മന്‍ഖൂസ് മൗലിദും മാറാവ്യാധികളും

മൂസ സ്വലാഹി, കാര

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍  16)

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസാചാരങ്ങളില്‍നിന്ന് അകലുവാനും മാനസിക പിരിമുറുക്കങ്ങളില്‍ അകപ്പെടുവാനും പരലോകത്ത് നഷ്ടം വരുത്തുന്ന കാര്യങ്ങളുമായി ജീവിക്കുവാനും മുസ്‌ലിംകളില്‍ ആരും ഇഷ്ടപ്പെടുകയില്ല. എന്നാല്‍ അവര്‍ അറിയാതെ യഥാര്‍ഥ വിശ്വാസാചാരങ്ങളില്‍നിന്ന് അവരെ അകറ്റുവാനും മൂഢവിശ്വാസങ്ങളുടെ വാഹകരാക്കുവാനും ശ്രമിക്കുന്ന പണ്ഡിത വേഷധാരികളുണ്ട് എന്ന് ഖേദപൂര്‍വം പറയട്ടെ. കോറോണകൊണ്ടുള്ള പരീക്ഷണകാലത്തും ദുഷിച്ച വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇക്കൂട്ടര്‍ മല്‍സരിക്കുന്നു എന്നത് ആശ്ചര്യകരം തന്നെയാണ്.

2020 ഒക്ടോബര്‍ ആദ്യലക്കം സുന്നിവോയ്‌സില്‍ സമസ്ത പണ്ഡിതസഭയിലെ മുഖ്യന്‍ തന്റെ കോറോണ അനുഭവം പങ്കുവെച്ചത് കാണുക:''ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഇതുവരെ എല്ലാ മാസവും മഗ്‌രിബിനു ശേഷം ഞങ്ങളുടെ വീട്ടില്‍ മന്‍ഖൂസ് മൗലിദ് ഓതാറുണ്ട്. രണ്ട് ഹദീസെങ്കിലും ഓതാത്ത ദിവസമുണ്ടായിട്ടില്ല. വബാഅ് പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കും മറ്റു ബലാഉകള്‍ക്കും വലിയ പരിചയാണ് മന്‍ഖൂസ് മൗലിദ്. അതുപോലെ സ്വലാത്തുകളും'' (പേജ്: 8).

ഇതില്‍ എന്താണ് പ്രശ്‌നമെന്ന് ചിന്തിക്കുന്നവര്‍ ഒരു പക്ഷേ, ഉണ്ടായേക്കാം. ഹദീഥുകള്‍ വായിക്കുന്നതും നബി ﷺ  പഠിപ്പിച്ച സ്വലാത്താണെങ്കില്‍ അത് ചൊല്ലുന്നതും നല്ലതുതന്നെ. എന്നാല്‍ മതവുമായി ഒരിക്കലും ബന്ധിപ്പിക്കാന്‍ പറ്റാത്ത വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതും ഇബാദത്ത് എന്ന നിലയില്‍ പ്രത്യേക സമയം നിശ്ചയിച്ച് അത് ചെയ്യുന്നതും എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം കൂട്ടിച്ചേര്‍ക്കലോ കുറച്ചുകളയലോ വേണ്ടാത്തവിധം ഇസ്‌ലാം പരിപൂര്‍ണമാണ്. അല്ലാഹു പറയുന്നു:

''...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു...'' (ക്വുര്‍ആന്‍ 5:3).

മഹാമാരിയടക്കം കടുത്ത വേദനനിറഞ്ഞ പരീക്ഷണങ്ങളും ജീവിതത്തിന് ആനന്ദമേകുന്ന കാര്യങ്ങളും ഒരാളുടെയും പങ്കാളിത്തമില്ലാതെ തീരുമാനിക്കുന്നതും നമ്മുടെ ജീവിതത്തില്‍ നടപ്പാക്കുന്നതും അല്ലാഹുവാണ്. ക്വുര്‍ആന്‍ പറയുന്നു:

''ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു'' (57:22).

പരീക്ഷണമാണെങ്കില്‍ അതിനെ മുഴുവനായും നീക്കാനും സന്തോഷമാണെങ്കില്‍ നല്ല നിലയില്‍ അതിനെ ആസ്വദിപ്പിക്കാനും കഴിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

''(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ'' (6:17).

