നിസ്വാര്‍ഥത

അബ്ദുല്‍ ജബ്ബാര്‍ മദീനി

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 4)

ഉപകാരപ്രദമായ ഒരു വസ്തുവിന് താന്‍ ആവശ്യക്കാരനായിട്ടും തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന് ഈഥാര്‍ എന്ന് അറബി ഭാഷയില്‍ പറയും. ഔദാര്യത്തിന്റെയും ദാനവായ്പിന്റെയും ഏറ്റവും മികച്ച പദവിയാണത്. ഇത്തരം സ്വഭാവക്കാരെ പുകഴ്ത്തിയും ഇഹത്തിലും പരത്തിലും അവര്‍ വിജയികളാണെന്ന് വ്യക്തമാക്കിയും ഒരു വിശുദ്ധ വചനമുണ്ട്. മദീനയില്‍ നബി ﷺ യെയും മുഹാജിറുകളെയും മനസാ വാചാ കര്‍മണാ സ്വീകരിച്ച മദീനക്കാരായ അന്‍സ്വാരികളുടെ വിഷയത്തില്‍ അവതീര്‍ണമായതാണ് പ്രസ്തുത വചനം:

''അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും'' (ക്വുര്‍ആന്‍ 59: 9).

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: 'അഥവാ, അന്‍സ്വാരികള്‍ തങ്ങളുടെ ആവശ്യങ്ങളെക്കാള്‍ ഇതര ആവശ്യക്കാരെ മുന്തിപ്പിക്കുന്നു. തങ്ങള്‍ ഒരു കാര്യത്തിന് ആവശ്യമുള്ളവരായിരിക്കെ തന്നെ തങ്ങള്‍ക്കു മുമ്പായി അവര്‍ ജനങ്ങളില്‍ തുടങ്ങുന്നു.'

തങ്ങള്‍ക്കു സ്വാര്‍ഥമായത് ചെലവഴിക്കുന്നതിന്റെ മഹത്ത്വമറിയിച്ചുകൊണ്ട് അല്ലാഹു—പറയുന്നു: ''നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 3:92).

''തീര്‍ച്ചയായും പുണ്യവാന്മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. അല്ലാഹുവിന്റെ ദാസന്മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും. നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്നുപിടിക്കുന്ന ഒരു ദീവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയുംചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'' (ക്വുര്‍ആന്‍ 76:5-9).

തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന്റെ മഹത്ത്വവും അത്തരക്കാരുടെ സ്ഥാനവും അറിയിക്കുന്ന ഒരുസംഭവം ഇമാം ബുഖാരി അബൂമൂസല്‍അശ്അരി(റ)യില്‍നിന്ന് നിവേദനം ചെയ്യുന്നു:

''യുദ്ധത്തില്‍ അശ്അരികളുടെ ഭക്ഷണം തീര്‍ന്നാല്‍, അല്ലെങ്കില്‍ മദീനയില്‍ അവരുടെ കുടുംബത്തിന്റെ ഭക്ഷണം കമ്മിയായാല്‍ അവരുടെ അടുക്കലുള്ളതെല്ലാം ഒരു വസ്ത്രത്തില്‍ ശേഖരിക്കും. പിന്നീട് ഒരു പാത്രത്തില്‍ തന്നെ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അവര്‍ എന്നില്‍ പെട്ടവരാണ്. ഞാന്‍ അവരില്‍ പെട്ടവനും''(ബുഖാരി).

ഭക്ഷണം കഴിക്കുമ്പോള്‍ മാന്യത കാണിക്കുക, സമത്വം കാണിക്കുക, സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുക എന്നിവയ്ക്കു പ്രോത്സാഹനമേകുന്ന ഒരു തിരുമൊഴി നോക്കൂ. ജാബിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുദൂതര്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടു:

''ഒരാളുടെ ഭക്ഷണം രണ്ടു പേര്‍ക്ക് മതിയാകും. രണ്ടു പേരുടെ ഭക്ഷണം നാലു പേര്‍ക്ക് മതിയാകും. നാലുപേരുടെ ഭക്ഷണം എട്ടു പേര്‍ക്ക് മതിയാകും'' (മുസ്‌ലിം).

