ബദ്‌റും ബദ്‌രീങ്ങളും

സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

2020 മെയ് 16 1441 റമദാന്‍ 23

അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതമാണ് ഇസ്‌ലാം, മുഴുവന്‍ പ്രവാചകന്മാരും ലോകത്തെ പഠിപ്പിച്ച ദൈവിക മതം. ഏകദൈവാരാധനയാണ് അതിന്റെ അടിത്തറ. ആരാധനയുടെ മുഴുവന്‍ കാര്യങ്ങളും പ്രപഞ്ചനാഥനായ അല്ലാഹുവിന് സമര്‍പ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് മുസ്‌ലിമായി തീരുവാന്‍ സാധിക്കും. ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം മുഹമ്മദ് നബി ﷺ യിലൂടെയാണ് നടന്നത്. അവസാന നാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമായിക്കൊണ്ടാണ് ഇസ്‌ലാം അവതരിച്ചത്. അതിന്റെ പ്രമാണങ്ങളാണ് വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും.

 ഇസ്‌ലാമിന്റെ അടിത്തറ ഏകദൈവാരാധനയാണെന്ന് നാം പറഞ്ഞുവല്ലോ. അതാണ് തൗഹീദ്. മുഴുവന്‍ പ്രവാചകന്മാരും പഠിപ്പിച്ച അടിസ്ഥാനപരമായ കാര്യം. അവസാനത്തെ പ്രവാചകനായ മുഹമ്മദ് ﷺ യും മക്കയില്‍ പതിമൂന്ന് വര്‍ഷം വളരെ പ്രയാസങ്ങള്‍ സഹിച്ച്, പീഡനങ്ങള്‍ അനുഭവിച്ച് തൗഹീദിലേക്ക് തന്റെ ജനതയെ ക്ഷണിച്ചു, പക്ഷേ, ജനത അദ്ദേഹത്തിന് പകരം നല്‍കിയത് അക്രമവും ശകാരവും ആക്ഷേപവും പരിഹാസവുമായിരുന്നു. ശത്രുക്കള്‍ പീഡനങ്ങള്‍ കൊണ്ടും പ്രീണനങ്ങള്‍ കൊണ്ടും അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അതെല്ലാം സഹിച്ച് തന്റെ ദൗത്യവുമായി മുന്നോട്ട് പോയി. അവസാനം പ്രവാചകന്‍ ﷺ  സ്വന്തം ജന്മനാട് ഉപേക്ഷിക്കുവാന്‍ അല്ലാഹുവിന്റെ അനുമതിയോടെ തീരുമാനിച്ചു. അങ്ങനെ സുപ്രധാനമായ ഹിജ്‌റ (മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം) സംഭവിച്ചു. ശേഷം അല്ലാഹു തന്നില്‍ ഏല്‍പിച്ച ഉത്തരവാദിത്ത നിര്‍വഹണവുമായി നബി ﷺ  മദീനയില്‍ കഴിഞ്ഞ് കൂടി.

യുദ്ധത്തിനുള്ള കാരണം

മക്കക്കാര്‍ ശാമിലേക്ക് കച്ചവടത്തിനായി പോകാറുണ്ട്. ഒരിക്കല്‍ അവര്‍ കച്ചവടം കഴിഞ്ഞ് ലാഭവുമായി മടങ്ങിവരുന്ന സമയമായപ്പോള്‍ പ്രവാചകന്‍ ﷺ  ത്വല്‍ഹതുബ്‌നു ഉബൈദില്ലാഹ്(റ), സഈദ്ബ്‌നു സൈദ്(റ) എന്നിവരെ കച്ചവട സംഘത്തെ നിരീക്ഷിക്കുവാനായി നിയോഗിച്ചു. അങ്ങനെ അബൂസുഫ്‌യാന്‍ കച്ചവട സംഘവുമായി മടങ്ങിവരുന്നത് കണ്ടയുടനെ അവര്‍ പ്രവാചകന്റെയടുത്ത് പോയി വിവരം അറിയിച്ചു. കച്ചവട സംഘത്തോടൊപ്പം പ്രത്യേകിച്ച് കാവല്‍ക്കാരൊന്നുമില്ല, ഏകദേശം നാല്‍പതാളുകള്‍ മാത്രമേയുള്ളൂ. ആയിരത്തോളം വരുന്ന മൃഗങ്ങളുടെ പുറത്തായിരുന്നു അവരുടെ ചരക്കുകള്‍ വഹിച്ചിരുന്നത്. ഈ ചരക്കുകളെല്ലാം മക്കയിലെത്തിയാല്‍ അവര്‍ അതെല്ലാം ഉപയോഗിച്ച് പ്രവാചകനെയും മുസ്‌ലിംകളെയും ഉപദ്രവിക്കുമെന്ന് മനസ്സിലാക്കിയ പ്രവാചകന്‍ തന്റെ അനുചരന്മാരോട് അവ പിടിച്ചെടുക്കുവാന്‍ കല്‍പിച്ചു. എന്നാല്‍ മുസ്‌ലിംകള്‍ ഒരുങ്ങിപ്പുറപ്പെട്ടപ്പോഴേക്ക് അബൂസുഫ്‌യാനും കൂട്ടുകാരും മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. പക്ഷേ, മുസ്‌ലിംകളോട് പകരം വീട്ടണമെന്ന ഉറച്ച തീരുമാനത്തില്‍ അവര്‍ സൈന്യത്തെ തയ്യാറാക്കുകയും അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ മദീനയിലേക്ക് പുറപ്പെടുകയും ചെയ്തു. ഇത് മനസ്സിലാക്കിയ പ്രവാചകനും സ്വഹാബികളും അവരെ നേരിടുവാനായി ഒരുങ്ങുകയും ചെയ്തു. ഇങ്ങനെയാണ് ബദ്ര്‍ യുദ്ധം ഉണ്ടാകുന്നത്.

സൈന്യങ്ങള്‍

മുസ്‌ലിം സൈന്യത്തില്‍ ഏകദേശം 319 (313, 314, 317 എന്നിങ്ങനെ അഭിപ്രായ വ്യത്യാസമുണ്ട്) പേരായിരുന്നു ഉണ്ടായിരുന്നത്. അവരുടെ കൂടെ ഒന്നോ രണ്ടോ കുതിരയും 70 ഒട്ടകങ്ങളുമുണ്ടായിരുന്നു. മൂന്നാളുകള്‍ വീതമായിരുന്നു ഓരോ വാഹനത്തിന്റെയും പുറത്ത് മാറി മാറി സഞ്ചരിച്ചിരുന്നത്. പ്രവാചകനും ﷺ  അലി(റ)യും മര്‍ഥദ്ബ്‌നുമര്‍ഥദും(റ) ഒരു മൃഗത്തെ വാഹനമായി ഉപയോഗിച്ചു.

മുശ്‌രിക്കുകളുടെ സൈന്യത്തിലെ ആള്‍ബലം ഏകദേശം 1300 ആയിരുന്നു. അവരോടൊപ്പം 100 കുതിരകളും 600 പടയങ്കിയും ധാരാളം ഒട്ടകങ്ങളും ഉണ്ടായിരുന്നു. സൈന്യത്തിന് പൊതുവായ നേതൃത്വം നല്‍കിയത് അബൂജഹ്ല്‍ ആയിരുന്നു.

എന്തിന് യുദ്ധം നടന്നു?

