ജാറവും ഉറൂസുമില്ലാതെ വിസ്മരിക്കപ്പെട്ട ദഹ്‌ലാന്‍

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

(ഹുജ്‌റത്തുശ്ശരീഫ കൊള്ളയടിച്ചത് വഹാബികളോ തുര്‍ക്കികളോ...? 2)

'വഹാബിസത്തിന്റെ നട്ടെല്ലൊടിക്കുന്ന ആദ്യത്തെയും സമ്പൂര്‍ണവുമായ കൃതി'യെന്ന് ബറെലവികള്‍ കൊട്ടിഘോഷിക്കുന്ന 'റദ്ദുല്‍വഹാബിയ്യ' എന്ന ക്ഷുദ്രകൃതിയുടെ കര്‍ത്താവ് അഹ്മദ് സൈനീ ദഹ്‌ലാന്‍ എന്ന പണ്ഡിതനാണ്. ഹിജാസിന്റെ ആധിപത്യം തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കെ മക്കയിലെ ശാഫിഈ മദ്ഹബിന്റെ മുഫ്തിയുടെ റോള്‍ ആയിരുന്നു ഈ പറയപ്പെട്ട ദഹ്‌ലാന്. ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ മുഫ്തിയെന്ന പേരില്‍ പ്രശസ്തനായ ദഹ്‌ലാന്റെ ഈ ക്ഷുദ്രകൃതിക്ക് ലോകമെമ്പാടും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അധികാര നഷ്ടത്തിന്റെ ഭീതിയില്‍ കഴിഞ്ഞിരുന്ന തുര്‍ക്കിയിലെ ഉസ്മാനിയാക്കളായിരുന്നു.

ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും സുല്‍ത്വാന്‍ മുഹമ്മദ് ഇബ്‌നു സുഊദിന്റെയും ആദര്‍ശപ്രചാരണങ്ങള്‍ക്ക് മുന്നില്‍ ആശയപരമായി പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തകര്‍ച്ചയുടെ വക്കത്തെത്തിയ നജ്ദിലെ വിരോധികള്‍ ഇറാഖിലെയും ഹിജാസിലെ വിവിധ പ്രവിശ്യകളിലെയും പണ്ഡിതന്മാരോട് സഹായം അഭ്യര്‍ഥിക്കുകയും, സംയുക്ത ഗൂഢാലോചനയുടെ ഫലമായി അപവാദപ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നുവെന്നാണണ് ബറെലവി/സുന്നി സഹയാത്രികനായ മുഹമ്മദ് സാലിം ബുര്‍ഹാനിയുടെ നിരീക്ഷണം.(14)

ഹിജ്‌റ: 1231ല്‍ മക്കയില്‍ ജനിച്ച അഹ്മദ് സൈനീ ദഹ്‌ലാന്‍ ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കര്‍മശാസ്ത്രം, ഇസ്‌ലാമിക ചരിത്രം, ഗ്രാമര്‍, ഗണിതം തുടങ്ങിയ ഒട്ടനവധി വൈജ്ഞാനിക ശാഖകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം ശൈഖ് അബ്ദുല്‍ ക്വാദിര്‍ ജീലാനിയുടെ പരമ്പരക്കാരനായിട്ടാണ് അറിയപ്പെടുന്നത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായിട്ടും മക്കയില്‍ ശാഫിഈ മുഫ്തിയുടെ സ്ഥാനപദവി അലങ്കരിച്ചിട്ടും വഹാബി വിരുദ്ധര്‍ക്ക് ഊര്‍ജം പകരുന്ന നിലയില്‍ 'റദ്ദുല്‍വഹാബിയ്യ' എന്ന ക്ഷുദ്രകൃതിയുടെ രചന നിര്‍വഹിച്ച് അതിന്റെ പ്രചുരപ്രചാരകനായിട്ടും അറേബ്യന്‍ സമൂഹത്തില്‍ അഹ്മദ് സൈനീ ദഹ്‌ലാനെന്ന വ്യക്തിയെ അനുസ്മരിക്കുന്നവരെയോ അദ്ദേഹത്തിന്റെ സേവന രചനകളെ എടുത്തുപറയുന്നവരെയോ കാണാന്‍ കഴിയുന്നില്ലെന്നത് ഒരു പരമസത്യമാണ്.

ഹിജ്‌റ: 1304ല്‍ മദീനയില്‍ മരണപ്പെട്ട് അവിടെ ക്വബ്‌റടക്കം നിര്‍വഹിക്കപ്പെട്ടുവെന്ന് ചില രേഖകളില്‍ പരാമര്‍ശമുണ്ടെങ്കിലും ദഹ്‌ലാന്റെ ജാറം കണ്ടെത്താനോ അദ്ദേഹത്തിന്റെ ആണ്ടുനേര്‍ച്ച കഴിക്കാനോ ഇന്നോളം ബറെലവി/സുന്നികള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടില്ല. ദഹ്‌ലാന്റെ വീടോ ജാറമോ കണ്ടെത്തി അതിന്റെ പേരില്‍ എന്തെങ്കിലും ഒരാഘോഷ പരിപാടിക്കെങ്കിലും തുടക്കമിടാന്‍ തയ്യാറാകാത്ത നിലയില്‍ ബറെലവികളുടെ മനസ്സില്‍നിന്നുപോലും ദഹ്‌ലാന്‍ വിസ്മരിക്കപ്പെട്ടുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇത് കേവലം റദ്ദുല്‍വഹാബിയ്യയുടെ കര്‍ത്താവായ ദഹ്‌ലാന്റെ മാത്രം അവസ്ഥയല്ല. വഹാബികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അവഹേളിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സകലമാന സ്വൂഫി/ബറെലവികളുടെയും പരിണിതി ഇങ്ങനെത്തന്നെയായിരുന്നു. എന്നാല്‍ ഇവരുടെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ഏറ്റുവാങ്ങിയ ഹിജാസിലെയും നജ്ദിലെയും പണ്ഡിതവരേണ്യന്മാരുടെ നൂറുകണക്കിന് ഗ്രന്ഥങ്ങളും ആ പരമ്പരയില്‍നിന്നും ഇസ്‌ലാമിക വിജ്ഞാനത്തിന്റെ മുത്തും പവിഴവും മുങ്ങിയെടുത്ത ആയിരക്കണക്കിന് പണ്ഡിതവരേണ്യന്മാരും ഇസ്‌ലാമിക വൈജ്ഞാനിക സാമ്രാജ്യത്തിലെ മിന്നിത്തിളങ്ങുന്ന താരകങ്ങളായി പ്രശോഭിക്കുന്നു.

സുഊദി അറേബ്യയിലെ ഉന്നതകാര്യസമിതിയിലെ പണ്ഡിത പ്രമുഖനായ ശൈഖ് സ്വാലിഹ് ഫൗസാന്‍, ദഹ്‌ലാന്റെ പിഴച്ചവാദങ്ങളെപ്പറ്റി എഴുതുന്നു: 'മക്കയിലെ ചില പണ്ഡിത ശ്രേഷ്ഠന്മാര്‍ ദഹ്‌ലാന്റെ രചനകള്‍ ചത്തശവത്തിന് സമാനമാണെന്ന് വിശേഷിപ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇന്ത്യ, ഇറാഖ്, നജ്ദ് തുടങ്ങിയ നാടുകളിലെ പ്രമുഖ പണ്ഡിതന്മാര്‍ ദഹ്‌ലാന്റെ ദുര്‍ബലവാദങ്ങളെ പൊളിച്ചെഴുതി. സ്വന്തം വിശ്വാസം അന്തരാളങ്ങളില്‍ മറച്ചുവെച്ച റാഫിദി ശീഈ ആയിരുന്നു ദഹ്‌ലാനെന്ന്, വിജ്ഞാനികളും സൂക്ഷ്മശാലികളായ മക്കയിലെ പണ്ഡിതന്മാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.'

മദ്ഹബിനെ പിന്‍പറ്റുന്ന വ്യക്തിയായി പ്രത്യക്ഷത്തില്‍ ചമഞ്ഞുകൊണ്ട് തന്റെ റാഫിദി ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ദഹ്‌ലാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ റാഫിദി മനസ്സിന് ഏറ്റവും വലിയ തെളിവ്, ഇയാള്‍ അബൂത്വാലിബിനെ മുസ്‌ലിമാക്കാന്‍ ശ്രമിച്ചുകൊണ്ട് നടത്തിയ ഗ്രന്ഥരചനയാണ്. ക്വുര്‍ആനെയും നിരവധി സ്വഹീഹായ ഹദീഥുകളെയും ഈ ആവശ്യത്തിനായി ദഹ്‌ലാന്‍ തിരസ്‌കരിച്ചു.(15) ശൈഖ് മുഹമ്മദിനെതിരില്‍ ആരോപണം ഉന്നയിക്കുന്ന ദഹ്‌ലാന്റെ കേവലം ഒരു രചന എന്നതില്‍ ഉപരിയായി, ഇസ്‌ലാമിന്റെ പുണ്യഗേഹങ്ങളിലേക്ക് അധിനിവേശത്തിന് ശ്രമിക്കുന്ന റാഫിദി ശീഇസത്തിന്റെ ഗൂഢാലോചനയെയാണ് ഇത്തരം ദഹ്‌ലാനീ വികൃതികളുടെ മറവില്‍നിന്നും പണ്ഡിതവരേണ്യന്മാര്‍ കണ്ടെത്തിയിട്ടുള്ളത്.

ദഹ്‌ലാന്‍ പടച്ചുവിട്ട 'റദ്ദുല്‍വഹാബിയ്യ' എന്ന ക്ഷുദ്രകൃതി ഫാര്‍സി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് ഇറാനിലെ റാഫിദി ശിയാക്കള്‍ വഹാബികളോടുള്ള വിരോധം തീര്‍ത്തത്. പ്രമുഖ ശിയാ നേതാവ് ഇബ്‌റാഹീം വഹീദ് ദാമിഗാനി(ജനനം: 1352/1935) ഇതിനെ ഫാര്‍സിയില്‍ പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചു. ശിയാക്കളുമായി വ്യക്തമായ ആദര്‍ശവിരോധത്തില്‍ കഴിഞ്ഞിരുന്ന ശൈഖ് അവര്‍കളെ പലസന്ദര്‍ഭത്തിലും അവര്‍ അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇറാഖിലും നജ്ഫിലും കര്‍ബലയിലും പിന്നെ ഹിജാസിലും മക്ക/മദീനയിലും റാഫിദി ശിയാക്കള്‍ മുഖ്യ ആശ്രയകേന്ദ്രമാക്കിയിരുന്ന ജാറങ്ങളും ഖുബ്ബകളും മഖാമുകളും ശൈഖ് അവര്‍കളുടെ നിര്‍ദേശമനുസരിച്ച് തകര്‍ത്ത് തരിപ്പണമാക്കിയതില്‍ ഏറ്റവും അസഹനീയതയുണ്ടായിരുന്ന വര്‍ഗം ശിയാക്കളും ബറെലവികളുമായിരുന്നു. ശൈഖിന്റെ നടപടിക്രമങ്ങള്‍ ശിയാ/ബറെലവികളെ സംബന്ധിച്ചിടത്തോളം മനസ്സിനും ശരീരത്തിനുമേറ്റ മായ്ച്ചാല്‍ മായാത്ത മുറിവായി എന്നും അവശേഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സുന്നി മുസ്‌ലിം സമൂഹത്തോട് വ്യക്തമായ വിരോധത്തിലും കോപത്തിലും കഴിഞ്ഞുവരുന്ന ശിയാക്കളെ സംബന്ധിച്ചിടത്തോളം വീണുകിട്ടിയ അത്ഭുതനിധിയാണ് ദഹ്‌ലാന്റെ വഹാബി വിരുദ്ധരചന. സുന്നി സമൂഹത്തിനോടുള്ള വ്യക്തമായ വിരോധവും ഈര്‍ഷ്യതയും നിലനില്‍ക്കുന്നതിന്നിടയിലും ഇത്തരം വാറോലകള്‍ പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കാന്‍ ശിയാക്കള്‍ നേരം കണ്ടെത്തുന്നതിന്റെ രസതന്ത്രമൊന്നും കൂടുതല്‍ ചികഞ്ഞ് തലപുണ്ണാക്കുന്നതില്‍ അര്‍ഥമില്ല.