ജാബിര്‍(റ) പറയുന്നു: ഒരു യുദ്ധയാത്ര ഉദ്ദേശിച്ചപ്പോള്‍ നബി ﷺ  പറഞ്ഞു: ''മുഹാജിര്‍, അന്‍സ്വാരീ സമൂഹമേ, നിങ്ങളുടെ സഹോദരങ്ങളില്‍ ഒരു വിഭാഗത്തിന് സ്വത്തുക്കളോ സ്വന്തക്കാരോ ഇല്ല. അ തിനാല്‍ നിങ്ങളിലൊരാള്‍ ഒരു വ്യക്തിയെ അല്ലെങ്കില്‍ രണ്ടു വ്യക്തികളെ തന്നിലേക്ക് ചേര്‍ത്തു കൊള്ളട്ടെ. ഞങ്ങളിലാകട്ടെ ഒരാള്‍ക്കും അവരെ ഊഴമനുസരിച്ച് വഹിക്കാവുന്ന ഒരു ഒട്ടകമല്ലാതെ ഇല്ലതാനും. അങ്ങനെ ഞാന്‍ എന്നിലേക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് ആളുകളെ ചേര്‍ത്തു.''

ജാബിര്‍(റ) പറയുന്നു: എന്റെ ഒട്ടകപ്പുറത്ത് എനിക്കു സഞ്ചരിക്കുവാന്‍ അവര്‍ക്കുള്ള ഊഴമല്ലാതെ ഒരു ഊഴം എനിക്കുണ്ടായിരുന്നില്ല.''(1)

അനുപമ മാതൃകകള്‍

തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്ന തിരുദൂതരുടെയും അനുചരന്മാരുടെയും മഹനീയ മാതൃകകള്‍ ധാരാളമാണ്. ചിലത് ഇവിടെ നല്‍കുന്നു. സഹ്ല്‍ ഇബ്‌നു സഅദി(റ)ല്‍ നിന്ന് നിവേദനം:

