ജനസംഖ്യ, സാമ്രാജ്യത്വം, ഇസ്‌ലാം

ഹിലാല്‍ സലീം സി.പി

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

(ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും, ഭാഗം 3)

'തുടര്‍ച്ചയായ അസത്യപ്രചാരണത്തിലൂടെ ജനങ്ങള്‍ നിങ്ങളെ വിശ്വാസത്തിലെടുക്കും, അതെത്ര ഭീമാബദ്ധമാണെങ്കിലും!' കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സൈക്കോളജിസ്റ്റായ വാന്‍ഡര്‍ ലിന്‍ഡന്റെ വാക്കുകളാണിവ. ജനസംഖ്യാ പെരുപ്പത്തെക്കുറിച്ചുള്ള ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുക വഴി തല്‍പരകക്ഷികള്‍ തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാന്‍ ഉപയോഗിക്കുന്നതും ഇതേ സിദ്ധാന്തത്തെ തന്നെയാണ്.

ജനസംഖ്യ മനുഷ്യരാശിക്ക് ദോഷമോ?

ജനസംഖ്യാ വര്‍ധനവ് മനുഷ്യരാശിയെ തിരിഞ്ഞുകൊത്തും എന്ന പ്രചാരണത്തിന് പിന്നില്‍ പല കാലങ്ങളിലായി വിവിധ സാമൂഹിക മണ്ഡലങ്ങളിലെ അപ്പോസ്തലന്മാര്‍ അണിനിരന്നിട്ടുണ്ട്. ഇത്തരമൊരു വാദം പരമാബദ്ധമാണെന്നാണ് വസ്തുതകള്‍ നമ്മോട് പറയുന്നത്. ദരിദ്രരാഷ്ട്രങ്ങളില്‍ ജനസംഖ്യാ വിരുദ്ധ പ്രചാരണങ്ങള്‍ കേന്ദ്ര സാമ്പത്തിക ആസൂത്രണത്തെയും സമ്പദ്ഘടനയെയും ദോഷമായി ബാധിച്ചെങ്കില്‍ വന്‍തോക്കുകള്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ മനുഷ്യവിഭവ ശേഷിയാണ്. മറുവശത്ത് ഈ പ്രചാരണങ്ങള്‍ വംശീയ ഉന്മൂലനത്തെ വരെ താത്വികമായി വിശദീകരിച്ചെടുക്കാവുന്ന ആയുധമായും ഉപയോഗപ്പെടുന്നു. ജനസംഖ്യാ നിയന്ത്രണം പൗരസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചൈനയും ഇന്തോനേഷ്യയും വിയറ്റ്‌നാമും ഇതിന് സാക്ഷികളാണ്. ഒരു കുടുംബത്തിന് തങ്ങളുടെ അംഗബലം സ്വതന്ത്രമായി തിട്ടപ്പെടുത്താന്‍ സാധിക്കാതെ വരുന്നു.

അബോര്‍ഷന്‍ ഇന്ത്യയില്‍ നിരോധിച്ചത് 1971ലാണ്. പെണ്‍ഭ്രൂണഹത്യകളും അതുവഴി സൃഷ്ടിക്കപ്പെടുന്ന സാമൂഹിക അരക്ഷിതാവസ്ഥയുമാണ് അതിന് ഹേതുവായി വര്‍ത്തിച്ചത്. എന്നാല്‍ നിര്‍ബന്ധിത അബോര്‍ഷന് വേണ്ടി മുറവിളികൂട്ടുന്നവരെ ഇന്ന് നമുക്ക് പൊതുവില്‍ കാണുക അസാധ്യമാണ്. 1973 ല്‍ അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് പോട്ടര്‍ സ്‌റ്റെവാട്ടും 1989ല്‍ ജസ്റ്റിസ് സാന്ദ്രാ ഒ കോണറും അബോര്‍ഷന് വേണ്ടി ശബ്ദിച്ചവരാണ്. അതിനവര്‍ ന്യായം പറഞ്ഞതാകട്ടെ, ജനസംഖ്യാപെരുപ്പവും. മാതാപിതാക്കള്‍ സമ്മതിച്ചില്ലെങ്കില്‍ പോലും അബോര്‍ഷന്‍ നടത്തണമെന്നായിരുന്നു സാന്ദ്രാ കോണര്‍ വാദിച്ചിരുന്നത്. സാമൂഹിക സമവാക്യങ്ങള്‍ പുത്തന്‍ പഠനങ്ങളിലൂടെ മാറിമറിഞ്ഞതോടെ ഇത്തരക്കാര്‍ അപ്രത്യക്ഷരായി എന്ന് കാണാം.

