ജനരോഷം നിഷ്പ്രഭമാക്കിയ കരിനിയമം

നബീല്‍ പയ്യോളി

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

വിവാദങ്ങള്‍ക്ക് വഴിവെച്ച പോലീസ് ആക്റ്റ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ജനാധിപത്യ പ്രതിരോധത്തിന്റെ വിജയമാണ്. ജനരോഷത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ സര്‍ക്കാര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. എന്നാല്‍,  ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായ ഒരു കാര്യം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല മറിച്ച് ആ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് പിന്‍വാതിലിലൂടെ നടപ്പിലാക്കുന്ന കാഴ്ചക്ക് നാം സാക്ഷിയാകേണ്ടിവരും.

പൗരന്റെ അവകാശത്തിന് കൂച്ചുവിലങ്ങിടുന്ന നിയമം നിയമനിര്‍മാണ സഭയെ നോക്കുകുത്തിയാക്കി ധൃതിപിടിച്ച് നടപ്പിലാക്കിയത് മുതല്‍ അതിലെ വാചകങ്ങള്‍വരെ ജനാധിപത്യവിരുദ്ധവും പൗരാവകാശ ധ്വംസനവുമാണെന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞു. അധികാരമൊഴിയാന്‍ ആറുമാസം മാത്രം ബാക്കിനില്‍ക്കെ ഇത്തരം ഒരു ഓര്‍ഡിനന്‍സിലേക്ക് സര്‍ക്കാരിനെ നയിച്ച ഘടകം എന്തെന്നത് ദുരൂഹമാണ്. ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇല്ലായ്മ ചെയ്യാം എന്നതായിരിക്കാം ഇത്തരം ഒരു കടുംകൈ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമെല്ലാം വേണ്ടി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന, അതിനുവേണ്ടി പ്രക്ഷോഭങ്ങള്‍ നടത്തിയ ഇടതുപക്ഷംതന്നെ ഇത്തരം ഒരു കിരാതനിയമത്തിന്റെ ശില്‍പികളാവുന്നു എന്നത് വിരോധാഭാസമാണ്.

സ്ത്രീകള്‍ക്കെതിരായി സൈബര്‍ സ്പേസില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും വ്യക്തിഹത്യക്കും തടയിടുക എന്നതാണ് നിയമഭേദഗതിയിലേക്ക് നയിച്ചത് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ നിയമത്തില്‍ എവിടെയും സ്ത്രീ എന്നോ സൈബര്‍ സ്പേസ് എന്നോ കാണാന്‍ സാധ്യമല്ല. ഏത് അഭിപ്രായ പ്രകടനങ്ങളെയും തങ്ങള്‍ക്കിഷ്ടമല്ല എന്നതിന്റെ പേരില്‍ തടയിടാന്‍ വേണ്ടിയാണിത് എന്ന വിമര്‍ശനത്തിന് ആക്കംകൂട്ടുന്നത് ഈ ഭേദഗതിയിലെ അവ്യക്തത തന്നെയാണ്.

'ഒരാളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതിനോ അധിക്ഷേപിക്കുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ വേണ്ടി, ഏതെങ്കിലും കാര്യമോ വിഷയമോ വ്യാജമെന്നറിഞ്ഞുകൊണ്ട്, ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയും അത് അങ്ങനെയുള്ള ആളിന്റെയോ ഒരു വിഭാഗം ആളുകളുടെയോ അവര്‍ക്ക് താല്‍പര്യമുള്ള മറ്റേതെങ്കിലും ആളുടെയോ മനസ്സിനോ ഖ്യാതിക്കോ വസ്തുവിനോ ഹാനിയുണ്ടാക്കുവാനിടയാക്കുകയും ചെയ്യുന്ന ഏതൊരാളെയും കുറ്റസ്ഥാപനത്തിന്മേല്‍ മൂന്നുവര്‍ഷം വരെയാകുന്ന തടവോ പതിനായിരം രൂപവരെയാകുന്ന പിഴയോ ഇവ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കേണ്ടതാണ്.'

