ടിപ്പു സുല്‍ത്താന്‍: വിരോധത്തിന്റെ മതവും രാഷ്ട്രീയവും

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2020 ഫെബ്രുവരി 22 1441 ജുമാദല്‍ ആഖിറ 23

(ടിപ്പു സുല്‍ത്താന്‍: ചരിത്രം വീണ്ടും വായിക്കുമ്പോള്‍: 2)

ജാതീയതയും ടിപ്പുവും

സംഘപരിവാര പ്രഭൃതികള്‍ക്ക് ടിപ്പുവിനോടുള്ള അമര്‍ഷത്തിന്റെ മുഖ്യകാരണം അദ്ദേഹം ജാതീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സാമൂഹികക്രമം രാജ്യത്ത് നടപ്പില്‍ വരുത്തിയില്ല എന്നതാണ്. മാനവിക വിരുദ്ധമായ വര്‍ണാശ്രമ ധര്‍മവ്യവസ്ഥ സമൂഹത്തില്‍ നിലനിര്‍ത്തിയാല്‍ മാത്രമേ അതിനെ ഉപജീവിച്ചുകൊണ്ട് വളര്‍ന്ന 'സംഘ'ത്തിന് നിലനില്‍ക്കാന്‍ കഴിയൂ. ജനാധിപത്യവ്യവസ്ഥയില്‍ അവര്‍ണരുടെ വോട്ട് കൈക്കലാക്കാന്‍ അവരെ സൂത്രത്തില്‍ കൂടെ നിര്‍ത്തുന്നത് വേറെ കാര്യം. ഇന്ത്യയിലെ മുസ്ലിം രാജഭരണകാലങ്ങളില്‍ പൊതുവെയും ടിപ്പുവിന്റെ കാലഘട്ടത്തില്‍ പ്രത്യേകിച്ചും നടന്ന  സാമൂഹ്യ പരിഷ്‌കരണമായിരുന്നു അവര്‍ണ ജനവിഭാഗങ്ങള്‍ അനുഭവിച്ച ആശ്വാസം. ജാതീയതയുടെ അടിമച്ചങ്ങലകളില്‍പ്പെട്ട് നിത്യദുരിതമനുഭവിക്കുന്ന അനേകര്‍ക്ക് മുസ്ലിം ഭരണകാലഘട്ടങ്ങളില്‍ മാനവിക പരിഗണന നല്‍കപ്പെട്ടു. കറുത്തവനും വെളുത്തവനും സവര്‍ണനും അവര്‍ണനും ഇസ്ലാമിന്റെ കണ്ണില്‍ സ്വാഭാവികമായും മനുഷ്യരായിരുന്നു. സ്വാഭാവികമായും ഇതില്‍ ഏറ്റവുമധികം അലോസരപ്പെട്ടത് ഇവിടെയുള്ള മേല്‍ജാതിക്കാരായിരുന്നു. അവര്‍ണര്‍ മാനുഷികമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നത് തടസ്സപ്പെടുത്താന്‍ പഴയകാലത്തും കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ സവര്‍ണഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഈ വസ്തുതയിലേക്ക് വെളിച്ചും വീശുന്ന ഒരു പ്രസ്താവന ആര്‍.എസ്.എസിന്റെ അവതാരപുരുഷനായ ഗോള്‍ വാള്‍ക്കറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അദ്ദേഹം എഴുതുന്നു. ''ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ നമ്മുടെ സാമൂഹിക സംവിധാനത്തില്‍ ആദ്യമായി ഇടപെട്ട മതം ഇസ്ലാമാണ്. ഇന്‍ഡ്യയിലെ നമ്മുടെ വര്‍ഗ-ജാതി ഘടനയെ ഇസ്ലാം വെല്ലുവിളിച്ചു. ഇസ്ലാമിനുശേഷം വന്ന എല്ലാ വിഭാഗങ്ങളും നമ്മെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തില്‍ അതേ വെല്ലുവിളി ഉയര്‍ത്തുകയാണ് ചെയ്തത്.'' (Thought on some current problems, 1948, Page: 26)

