ഹദീഥ് സംരക്ഷണത്തില്‍ പൂര്‍വികരുടെ ത്യാഗപരിശ്രമങ്ങള്‍

ഇമാം ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ സുയൂത്തി

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

ബുഖാരി അബൂദര്‍റി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ''നിങ്ങള്‍ വാള്‍ ഇവിടെ വെക്കുകയും (എന്നിട്ടദ്ദേഹം തന്റെ പിരടിയിലേക്ക് ചൂണ്ടി) ശേഷം നബി ﷺ യില്‍ നിന്ന് ഞാന്‍ കേട്ട ഒരു വചനം നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്താല്‍. നിങ്ങളെന്നെ 'യാത്രയാക്കുന്നതി'ന് മുമ്പ് ഞാനത് സംരക്ഷിക്കുന്നതാണ്'' (ബുഖാരി, കിതാബുല്‍ ഇല്‍മ്; ദാരിമി, മുക്വദ്ദിമ).

ബിശ്‌റുബ്‌നു അബ്ദില്ലാ(റ)യില്‍ നിന്ന് ദാരിമി ഉദ്ധരിക്കുന്നു:  ''ഒരു ഹദീഥിനു വേണ്ടി ഒരു നാട്ടിലേക്ക് യാത്ര പോകേണ്ടി വന്നാലും ഞാനത് ചെയ്യുമായിരുന്നു.''

സഈദുബ്‌നു ജൂബൈറി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹം ഒരിക്കല്‍ നബി ﷺ യുടെ ഒരു ഹദീഥ് പറയുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു: 'അല്ലാഹുവിന്റെ കിതാബിലുള്ളത് ഇതിന് എതിരാണല്ലൊ.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ താങ്കളോട് നബി ﷺ യില്‍ നിന്ന് ഹദീഥ് പറയുകയും താങ്കളത് കുര്‍ആനുമായി ഒത്തുനോക്കുകയും ചെയ്യുന്നതിനെ നല്ലതായി ഞാന്‍ കാണുന്നില്ല. നബി ﷺ  താങ്കളെക്കാള്‍ അല്ലാഹുവിന്റെ കിതാബ് നന്നായി അറിയുന്നവനായിരുന്നു.' ഇത് ഞാന്‍ (സുയൂത്വി) ദാരിമിയുടെ മുസ്‌നദില്‍ നിന്നെടുത്തതാണ്.

ലാലകാഇയുടെ 'അസ്സുന്ന' എന്ന ഗ്രന്ഥത്തില്‍ നിന്നും ഈ ആശയത്തില്‍ വന്ന ഏതാനും റിപ്പോര്‍ട്ടുകള്‍: ഉബയ്യ്ബ്‌നു കഅബി(റ)ല്‍ നിന്ന് തന്റെ സനദിലൂടെ അദ്ദേഹം ഉദ്ധരിക്കുന്നു: ''സുന്നത്തിന് വിരുദ്ധമായ കഠിനപ്രയത്‌നത്തെക്കാള്‍ എത്രയോ ഉത്തമമാണ് സുന്നത്തില്‍ മിതത്വം പാലിക്കല്‍.''

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്നും ഇതേപോലെ ഉദ്ധരിക്കുന്നുണ്ട്.

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ''സുന്നത്തിന്റെ വക്താക്കളില്‍പെട്ട ആളെ അന്വേഷിക്കുന്നതും സുന്നത്തിലേക്ക് ക്ഷണിക്കുന്നതും ബിദ്അത്ത് വിലക്കുന്നതും ഇബാദത്താണ്.''

ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ''അല്ലാഹുവാണെ സത്യം! ഇന്ന് ഭൂമുഖത്തുള്ളവരില്‍ വെച്ച് എന്റെ നാശമായിരിക്കും പിശാചിന് ഏറ്റവും ഇഷ്ടമുള്ളത്.'' അദ്ദേഹത്തോട് ചോദിച്ചു: ''എന്തുകൊണ്ട്?'' അദ്ദേഹം പറഞ്ഞു: ''കാരണം അവന്‍ കിഴക്കോ പടിഞ്ഞാറോ ഒരു ബിദ്അത്തുണ്ടാക്കും. അതുമായി ആളുകള്‍ എന്റെ അടുത്തെത്തിയാല്‍ സുന്നത്തുകൊണ്ട് ഞാനതിനെ തരിപ്പണമാക്കും. അങ്ങനെ അത് അവനുണ്ടാക്കിയ നിലയില്‍ തന്നെ അവനിലേക്ക് തന്നെ മടങ്ങും.''  