''ഒരു മഹതി ഒരു ബുര്‍ദയുമായി വന്നു. സഹ്ല്‍(റ) ചോദിച്ചു: 'ബുര്‍ദ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?' അദ്ദേഹത്തോട് പറയപ്പെട്ടു: 'കരയില്‍ നെയ്തുള്ള ഒരു വസ്ത്രമാണത്.' ആ മഹതി പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെ ധരിപ്പിക്കുവാന്‍ എന്റെ കൈകൊണ്ട് ഞാന്‍ ഇത് നെയ്തുണ്ടാക്കിയിരിക്കുന്നു.' അതിന് ആവശ്യക്കാരനെന്ന നിലയ്ക്ക് തിരുമേനി അത് സ്വീകരിച്ചു. അത് ഉടുമുണ്ടായി ധരിച്ചുകൊണ്ട് അവിടുന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ജനങ്ങളില്‍ ഒരാള്‍ പറഞ്ഞു: 'തിരുദൂതരേ, അത് എനിക്ക് ധരിപ്പിച്ചാലും.' തിരുമേനി ﷺ  പറഞ്ഞു: 'അതെ.' നബി ﷺ  സദസ്സില്‍ ഇരുന്നു. ശേഷം തിരുമേനി മടങ്ങുകയും ആ തുണി മടക്കി ആ വ്യക്തിക്ക് കൊടുത്തയക്കുകയും ചെയ്തു. ആളുകള്‍ അയാളോട് പറഞ്ഞു: 'താങ്കള്‍ ചെയ്തത് ശരിയായില്ല. ചോദിക്കുന്നവനെ നബി ﷺ  വെറുതെ മടക്കില്ലെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹത്തോട് താങ്കളത് ചോദിച്ചു.' അയാള്‍ പറഞ്ഞു: 'അല്ലാഹുവാണേ സത്യം! ഞാന്‍ മരിക്കുന്ന ദിവസം എന്റെ കഫന്‍ തുണിയാക്കുവാന്‍ മാത്രമാണ് അത് ഞാന്‍ ചോദിച്ചത്.' സഹ്ല്‍(റ) പറയുന്നു: 'അങ്ങനെ അതായിരുന്നു അയാളുടെ കഫന്‍ തുണി'' (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ''ഒരു വ്യക്തി നബി ﷺ യുടെ അടുക്കല്‍ വന്നു. തന്റെ ഭാര്യമാരുടെ അടുക്കലേക്ക് (ആഗതനെ സല്‍കരിക്കുവാന്‍ ഭക്ഷണമുേണ്ടാ എന്നന്വേഷിച്ച്) തിരുമേനി ആളെ വിട്ടു. അവര്‍ പറഞ്ഞു: 'ഞങ്ങളുടെ അടുക്കല്‍ വെള്ളം മാത്രമാണുള്ളത്.' തിരുദൂതര്‍ ﷺ  പറഞ്ഞു: 'ആരാണ് ഇയാളെ വിരുന്നുകാരനായി കൂടെകൂട്ടുക?' അന്‍സ്വാരികളില്‍പെട്ട ഒരു വ്യക്തി ഞാന്‍ സന്നദ്ധനാണെന്ന് പറയുകയും തന്റെ ഭാര്യയുടെ അടുക്കലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹം ഭാര്യയോട് പറഞ്ഞു: 'അല്ലാഹുവിന്റെ തിരുദൂതരുടെ അതിഥിയെ ആദരിക്കുക.' അവര്‍ പറഞ്ഞു: 'എന്റെ അടുക്കല്‍ മക്കള്‍ക്കുള്ള ഭക്ഷണമല്ലാതെ യാതൊന്നുമില്ല.' അദ്ദേഹം പറഞ്ഞു: 'ഭക്ഷണം ഒരുക്കുക. വിളക്ക് കത്തിക്കുക. കുട്ടികള്‍ രാത്രിഭക്ഷണം ആവശ്യപ്പെട്ടാല്‍ അവരെ ഉറക്കുക.' അങ്ങനെ അവര്‍ ഭക്ഷണം തയ്യാറാക്കി, വിളക്കു കത്തിച്ചു, മക്കളെ കിടത്തിയുറക്കി. ശേഷം അവര്‍ വിളക്ക് ശരിയാക്കുവാനെന്നോണം എഴുന്നേല്‍ക്കുകയും വിളക്ക് കെടുത്തുകയും ചെയ്തു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഭക്ഷിക്കുന്നവരായി അതിഥിക്കു മുന്നില്‍ നടിക്കുകയും വിശപ്പിനാല്‍ ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയും ചെയ്തു. പുലര്‍ന്നപ്പോള്‍ അവരിരുവരും തിരുദൂതരുടെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ  പറഞ്ഞു: 'നിങ്ങള്‍ രണ്ടു പേരുടെയും ചെയ്തികളില്‍ അല്ലാഹു ചിരിച്ചു-അല്ലെങ്കില്‍ ആശ്ചര്യപ്പെട്ടു.' ഈ സന്ദര്‍ഭത്തില്‍ അല്ലാഹു—ഈ വചനം അവതരിപ്പിച്ചു:

''തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 59:10).

ഈ വിഷയത്തില്‍ അബൂബക്ര്‍(റ)മഹനീയ മാതൃകയാണ്. ഒരിക്കല്‍ അദ്ദേഹം അലിയ്യി(റ)നോട് പറഞ്ഞു: ''അല്ലാഹുവാണേ സത്യം! എന്റെ കുടുംബത്തോടു ബന്ധം ചാര്‍ത്തുന്നതിനെക്കാള്‍ നബി ﷺ യുടെ കുടുംബത്തോടുള്ള ബന്ധം ചാര്‍ത്തലാകുന്നു എനിക്ക് ഏറെ ഇഷ്ടകരം.''

