കേരളം പ്രവാസികളെ കൈവെടിഞ്ഞോ?

നബീല്‍ പയ്യോളി

2020 ജൂലൈ 04 1441 ദുല്‍ക്വഅദ് 13

അവസാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നു. കേരളത്തിലേക്ക് യാത്രചെയ്യുന്ന ഗള്‍ഫ് മലയാളികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന തികച്ചും അപ്രായോഗിക നിര്‍ദേശമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. പകരം എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, പി.പി.ഇ കിറ്റുകള്‍ ധരിക്കണം എന്ന നിബന്ധന വെച്ചു. നാട്ടിലേക്ക് വന്ന മിക്കവരും പി.പി.ഇ കിറ്റുകള്‍ ധരിച്ചിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഗള്‍ഫിലെ മലയാളികളോട് കാണിക്കുന്ന ക്രൂരതയുടെ അവസാന ഉദാഹരണം മാത്രമാണ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ഇറക്കിയ ഉത്തരവ്. വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കേണ്ട നിര്‍ദേശങ്ങള്‍ അതത് രാജ്യങ്ങളിലെ അനുഭവസ്ഥരോടോ സര്‍ക്കാര്‍ സംവിധാനങ്ങളോടോ സര്‍ക്കാര്‍ അനുകൂല സംഘടനകളോടോ ആലോചിക്കുക എന്ന സാമാന്യമര്യാദ പോലും പാലിക്കാതെ അന്തപുരിയിലെ ശീതീകരിച്ച മുറിയിലിരുന്ന് ഉത്തരവിറക്കുകയാണ് കേരള ഭരണകൂടം. യഥാര്‍ഥത്തില്‍ അവര്‍ കുത്തിക്കുറിക്കുന്നത് പ്രവാസി മലയാളികളുടെ മരണക്കുറിപ്പാണ്.

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവര്‍ ഉള്ളതുകൊണ്ടാണ് നമ്മള്‍ കഞ്ഞികുടിച്ച് കഴിയുന്നത് എന്നും പറയുന്ന കേരള സര്‍ക്കാര്‍ പ്രവാസിദ്രോഹ നടപടികള്‍ നിരന്തരം സ്വീകരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. ആരാണ് ഈ തെറ്റായ തീരുമാനങ്ങള്‍ക്ക് പിന്നില്‍? ഈ ഇരട്ട മുഖങ്ങള്‍ തകര്‍ക്കുന്നത് നൂറുകണക്കിന് ജീവനുകളെയാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം മലയാളികള്‍ക്ക് ഉണ്ടാവണം. തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഗതിഗേടുകൊണ്ട് അത് തിരുത്തുകയും ചെയ്യുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ഓരോ തീരുമാനം എടുക്കുമ്പോഴും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ മുഖമാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ മനസ്സില്‍ തെളിഞ്ഞുവരേണ്ടത്. എങ്കിലേ അവര്‍ക്ക് ശരിയായ തീരുമാനങ്ങളിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ.

