മനുഷ്യനെപ്പറ്റി ക്വുര്‍ആനിലെ ഉപമകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ആഗസ്ത് 29 1442 മുഹര്‍റം 10

(മനുഷ്യന്‍ ക്വുര്‍ആനില്‍ 6)

മനുഷ്യന്റെ വിശ്വാസം, സ്വഭാവം, പെരുമാറ്റം, കര്‍മങ്ങള്‍തുടങ്ങി പലതിന്റെയും അടിസ്ഥാനത്തില്‍ അവനെ പലതിനോടും അല്ലാഹു ഉപമിച്ചതായി ക്വുര്‍ആനില്‍ കാണാം. ഏതാനും ഉദാഹരണങ്ങള്‍ മനസ്സിലാക്കാം:

1. ഇരുട്ടില്‍ തപ്പിത്തടയുന്നവന്‍

''അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു'' (ക്വുര്‍ആന്‍ 2:17).

ദൈവികമായ വെളിച്ചം ലഭിക്കാതെ ജീവിച്ച ഒരാള്‍ ഇസ്‌ലാമിലേക്ക് വരികയും ആ വെളിച്ചത്തില്‍ ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കി സത്യസന്ധനായ മുസ്‌ലിമായി ജീവിക്കുന്നതിന്ന് പകരം വീണ്ടും തിന്മകളുടെ ഇരുട്ടില്‍ പെട്ട് വഴിതെറ്റിപ്പോവുകയും ചെയ്ത ഒരാളുടെ ഉപമയാണിത്. വിശ്വാസിയായതിന്നു ശേഷം കപടവിശ്വാസിയായി മാറിയ ഒരാളെയാണ് ഈ ഉപമയില്‍ കാണുന്നത്. ഇങ്ങനെ കാപട്യത്തിലേക്ക് ആപതിച്ചുപോയാല്‍ പിന്നീട് തിരിച്ചുവരാന്‍ കഴിയാത്തവിധം വീണ്ടുവിചാരശേഷി നഷ്ടപ്പെട്ടു കണ്ടും കേട്ടും സത്യത്തിലെത്തിച്ചേരാന്‍ കഴിയാതെ നരകത്തില്‍ പതിച്ചുപോകുമെന്ന് ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. സത്യവിശ്വാസി ജാഗ്രത പാലിക്കണമെന്നു കൂടി ഇത് നമ്മെ പഠിപ്പിക്കുന്നു.

'ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ' എന്ന് നിത്യവും നിര്‍ബന്ധമായി പതിനേഴുവട്ടം പ്രാര്‍ഥിക്കാന്‍ മുസ്‌ലിം കല്‍പിക്കപ്പെട്ടിട്ടുണ്ടല്ലോ.

'ഹൃദയങ്ങളെ മറിച്ചുകൊണ്ടിരിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ' എന്ന് നബി ﷺ എപ്പോഴും പ്രാര്‍ഥിക്കാറുണ്ടായിരുന്നു (തിര്‍മിദി).

2. ഇടിയിലും മഴയിലും പെട്ടവന്‍

''അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്.  ഇടിനാദങ്ങള്‍ നിമിത്തം മരണംഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നുപോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നുപോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്'' (ക്വുര്‍ആന്‍ 2:19-20).

നേരത്തെ കപടവിശ്വാസികളെ ഉപമിച്ചതിന്റെ മറ്റൊരു രൂപമാണ് ഈ വചനത്തിലുള്ളത്. വിശ്വാസമുണ്ടെങ്കിലും അതിന്റെ ദുര്‍ബലതയാല്‍ ഇസ്‌ലാമിക ജീവിതത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതെ സംശയത്തിലും ആശയക്കുഴപ്പത്തിലും പെട്ട് ആടിയുലയുന്ന ആളുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. അവര്‍ക്ക് ക്വുര്‍ആനിന്റെ താക്കീതുകളും കല്‍പനകളും കേള്‍ക്കാന്‍ ഇഷ്ടമില്ല. അവയെ അവഗണിക്കുകയും കേള്‍ക്കാതിരിക്കാന്‍ അവര്‍ കൈവിരലുകള്‍ കാതില്‍ തിരുകിവയ്ക്കുകയും ചെയ്യുന്നു.

3. ജന്തുക്കളോട് ഒച്ചയിടുന്നവര്‍

''സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട്  ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല'' (ക്വുര്‍ആന്‍ 2:171).

