മാതാപിതാക്കളുടെ അവകാശങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

ഇസ്‌ലാം കുടുംബബന്ധത്തിന് വളരെ വലിയ പ്രാധാന്യം നല്‍കുന്ന മതമാണ്. അതിന്റെ കെട്ടുറപ്പിനു വേണ്ട എല്ലാ നിര്‍ദേശങ്ങളും കല്‍പനകളും ഇസ്‌ലാം നല്‍കുന്നുണ്ട്.

മാതാപിതാക്കളാണ് കുടുംബത്തിന്റെ നെടുംതൂണുകള്‍. അവര്‍ കുടുംബത്തിന്റെ ബാധ്യതകള്‍ വഹിക്കുകയും സന്താനങ്ങളുടെ എല്ലാവിധ അഭിവൃദ്ധിക്കുമായി ഒട്ടേറെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അഭിമുഖീകരിക്കുകയും സഹിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടല്ലാം തന്നെ ഇസ്‌ലാം അവര്‍ക്ക് ഉന്നതമായ സ്ഥാനമാണ് നല്‍കുന്നത്. സന്താനങ്ങളോട് ഒരുപാട് അവകാശങ്ങള്‍ അവര്‍ക്ക് നല്‍കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. പുണ്യം, വിനയം, പരിഗണന, കാരുണ്യം, സല്‍സ്വഭാവം, മര്യാദയോടെ പെരുമാറല്‍, ആദരവ് പോലെയുള്ള കാര്യങ്ങള്‍ ഇസ്‌ലാം മക്കളോട് മാതാപിതാക്കള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നു.

മാതാപിതാക്കളോട് നന്മ ചെയ്യുന്നതിനെ അല്ലാഹുവിനെ ആരാധിക്കണമെന്ന് കല്‍പിക്കുകയും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കെരുതെന്ന് പറയുകയും ചെയ്യുന്ന കാര്യത്തോട് ചേര്‍ത്തുകൊണ്ട്‌വിശുദ്ധക്വുര്‍ആനില്‍ പറഞ്ഞതായി കാണാം. അല്ലാഹു പറയുന്നു:

''അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം എന്ന് നാം ഇസ്‌റാഈല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)'' (ക്വുര്‍ആന്‍ 2:83).

''നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 4:36).

''(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം.'' (ക്വുര്‍ആന്‍ 6:151).

''എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ.'' (ക്വുര്‍ആന്‍ 31:14).

ബഹുദൈവാരാധകരായ മാതാപിതാക്കളോടു പോലും നന്മയില്‍ വര്‍ത്തിക്കണമെന്ന് ഇസ്‌ലാം മുസ്‌ലിംകളെ ഉപദേശിക്കുന്നു. എന്നാല്‍ അല്ലാഹുവിനെ ധിക്കരിക്കുവാനും അവനില്‍ പങ്കുചേര്‍ക്കുവാനും അവര്‍ കല്‍പിക്കുകയാണെങ്കില്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കുവാന്‍ പാടില്ല.

''തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരിമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 29:8).

''മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു.-ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭംചുമന്നു നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷംകൊണ്ടുമാണ്-എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം. നിനക്ക് യാതൊരറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെമേല്‍ നിര്‍ബന്ധം ചെലുത്തുന്നപക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് അവരോട് നീ നല്ലനിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം''(ക്വുര്‍ആന്‍ 31:14-15).

വാര്‍ധക്യത്തില്‍ അവരോട് പ്രത്യേകം നന്മ ചെയ്യുവാന്‍ കല്‍പിക്കുന്നു. അല്ലാഹു പറയുന്നു:

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:23-24).

മാതാപിതാക്കളെ ധിക്കരിക്കുന്നത് പ്രവാചകന്‍ ﷺ  നിരോധിച്ചിരിക്കുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് കഴിഞ്ഞാലുള്ള വന്‍പാപങ്ങളില്‍ ഏറ്റവും വലിയ വന്‍പാപമായി അതിനെ എണ്ണുകയും ചെയ്തിരിക്കുന്നു.

