സാക്ഷ്യവാക്യങ്ങളുടെ അര്‍ഥവ്യാപ്തി

ശമീര്‍ മദീനി

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

ഇസ്‌ലാമെന്ന മഹത്തായ കെട്ടിടം അഞ്ച് സ്തംഭങ്ങളിലായിട്ടാണ് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് 'അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ ദൂതനാണ്' എന്നുമുള്ള സാക്ഷ്യവചനം അഥവാ 'ശഹാദത്ത് കലിമ'യാകുന്നു. 'ലാ ഇലാഹ ഇല്ലല്ലാഹു, മുഹമ്മദുര്‍റസൂലുല്ലാഹി' എന്ന ഈ സാക്ഷ്യവചനം അര്‍ഥം മനസ്സിലാക്കി മനസ്സിലുറപ്പിച്ച് സത്യസന്ധമായി പ്രഖ്യാപിക്കുന്ന ഒരു വ്യക്തിക്ക് അഞ്ച് നേരത്തെ നമസ്‌കാരം നിര്‍ബന്ധമാണ്. അതാണ് പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേത്. മൂന്നാമത്തേത് നിശ്ചിത സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് നിര്‍ബന്ധ ദാനം അഥവാ സകാത്തും നാലാമത്തേത് റമദാന്‍ മാസത്തിലെ നിര്‍ബന്ധ വ്രതവും അഞ്ചാമത്തേത് കഴിവുള്ളവര്‍ക്കുള്ള നിര്‍ബന്ധ ഹജ്ജുമാണ്. ഇവ വഴിയെ വിവരിക്കാം.

പ്രത്യക്ഷമായ ഇത്തരം ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിന് മുമ്പായി ഇസ്‌ലാം പഠിപ്പിക്കുന്ന നിര്‍ബന്ധ കാര്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും മറ്റാരെയും ആരാധിക്കാതിരിക്കുകയും ചെയ്യുക എന്ന അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കല്‍ അഥവാ തൗഹീദ് ആകുന്നു. അല്ലാഹു അയച്ച സര്‍വ ദൂതന്‍മാരും കാല, ദേശ വ്യത്യാസമില്ലാതെ അവരുടെ ജനതയെ പ്രഥമവും പ്രധാനവുമായി ക്ഷണിച്ചത് ഈ ഏകദെവാരാധനയിലേക്കായിരുന്നു.അല്ലാഹു പറയുന്നു:  

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)...'' (16:36)

''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (21:25).

ശഹാദത്ത് കലിമ: അര്‍ഥവും താല്‍പര്യവും

ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോള്‍ മനസ്സും ശരീരവും ശുദ്ധമാക്കി ഏറ്റു പറയേണ്ട സാക്ഷ്യവചനമാണ് ശഹാദത്ത് കലിമ. 'അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു, വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹി' എന്ന സാക്ഷ്യവചനത്തിന്റെ അര്‍ഥം ഇപ്രകാരമാണ്: ''അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമമദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.''

ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ പ്രഥമ സ്ഥാനം ഈ സാക്ഷ്യ പ്രഖ്യാപനത്തിനാണ്. കാരണം ഇത് അംഗീകരിക്കാത്ത ഒരാള്‍ക്ക് മുസ്‌ലിമാവാന്‍ സാധ്യമല്ല. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുവാനും സ്വര്‍ഗം നേടുവാനും ഈ വിശ്വാസ പ്രഖ്യാപനം അനിവാര്യമാണ്.

അല്ലാവുവല്ലാതെ ആരാധനക്കര്‍ഹനല്ലാതെ മറ്റാരുമില്ലെന്ന് നിഷ്‌കളങ്കവും സത്യസന്ധവുമായി ആര്‍ സാക്ഷ്യം വഹിച്ചുവോ അയാള്‍ക്ക് നബി ﷺ യുടെ ശുപാര്‍ശ ലഭിക്കുമെന്ന് നബി ﷺ  അറിയിച്ചിട്ടുണ്ട്. (ബുഖാരി).