അബുല്‍ ആലിയയില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു: ''നിങ്ങള്‍ നിങ്ങളുടെ പ്രവാചകന്റെ ചര്യയും അദ്ദേഹത്തിന്റെ അനുചരന്മാര്‍ നിലകൊണ്ട മാര്‍ഗവും മുറുകെ പിടിക്കുക.''

ഹസന്‍(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: ''ഒരു വാക്കും പ്രവൃത്തിയുടെ അഭാവത്തില്‍ നന്നല്ല. നിയ്യത്തില്ലാതെ വാക്കും പ്രവൃത്തിയും നന്നാവില്ല. വാക്കും പ്രവൃത്തിയും നിയ്യത്തും സുന്നത്തുകൊണ്ടല്ലാതെ ശരിയാവുകയുമില്ല.''

സഈദുബ്‌നുജുബൈറി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: ''പ്രവര്‍ത്തനമില്ലാത്ത വാക്ക് സ്വീകരിക്കപ്പെടുകയില്ല. വാക്കും പ്രവൃത്തിയും നിയ്യത്തില്ലാതെയും സ്വീകരിക്കപ്പെടുകയില്ല. വാക്കും പ്രവൃത്തിയും നിയ്യത്തും സുന്നത്തിനോടു യോജിച്ചു വന്നാലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.''

ഹസനുല്‍ബസ്വ്‌രിയില്‍ നിന്നും ഉദ്ധരിക്കുന്നു. ''അല്ലയോ സുന്നത്തിന്റെ വക്താക്കളേ, നിങ്ങള്‍ ആളുകളിലേക്ക് വ്യാപരിക്കുക, കാരണം നിങ്ങള്‍ ന്യൂനപക്ഷമാണ്.''

യൂനുസുബ്‌നു ഉബൈദില്‍ നിന്നും ഉദ്ധരിക്കുന്നു: ''സുന്നത്തിനെക്കാള്‍ അപരിചിതമായൊന്നുമില്ല. അതിനോട് അപരിചിതത്വം പുലര്‍ത്തിയത് അതിനെ മനസ്സിലാക്കാത്തവരാണ്.''

ഇബ്‌നു ശൗദബില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു: ''ഒരു യുവാവിന് ലഭിക്കുന്ന മികച്ച നേട്ടമാണ് അയാള്‍ ഹജ്ജ് ചെയ്യുമ്പോള്‍ സുന്നത്തറിയുന്ന ഒരാളെ അയാളുടെ കൂടെ കിട്ടുക എന്നത്.''

ഇബ്‌നു ഔഫില്‍നിന്നും ഉദ്ധരിക്കുന്നു. ''മൂന്ന് കാര്യങ്ങള്‍ എനിക്കും എന്റെ സ്‌നേഹിതന്മാര്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. ക്വുര്‍ആനും സുന്നത്തും പഠിക്കലും അനാവശ്യങ്ങില്‍ ജനങ്ങളില്‍ നിന്നും തിരിഞ്ഞു കളയലും.''

ഔസാഇയില്‍ നിന്നും ഉദ്ധരിക്കുന്നു: ''സുന്നത്ത് ചരിക്കുന്നതനുസരിച്ച് നീയും ചരിക്കുക.''

''നബി ﷺ യുടെ സ്വഹാബത്തും നന്മയില്‍ അവരെ പിന്‍പറ്റിയവരും അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് പറയാറുണ്ട്. സുന്നത്ത് പിന്‍പറ്റലും സംഘത്തോടുകൂടെ നില്‍ക്കലും പള്ളി പരിപാലിക്കലും ക്വുര്‍ആന്‍ പാരായണവും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും.''  