ഈ പരമയാഥാര്‍ഥ്യത്തില്‍നിന്ന് പൗരോഹിത്യം ആളുകളെ തെറ്റിച്ചുകളയുന്നു എന്നതാണ് നാം കാണുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് സുന്നിവോയ്‌സിലെ, മുകളില്‍ കൊടുത്ത ഉദ്ധരണി.

സമസ്തയുടെ ആധികാരിക പ്രമാണമെന്ന് വിശേഷിപ്പിക്കാവുന്ന എട്ടാം പ്രമേയത്തില്‍ തന്നെ പഠിപ്പിക്കപ്പെട്ടത് മന്‍ഖൂസ് മൗലിദ് ഓതാത്തവന്‍ അവരുടെ ഭാഷയിലെ സുന്നിയല്ല എന്നാണ്.

'തസ്ബീഹ് മാല ഉപയോഗിക്കലും മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രിയ്യത്ത് ബൈത്ത്, മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല മുതലായ നിരാക്ഷേപം മുസ്‌ലിംകളില്‍ നടന്നുവരുന്നതും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഉലമാക്കളാല്‍ ദീനില്‍ അറിയപ്പെട്ടതുമായ കാര്യങ്ങള്‍ മത വിരുദ്ധമാണെന്നോ, ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ല. അവര്‍ ഖാസി, ഖത്തീബ്, ഇമാം എന്നീ സ്ഥാനത്തേക്ക് അര്‍ഹരുമല്ല'' (ഇവരെ എന്തുകൊണ്ട് അകറ്റണം?, പേജ് 15).

പൊന്നാനിയിലെ വലിയ മഖ്ദൂം രചിച്ചതായ മന്‍ഖൂസ് മൗലിദില്‍ സാധാരണക്കാര്‍ക്ക് താല്‍പര്യമുണ്ടാകാന്‍ വ്യത്യസ്ത ശൈലികളില്‍ ഇവര്‍ നടത്തിയ പ്രചരണങ്ങള്‍ ഇങ്ങനെയാണ്.

''മണ്ണാര്‍ക്കാടിനടുത്ത് അമ്പംകുന്നില്‍ അന്ത്യവിശ്രമം ചെയ്യുന്ന ബീരാന്‍ ഔലിയ ഉപ്പാപ്പ രോഗമോ മറ്റു വല്ല പ്രശ്‌നങ്ങളോ പരാതിപ്പെട്ടാല്‍ നിശ്ചിത ദിവസത്തിനകം നിശ്ചിത എണ്ണം മന്‍ഖൂസ് മൗലിദ് ഓതിത്തീര്‍ക്കാന്‍ കല്‍പ്പിക്കലും ആയിടയില്‍ പ്രശ്‌നം പരിഹരിക്കപ്പെടലും പതിവായിരുന്നു'' (മന്‍ഖൂസ് മൗലിദ് പരിഭാഷ,  വ്യാഖ്യാനം, പേജ് 9).

ഇത്തരം ഘട്ടങ്ങളില്‍ എന്താണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത് എന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. ഉസ്മാന്‍ ഇബ്‌നു അബില്‍ഹാസ്(റ) ഇസ്‌ലാം സ്വീകരിച്ചതുമുതല്‍ അദ്ദേഹത്തിന് ശരീരത്തിലുള്ള വേദനയെക്കുറിച്ച് നബി ﷺ യോട് പരാതിപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'നിന്റെ ശരീരത്തില്‍ വേദനയുള്ള ഭാഗത്ത് കൈ വെച്ച് ബിസ്മില്ലാഹി എന്ന് മൂന്നുതവണ പറയുക. ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ഭയന്നുകൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ കെടുതിയില്‍ നിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാന്‍ അഭയം തേടുന്നു എന്ന് ഏഴ് തവണയും നീ പറയുക'' (മുസ്‌ലിം).

''പൊന്നാനിയിലും പരിസരങ്ങളിലും ഒരുകാലത്ത് ശക്തിയായ കോളറ പടര്‍ന്നുപിടിച്ചു. തുടര്‍ച്ചയായ മരണങ്ങള്‍ കാരണം മയ്യിത്ത് സംസ്‌കരണങ്ങള്‍ക്ക് പോലും പ്രയാസം നേരിട്ടിരുന്നു. ആളുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി മരിച്ചുവീഴുന്ന രംഗം കണ്ട് നാട്ടുകാരെല്ലാം ഭയവിഹ്വലരായി. അവരുടെ നേതാവായ സൈനുദ്ദീന്‍ മഖ്ദൂം(റ) തങ്ങളെ സമീപിച്ചു. തദ്‌സമയം അവര്‍ രചിച്ച ഈ മൗലിദ് വീടുകള്‍ തോറും ചൊല്ലുവാനും സദ്യകഴിക്കുവാനും ഉപദേശിച്ചു. മഖ്ദൂം(റ)തങ്ങളുടെ ഈ നിര്‍ദേശം അവര്‍ ശിരസ്സാവഹിക്കുകയും ഏതാനും ദിവസങ്ങള്‍ക്കകം അത്ഭുതകരമായി ഈ രോഗം വിട്ടുമാറുകയും ജനജീവിതം സാധാരണപോലെയാവുകയും ചെയ്തു'' (മന്‍ഖൂസ് മൗലിദ് പരിഭാഷ,  വ്യാഖ്യാനം, പേജ് 10).

നബി ﷺ യുടെയും ഉമര്‍(റ)വിന്റെയും കാലത്ത് പ്ലേഗ് രോഗം ഉണ്ടായപ്പോള്‍ അതിനെ അതിജീവിച്ചത് അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ചും മതനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുമാണ്.മദീനത്ത് എത്തിയ അബൂബക്കര്‍(റ), ബിലാല്‍(റ) എന്നിവര്‍ അവിടുത്തെ പകര്‍ച്ചവ്യാധിയെ സംബന്ധിച്ച് നബി ﷺ യോട് ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ മദീനയുടെ നന്മക്കും പുണ്യത്തിനും, ആ രോഗം നീങ്ങിക്കിട്ടുന്നതിനും അല്ലാഹുവിനോട് തേടിയത് ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ച ഹദീഥില്‍ കാണാം. ഇതാണ് പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ നബി ﷺ ക്ക് വഹ്‌യിലൂടെ ലഭിക്കപ്പെട്ട മാര്‍ഗം. എന്നാല്‍ ഇവര്‍ പഠിപ്പിക്കുന്നതോ?

രോഗംമൂലമോ അല്ലാതെയോ പരീക്ഷിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ എന്ത് ചെയ്യണമെന്നത് അല്ലാഹു പറഞ്ഞുതരുന്നത് കാണുക: ''അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്ന് ഉത്തരംനല്‍കുകയും വിഷമം നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'' (27:62)

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''പ്രയാസങ്ങളില്‍ വിളിച്ചു തേടപ്പെടേണ്ടവനും പ്രതിസന്ധിഘട്ടങ്ങളില്‍ പ്രതീക്ഷിക്കപ്പെടേണ്ടവനും ഞാനാണെന്ന് (ഇവിടെ) അല്ലാഹു ഉണര്‍ത്തുന്നു. അഥവാ ബുദ്ധിമുട്ടില്‍ അകപ്പെട്ടവന്‍ അഭയം പ്രാപിക്കുന്നതും അത്തരക്കാരുടെ പ്രയാസങ്ങള്‍ അകറ്റുന്നതും  അല്ലാഹുവിന് പുറമെ ആരാണ്?'' (വാള്യം 3, പേജ് 492)

അബൂ തമീമ അല്‍ഹുജൈമി(റ) 'ബല്‍ഹുജൈം' എന്നിടത്തുള്ള ഒരാളില്‍നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു. അയാള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഏതൊന്നിലേക്കാണ് താങ്കള്‍ ക്ഷണിക്കുന്നത്?' പ്രവാചകന്‍ ﷺ  പറഞ്ഞു: 'നിനക്ക് പ്രയാസം ബാധിക്കുമ്പോള്‍ നീ പ്രാര്‍ഥിക്കുകയും അപ്പോള്‍ നിന്റെ പ്രയാസം നീക്കിത്തരികയും, വിജനപ്രദേശത്ത് നിനക്ക് നിന്റെ യാത്രാമൃഗം നഷ്ടമാവുകയും അങ്ങനെ നീ പ്രാര്‍ഥിക്കുകയും അപ്പോള്‍ നിനക്കത് തിരിച്ചുതരികയും ചെയ്യുന്ന ഏകനായ  അല്ലാഹുവിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്' (അഹ്മദ്).