യഥാര്‍ഥത്തില്‍ നാം മനസ്സിലാക്കേണ്ടത് എന്തിനു വേണ്ടിയാണ് ബദ്ര്‍ യുദ്ധം നടന്നത് എന്നാണ്. അത് ഒരു രാഷ്ട്രം പിടിച്ചെടുക്കുവാനോ, രാജാവാകുവാനോ, സമ്പത്ത് പിടിച്ചെടുക്കുവാനോ അല്ലായിരുന്നു.  അല്ലാഹുവിനെ മാത്രമെ നിങ്ങള്‍ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന ശുദ്ധമായ തൗഹീദിന്റെ വചനം മക്കയില്‍ പതിമൂന്ന് വര്‍ഷം പ്രബോധനം ചെയ്തപ്പോള്‍ ശത്രുക്കള്‍ക്ക് ഉള്‍കൊള്ളുവാന്‍ കഴിഞ്ഞില്ല, ഈ ആശയത്തെ തകര്‍ക്കുവാനായി അവര്‍ കഴിയുംവിധം പരിശ്രമിച്ചു. അങ്ങനെ പ്രവാചകനും സ്വഹാബികളും തങ്ങളുടെ പ്രബോധന ദൗത്യവുമായി സുരക്ഷിത താവളമായ മദീനയിലേക്ക് ഹിജ്‌റ പോയി. അവിടെയും തൗഹീദിനെതിരിലുള്ള അക്രമത്തിന് ഒരുങ്ങിവന്ന മുശ്‌രിക്കുകളോടാണ് പ്രവാചകനും അനുയായികളും ഈമാനിന്റെ ശക്തികൊണ്ട് പടപൊരുതിയത്. അബൂജഹ്ല്‍ കഅ്ബയുടെ കില്ല പിടിച്ചുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് നമുക്ക് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. 'അല്ലാഹുവേ, ബദ്‌റിന്റെ താഴ്‌വരയില്‍ സത്യത്തിന്റെ ആളുകളെ നീ വിജയിപ്പിക്കേണമേ' എന്നായിരുന്നു അബൂജഹ്‌ലിന്റെ പ്രാര്‍ഥന.  ഇവിടെ അബൂജഹ്ല്‍ പ്രാര്‍ഥിച്ചത് അല്ലാഹുവിനോടാണ്. എന്നാല്‍ മറ്റുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ അല്ലാഹുവല്ലാത്തവരോടും പ്രാര്‍ഥിച്ചിരുന്നു, നേര്‍ച്ചയും വഴിപാടുകളും അര്‍പ്പിച്ചിരുന്നു.

എന്നാല്‍ അല്ലാഹുവിന്റെ റസൂലും സ്വഹാബികളും പറഞ്ഞത് അല്ലാഹുവിന് മാത്രമെ ആരാധനകള്‍ അര്‍പ്പിക്കാവൂ, അവനോട് മാത്രമെ നിങ്ങള്‍ പ്രാര്‍ഥിക്കാവൂ എന്നാണ്. ഈ രണ്ട് വിശ്വാസങ്ങളാണ് ബദ്‌റിന്റെ താഴ്‌വരയില്‍ ഏറ്റുമുട്ടിയത്. തൗഹീദില്‍ അടിയുറച്ചുനിന്ന മുഹമ്മദ് നബി ﷺ ക്കും സ്വഹാബികള്‍ക്കുമാണ് അവിടെ അല്ലാഹുവിന്റെ സഹായമുണ്ടായത്, വിജയമുണ്ടായത്. ആയുധബലം കൊണ്ടോ സംഘബലം കൊണ്ടോ അല്ല ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം ഉണ്ടായത്. തൗഹീദിന്റെ തെളിമയാര്‍ന്ന വിശ്വാസമെന്ന ആയുധം അവരുടെ മനസ്സുകളില്‍ രൂഢമൂലമായപ്പോള്‍ ആ വിശ്വാസത്തെ ശത്രുക്കളുടെ സംഘബലത്തിനോ ആയുധ ബലത്തിനോ അതിജയിക്കുവാന്‍ സാധിച്ചില്ല. ഇതാണ് സത്യം.

അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാര്‍ഥിച്ചിരുന്നവരും അല്ലാഹുവിനോടു കൂടെ മറ്റുള്ളവരോടും പ്രാര്‍ഥിച്ചിരുന്നവരും തമ്മിലാണ് ബദ്ര്‍ യുദ്ധം നടന്നത് എന്ന് മുകളില്‍ സൂചിപ്പിച്ചു.

അബ്ദുല്ലാഹ് ഇബ്‌നു ഥഅ്‌ലബബ്‌നു സ്വുഐറില്‍ നിന്നും നിവേദനം: അബൂജഹ്ല്‍ രണ്ട് സൈന്യങ്ങളും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍ പറയുകയുണ്ടായി: ''അല്ലാഹുവേ, അവന്‍ ഞങ്ങളുടെ കുടുംബബന്ധം മുറിച്ചിരിക്കുന്നു, ഞങ്ങള്‍ക്കറിയാത്ത ഒരു കാര്യമാണവന്‍ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട് അവനെ നാളെ പ്രഭാതത്തില്‍ നീ നിന്ദിക്കേണമേ...'' (അഹ്മദ്).

അബൂജഹ്ല്‍ അല്ലാഹുവിനോടാണ് ഈ സന്ദര്‍ഭത്തിലും പ്രാര്‍ഥിച്ചത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

പ്രവാചകന്‍ ﷺ  പ്രാര്‍ഥിച്ചത് കാണുക: ഉമറുബ്‌നുല്‍ ഖത്വാബ്(റ) പറഞ്ഞു: ''ബദ്ര്‍ യുദ്ധ ദിവസം പ്രവാചകന്‍ ﷺ  മുശ്‌രിക്കുകളുടെ സൈന്യത്തെ നോക്കി. അവര്‍ ആയിരത്തോളം പേരും തിരുമേനിയും കൂട്ടുകാരും 319 പേരുമായിരുന്നു. അങ്ങനെ പ്രവാചകന്‍ ﷺ  ക്വിബ്‌ലയിലേക്ക് മുന്നിട്ട് തന്റെ രണ്ടു കൈകളും നീട്ടി റബ്ബിനോട് പ്രാര്‍ഥിക്കുകയാണ്:''അല്ലാഹുവേ, നീ എനിക്ക് വാഗ്ദാനം നല്‍കിയത് പൂര്‍ത്തീകരിച്ച് തരേണമേ. അല്ലാഹുവേ, എനിക്ക് നീ വാഗ്ദാനം നല്‍കിയത് നീ നല്‍കേണമേ. അല്ലാഹുവേ, ഇസ്‌ലാമിന്റെ ഈ കൊച്ചുസംഘത്തെ നീ നശിപ്പിക്കുകയാണെങ്കില്‍ ഈ ഭൂമിയില്‍ കൃത്യമായ രൂപത്തില്‍ ഒരിക്കലും നീ ആരാധിക്കപ്പെടുകയില്ല.' നബി ﷺ  കൈകള്‍ നീട്ടി ക്വിബ്‌ലയിലേക്ക് മുന്നിട്ടുകൊണ്ട് പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. തന്റെ ചുമലിലുണ്ടായിരുന്ന തട്ടംവരെ താഴെ വീഴുകയുണ്ടായി. അബൂബക്കര്‍(റ) വന്ന് അത് തിരുമേനിയുടെ ചുമലിലേക്ക് തന്നെ വെക്കുകയും പിന്നില്‍ നിന്നുകൊണ്ട് (ഇപ്രകാരം) പറയുകയുമുണ്ടായി: 'അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളുടെ രക്ഷിതാവിനോടുള്ള സംസാരം മതിയാക്കുക. തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുള്ളത് നല്‍കുകതന്നെ ചെയ്യുന്നതാണ്.' അപ്പോഴാണ് ഈ ആയത്ത് ഇറങ്ങിയത്: 'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി' (8:9).'അല്ലാഹു മലക്കുകളെ ഇറക്കിക്കൊണ്ട് തിരുമേനിയെ സഹായിച്ചു...''(മുസ്‌ലിം).

അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ചവര്‍ക്കാണ് ബദ്‌റില്‍ വിജയവും അല്ലാഹുവിന്റെ സഹായവും ലഭിച്ചത്. ബദ്‌റില്‍ പങ്കെടുത്തവര്‍ക്കാണ് ബദ്‌രീങ്ങളെന്ന് നാം പറയുന്നത്. അവര്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിച്ചിരുന്നത്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ഈ ബദ്‌രീങ്ങളോട് തന്നെ വിളിച്ച് പ്രാര്‍ഥിക്കുന്ന ദാരുണമായ അവസ്ഥയിലേക്ക് മുസ്‌ലിം സമൂഹം അധഃപതിച്ചിരിക്കുന്നു. ബദ്‌രീങ്ങളുടെ പേരില്‍ മൗലൂദ് ഉണ്ടാക്കുകയും അതിലൂടെ അവരോട് വിളിച്ച് പ്രാര്‍ഥിക്കുകയും അവരുടെ നാമങ്ങളാണ് എന്ന് പറഞ്ഞ് കുറേ നാമങ്ങള്‍ കെട്ടിയുണ്ടാക്കുകയും അത് കടകളില്‍ തൂക്കിയിട്ടുകൊണ്ട് അനുഗ്രഹം തേടുകയും ചെയ്യുന്നു. ബദ്ര്‍ യുദ്ധത്തിന് ശേഷം പ്രവാചകനോ സ്വഹാബത്തോ ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഒരിക്കലുമില്ല! ഒരാള്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിച്ചാല്‍ അവന് ഇസ്‌ലാമില്‍ സ്ഥാനമില്ല. അത് പ്രവാചകന്മാരോടോ, സ്വഹാബാക്കളോടോ, ബദ്‌രീങ്ങളോടോ ആരോടായിരുന്നാലും ശരി; അത് ശിര്‍ക്കാണ്. ശിര്‍ക്ക് ചെയ്യുന്നവന് ഇസ്‌ലാമില്‍ സ്ഥാനമില്ലായെന്ന് നാം ഓര്‍ക്കുക. ഇസ്‌ലാമിക പ്രമാണങ്ങള്‍ അത് നമ്മെ പഠിപ്പിക്കുന്നു.

ബദ്ര്‍ മൗലൂദ്

ആരോ കെട്ടിയുണ്ടാക്കിയ ബദ്ര്‍ മാലയില്‍ നമുക്ക് ഇങ്ങനെ കാണാവുന്നതാണ്:

''യല്ലാ ബലാലും ആഫത്തും

എടങ്ങേറുകള്‍ മുസ്വീബത്തും

ബദ്‌രീങ്ങളെ ബറകത്തിനാല്‍

എമെയ് കാക്കണം യാ റബ്ബനാ.

ദണ്ണം വബാ വസൂരിയും

മറ്റുള്ള ദീനം അടങ്കലും

ബദ്‌രീങ്ങളെ ബറകത്തിനാല്‍

ശിഫയാക്കണം യാ റബ്ബനാ.

ദാഹം മൗത്തത് കൂട്ടിടും

ഇബ്‌ലീസ് കൂസിനെ കാട്ടിടും

നേരം ലഈന്‍ അവനാട്ടുവാന്‍

ബദ്‌രീങ്ങളാല്‍ തുണ റബ്ബനാ.''

ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വസൂരി, കോളറ പോലുള്ളവയും മറ്റു രോഗങ്ങളും വരുമ്പോള്‍ ബദ്‌രീങ്ങളുടെ ബറകത്തിനാല്‍ ഞങ്ങളുടെ രോഗം ശിഫയാക്കണമേ ഞങ്ങളുടെ രക്ഷിതാവേ. മരണം വന്നത്തുന്ന സമയത്ത് ശല്യമുണ്ടാക്കുന്ന ശപിക്കപ്പെട്ട പിശാചിനെ ആട്ടുവാന്‍ ബദ്‌രീങ്ങളുടെ തുണ നല്‍കേണമേ ഞങ്ങളുടെ രക്ഷിതാവേ എന്നൊക്കെ പ്രാര്‍ഥിക്കുവാനാണ്  ഈ വരികളിലൂടെ പറയുന്നത്. 'ബദ്‌രീങ്ങളുടെ ബറകത്തിനാല്‍ ഞങ്ങളെ നീ രക്ഷിക്കേണമേ' എന്ന രൂപത്തിലുള്ള പ്രാര്‍ഥന പ്രവാചകനോ സ്വഹാബികളോ നടത്തിയിട്ടുണ്ടോ? ഒരിക്കലുമില്ല! ബദ്‌രീങ്ങളുടെ നേതാവാണല്ലോ നബി ﷺ . ആ പ്രവാചകന്‍ നമുക്ക് അങ്ങനെയുള്ള ഒരു പ്രാര്‍ഥന പഠിപ്പിച്ച് തന്നിട്ടുണ്ടോ? ഒരിക്കലുമില്ല. ഇത് അപകടകരമായ കാര്യമാണ്. മതത്തില്‍ നിന്ന് തന്നെ പുറത്താക്കുന്ന ശിര്‍ക്കിലേക്ക് എത്തിക്കുന്നതുമാണ്. എന്നാല്‍ ഇതൊന്നുമറിയാത്ത പാമരജനങ്ങള്‍ നേരിട്ട് ബദ്‌രീങ്ങളോട് വിളിച്ചുതേടുന്നത് പോലും നമ്മുടെ നാട്ടില്‍ സാധാരണയാണ്.

ബദ്ര്‍ യുദ്ധം കഴിഞ്ഞിട്ട് പ്രവാചകനും സ്വഹാബികളും എത്രമാത്രം പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമാണ് അഭിമുഖീകരിച്ചത്! ഏതെങ്കിലും സന്ദര്‍ഭത്തില്‍ അവര്‍ അല്ലാഹുവിനെയല്ലാതെ വിളിച്ച് പ്രാര്‍ഥിച്ചുവോ? അവരുടെ ബറകത്തിനാല്‍ രക്ഷതരണേ എന്ന് പ്രാര്‍ഥിച്ചുവോ? ഒരിക്കലുമില്ല, പ്രവാചകന്നും സ്വഹാബികള്‍ക്കും രോഗം വന്നില്ലേ? ആ സന്ദര്‍ഭത്തില്‍ അവര്‍ ബദ്‌രീങ്ങളോട് വിളിച്ച് പ്രാര്‍ഥിച്ചുവോ? ഒരിക്കലുമില്ല! മാത്രമല്ല, ബദ്‌രീങ്ങളില്‍ പെട്ട ഒരുപാട് സ്വഹാബികള്‍ വസൂരിയും കോളറയും പിടിപെട്ടാണ് മരിച്ചതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു! സ്വശരീരത്തിന് വരുന്ന രോഗങ്ങള്‍ തടുക്കുവാന്‍ ബദ്‌രീങ്ങള്‍ക്ക് അവരുടെ ജീവിതകാലത്ത് സാധ്യമല്ലായെങ്കില്‍ പിന്നെയെങ്ങിനെ മരണപ്പെട്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം നമുക്ക് വസൂരിയും കോളറയും മറ്റും വരുമ്പോള്‍ അവര്‍ക്ക് തടുക്കുവാന്‍ കഴിയും? ചിന്തിക്കുക.