ജനസംഖ്യാവര്‍ധനവ് പ്രകൃതിവിഭവങ്ങളുടെ അഭാവത്തിന് ഹേതുവായി അനന്തരം സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതികൂലമാകുമെന്ന വാദം പോള്‍ ഏര്‍ളിച്ചിനെ പ്രസ്തുത വിഷയത്തില്‍ പന്തയത്തിന് വെല്ലുവിളിച്ച ജൂലിയന്‍ സൈമണ്‍ തന്നെ വസ്തുതകള്‍ നിരത്തി പൊളിച്ചടക്കുന്നുണ്ട്. 1971ല്‍ യു.എസ് നാഷണല്‍ റിസേര്‍ച്ച് കൗണ്‍സിലിന്റെയും നാഷണര്‍ അക്കാഡമി ഓഫ് സയന്‍സിന്റെയും 'ജനസംഖ്യാ വളര്‍ച്ചയും സാമ്പത്തിക വികസനവും' എന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ജനസംഖ്യാ വളര്‍ച്ചയെ രൂക്ഷമായി എതിര്‍ത്ത പ്രസ്തുത റിപ്പോര്‍ട്ട് ആഘോഷിക്കപ്പെട്ടു. എന്നാല്‍ 1986ല്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആഘോഷങ്ങള്‍ക്ക് അറുതിയായി. അതില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: 'ജനസംഖ്യാ വര്‍ധനവിലൂടെ സംഭവ്യമായേക്കാവുന്ന പ്രകൃതിവിഭവങ്ങളുടെ ക്ഷാമം പലപ്പോഴായി പെരുപ്പിച്ചു കാണിക്കപ്പെടുന്നു.'

പ്രകൃതിവിഭവങ്ങളുടെ ക്ഷാമം പരിഹരിക്കാന്‍ ജനസംഖ്യക്ക് തടയണ കെട്ടുന്നവര്‍ യാതൊന്നും തെളിവായി നിരത്തുന്നില്ല എന്നതാണ് വാസ്തവം. പ്രഥമദൃഷ്ട്യാ ഇത് തെളിയിക്കപ്പെടുന്നു എന്നതാണ് ഇക്കൂട്ടരുടെ വാദം. ഇത് ബാലിശമാണ്. ഒരു വസ്തുവിന് ക്ഷാമം ബാധിക്കണമെങ്കില്‍ ആ വസ്തുവിന്റെ ആകെത്തുക സ്ഥിരീകൃതമായിരിക്കണം. ഇവ്വിഷയത്തില്‍ അല്‍പമെങ്കിലും ധാരണയുള്ളവര്‍ പ്രകൃതിസ്വത്തിന്റെ ആകെയളവ് മനുഷ്യന്‍ കണ്ടെത്തിയെന്ന് വാദിക്കില്ല. അതിനാല്‍ത്തന്നെ ക്ഷാമത്തെക്കുറിച്ച് സംസാരിക്കുക നമുക്ക് സാധ്യവുമല്ല. എന്താണ് സ്ഥാവരവും ക്ഷാമം നേരിട്ടേക്കാവുന്നതുമായ പ്രകൃതിവിഭവമെന്ന ചോദ്യത്തിന് പ്രസക്തമായ മറുപടി ഏകമാണ്: 'മനുഷ്യന്‍.'

ജനസംഖ്യാ വളര്‍ച്ച ഭക്ഷ്യമേഖലയിലും ഊര്‍ജമേഖലയിലും ക്ഷാമത്തിന് കാരണമാകുമെന്നും മറ്റു ജീവജാലങ്ങളുടെ വംശനശീകരണത്തിലേക്കും പ്രകൃതിമലിനീകരണത്തിലേക്കും ആക്കം കൂട്ടുമെന്നുമുള്ള വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത് കാണാറുണ്ട്. ഇതേപ്പറ്റിയുള്ള പഠനഗവേഷണങ്ങള്‍ നമുക്ക് ഇത്തരം തെറ്റിദ്ധാരകളില്‍ നിന്നും കരകയറാന്‍ സഹായകമാണ്. മാല്‍ത്തൂസിന്റെ കാലഹരണപ്പെട്ട 'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേണ്‍സ്' എന്ന ഉമ്മാക്കി കാട്ടിയാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവരുന്നത്.