അബൂബക്കര്‍(റ)വില്‍നിന്ന് നിവേദനം; പ്രവാചകന്‍ ﷺ  പറഞ്ഞു: 'വന്‍പാപങ്ങളില്‍ ഏറ്റവും വലിയ വന്‍പാപങ്ങളെ സംബന്ധിച്ച് നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?' ഞങ്ങള്‍ പറഞ്ഞു: 'അതെ, റസൂലേ.' തിരുമേനി ﷺ  പറഞ്ഞു: 'അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, മാതാപിതാക്കളെ ധിക്കരിക്കുക.' (തിരുമേനി ചാരിയിരിക്കുന്നതില്‍നിന്നും നേരെയിരുന്നു, എന്നിട്ട് പറഞ്ഞു:) 'അറിയുക; കളവുപറയുക, കള്ളസാക്ഷ്യം ചെയ്യുക; അറിയുക കളവുപറയുക, കള്ളസാക്ഷ്യം ചെയ്യുക, അദ്ദേഹം നിശ്ശബ്ദനായിരിക്കുന്നില്ലായെന്ന് ഞാന്‍ പറയുന്നതുവരെ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.''

മുഗീറതുബ്‌നു ശുഅ്ബ(റ)യില്‍നിന്ന്: പ്രവാചകന്‍ ﷺ  പറഞ്ഞു: 'തീര്‍ച്ചയായും മാതാപിതാക്കളെ ധിക്കരിക്കുന്നതും ഉപകാരം തടയുന്നതും അവകാശമില്ലാത്തത് ചോദിച്ചുവാങ്ങുന്നതും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതും അല്ലാഹു നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞുവെന്ന് പറയുന്നതും, ആവശ്യമില്ലാതെയുള്ള ചോദ്യങ്ങളും, സമ്പത്ത് ദുര്‍വിനിയോഗം ചെയ്യുന്നതും നിങ്ങള്‍ക്കവന്‍ വെറുക്കപ്പെട്ടതാക്കിയിരിക്കുന്നു.''

നന്മയില്‍ സഹവര്‍ത്തിക്കുവാന്‍ കൂടുതല്‍ അര്‍ഹരായവര്‍ മാതാവും പിന്നീട് പിതാവുമാണെന്ന് പ്രവാചകന്‍ ﷺ  വിശദീകരിച്ചിരിക്കുന്നു. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം:

''നബി ﷺ യുടെ അടുത്തേക്ക് ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: 'തിരുദൂതരേ; എന്റെ നല്ല സഹവര്‍ത്തിത്വത്തിന് കൂടുതല്‍ അര്‍ഹരാരാണ്?' തിരുമേനി ﷺ  പറഞ്ഞു: 'നിന്റെ മാതാവ്.' ഞാന്‍ ചോദിച്ചു: 'പിന്നെ ആരാണ്?' തിരുമേനി ﷺ  പറഞ്ഞു: 'പിന്നെ നിന്റെ മാതാവ്.' ഞാന്‍ ചോദിച്ചു: 'പിന്നെ ആരാണ്?' തിരുമേനി പറഞ്ഞു: 'പിന്നെ നിന്റെ മാതാവ്.' ഞാന്‍ ചോദിച്ചു: 'പിന്നെ ആരാണ്?' തിരുമേനി ﷺ  പറഞ്ഞു: 'പിന്നെ നിന്റെ പിതാവ്.''

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതിനെ ഇസ്‌ലാം ജിഹാദിനെക്കാള്‍ മുന്തിപ്പിച്ചിരിക്കുന്നു; ജിഹാദ് ഓരോ വ്യക്തിയുടെയും ബാധ്യതയാകാത്ത സന്ദര്‍ഭത്തില്‍.

അബ്ദുല്ലാഹിബ്‌നു അംറ്ബ്‌നുആസ്വി(റ)ല്‍നിന്ന്; അദ്ദേഹം പറഞ്ഞു: ''നബി ﷺ യുടെ അടുത്തേക്ക് ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: 'ഹിജ്‌റ പോകുവാനും ജിഹാദ് ചെയ്യുവാനും ഞാന്‍ താങ്കള്‍ക്ക് ബൈഅത്ത് ചെയ്യുന്നു. അതുകൊണ്ട് ഞാനാഗ്രഹിക്കുന്നത് അല്ലാഹുവിന്റെ പ്രതിഫലമാണ്.' തിരുമേനി ﷺ  ചോദിച്ചു: 'താങ്കളുടെ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതെ, രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്.' തിരുമേനി ﷺ  ചോദിച്ചു: 'നീ അല്ലാഹുവില്‍നിന്ന് പ്രതിഫലം ആഗ്രഹിക്കുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'അതെ.' തിരുമേനി ﷺ  പറഞ്ഞു: 'നിന്റെ മാതാപിതാക്കളിലേക്ക് നീ മടങ്ങിപ്പോവുക, അവരോടുള്ള സഹവര്‍ത്തിത്വം നന്നാക്കുകയും ചെയ്യുക.''

