കാരണങ്ങളെ സമീപിക്കുമ്പോള്‍ വിശ്വാസി ശ്രദ്ധിക്കേണ്ടത്

ശമീര്‍ മദീനി

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

നമുക്ക് പലതരത്തിലുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമുണ്ട്. അവ പൂര്‍ത്തീകരിക്കാന്‍ നാം പലമാര്‍ഗങ്ങളും ഉപയോഗിക്കാറുമുണ്ട്. സ്രഷ്ടാവ് പ്രകൃതിയില്‍ ഓരോ കാര്യത്തിനും പല കാരണങ്ങള്‍ അഥവാ മാര്‍ഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടായിരിക്കും. പ്രാപഞ്ചികനിയമങ്ങള്‍ അല്ലെങ്കില്‍ കാര്യകാരണ ബന്ധങ്ങള്‍ എന്ന് നാം പറയാറുള്ളത് ഇത്തരം സംഗതികള്‍ക്കാണ്.

വിശപ്പുമാറാന്‍ ഭക്ഷണംകഴിക്കുന്നതും ദാഹമകറ്റാന്‍ വെള്ളംകുടിക്കുന്നതും രോഗംമാറാന്‍ ചികിത്സിക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. നാം ലക്ഷ്യം വെക്കുന്ന ഇത്തരത്തിലുള്ള ഓരോ കാര്യവും നേടാന്‍ അതിന്റെതായ കാരണങ്ങളിലൂടെയാണ് സമീപിക്കേണ്ടത്. അതില്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ല. ഈ പ്രപഞ്ചത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും ഈ പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമാണ്.

ഇത്തരം ഭൗതിക കാരണങ്ങള്‍ക്കു പുറമെ മതപരമായ ചില കാരണങ്ങള്‍ കൂടി (അസ്ബാബു ശര്‍ഇയ്യ) മതം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഉദാഹരണമായി, ഭൗതികലോകത്ത് മനുഷ്യന്‍ അനുഭവിച്ചേക്കാവുന്ന അഞ്ച് വലിയ വിപത്തുകളും അവയുടെ കാരണങ്ങളും ഉണര്‍ത്തിക്കൊണ്ട് നബി ﷺ  പറഞ്ഞു:

1. 'ഏതൊരു ജനതയില്‍ (വ്യഭിചാരം പോലുള്ള) അധാര്‍മികതകള്‍ പരസ്യമാവുകയും പ്രചരിക്കുകയും ചെയ്യുന്നുവോ അവരില്‍ മുന്‍കാലക്കാര്‍ക്ക് പരിചയമില്ലാത്ത മാരകരോഗങ്ങളും ദുരിതങ്ങളും പരക്കുന്നതാണ്.

2.അളവിലും തൂക്കത്തിലും കുറവുവരുത്തിയാല്‍ വരള്‍ച്ച, സാമ്പത്തിക പ്രതിസന്ധി, ഭരണാധികാരികളുടെ അതിക്രമം എന്നിവ അവരെ പിടികൂടും.

3. സകാത്ത് (നിര്‍ബന്ധ ദാനം) കൊടുത്തുവീട്ടാതെ തടഞ്ഞുവെച്ചാല്‍ വാനലോകത്തുനിന്ന് അവര്‍ക്ക് മഴ തടയപ്പെടുന്നതാണ്.

4. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള കരാര്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരില്‍ ശത്രുക്കള്‍ക്ക് അല്ലാഹു ആധിപത്യം നല്‍കുകയും അവരുടെ അധീനതയിലുള്ളത് ശത്രുക്കള്‍ അപഹരിക്കുകയും ചെയ്യും.

5. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് അവരിലെ നായകന്മാര്‍ വിധിപറയാതിരിക്കുകയും അല്ലാഹു അവതരിപ്പിച്ചതില്‍നിന്ന് തങ്ങള്‍ക്കിഷ്ടപ്പെടുന്നത് മാത്രം തെരഞ്ഞെടുക്കുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ തന്നെ അല്ലാഹു കുഴപ്പങ്ങള്‍ ഉണ്ടാക്കും' (ഇബ്‌നുമാജ, ഹാകിം).

മേല്‍പറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് അല്ലാഹു ഈ ലോകത്തുതന്നെ ശിക്ഷയായി നല്‍കിയേക്കാവുന്ന ചില കാര്യങ്ങളാണ് ഈ ഹദീഥ് നമ്മെ ഓര്‍മിപ്പിക്കുന്നത്.

മറ്റൊരിക്കല്‍, ദീര്‍ഘായുസ്സ് കിട്ടുവാനും ഉപജീവനത്തില്‍ വിശാലത കൈവരുവാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുടുംബബന്ധം ചേര്‍ക്കാന്‍ നബി ﷺ  നിര്‍ദേശിച്ചതായികാണാം. (ബുഖാരി, മുസ്‌ലിം).

