മതവിമുഖത: ചില അടിസ്ഥാന കാരണങ്ങള്‍

മൂസ സ്വലാഹി, കാര

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

കാരുണ്യം, സമാധാനം, ഉത്കൃഷ്ടത, എളുപ്പം എന്നീ സവിശേഷതകള്‍ ഒത്തുചേര്‍ന്നതും ഇരുലോക ജീവിതത്തിലും നിര്‍ഭയത്വം നല്‍കുന്നതുമായ നേരിന്റെ മാര്‍ഗമാണ് ഇസ്‌ലാം. എന്നാല്‍ ചില ദുരുദ്ദേശ്യക്കാര്‍ ഇതിനെ പ്രയാസം, ഞെരുക്കം, തീവ്രത, ഭീകരത എന്നീ പ്രയോഗങ്ങള്‍ കൊണ്ട് പരിചയപ്പെടുത്തുന്നത് കാണാം.  

നേര്‍മാര്‍ഗ ജീവിതം, സത്യസന്ധത, ഗുണകാംക്ഷ, സല്‍കര്‍മനിഷ്ഠ തുടങ്ങിയ സദ്ഗുണങ്ങളിലേക്ക് വഴി കാണിക്കുന്ന മതാധ്യാപനങ്ങളെ ബലപ്രയോഗമായും  അടിച്ചേല്‍പിക്കലായും കാണുന്ന  ദുഷ്ചിന്തകര്‍  അധികരിച്ചു വരുന്നു എന്നത് ഈ കാലഘട്ടത്തിലെ വലിയ അപകടവും പരീക്ഷണവുമാണ്. മത, ഭൗതിക വിജ്ഞാന പഠിതാക്കളെ പ്രത്യേകം കേന്ദ്രീകരിച്ച് ഇത്തരക്കാരുടെ ഓപ്പറേഷന്‍ സജീവമാകുന്നതായി കാണുവാന്‍ സാധിക്കുന്നു.

അബദ്ധ ധാരണകളെ തെളിവുകളുടെ വെളിച്ചത്തില്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാര്‍ഗം. എന്നാല്‍ മനഃപൂര്‍വം സത്യം മറച്ചുവെക്കുകയും തെറ്റുധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ മാറ്റിയെടുക്കല്‍ അസാധ്യമാണ്. ഉറക്കം നടിച്ച് കിടക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കുകയില്ലല്ലോ.

അല്ലാഹു പറയുന്നു: ''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 2:256).

അല്ലാഹു തൃപ്തിപ്പെട്ട്, അനുഗ്രഹമായി പൂര്‍ത്തിയാക്കിത്തന്ന ഇസ്‌ലാമിനെ വെറുക്കുവാനും വര്‍ജിക്കുവാനും ഇറങ്ങിത്തിരിച്ച മുസ്‌ലിം നാമധാരികള്‍ ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നതിനെ പുരോഗമനത്തിന്റെ അടയാളമായാണ് കാണുന്നത്. അവര്‍ ഇസ്‌ലാമിന്റെ അടയാളങ്ങളെ ദുരുപയോഗം ചെയ്യുന്നതോടൊപ്പം മത നിയമങ്ങള്‍ക്ക് നേരെ പല്ലിളിച്ച് കാണിക്കുകയും മതചിഹ്നങ്ങളെ അവഹേളിക്കുകയും ചെയ്യുന്നു.

ദൈവിക കല്‍പനകള്‍ അനുസരിക്കുമ്പോഴാണ് ഒരാള്‍ സത്യസന്ധനായ മുസ്‌ലിമാവുക എന്നത് പ്രവാചകന്റെ അധ്യാപനമാണ്.

അല്ലാഹു പറയുന്നു: ''പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്'' (ക്വുര്‍ആന്‍6:162,163).

സ്വന്തം അഭിപ്രായങ്ങള്‍ മാത്രം അവലംബിച്ചും ഇഷ്ടമുള്ള ആശയം കൊണ്ടുനടന്നും ഇസ്‌ലാമിന്റെ പേരില്‍ വികല വാദങ്ങള്‍ പ്രചരിപ്പിച്ചും ഇസ്‌ലാമെന്ന സത്യമാര്‍ഗത്തെ അപഹസിച്ചു നടക്കുന്നവരില്‍ പൊതുവായി കാണുന്ന ചില കാര്യങ്ങളുണ്ട്.

വിശ്വാസ ദുര്‍ബലത

മതാവഗണന രക്തത്തില്‍ കലര്‍ന്നവര്‍ക്ക് മതനിര്‍ദേശങ്ങളെ സംശയദൃഷ്ടിയോടെ കാണാനേ കഴിയൂ. ഇത് മൂലം വിശ്വാസത്തിന്റെ അളവ് കുറയുകയും അവിശ്വാസത്തിന്റെ ആഴം കൂടുകയും ചെയ്യും. വിശ്വാസ ദൃഢത കൈമുതലാക്കലാണ് സത്യസന്ധരാകാനുള്ള പ്രധാന വഴി.

അല്ലാഹു പറയുന്നു: ''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍'' (49:15).

മനസ്സും വാക്കും പ്രവൃത്തിയും ഒരേ ദിശയില്‍ സഞ്ചരിക്കുമ്പോഴാണ് വിശ്വാസ സംസ്‌കരണം സാധ്യമാവുക. സംസാരിക്കുമ്പോള്‍ അനാവശ്യമായി നാക്കിട്ടടിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുമ്പോള്‍ തിടുക്കം കൂട്ടുന്നവര്‍ക്കും അതിനൊത്ത സത്യസന്ധത ഉണ്ടാകണമെന്നില്ല.

നബി ﷺ യില്‍ നിന്ന് മദീനത്തേക്കുള്ള പലായന അനുമതി ലഭിച്ചിട്ടും പോകാതെ പിറകോട്ട് നിന്നവരും മക്ക വിജയിക്കട്ടെ എന്നിട്ട് വിശ്വസിക്കാം എന്ന നിലപാടെടുത്തവരും പിന്നീട് മതം വിട്ടവരായി മാറിയതാണ് ചരിത്രം. പുറമെ വിശ്വാസം നടിച്ച് കാപട്യം ഉള്ളിലൊളിപ്പിച്ചവരുടെ തനിയാവര്‍ത്തനമാണ് ഇന്ന് കാണുന്നതെല്ലാം.

പക്ഷപാതിത്തം

മതത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കാന്‍ കഴിയാത്തവരാണ് ഫെമിനിസ്റ്റുകള്‍, യുക്തിവാദികള്‍, നവനാസ്തികര്‍, സ്വതന്ത്ര ചിന്തകര്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നത്. ഇവര്‍ ഒറ്റക്കെട്ടാണ്; ധാര്‍മിക സദാചാര മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന വിഷയത്തില്‍. വര്‍ത്തമാനകാലത്ത് സാമൂഹ്യമാധ്യമങ്ങളിലാണ് കൂടുതലായും ഇവരുടെ വിളയാട്ടം. വായനക്കാര്‍ തെറ്റുധരിക്കും വിധത്തില്‍ പൊള്ളത്തരങ്ങള്‍ പടച്ചുവിട്ട് അതിന് കിട്ടുന്ന ലൈക്കും കമന്റും ഷെയറും കണ്ട് നിര്‍വൃതിയടയുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം. ഇസ്‌ലാമിനെ നന്നാക്കുക എന്ന ജോലി ആരോ ഇവരെ ഏല്‍പിച്ചിട്ടുണ്ടെന്ന് തോന്നും ഇവരുടെ പ്രവര്‍ത്തനം കണ്ടാല്‍.