മറ്റൊരാളുടെ പിതാവിനെ ചീത്തപറയുന്നത് പ്രവാചകന്‍ ﷺ  വിലക്കിയിട്ടുണ്ട്:

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന്; പ്രവാചകന്‍ ﷺ  പറഞ്ഞു: 'തീര്‍ച്ചയായും വന്‍പാപങ്ങളില്‍ ഏറ്റവും വലിയ പാപങ്ങളില്‍ പെട്ടതാണ് ഒരാള്‍ തന്റെ മാതാപിതാക്കളെ ചീത്തപറയുകയെന്നത്.' ചോദിക്കപ്പെട്ടു: 'അല്ലയോ റസൂലേ; എങ്ങനെയാണ് ഒരാള്‍ തന്റെ മാതാപിതാക്കളെ ചീത്തപറയുക?' തിരുമേനി പറഞ്ഞു: 'ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്തപറയുന്നു. അപ്പോള്‍ അവന്‍ ഇവന്റെ പിതാവിനെയും ചീത്ത പറയുന്നു. അവന്റെ ഉമ്മയെ ചീത്തപറയുന്നു. ഇവന്‍ അവന്റെ ഉമ്മയെയും ചീത്തപറയുന്നു.''

മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന കല്‍പന ഇസ്‌ലാമിന്റെ നന്മയില്‍ പെട്ടതാണ്. താഴെ വിവരിക്കുന്നത് ശ്രദ്ധിക്കുക:

1. സന്താനങ്ങള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യത കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത് തങ്ങളുടെ മാതാപിതാക്കളോടാണ്. അവരോട് നന്മ ചെയ്യുകയെന്നത് സന്താനങ്ങളുടെ പിരടിയില്‍ ബന്ധിപ്പിച്ചിട്ടുള്ള ഒരു കടമയാണ്. കാരണം അവര്‍ മുമ്പേ ഒരുപാട് ചെയ്തുതീര്‍ത്തിട്ടുണ്ട്. മാതാവ് അവനെ പത്തുമാസം തന്റെ വയറ്റില്‍ വഹിച്ച് കൊണ്ടുനടന്നു. തന്റെ മുലപ്പാല്‍ അവനെ കുടിപ്പിച്ചു. തന്റെ നെഞ്ചിലവനെ വഹിച്ചുകൊണ്ട് നടന്നു. പിതാവാണെങ്കില്‍ അവനോട് അനുകമ്പകാണിക്കുകയും ചെലവഴിച്ചത് എടുത്തുപറയാതെ സമ്പത്ത് ചെലവഴിക്കുകയും അവനെ പരിചരിക്കുകയും എല്ലാ നന്മയും അവനുവേണ്ടി ഇഷ്ടപ്പെടുകയും ചെയ്തു.

മാതാപിതാക്കളോടുള്ള സന്താനങ്ങളുടെ നന്മ ചെയ്യല്‍ അവര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത നന്മയുടെ കടം തീര്‍ക്കലാകുന്നു എന്ന് നാം തിരിച്ചറിയുക.

2. മാതാപിതാക്കളോട് നന്മ ചെയ്യുകയെന്നത് അവര്‍ തങ്ങളെ പരിചരിച്ചതിനും നന്മയില്‍ വളര്‍ത്തിയതിനും പകരം നന്ദി ചെയ്യലാകുന്നു. അല്ലാഹുവും പിന്നെ മാതാപിതാക്കളുടെ പരിചരണവും ഇല്ലായിരുന്നുവെങ്കില്‍ സന്താനങ്ങളുടെ അവസ്ഥയും പ്രശ്‌നങ്ങളും വേറെ ഒരു രൂപത്തിലാകുമായിരുന്നു. സന്താനങ്ങള്‍ക്ക് അവരുടെ പരിചരണം അത്യാവശ്യമായ സന്ദര്‍ഭത്തില്‍ അവര്‍ രണ്ടുപേരും സന്താനങ്ങളെ പരിഗണിച്ചു. അവര്‍ക്ക് സന്താനങ്ങളുടെ സഹായം ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടുപോലും ചെറുതും വലുതും കുറച്ചും കൂടുതലുമെന്ന് വ്യത്യാസമില്ലാതെ യാതൊന്നിലും പിശുക്ക് കാണിച്ചില്ല. അനുഗ്രഹം നല്‍കിയവനോട് നന്ദികാണിക്കുന്നതും നന്മചെയ്യുന്നവന് അവന്റെ നന്മക്ക് പകരം നന്ദിയര്‍പ്പിക്കുന്നതും സല്‍സ്വഭാത്തില്‍ പെട്ടതാണ്. ഇസ്‌ലാം അവകാശങ്ങളുടെ മേഖലയെ പരിഗണിക്കുകയും സല്‍സ്വഭാവത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ഇസ്‌ലാമിന്റെ ഉന്നതമായ നന്മയില്‍ പെട്ടതു തന്നെയാണ് അവര്‍ ചെയ്ത സേവനങ്ങള്‍ക്കും ചെലവഴിച്ച സമയങ്ങള്‍ക്കും നന്ദിയെന്ന രൂപത്തില്‍ മാതാപിതാക്കളോട് നന്മ ചെയ്യുവാന്‍ കല്‍പിക്കുന്നൂവെന്നത്.