കടം വീടുവാനും ലാഭമുണ്ടാകുവാനും വേണ്ടി കടകളിലും വീടുകളിലും ബദ്‌രീങ്ങളുടെ പേരുകള്‍ തകിടിലും മറ്റും എഴുതി തൂക്കിയിടുന്ന അന്ധവിശ്വാസം ചിലര്‍ക്കിടയില്‍ കാണാവുന്നതാണ്. ബദ്‌രീങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ യുടെ അവസ്ഥ നാം ശരിക്കും പഠിച്ചറിയുക. തിരുമേനി മരിച്ചപ്പോള്‍ തനിക്കുണ്ടായിരുന്ന ഒരു പടയങ്കി കുറച്ച് ഗോതമ്പിന് വേണ്ടി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നുവെന്ന സംഭവം അറിയുന്നവര്‍ക്ക് എങ്ങനെ ഈ കാര്യം ചെയ്യാന്‍ സാധിക്കും? തിരുമേനി ﷺ  മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് വീട്ടില്‍ വിളക്ക് കത്തിക്കുവാന്‍ എണ്ണയില്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ നിന്ന് കടം വാങ്ങിയിട്ടാണ് വിളക്ക് കത്തിച്ചതെന്ന് നമ്മുടെയെല്ലാം ഉമ്മയായ പ്രവാചക പത്‌നി ആഇശ(റ) പറയുന്നതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. അതുപോലെ പാകം ചെയ്യുവാന്‍ ഒന്നുമില്ലാഞ്ഞിട്ട് ഒന്നോ രണ്ടോ മാസം വരെ തിരുമേനി ﷺ യുടെ വീട്ടിലെ അടുപ്പില്‍ നിന്ന് പുകയുയര്‍ന്നിരുന്നില്ലെന്ന് പ്രവാചക പത്‌നിമാര്‍ പറഞ്ഞത് ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. പിന്നെയെങ്കിനെ നാം നമ്മുടെ കടം വീടുവാനായി ബദ്‌രീങ്ങളുടെ പേരുകള്‍ എഴുതി കെട്ടിത്തൂക്കിയിടും? അതുകൊണ്ട് എന്തു ഫലം?

അപ്പോള്‍ ഇസ്‌ലാം ദീനിനെ സ്‌നേഹിക്കുന്ന, നബി ﷺ യുടെയും സ്വഹാബത്തിന്റെയും പാത പിന്‍പറ്റുന്ന ആളുകള്‍ക്ക് ഒരിക്കലും ഈ ബദ്ര്‍ മാലപാരായണം ചെയ്യാന്‍ കഴിയില്ല. ബദ്‌രീങ്ങളോട് പ്രാര്‍ഥിക്കുവാനോ ബദ്ര്‍ യുദ്ധം നടന്ന പരിശുദ്ധ റമദാന്‍ മാസത്തില്‍ ബദ്‌രീങ്ങളുടെ ആണ്ട് കഴിക്കുവാനോ നമുക്ക് യാതൊരു തെളിവുമില്ല. തൗഹീദിന്റെ മാര്‍ഗത്തിലാണ് നബിയും സ്വഹാബത്തും മുശ്‌രിക്കുകളോട് പടവെട്ടിയത്. അതുകൊണ്ട് തന്നെ ബദ്‌രീങ്ങളോട് സ്‌നേഹമുള്ളവര്‍ ബദ്ര്‍ മൗലൂദ് കഴിക്കുകയല്ല വേണ്ടത്, മറിച്ച് അവര്‍ ഏതൊരു ആദര്‍ശമാണോ സ്വീകരിച്ചത് ആ ആദര്‍ശം സ്വീകരിക്കുകയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വിപത്തുകളും അഭിമുഖീകരിച്ചപ്പോള്‍ ആരോടായിരുന്നോ അവര്‍ പ്രാര്‍ഥിച്ചിരുന്നത് അവനോട് മാത്രം പ്രാര്‍ഥിക്കുകയുമാണ് വേണ്ടത്. എങ്കിലേ  ബദ്‌രീങ്ങള്‍ പോകുന്ന സ്വര്‍ഗത്തില്‍ നമുക്കും പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ.