കഅ്ബ നിര്‍മാണവും ഇബ്‌റാഹീം നബിയും

അബൂഫായിദ

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

മാനവരാശിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ് മക്കയിലെ കഅ്ബാ ഗേഹത്തിന്റെ നിര്‍മാണം. ചരിത്രപ്രധാനമായ ഈ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്നാണ്. സ്രഷ്ടാവിനോടുള്ള മനുഷ്യരാശിയുടെ കീഴ്‌വണക്കത്തിന്റെയും വിധേയത്വത്തിന്റെയും അടയാളവും മനുഷ്യരാശിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ പ്രതീകവുമാണ് കഅ്ബ. അതിപ്രധാനമായ ഈ ചരിത്രസ്മാരകത്തിന്റെ നിര്‍മാണം നിര്‍വഹിക്കുകവഴി ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും മാനവരാശിയെ സംബന്ധിച്ച് അവിസ്മരണീയരായ രണ്ട് മഹാവ്യക്തിത്വങ്ങളായി ചരിത്രത്തില്‍ പ്രതിഷ്ഠ നേടി. കഅ്ബാ നിര്‍മാണവും ഇബ്‌റാഹീം നബി(അ)യും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട്. അവയില്‍ ഒന്ന് ഇപ്രകാരമാണ്:

''ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 2:127).

കഅ്ബ മാനവരാശിയുടെ ചരിത്രത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ നിരവധി സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവാണ്. മനുഷ്യനിര്‍മിതങ്ങളും കൃത്രിമങ്ങളുമായ മതങ്ങളുടെയും കെട്ടുകഥകളുടെയും ഇടയില്‍നിന്നും സ്രഷ്ടാവിന്റെ പ്രീതിക്കര്‍ഹമാക്കുന്ന യഥാര്‍ഥ രക്ഷാസരണി കണ്ടെത്തുവാന്‍ സത്യാന്വേഷകനെ സഹായിക്കുന്ന ഒരു പ്രതീകമാണ് കഅ്ബ. ലോകമതങ്ങളുടെയും വിശ്വാസ സരണികളുടെയും കൂട്ടത്തില്‍ കഅ്ബയെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു മതവും ഇസ്‌ലാമൊഴിച്ച് ഇല്ല. മറ്റു മതങ്ങള്‍ക്കാകട്ടെ ഇത്തരം ഒരു പുണ്യഗേഹത്തിന്റെ പിന്‍ബലവും ഇല്ല. എന്നാല്‍ ഇസ്‌ലാം ഇവിടെയും അതിന്റെ ദൈവികമായ അനന്യത പ്രകടമാക്കുകയും വിശുദ്ധ കഅ്ബയുടെ പ്രാധാന്യവും സ്ഥാനവും ക്വുര്‍ആനിലൂടെ മാനവരാശിയെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഅ്ബയുടെ പ്രാധാന്യത്തെപ്പറ്റി വിശുദ്ധ ക്വുര്‍ആനില്‍ ഇപ്രകാരം പറയുന്നു:

''തീര്‍ച്ചയായും മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാമന്ദിരം ബക്കയില്‍ (മക്കയില്‍) ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു). അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ - (വിശിഷ്യാ) ഇബ്‌റാഹീം നിന്ന സ്ഥലം- ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു...'' (ക്വുര്‍ആന്‍ 3:96,97).

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ തിരിഞ്ഞുനിന്ന് പ്രാര്‍ഥിക്കുന്ന ദിശ കഅ്ബയുടെതാണ്. ഇത്തരം ഏകോപനത്തിന്റെതായ ഒരു ദിശാനിര്‍ണയം മറ്റു മതങ്ങളിലില്ല. കഅ്ബയുടെ നേര്‍ക്കു തിരിഞ്ഞ് അഞ്ചുനേരം പ്രാര്‍ഥിക്കുന്ന കോടിക്കണക്കിനു വിശ്വാസികള്‍ ആ പുണ്യസ്ഥലവും മാനവരാശിയും തമ്മിലുള്ള ബന്ധം അംഗീകരിക്കുകയും പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അതിപ്രധാനമായ ഒരു പുണ്യഗേഹത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച മഹാപുരുഷന്‍ എന്ന നിലയില്‍ ഇബ്‌റാഹീം നബി(അ) വിശുദ്ധ ക്വുര്‍ആനില്‍ പ്രശംസിക്കപ്പെട്ടിരിക്കുന്നു.