ജനസംഖ്യ, സാമ്രാജ്യത്വം

ലോകപോലീസിന്റെ കോട്ടും സ്യൂട്ടുമിട്ട് റോന്തുചുറ്റുന്ന അമേരിക്കയില്‍ നിന്നും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വന്‍തോതിലുള്ള സാമ്പത്തിക സഹായങ്ങളാണ് പല സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ക്ക് ലഭിക്കുന്നത്. ഏതൊരു രാഷ്ട്രവും തങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സഹായങ്ങള്‍ നല്‍കാറില്ല, അവ സ്വരാഷ്ട്രത്തിന് മറ്റൊരു വഴിയില്‍ ഗുണകരമാകുന്നുണ്ടെങ്കിലല്ലാതെ. കോവിഡ് കാലത്ത് തങ്ങളുടെ പക്ഷം ചേരാതിരുന്ന ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം യു.എസ് വെട്ടിക്കുറച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്.

മൂന്നാം ലോകത്തിലെ മനുഷ്യവിഭവശേഷിയെയാണ് യു.എസ് അടക്കമുള്ള സാമ്രാജ്യത്വം ഭീതിയോടെ നോക്കിക്കാണുന്നത് എന്ന് നാം മനസ്സിലാക്കി. മെക്കനൈസേഷന്റെ ആധുനിക യുഗത്തില്‍ മനുഷ്യവിഭവശേഷിക്ക് പ്രാധാന്യമില്ലെന്ന വാദം പരാജയമാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്. 1960കളുടെ അവസാന കാലഘട്ടം വരെ തങ്ങളുടെ ഫെഡറല്‍ പോളിസി അനുസരിച്ച് ജനനനിയന്ത്രണ പ്രക്രിയയില്‍ യു.എസ് ഇടപെട്ടിരുന്നില്ല. മാത്രവുമല്ല, നിയന്ത്രണത്തെ അവര്‍ എതിര്‍ക്കുകയും ചെയ്തു. ഇക്കാലയളവിന് ശേഷമാണ് തല്‍പര രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില സംഘടനകള്‍ സമൂഹമധ്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിന് മാര്‍ഗരറ്റ് സാംഗര്‍ എന്ന വ്യക്തി തുറുങ്കിലടക്കപ്പെടുകയും ചെയ്തു.

വളരെ ദ്രുതഗതിയിലാണ് പിന്നീട് അമേരിക്കയില്‍ വ്യക്തമായ പ്രൊപഗണ്ടയും വന്‍സാമ്പത്തിക പിന്‍വാതില്‍ സഹായവുമായി പല സംഘടനകളും രംഗപ്രവേശം നടത്തുന്നത്. വൈകാതെ ഇക്കൂട്ടര്‍ യു.എസ് അധികാരത്തില്‍ പിടിമുറുക്കുകയും 'യു.എന്‍ ജനസംഖ്യാ ഫണ്ട് (യു.എന്‍.എഫ്.പി.എ)' ആരംഭിക്കുകയും ചെയ്തു. 1970കളില്‍ ഇവരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. സ്ഥാപിത ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിന്നായി 'ഗ്ലോബല്‍ ടുമാറോ സഖ്യം' രൂപീകരിച്ച ഇവര്‍ വ്യാപകമായി ജനനനിയന്ത്രണ സന്ദേശങ്ങള്‍ ആഗോള സമൂഹത്തില്‍ പ്രചരിപ്പിച്ചു.

ലോകജനസംഖ്യാ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമായ സാമ്പത്തിക സ്രോതസ്സ് ഇന്നും അമേരിക്കയാണ്. 'ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് (AID)  നേരിട്ടും മറ്റു പല സര്‍ക്കാരിതര (NGOs) സംവിധാനങ്ങള്‍ വഴിയുമാണ് സഹായമെത്തിക്കുന്നത്. ഇത് വഴിയാണ് യു.എസിന്റെ സ്ഥാപിത താല്‍പര്യത്തോടെ മറ്റുപല രാഷ്ട്രങ്ങളിലും ജനനനിയന്ത്രണ നടപടികള്‍ രഹസ്യമായി നടന്നുവരുന്നത്. 1965ല്‍ മാത്രം ഏജന്‍സി ഈ പ്രവൃത്തിക്ക് ചെലവഴിച്ച തുക 100 മില്യണ്‍ യു.എസ് ഡോളറാണ്! മറ്റു രാഷ്ട്രങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷാരംഗത്ത് നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെ മൂന്നിരട്ടി തുകയാണ് അവന്ധ്യതാനിരക്ക് കമ്മിയാക്കാന്‍ ഇവര്‍ ചെലവഴിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്ന യു.എന്‍.എഫ്.പി.എ.യുടെ പിന്നില്‍ സാക്ഷാല്‍ ഫോര്‍ഡും റോക്ക്‌ഫെല്ലറുമടക്കമുള്ള യു.എസ് കമ്പനികളാണ് എന്നതാണ് വാസ്തവം. 1974ല്‍ ജനസംഖ്യാ വളര്‍ച്ച വികസ്വര രാഷ്ട്രങ്ങളുടെ സാമൂഹിക ഉന്നതിയെയും സമ്പദ്‌വ്യവസ്ഥയെയും ഏതു രീതിയില്‍ ബാധിക്കുമെന്ന രഹസ്യറിപ്പോര്‍ട്ട് സി.ഐ.എ, നാഷണല്‍ സെക്യൂരിട്ടി കൗണ്‍സില്‍, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് എന്നിവരുടെ മുമ്പാകെ മാസ്റ്റര്‍ പ്ലാനായി അവതരിപ്പിക്കുകയും ചെയ്തു.

പിന്നീടാണ് ജനപ്രിയമായ 'ഫാമിലി പ്ലാനിംഗ്' പ്രോഗ്രാം യു.എസ് മറ്റു രാഷ്ട്രങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്. ഇതിനായി വിവിധ തരത്തില്‍ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. ഇവ്വിഷയത്തിലുള്ള ഗവേഷണങ്ങള്‍ പുറത്തിറക്കുന്നത് മുതല്‍ ജനപ്രിയ ഗാനങ്ങള്‍ നിര്‍മിച്ച് വരെ പബ്ലിസിറ്റി വര്‍ക്കുകള്‍ എമ്പാടും നടത്തി. എത്രത്തോളമെന്ന് ചോദിച്ചാല്‍, ഫാമിലി പ്ലാനിംഗിനെ പിന്തുണക്കുന്ന കീചെയിന്‍ വരെ വിപണിയിലേക്ക് കടന്നുവന്നു. സമൂഹത്തിലെ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമുകളും റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ അക്കാലത്തെ പുത്തന്‍ മാധ്യമങ്ങള്‍ വഴിയും പ്രചാരണങ്ങള്‍ കൊഴുപ്പിച്ചു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ വലിയ തോതില്‍ പണം ചെലവഴിച്ചു. നൈജീരിയയില്‍ മാത്രം 2 മില്യണാണ് ചെലവഴിച്ചത്. പ്രാദേശിക സംഘടനകളുമായി ഐ.പി.പി.എഫ് അടക്കമുള്ളവ വഴി ബന്ധം സ്ഥാപിച്ചും ഏജന്‍സി പ്രവര്‍ത്തനം വിപുലീകരിച്ചു.

ഇത്രയധികം പണം ചെലവഴിച്ച് ജനനനിയന്ത്രണ, ഫാമിലി പ്ലാനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്താണ്? ലോകത്ത് ഇക്കൂട്ടര്‍ ഉദ്‌ഘോഷിക്കുന്ന 'സ്ഥിരത'യും ശാന്തിയും നിലനില്‍ക്കണമെന്ന് ജോര്‍ജ് ബുഷിന്റെ അപ്പൂപ്പന്മാര്‍ കരുതിയെന്ന് കരുതാന്‍ വയ്യ. ഇതേ അമേരിക്കയില്‍ ജനനനിയന്ത്രണ നിയമങ്ങള്‍ പ്രാബല്യത്തിലില്ല എന്നതും കൂട്ടിവായിക്കുക.