ഐഹിക പ്രമത്തത

ഏത് തരം ക്രൂരതയ്ക്കും ആരെയും പ്രേരിപ്പിക്കുന്ന ഒന്നാണിത്. മതബോധത്തില്‍ നിന്ന് പലരും അകലുന്നതും ഇത് മൂലമാണ്. സ്ഥാനമാനങ്ങള്‍, ആഡംഭര ജീവിതം, ഭൗതിക വിഭവങ്ങളുടെ അമിതാസ്വാദനം... ഇതിലൊക്കെയാണ് ഇത്തരം ഭൗതിക വാദികള്‍ക്ക് താല്‍പര്യം.

എന്നാല്‍ മതനിഷ്ഠയുള്ളവര്‍ അല്ലാഹുവിന്റെ വാക്കിനെ ശ്രദ്ധിക്കുന്നതിനാല്‍ ഭൗതിക സുഖങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കില്ല. അല്ലാഹു പറയുന്നു: ''തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്'' (ക്വുര്‍ആന്‍ 18:28).

നന്മയോടുള്ള വിമുഖത

നന്മകള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഇസ്‌ലാം ഒരു ചെറിയ തിന്മക്ക് പോലും അവസരം കൊടുക്കുന്നില്ല. മത പരിധിയില്‍ വരുന്ന എല്ലാ കാര്യങ്ങളും ധാര്‍മികവും സംസ്‌കാര സമ്പന്നവുമാണ്. ഒന്നിച്ചും ഒറ്റയ്ക്കും ചെയ്യേണ്ട നന്മകള്‍ പഠിപ്പിക്കുന്നതോടൊപ്പം വിവിധ സന്ദര്‍ഭങ്ങളില്‍ സംഭവിക്കാനിടയുള്ള തിന്മകള്‍ക്ക് മുമ്പില്‍ ശക്തമായ വേലി തീര്‍ക്കുകയും ചെയ്യുന്നു ഇസ്‌ലാം.

 സല്‍കര്‍മങ്ങളെ അവഗണിക്കുന്നതോടൊപ്പം പാപങ്ങളുടെ മൊത്തവിതരണക്കാരായി പരിണമിച്ച സ്വതന്ത്ര ചിന്തകര്‍ അല്ലാഹുവിനെ പരിഹസിക്കാനും നബി ﷺ യുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാനും പരിശുദ്ധ ക്വുര്‍ആന്‍ തെറ്റുകള്‍ നിറഞ്ഞതും വൈരുധ്യങ്ങളുടെ കലവറയുമാണെന്ന് പുലമ്പാനും മടിയില്ലാത്തവരാണ്. ആരുമായും വ്യഭിചരിക്കാം; ഉഭയകക്ഷി സമ്മത പ്രകാരമാണെങ്കില്‍ എന്നുവരെ പറയുന്നിടത്തേക്ക് ഇവര്‍ എത്തിയിരിക്കുന്നു.  ഇത്തരം വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ മതത്തെ ആക്ഷേപിക്കുകയാണിവര്‍ ചെയ്തുെകാണ്ടിരിക്കുന്നത്.

അല്ലാഹു പറയുന്നു: ''പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും അധര്‍മവും ന്യായം കൂടാതെയുള്ള കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്'' (ക്വുര്‍ആന്‍ 7:33).

'ഒന്നിച്ചുയരാം മാനവികതയിലേക്ക്' എന്നതാണ് നവ സ്വതന്ത്രവാദികളുടെ ഇപ്പോഴത്തെ മുദ്രാവാക്യം. മാനവികതയെ മൊത്തത്തില്‍  നശിപ്പിക്കാനുള്ള അജണ്ടയുമായി ഇറങ്ങിത്തിരിച്ചവര്‍ക്ക് എങ്ങനെ സമൂഹത്തെ മാനവികതയിലേക്കുയര്‍ത്താന്‍ കഴിയും? ആ പദം ഉച്ചരിക്കാനുള്ള ധാര്‍മികാവകാശം പോലും ഇവര്‍ക്കില്ല.