ആര്‍ക്കും ഏതുരീതിയിലും ഉപയോഗിക്കാവുന്ന വാചകങ്ങളാണ് ഇതിലുള്ളത്. ഒരാള്‍ക്കെതിരെ ആരെങ്കിലും അധിക്ഷേപിക്കാനോ വ്യക്തിഹത്യനടത്താനോ വേണ്ടി പടച്ചുവിട്ട വാര്‍ത്തകളോ എഴുത്തുകളോ ശബ്ദസന്ദേശമോ തുടങ്ങി ഏതു കാര്യങ്ങള്‍ക്കെതിരെയും ആര്‍ക്കും പരാതി നല്‍കാം. എനിക്ക് മാനഹാനി ഉണ്ടായി എന്ന് സ്വയം തോന്നേണ്ടതില്ല, മറ്റാര്‍ക്കെങ്കിലും തോന്നിയാലും മതി എന്ന, വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതാണ് ഈ നിയമം എന്നാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ആര്‍ക്കും ആര്‍ക്കെതിരെയും കേസ് നല്‍കാനുള്ള സാധ്യതയാണ് ഇതിലുള്ളത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ പറഞ്ഞതുപോലെയുള്ള കാര്യങ്ങളാവുമ്പോള്‍ ഏത് തരത്തിലുള്ള സംഭാഷണങ്ങളും തര്‍ക്കങ്ങളും എഴുത്തുകളും അങ്ങനെ വ്യാഖ്യാനിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും സാധ്യമാവുകയും ചെയ്യും. എതിരാളികളെ ഇല്ലാതാക്കാന്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതിനെക്കാള്‍ അപകടകരമായി, ഒരാള്‍ നിര്‍ദോഷം എഴുതിയതോ പ്രകടിപ്പിച്ചതോ ആയ അഭിപ്രായങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടാനും ജയിലിലേക്കയക്കാനും ഈ നിയമം സാഹചര്യമൊരുക്കുന്നുണ്ട്. നിലവിലുള്ള മാനനഷ്ട കേസുകള്‍ സിവില്‍ കേസുകളാണെങ്കില്‍ ഇവിടെ ക്രിമിനല്‍ നടപടികളാണ് നേരിടേണ്ടി വരിക എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്.

സാമൂഹ്യമാധ്യമങ്ങളിലെ സഭ്യമായ അഭിപ്രായ പ്രകടനങ്ങെളയും ആക്ഷേപങ്ങെളയും ആശയസംവാദങ്ങെളയുമെല്ലാം മുകളില്‍ പറഞ്ഞരീതിയില്‍ ദുര്‍വ്യാഖ്യാനിച്ച് 'അപമാനിച്ചു' എന്ന് പറഞ്ഞുകൊണ്ട് പരാതി നല്‍കാം. പോലീസ് കേസെടുത്ത് കുഴങ്ങും എന്ന് ചുരുക്കം. മുതിര്‍ന്ന സി.പി.എം നേതാവും ദേശാഭിമാനി എഡിറ്ററുമായ പി. രാജീവ് കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ കുറിച്ച വാചകം 'ഐടി ആക്ടിലെ 66എ വകുപ്പ് നടപ്പിലായിരുന്നെങ്കില്‍ ഇന്ന് ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ മിക്കവരും ജയിലിയായിരിക്കും' എന്നതായിരുന്നു. ഇതുതന്നെയാണ് പുതിയ നിയമഭേദഗതിയെ കുറിച്ചും കേരളീയ സമൂഹം പങ്കുവെക്കുന്ന ആശങ്ക. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് തടയിടാന്‍ എന്ന സര്‍ക്കാര്‍വാദത്തെ സാധൂകരിക്കുന്ന ഒരു വാക്കുപോലും ഈ ഭേദഗതിയില്‍ ഇല്ലതാനും. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ നിയമത്തിന്റെ ഉള്ളടക്കംതന്നെ ചോദ്യം ചെയ്യുന്നുണ്ട്. ആര്‍ക്കും ഒന്നും പറയാനോ എഴുതാനോ പ്രകടിപ്പിക്കാനോ ഉള്ള സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഇവിടെ.