അമീറുല്‍മുഅ്മിനീന്‍ ഉമറി(റ)ന് കുത്തേറ്റ സന്ദര്‍ഭത്തില്‍ മകന്‍ അബ്ദുല്ല(റ)യെ വിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഉമ്മുല്‍മുഅ്മിനീന്‍ ആഇശയുടെ അടുക്കലേക്ക് നീ ചെല്ലുക.' ഉമറുബ്‌നുല്‍ഖത്ത്വാബ് നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു എന്ന് പറയുകയും എന്റെ രണ്ട് കൂട്ടുകാരോടൊത്തു ഞാന്‍ മറമാടപ്പെടുന്നതിനെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്യുക.' ആഇശ(റ) പറഞ്ഞു: 'എനിക്കായി ഞാന്‍ ഉദ്ദേശിച്ച സ്ഥലമായിരുന്നു അത്. എന്നാല്‍ ഇന്ന് ഞാന്‍ അദ്ദേഹത്തിന് എന്നേക്കാള്‍ പ്രാമുഖ്യം കല്‍പിക്കുക തന്നെ ചെയ്യും.' അബ്ദുല്ല(റ) തിരിച്ചു വന്നപ്പോള്‍ ഉമര്‍(റ) ചോദിച്ചു: 'എന്താണ് അവരുടെ പ്രതികരണം?' 'അമീറുല്‍ മുഅ്മിനീന്‍, അവര്‍ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു.' ഉമര്‍(റ) പറഞ്ഞു: 'ആ ക്വബ്‌റിടത്തോളം പ്രധാനമായ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്റെ ജനാസ വഹിക്കുകയും സലാം പറയുകയും ഉമര്‍ അനുവാദം ചോദിക്കുന്നു എന്ന് പറയുകയും ചെയ്യുക. അവര്‍ എനിക്ക് അനുവാദം നല്‍കിയാല്‍ നിങ്ങള്‍ എന്നെ മറമാടുക. അനുവാദം നല്‍കിയില്ലെങ്കില്‍ മുസ്‌ലിംകളുടെ മക്വ്ബറയിലേക്ക് എന്നെ തിരിച്ചു കൊണ്ടുപോവുക.''

ആഇശ(റ)യില്‍ നിന്ന് നിവേദനം: ''എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടു പെണ്‍മക്കളെയും വഹിച്ചുകൊണ്ടുവന്നു. ഞാന്‍ അവര്‍ക്ക് മൂന്നു കാരക്കകള്‍ തിന്നുവാന്‍ നല്‍കി. അവര്‍ രണ്ടു കുട്ടികള്‍ക്കും ഒരോ കാരക്ക വീതം നല്‍കി. ഒരു കാരക്ക അവര്‍ തിന്നുവാന്‍ തന്റെ വായിലേക്ക് ഉയര്‍ത്തി. അപ്പോള്‍ ആ രണ്ടു പെണ്‍മക്കള്‍ ഉമ്മയോട് ആ കാരക്കയും അവര്‍ക്ക് തിന്നുവാന്‍ ചോദിച്ചു. അപ്പോള്‍ ആ ഉമ്മ താന്‍ തിന്നുവാന്‍ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവര്‍ക്കിടയില്‍ വീതിച്ചു നല്‍കി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ പ്രവര്‍ത്തിച്ചത് അല്ലാഹുവിന്റെ ദൂതരോട് ഞാന്‍ ഉണര്‍ത്തി. അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: നിശ്ചയം, അല്ലാഹു അവര്‍ക്ക് ആ കാരക്കകൊണ്ട് സ്വര്‍ഗം അനിവാര്യമാക്കി. അല്ലെങ്കില്‍ അതിനാല്‍ അല്ലാഹു അവരെ നരകത്തില്‍ നിന്നും മോചിപ്പിച്ചു'' (മുസ്‌ലിം).