ധൃതികാണിച്ച് നശിക്കരുത്

മുഹമ്മദ് സ്വാദിഖ് മദീനി

2020 ജനുവരി 25 1441 ജുമാദല്‍ അവ്വല്‍ 30

ചിന്തിച്ചും അവധാനതയോടും കൂടിയാലോചിച്ചുമുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് വിജയത്തില്‍ എത്തുക. ധൃതിപിടിച്ച നീക്കങ്ങളും കൂടിയാലോചിക്കാതെയുള്ള മുന്നേറ്റങ്ങളും ലക്ഷ്യപ്രാപ്തിയില്‍ എത്തുകയില്ല; എന്നുമാത്രമല്ല പലപ്പോഴും അതിന്റെ പരിണിതി ദുരന്തപൂര്‍ണവുമായിരിക്കും.

ധൃതി കാണിക്കുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണ്. അല്ലാഹു പറയുന്നു:

''ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൃഷ്ടാന്തങ്ങള്‍ വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. അതിനാല്‍ നിങ്ങള്‍ എന്നോട് ധൃതികൂട്ടരുത്'' (ക്വുര്‍ആന്‍: 21:37).

മൂസാനബി(അ)യുടെയും ഖദിറി(അ)ന്റെയും ചരിത്രം വിവരിക്കുന്ന ഹദീഥില്‍ മൂസാനബി(അ) ധൃതിപിടിച്ചില്ലായിരുന്നുവെങ്കില്‍ ഇനിയും പല കഥകളും നമുക്ക് കേള്‍ക്കാമായിരുന്നു എന്ന് നബി ﷺ പറഞ്ഞതായി കാണാം.

പ്രവര്‍ത്തനങ്ങളില്‍ ധൃതി പാടില്ല എന്നു പറയുമ്പോള്‍ ഉന്മേഷവും ഉണര്‍വും ഊര്‍ജസ്വലതയും ഇല്ലാതെ, അലസതയോടും ബലഹീനത കാണിച്ചും മടുപ്പോടുകൂടിയും ആയിരിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതിന്റെ വരുംവരായ്മകള്‍ എന്തെല്ലാമായിരിക്കും എന്ന് ആലോചിച്ച്, ഭംഗിയായി, ഉന്മേഷത്തോടെ നിര്‍വഹിക്കുകയാണ് വേണ്ടത്. എടുത്തുചാട്ടവും ധൃതിപിടിച്ച നീക്കങ്ങളും ഖേദത്തിനിടയാക്കും.

പ്രവാചകനെ കാണാന്‍ വന്ന മുന്‍ദിര്‍ ഇബ്‌നു ഹാരിസിനോട് നബി ﷺ  പറഞ്ഞു: ''താങ്കളില്‍ ഉള്ള രണ്ട് കാര്യങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുന്നു; വിവേകവും സാവകാശം കാണിക്കലുമാണ് അവ.''

ആക്ഷേപകരമായ ചില ധൃതികാണിക്കല്‍

ഒന്ന്) പ്രാര്‍ഥനയില്‍:

ജീവിതത്തില്‍ പരീക്ഷണങ്ങളും പ്രയാസങ്ങളും കടന്നുവരുമ്പോള്‍ അതില്‍ ക്ഷമിക്കാത്ത ആളുകള്‍ ഒരുപക്ഷേ, തനിക്കു തന്നെയും ദോഷകരമായി ഭാവിക്കുന്ന കാര്യങ്ങളിലേക്കായിരിക്കും ഒടുവില്‍ എത്തുക. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ നിങ്ങള്‍ക്കോ നിങ്ങളുടെ സമ്പത്തിനോ മക്കള്‍ക്കോ എതിരായി പ്രാര്‍ഥിച്ചു പോകരുത്. കാരണം ഒരുപക്ഷേ, ആ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടേക്കാം.''