ജനാധിപത്യത്തിന്റെ കരുത്ത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്ത് ഔദ്യോഗികമായി ഇരിക്കുന്നവര്‍ മാത്രമല്ല സര്‍ക്കാരിന്റെ ഭാഗമല്ലാത്തവര്‍ മുഴുവനുമാണ് യഥാര്‍ഥ പ്രതിപക്ഷം. നിരന്തരമായ സോഷ്യല്‍ ഓഡിറ്റിംഗിലൂടെ സര്‍ക്കാരിനെ തിരുത്തുകയും ശരിയായ ദിശയിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ദൗത്യം നിരന്തം നിര്‍വഹിക്കേണ്ടത് ജനാധിപത്യസംവിധാനത്തിന്റെ ജീവനാഡിയായ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. മുമ്പ് മാധ്യമങ്ങള്‍ നിര്‍വഹിച്ചിരുന്ന ആ ദൗത്യം ഇന്ന് ഓരോ പൗരനും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം. അതുകൊണ്ട് തന്നെ ഈ നിയമങ്ങള്‍ക്ക് ഇരയാവുക വന്‍കിട മാധ്യമങ്ങളോ ഓണ്‍ലൈന്‍ മാധ്യമങ്ങളോ അല്ല, മറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സാധാരണക്കാരാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കുന്നതും വിമര്‍ശനശരങ്ങള്‍ ഉയരുന്നതും ഈ പശ്ചാത്തലത്തിലാണ്.

2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കാണിച്ച് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയോ അല്ലെങ്കില്‍ ദുരുപയോഗം സാധ്യമല്ലാത്തവിധം ശക്തവും കൃത്യവുമായ നിയമ നിര്‍മാണം നടത്തുകയോ ചെയ്യേണ്ടതിനു പകരം ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയത്ത് ഇത്തരം ഒരു ഘട്ടത്തില്‍ ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്ന നിയമനിര്‍മാണങ്ങള്‍ക്കായി നിയമനിര്‍മാണസഭകളെ നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സ് ഇറക്കുന്നതുവഴി ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ഏകാധിപത്യ പ്രവണതകള്‍ക്ക് വളംവെച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ്.

സാമൂഹിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവുക എന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന് മുമ്പില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണ്, നിലപാടുകള്‍ സുതാര്യമാണ് എന്ന് ബോധ്യപ്പെടുത്തേണ്ട ഘട്ടങ്ങളില്‍ അത് ചെയ്യാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. താനും തനിക്ക് ചുറ്റുമുള്ളവരും അധികാര ദുര്‍വിനിയോഗം നടത്തിയോ ഭരണകേന്ദ്രങ്ങളില്‍ ദുഃസ്വാധീനം ചെലുത്തിയോ കാര്യങ്ങള്‍ നേടാനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും ശ്രമിക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇതിനെതിരെ പ്രതികരിക്കാനും അത്തരം അനാരോഗ്യ പ്രവണതകളെ ഇല്ലായ്മ ചെയ്യാനും മാധ്യമങ്ങളും പൊതുസമൂഹവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. കള്ളങ്ങളും അപവാദപ്രചാരണങ്ങളും അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്തല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. അനീതിക്കെതിരായ പോരാട്ടങ്ങളില്‍ സത്യസന്ധതയും നീതിബോധവും വെച്ചുപുലര്‍ത്തുക എന്നത് ഏതൊരാളുടെയും ധാര്‍മികതയുടെ ഭാഗമാണെന്ന് മറക്കരുത്.

കേരളംപോലെ അഭ്യസ്തവിദ്യരും ഉയര്‍ന്ന ജനാധിപത്യ സാംസ്‌കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു ഭൂമികയില്‍നിന്ന് ഇത്തരം ഒരു നിയമം ഉണ്ടാവുക എന്നതുതന്നെ നമുക്ക് അപമാനമാണ്. ഫാസിസ്റ്റ് ശക്തികള്‍ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കുന്ന ഇന്നിന്റെ സാഹചര്യത്തില്‍ അതേസാധ്യതകള്‍ നിലനില്‍ക്കുന്ന നിയമം കേരളത്തില്‍ നിലവില്‍വരുന്നതിനെ ഞെട്ടലോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമ വിദഗ്ധരും രാഷ്ട്രീയ നേതാക്കളും അടക്കം ദേശീയ തലത്തിലുള്ളവര്‍ നോക്കിക്കാണുന്നത്.

''ഇത് ക്രൂരം, വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമം; കുറ്റകരമായി കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ജയില്‍ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിലൂടെ കേരള പൊലീസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66(എ)ക്ക് സമാനമാണിത്''- സുപ്രീംകോടതി അഭിഭാഷകനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

''കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹമാധ്യമങ്ങൡലെ 'കുറ്റകരമായ' പോസ്റ്റിന് 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടാക്കിയതു ഞെട്ടിപ്പിക്കുന്നു''- മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ടിറ്റ്വറില്‍ കുറിച്ചു.

''മാനനഷ്ട വകുപ്പ് ഐ.പി.സിയില്‍ നിന്ന് ഒഴിവാക്കണമെന്ന നയമുള്ള സി.പി.ഐ(എം) ആണീ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഒരു ചര്‍ച്ചയും കൂടാതെ. നിയമഭേദഗതിക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ എന്നോട് ഡി.ജി.പി രേഖാമൂലം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ ഓര്‍ഡിനന്‍സ് വന്നുകഴിഞ്ഞു. അധികാര ദുര്‍വിനിയോഗത്തില്‍ പെടാത്ത നിയമം ഈ മേഖലയില്‍ സാധ്യമാണ് എന്നിരിക്കെ അതിനു കാക്കാതെ 6 മാസത്തേക്ക് മാത്രമുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ ദുരുദ്ദേശം വ്യക്തമാണ്'' എന്ന് പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളില്‍നിന്ന് പിന്മാറാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. ഏതൊരു സര്‍ക്കാരും നിയമനിര്‍മാണം നടത്തുന്നത് തങ്ങളുടെ പ്രഖ്യാപിത ആശയങ്ങള്‍ക്കനുസരിച്ചാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഭാഗമായ മുന്നണിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. അതില്‍നിന്ന് ഒളിച്ചോടുക സാധ്യമല്ല. ഇത്തരം നിയമങ്ങളെ കുറിച്ച് പാര്‍ട്ടിയും പൊതുസമൂഹവും എങ്ങനെ കാണുന്നു എന്നത് ആലോചിക്കാതെ അധികാരത്തിന്റെ മത്തില്‍ എഴുതിക്കൊടുന്ന വാചകങ്ങള്‍ക്ക് വലിയ വിലനല്‍കേണ്ടിവരും. പൊലീസിന്റെ അധികാരദുര്‍വിനിയോഗം ആവോളം കണ്ട ദിനങ്ങളാണ് കഴിഞ്ഞുപോയത്. അവരുടെ കയ്യിലേക്ക് മൂര്‍ച്ചയുള്ള ആയുധം വെച്ചുകൊടുക്കുന്ന ഇത്തരം അവിവേകങ്ങള്‍ ഇനിയുണ്ടാവാതിരിക്കാന്‍ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ ജാഗ്രത കാണിച്ചേ മതിയാവൂ.