ഇന്ത്യന്‍ ഭരണഘടനയും ഡോ. അംബേദ്കറും

ഡോ.സബീല്‍ പട്ടാമ്പി

2020 മാര്‍ച്ച് 07 1441 റജബ് 12

(ഫാഷിസം: ചരിത്രം ആവര്‍ത്തിക്കുന്നുവോ?: 5)

രാജ്യത്തിന്റെ 71ാം റിപ്പബ്ലിക് ദിനം കഴിഞ്ഞുപോയത് കഴിഞ്ഞ മാസത്തിലാണ്. ഈ അവസരത്തില്‍ റിപ്പബ്ലിക് ദിനത്തെ കുറിച്ചും ഭരണഘടനെയെ കുറിച്ചും ചില കാര്യങ്ങള്‍ എഴുതുന്നത് ഉചിതമാകുമെന്ന് കരുതുന്നു. കാരണം ഇന്നോളം നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലൂടെയാണ് നമ്മുടെ ഭരണഘടന ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947, ആഗസ്റ്റ് 15ന് ആണെങ്കിലും അന്ന് നമുക്ക് സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിരുന്നില്ല. ഒരു ഭരണഘടന തയ്യാറാക്കി അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നത് 1950 ജനുവരി 26ന് ആണ്. ഈ ദിവസമാണ് നമ്മള്‍ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഭരണ ഘടനയെ കുറിച്ചും അതിന്റെ രചയിതാവായ ഡോ.ബി.ആര്‍. അംബേദ്ക്കറെ കുറിച്ചും ലഘുവായി ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

 

ഡോ.ബി.ആര്‍ അംബേദ്കര്‍ എന്ന അത്ഭുത പ്രതിഭ

 മഹാരാഷ്ട്രയിലെ ഒരു ദലിത് കുടുംബത്തില്‍ 1891ല്‍ ജനിച്ചു. പട്ടിണിയും പരിവട്ടവും നിറഞ്ഞ കുട്ടിക്കാലം. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നാരംഭിച്ചു. താഴ്ന്ന ജാതിക്കാരനായതിനാലും മറ്റ് കുട്ടികളെ തൊടാന്‍ പാടില്ല എന്നതിനാലും ക്ലാസ്സിനു പുറത്തിരുന്നാണു പഠിച്ചത്. 4ാം ക്ലാസ്സില്‍ ഇംഗ്ലിഷ് പാസ്സായ ആ ഗ്രാമത്തിലെ ആദ്യത്തെ ദലിതനായിരുന്നു അംബേദ്കര്‍.

ഗ്രാമത്തിലെ ദലിതര്‍ കുട്ടിയായ അദ്ദേഹത്തിന് അതിന്റെ പേരില്‍ വലിയ സ്വീകരണം തന്നെ നല്‍കി. ഇത് അംബേദ്ക്കറിന് കൂടുതല്‍ പഠിക്കണമെന്നും ദലിതര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തക്കും കാരണമായി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ബോംബെയിലെ പ്രശസ്തമായ Elphinstone സ്‌കൂളില്‍. ഈ സ്‌കൂളില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പാസ്സാകുന്ന ആദ്യത്തെ ദലിതനെന്ന പേര്‍ അംബേദ്ക്കര്‍ കരസ്ഥമാക്കി.

1912ല്‍ ബോംബെ യുണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്‌സിലും ഡിഗ്രി നേടി. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെ കോളംബിയ യുണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള അവസരം കിട്ടി. അവിടെനിന്ന് 1915ല്‍ എം.എ എകണോമിക്‌സ് പാസ്സായി. ഈ മൂന്നു വര്‍ഷത്തിനിടക്ക് എകണോമിക്‌സില്‍ മാത്രം അദ്ദേഹം 29 കോഴ്‌സുകള്‍ ചെയ്തു. ചരിത്രത്തില്‍ 11 കോഴ്‌സുകളും സോഷ്യോളജിയില്‍ 6 കോഴ്‌സുകളും തത്ത്വചിന്തയില്‍ 5 കോഴ്‌സുകളും മനുഷ്യവംശ ശാസ്ത്രത്തില്‍ 4 കോഴ്‌സുകളും, കൂടാതെ ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ ഓരോ കോഴ്‌സും ചെയ്തു. 10 ഭാഷകള്‍ അദ്ദേഹത്തിനു വശമുണ്ടായിരുന്നു!

അമേരിക്കയിലെ പഠനത്തിനു ശേഷം വീണ്ടും ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് തിരിച്ചു. അവിടെ വെച്ച് നിയമ പഠനം നടത്തി. ഒപ്പം ലണ്ടനിലെ പ്രസിദ്ധമായ London college of economicsല്‍ ചേര്‍ന്ന് സാമ്പത്തിക ശാസ്ത്ര പഠനവും തുടര്‍ന്നു.