ബുദ്ധി നല്‍കി അല്ലാഹു അനുഗ്രഹിച്ച സൃഷ്ടിയാണ് മനുഷ്യന്‍. അതുപയോഗപ്പെടുത്താതെ, ആരൊക്കെയോ ചെയ്യുന്നത് കണ്ട് അന്ധമായി അവരെ പിന്തുടരുന്നവരെ പറ്റിയാണിവിടെ വിവരിക്കുന്നത്. അല്ലാഹു ഇറക്കിത്തന്നത് പിന്തുടര്‍ന്നു ജീവിക്കണമെന്ന് പറയപ്പെടുമ്പോള്‍, അല്ല ഞങ്ങളുടെ പിതാക്കള്‍ ചെയ്തുവന്നതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്ന് പറയുന്ന ഒരു വിഭാഗത്തെപ്പറ്റി വിവരിച്ചതിന്നു ശേഷമാണ് ഈ ഉപമ എന്നത് ശ്രദ്ധേയമാണ്.

4. കതിര്‍ക്കുലകള്‍

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്'' (ക്വുര്‍ആന്‍ 2:261).

ആത്മാര്‍ഥതയുടെ വിലയാണിവിടെ കാണുന്നത്. അല്ലാഹുവിന്റെ പ്രീതിമാത്രം പ്രതീക്ഷിച്ചു ധര്‍മം ചെയ്യുന്നവരോട് അല്ലാഹു കാണിക്കുന്ന കാരുണ്യത്തിന്റെ വൈപുല്യവും ഈ ഉപമയില്‍ കാണാം. ഒരു ധാന്യമണി മുളച്ചുവളര്‍ന്ന് എഴുന്നൂറായി വര്‍ധിക്കുന്നപോലെ ചെറിയ ധര്‍മത്തിന്നുപോലും ഇരട്ടികളായി, ചിലപ്പോള്‍ അതിലധികവും പുണ്യവും പ്രതിഫലവും നല്‍കി അല്ലാഹു സ്വീകരിക്കുമെന്ന പ്രോത്സാഹനം ഈ ഉപമ ഉള്‍ക്കൊള്ളുന്നു. ഏതൊരു കര്‍മത്തിന്റെയും ബാഹ്യഭാവങ്ങളല്ല, മനസ്സിന്റെ ശുദ്ധിയാണ് അല്ലാഹുവിങ്കല്‍ പരിഗണിക്കപ്പെടുക.

അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലേഛ കൂടാതെ, പേരും പ്രശസ്തിയും ആഗ്രഹിച്ച് നല്‍കുന്ന ധര്‍മങ്ങളെ മിനുസമുള്ള പാറകള്‍ക്കുമുകളിലെ മണ്ണിനോട് ക്വുര്‍ആന്‍ ഉപമിച്ചതായി കാണാം:

''സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവുചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്തമഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല'' (2:264).

നല്ലൊരു മഴ പെയ്താല്‍ ആ മണ്ണ് ഒലിച്ചുപോയി മൊട്ടപ്പാറയായി മാറുന്നു. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുള്ള ദാനധര്‍മങ്ങളെ കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കുന്ന ഉയര്‍ന്ന പ്രദേശത്തെ ഒരു തോട്ടത്തിനോടാണ് ക്വുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്.

''അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു'' (2:265).

ആ തോട്ടത്തില്‍ നല്ലൊരു മഴ കിട്ടിയാല്‍ ഇരട്ടി വിളയുണ്ടാകും, ഒരു ചാറ്റല്‍മഴ ലഭിച്ചാലും ആ തോട്ടത്തിന്ന് മെച്ചപ്പെട്ട ഉല്‍പാദനക്ഷമതയുണ്ടാവും. പ്രകടനപരതയും എടുത്തുപറയലും എത്രവലിയ ദാനങ്ങളുടെയും ഫലം, തീക്കാറ്റടിച്ച് നശിച്ച തോട്ടത്തെപ്പോലെ നിഷ്ഫലമാക്കുമെന്നും ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

5. ശ്വാസതടസ്സം  നേരിടുന്നവന്‍

''ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെമേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു'' (6:125).

സന്മാര്‍ഗം ലഭിക്കാത്ത മനുഷ്യന്റെ മാനസികാവസ്ഥയാണിവിടെ ഉദാഹരണസഹിതം അല്ലാഹു വിവരിക്കുന്നത്. കുത്തനെ മുകളിലേക്ക് കയറിപ്പോകുന്ന ഒരാള്‍ക്ക് ഉയരം ചെല്ലുന്തോറും ഞെരുക്കം കൂടിക്കൂടിവരുന്നു. ശ്വാസോച്ഛ്വാസത്തിന്ന് ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുന്നു. ഇതു പോലെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലതും ചെയ്യുക എന്നത് ചിലയാളുകള്‍ക്ക് അസഹനീയമാണ്. കൃത്യമായി സകാത്ത് കൊടുക്കുക ചിലര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ അനാവശ്യങ്ങള്‍ക്കുവേണ്ടി എത്ര െചലവാക്കാനും അവര്‍ക്ക് മടിയില്ല. അഞ്ചുനേരം ഭക്തിപൂര്‍വം നമസ്‌കരിക്കുക എന്നത് പലര്‍ക്കും ഭാരമാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല, സമയമില്ല, ശ്രദ്ധകിട്ടുന്നില്ല എന്നിങ്ങനെ ഒഴിവുകഴിവു പറയുന്നവര്‍ ഉറക്കൊഴിച്ച് എത്ര നേരമെങ്കിലും സ്‌ക്രീനുകള്‍ക്കു മുമ്പിലിരുന്ന് ശ്രദ്ധാപൂര്‍വം കാഴ്ചകള്‍ കാണാന്‍ മടികാണിക്കാറില്ല. അപ്രകാരം സന്മാര്‍ഗം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അല്ലാഹു വഴിപിഴവിലാക്കുമ്പോള്‍ നല്ലതു കേള്‍ക്കുവാനും ചിന്തിക്കുവാനും ചെയ്യുവാനും മനസ്സുവരാത്തവരായി അവര്‍ മാറും. ഈമാനിന്റെ  മധുരം ആസ്വദിക്കാന്‍ അത്തരം ആളുകള്‍ക്ക് കഴിയുകയില്ല.