അപ്രകാരംതന്നെ ദാരിദ്ര്യം നീങ്ങാനും പാപങ്ങള്‍ പൊറുക്കപ്പെടുവാനും ഹജ്ജും ഉംറയും തുടരെ നിര്‍വഹിക്കുവാന്‍ നബി ﷺ  നിര്‍ദേശിച്ചതും ഹദീഥുകളില്‍ വന്നിട്ടുണ്ട് (അഹ്മദ്, തുര്‍മുദി, നസാഇ).

ഒന്നാമത്തെ ഇനത്തിലുള്ള കാരണങ്ങള്‍ അഥവാ ഭൗതിക കാരണങ്ങള്‍ അറിയാനുള്ള മാര്‍ഗം നമ്മുടെ അനുഭവങ്ങളും ഗവേഷണങ്ങളുമാണ്. എന്നാല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരം അനുഭവങ്ങള്‍ക്കു പുറമെ തന്റെ മതം അത് അനുവദിക്കുന്നുണ്ടോ ഇല്ലേ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കാര്യം നടന്നുകിട്ടുക എന്നതിനപ്പുറം കാര്യസാധ്യത്തിനുള്ള മാര്‍ഗവും കൂടി നന്നായിരിക്കണമെന്നര്‍ഥം. അതായത്, ഭൗതിക കാരണങ്ങളില്‍ മതം അനുവദിച്ചതും വിലക്കിയതുമുണ്ടാകും. അനുവദിച്ചത് ഉപയോഗിക്കാം, എന്നാല്‍ വിലക്കിയത് ഉപേക്ഷിക്കണം.

ഉദാഹരണമായി, ഒരാള്‍ക്ക് വീടുപണിയാനും വാഹനം വാങ്ങുവാനും മക്കളെ പഠിപ്പിക്കുവാനുമൊക്കെയായി കുറെ പണം ആവശ്യമുണ്ട്. പണസമ്പാദനത്തിനായി പലവഴികളും അയാളുടെ മുമ്പിലുണ്ട് താനും. കച്ചവടം, കൃഷി, ജോലി, വാടക മുതലായ വരുമാനമാര്‍ഗങ്ങള്‍ക്കു പുറമെ പലിശ, കളവ്, ചതി, കൊള്ള മുതലായ പല വഴികളിലൂടെയും ആളുകള്‍ പണം സമ്പാദിക്കുന്നതും അയാള്‍ കാണുന്നു. ഇവയിലൂടെയെല്ലാം ധനം സമ്പാദിക്കുവാനും കാര്യങ്ങള്‍ നടത്തുവാനും സാധിക്കും. എന്നാല്‍ ഒന്ന് മതം അനുവദിച്ചതും മറ്റേത് മതം വിലക്കിയതുമാണ്. നിഷിദ്ധമാര്‍ഗത്തിലൂടെയുള്ള സമ്പാദ്യം നരകമാണ് നേടിത്തരിക എന്ന് പ്രവാചകന്‍ ﷺ  താക്കീത് ചെയ്തിട്ടുണ്ട്.

അതിനാല്‍ കാര്യങ്ങള്‍ നടക്കണം എന്നതിനുപരി അതിനായി താനുപയോഗപ്പെടുത്തുന്ന മാര്‍ഗങ്ങള്‍ പടച്ചവന്‍ അനുവദിച്ചതാണോ എന്നുകൂടി ഒരു വിശ്വാസി ഉറപ്പുവരുത്തേണ്ടതുണ്ട്. അത് അറിയുവാനുള്ള മാര്‍ഗം ക്വുര്‍ആനും സുന്നത്തും പഠിക്കലാണ്. അഥവാ മതത്തിന്റെ അധ്യാപനങ്ങള്‍ മനസ്സിലാക്കലാണ്. ചുരുക്കത്തില്‍, ക്വുര്‍ആനും സുന്നത്തും വിലക്കാത്തതും ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതുമായ മാര്‍ഗങ്ങള്‍ ഭൗതികവിഷയങ്ങളില്‍ നമുക്ക് സ്വീകരിക്കാം.

എന്നാല്‍ കാര്യസാധ്യങ്ങള്‍ക്കായി മതപരമായ മാര്‍ഗങ്ങളായി നാം സ്വീകരിക്കുന്നവ കേവലം മതം വിലക്കാത്തതായാല്‍ മാത്രം പോരാ. പ്രത്യുത, മതം പഠിപ്പിച്ചതു കൂടിയാകണം. ദീനിന്റെ തെളിവുകളും അധ്യാപനങ്ങളും പിന്തുണക്കാത്തവ നമുക്ക് കാര്യസാധ്യത്തിനുള്ള കാരണങ്ങളായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് സാരം.