അംബേദ്ക്കര്‍ക്ക് മൊത്തം 4 ഡോക്ടറേറ്റുകള്‍ കിട്ടിയിട്ടുണ്ട്. ഒരേസമയം നിയമവിദഗ്ധനും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ വിശാരദനും നവോത്ഥാനനായകനുമായിരുന്നു അദ്ദേഹം. വിദേശത്തുനിന്ന് ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് അംബേദ്ക്കര്‍; അക്കാലത്തെ ഏറ്റവും വിദ്യാഭ്യാസ യോഗ്യത നേടിയ ഇന്ത്യക്കാരനും ദലിതനും. ദലിതന്മാരുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹത്തിനു കഴിയാവുന്നത് ചെയ്തു. 1956ല്‍ മരണപ്പെട്ടു.

ഭരണഘടന നിര്‍മാണ കമ്മിറ്റിയുടെ ചെയര്‍മാന്‍

സ്വാതന്ത്ര്യാനന്തരം ഭരണഘടന രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടത് അംബേദ്ക്കറായിരുന്നു. ഇതിനായി ജീവിതത്തിലെ 3 വര്‍ഷം അദ്ദേഹം നീക്കിവച്ചു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജപ്പാന്‍, അയര്‍ലന്റ്, ഓസ്‌ട്രേലിയ തുടങ്ങി 60 ഓളം രാജ്യങ്ങളുടെ ഭരണഘടനകള്‍ അദ്ദേഹം പഠനവിധേയമാക്കി. അവയില്‍ നിന്നൊക്കെയുള്ള നല്ല വശങ്ങള്‍ അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയിലുള്‍പ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതി ഇന്ത്യന്‍ ഭരണഘടനക്കാണ്. 1950, ജനുവരി 26ന് 283 അസംബ്ലി അംഗങ്ങള്‍ ഈ ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ച് പ്രാബല്യത്തില്‍ വന്നു.

ഇന്ത്യന്‍ ഭരണഘടനയും സംഘപരിവാറും

പുതുയതായി നിലവില്‍വന്ന ഭരണഘടനയില്‍ മനുസ്മൃതിയിലെ നിയമങ്ങള്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരിലും എല്ലാ മതത്തിനും ജാതിയില്‍ പെട്ടവര്‍ക്കും തുല്യസ്ഥാനം നല്‍കിയതിന്റെ പേരിലും സംഘപരിവാര്‍ അംബേദ്ക്കറെ വിമര്‍ശിച്ചു.

1966ല്‍ ഗോള്‍വല്‍ക്കര്‍ പറഞ്ഞു: ''നമ്മുടെ ഭരണഘടന പല വിദേശ രാജ്യങ്ങളുടെയും നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ്. ഇതില്‍ നമ്മുടേത് എന്ന് പറയാന്‍ ഒന്നുമില്ല. നമ്മുടെ രാഷ്ട്രദൗത്യത്തെ പറ്റിയും ജീവിതഘടനയെ പറ്റിയും എന്തെങ്കിലും അതില്‍ പറയുന്നുണ്ടോ? ഒന്നുമില്ല'' (വിചാരധാര).

സംഘപരിവാറും ഇന്ത്യന്‍ പതാകയും

ത്രിവര്‍ണക്കൊടി ഇന്ത്യന്‍ പതാകയായി പാര്‍ലമന്റ് അംഗീകരിച്ചപ്പോള്‍ ആര്‍.എസ്.എസ് അതിനെ എതിര്‍ത്തു. 'കാവിക്കൊടി' രാജ്യത്തിന്റെ പതാകയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അവരുടെ ഇംഗ്ലിഷ് പ്രസിദ്ധീകരണമായ Organizerല്‍ എഴുതി:

"The people who have come to power by the kick of fate may give in our hands the Tricolor but it [will] never be respected and owned by Hindus. The word three is in itself an evil, and a flag having three colours will certainly produce a very bad spychological effect and is injurious to a coutnry."

''അധികാരത്തില്‍ വന്നവര്‍ നമ്മുടെ കയ്യില്‍ മൂവര്‍ണക്കൊടി നല്‍കിയേക്കാം. എന്നാല്‍ ഹിന്ദുക്കള്‍ (ഹിന്ദുത്വ) അതിനെ ബഹുമാനിക്കുകയില്ല തന്നെ. മൂന്ന് എന്ന വാക്ക് തന്നെ ദുശ്ശകുനമാണ്. മൂന്ന് നിറങ്ങളുള്ള ഒരു പതാക ഒരു മോശം മാനസികാവസ്ഥ ഉണ്ടാക്കുന്നു, രാജ്യത്തിനു ദോഷവും.'' (The Organizer, 1947, August 14).

ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂരിലെ ഹെഡ് ഓഫിസില്‍ ഇവര്‍ സ്വാതന്ത്ര്യാ നന്തരം രണ്ട് തവണ മാത്രമെ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടുള്ളൂ. 1947 ഓഗസ്റ്റ് 14നും 1950 ജനുവരി 26നും. അതിനു ശേഷം അവിടെ പതാക ഉയര്‍ത്താറില്ല. കാരണം ആ പതാക അവര്‍ അംഗീകരിക്കുന്നില്ല എന്നത് തന്നെ. 2001ല്‍ മൂന്ന് ആക്റ്റിവിസ്റ്റുകള്‍ പ്രതിഷേധമെന്നോണം ആര്‍.എസ്.എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകടന്ന് പതാക ഉയര്‍ത്തി പ്രതിഷേധിക്കുകയുണ്ടായി. ഇത് അന്ന് വലിയ വാര്‍ത്തയായി. ഈ സംഭവം The Times Of India പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു:

"Tricolour hoisted at RSS center after 52 yrs" (ആര്‍.എസ്.എസ് ആസ്ഥാനത്ത് 52 വര്‍ഷങ്ങള്‍ക്ക് ശേഷം ത്രിവര്‍ണ പതാക ഉയര്‍ത്തി). (The Times of India. Nagpur. 26 January 2002).

ഇതിലൊരു വലിയ വൈരുധ്യം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. ഭരണഘടനയോടും ത്രിവര്‍ണ പതാകയോടും ഇവര്‍ക്ക് ബഹുമാനമില്ലെങ്കിലും ബാക്കിയുള്ളവരോട് പതാക ഉയര്‍ത്തണമെന്നും ദേശ സ്‌നേഹം തെളിയിക്കണമെന്നുമൊക്കെ ഇവര്‍ ഇടക്കിടക്ക് ആവശ്യപ്പെടുന്നത് കാണാം. ഈ അടുത്ത കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞത് അവിടെയുള്ള മദ്‌റസകളിലെല്ലാം പതാക ഉയര്‍ത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും വേണം എന്നാണ്!

റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയും ചില ദുഃസൂചനകളും

 ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി വിളിക്കപ്പെട്ടത് ബ്രസീലിലെ പ്രസിഡന്റ് ബോണ്‍സലാരോ ആയിരുന്നുവെന്നത് എല്ലാവരും ശ്രദ്ധിച്ചിരിക്കും. അതിഥിയെ കുറിച്ച് മോശം പറയരുതല്ലോ. എന്നാല്‍ ഈ അതിഥിയെ പറ്റി നല്ലത് പറയാന്‍ നോക്കിയിട്ട് ഒന്നുമില്ല, ഉള്ളത് മുഴുവന്‍ മോശം വാര്‍ത്തകളാണ്.

 ഇദ്ദേഹം ബ്രസീലിലെ ഒരു ഏകാധിപതിയാണെന്ന് പറയാം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇദ്ദേഹം പ്രസിഡന്റായത്. തൊട്ട് മുമ്പുള്ള പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കിയാണ് ഈ വ്യക്തി പ്രസിഡന്റായത് എന്നാണ് ബ്രസീലിയന്‍ മാധ്യമമായ The intercept റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലിയന്‍ പത്രപ്രവര്‍ത്തകനായ ഗ്രീന്‍ വാള്‍ഡ് പറയുന്നത് ഇദ്ദേഹമാണ് ജനാധിപത്യലോകം കണ്ടതില്‍ ഏറ്റവും വെറുക്കപ്പെട്ട പ്രസിഡന്റ് എന്നാണ്. ബ്രിട്ടീഷ് പ്രസിദ്ധീകരണമായ The Economist ഇയാളെ വിശേഷിപ്പിച്ചത് 'സ്വേഛാധിപതികളുടെ തലവന്‍' എന്നാണ്. ബ്രസീല്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക് പോകുന്നതാണ് എനിക്ക് താല്‍പര്യം എന്ന് ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കല്‍ പ്രതിപക്ഷത്തായിരിക്കെ ഇങ്ങനെ കൂടി പറഞ്ഞു: '(ഇപ്പോഴുള്ള) പ്രസിഡന്റിനെ വെടിവെച്ച് കൊന്നാലേ ബ്രസീലിനെ രക്ഷിക്കാന്‍ കഴിയൂ.' ഇയാളൊരു സ്ത്രീ വിരോധിയാണ്. സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്താറുണ്ട്.

എന്തിനാണു ഇയാളെ അതിഥിയായി വിളിച്ചത്?  ഇയാളെ അതിഥിയാക്കിയതിലൂടെ കേന്ദ്ര ഗവണ്‍മെന്റ് നമുക്ക് എന്ത് സന്ദേശമാണ് നല്‍കിയത്?

ആകര്‍ഷണ നിയമം പറയുന്നത് ശരിയാണ്: "Like attracts like.' 'സാമ്യമുള്ളത് സാമ്യമുള്ളതിനെ ആകര്‍ഷിക്കും!'