ഇന്ത്യയിലും 1975-77ലെ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തില്‍ (വിശിഷ്യാ 1976 സെപ്തംബര്‍) സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. 8.3 മില്യണ്‍ സ്‌റ്റെറിലൈസേഷന്‍ റിപ്പോട്ട് ചെയ്യപ്പെട്ടു. മിക്കവാറും നിര്‍ബന്ധിതമായി നടത്തപ്പെട്ടതായിരുന്നു. 1973 മുതല്‍ 1977 വരെ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന കരണ്‍ സിംഗ് ഇക്കാര്യത്തെപ്പറ്റി പറഞ്ഞത് 'മുകളില്‍ നിന്നുമുള്ള ഔദേ്യാഗികേതര നിര്‍ദേശമുണ്ട്' എന്നായിരുന്നു. ഈ പ്രവൃത്തി പലയിടങ്ങളിലും ജനരോഷത്തിന് കാരണമായി. ഇതേക്കുറിച്ച് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞതിങ്ങനെ: 'ഞങ്ങളുടെ ജോലി പോലും ഞങ്ങള്‍ എത്രപേരെ വന്ധ്യംകരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു!'

പോപ്പുലേഷന്‍ ഇക്കണോമിക്‌സ്

ജനസംഖ്യാശാസ്ത്രത്തെ (ഡെമോഗ്രഫി) സംബന്ധിച്ച് സാമ്പത്തികശാസ്ത്രത്തില്‍ സ്പഷ്ടമായ സിദ്ധാന്തം കാണുക സാധ്യമല്ല. ജനസംഖ്യാ സാമ്പത്തികം വിവിധ ഘടകങ്ങളെ ആശ്രയിക്കുന്നു. ജനസംഖ്യാ മാന്ദ്യം കാരണം ചൈനയിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന അപചയത്തെ സംബന്ധിച്ചപ്പോള്‍ ഇക്കാര്യം നാം മനസ്സിലാക്കിയതാണ്. ഓരോ രാഷ്ട്രത്തിന്റെയും പരിസരത്ത് നിലകൊണ്ട് ആപേക്ഷികമായാണ് ജനസംഖ്യാ സാമ്പത്തികം പ്രതികരിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, ജനസംഖ്യാ സംഗ്രഥനം തുടങ്ങി പ്രസ്തുത രാഷ്ട്രത്തിന്റെ ആഭ്യന്തര വിക്രയവും കയറ്റുമതിയുമടക്കം ഇവിടെ ഘടകങ്ങളാണ്.

ഇന്ത്യയുടെ കാര്യമെടുക്കാം. ഇന്ത്യയില്‍ 81% പേരും ജോലിചെയ്യുന്നത് രേഖാപരമല്ലാത്ത മേഖലയിലാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നതാണ് യുവജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് കാരണം. നമ്മുടെ രാജ്യത്ത് ഇക്കാലമത്രയായിട്ടും നിര്‍മാണ മേഖലയും വ്യവസായവും പുഷ്ടിപ്രാപിച്ചിട്ടില്ല എന്നത് വ്യക്തമാണ്. കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുക വഴി നൈപുണ്യമുള്ള യുവതയെ ഒരുക്കിയ ശേഷം അനുയോജ്യമായ തൊഴില്‍വീഥികള്‍ തുറന്നുനല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയില്‍ 15 മുതല്‍ 64 വരെ പ്രായമുള്ള 'വര്‍ക്കിംഗ് ഏജ് ഗ്രൂപ്പി'ന്റെ അംഗബലം കൂടുതലാണ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം ഇത് ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഈ ആനുകൂല്യത്തെ സാമ്പത്തിക സുസ്ഥിരതയ്ക്കായി ഉപയോഗപ്പെടുത്താന്‍ രാജ്യത്തിന് സാധിക്കുന്നില്ല. ഇക്കാര്യങ്ങളെ മറച്ചുവെക്കാന്‍ യാതൊരു ലജ്ജയുമില്ലാതെയാണ് 'ജനസംഖ്യാ നിയന്ത്രണം' എന്ന കച്ചിത്തുരുമ്പുമായി ഭരണകൂടം രംഗത്തുവരുന്നത്. ജനസംഖ്യാ നിയന്ത്രണത്തിലൂടെയാകട്ടെ, 'വര്‍ക്കിംഗ് ഏജ് ഗ്രൂപ്പ്' ചുരുങ്ങുകയും തല്‍ഫലമായി ഈ ആനുകൂല്യം ഇന്ത്യക്ക് നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍ത്തന്നെ ഇക്കാര്യമുന്നയിക്കുന്നവര്‍ രാജ്യസ്‌നേഹികളാണോ രാജ്യദ്രോഹികളാണോ എന്ന തിരഞ്ഞെടുപ്പ് വായനക്കാര്‍ക്കായി വിട്ടുനല്‍കുന്നു.