സാമ്രാജ്യങ്ങള്‍ക്കും യുദ്ധത്തിനും വേണ്ടി നടത്തപ്പെട്ട മനുഷ്യക്കുരുതികള്‍ രാജഭരണ കാലഘട്ടങ്ങളില്‍ സാര്‍വത്രികമായിരുന്നു. മുസ്ലിം രാജാക്കന്‍മാരും ഹിന്ദു രാജാക്കന്‍മാരും ഇപ്രകാരമുള്ള യുദ്ധങ്ങള്‍ നടത്തിയതായി ഇന്ത്യാചരിത്രങ്ങളില്‍ കാണാം. ഇത്തരക്കാരെ വെള്ള പൂശാനുള്ള ഒരു ശ്രമവും മുസ്ലിം പക്ഷത്തുനിന്ന് ഉണ്ടായതായി ഈ ലേഖകന് അറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഇത്തരക്കാരെ മാറ്റിനിര്‍ത്തി നീതിമാന്‍മാരായ മുസ്ലിം ഭരണാധികാരികളെ മാത്രം സംഘപരിവാരം ഉന്നംവെക്കാനുള്ള കാരണം നേരത്തെ ഗോള്‍വാള്‍ക്കര്‍ സൂചിപ്പിച്ചതാണ്. അതെ, ടിപ്പുവിന്റെ കാലഘട്ടത്തില്‍ അവര്‍ണ ജനവിഭാഗങ്ങള്‍ മാനസികമായും സാംസ്‌കാരികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ചു. അടിസ്ഥാന വിഭാഗങ്ങളുടെയും അവരുടെ ജീവിതവൃത്തിയായ കൃഷി വേലയെയും സുല്‍ത്താന്‍ പ്രോത്സാഹിപ്പിച്ചു. അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ ആവിഷ്‌കരിച്ചു. ഇന്നത്തെപ്പോലെ കേവല രാഷ്ട്രീയ ലാഭത്തിനുവേണ്ടിയായിരുന്നില്ല അത്.

പലര്‍ക്കും വിശ്വസിക്കാന്‍ വിഷമം തോന്നും, എല്ലാ പ്രജകളും തന്നില്‍ ദൈവത്താല്‍ ഏല്‍പിക്കപ്പെട്ടവരാണെന്നുള്ള ദൃഢവിശ്വാസക്കാരനായ ടിപ്പു തന്റെ രാജ്യത്തെ കൃഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി അതിനുമുമ്പും പിമ്പും ഇന്ത്യയില്‍ ഒരു ഭരണാധികാരിയും ചെയ്തിട്ടില്ലാത്തതുപോലെ മനഃപൂര്‍വം ബുദ്ധിമുട്ടിയിട്ടുണ്ട്. ധനതത്ത്വശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും തരിപോലും താണ്ടാത്ത കാലത്തും നേരിട്ട് കൃഷി ചെയ്യുന്നവന്റെ ഐശ്വര്യത്തിനുവേണ്ടി ടിപ്പു ചെലുത്തിയിരുന്ന ശ്രദ്ധയും നടപടികളും ആശ്ചര്യപൂര്‍വം പ്രശംസിക്കുന്ന ജെയിംസ് മില്‍ എഴുതിയത് കാണുക:

''കൈകൊണ്ട് പ്രയത്നിക്കുന്നവരുടെ ഐശ്വര്യമാണ് രാജ്യത്തിന്റെ ഐശ്വര്യമെന്ന് കാണാന്‍ ടിപ്പുവിന് കണ്ണുണ്ടായിരുന്നു. വളരെ സംസ്‌കൃതമായ സമൂഹത്തിലെ ഭരണാധികാരികള്‍ക്ക് കാണാന്‍ കഴിയാത്ത ഈ സത്യം മനസ്സിലാക്കിയ ടിപ്പു, ഇടത്തട്ടുകാരില്‍ നിന്നും ശരിയായ കൃഷിക്കാരെ രക്ഷിക്കുകയെന്ന ദുസ്സാധ്യകൃത്യം തന്റെ സ്ഥിരം ചുമതലയായി കണക്കാക്കി വന്നു.'' (Mill & Wilson, Vol, Page: 148)

മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കീഴാളസ്ത്രീകള്‍ മുറവിളി കൂട്ടിയത് ഈ അടുത്തകാലത്ത് മാത്രമാണ് എന്നു നമുക്കറിയാം. എന്നാല്‍ ടിപ്പു ആ സ്വാതന്ത്ര്യം അവര്‍ണര്‍ക്ക് തന്റെ അധികാരമുപയോഗിച്ച് വകവെച്ചു നല്‍കി. പടയോട്ടം നടന്ന സ്ഥലങ്ങളിലെല്ലാം ഉച്ചനീചത്വങ്ങള്‍ക്കെതിരെ രാജകല്‍പന പുറപ്പെടുവിക്കാനും ടിപ്പു മടിച്ചില്ല. അതിന്റെ സാമൂഹിക പ്രത്യാഘാതം ആ വിപ്ലവകാരിക്ക് പ്രശ്നവുമല്ലായിരുന്നു. തൃശൂര്‍ ജില്ലയിലെ 'ചേലക്കര' എന്ന പ്രദേശത്തെ അവര്‍ണ വിഭാഗങ്ങളോട് മാറുമറച്ച് മാന്യതയാര്‍ജ്ജിക്കാന്‍ ടിപ്പു നിര്‍ദേശിച്ചു. അങ്ങനെയാണ് പ്രസ്തുത പ്രദേശത്തിന് 'ചേലക്കര' എന്ന പേര്‍ ലഭിച്ചത്.

ഇന്‍ഡ്യാ ഉപഭൂഖണ്ഡത്തിലെ എത്രയോ നാട്ടുരാജ്യങ്ങളില്‍ ഹിന്ദു രാജാക്കന്‍മാര്‍ ഭരണം നടത്തിയിട്ടും ജാതീയതക്കെതിരെ ചെറുവിരല്‍ അനക്കിയിട്ടുണ്ടോ എന്ന് എല്ലാ നിഷ്പക്ഷമതികളും ചിന്തിക്കേണ്ടതുണ്ട്. ഇവിടെയാണ് ടിപ്പുവും ഇതര രാജാക്കന്‍മാരും തമ്മിലുള്ള സാമൂഹിക അന്തരം. വളരെ സജീവമായ ഒരു മനസ്സായിരുന്നു ടിപ്പുവിന്റെതെന്നും ആ മനസ്സിന് വിദ്യാഭ്യാസപരമായ നല്ല സജ്ജീകരണങ്ങള്‍  ഉണ്ടായിരുന്നെന്നും നമുക്ക് മനസ്സിലാക്കാം. വിവിധ വിഷയങ്ങളിലുള്ള രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ തിരക്കിട്ട ജീവിതത്തിലും ഗ്രന്ഥപാരായണത്തിനുള്ള സമയം അദ്ദേഹം നീക്കിവെച്ചതായി ചരിത്രത്തില്‍ നാം കാണുന്നു. (Kirmani, Page: 200). ടിപ്പുവിന് പല യൂറോപ്യന്‍ ഭാഷകളും വശമുണ്ടായിരുന്നതായി ഫ്രഞ്ച് ചരിത്രകാരനായ മിഷോഡ് പ്രസ്താവിക്കുന്നു.

ക്രിസ്തീയ സംഘടനകള്‍ ടിപ്പുവിനെ എതിര്‍ക്കുന്നത് എന്തുകൊണ്ട്?