3. മാതാപിതാക്കള്‍ വാര്‍ധക്യത്തിലായിരിക്കുമ്പോള്‍ അവരെ പ്രത്യേകം പരിഗണിക്കുകയും അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്യണമെന്ന് ഇസ്‌ലാം ഒന്നുകൂടി വ്യക്തമാക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. സന്താനങ്ങള്‍ക്ക് ചെറുപ്പകാലത്ത് പരിചരണവും പരിഗണനയും ആവശ്യമായതുപോലെത്തന്നെ മാതാപിതാക്കള്‍ക്ക് കൂടുതല്‍ പരിചരണവും പരിഗണനയും ആവശ്യമായിവരുന്ന സമയമാണ് വാര്‍ധക്യം. ഇവിടെയാണ് അവരുടെ അവകാശം ബോധ്യമാവുന്നത്. സന്താനങ്ങള്‍ക്ക് അവരുടെ ബാധ്യതയും അവരുടെ പിരടിയിലുള്ള കടംവീട്ടലും നിര്‍ബന്ധമായിത്തീരുകയാണ്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ അനുഗ്രഹത്തെ നിഷേധിക്കുന്നവനോ, സ്വയം നിന്ദ്യതയിലേക്ക് ആപതിക്കുന്നവനോ അല്ലാതെ സാധിക്കുകയില്ല. അല്ലാഹു പറയുന്നു:

''അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുക'' (ക്വുര്‍ആന്‍ 17:23).

5. മാതാപിതാക്കളുടെ ജീവിതകാലത്ത് മാത്രമല്ല, മക്കളോട് അവര്‍ക്കു വേണ്ടി നന്മ ചെയ്യുവാന്‍ കല്‍പിക്കുന്നത്; മറിച്ച് മരണത്തിന് ശേഷവും അത് നീണ്ടുകിടക്കുന്നു. പ്രവാചകന്റെ അടുത്തുവന്ന് ഒരാള്‍ പറഞ്ഞു: 'അല്ലയോ തിരുദൂതരേ; മാതാപിതാക്കളുടെ മരണത്തിന് ശേഷം ഞാന്‍ അവര്‍ക്ക് ചെയ്യേണ്ട വല്ല പുണ്യവും അവശേഷിക്കുന്നുണ്ടോ?' തിരുമേനി ﷺ  പറഞ്ഞു: 'അതെ, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക, അവരുടെ കരാറുകള്‍ പൂര്‍ത്തീകരിക്കുക, അവര്‍ രണ്ടുപേരിലൂടെയുമല്ലാതെ സാധ്യമാവാതിരുന്ന കുടുംബ ബന്ധം ചേര്‍ക്കുക.'

മാതാപിതാക്കള്‍ ചെറുപ്പത്തില്‍ സന്താനങ്ങളെ പഠിപ്പിക്കുകയും പരിചരിക്കുകയും വളര്‍ത്തുകയും ചെയ്തതിന്റെ സ്വാധീനം സന്താനങ്ങള്‍ വലുപ്പത്തിലും അനുഭവിക്കുന്നു. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ ചെയ്ത കാര്യങ്ങള്‍ വളരെ ഉത്തമമാണ്. കാരണം അല്ലാഹു ഒഴിച്ചാല്‍ സന്താനങ്ങള്‍ നല്ല രീതിയില്‍ വളരുവാന്‍ കാരണം മതാപിതാക്കളാണ്. പ്രവാചകന്‍ ﷺ  പറഞ്ഞു:

''എല്ലാ സന്താനങ്ങളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. പിന്നീട് അവരുടെ മതാപിതാക്കളാണ് അവരെ ജൂതന്മാരും ക്രിസ്ത്യാനികളും മജൂസികളുമാക്കുന്നത്.''