രോഗങ്ങളില്‍നിന്ന് അല്ലാഹുവിനോട് രക്ഷതേടാനായി നബി ﷺ  പഠിപ്പിച്ച പ്രാര്‍ഥന ഇപ്രകാരം കാണാം. അനസ്(റ)വില്‍ നിന്ന്; നബി ﷺ  പറയാറുണ്ടായിരുന്നു: 'അല്ലാഹുവേ, നിശ്ചയം ഞാന്‍ നിന്നോട് പാണ്ട് രോഗത്തില്‍നിന്നും കുഷ്ഠരോഗത്തില്‍നിന്നും ചീത്ത രോഗങ്ങളില്‍നിന്നും കാവല്‍ തേടുന്നു''(അബൂദാവൂദ്).

അയ്യൂബ് നബി(അ) പ്രയാസങ്ങള്‍ നേരിട്ട സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ വിളിച്ച് ആവലാതി പറഞ്ഞതും അതിന് പ്രതിവിധിയുണ്ടായതുമായ കാര്യത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ''അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയുംപേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്'' (21:83,84).

പ്രയാസപ്പെടുന്നവന്റെ വിളി ഉയരേണ്ടത് അല്ലാഹുവിലേക്കാണെന്നും യഥാര്‍ഥ പരിഹാരം കാംക്ഷിക്കേണ്ടത് അവനില്‍നിന്നാണെന്നും അതുകൊണ്ട് മാത്രമെ ശരിയായ ആശ്വാസം ലഭിക്കുകയുള്ളൂ എന്നും ബോധ്യമാക്കിത്തരുന്ന ഈ തെളിവുകളെയെല്ലാം പരിഹസിക്കുംവിധമാണ് സമസ്ത കൊണ്ടു നടക്കുന്ന മൂഢവിശ്വാസങ്ങളെന്ന് പറയാതെവയ്യ!

വലിയ പോരിശയോടെ ഉയര്‍ത്തിക്കാട്ടുന്ന മന്‍ഖൂസ് മൗലിദിലെ ശിര്‍ക്കിന്റെ വരികളും പൊള്ളത്തരങ്ങളും കൂടി പരിശോധിക്കാം.

1. 'ശ്രദ്ധിക്കുക(അറിയുക) ആദം നബി (പശ്ചാത്തപിക്കാന്‍) ഇടയാളനാക്കിയവരാണവര്‍. ആദം നബി(അ) അഭിമാനംകൊള്ളുകയും ചെയ്തു' (മന്‍ഖൂസ് മൗലിദ് പരിഭാഷ, വ്യാഖ്യാനം/പേജ് 23). ഇത് പ്രമാണങ്ങളില്‍ എവിടെയും സ്ഥിരപ്പെട്ടിട്ടില്ല; ശിയാക്കളുടെ നിര്‍മിതിയാണ്.

2. 'നൂഹ് നബി(അ) അവരെക്കണ്ട് സഹായാര്‍ഥന നടത്തിയിട്ടുമുണ്ട്. തദ്ഫലമായി നൂഹ് നബി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു' (മന്‍ഖൂസ് മൗലിദ് പരിഭാഷ, വ്യാഖ്യാനം, പേജ് 23,24).

എന്നാല്‍ ക്വുര്‍ആന്‍ പഠിപ്പിച്ചത് കാണുക: ''അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തി. പിന്നെ ബാക്കിയുള്ളവരെ അതിന് ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു. തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല'' (ക്വുര്‍ആന്‍ 26:119-121).

3. ''അല്ലാഹുവിന്റെ മിത്രമായ ഇബ്രാഹിം നബി(അ)ന്റെ മുതുകിലും എന്നെ അവന്‍ ആക്കിയിരുന്നു. അവരെ അഗ്‌നിയില്‍ എറിയപ്പെട്ട സന്ദര്‍ഭത്തില്‍'' (മന്‍ഖൂസ് മൗലിദ് പരിഭാഷ, വ്യാഖ്യാനം, പേജ് 29).

