സുജൂദിന്റെ മഹത്ത്വം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

7. സുജൂദ് ചെയ്ത അവയവങ്ങളെ നരകം സ്പര്‍ശിക്കുകയില്ല  

നരകം ഭയാനകമാണ്. നരകശിക്ഷ കഠിനവുമാണ്. അത് സഹിക്കാന്‍ കഴിയുന്നവരില്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരാളുമില്ല. നരകശിക്ഷയെക്കുറിച്ച് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്;

''...മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്...'' (ക്വുര്‍ആന്‍ 2:24).

വേദനാജനകമായ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ വിശ്വാസിയും. നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ എന്തെന്ന് പ്രവാചകന്‍ﷺ അറിയിച്ചുതന്നിട്ടുണ്ട്. തീയിനാലുള്ള ഒരു ജോഡി ചെരുപ്പ് അണിയിക്കലാണ് അത്. അത് ധരിക്കുന്നവന്റെ തലച്ചോറ് ചൂടിന്റെ കാഠിന്യത്താല്‍ തിളച്ചുമറിയും. അങ്ങനെയുള്ള നരകത്തില്‍ പ്രവേശിച്ചവന് ചെറിയ ആശ്വാസം ലഭിക്കാനുള്ള കാരണമായി നബിﷺ പഠിപ്പിച്ചത് സുജൂദ് തന്നെയാണ്.

''...ആദം സന്തതിയെ സുജൂദ് ചെയ്ത അടയാളമൊഴിച്ച് നരകം തിന്നുന്നതാണ്. സുജൂദ് ചെയ്ത അടയാളം നരകത്തിന് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു...'' (മുസ്‌ലിം: 182).

8. പാപങ്ങള്‍ കൊഴിഞ്ഞുവീഴാന്‍ കാരണമാകുന്ന ഇബാദത്ത്

മനുഷ്യജീവിതത്തില്‍ അറിഞ്ഞും അറിയാതെയും വന്നുപോകുന്ന വലുതും ചെറുതുമായ നിരവധി പാപങ്ങളുണ്ട്. വന്‍പാപങ്ങള്‍ തൗബയിലൂടെ മാത്രമെ പൊറുക്കപ്പെടുകയൂള്ളൂ. എന്നാല്‍ ചെറിയ പാപങ്ങള്‍ ചില സല്‍കര്‍മങ്ങളിലൂടെ അല്ലാഹു പൊറുത്തുതരുമെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് സുജൂദ്. സുജൂദ് ചെയ്യുന്ന ഒരുവന്റെ പാപങ്ങള്‍ അവനില്‍നിന്ന് കൊഴിഞ്ഞ് വീഴുന്നതാണ്. നബിﷺ പറഞ്ഞു:

''ഒരു അടിമ നമസ്‌കാരത്തിന് വേണ്ടി എഴുന്നേറ്റുനിന്നാല്‍ അവന്റെ പാപങ്ങള്‍ മുഴുവന്‍ കൊണ്ടുവരപ്പെടും. അത് അവന്റെ മുതുകിലും പിരടിയിലും വെച്ചുകൊടുക്കും. എന്നിട്ട് അവന്‍ റുകൂഇലും സുജൂദിലും ആയിരിക്കെ ആ പാപങ്ങള്‍ അവനില്‍നിന്ന് കൊഴിഞ്ഞുവീഴും'' (ഇബ്‌നുഹിബ്ബാന്‍).

9. ആത്മാര്‍ഥതയുടെ അടയാളം

സുജൂദ് നിര്‍വഹിക്കേണ്ടത് നിഷ്‌കളങ്കമായിക്കൊണ്ടാണ്. ആരെങ്കിലും കാണാന്‍ വേണ്ടിയും പ്രശസ്തിയാഗ്രഹിച്ചും നിര്‍വഹിക്കുന്ന ഒരു കര്‍മത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ല. നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ മുഴുവനും അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചും അവനെ ഭയപ്പെട്ടും അവന്റെ കല്‍പന അനുസരിച്ചും അവന്റെ പ്രതിഫലം ആഗ്രഹിച്ചും ആയിരിക്കണം. അല്ലെങ്കില്‍ പ്രതിഫലത്തിനു പകരം ശിക്ഷയായിരിക്കും ലഭിക്കുക. മാത്രവുമല്ല, ആരെ കാണിക്കാനാണോ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചത് അവരില്‍നിന്നുതന്നെ പ്രതിഫലം ചോദിക്കുവാന്‍ അന്ത്യനാളില്‍ അല്ലാഹു കല്‍പിക്കും.

