികമായി നല്‍കുക യും ചെയ്തു.

വിവേകാനന്ദന്‍: 'എന്താണു നിങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍?'

ആഗതന്‍: 'ഞങ്ങള്‍ ഗോമാതാവിനെ അറവുകാരുടെ കയ്യില്‍ നിന്നും സംരക്ഷിക്കുന്നു. ഞങ്ങള്‍ക്ക് പശു ശാലയുണ്ട്. രക്ഷിച്ചു കൊണ്ടുവരുന്ന പശുക്കളെ ഞങ്ങള്‍ അവിടെ സംരക്ഷിക്കും.'

വിവേകാനന്ദന്‍: 'എന്താണു നിങ്ങളുടെ സംഘടനയുടെ വരുമാന മാര്‍ഗം?'

ആഗതന്‍: 'താങ്കളെ പോലുള്ള വലിയവര്‍ നല്‍കുന്ന സംഭാവനകളാണു ഞങ്ങളുടെ വരുമാനം.'

വിവേകാനന്ദന്‍: 'നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എത്ര പണം (ഫണ്ട്) ഉണ്ട്?'

ആഗതന്‍: 'മാര്‍വാഡികളായ കച്ചവടക്കാര്‍ ഞങ്ങള്‍ക്ക് നന്നായി സംഭാവന ചെയ്യാറുണ്ട്.'

വിവേകാനന്ദന്‍: 'ഇന്ത്യയുടെ മധ്യസംസ്ഥനങ്ങള്‍ ഇപ്പോള്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. 9 ലക്ഷം ആളുകള്‍ അതില്‍ മരണപ്പെട്ടതായി പത്രവാര്‍ത്ത വന്നിട്ടുണ്ട്. നിങ്ങളുടെ സംഘടന അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്‌തോ?'

ആഗതന്‍: 'ഞങ്ങള്‍ അത്തരത്തിലുള്ള സഹായങ്ങള്‍ ചെയ്യാറില്ല. ഈ സംഘടനയുടെ ഉദ്ദേശ്യം പശുസംരക്ഷണമാണ്.'

വിവേകാനന്ദന്‍: 'ഇങ്ങനെ ഒരു വരള്‍ച്ച നേരിടുമ്പോള്‍, നിങ്ങളുടെ സഹോദരങ്ങളായ ലക്ഷക്കണ ക്കിനു  മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ നിങ്ങള്‍ക്ക് കഴിവുണ്ടായിട്ടും അവര്‍ക്ക് അല്‍പം ഭക്ഷണമെത്തിച്ച് സഹായിച്ചു കൂടേ?'

ആഗതന്‍:  'അല്ല, ഇത് (വരള്‍ച്ച) അവരുടെ കര്‍മഫലം (പാപഫലം) ആണ്.'

ഇത് കേട്ട സ്വാമി വിവേകാനന്ദന്റെ മുഖം ദേഷ്യംകൊണ്ട് ചുവക്കുകയും കണ്ണില്‍ കോപാഗ്‌നി കാണപ്പെടുകയും ചെയ്തു. അദ്ദേഹം പറഞ്ഞു:

'മനുഷ്യരോട് സ്‌നേഹം കാണിക്കാത്ത, വരള്‍ച്ചയുടെ സമയത്ത് അവര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാതെ മൃഗങ്ങളെയും പക്ഷികളെയും സേവിക്കുന്ന നിങ്ങളുടെ സംഘടനയോടെനിക്ക് ഒട്ടും മതിപ്പില്ല. അത്തരം സംഘടനകളില്‍നിന്ന് സമൂഹത്തിനു എന്തെങ്കിലും ഗുണം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. വരള്‍ച്ചയില്‍ മരിക്കുന്നത് അവരുടെ കര്‍മഫലം കാരണമാണെന്നാണു നിങ്ങളുടെ ന്യായം എങ്കില്‍ പശുക്കളെ കശാപ്പ് ചെയ്യപ്പെടുന്നത് അവയുടെ കര്‍മഫലം കൊണ്ടാണല്ലോ. അപ്പോള്‍ നിങ്ങളെന്തിനു അവയെ സംരക്ഷിക്കുന്നു?'

ആഗതന്‍: (അല്‍പം ഇളിഭ്യനായിക്കൊണ്ട്) 'താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, നമ്മുടെ ധര്‍മം പറയുന്നത് പശു നമ്മുടെ മാതാവാണ് എന്നാണല്ലോ.'

വിവേകാനന്ദന്‍ ചിരിച്ചുകൊണ്ട് (പരിഹാസരൂപേണ) പറഞ്ഞു: 'അതെ, പശുവിനല്ലാതെ ആര്‍ക്കാണ് ഇതുപോലെ യോഗ്യനായ ഒരു സന്താനത്തിനു ജന്മംകൊടുക്കാനാവുക?!'

ശേഷം വിവേകാനന്ദന്‍ തുടര്‍ന്നു: 'നോക്കൂ...ഞാനൊരു സന്യാസിയാണ്. എന്റെ കയ്യില്‍ നിങ്ങളെ സഹായിക്കാന്‍ പണമില്ല. ഇനി പണം ഉണ്ടെങ്കില്‍ തന്നെ ആദ്യം ഞാന്‍ ചെയ്യുക ദുരിതമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കയും അവര്‍ക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുകയുമാണ്. ഇതൊക്കെ ചെയ്തുകഴിഞ്ഞ് പണം ബാക്കിയുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ സംഘടനക്ക് നല്‍കാം.'