ഒരാള്‍ക്ക് ബാധിച്ച വലിയ പരീക്ഷണത്തില്‍ അയാള്‍ ക്ഷമിക്കുന്നതിന് പകരം മരണത്തെ ആഗ്രഹിച്ചു പോകരുത് എന്ന് നബി ﷺ  പ്രത്യേകമായി ഉണര്‍ത്തിയിട്ടുണ്ട്. ഏറ്റവും പ്രയാസകരമായ ഘട്ടത്തില്‍ പോലും 'അല്ലാഹുവേ, എനിക്ക് ജീവിതമാണ് നല്ലത് എങ്കില്‍ നീയെന്നെ ജീവിപ്പിക്കണേ, അതല്ല മരണമാണ് നല്ലത് എങ്കില്‍ നീ എന്നെ മരിപ്പിക്കണേ' എന്ന് പറയാന്‍ മാത്രമെ ഇസ്‌ലാം അനുവാദം നല്‍കുന്നുള്ളൂ.

ധൃതിപിടിച്ച നീക്കങ്ങളും സമീപനങ്ങളും  മനുഷ്യരോട് മാത്രമല്ല ജന്തുജാലങ്ങളോട് പോലും പലരും കാണിക്കാറുണ്ട്. ഒരു യാത്രയില്‍ താന്‍ ഉപയോഗിക്കുന്ന മൃഗത്തെ ശപിച്ച ഒരാളെ കണ്ടപ്പോള്‍ നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ ശപിച്ച ഈ വാഹനം ഇനി നിങ്ങള്‍ ഉപയോഗിക്കുകയോ ഞങ്ങളോടൊപ്പം യാത്ര തുടരുതയോ ചെയ്യരുത്.'

രണ്ട്) ഉത്തരം പ്രതീക്ഷിക്കുന്നതില്‍:

ഞാന്‍ അല്ലാഹുവിനോട് എത്രയോ തവണ പ്രാര്‍ഥിച്ചു; പക്ഷേ, എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല എന്ന് പരാതിപ്പെടുന്ന ചിലരെ നമുക്ക് കാണാം. യഥാര്‍ഥത്തില്‍ അത് അവര്‍ കാണിക്കുന്ന അക്ഷമയാണ്. നബി ﷺ  പറഞ്ഞു: 'കുടുംബ ബന്ധം മുറിക്കുവാനോ തിന്മക്ക് വേണ്ടിയോ അല്ലാത്ത പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കും; അവന്‍ ധ്യതി കാണിച്ചില്ലെങ്കില്‍.' സ്വഹാബിമാര്‍ ചോദിച്ചു: 'എന്താണ് നബിയേ ധൃതി കാണിക്കുക എന്നാല്‍?' നബി ﷺ  പറഞ്ഞു: 'ഒരാള്‍ പറയും: ഞാന്‍ ധാരാളം പ്രാര്‍ഥിച്ചു; പക്ഷേ, എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല' എന്ന്. അങ്ങനെ നിരാശനായി പ്രാര്‍ഥന തന്നെ അവന്‍ ഒഴിവാക്കുകയും ചെയ്യും.'

 ഒരു അടിമയുടെ പ്രാര്‍ഥന അല്ലാഹു മൂന്ന് രൂപത്തിലാണ് സ്വീകരിക്കുക. ഒന്നുകില്‍ ആ പ്രാര്‍ഥനക്ക് ഉടന്‍ തന്നെ ഉത്തരം ലഭിക്കും. അല്ലെങ്കില്‍ അതിനെക്കാള്‍ വലിയ ഒരു പ്രയാസം അല്ലാഹു അവനില്‍ നിന്നും അകറ്റും. അതുമല്ലെങ്കില്‍ നാളെ പരലോകത്തേക്ക് ആ പ്രാര്‍ഥന അല്ലാഹു സൂക്ഷിച്ചുവെക്കും. അതുകൊണ്ടുതന്നെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടുവാന്‍ ധൃതി കാണിക്കുവാനോ നിരാശരാകുവാനോ പാടില്ല.