സുജൂദ് ചെയ്യുന്ന സമയത്തും ഇഖ്‌ലാസ് അഥവാ നിഷ്‌കളങ്കത അനിവാര്യമാണ്. ഇഖ്‌ലാസ് ഇല്ലാതെ സുജൂദ് ചെയ്താല്‍ അതുനിമിത്തം നിന്ദ്യരാകേണ്ടി വരും. അല്ലാഹു പറയുന്നു:

''കണങ്കാല്‍ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല. അവരുടെ കണ്ണുകള്‍ കീഴ്‌പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു'' (ക്വുര്‍ആന്‍ 68:42,43).

അന്ത്യനാളിലെ അതിഗൗരവ ഘട്ടമാണ് ഇവിടെ ഉദ്ദേശ്യം. ലോകരക്ഷിതാവായ അല്ലാഹു സൃഷ്ടികളെ വിചാരണക്കെടുക്കുന്ന അവസരത്തില്‍ അവിശ്വാസികള്‍ അങ്ങേയറ്റം നിന്ദ്യരും ഹീനരുമായിക്കൊണ്ട് ലജ്ജിച്ചു തലതാഴ്ത്തി കീഴ്‌പോട്ട് നോക്കിക്കൊണ്ടിരിക്കും. ഈ അവസരത്തില്‍ അവരോട് അല്ലാഹുവിന്റെ മുമ്പില്‍ സുജൂദ് (സാഷ്ടാംഗ നമസ്‌കാരം) ചെയ്യുവാന്‍ ആവശ്യപ്പെടുമെന്നും അവര്‍ക്കതിന് സാധിക്കുന്നതല്ലെന്നും അല്ലാഹു നമ്മെ അറിയിക്കുകയാണ്. ഇഹത്തില്‍വെച്ച് അല്ലാഹുവിന് സുജൂദ് ചെയ്യാനുള്ള ക്ഷണം അവര്‍ നിരസിക്കുകയാണുണ്ടായത്. എന്നാല്‍, ഇപ്പോള്‍ അവര്‍ അതിന് പരിപൂര്‍ണമായും തയ്യാറാണ്. പക്ഷേ, അവര്‍ക്കതിന് സാധ്യമാകുകയില്ല. അവരോട് ഈ അവസരത്തില്‍ സുജൂദ് ചെയ്യുവാന്‍ ആവശ്യപ്പെടുന്നതിന്റെ ഉദ്ദേശ്യം, അവരെ വഷളാക്കലും നിന്ദിക്കലുമാണെന്ന് വ്യക്തമാണല്ലോ.

അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം; നബിﷺ പറഞ്ഞു: ''...സത്യവിശ്വാസികളായ ഓരോ പുരുഷനും സ്ത്രീയും അല്ലാഹുവിന് സുജൂദ് ചെയ്യും. ഇഹത്തില്‍വെച്ച് കീര്‍ത്തിക്കും പ്രശസ്തിക്കും വേണ്ടി സുജൂദ് ചെയ്തുവന്നിരുന്നവര്‍ ബാക്കിയാകും. ഈ അവസരത്തില്‍ അവരും സുജൂദ് ചെയ്യുവാന്‍ ശ്രമിക്കും. എന്നാല്‍ അവരുടെ മുതുക് (വളയാതെ) ഒരേ നട്ടെല്ലായിത്തീരുന്നതാണ് (അവര്‍ക്ക് സുജൂദ് ചെയ്യാന്‍ സാധിക്കുകയില്ല)'' (ബുഖാരി: 4919).

സുജൂദ് നാലുതരമുണ്ട്: 1)നമസ്‌കാരത്തില്‍ നിര്‍വഹിക്കുന്ന സുജൂദ് (നിര്‍ബന്ധമായതും ഐഛികമായതുമായ നമസ്‌കാരത്തിന്റെ ഭാഗമായുള്ളത്). 2) സുജൂദുസ്സസഹ്‌വ് (നമസ്‌കാരത്തില്‍ മറവി സംഭവിച്ചാല്‍ നിര്‍വഹിക്കുന്ന സുജൂദ്) 3) ശുക്‌റിന്റെ (നന്ദിയുടെ) സുജൂദ്. 4) തിലാവത്തിന്റെ സുജൂദ് (ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സുജൂദിന്റെ വചനം (ആയത്ത്) പാരായണം ചെയ്താല്‍ നിര്‍വഹിക്കുന്ന സുജൂദ്).

