സമാധാനചിത്തത

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 മെയ് 09 1441 റമദാന്‍ 16

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍ 17)

അടക്കവും ഒതുക്കവും സമാധാനചിത്തതയും വലിയ അനുഗ്രഹമാണ്. വിശിഷ്യാ ഭീതിയും ഭയപ്പാടും തീക്ഷ്ണവും തീവ്രവുമാകുമ്പോള്‍. മനസ്സും മസ്തിഷ്‌കവും മറ്റു ശരീരാവയവങ്ങളും സമാധാനപ്പെടുമ്പോള്‍ മനുഷ്യനുണ്ടാകുന്ന അനുഭൂതി വിവരാണാതീതമാണല്ലോ. സമാധാനം കൈക്കൊള്ളുവാനുള്ള ആജ്ഞകള്‍ പ്രമാണവചനങ്ങളില്‍ നമുക്കു കാണാം. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു നിവേദനം:

''അദ്ദേഹം അറഫാദിനം തിരുനബി ﷺ യോടൊപ്പം പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ പിന്നില്‍ ഒട്ടകങ്ങളെ ശക്തമായി വിരട്ടി തെളിക്കുന്നതും അടിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടു. ഉടന്‍ തന്റെ ചമ്മട്ടികൊണ്ട് അവരെ ചൂണ്ടി തിരുമേനി ﷺ  പറഞ്ഞു: 'ജനങ്ങളേ, നിങ്ങള്‍ സമാധാനം കൈക്കൊള്ളുക'' (ബുഖാരി).

ഉസാമ(റ)യെ തന്റെ പിന്നിലിരുത്തി അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കു പോകുമ്പോള്‍ തിരുമേനി ജനങ്ങളോട് മൊത്തത്തില്‍ ഇപ്രകാരം ആജ്ഞാപിച്ചു: ''ജനങ്ങളേ, സമാധാനം കൈക്കൊള്ളുക. സമാധാനം കൈക്കൊള്ളുക''(മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ''നിങ്ങള്‍ ഇക്വാമത്തു കേട്ടാല്‍ നമസ്‌കാരത്തിലേക്കു നടന്നുപോവുക. നിങ്ങളുടെമേല്‍ സമാധാനവും അടക്കവും ഉണ്ടാകണം. നിങ്ങള്‍ വേഗത കൂട്ടരുത്. നിങ്ങള്‍ക്കു കിട്ടിയത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്കു നഷ്ടപ്പെട്ടതു പൂര്‍ത്തിയാക്കുക'' (ബുഖാരി).

ഇക്വാമത്ത് വിളിച്ച് നമസ്‌കാരത്തിനു തിരക്കുകൂട്ടി എഴുന്നേല്‍ക്കുന്നവരോട് തിരുമേനി ﷺ  ഉപദേശിച്ചു: ''നിങ്ങള്‍ എന്നെ കാണുന്നതുവരെ എഴുന്നേല്‍ക്കരുത്. നിങ്ങളുടെ മേല്‍ സമാധാനം ഉണ്ടാകണം'' (ബുഖാരി).

സമാധാനവും ശാന്തിയും അല്ലാഹുവില്‍നിന്നുള്ള ദാനവായ്പാകുന്നു. പ്രസ്തുത ദാനത്തിന്റെ ഫലങ്ങളും പ്രാധാന്യവും ധര്‍മവുമെല്ലാം അറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ താഴെ നല്‍കുന്നു:

''പിന്നീട് അല്ലാഹു അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 09:26).

''അദ്ദേഹം തന്റെ കൂട്ടുകാരനോട്; ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു'' (ക്വുര്‍ആന്‍ 09:04 ).

''അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍'' (ക്വുര്‍ആന്‍ 48:04).

''ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു'' (ക്വുര്‍ആന്‍ 48:18).

''സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം -വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവി ശ്വാസികളുടെമേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു'' (ക്വുര്‍ആന്‍ 48:26).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ''ഒരു വിഭാഗം അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളില്‍ ഒരു പള്ളിയില്‍ ഒരുമിച്ചുകൂടുകയും അല്ലാഹുവിന്റെ കിതാബ് പാരായണം ചെയ്യുകയും അവരത് അന്യോന്യം പഠിക്കുകയുമായാല്‍ അവരുടെമേല്‍ സമാധാനം വന്നിറങ്ങുകയും റഹ്മത്ത് അവരെ മൂടുകയും മലക്കുകള്‍ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുക്കലുള്ളവരില്‍ അവരെ അനുസ്മരിക്കുകയും ചെയ്യും, തീര്‍ച്ച''(മുസ്‌ലിം).

അല്‍ബറാഅ് ഇബ്‌നുആസിബി(റ)ല്‍ നിന്നും നിവേദനം; അദ്ദേഹം പറഞ്ഞു: ''ഒരു വ്യക്തി, സൂറതുല്‍കഹ്ഫ് പാരായണം ചെയ്യുകയായിരുന്നു. അയാള്‍ക്കരികില്‍ രണ്ടു കയറുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ട ഒരു കുതിരയുമുണ്ട്. അപ്പോള്‍ ആയാളെ ഒരു കാര്‍മുകില്‍ മൂടി. അങ്ങനെ ആ കാര്‍മുകില്‍ അയാളോട് അടുക്കുവാന്‍ തുടങ്ങി. അയാളുടെ കുതിരയാകട്ടെ വിരണ്ടോടുവാനും തുടങ്ങി. പ്രഭാതമായപ്പോള്‍, അയാള്‍ നബി ﷺ യുടെ അടുക്കല്‍ എത്തുകയും തിരുമേനിയോട് അത് ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ തിരുമേനി പറഞ്ഞു: 'ക്വുര്‍ആന്‍ കാരണത്താല്‍ വന്നിറങ്ങിയ ശാന്തിയത്രെ അത്'' (ബുഖാരി, മുസ്‌ലിം).

ശാന്തതയും അടക്കവും ഒതുക്കവും സമാധാനചിത്തതയും തിരുനബിയുടെ സഭാവ ഗുണമായിരുന്നു. തിരുനബി ﷺ യെ കുറിച്ച് പ്രിയപത്‌നി ആഇശ(റ) പറയുന്നത് നോക്കൂ:

''നിറുത്തം, ഇരുത്തം എന്നിവയില്‍ നബിയോടുള്ള അനുധാവനത്തിലും സ്വഭാവത്തിലും ഒതുക്കത്തിലും നബിപുത്രി ഫാത്വിമ(റ)യോളം തിരുനബിയോടു സാദൃശ്യമുള്ളവരായി ആരെയും ഞാന്‍ കണ്ടിട്ടില്ല'' (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചു).