മാര്‍ക്‌സിന്റെ കറുപ്പും മതംമാറുന്ന സൈദ്ധാന്തിക വിശദീകരണങ്ങളും

അഫ്താബ് കണ്ണഞ്ചേരി

2020 ജൂണ്‍ 06 1441 ശവ്വാല്‍ 14

കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ വിശ്വാസത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്കുള്ള പ്രയാണം ലോക്ക്ഡൗണ്‍ കാലത്തും വിളിച്ചു പറയുമ്പോഴും മതത്തെക്കുറിച്ച് വല്ലാതെ വാചാലരാണ് പാര്‍ട്ടികമ്യൂണിസ്റ്റുകള്‍. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന മാര്‍ക്‌സിയന്‍ വചനത്തെ എത്ര സമര്‍ഥിച്ചാലും മതിവരാതെ പാര്‍ട്ടി ക്ലാസ്സുകള്‍ എടുക്കുന്ന തിരക്കിലാണവര്‍. അത്തരമൊരു പരിശ്രമവുമായി ഒടുവില്‍ വന്നത് സഖാവ് പി. രാജീവാണ്.

മാര്‍ക്‌സിന്റെ പ്രശസ്തമായ ആ വരികളുടെ പരിഭാഷയില്‍ പല പ്രശ്‌നങ്ങളും കടന്നുവന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. 'Opium of the people' എന്നത് 'ജനതയുടെ കറുപ്പാണ്' എന്ന് പറഞ്ഞു വെക്കുന്ന അദ്ദേഹം കമ്യൂണിസ്റ്റുകള്‍ ഇതുവരെ മലയാളത്തില്‍ കൊടുത്ത പരിഭാഷ മുഴുവന്‍ തെറ്റാണ് എന്ന് പറയാനും മുതിരുന്നു. അതായത് 'മനുഷ്യനെ മയക്കും കറുപ്പ്,' 'മനുഷ്യനെ മയക്കുന്ന മരുന്ന്' എന്നീ പ്രയോഗങ്ങള്‍ അതിന്റെ ശരിയായ പരിഭാഷ അല്ല എന്നാണദ്ദേഹം പറഞ്ഞു വെക്കുന്നത്. പരിഭാഷയുടെ പ്രശ്‌നം എന്ന നിലയ്ക്ക് അതിനെ അവതരിപ്പിക്കുമ്പോഴും അദ്ദേഹം ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം പരിഭാഷയെ മുഴുവന്‍ ഇംഗ്ലീഷ് പരിഭാഷയെ മൂലകൃതിയായി കണ്ടുകൊണ്ട് വിമര്‍ശിക്കാന്‍ നോക്കി എന്നതാണ്.

കാറല്‍ മാര്‍ക്‌സിന്റെ 'Critique of Hegel's Philosophy of Right' അല്ലെങ്കില്‍ മലയാളത്തില്‍ 'ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന' എന്നൊക്കെ പറയാവുന്ന ലേഖനത്തിന്റെ മൂലകൃതി യഥാര്‍ഥത്തില്‍ ജര്‍മന്‍ ഭാഷയിലാണ്. 1843ല്‍ 'Zur Kritik der Hegelschen Rechtsphilosophie' എന്ന തലക്കെട്ടിലാണ് മാര്‍ക്‌സ് ഇത് എഴുതുന്നത്. മറ്റു പല പുസ്തകങ്ങളെയും പോലെത്തന്നെ ഇതും പ്രസിദ്ധീകരിക്കപ്പെട്ടത് മാര്‍ക്‌സിന്റെ മരണശേഷമാണ്. അതിലെ പ്രസിദ്ധമായ 'Die Religion... ist das Opium des Volkes' എന്ന വരികളുടെ പരിഭാഷയെയാണ് പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പി. രാജീവ് വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത്.

മൂലകൃതി ജര്‍മന്‍ ഭാഷയില്‍ ആണെന്നറിഞ്ഞിട്ടോ അല്ലാതെയോ അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയെ കേന്ദ്രീകരിച്ചുകൊണ്ട് പരിഭാഷയുടെ തെറ്റുകുറ്റങ്ങള്‍ നിരത്തുന്നുണ്ട്. മാര്‍ക്‌സിസത്തിന്റെ മതവിമര്‍ശനങ്ങള്‍ മുഴുവന്‍ ആ വാക്കുകളുടെ ചുറ്റും കറങ്ങിത്തിരിഞ്ഞു എന്നാണ് അദ്ദേഹം പരിഭവം പറയുന്നത്. ഇതും യഥാര്‍ഥത്തില്‍ ശരിയല്ല. മാര്‍ക്‌സിസത്തിന്റെ മൗലികമായ ആദര്‍ശത്തില്‍ നിന്നുകൊണ്ട് തന്നെ അതിനെ വിമര്‍ശനവിധേയമാക്കിയ ധാരാളം പഠനങ്ങള്‍ കേരളത്തില്‍ മതവിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എത്രയോ സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. ആ വസ്തുത നിലനില്‍ക്കെ ചരിത്രത്തോട് നീതി പുലര്‍ത്താത്ത അത്തരം വാക്കുകള്‍കൊണ്ട് മാര്‍ക്‌സിസത്തിനെതിരായ വിമര്‍ശനങ്ങളെ മറച്ചുപിടിക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കണം.