ഫുദൈലുബ്‌നു ഇയാദില്‍ നിന്നും ഉദ്ധരിക്കുന്നു: ''നാടുകള്‍ ജീവസ്സുറ്റതാക്കുന്ന അല്ലാഹുവിന്റെ ചില ദാസന്മാരുണ്ട്, അവരത്രെ സുന്നത്തിന്റെ ആളുകള്‍.''

ഇബ്‌നു ഔഫില്‍ നിന്നും ഉദ്ധരിക്കുന്നു: ''ആരെങ്കിലും ഇസ്‌ലാമിലും സുന്നത്തിലുമായിക്കൊണ്ട് മരണപ്പെട്ടാല്‍ അയാള്‍ക്ക് സര്‍വ നന്മകള്‍ കൊണ്ടുമുള്ള സന്തോഷ വാര്‍ത്തയുണ്ട്.''

ഹസന്‍(റ)വില്‍ നിന്നും: ''നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ആലുഇംറാന്‍:31) എന്ന ആയത്തിന്റെ വിവരണത്തില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ''അവര്‍ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ് നബി ﷺ യുടെ സുന്നത്ത് അവര്‍ പിന്‍പറ്റുക എന്നത്.''  

''ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക'' (ആലുഇംറാന്‍: 106).  

'ചില മുഖങ്ങള്‍ പ്രകാശപൂരിതമാകുന്ന ദിവസം' എന്നതിനെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: ''അതായത്, സുന്നത്തിന്റെ ആളുകളുടെ മുഖങ്ങള്‍.' 'ചില മുഖങ്ങള്‍ കറുത്തിരുണ്ടിരിക്കും' അതായത്, 'ബിദ്അത്തിന്റെ ആളുകളുടെ മുഖങ്ങള്‍.''

അലാഉബ്‌നുല്‍ മുസ്വയ്യബ് തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: ''നമ്മള്‍ പിന്‍പറ്റുകയാണ് പുതുതായി ഉണ്ടാക്കുകയല്ല. സുന്നത്ത് അനുധാവനം ചെയ്യുകയല്ലാതെ ബിദ്അത്തുണ്ടാക്കുകയില്ല. നമ്മള്‍ ഹദീഥ് മുറുകെ പിടിക്കുന്നിടത്തോളം വഴിപിഴക്കുകയേയില്ല.''

ശാദ്ദ്ബ്‌നു യഹ്‌യയില്‍ നിന്നും ഉദ്ധരിക്കുന്നു: ''സുന്നത്ത് പിന്‍പറ്റുന്നതിനെക്കാള്‍ സ്വര്‍ഗത്തിലേക്ക് വേറെ നല്ല എളുപ്പവഴി ഇല്ല.''

അഹ്മദുബ്‌നു ഹമ്പലില്‍ നിന്നും ഉദ്ധരിക്കുന്നു: ''നമ്മുടെയടുക്കല്‍ സുന്നത്ത് എന്നത് നബി ﷺ യുടെ കാല്‍പാടുകളാണ്. സുന്നത്ത് ക്വുര്‍ആനിന്റെ വിവരണവും അതിന്റെ അടയാളങ്ങളും വഴി കാട്ടിയുമാണ്.''

ശൈഖ് നസ്വ്ദുല്‍ മഖ്ദിസീയുടെ 'അല്‍ഹുജ്ജത്തു അലാ താരികില്‍ മഹജ്ജ' (തെളിഞ്ഞ വഴി ഉപേക്ഷിക്കുന്നവര്‍ക്കെതിരിലുള്ള തെളിവുകള്‍) എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വാചകങ്ങളാണ് ചുവടെ:

അബുദ്ദര്‍ദാഅ്(റ)ല്‍ നിന്ന് തന്റെ സനദിലൂടെ അദ്ദേഹം (ശൈഖ് നസ്വ്ര്‍) ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ''സുന്നത്തു നഷ്ടപ്പെടുന്നത് ഭയന്നുകൊണ്ട് രാവിലെയോ വൈകുന്നേരമോ സുന്നത്തന്വേഷിച്ചു പുറപ്പെടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (യുദ്ധത്തിന്) രാവിലെയും വൈകുന്നേരവും പുറപ്പെടുന്നവനെ പോലെയാണ്. അല്ലാഹു പഠിപ്പിച്ചുകൊടുത്ത വല്ല അറിവും ആരെങ്കിലും മറച്ചുവെച്ചാല്‍ അന്ത്യനാളില്‍ തീയിനാലുള്ള ഒരു കടിഞ്ഞാണ്‍ അല്ലാഹു അയാളെ ധരിപ്പിക്കുന്നതാണ്.''