യഥാര്‍ഥ മുസ്‌ലിംകളായ മാതാപിതാക്കളാല്‍ വളര്‍ത്തപ്പെടുന്നവര്‍ ഒരിക്കലും അവരുടെ ശുദ്ധ പ്രകൃതിയില്‍ നിന്ന് വ്യതിചലിക്കുകയില്ല. അല്ലാഹു കഴിഞ്ഞാല്‍ അവര്‍ മുസ്‌ലിംകളാവാനും ചൊവ്വായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാനും കാരണമായി ഭവിച്ചിട്ടുള്ളത് മാതാപിതാക്കളാകുന്നു. അതുകൊണ്ട് തന്നെ സന്താനങ്ങള്‍ക്ക് അവരോട് അവരുടെ മരണത്തിന് ശേഷവും ബാധ്യതകളുണ്ട്. അതില്‍പെട്ടതാണ് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക, അവരുടെ കരാറുകള്‍ നടപ്പിലാക്കുക, അവരിലൂടെയുള്ള കുടുംബ ബന്ധവും സുഹ്യദ്ബന്ധവും ചേര്‍ക്കുകയും അവരുടെ കൂട്ടുകാരെയും സ്‌നേഹിതന്മാരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത്. ഈ കാര്യങ്ങളൊക്കെ വ്യക്തമാക്കുന്നത് മാതാപിതാക്കള്‍ക്ക് സന്താനങ്ങളില്‍നിന്ന് ലഭിക്കേണ്ട ബാധ്യതകള്‍ നിയമമാക്കിയപ്പോള്‍ അവര്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് അര്‍പ്പിച്ച സേവനങ്ങളുടെ മഹത്ത്വവും ഉന്നതിയും പരിഗണിച്ചുകൊണ്ടാണ് നിയമമാക്കിയിട്ടുള്ളത് എന്നാണ്.

6. സന്താനങ്ങളോട് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന കല്‍പനയിലൂടെ സന്താനങ്ങളെ നല്ല രൂപത്തില്‍ വളര്‍ത്തുവാനും ഉപകാരപ്രദമായ വിജ്ഞാനം നല്‍കുവാനും നേരായ മാര്‍ഗം കാണിച്ച് കൊ ടുക്കുവാനും മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു.

ഏത് മാതാപിതാക്കളാണോ സ്വന്തം സന്താനങ്ങളെ നല്ല രൂപത്തില്‍ വളര്‍ത്തുകയും പരിചരിക്കുകയും ചെയ്തത് അവര്‍ക്കാണ് സന്താനങ്ങളുടെ പരിചരണം ലഭിക്കുക എന്നതാണ് അനുഭവയാഥാര്‍ഥ്യം. ചെറുപ്പത്തില്‍ സന്താനങ്ങളെ നല്ല രൂപത്തില്‍ വളര്‍ത്തുകയും അവരോട് അനുകമ്പയും കരുണയും കാണിക്കുകയും ചെയ്താല്‍ അതേരൂപത്തില്‍ വാര്‍ധക്യത്തില്‍ സന്താനങ്ങള്‍ ആ മാതാപിതാക്കളോട് നന്മ ചെയ്യുകയും അവരോട് അനുകമ്പയും കരുണയും കാണിക്കുകയും ചെയ്യും.

മക്കള്‍ക്ക് അല്ലാഹുവില്‍നിന്ന് വലിയ പ്രതിഫലം ലഭിക്കുന്ന പുണ്യപ്രവര്‍ത്തനമാണ് ഇപ്പറഞ്ഞതെല്ലാം. പ്രവാചകന്‍ ﷺ  പറഞ്ഞു:

''മാതാപിതാക്കളുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം. മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി.''

വീണ്ടും പ്രവാചകന്‍ ﷺ  പറയുന്നു: ''വാര്‍ധക്യം പ്രാപിച്ച മാതാപിതാക്കളില്‍ ഒരാളെയോ, അതല്ലെങ്കില്‍ രണ്ടാളെയോ പരിചരിക്കുവാന്‍ ലഭിച്ചിട്ട്, അവനെ അത് സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചില്ലായെങ്കില്‍ അവന്‍ തീരാനഷ്ടത്തിലാണ്.''