ഇനി എന്തുകൊണ്ട് 'കറുപ്പ്' പ്രയോഗം കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ മാര്‍ക്‌സിസം മതങ്ങളെ എങ്ങനെ കാണുന്നു എന്നതിന് വ്യക്തമായ ഉത്തരം നല്‍കുന്ന വചനമാണ് അത് എന്നതാണ് നേര്‍ക്കുനേരെയുള്ള ഉത്തരം. മനുഷ്യമോചന പ്രത്യയശാസ്ത്രം എന്ന നിലയില്‍ മനുഷ്യജീവിതത്തില്‍ ഇടപെടുന്ന മതങ്ങളെക്കുറിച്ച് മാര്‍ക്‌സിസത്തിന് നിലപാട് ഉണ്ടാവുക സ്വാഭാവികമാണ്. ആ നിലപാടുകളുടെ ഒരു സംക്ഷിപ്തരൂപം ഈ വാക്കുകളില്‍ നിന്ന് കിട്ടും എന്നത് കൂടിയാവാം അത് കൂടുതല്‍ പ്രയോഗിക്കപ്പെടാന്‍ കാരണം. പി രാജീവിന്റെ അഭിപ്രായത്തില്‍ ആ വിമര്‍ശനത്തില്‍ 'കറുപ്പിന്' ഗുണാത്മകവും നിഷധാത്മകവുമായ സവിശേഷതകള്‍ ഉണ്ട്, പക്ഷേ, വിമര്‍ശകര്‍ അത് മറന്നു എന്നു പറയുന്നുണ്ട്. ആ വിമര്‍ശനത്തെക്കുറിച്ച് പറയും മുമ്പ് പ്രസ്തുത വാക്കുകളെ നമുക്കൊന്ന് പരിശോധിക്കാം:

'മര്‍ദിതരുടെ നെടുവീര്‍പ്പാണ് മതം. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. ചൈതന്യരഹിത അവസ്ഥയിലെ ചൈതന്യമാണത്. അത് ജനങ്ങളെ മയക്കുന്ന കറുപ്പ് ആണ്'' (മാര്‍ക്സ്, ഹെഗലിന്റെ നിയമ ദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന).

രാജീവ് പറഞ്ഞ പോലെ ഇതും പരിഭാഷയാണ്. ഈ പരിഭാഷ പ്രശസ്ത മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനായ ദേബിപ്രസാദ് ചതോബാദ്ധ്യായയുടെ, ചിന്ത പബ്ലിക്കേഷന്‍സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ നിരീശ്വരവാദം' എന്ന പുസ്തകത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്. പ്രശ്‌നം കറുപ്പുമായി ബന്ധപ്പെട്ടതിനാല്‍ പരിഭാഷ ഇവിടെ ഒരു പ്രശ്‌നമല്ലല്ലോ. മാര്‍ക്‌സിനു മുമ്പും മതത്തെ കറുപ്പിനോട് ഉപമിച്ചവര്‍ ഉണ്ടായിട്ടുണ്ട് എന്നുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്; ജര്‍മന്‍ ഭാഷയില്‍ തന്നെ. ജര്‍മന്‍ ഫിലോസഫറായ നൊവാലിസും ജര്‍മന്‍ കവിയായിരുന്ന ഹെയ്ന്റിച് ഹെയ്നും ഇതേ അഭിപ്രായം പറഞ്ഞവരാണ്.