6. കിതക്കുന്ന നായ

''നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്  ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെവിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം'' (7:176).

വേദജ്ഞാനം ലഭിച്ച ഒരു മഹാപണ്ഡിതന്‍ ഭൗതിക നേട്ടങ്ങള്‍ക്കു പിന്നാലെ പോയി അധാര്‍മികതയിലേക്കും അവിശ്വാസത്തിലേക്കും വഴുതിവീണ സംഭവത്തെക്കുറിച്ചാണ് ഈ ഉപമയെന്ന് വ്യാഖ്യാതാക്കള്‍ വിവരിച്ചത് കാണാം. ജ്ഞാനവും ബോധവും ലഭിക്കുമ്പോള്‍ ധാര്‍മികതയുടെ ഉന്നതതലങ്ങൡലേക്ക് ഉയരുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഭൗതികതയുടെ നിസ്സാരതാല്‍പര്യത്തിലേക്ക് തിരിഞ്ഞു സ്വയംനശിച്ച വ്യക്തിയെയാണ് നായയോടുപമിച്ചത്. നായയെ ആക്രമിച്ചോടിച്ചാല്‍ അതു നാവു തൂക്കിയിട്ട് കിതക്കുന്നത് കാണാം; അറിവും ബോധവുമില്ലാത്തവര്‍ ഭൗതിക സുഖങ്ങള്‍ക്ക് ഓടിക്കിതക്കുന്നത് പോലെ. എന്നാല്‍ നായയെ ഒന്നും ചെയ്യാതെ, എല്ലാ സുഖസൗകര്യങ്ങളും ഭക്ഷണവും നല്‍കി ഒരിടത്ത് കെട്ടിയിട്ടാലും അത് കിതക്കുന്നത് കാണാം. അത് പോലെയാവരുത് മനുഷ്യന്‍. അറിവും ബോധവുമുള്ളവന്‍ അതിനനുസരിച്ച് ഉയര്‍ന്ന് ധാര്‍മികനിഷ്ഠ പുലര്‍ത്തണം. അറിവും ബോധവും ഇല്ലാത്തവരെപ്പോലെയാവരുത്.

7. കാലികള്‍

''ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളംപേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍'' (7:179).

ഒരു മൃഗം തിന്നാനും കുടിക്കാനും സുരക്ഷയ്ക്കും ലൈംഗികശമനത്തിന്നും അതിന്റെ ഇന്ദ്രിയശക്തി ഉപയോഗിക്കുന്നു. അതിന്നപ്പുറം മറ്റൊരു സംവേദനശേഷി അവ പ്രകടിപ്പിക്കാറില്ല. ചിലയാളുകളും അതുപോലെയാണ്. യഥേഷ്ടം തിന്നാനും ഉല്ലസിക്കാനും ഭോഗിക്കാനും ജീവിതം എങ്ങനെയെങ്കിലും ആസ്വദിക്കാനും ആവശ്യമായ ബുദ്ധിയും തന്റേടവും സംവേദനക്ഷമതയും അവര്‍ പ്രകടിപ്പിക്കുന്നത് കാണാം. എന്നാല്‍ ഇതെല്ലാം അനുഗ്രഹിച്ച് നല്‍കുന്ന സ്രഷ്ടാവിനെപ്പറ്റിയുള്ള ബോധമോ അവന്റെ മാര്‍ഗദര്‍ശനങ്ങളോ അവര്‍ക്കറിയില്ല. മൃഗങ്ങള്‍ മണ്ണായിത്തീരുമ്പോള്‍, മനുഷ്യര്‍ക്ക് സ്വര്‍ഗം, നരകം എന്നീ രണ്ടു പര്യവസാനങ്ങളുണ്ടെന്ന ബോധം അവര്‍ക്കില്ല. അതിനാല്‍ അവര്‍ മൃഗങ്ങളെക്കാള്‍ അധമരാണ്. (തുടരും).