ഈ വിഷയത്തില്‍ ക്വുര്‍ആനിന്റെ അധ്യാപനം കാണുക: '''നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക'' (21:69).

4. ''അങ്ങ് നാളെ ഞങ്ങളുടെ രക്ഷകനാണ്. അങ്ങയുടെ ആത്മാര്‍ഥമായ ശുപാര്‍ശയാല്‍ അവിടുത്തെപ്പോലെ ഞങ്ങള്‍ക്ക് മറ്റാരുണ്ട്?'' (മന്‍ഖൂസ് മൗലിദ് പരിഭാഷ, വ്യാഖ്യാനം, പേജ്  36,37).

അല്ലാഹുവിന്റെ അനുവാദപ്രകാരം മാത്രമാണ് നബി ﷺ  പരലോകത്ത് ശുപാര്‍ശ നടത്തുക.

''അല്ലാഹു-അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?...'' (ക്വുര്‍ആന്‍ 2:255).

 പ്രവാചകരുടെ അവസ്ഥയെപ്പറ്റി ക്വുര്‍ആന്‍ പറയുന്നു: ''പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല'' (72:22).

5. ''ദോഷങ്ങളുടെ(കൂമ്പാരങ്ങള്‍ക്ക്) മുകളില്‍ ഞാന്‍ കേറിയിരിക്കുന്നു; എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം. അങ്ങയോടാണ് ഞാന്‍ അതില്‍ ആവലാതി പറയുന്നത്'' (മന്‍ഖൂസ് മൗലിദ് പരിഭാഷ, വ്യാഖ്യാനം/പേജ് 37).

പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ പടപ്പുകളോടു തേടുന്നവര്‍ '...പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?...' (ക്വുര്‍ആന്‍ 3:135) എന്ന അല്ലാഹുവിന്റെ ചോദ്യം കണ്ടില്ലെന്ന് നടിക്കുകയാണോ?

ഇത്തരം പൊള്ളത്തരങ്ങള്‍ എങ്ങനെ ഇസ്‌ലാമികമാകും? യഥാര്‍ഥ വിശ്വാസികള്‍ ഇതെങ്ങനെ അംഗീകരിക്കും? പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലാത്ത ഈ മാലകളും മൗലിദുകളും ഓതിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയല്ല മറിച്ച് ഏറ്റവും വലിയ അക്രമമായ ശിര്‍ക്കില്‍ അകപ്പെട്ട് പ്രശ്‌നം സങ്കീര്‍ണമാവുകയാണ് ചെയ്യുക.

മറ്റൊരു മുസ്‌ലിയാര്‍ ബുദ്ധിമുട്ട് നീങ്ങാനുള്ള മാര്‍ഗം 'സുന്നിവോയ്‌സി'ലൂടെത്തന്നെ പറഞ്ഞുതരുന്നത് കാണുക: ''മോശമായി മനുഷ്യര്‍ ജീവിക്കുന്നത് കൊണ്ടാണ് ഈ ദുര്‍ഗതി ഉണ്ടായതെന്ന് മനസ്സിലാക്കണം. തെറ്റില്‍നിന്ന് പിന്തിരിയാനായി പടച്ചവന്‍ നല്‍കിയ ശിക്ഷയാണ് ഇത്. നാഥന് വിധേയപ്പെട്ട് ജീവിച്ചാല്‍ അവന്‍ തന്നെ ഈ ഇടങ്ങേറില്‍നിന്ന് നമ്മെ രക്ഷപ്പെടുത്തും'' (സുന്നിവോയ്‌സ്, 2020 ആഗസ്റ്റ് 16-31, പേജ് 5).

സമസ്തയുടെ അനുയായികള്‍ അഥവാ സുന്നിവോയ്‌സിന്റെ വായനക്കാര്‍ ഇതില്‍ ഏതു സ്വീകരിക്കും?

തൗഹീദില്‍ അടിയുറക്കാത്തവരുടെ സ്വഭാവത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞത് എത്ര വ്യക്തം: ''നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളില്‍നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു'' (16:53,54).

വിശ്വാസികള്‍ അവസരവാദികളായിക്കൂടാ എന്നേ പറയാനുള്ളൂ.