നന്ദിയുടെ സുജൂദിനെക്കുറിച്ച് അല്‍പം വിശദീകരിക്കാം: ഒരു സത്യവിശ്വാസിക്ക് ജീവിതത്തില്‍ ഏതെങ്കിലും പ്രയാസം നീങ്ങുക, ഐശ്വര്യം കൈവരുക എന്നതൊക്കെ  സന്തോഷമുണ്ടാക്കുന്ന കാര്യമാണല്ലോ. ഇത്തരം ഘട്ടങ്ങളില്‍ നന്ദിസൂചകമായി ചെയ്യുന്ന സുജൂദാണ് ശുക്‌റിന്റെ സുജൂദ്. ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ടുവന്ന ഹദീഥുകളില്‍ ചിലത് ഇവിടെ ഉദ്ധരിക്കാം:

അബൂബക്ര്‍(റ)വില്‍നിന്നും നിവേദനം: ''പ്രവാചകന്‍ﷺ അദ്ദേഹത്തിന് സന്തോഷമുള്ള വല്ല വാര്‍ത്തയും സംഭവിക്കുകയോ അറിയിക്കപ്പെടുകയോ ചെയ്താല്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദില്‍ വീഴാറുണ്ടായിരുന്നു'' (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി എന്നീ നാല് ഇമാമുമാരും ഉദ്ധരിച്ച ഹദീഥാണിത്. ശൈഖ് അല്‍ബാനി ഹസനായി രേഖപ്പെടുത്തിയിട്ടുണ്ട്).

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) പറയുന്നു: ''ഒരിക്കല്‍ റസൂല്‍ﷺ തന്റെ വീട്ടില്‍നിന്നും പുറത്ത് വരികയും സ്വദക്വ (ദാനധര്‍മവസ്തുക്കള്‍) സൂക്ഷിക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നിട്ട് ക്വിബ്‌ലയെ മുന്‍നിര്‍ത്തി അദ്ദേഹം സുജൂദില്‍വീണു. വളരെയധികം നേരം അദ്ദേഹം സുജൂദില്‍ തുടര്‍ന്നു. ശേഷം അദ്ദേഹം തന്റെ തലയുയര്‍ത്തി. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ജിബ്‌രീല്‍(അ) എന്റെ അരികില്‍ വരികയും എനിക്കൊരു സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു; പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു താങ്കളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്; ആരെങ്കിലും താങ്കളുടെമേല്‍ സ്വലാത്ത് ചൊല്ലിയാല്‍ ഞാനും അവന്റെമേല്‍ സ്വലാത്ത് ചൊല്ലും. ആരെങ്കിലും താങ്കളുടെമേല്‍ സലാം പറഞ്ഞാല്‍ ഞാനും അവന്റെ മേല്‍ സലാം പറയും. അത് കേട്ടപ്പോഴാണ് ഞാന്‍ അല്ലാഹുവിനുള്ള നന്ദിയെന്നോണം സുജൂദ് ചെയ്തത്'' (ഇമാം അഹ്മദ് ഉദ്ധരിച്ചത്. ശുഐബ് അല്‍അര്‍നാഊത്ത് ഹസനായി രേഖപ്പെടുത്തിയ ഹദീഥ്).

'അല്ലാഹു അവന്റെമേല്‍ സ്വലാത്ത് ചൊല്ലും' എന്നതിന്റെ വിവക്ഷ അവനെ സംബന്ധിച്ച് അല്ലാഹുവിന്റെ സന്നിധിയില്‍ ഉള്ളവരോട് പുകഴ്ത്തിപറയും എന്നതാണ്. ഇപ്രകാരമാണ് സലഫുസ്സ്വാലിഹുകള്‍ വിശദീകരിച്ചിട്ടുള്ളത്. അതുപോലെ അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും സ്വലാത്ത് എന്ന പ്രയോഗം വിശുദ്ധ ക്വുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ശൈഖ് ഇബ്‌നുബാസിന്റെ ഈ വിശദീകരണം പരിശോധിക്കുക: http://www.binbaz.org.sa/mat/9051