ഇത്തരത്തില്‍ മതം അംഗീകരിക്കാത്ത പല മാര്‍ഗങ്ങളും കാര്യസാധ്യത്തിനായി ആളുകള്‍ ഉപയോഗിക്കുന്നത് കാണാം. വിശപ്പടക്കാന്‍ അല്ലാഹു നല്‍കിയ ഭക്ഷ്യപദാര്‍ഥമായ പഴം ദുരിതം മാറാന്‍ കടലിലെറിഞ്ഞയാളുകള്‍ക്ക് എന്ത് പ്രമാണമാണ് സമൂഹത്തിന് സമര്‍പ്പിക്കാനുള്ളത്? അഹ്‌ലുസ്സുന്നയുടെ ഏത് ഇമാമീങ്ങളാണ് ഇങ്ങനെ ഒരു രീതി പഠിപ്പിച്ചത്? മാത്രമല്ല ഇത്തരം പ്രമാണ പിന്‍ബലമില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോയി പലതും ചെയ്യുന്ന ആളുകള്‍ ചിലപ്പോഴൊക്കെ ചെയ്യുന്നത് ഇതിലും ഏറെ ഗുരുതരവും വന്‍പാപവും ആണെന്നത് പലരും ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, ചലര്‍ പറയാറുണ്ട്; ഇന്ന ജാറത്തില്‍ പോയി അവിടുന്ന് കിട്ടിയ എണ്ണ ഉപയോഗിച്ചു, അല്ലെങ്കില്‍ ചരടുകെട്ടി, അതുപോലെ അവിടെനിന്നുള്ള പലവിധ നിവേദ്യങ്ങളും ഉപയോഗിച്ചപ്പോള്‍ ആഗ്രഹം സഫലമായി എന്നൊക്കെ. അങ്ങനെയുള്ള സ്ഥലത്ത് പോയതിനാല്‍ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കുട്ടിയുണ്ടായതായും രോഗശമനം കിട്ടിയതായുമൊക്കെ പലപല അനുഭവകഥകള്‍ പറയുന്നവരുണ്ട്.

എന്നാല്‍ ഇവയൊന്നും മതം അനുവദിച്ചതല്ല. നബി ﷺ യുടെയും സ്വഹാബത്തിന്റെയും നടപടിക്രമങ്ങളില്‍ കാണാനാവുന്നതുമല്ല ഇത്തരം രീതികള്‍. അഹ്‌ലുസ്സുന്നയുടെ ഒറ്റ ഇമാമും ഇത്തരം ആചാരങ്ങള്‍ പഠിപ്പിച്ചിട്ടുമില്ല. അതിനാല്‍തന്നെ മതത്തെ കച്ചവടച്ചരക്കാക്കുന്ന ആത്മീയ വാണിഭക്കാരായ പുരോഹിതന്മാരാണ് ഇതിനുപിന്നില്‍ എന്ന് നാം തിരിച്ചറിയണം.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക''(ക്വുര്‍ആന്‍ 9:34).

ഇതിനപ്പുറം ഫലസിദ്ധിയാണ് ന്യായമായി പറയാനുള്ളതെങ്കില്‍ ഒന്ന് നാം ഓര്‍ക്കുക; കളവ്, ചതി, പലിശ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും കാര്യങ്ങള്‍ നടത്താന്‍ പറ്റാറുണ്ട്. പക്ഷേ, അതുകൊണ്ട് മാത്രം അവയൊക്കെ നമുക്ക് സ്വീകരിക്കാം എന്ന് പടച്ചവനെ പേടിയുള്ള, പരലോകബോധമുള്ള ആരെങ്കിലും പറയുമോ?

ജാറങ്ങളില്‍ പോയവര്‍ക്ക് മാത്രമല്ല ബഹുദൈവാരാധനയുടെ മറ്റു ഇടങ്ങളായ ധ്യാനകേന്ദ്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പോയി നേര്‍ച്ചവഴിപാടുകളും തുലാഭാരവുമൊക്കെ നടത്തിയവര്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ പലതും പറയാനുണ്ടാകും. അതിനാല്‍ അവയും ചെയ്യാവുന്നതാണെന്ന് ഇസ്‌ലാം മതത്തില്‍ വിശ്വാസമുള്ള ആരെങ്കിലും പറയുമോ?

ചുരുക്കത്തില്‍, ഇത്തരം അനുഭവകഥകള്‍ക്കപ്പുറം ഇതൊക്കെ മതം അംഗീകരിച്ചിട്ടുണ്ടോ, സ്വഹാബികളടക്കമുള്ള സച്ചരിതരായ മുന്‍ഗാമികള്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ എന്നൊക്കെയാണ് നാം പരിശോധിക്കേണ്ടത്.