സംഘപരിവാരത്തിന്റെ ടിപ്പു വിരോധത്തിന്റെ കാരണങ്ങള്‍ നാം കണ്ടു. എന്നാല്‍ ക്രിസ്തീയ വിഭാഗങ്ങള്‍ എന്തുകൊണ്ട് ടിപ്പു ജയന്തിയോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളില്‍ പങ്കുകൊണ്ടു എന്ന ചോദ്യത്തിന് ഉത്തരം ഉപരിപ്ലവമായി കാണുക സാധ്യമല്ല. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരോധം മറച്ചുവെക്കാന്‍  ചരിത്രകാരന്‍മാര്‍ക്കു സാധ്യമല്ല. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ നേര്‍ക്കുനേര്‍ പൊരുതിമരിച്ച ഒരേയൊരു ഇന്ത്യന്‍ രാജാവാണ് ടിപ്പു സുല്‍ത്താന്‍. ഇംഗ്ലീഷാധിപത്യകാലത്ത് അതിന്റെ ഉപോല്‍പന്നമായി ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഇംഗ്ലീഷുകാരുടെ ശത്രുവായ ടിപ്പുവിനെ സ്വന്തം ശത്രുവായി ക്രൈസ്തവ മതമൗലികവാദികള്‍ കരുതിയത് സ്വാഭാവികം മാത്രം. എന്നാല്‍ ആധുനിക കാലത്തെ ക്രൈസ്തവ വര്‍ഗീയതയുടെ ടിപ്പുവിരോധത്തിന്റെ കാരണങ്ങള്‍ അതില്‍നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയില്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു തീവ്രവാദ സംഘടനകള്‍ മതന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് വാളുയര്‍ത്തുമ്പോള്‍ ഹിന്ദു ദേശീയതയുടെ ഓരം ചേര്‍ന്നാണ് തങ്ങളും നില്‍ക്കുന്നത് എന്ന് സംഘപരിവാരത്തെ ബോധ്യപ്പെടുത്തുകയാണിവര്‍. അതിനായി ടിപ്പു ക്രൈസ്തവ ദേവാലയങ്ങളും തകര്‍ത്തിരുന്നു എന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. മുസ്ലിം 'ആക്രമണങ്ങളില്‍' ഹിന്ദുക്കളും ക്രൈസ്തവരും തുല്യദുഃഖിതരാണ് എന്ന് പ്രതീതി ജനിപ്പിക്കുകയാണിവര്‍. തന്മൂലം തങ്ങളുടെ പൂര്‍വികരുടെ ബ്രിട്ടീഷ് ഭക്തി തന്ത്രപൂര്‍വം മറച്ചുവെക്കാം. അതോടൊപ്പം സംഘപരിവാരത്തിന്റെ ഇഷ്ടക്കാരാവുകവഴി അവരില്‍നിന്ന് നേരിടേണ്ടി വന്നേക്കാവുന്ന ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. ഇതല്ലാതെ മറ്റ് കാരണങ്ങള്‍ ഒന്നുംതന്നെ ക്രിസ്തീയ ടിപ്പുവിരോധത്തിനില്ല എന്നതാണ് വസ്തുത. പി.കെ ബാലകൃഷ്ണന്‍ എഴുതുന്നു. ''ഡച്ച് കമ്പനിയുടെയും ഇംഗ്ലീഷ് കമ്പനിയുടെയും സില്‍ബന്ധികളെന്ന നിലയില്‍ ക്രിസ്ത്യാനികള്‍ക്കും നേരിട്ടിട്ടുണ്ട് ചില ദുരനുഭവങ്ങള്‍. അവരും എഴുതിവെച്ചിട്ടുണ്ട് ടിപ്പുവിന്റെ മതഭ്രാന്തിനെപ്പറ്റി പലതും.'' (ടിപ്പു സുല്‍ത്താന്‍, പേജ് 133).

ടിപ്പു ഹിന്ദു വിരുദ്ധനോ?