മക്വാമു ഇബ്‌റാഹീം

മക്കയുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യം വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പരമപ്രധാനമായ ഹജ്ജിന്റെ സ്ഥലകാല ബന്ധിതമായ ഭൂമികയാണ് കഅ്ബയും അനുബന്ധ സ്ഥലങ്ങളും ഉള്‍ക്കൊള്ളുന്ന മക്ക. ലോകാവസാനംവരെയുള്ള മുസ്‌ലിംകള്‍ക്ക് അവരുടെ മതപരവും വിശ്വാസപരവുമായ മേഖലകളില്‍ അവഗണിക്കാനാവാത്ത ഒരിടമെന്ന നിലയില്‍ കഅ്ബയുടെ പരിസരം ഇസ്‌ലാമുമായി നിരന്തര ബന്ധം പുലര്‍ത്തുന്ന ഇടമാണ്. കഅ്ബയെ വിസ്മരിച്ചുകൊണ്ടും അവഗണിച്ചുകൊണ്ടും ഇസ്‌ലാമിന്റെ മതപരമായ സ്വത്വത്തിന് മൂര്‍ത്തഭാവം കൈവരിക്കുക സാധ്യമല്ല. ഇസ്‌ലാമിന്റെ ചരിത്രഭൂമികയില്‍ അവഗണിക്കാനാവാത്ത സവിശേഷ സ്ഥാനമുള്ള കഅ്ബക്കരികില്‍ 'മക്വാമു ഇബ്‌റാഹീം' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സ്മാരക സ്ഥലം ഇബ്‌റാഹീം നബി(അ)ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. കഅ്ബാ പുനര്‍നിര്‍മാണവും അതിനുശേഷമുള്ള അര്‍ഥവത്തും ചരിത്രപ്രധാനവുമായ പ്രാര്‍ഥനയും ഉള്‍പ്പെടുന്ന സുപ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഉപയോഗപ്പെടുത്തിയ സ്ഥലമാണ് പിന്നീട് മക്വാമു ഇബ്‌റാഹീം എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നത്. ഹജ്ജിന്നിടയില്‍ മക്വാമു ഇബ്‌റാഹീമില്‍ നിന്ന് പ്രാര്‍ഥിക്കണമെന്ന് വിശുദ്ധ ക്വുര്‍ആന്‍  ആവശ്യപ്പെടുന്നുണ്ട്.

''ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക). ഇബ്‌റാഹീം നിന്ന് പ്രാര്‍ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്‌കാര (പ്രാര്‍ഥനാ) വേദിയായി സ്വീകരിക്കുക'' (ക്വുര്‍ആന്‍ 2:125).

വിശുദ്ധ കഅ്ബയും അതുള്‍ക്കൊള്ളുന്ന പരിസരവും അവയുടെ ചരിത്രപശ്ചാത്തലവും ഭൂതകാലവുമൊക്കെ എക്കാലത്തേക്കുമായി മാനവരാശിക്കുള്ള ദൃഷ്ടാന്തങ്ങളാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇബ്‌റാഹീം നബി(അ)യും അദ്ദേഹത്തിന്റെ ധന്യമായ ജീവിതവും വിശ്വാസബന്ധിതമായ ജീവിതാനുഭവങ്ങളും ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ടുകൂടിയാണ് വിശുദ്ധ ഭവനവും പരിസരവും വിശ്വാസികള്‍ക്ക് ദൃഷ്ടാന്തങ്ങളായിത്തീരുന്നത്. കഅ്ബയുമായി ബന്ധപ്പെട്ട ചരിത്ര-വിശ്വാസ ദൃഷ്ടാന്തങ്ങളില്‍ പരമപ്രധാനമായ സ്ഥാനമാണ് ഇബ്‌റാഹീം നബി(അ) നിന്ന സ്ഥലത്തിന് അഥവാ മക്വാമു ഇബ്‌റാഹീമിന് ക്വുര്‍ആന്‍ നല്‍കിയിട്ടുള്ളത്. കഅ്ബയുടെ ദൃഷ്ടാന്തപരമായ പ്രാധാന്യം ഊന്നിപ്പറയുന്നിടത്ത് മക്വാമു ഇബ്‌റാഹീമിനെക്കുറിച്ച് ക്വുര്‍ആന്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒന്നിലധികം ഇടങ്ങളിലായി മക്വാമു ഇബ്‌റാഹീമിനെ പറ്റി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നു. 2:125ലെ പരാമര്‍ശം മുകളില്‍ ഉദ്ധരിച്ചു. മറ്റൊരിടത്ത് ക്വുര്‍ആന്‍ പറയുന്നു: ''അതില്‍ (കഅ്ബയില്‍) വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ (വിശിഷ്യാ) ഇബ്‌റാഹീം നിന്ന സ്ഥലം (മക്വാമു ഇബ്‌റാഹീം) ഉണ്ട്'' (ക്വുര്‍ആന്‍ 3:97).

ചരിത്രത്തില്‍ മറ്റൊരു പ്രവാചക ശ്രേഷ്ഠനും ഇത്തരമൊരു സ്മാരകം നല്‍കപ്പെട്ടതായി നാം കാണുന്നില്ല. ഇസ്‌ലാമിന്റെ ചരിത്രത്തിലും ആശയാദര്‍ശങ്ങളിലും സാംസ്‌കാരിക പൈതൃകത്തിലും ഇബ്‌റാഹീം നബി(അ)ക്ക് അല്ലാഹു നല്‍കിയ പരിഗണനയും പ്രാധാന്യവുമാണ് ഇതിന് കാരണം. തീര്‍ച്ചയായും ഈ സവിശേഷമായ പരിഗണന അല്ലാഹു അദ്ദേഹത്തിന്‌നല്‍കിയ അനുഗ്രഹവും തെരഞ്ഞെടുപ്പുമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

''തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും. പിന്നീട്, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല'' (ക്വുര്‍ആന്‍ 16:120-123).