ജനസംഖ്യ ചുരുങ്ങുന്നതിലൂടെ വിപണിയില്‍ സംഭവിക്കുന്ന തിരിച്ചടികള്‍ പരിശോധിക്കാം. ജനസംഖ്യ കുറയുന്നതിലൂടെ അളവില്‍ക്കൂടുതല്‍ വരുന്നവ വാങ്ങാനും മാര്‍ക്കറ്റ് ചെയ്യാനും ആളില്ലാതാകുന്നു. അതോടെ രാജ്യം കയറ്റുമതിയിലേക്ക് തിരിയും. എന്നാല്‍ അന്തര്‍ദേശീയമായ കൈമാറ്റങ്ങള്‍ ഒരുപരിധി വരെ പ്രസ്തുത രാഷ്ട്രത്തിന്റെ ശേഷിയെയും സാമര്‍ഥ്യത്തെയും ആശ്രയിച്ചിരിക്കും. ഇതോടെ ആഭ്യന്തര ബിസിനസ്സുകള്‍ നിലംപൊത്തുകയും തൊഴില്‍രഹിതര്‍ സൃഷ്ടിക്കപ്പെടുകയും വൈകാതെ അരാജകത്വത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. സര്‍ക്കാരിനും ഇതുവഴി നഷ്ടം ഏറെയാണ്. ബിസിനസ്സുകള്‍ പൊളിയുന്നതോടെ നികുതി വരവും വരുമാനവും കുറയുകയും ചെയ്യും. ഒരു രാഷ്ട്രത്തിന്റെ ഉന്നമനം ആ രാജ്യത്തെ യുവതയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. യുവജനതയുടെ കുറവ് നൂതനവും നവീനവുമായ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നത് കുറയ്ക്കുകയും ചെയ്യുന്നു. സൈനികമേഖലയിലും ജനസംഖ്യാ നിയന്ത്രണം വഴി പ്രയാസങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

തലപ്പെരുപ്പവും ഇസ്‌ലാംഭീതിയും

'താത്താമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലക്കിവിടുകയോ മറ്റോ വേണ്ടിവരും, നിങ്ങളില്‍ നിന്ന് ഈ ഭൂമി രക്ഷപ്പെടാന്‍.'

'സ്‌ത്രൈണ കാമസൂത്ര'യും 'മലയാളി ലൈംഗികത'യും എഴുതിയ ആകാശവാണിയിലെ ഒരു പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുസ്‌ലിം സ്ത്രീജനങ്ങളെക്കുറിച്ച് ഇങ്ങനെ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചാല്‍ അതത്ര പ്രശ്‌നമാക്കേണ്ടതുണ്ടോ? അതവരുടെ ജന്മസിദ്ധിയോ പാരമ്പര്യമഹിമയോ ആകാവുന്നതേയുള്ളൂ. എന്നാല്‍ ഒരുപാട് ഇത്തരത്തിലുള്ള ഇന്ദിരമാര്‍ രംഗത്ത് വരുമ്പോള്‍ അവഗണനയല്ല ഭൂഷണം. ഇത്തരം ആരോപണങ്ങള്‍ താത്താമാരോടുള്ള വെറുപ്പാണോ അതോ കാക്കാമാരോടുള്ള അസൂയയാണോ എന്ന വിഷയം തല്‍ക്കാലം നമുക്ക് മറക്കാം.