നമുക്ക് മാര്‍ക്‌സിലേക്ക് വരാം. ഈ വാക്കുകളില്‍ മതത്തെ മാര്‍ക്‌സ് വളരെ പോസിറ്റിവ് ആയി കാണുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന് വേണ്ടി ശബ്ദിച്ച അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതത്തിന്റെ അത്തരമൊരു പോസിറ്റിവ് വശം കാണാതെ പോവുക എന്നത് സത്യസന്ധമായ വിമര്‍ശനം ആയിരിക്കുകയില്ലല്ലോ. മാര്‍ക്‌സ് കണ്ട മതത്തിന്റെ നന്മകള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവന് ആശ്വാസം നല്‍കുന്നു എന്നതാണ്. ഈ ലോകത്ത് പ്രയാസങ്ങളുണ്ടെങ്കിലും വരാനുള്ള ലോകത്ത് നീതി ലഭിക്കുമെന്ന പ്രതീക്ഷ അത് മനുഷ്യന് സമ്മാനിക്കുന്നു. എങ്കിലും അത് കറുപ്പ് കൂടിയാണ്. മനുഷ്യനെ മയക്കുന്ന കറുപ്പ്. ആ പ്രയോഗം വഴി മതമെന്ന ആശയത്തിന്റെ 'നിരര്‍ഥകത' ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മാര്‍ക്സ് ശ്രമിക്കുന്നത്. ലഹരി കൃത്രിമമായ ഒരു ലോകം നമുക്ക് മുന്നില്‍ സൃഷ്ടിക്കുമല്ലോ. അത്തരം കൃത്രിമമായ ആശ്വാസമാണ് മതം നല്‍കുന്നത് എന്നും മനുഷ്യന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ മതം മനുഷ്യനില്‍ നിന്ന് മറച്ചുപിടിക്കുന്നുവെന്നുമാണ് മാര്‍ക്സ് പറഞ്ഞതിന്റെ സാരം. കേവല യുക്തിവാദികളില്‍ നിന്ന് മാര്‍ക്സിയന്‍ ഭൗതികവാദികളെ വേര്‍തിരിക്കുന്നത് മാര്‍ക്സിസത്തിന്റെ ഈ വീക്ഷണമാണ്. അവര്‍ മതത്തെ തീവ്രമായി എതിര്‍ക്കുകയോ ശത്രു പക്ഷത്തു നിര്‍ത്തുകയോ ചെയ്യുന്നില്ല. മറിച്ച് അതൊരു ലഹരിയാണ് എന്ന് മനുഷ്യനെ ഉല്‍ബോധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

ഇത് നിഷേധാത്മകമാണ് എന്ന വാദം പി. രാജീവിന് ഉണ്ടായേക്കാം. അതിന്റെ ഗുണാത്മക പ്രയോഗം കറുപ്പ് ആ കാലഘട്ടത്തില്‍ വേദനാസംഹാരിയായി ഉപയോഗിച്ചിരുന്നു എന്നുള്ളതാണ്. അതായത് മതം മനുഷ്യന്റെ വേദനകള്‍ മാറ്റുന്ന വേദനാസംഹാരിയായി വര്‍ത്തിക്കുന്നുവെന്നുള്ള അര്‍ഥം ആ വാക്കുകള്‍ക്ക് കല്‍പിക്കാം എന്ന്. പക്ഷേ, വേദനാസംഹാരികള്‍ ഒരിക്കലും രോഗം ഭേദമാക്കുകയില്ല എന്ന് നമുക്കറിയാമല്ലോ. മറിച്ച് അത് താല്‍ക്കാലിക ആശ്വാസം നല്‍കുക മാത്രമാണ് ചെയ്യുന്നത്. മതം വേദനസംഹാരിയാണ് എന്ന് പറയുക വഴി മനുഷ്യന്റെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ മതത്തില്‍ പരിഹാരങ്ങളില്ല, മറിച്ച് അത് താല്‍ക്കാലിക ആശ്വാസം മാത്രം നല്‍കുന്നു എന്ന് മാര്‍ക്സ് പറയാന്‍ ശ്രമിച്ചു എന്നല്ലേ അതിനര്‍ഥം?

ഇനി, ഈ ആശങ്കളുടെയും വ്യാഖ്യാനങ്ങളുടെയും ഒന്നും ആവശ്യമില്ല; ഇതിനെ തുടര്‍ന്ന് മാര്‍ക്‌സ് പറഞ്ഞ വരികള്‍ കൂടി നാം വായിക്കുകയാണെങ്കില്‍. അതിങ്ങനെയാണ്:

'ജനങ്ങളുടെ മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കുന്നത് അവരുടെ യഥാര്‍ഥ സുഖത്തിന് ആവശ്യമാണ്. ഈ അവസ്ഥയെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍ ത്യജിക്കാനുള്ള ആഹ്വാനം, ഈ വ്യാമോഹങ്ങള്‍ ആവശ്യമാക്കുന്ന സ്ഥിതി ത്യജിക്കാനുള്ള ആഹ്വാനമാണ്. അതിനാല്‍ മത്തെക്കുറിച്ചുള്ള വിമര്‍ശനം ദുഃഖസാഗരത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ഭ്രൂണരൂപമാണ്. ഈ ദുഃഖസാഗരത്തിന്റെ പരിവേഷമത്രെ മതം.