 ഇത്രയും കേട്ടപ്പോള്‍ ആ വ്യക്തി സ്വാമിജിയെ അഭിവാദ്യം ചെയ്ത് തിരിച്ചുപോയി. ശേഷം സ്വാമി ഞങ്ങളോട് (ശിഷ്യരോട്) പറഞ്ഞു:

'നമ്മുടെ രാജ്യം അപകടത്തിലേക്കാണു പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണിതൊ ക്കെ. 'കര്‍മഫലം (പാപഫലം)' എന്ന സിദ്ധാന്തത്തെ ആളുകള്‍ എങ്ങനെയൊക്കെയാണു ദുര്‍വ്യാഖ്യാനി ക്കുന്നതെന്ന് നോക്കൂ. മനുഷ്യരാണെന്ന് പറയുന്ന ഇവര്‍ക്ക് ഹൃദയത്തില്‍ മറ്റു മനുഷ്യരോട് അല്‍പം പോലും സ്‌നേഹമില്ല. ഇവരെ മനുഷ്യരെന്ന് പോലും പറയാന്‍ പറ്റില്ല.'  ഇത് പറയുമ്പോള്‍ സ്വാമിജിയുടെ ശരീരം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു'' (കല്‍ക്കത്തയിലുണ്ടായിരുന്ന, സ്വാമിയുടെ അടുത്ത ശിഷ്യന്‍ ശരത് ചന്ദ്ര ചക്രബര്‍ത്തി അദ്ദേഹത്തിന്റെ 'ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകള്‍' (Diary Of a Disciple) എന്ന ഗ്രന്ഥ്ത്തില്‍ എഴുതിയ സംഭവം).

വിവേകാനന്ദന്റെ കാലത്തുള്ള പശുസംരക്ഷകരെക്കാള്‍ കഷ്ടമാണ് ഇന്നുള്ള പശുരക്ഷകരുടെ അവസ്ഥ. അന്നു മനുഷ്യരെ സഹായിച്ചില്ല എന്ന് മാത്രമേയുള്ളൂ. ഇന്നാകട്ടെ മനുഷ്യരെ അടിച്ച് കൊല്ലുക കൂടി ചെയ്യുന്നു! ഇന്നെങ്ങാനുമാണ് വിവേകാനന്ദന്‍ ജീവിച്ചിരിക്കുന്നതെങ്കില്‍ യോഗിയും ഷായും മോഡിയുമടക്കമുള്ള പശുരക്ഷകരെ കുറിച്ച് എന്തായിരിക്കും പറയുക?

 ഒരു വശത്ത് ബീഫ് കഴിക്കുന്നവരെ തല്ലിക്കൊല്ലുന്നു. മറുവശത്ത് സര്‍ക്കാര്‍ തന്നെ ബീഫ് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു!

2014ല്‍ മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷമാണ് 'ബീഫ് കയറ്റുമതി' (Beef Exporting) ഏറ്റവും കൂടുതലായത് എന്നാണ്, കണക്കുകള്‍ പറയുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്! ഏറ്റവും കൂടുതല്‍ കാലികള്‍ അറുക്കപ്പെടുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിലും! ഇന്ത്യയില്‍ നിന്ന് അറബ് രാജ്യങ്ങളിലേക്കടക്കം ബീഫ് കയറ്റുമതി ചെയ്യുന്നുണ്ട്.

 ഇത്രയധികം ബീഫ് ഉത്തര്‍ പ്രദേശില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത് മുഖ്യമന്ത്രി  യോഗി ആദിത്യ നാഥിന്റെ അറിവില്ലാതെയാണോ? (ബീഫ് ആണ് കഴിച്ചതെന്ന് ആരോപിച്ച് 'ആട്ടിറച്ചി' കഴിച്ച മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ അടിച്ചുകൊന്നത് ഇതേ ഉത്തര്‍പ്രദേശിലാണെന്നോര്‍ക്കണം!).

 ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ വിവരം പ്രധാനമന്ത്രിക്ക് അറിയില്ലെന്നോ? ഇതാണ് വ്യക്തമായ കാപട്യം! ഒരു വശത്ത് ബീഫ് കഴിക്കുന്ന സാധാരണക്കാരെ അടിച്ചുകൊല്ലുന്നു, മറുവശത്ത് മാടുകളെ കശാപ്പ് ചെയ്ത് കയറ്റുമതി ചെയ്ത് പണം കൊയ്യുന്നു!

കര്‍ണാടക മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗി ആദിത്യ നാഥിനു പശു വിഷയത്തില്‍ ട്വിറ്ററില്‍ നല്‍കിയ ഒരു മറുപടി ഇവിടെ എടുത്ത് കൊടുക്കട്ടെ:

"Ours is a Hindutva that follows the legacy of Vivekananda, not Godse. Let Chief Minister Yogi Adtiyanath read what Vivekanada has said before lecturing us about ban on cow slaughter"

''ഞങ്ങള്‍ വിശ്വസിക്കുന്ന ഹിന്ദുമതം വിവേകാനന്ദന്റെതാണ്, (ഗാന്ധിയെ കൊന്ന) ഗോഡ്‌സെയുടേതല്ല. ഞങ്ങളോട് ഗോവധ നിരോധനം പ്രസംഗിക്കുന്നതിനു മുമ്പ് സ്വാമി വിവേകാനന്ദന്‍ അതിനെ പറ്റി എന്താണു പറഞ്ഞതെന്ന് യോഗി ആദിത്യനാഥ് ഒന്ന് വായിക്കുന്നത് നന്നായിരിക്കും.''