ലോകാവസാനം വരെ പരിശോധിച്ചാലും ശരി, ഭൂമുഖത്തെ സകല സ്വൂഫി/ബറെലവികള്‍ ഒന്നായി പരിശ്രമിച്ചാലും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ രചനകളിലോ അദ്ദേഹത്തിന്റെ നടപടിക്രമങ്ങളിലോ എന്തെങ്കിലും ഇസ്‌ലാമിക വിരുദ്ധതയുള്ളതായി ആര്‍ക്കും എവിടെയും രേഖാമൂലം തെളിയിക്കാന്‍ സാധിക്കില്ല. ലോകാവസാനംവരെ അങ്ങനെയൊരു പ്രതീക്ഷയും വേണ്ട. അപവാദ കഥകള്‍ ഏറ്റുപറയാന്‍ മാത്രം വിധിക്കപ്പെട്ട ലജ്ജാശൂന്യര്‍ക്ക് മാത്രമെ ഇത്തരത്തിലുള്ള കല്ലുവെച്ച നുണകള്‍ ചുമന്നുനടക്കാന്‍ സാധിക്കുകയുള്ളു. സുല്‍ത്വാന്‍ ഇബ്‌നുസുഊദിനും ഹിജാസിലെ ഭരണാധികാരികള്‍ക്കുമെതിരില്‍ മാനസികമായ വൈരവും വിദ്വേഷവും പുലര്‍ത്തിവരുന്ന ഖാദിയാനികളും ശിയാ, ബറെലവി, സ്വൂഫികളും പിന്നെ അധികാരത്തിന്റെ മന്ത്രങ്ങള്‍ മാത്രം മനസ്സില്‍ താലോലിച്ചുനടക്കുന്ന ഒരുവിഭാഗം രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും ഈ നുണകള്‍ എറ്റുപറഞ്ഞുകൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത.

കളവുകള്‍ക്ക് എക്കാലവും ഫുള്‍മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കാലക്രമേണ അതിനും തേയ്മാനം സംഭവിക്കും. വഹാബികള്‍ക്കെതിരില്‍ ഒട്ടനവധി കളവുകള്‍ പ്രചരിപ്പിച്ചിരുന്ന നിരവധി പുരോഹിതന്മാര്‍ക്ക് പില്‍ക്കാലത്ത് സംഭവിച്ച മനഃപരിവര്‍ത്തനം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ബറെലവി സമസ്തയിലെ പുരോഹിതന്മാരുടെ മുഖ്യ വഹാബിവിരുദ്ധ റഫറന്‍സായ 'ഹംഫറുടെഡയറി' പരിഭാഷപ്പെടുത്തി ചൂടപ്പംപോലെ വിറ്റഴിച്ച പുതുപ്പൊന്നാനിക്കാരന്‍ സ്വാലിഹ് നിസ്വാമിയുടെ ചുവടുമാറ്റവും തൗബയും സത്യാന്വേഷികള്‍ക്ക് ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ അശ്ലീല ബഹുമതികളും സസന്തോഷം സ്വീകരിക്കുന്നു എന്ന് 2018 ആഗസ്റ്റ് 06ന് സ്വാലിഹ് നിസാമി തന്റെ ഫേസ്ബുക്കിലും(16) ഈ നിലപാട് പരസ്യപ്പെടുത്തുകയുണ്ടായി.

സ്വന്തം സല്‍ക്കര്‍മങ്ങളെ അപവാദ പ്രചാരണങ്ങള്‍ കാരണം പാഴാക്കിക്കളയുന്ന പരലോകത്തിലെ നടപടി ക്രമങ്ങളില്‍നിന്നും അല്ലാഹു എല്ലാവരെയും രക്ഷപ്പെടുത്തട്ടെയെന്ന് പ്രാര്‍ഥിക്കുകയാണ്.

റഫറന്‍സ്:

14. അഷ്‌വാക്കുന്‍ ഹനീന്‍ ഇലാ മദീനത്തിറസൂല്‍ അല്‍അമീന്‍ എന്ന അറബി ഗ്രന്ഥത്തില്‍ ഇബ്‌നു അബ്ദുല്‍ വഹാബിനെ പ്രതിപാദിക്കുന്ന ചില ചര്‍ച്ചകള്‍ കാണാനാകും.

15. ശൈഖ് ഫൗസാന്റെ സമ്പൂര്‍ണ രചനകള്‍

16. https://www.facebook.com/SalihPuthu ponnani/posts/1070465813111574