കഥീറുബ്‌നു അബ്ദില്ല തന്റെ പിതാവില്‍ നിന്നും അദ്ദേഹം പിതൃവ്യനില്‍ നിന്നുമായി ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ''നിശ്ചയം, ഇസ്‌ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്. അത് അപരിചിതാവസ്ഥയിലേക്ക് തന്നെ മടങ്ങുന്നതാണ്. അപ്പോള്‍ ആ അപരിചിതര്‍ക്ക് മംഗളം.'' നബി ﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ആരാണ് ആ അപരിചിതര്‍?'' അവിടുന്ന് പറഞ്ഞു: ''എന്റെ ശേഷം എന്റെ സുന്നത്തിനെ ജീവിപ്പിക്കുകയും അത് അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍.'' (മുസ്‌ലിം 1/90, തിര്‍മിദി 3/363, ഇബ്‌നുമാജ 2/1319, ദാരിമി 2/311, അഹ്മദ് 1/398. മജ്മഉസ്സവാഇദ് 7/8, മഖാസ്വിദുല്‍ ഹസന 143, ജാമിഉല്‍കബീര്‍ 1/458 എന്നിവ നോക്കുക).

നബി ﷺ  പറഞ്ഞതായി അബുദ്ദര്‍ദാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ''ആരെങ്കിലും എന്റെ ഉമ്മത്തിന് വേണ്ടി നാല്‍പത് ഹദീഥുകള്‍ സംരക്ഷിച്ചാല്‍ ഞാനയാള്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശകനാകുന്നതാണ്.''

ജുനൈദി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: ''നബി ﷺ യുടെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരോ പ്രവാചക വചനങ്ങള്‍ അനുധാവനം ചെയ്യുന്നവരോ അല്ലാത്ത സൃഷ്ടികള്‍ക്കു മുമ്പില്‍ സന്മാര്‍ഗ പാത അടക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്...'' (അല്‍ അഹ്‌സാബ്: 21).

അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദിയില്‍ നിന്നുമുദ്ധരിക്കുന്നു: ''ഒരാള്‍ക്ക് തന്റെ ഭക്ഷണ പാനീയങ്ങളെക്കാള്‍ അത്യാവശ്യമാണ് ഹദീഥ് വിജ്ഞാനീയം. കാരണം ഹദീഥാണ് ക്വുര്‍ആനിനെ വിശദീകരിക്കുന്നത്.''

ഇബ്‌നുല്‍ മുബാറക് ഇങ്ങനെ ഒരു ഹദീഥ് പറഞ്ഞു: ''അന്ത്യനാള്‍ വരെ എന്റെ ഉമ്മത്തില്‍ നിന്ന് ഒരു സംഘം സത്യത്തിലായിക്കൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്കൊരു ഉപദ്രവവും ഏല്‍പിക്കുകയില്ല.'' എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അവര്‍ ഹദീഥിന്റെ ആളുകളാണ്.''

ഇബ്‌നുല്‍ മദീനിയില്‍ നിന്നുമുദ്ധരിക്കുന്നു. മുകളില്‍ പറഞ്ഞ ഹദീഥിനെ കുറിച്ച് അദ്ദേഹം പറയുന്നു: ''അവര്‍ ഹദീഥിന്റെ ആളുകളും നബി ﷺ യുടെ മദ്ഹബ് സ്വീകരിക്കുന്നവരും വിജ്ഞാനത്തെ സംരക്ഷിക്കുന്നവരുമാണ്. അവരില്ലായിരുന്നെങ്കില്‍ ജഹ്മിയാക്കളും സ്വാഭിപ്രായക്കാരും മുര്‍ജിയാക്കളും റാഫിദികളും മുഅ്തസിലിയാക്കളുമെല്ലാം ജനങ്ങളെ നശിപ്പിച്ചു കളയുമായിരുന്നു.''