ഇത്തരം സംഭവങ്ങള്‍ ഒരു പക്ഷേ, പിശാചിന്റെ ആളുകളിലൂടെ വെളിപ്പെടുന്ന അത്ഭുതങ്ങള്‍ അഥവാ 'ഇസ്തിദ്‌റാജ്' ആയിരിക്കാം. പടച്ചവന്റെ നിശ്ചയം ആ സമയവും പ്രവൃത്തികളുമായി യാദൃച്ഛികമായി ഒത്തുവന്നതാകാം. അതുമല്ലെങ്കില്‍ അല്ലാഹു പരീക്ഷിച്ചതാകാം. അങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം.

മതത്തില്‍ ഒരുകാര്യം അനുവദനീയമാണോ എന്നറിയാനുള്ള ഏകമാര്‍ഗം മതപ്രമാണങ്ങള്‍ അത് അംഗീകരിച്ചിട്ടുണ്ടോ എന്ന പരിശോധന മാത്രമാണ്. അതിലൂടെ ഇത്തരം കല്ലുംമുള്ളും നമുക്ക് തിരിച്ചറിയാനും കയ്യൊഴിക്കാനും കഴിയും.

മതത്തിന്റെ പ്രമാണങ്ങള്‍ പിന്തുണക്കാത്ത ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുന്നത് ഈയൊരു അന്വേഷണവും മതപഠനവും ഇല്ലാത്തതുകൊണ്ടാണ്. ചൊവ്വാഴ്ച ദിവസം, മുഹര്‍റം ഒന്നു മുതല്‍ പത്ത് വരെ ദിവസങ്ങള്‍... അങ്ങനെ പല ദിവസങ്ങള്‍ക്കും ലക്ഷണക്കേട് കാണുന്നതും വിവാഹം, വീടുതാമസം പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നതിനും യാത്രപോകുന്നതിനുമൊക്കെ തടസ്സം കാണുന്നതും 'ദോഷം' ദര്‍ശിക്കുന്നതും മറഞ്ഞവഴിയിലൂടെയുള്ള ഗുണംപ്രതീക്ഷിച്ചും ദോഷംഭയന്നും പലതരം ഏലസ്സുകള്‍, ഐക്കല്ല് മുതലായവ കെട്ടുന്നതും പ്രത്യേക ചടങ്ങുകള്‍ നടത്തുന്നതും ഇസ്‌ലാമിക വിശ്വാസത്തിന് കടകവിരുദ്ധമാണ്.

ഇസ്‌ലാം പഠിപ്പിച്ച 'തൗഹീദും' 'തവക്കുലും' ശരിയായ രൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചയാളുകള്‍ അനുഭവിക്കുന്ന നിര്‍ഭയത്വവും സമാധാനവും ഇത്തരം അന്ധവിശ്വാസങ്ങളുടെ ഭാണ്ഡങ്ങള്‍ പേറുന്നവര്‍ക്ക് ഒരിക്കലും കിട്ടുകയില്ല എന്നത് സത്യമാണ്.

ഇസ്‌ലാമിന്റെ നിര്‍ഭയത്വം ശരിക്കും അനുഭവിച്ച ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍. വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 6:81,82).

 കാര്യകാരണബന്ധങ്ങള്‍ക്കതീതമായി നമ്മുടെ ജീവിതത്തില്‍ ഇടപെടാനും ഉപകാരമോ ഉപദ്രവമോ വരുത്തുവാനും സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അതിനാല്‍ മറഞ്ഞവഴിയിലൂടെ ഉപകാരം കിട്ടാനുള്ള തേട്ടം അഥവാ പ്രാര്‍ഥന മുഴുവനും അല്ലാഹുവിനോടെ ആകാവൂ എന്ന് ഇസ്‌ലാം അതിശക്തമായി നിഷ്‌ക്കര്‍ശിക്കുന്നു.

അല്ലാഹു പറയുന്നു: ''അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചുപ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പിന്‍മുറക്കാരാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (ക്വുര്‍ആന്‍ 27:62).

''(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ'' (ക്വുര്‍ആന്‍ 6:17).

''നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 10:107).

മറ്റുള്ളവരോടുള്ള പ്രാര്‍ഥനയുടെ ബാലിശത ക്വുര്‍ആന്‍ പലയിടത്തും തുറന്നു കാട്ടിയിട്ടുണ്ട്:

''അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ  ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 13:14).

ഇസ്‌ലാം പഠിപ്പിച്ച ശരിയായ വിശ്വാസ, ആദര്‍ശങ്ങള്‍ സ്വീകരിച്ച് ഇരുലോകത്തും വിജയംവരിക്കാന്‍ അല്ലാഹു നമുക്ക് 'തൗഫീക്വ്' നല്‍കട്ടെ!