വിമര്‍ശനം ചങ്ങലയില്‍ നിന്ന് സാങ്കല്‍പിക പുഷ്പങ്ങളെ പറിച്ചെടുക്കുന്നത്, മനുഷ്യന്‍ മിഥ്യാബോധമോ ആശ്വാസമോ കൂടാതെ ചങ്ങല അണിയുമെന്ന് കരുതിയിട്ടല്ല. മറിച്ച്, അവന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു ജീവനുള്ള പൂവിറുക്കുമെന്നു കരുതിയാണ്. മതത്തിന്റെ വിമര്‍ശനം, മനുഷ്യനെ മിഥ്യയില്‍ നിന്നും മുക്തനും പ്രജ്ഞയിലേക്ക് വന്നവനുമായ ഒരാളെപ്പോലെ, ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും അവന്റെ യാഥാര്‍ഥ്യം രൂപപ്പെടുത്താനും ശക്തനാക്കുന്നു. അതുകൊണ്ട് അവന്‍ തനിക്ക് ചുറ്റും, തന്റെ സത്യസൂര്യനു ചുറ്റും പ്രദക്ഷിണം വെക്കും. മനുഷ്യന്‍ തനിക്ക് ചുറ്റും പ്രദക്ഷിണം വെക്കാത്തിടത്തോളം കാലം മാത്രം മനുഷ്യന് ചുറ്റും കറങ്ങുന്ന മിഥ്യാസൂര്യനാണ് മതം'' (അതേ പുസ്തകം, പ്രസ്തുത വചനത്തിന് ശേഷമുള്ള ഭാഗം).

കൃത്യമാണ് കാര്യങ്ങള്‍. കറുപ്പിനെ ഏത് പരിഭാഷ കൊണ്ട് അളന്നാലും മാര്‍ക്‌സ് ശേഷം പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മതമെന്നത് മനുഷ്യന് മിഥ്യാസുഖം നല്‍കുന്ന ഒന്നാണ് എന്നും അതിനെ ഇല്ലാതെയാക്കുക എന്നത് അവന്റെ യഥാര്‍ഥ സുഖത്തിന്, മാര്‍ക്‌സിസം മുന്നോട്ട് വെക്കുന്ന മോചനത്തിന് അത്യന്താപേക്ഷിതമാണ് എന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ബാക്കിയുള്ള അധരവ്യായാമങ്ങള്‍ എല്ലാം വൃഥാവിലാകുന്നതും അതുകൊണ്ടാണ്. കമ്യൂണിസത്തിലേക്കുള്ള പ്രയാണത്തില്‍ സമൂഹത്തിലെ ഭൂരിപക്ഷമായ വിശ്വാസികളുടെ കണ്ണുകളില്‍ ഇത്തരം നുറുങ്ങുവിദ്യകള്‍ കൊണ്ട് അന്ധകാരം സൃഷ്ടിക്കാം എന്നത് വ്യാമോഹമാകുന്നതും അതുകൊണ്ടാണ്. ലെനിനെ കൂടി വായിച്ചാല്‍ അത് നമുക്ക് ഒന്നുകൂടി ബോധ്യമാവും:

''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' മതത്തെ സംബന്ധിച്ചിടത്തോളം ഉള്ള മാര്‍ക്സിന്റെ പരിപൂര്‍ണ നിഗമനം ഈ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ മതങ്ങളെയും പള്ളികളെയും എല്ലാതരത്തിലുമുള്ള മതസംഘടനകളെയും തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യാനും അവരെ കൃത്രിമ ലഹരിയിലാഴ്ത്താനുമുള്ള ഉപകരണങ്ങള്‍ ആയിട്ടാണ് മാര്‍ക്സിസം കരുതുന്നത്''(മതത്തോടുള്ള തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സമീപനം: ലെനിന്‍).

ഇനി ആകെയുള്ളത് ഈ വാദങ്ങളുടെ സമ്മതമാണ്. അതായത് മതമെന്നത് ലഹരിയല്ലേ എന്ന തിരിച്ചുള്ള ചോദ്യം. അത് മറ്റൊരു വിഷയമാണ്. അതിന് മതം മാര്‍ക്‌സിസത്തിനെതിര് നില്‍ക്കുന്ന ആദര്‍ശമാണ് എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. വിശ്വാസികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ 'ഞാനൊരു കമ്യൂണിസ്റ്റാണ്' എന്ന വിശേഷണം അബദ്ധജഡിലമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. അവിടെ നിന്ന് നമുക്ക് മതത്തിന്റെ ലഹരിയെക്കുറിച്ച് സംവദിച്ചു തുടങ്ങാം.