മുസ്‌ലിംകള്‍ സുപ്രധാന ന്യൂനപക്ഷങ്ങളാവുകയോ മുസ്‌ലിം കുടിയേറ്റമുള്ളതോ ആയ രാഷ്ട്രീയത്തിലെ വംശവെറിയുടെ അന്യംനില്‍ക്കാത്ത വിലകുറഞ്ഞ ആരോപണമാണ് മുസ്‌ലിം സ്ത്രീകളുടെ ഗര്‍ഭധാരണം. ഇതിനുള്ള ഉത്തമോദാഹരണമാണ് മ്യാന്മര്‍. 2013ലാണ് മ്യാന്മറില്‍ ഏകപക്ഷീയമായി മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമായി ഒറ്റക്കുട്ടി നയം പ്രഖ്യാപിക്കുന്നത്. മ്യാന്മറിലെ അധികാരികളും ബുദ്ധിസ്റ്റ് യോഗിമാരായ ഭീകരവാദികളും റോഹിങ്ക്യ മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ ഇടതടവില്ലാതെ പടര്‍ത്താന്‍ മത്സരിച്ചു. ഭൂരഹിതരായ റോഹിങ്ക്യകള്‍ വസിക്കുന്ന പടിഞ്ഞാറന്‍ റാഖൈന്‍ സ്‌റ്റേറ്റിലെ അധികാരിയായ വിന്‍ മ്യാങ് തട്ടിവിട്ടത് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബുദ്ധിസ്റ്റുകളെക്കാള്‍ പത്തിരട്ടി വേഗത്തില്‍ ജനസംഖ്യാ വളര്‍ച്ചയില്‍ മുന്നിലാണ് എന്നായിരുന്നു! 'മുസ്‌ലിം ഫ്രീ' ആയി പ്രഖ്യാപിക്കപ്പെട്ട യങ്കന്‍ സ്‌റ്റേറ്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നത് കാണുക: 'അവര്‍ക്ക് (റോഹിങ്ക്യകള്‍) ഇവിടെ പ്രവേശനമില്ല. അവര്‍ അക്രമകാരികളും പെറ്റുകൂട്ടുന്നവരുമാണ്'. മ്യാന്മറിലെ ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ ആപ്തവാക്യം തന്നെ അവരുടെ ഇസ്‌ലാമോഫോബിയയുടെ തീവ്രത വരച്ചുകാട്ടുന്നതാണ്:  "The Earth will not swallow a race to extinction, but another (race) will'.

എന്നാല്‍ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത് മറ്റൊരു ചിത്രമാണ്, തികട്ടി വരുന്നത് ഈ നരാധമന്മാരോടുള്ള അരിശവും. 2013ല്‍ പുറത്തുവിട്ട ഒരു പഠനമനുസരിച്ച് 1950 മുതല്‍ തന്നെ മ്യാന്മറില്‍ നിന്നും റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പലായനം ഉണ്ടായിട്ടുണ്ട്. മാത്രവുമല്ല, മ്യാന്മറിലെ മുസ്‌ലിം ജനസംഖ്യയില്‍ ഏറ്റക്കുറച്ചില്‍ സംഭവ്യമാണെങ്കിലും ശരാശരി 4% മാത്രമാണ്. ഈ കണക്ക് ലഭിക്കുന്നതാകട്ടെ, മ്യാന്മറിന്റെ സ്വന്തം സെന്‍സസില്‍ നിന്നും. ന്യൂനപക്ഷത്തിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന അവസ്ഥ ഇന്ന് ഇന്ത്യയിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടാന്‍ കാരണമാകുന്നു. ന്യൂനപക്ഷം ജനസംഖ്യാക്കണക്കില്‍ ഭൂരിപക്ഷത്തെ മറികടക്കുമെന്ന പ്രചാരണമാണ് വംശവെറിക്ക് നിദാനം. അസംഭവ്യവും അവിവേകപൂര്‍ണവുമായ ഇത്തരം വാദങ്ങള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്ത ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു.

ഫ്രാന്‍സ്, ജര്‍മനി, യു.കെ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഈ വാദം ഉയരുന്നു. കുടിയേറ്റ വിരുദ്ധതയുടെ ആശയങ്ങള്‍ കുടിയേറുന്ന വംശങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയുടെ തോത് കാട്ടി പ്രചരിപ്പിക്കപ്പെടുന്നു. ഇതാകട്ടെ, തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. 10% മാത്രമാണ് ഇന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ മുസ്‌ലിം ജനസംഖ്യ (തുര്‍ക്കിയെ ഉള്‍പ്പെടുത്തിയുള്ള കണക്ക്). ഫ്രാന്‍സില്‍ 7.5% പേര്‍ മുസ്‌ലിംകളാണ്. എന്നാല്‍ 'അറ്റ്‌ലാന്റിക്' റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സിലെ പൗരന്മാര്‍ കരുതുന്നത് തങ്ങളുടെ രാഷ്ട്രത്തിലെ മൂന്നിലൊന്ന് പേര്‍ മുസ്‌ലിംകളാണ് എന്നാണ്. കുടിയേറ്റമുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ സമൂഹത്തെ എങ്ങനെ ഗ്രസിക്കുന്നു എന്ന് ഇവിടെ വ്യക്തമാണ്.