ആരുടെയെങ്കിലും അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് (ആരാധനക്കര്‍ഹ്നായി അല്ലാഹുവല്ലാതെ മറ്റാരുമില്ല) എന്നതായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് നബി ﷺ  അറിയിച്ചിട്ടുണ്ട്. (അബൂദാവൂദ്).

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാറ്റിന്റെയും ആരാധ്യതയും ദിവ്യത്വവും നിഷേധിക്കുകയാണ് ഈ വചനത്തിന്റെ ആദ്യ ഭാഗം (ലാ ഇലാഹു) ചെയ്യുന്നത്. എന്നിട്ട് ആരാധനയുടെ സകല അംശങ്ങളും അല്ലാഹുവിന് മാ്രതമായി പരിമിതപ്പെടുത്തുകയാണ് രണ്ടാം ഭാഗത്തിലൂടെ (ഇല്ലല്ലാഹു) ചെയ്യുന്നത്.

ആരാധനകളര്‍പ്പിക്കപ്പെടുന്ന ഏതിനും അറബി ഭാഷയില്‍ പറയുന്ന ഒരു പൊതു നാമമാണ് 'ഇലാഹ്' എന്നത്. കല്ലിനും മരത്തിനും ശവകുടീരത്തിനും തുടങ്ങി മനുഷ്യനെയോ മറ്റേത് സൃഷ്ടികളെയോ ആരാധിച്ചാലും ആ ആരാധനകളര്‍പ്പിക്കുന്ന വ്യക്തിയുടെ ഇലാഹുകളാണവ. ഇത്തരത്തിലുള്ള വ്യാജമായ സര്‍വ ആരാധനകളെയും നിരാകരിച്ചുകൊണ്ട് ന്യായമായ ആരാധന അല്ലാഹുവിന് മാത്രമേ അവകാശമുള്ളൂ എന്ന പ്രഖ്യാപനമാണ് ഈ മഹത്തായ വചനം ഉള്‍ക്കൊള്ളുന്നത്.

കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ (അഭൗതികമായ) യാതൊരു സഹായതേട്ടവും അല്ലാഹുവല്ലാത്തവരോട് പാടില്ല. ആരാധനയുടെ പരിധിയില്‍ വരുന്ന അത്തരത്തിലുള്ള സ്‌നേഹവും ഭയപ്പാടും ്രപതീക്ഷയും തുടങ്ങി എന്തും അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കല്‍ ഏകൈദവ വിശ്വാസത്തിന് (തൗഹീദിന്) കടകവിരുദ്ധവും ശിര്‍ക്ക് അഥവാ ബഹുദൈവത്വവുമാകുന്നു. ആരാധനയുടെ സകല അംശവും ഏകനായ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കണമെന്നതാണ് തൗഹീദിന്റെ അടിസ്ഥാനം. അല്ലാഹു പറയുന്നു:

''കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം'' (98:5).

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു...'' (17:23).

സത്യവിശ്വാസത്തിന്റെ അടിത്തറയില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു നല്ല ജീവിതവും വമ്പിച്ച പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു:

''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും'' (16:97).

'മുഹമ്മദുര്‍റസൂലുല്ലാഹി' എന്നതാണ് സാക്ഷ്യവചനത്തിന്റെ രണ്ടാം ഭാഗം. മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ ദൂതനാണെന്നുള്ള പ്രഖ്യാപനമാണിത്.

ആരാണ് മുഹമ്മദ് നബി ﷺ ?

മുഹമ്മദ് നബി ﷺ  ക്രിസ്താബ്ദം 570ല്‍ മക്കയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പുതന്നെ പിതാവ് അബ്ദുല്ല മരണപ്പെട്ടിരുന്നു. ശൈശവത്തില്‍ മാതാവ് ആമിനയും മരണപ്പെട്ടു. പിന്നീട് പിതാമഹന്‍ അബ്ദല്‍ മുത്ത്വലിബിന്റെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. പിതാമഹന്റെ മരണശേഷം പിതൃസഹോദരന്‍ അബൂത്വാലിബാണ് അദ്ദേഹത്തെ സംരക്ഷിച്ചത്.  