ഇബ്‌നു മസ്ഊദി(റ)ല്‍ നിന്നും അബൂദര്‍റി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ക്കു പിന്നില്‍ സഹനത്തിന്റെ നാളുകളാണുള്ളത്. അപ്പോള്‍ നിങ്ങള്‍ നിലകൊണ്ട മാര്‍ഗത്തെ അവലംബിക്കുന്നവര്‍ക്ക് അമ്പതു പേരുടെ പ്രതിഫലമുണ്ട്.'' അവര്‍ (സ്വഹാബത്ത്) ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ഞങ്ങളില്‍ നിന്നോ? അതല്ല, അവരില്‍ നിന്നോ?'' അവിടുന്ന് പറഞ്ഞു: ''നിങ്ങളില്‍ നിന്നു തന്നെ.'' (ശൈഖ് അല്‍ബാനി ഈ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് പ്രസ്താവിക്കുന്നു. (സ്വഹീഹുത്തര്‍ഗീബ് 3172, സില്‍സില സ്വഹീഹ: 494).

ഇമാം ബുഖാരിയില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ''ഞങ്ങള്‍ മൂന്നോ നാലോ പേര്‍ ഇബ്‌നു അബ്ദില്ലയുടെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. അപ്പോഴദ്ദേഹം പറഞ്ഞു: 'നിശ്ചയം എന്റെ ഉമ്മത്തില്‍ നിന്നൊരു വിഭാഗം സത്യത്തില്‍ തന്നെ ആയിക്കൊണ്ടേയിരിക്കും. അവരെ കയ്യൊഴിയുന്നവര്‍ അവര്‍ക്ക് യാതൊരുപദ്രവും ഏല്‍പിക്കുകയില്ല' എന്ന ഈ ഹദീഥിന്റെ വിവക്ഷ നിങ്ങള്‍ തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം, കച്ചവടക്കാര്‍ കച്ചവടവുമായും തൊഴിലാളികള്‍ തൊഴിലുമായും രാജാക്കന്മാരും ഭരണാധികളും അവരുടെ അധികാരവുമായും വ്യാപൃതരായിരിക്കുകയാണ്. നിങ്ങളാകട്ടെ, നബി ﷺ യുടെ സുന്നത്ത് ജീവിപ്പിക്കുകയും ചെയ്യുന്നു.''

ഇമാം അഹ്മദ് തന്റെ 'സുഹ്ദി'ല്‍ ഉദ്ധരിക്കുന്നു. ക്വതാദ(റ) പറഞ്ഞു: ''അല്ലാഹുവാണെ സത്യം! സുന്നത്തിനെ ആര്‍ വെറുത്തുവോ അവന്‍ നശിച്ചു. അതിനാല്‍ നിങ്ങള്‍ സുന്നത്ത് സ്വീകരിക്കുക. ബിദ്അത്തിനെ സൂക്ഷിക്കുക. നിങ്ങള്‍ അറിവു നേടുക. ഊഹാപോഹങ്ങളെ കയ്യൊഴിക്കുകയും ചെയ്യുക.''

ഹാകിം 'മുസ്തദ്‌റകി'ല്‍ ഉദ്ധരിക്കുന്നു. അബ്ദുര്‍റഹ്മാനുബ്‌നു അബ്‌സി പറയുന്നു: ''ഉഥ്മാന്‍(റ)ന്റെ പ്രശ്‌നത്തില്‍ ആളുകള്‍ മുഴുകിയപ്പോള്‍ ഞാന്‍ ഉബയ്യ്ബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. ''എന്താണ് ഇതിനൊരു പരിഹാരം?'' അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ കിതാബും നബി ﷺ യുടെ സുന്നത്തും. നിങ്ങള്‍ക്ക് വ്യക്തമായതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് സംശയമുണ്ടാക്കുന്നത് അതിനെ കുറിച്ചറിയുന്നവരിലേക്ക് ഏല്‍പിച്ചു കൊടുക്കുക.'' (ആശയ സംഗ്രഹം).