ഇമാം ഇബ്‌നുല്‍ക്വയ്യിം(റഹി) പറയുന്നു: ''(തനിക്ക് അല്ലാഹു പൊറുത്ത് തന്നതായി) സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് വന്നയാളുടെ ശബ്ദം കേട്ടപാട് കഅബ്ബിന്‍മാലിക്(റ) സുജൂദ് ചെയ്തു എന്നതില്‍നിന്നു തന്നെ, ശുക്‌റിന്റെ സുജൂദ് എന്നത് സ്വഹാബത്ത് സാധാരണ ചെയ്യാറുണ്ടായിരുന്ന ഒരു കാര്യമാണ് എന്ന് വളരെ വ്യക്തമാണ്. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോഴും പ്രയാസങ്ങള്‍ നീങ്ങുമ്പോഴും നിര്‍വഹിക്കുന്ന ശുക്‌റിന്റെ സുജൂദ് ആണത്. പ്രവാചകത്വം അവകാശപ്പെട്ട കള്ളനായ മുസൈലിമത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മഹാനായ അബൂബക്ര്‍ സ്വിദ്ദീക്വ്(റ)ശുക്‌റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. (ഖവാരിജുകളുമായി യുദ്ധം ചെയ്ത വേളയില്‍ അവരുടെ അടയാളമായി അവരോടൊപ്പം ഉണ്ടാകുമെന്ന് നബിﷺ പ്രവചിച്ച, കൈമുട്ടിന് മുകളിലുള്ള ഭാഗത്ത് മുലപോലെ ഇറച്ചി തൂങ്ങിയ ഹുര്‍ഖൂസ് ബിന്‍സുഹൈര്‍ എന്ന)  മനുഷ്യനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ അലി(റ)യും ശുക്‌റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. അതുപോലെ തന്റെമേല്‍ ആര് സ്വലാത്ത് ചൊല്ലുന്നുവോ അവരുടെമേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും എന്ന് ജിബ്രീല്‍(അ) സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ നബിﷺയും സുജൂദ് ചെയ്തിട്ടുണ്ട്...'' (സാദുല്‍ മആദ് 3/511).

ശുക്‌റിന്റെ സുജൂദിന്റെ രൂപം

സാധാരണ നമസ്‌കാരത്തിലോ അല്ലാതെയോ നിര്‍വഹിക്കപ്പെടുന്ന സുജൂദുകളെപ്പോലെത്തന്നെ യാണ് ശുക്‌റിന്റെ സുജൂദിന്റെ രൂപവും. എന്നാല്‍ നമസ്‌കാരത്തിലെ സുജൂദുകള്‍ക്ക് ആവശ്യമായ അംഗശുദ്ധി പോലെയുള്ള നിബന്ധനകള്‍ ശുക്‌റിന്റെ സുജൂദിന് ബാധകമാണോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് സ്വീകാര്യയോഗ്യമാവാന്‍ അംഗശുദ്ധി ഒരു നിബന്ധനയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം സന്തോഷത്തിന്റെ സന്ദര്‍ഭത്തില്‍ പ്രവാചകനും സ്വഹാബത്തും നേരിട്ട് സുജൂദ് നിര്‍വഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനു മുമ്പ് അവര്‍ അംഗശുദ്ധി വരുത്തിയതായോ, വരുത്താന്‍ കല്‍പിച്ചതായോ പ്രതിപാദിക്കപ്പെട്ടിട്ടില്ല. അതുപോലെ തക്ബീര്‍ കെട്ടലും സലാംവീട്ടലും ശുക്‌റിന്റെ സുജൂദില്‍ ഇല്ല. നേരിട്ട് സുജൂദിലേക്ക് പോകുകയാണ് ചെയ്യുന്നത്. അതില്‍നിന്ന് നേരിട്ട് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. അപ്രകാരമാണ് ഹദീഥുകളില്‍ കാണാന്‍ സാധിക്കുന്നത്. ഒരൊറ്റ സുജൂദ് ആണ് ശുക്‌റിന്റെ സുജൂദ്. ഈ നിയമങ്ങളിലെല്ലാം ക്വുര്‍ആന്‍ പാരായണത്തിന്റെ സുജൂദും ശുക്‌റിന്റെ സുജൂദ് പോലെത്തന്നെയാണ്.  

ശുക്‌റിന്റെ സുജൂദില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത്?

മറ്റേത് സുജൂദിലും പ്രാര്‍ഥിക്കുന്ന പ്രാര്‍ഥന തന്നെയാണ് ഇതിലും പ്രാര്‍ഥിക്കേണ്ടത്. അതോടൊപ്പം അല്ലാഹുവെ ധാരാളമായി സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യാം. അതാണല്ലോ ശുക്‌റിന്റെ സുജൂദിന്‍ന്റെ ഉദ്ദേശ്യവും. എന്നാല്‍ ശുക്‌റിന്റെ സുജൂദിനായി പ്രത്യേകം ഒരു പ്രാര്‍ഥനയില്ല.

Ref:

1) ക്വുര്‍ആന്‍

2) ബുഖാരി

3) മുസ്‌ലിം

4) വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി.

5) ശുക്‌റിന്റെ സുജൂദ്; രൂപവും പ്രാര്‍ഥനയും-അബ്ദുറഹ്മാന്‍ അബ്ദുല്ലത്വീഫ്. പി.എന്‍ (https://www.fiqhussunna.com/2014/11/blogpost_27.html)