അങ്ങനെ ക്വുറൈശി ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ പുത്രനായി ജനിച്ച മുഹമ്മദ് തന്റെ നാല്‍പതാമത്തെ വയസ്സില്‍ ദൈവദൂതനായി നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളിലും പെരുമാറ്റങ്ങളിലുമെല്ലാം ആകൃഷ്ടരായ ജനങ്ങളെല്ലാം അദ്ദേഹത്തെ അങ്ങേയറ്റം ഇഷ്‌പ്പെടുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. 'അസ്സ്വാദിക്വുല്‍ അമീന്‍' (സത്യസന്ധനായ വിശ്വസ്തന്‍) എന്നാണ് അവര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്.

മുഹമ്മദ് ﷺ  തന്റെ നാല്‍പതാം വയസ്സില്‍ മക്കയിലെ 'ജബലുന്നൂര്‍' എന്ന കുന്നില്‍ കയറി അവിടെയുള്ള 'ഹിറാഅ്' എന്ന ഗുഹയില്‍ തനിച്ചിരിക്കുക പതിവായിരുന്നു. മുന്‍ പ്രവാചകനായ ഇബ്‌റാഹീം(അ)യുടെ മതാചാരപ്രകാരമുള്ള ഏകദൈവാരാധനയുമായി അഥവാ അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ടിരിക്കലായിരുന്നു പ്രധാനമായും അദ്ദേഹം ചെയ്തിരുന്നത്.

അങ്ങനെയിരിക്കവെ ഒരുനാള്‍ ജിബ്‌രീല്‍ എന്ന മലക്ക് അല്ലാഹുവിന്റെ സന്ദേശവുമായി ഹിറാഗുഹയില്‍ മുഹമ്മദി ﷺ ന്റെ അടുക്കലെത്തി. ആദ്യത്തെ ദിവ്യസൂക്തങ്ങള്‍ ഓതിക്കൊടുത്തു:

''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (96:1-5).

അതിന്റെ തുടര്‍ച്ചയായി പ്രവാചകന്റെ മരണം വരെയുള്ള 23 വര്‍ഷ കാലത്തെ വിത്യസ്ത സന്ദര്‍ഭങ്ങളില്‍ അല്ലാഹു അവതരിപ്പിച്ച വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍.

വൈരുധ്യമുക്തമായ, ദൈവികമെന്ന് സ്വയം പ്രഖ്യാപിക്കുന്ന അവസാനത്തെ വേദഗ്രന്ഥമാണ് ക്വുര്‍ആന്‍. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍ തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (41:41,42).

ഏതെങ്കിലും പ്രത്യേക വംശത്തിലേക്കോ പ്രദേശത്തിലേക്കോ മാത്രമുള്ള ദൂതനല്ല അദ്ദേഹം. മറിച്ച് ലോകാവസാനം വരെയുള്ള സര്‍വ മനുഷ്യരിലേക്കുമുള്ള ദൂതനാണ്.

''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം'' (7:158).

പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി ﷺ . ഇനി ഒരു പ്രവാചകന്‍ വരാനില്ല. അല്ലാഹു പറയുന്നു:

''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (33:40).

നബി ﷺ  63ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ശാസ്ത്രീയവും കൃത്യവുമായ ക്രോഡീകരണവും പഠനവുമാണ് പ്രവാചകാധ്യാപനങ്ങളുടെ കാര്യത്തില്‍ ഇന്ന് ലോകത്തുള്ളത്. ഹദീഥ് വിജ്ഞാനത്തിന്റെ വിവിധങ്ങളായ ശാഖകള്‍ വിജ്ഞാനകുതുകികളെ വിസ്മയിപ്പിക്കാാതിരിക്കില്ല. അദ്ദേഹത്തിന്റെ ദൗത്യം ലോകാവസാനംവരെയുള്ള സര്‍വരിലേക്കും നീണ്ടുകിടക്കുന്നതിനാല്‍ അല്ലാഹു അതിനെ പ്രതേ്യകം സംരക്ഷിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്.

''തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്'' (15:9).

ഇനി ഉണ്ടായേക്കാവുന്ന അഭിപ്രായ ഭിന്നതകള്‍ക്കുള്ള പരിഹാരം അതില്‍ കണ്ടെത്തുവാനാണ് അല്ലാഹുവിന്റെ നിര്‍ദേശം:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59).