മൂന്ന്) നമസ്‌കാരത്തില്‍:

സ്രഷ്ടാവായ അല്ലാഹുവുമായുള്ള മനുഷ്യന്റെ രഹസ്യസംഭാഷണമാണ് നമസ്‌കാരം. അതുകൊണ്ട് തന്നെ ബാഹ്യമായ അവന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം അല്ലാഹു തന്നെ കാണുന്നു എന്ന ബോധത്തോടുകൂടി, ഭയഭക്തിയോടെയാകണം അത് നിര്‍വഹിക്കേണ്ടത്. നമസ്‌കാരത്തിലെ പ്രാര്‍ഥനകളും ദിക്‌റുകളും ചലനങ്ങളും അടക്കത്തോടും ഒതുക്കത്തോടും സാവകാശവുമാണ് നിര്‍വഹിക്കേണ്ടത്. അവയില്‍ ധൃതി കാണിക്കുവാന്‍ പാടില്ല. എന്നാല്‍ ഇന്ന് പലരുടെയും നമസ്‌കാരം ഈ പറഞ്ഞ രൂപത്തിലല്ല എന്ന് കാണുവാന്‍ സാധിക്കും. പ്രവാചകന്‍ ﷺ  ഒരിക്കല്‍ ധൃതിയില്‍ നമസ്‌കരിച്ച ഒരാളോട് മൂന്നു തവണയാണ് മടക്കി നിര്‍വഹിക്കുവാന്‍ ആവശ്യപ്പെട്ടത്! അത് നമസ്‌കാരമായിട്ടില്ല എന്നാണ് നബി  ﷺ  പറഞ്ഞത്.  ഇതിലപ്പുറം നന്നായി  നമസ്‌കരിക്കുവാന്‍ എനിക്ക് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ നബി ﷺ  അദ്ദേഹത്തിന് നമസ്‌കാര രൂപം ഓരോന്നോരോന്നായി പഠിപ്പിച്ചു കൊടുത്തു. ഓരോ കര്‍മത്തിലും അടക്കവും ഒതുക്കവും ശാന്തതയും വേണമെന്ന് പ്രത്യേകമായി പറഞ്ഞുകൊടുത്തു. 'കോഴി ധാന്യം കൊത്തുന്നത് പോലെ' ധൃതിയില്‍ നമസ്‌കരിക്കരുത് എന്ന് നബി ﷺ  പറഞ്ഞതായി കാണാം.

നാല്) വ്യാജ വാര്‍ത്തകള്‍ സ്വീകരിക്കുന്നതില്‍:

ഒരു കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുമ്പേ അതിനെ സംബന്ധിച്ച് മുന്‍ധാരണയിലെത്തി അത് പ്രചരിപ്പിക്കുന്നതും ധൃതിപിടിച്ച പ്രവര്‍ത്തനം തന്നെയാണ്. തനിക്ക് ലഭിക്കുന്ന ഒരു വാര്‍ത്തയുടെ ന്യായാന്യായവും സത്യതയും പരിശോധിക്കാതെ അത് പ്രചരിപ്പിക്കുന്നത് വലിയ ആപത്ത് തന്നെയാണ്. ഇത്തരം ധൃതിപിടിച്ച നീക്കങ്ങള്‍ പലവിധ കഷ്ടനഷ്ടങ്ങള്‍ക്ക് കാരണമായിത്തീരാറുണ്ട്. വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പലരും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നമുക്കറിയാം. അത്തരം വാര്‍ത്തകളുടെ ഉറവിടവും സത്യതയും പരിശോധിക്കാതെ ധൃതിപിടിച്ച് ഫോര്‍വേഡ് ചെയ്യുമ്പോള്‍ വരാനിരിക്കുന്ന ആപത്ത് പലരും ആലോചിക്കാതെ പോകുന്നു. എറിഞ്ഞ കല്ല് തിരിച്ചെടുക്കാന്‍ കഴിയാത്ത പോലെ വ്യാജവാര്‍ത്തകള്‍ പിന്നീട് തിരിച്ചെടുക്കാന്‍ കഴിയില്ല. നമ്മള്‍ തിരുത്തുമ്പോഴേക്കും അത് പടര്‍ന്നുപിടിച്ചിട്ടുണ്ടാകും. അത് കേട്ടവരില്‍ അധികമാളുകളും പിന്നീടുള്ള തിരുത്ത് കേള്‍ക്കാതിരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി'' (ക്വുര്‍ആന്‍ 49:6).

ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങളുടെ പ്രധാനപ്പെട്ട ഒരു കാരണം പലപ്പോഴും അവരില്‍ നിന്നും ഉടലെടുക്കുന്ന ധൃതിപിടിച്ച നീക്കങ്ങളായിരിക്കും. പെട്ടെന്നുള്ള പ്രതികരണങ്ങളും വിമര്‍ശനങ്ങളും പരസ്പരം അകലം വര്‍ധിപ്പിക്കും. വിവാഹമോചനത്തിലേക്കുവരെ അത് കൊണ്ടെത്തിച്ചേക്കാം.

ഉപജീവനമാര്‍ഗം വിശാലമാക്കാന്‍ പലരും ഇന്ന് നടത്തുന്നത് ധൃതിപ്പെട്ട നീക്കങ്ങളാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം ലഭിക്കുവാന്‍ വഴിതേടുന്നു. നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നു. പലിശയും കൈക്കൂലിയും വിലക്കപ്പെട്ട വ്യവഹാരങ്ങളും അവന്റെ മുന്നില്‍ അനുവദനീയമായി മാറുന്നു.

മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പണ്ഡിതന്മാരും നേതാക്കളും തീരുമാനമെടുക്കുന്നതിനു മുമ്പായി സ്വന്തം അഭിപ്രായ പ്രകാരം എടുത്തുചാടുകയും വികാരപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ചിലരുണ്ട്. ഇത് പലപ്പോഴും സമുദായത്തിന് ചീത്തപ്പേര് മാത്രമെ സമ്മാനിക്കുകയുള്ളൂ. അല്ലാഹു പറയുന്നു

''സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെ അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു''(ക്വുര്‍ആന്‍ 4:83).

പൊതുവെ എല്ലാ കാര്യങ്ങളിലും അവധാനത കാണിക്കണം എന്നാണ് സൂചിപ്പിച്ചത്. എന്നാല്‍ ചില കാര്യങ്ങളിലൊക്കെ അല്‍പം ധൃതികാണിക്കല്‍ നല്ലതാണ്. തെറ്റ് ചെയ്തുപോയ മനുഷ്യന്‍ പശ്ചാത്തപിക്കുവാനും അല്ലാഹുവിലേക്ക് അടുക്കുവാനും ഒരിക്കലും അമാന്തം കാണിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു:

''പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 4:17).

അതുപോലെ മനുഷ്യരുമായി സാമ്പത്തികമോ മറ്റോ ആയ വല്ല ബാധ്യതകളും തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ അത് പിന്നെ ആകാമെന്ന ചിന്തയോടെ മനഃപൂര്‍വം നീട്ടിവെക്കുവാന്‍ പാടില്ല. മരണപ്പെട്ട വ്യക്തിയുടെ ജനാസ സംസ്‌കരിക്കുന്നതിലും ധൃതികാണിക്കുവാന്‍ കല്‍പനയുണ്ട്. മയ്യിത്ത് മറവുചെയ്യാതെ അനാവശ്യമായി വെച്ചുകൊണ്ടിരിക്കുവാന്‍ പാടില്ല.

പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനുള്ള സാമ്പത്തികവും ശാരീരികവും കുടുംബപരവുമായ സൗകര്യങ്ങള്‍ ഒത്തിണങ്ങിവന്നിട്ടും  വാര്‍ധക്യമെത്തിയിട്ടാകാമെന്നോ മറ്റോ പറഞ്ഞ് നീട്ടിവെക്കുന്നതും നല്ലതല്ല. നോമ്പ് തുറക്കാന്‍ സമയമായിക്കഴിഞ്ഞാല്‍ സ്വല്‍പം കൂടി കഴിയട്ടെ എന്ന ചിന്തയും ശരിയല്ല.