''ടിപ്പുവിന്റെ മതഭ്രാന്ത് സൂര്യപ്രകാശംപോലെ തെളിവാവശ്യമില്ലാത്ത ഒന്നായിട്ടാണ് ചരിത്രകാരന്‍മാര്‍ അംഗീകരിച്ചിരുന്നത്. യാതൊരു രാഷ്ട്രീയബന്ധവുമില്ലാതെ അന്യമതക്കാരനാണെന്ന കാരണം കൊണ്ടുമാത്രം, ഏതെങ്കിലും വിഭാഗത്തെ എപ്പോഴെങ്കിലും ടിപ്പു ദ്രോഹിച്ചതായി സ്പഷ്ടമായൊരുദാഹരണവുമില്ല. തെളിവുകളന്വേഷിച്ചു ചെല്ലുമ്പോള്‍ ഈ അന്യമത ധ്വംസനത്തിന്റെ തെളിവത്രയും മലബാറില്‍ നിന്നാണെന്ന് കാണാം. പക്ഷേ അവിടെത്തന്നെ കേട്ടുകേള്‍വിയാണ് ഓരോ സംഭവത്തിനും അടിസ്ഥാനം. മലബാറില്‍നിന്ന് (ജന്മിപ്രഭുത്വത്തില്‍നിന്നും) അധികാരഭ്രഷ്ടരാക്കപ്പെട്ട നായന്‍മാരും നമ്പൂതിരിമാരുമാണ് ഈ കേട്ടവരും കുറിച്ചവരുമെന്ന് പറയുമ്പോള്‍ പിന്നിലുള്ള ആത്മാര്‍ഥത മനസ്സിലാകുമെങ്കിലും അന്തഃപ്രചോദനം പരിശുദ്ധമാണെന്ന് സമ്മതിക്കാനാവില്ല. ആധുനിക രീതിയിലുള്ള ഒരു രാഷ്ട്രത്തിന്റെ ഉയര്‍ച്ചയില്‍ രാഷ്ട്രീയം, സാമ്പത്തികം, മതപരം എന്നീ മൂന്നവകാശങ്ങളും തുലഞ്ഞ് കാട്ടില്‍ കഴിയേണ്ടിവരുന്നൊരു വിഭാഗം ടിപ്പുവിന്റെ 'ദുഷ്ട ക്രൂരനിഷ്ടമായ' മതഭ്രാന്തുകണ്ട് നിഷ്‌കളങ്കമായി ഞെട്ടിയെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷേ ഇന്നുള്ളവര്‍ അത് സ്വീകരിക്കുന്നതില്‍ വളരെ തെറ്റുണ്ട്. 1782 മുതല്‍ 92 വരെ മൈസൂറിലെ മതഭ്രാന്തന്‍ 'ഇസ്ലാം അല്ലെങ്കില്‍ മരണ'മെന്ന് ഇവര്‍ പറയുന്നതുപോലെ ഗര്‍ജിച്ചുനടന്നിട്ട് കേരളത്തില്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ് മുസ്ലിംകള്‍ പുതിയതായി വര്‍ധിച്ചതെന്ന് ആരും പറയുന്നില്ല.

അതുപോലെ തന്നെ ടിപ്പുവിനെതിരായി മലബാറിലെ മാപ്പിളമാര്‍ വലിയ ലഹള നടത്തുന്നത് സാമൂതിരി വംശത്തിലെ രവിവര്‍മയും നായന്‍മാരും കൂട്ടുചേര്‍ന്ന് മൈസൂര്‍ ഗവര്‍ണര്‍ക്ക് വേണ്ടി അടിച്ചമര്‍ത്തുന്നത് ഇവര്‍ കാണുന്നില്ല. കണ്ടാല്‍ തന്നെയും മുസ്ലിംകള്‍ പോലും ലഹളക്കൊരുങ്ങത്തക്കവിധത്തില്‍ അയാള്‍ അത്ര ദുഷ്ടനായിരുന്നു എന്ന് ഒരാണി കൂടി ടിപ്പുവിന്റെ തലയില്‍ അവര്‍ തറയ്ക്കും.

ഹിന്ദു ക്ഷേത്രങ്ങളോട് ടിപ്പുവിന്റെ മനോഭാവത്തെക്കുറിച്ച് അതിശയകരമായ വിവരങ്ങളാണ് വെളിക്കുവന്നിരിക്കുന്നത്. ശൃംഗേരി മഠാധിപതിയില്‍ നിന്നും വെളിക്കുവന്നിട്ടുള്ള രേഖകളും കത്തുകളും ആരെയും അത്ഭുതപ്പെടുത്തും. 1791ല്‍ ബ്രാഹ്മണ സൈന്യാധിപന്റെ കീഴില്‍ കടന്നുപോയ മഹാരാഷ്ട്ര സൈന്യം മഠത്തില്‍പ്പെട്ട പലരെയും കൊല്ലുകയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്നും, മഠാധിപതി ക്ഷേത്രപുനരുദ്ധാരണത്തിന് സുല്‍ത്താന്റെ സഹായമപേക്ഷിച്ചെന്നും ടിപ്പു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതു കൂടാതെ അവിടുത്തെ ഗുരുവുമായി ബന്ധം പുലര്‍ത്തി വന്നുവെന്നും നേരെ പ്രതിപാദിക്കുന്ന രേഖകളാണ് അവയെല്ലാം. ആ ബന്ധത്തിന്റെ സ്വഭാവം കാണിക്കാന്‍ 1793ല്‍ സുല്‍ത്താന്‍ എഴുതിയ ഈ എഴുത്തിലെ ചില വാചകങ്ങള്‍ ഉദ്ധരിക്കാം. ''അങ്ങ് ജഗദ്ഗുരുവാണ്. ലോകം മുഴുവന്‍ വൃദ്ധിപ്പെടുന്നതിനും ജനങ്ങള്‍ സന്തുഷ്ടരാകുന്നതിനും അങ്ങ് എപ്പോഴും തപസ്സുകള്‍ അനുഷ്ഠിക്കുന്നയാളാണ്. അങ്ങയെപ്പോലുള്ള ദിവ്യാത്മാക്കള്‍ ഏത് രാജ്യത്ത് വസിക്കുന്നുവോ, സുഭിക്ഷമായ വര്‍ഷംകൊണ്ടും സമ്പന്നമായ വിളകള്‍കൊണ്ടും ആ രാജ്യത്തിനെപ്പോഴും ശ്രേയസ്സുണ്ടായിരിക്കും. നമ്മുടെയെല്ലാം ഐശ്വര്യത്തിന് വേണ്ടി ദയാപൂര്‍വം അങ്ങ് പ്രാര്‍ത്ഥിക്കുക.'' ടിപ്പുവിനെ ആത്മാര്‍ഥമായി ബഹുമാനിച്ചിരുന്ന ആ ജഗദ്ഗുരു, അതുപോലെ തന്നെ ടിപ്പുവില്‍ നിന്ന് സമ്പത്തും സമ്മാനങ്ങളും സ്വീകരിച്ചിരുന്ന നിരവധി ഹിന്ദു ക്ഷേത്രങ്ങളിലെ മഠാധിപന്‍മാരോടൊപ്പം ഒരുപക്ഷേ ആ സുല്‍ത്താന്റെ ശ്രേയസ്സിനുവേണ്ടി പ്രാര്‍ഥിച്ചിരുന്നിരിക്കാം. പക്ഷേ മതസഹിഷ്ണുക്കളായ പരിശുദ്ധ ഹിന്ദുക്കള്‍ പറഞ്ഞേക്കും, ഇസ്ലാം മതഭ്രാന്തനായ ടിപ്പുവിനുവേണ്ടി ആ ജഗദ്ഗുരു ഉള്ളില്‍ തട്ടി പ്രാര്‍ത്ഥിച്ചിരിക്കുകയില്ലെന്നും അതുകൊണ്ടാണ് ഹിന്ദുമത ധ്വംസകനായ ആ ദുഷ്ടന്‍ ആയുസ്സിന്റെ പകുതിയില്‍ തന്നെ ചത്തു തുലഞ്ഞതെന്നും. ഒരുപക്ഷേ അവര്‍ പറയുന്നതായിരിക്കാം ശരി!'' (ടിപ്പു സുല്‍ത്താന്‍, പി.കെ ബാലകൃഷ്ണന്‍. പേജ് 132-136).

ടിപ്പുവിന്റെ രക്തസാക്ഷ്യം

അവസാന യുദ്ധവും തുടര്‍ന്നുണ്ടായ രക്തസാക്ഷ്യവും എല്ലാവര്‍ക്കും നിര്‍ബന്ധിതമായി തന്നെ അംഗീകരിക്കേണ്ടിവരുന്നു. രാജ്യത്തിനുവേണ്ടിയും നീതിക്കുവേണ്ടിയും തന്റെ പ്രജകളുടെ ക്ഷേമത്തിനുവേണ്ടിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തവും ധീരവുമായി പൊരുതി ആ രാജകുമാരന്‍ രക്തസാക്ഷിയായി. യുദ്ധാവസാനത്തില്‍ ടിപ്പുവിന്റെ ജീവനറ്റ ശരീരത്തെക്കുറിച്ചുകൊണ്ട്  മേജര്‍ അല്ലന്‍ ഇങ്ങനെ വിവരിച്ചെഴുതിയിരിക്കുന്നു: ''കവാടത്തില്‍നിന്നും പുറത്തേക്ക് നീക്കപ്പെട്ടപ്പോള്‍ ടിപ്പുവിന്റെ കണ്ണുകള്‍ ശരിക്കും തുറന്നാണിരുന്നത്. ശരീരത്തിന് അപ്പോഴുമുണ്ടായിരുന്ന ചൂടുകൊണ്ട് ജീവനില്ലേ എന്ന് ഞാനും കേണല്‍ വെല്ലസ്ലിയും അല്‍പനേരം സംശയിച്ചു...'' ''ശരീരത്തില്‍ നാല് മുറിവുകളുണ്ടായിരുന്നു. മൂന്നെണ്ണം ശരീരത്തിലും ഒന്ന് വലതുചെവിയുടെ മുകള്‍ഭാഗത്തുകൂടി തുളഞ്ഞ് കവിളിലൂടെ എത്തിയിരുന്നു. അദ്ദേഹത്തിന് അഭിജാതമായ ഒരു ദാര്‍ശനികതയുണ്ടായിരുന്നു; ഒരുപക്ഷേ മുഖഭാവത്തില്‍ ഒരു നിശ്ചഞ്ചലത! സാധാരണ ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന ഒരാളാണെന്ന് ആ ഭാവം പ്രസ്പഷ്ടമാക്കി.'' (Major Allen. Quoted By Mill & Wilson Vol. IV, Page: 136)

അതിനു മുമ്പെന്ന പോലെ പില്‍ക്കാലങ്ങളിലും ഭത്സനപരമായല്ലാതെ ടിപ്പുവിനെ പരാമര്‍ശിച്ച ഇംഗ്ലീഷ് എഴുത്തുകാര്‍ വിരളമാണ്. പക്ഷേ ടിപ്പുവിന്റെ മരണത്തെക്കുറിച്ച് അവരെല്ലാം ബൗറിംഗ് രേഖപ്പെടുത്തിയ വികാരത്തില്‍ പങ്കുപറ്റി. ''ആ ശവകുടീരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ദുര്‍ബലമായ ശബ്ദവീചികള്‍ വരെ ഉയര്‍ന്ന മേല്‍ക്കൂരയില്‍തട്ടി അത്ഭുതകരമായ മുഴക്കത്തോടെ ശക്തമായി, അസ്പഷ്ടമായി താഴേക്ക് പ്രതിധ്വനിക്കാം. ആ സമയത്ത് യോദ്ധാവിനെപ്പോലെ മരിച്ച നിര്‍ഭാഗ്യവാനായ ആ രാജകുമാരനെപ്പറ്റി നിമിഷമാത്രമായ ഒരു സഹതാപം ഹൃദയത്തില്‍ പുകഞ്ഞുപൊങ്ങുന്നത് തടയാന്‍ ആര്‍ക്കും സാധ്യമല്ല.''

ടിപ്പുവിന്റെ മൃതദേഹം അടുത്തദിവസം തന്റെ പിതാവിന്റെ ഖബറിനുസമീപം മറമാടപ്പെട്ടു. വഴിയെ മൃതദേഹം പേറിയുള്ള വിലാപയാത്ര പോകുമ്പോള്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നുവെന്നും എല്ലാവരും കരയുകയായിരുന്നുവെന്നും ദൃക്സാക്ഷികളായ ഇംഗ്ലീഷുകാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അന്ധമായ ഇസ്ലാം മതവിരോധം കൊണ്ട് വസ്തുതകളെ വസ്തുനിഷ്ഠമായി കാണാന്‍ കഴിയാത്ത സഹോദരന്‍മാരോട് ഒരു ചോദ്യം: നാഴികക്ക് നാല്‍പതുവട്ടം രാജ്യസ്നേഹത്തെപ്പറ്റിയും സനാതന സഹിഷ്ണുതയെപ്പറ്റിയും വാചാലരാകുന്ന നിങ്ങളുടെ ഹൃദയങ്ങളില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അനശ്വരനായ ഒരു പോരാളിയെക്കുറിച്ച് അനാവശ്യം പറയാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?