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാരെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്ത ഭരണകൂടം ആണ് കേന്ദ്രത്തിലുള്ളത്. എന്നാല്‍ പാവപ്പെട്ടവരായ പ്രവാസികള്‍ പോലും ക്വറന്റൈന്‍ ചെലവ് വഹിക്കട്ടെ, ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വറന്റൈനില്‍നിന്നുള്ള പിന്‍മാറ്റം, എയര്‍ഇന്ത്യയുടെ നിരക്കേ ചാര്‍ട്ടഡ് ഫ്ളൈറ്റുകളിലും ഈടാക്കാവൂ, ചാര്‍ട്ടഡ് ഫ്ളൈറ്റുകളില്‍ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് വേണം തുടങ്ങി പ്രവാസികളുടെ വരവിനെ തടസ്സപ്പെടുത്താന്‍ നമ്മുടെ ഭരണകൂടം നിരന്തരം ഗൂഢതന്ത്രം മെനയുകയായിരുന്നു. അത് പ്രവാസികളെ വലിയ മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു എന്നത് യാഥാര്‍ഥ്യമാണ്. കോവിഡ് കാലത്ത് അന്‍പതില്‍ അധികം മലയാളികള്‍ എങ്കിലും ഹൃദയസ്തംഭനം മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്തവര്‍ വേറെയും. ഭരണകൂടം തങ്ങളുടെ പൗരന്മാരെ മരണത്തിലേക്ക് തള്ളിവിട്ടു എന്നത് എത്ര ക്രൂരമാണ്! വര്‍ഷങ്ങളായി 'പ്രവാസി വാഴ്ത്തല്‍ പാട്ടുകള്‍' പാടുകയായിരുന്നു കേരളം. വിവാഹം, രോഗം, ആഘോഷങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വീടുകള്‍, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങി കേരളീയന്റെ സുഖദുഃഖങ്ങളില്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ രുചിയുണ്ടായിരുന്നു. കേരളത്തിന്റെ ദുരന്ത മുഖങ്ങളില്‍ പ്രവാസിസമൂഹം കൈമെയ് മറന്നു പ്രവര്‍ത്തിച്ചു. രണ്ട് പ്രളയങ്ങള്‍ അതിന്റെ നേര്‍സാക്ഷ്യം ആയിരുന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ പ്രവാസി സമൂഹം അകപ്പെട്ടപ്പോള്‍ കേരളം അവരെ കൈവിട്ടു! ഏതൊരു പ്രവാസിയുടെയും നെഞ്ചകത്തെ തകര്‍ക്കുന്നതാണ് ഈ സമീപനം.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തുടങ്ങിയ കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളെ വല്ലാതെ പിടിച്ചുകുലുക്കി. അതില്‍ നിസ്സഹായരായി നില്‍ക്കുകയായിരുന്നു പാവം പ്രവാസി മലയാളികള്‍. രോഗഭീതിയും രോഗവ്യാപനവും പൊടുന്നനെ ഉണ്ടായ ലോക്ഡൗണും അവധിയില്ലാതെ പണിയെടുക്കുന്ന പ്രവാസികള്‍ക്ക് മുമ്പില്‍ ഇരുട്ട് വീഴ്ത്തി. ഗള്‍ഫ് ഭരണാധികാരികള്‍ മുഴുവന്‍ ജനങ്ങള്‍ക്കും ചികിത്സയും ക്വറന്റൈന്‍ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കി. എങ്കിലും രോഗികളുടെ എണ്ണത്തിലെ വര്‍ധന സൗകര്യങ്ങള്‍ പര്യാപ്തമാവാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ എല്ലാവരും ഒന്ന് സ്തബ്ധരായി. എന്നാല്‍ പ്രവാസി മലയാളി സമൂഹം ദുരന്തമുഖത്തെ രക്ഷകരായി മാറി. ഗള്‍ഫ് ഭരണകൂടങ്ങളോട് ചേര്‍ന്നുനിന്നും അവര്‍ നല്‍കുന്ന സൗകര്യങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കിയും മലയാളി സമൂഹം തങ്ങളുടെ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ മുന്നിട്ടിറങ്ങി. കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും എംബസി കോണ്‍സുലേറ്റ്, നോര്‍ക്ക, ലോകകേരള സഭ തുടങ്ങിയ സംവിധാനങ്ങളും കുറ്റകരമായ മൗനവും നിസ്സംഗതയും പുലര്‍ത്തിയപ്പോള്‍ നമ്മുടെ രക്ഷക്ക് നമ്മള്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവില്‍ പ്രവാസി മലയാളി സമൂഹം കൈകോര്‍ത്ത് പിടിച്ചു. സ്വന്തം രാജ്യത്തെ ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പലതും അനുഭാവപൂര്‍വം പരിഗണിക്കപ്പെട്ടില്ല. പട്ടിണിയും രോഗഭീതിയും ഒഴിയാത്ത ഇടങ്ങളില്‍ സാന്ത്വനമായി പ്രവാസി സമൂഹം എത്തി. സന്മനസ്സുകളുടെ സഹായവും സ്വന്തം പോക്കറ്റിലെ പണവും മാത്രമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. എങ്കിലും തങ്ങളുടെ സഹോദരങ്ങള്‍ പട്ടിണികിടക്കുന്നില്ലെന്നും ചകിത്സയും സാന്ത്വനവും കിട്ടാതെ പ്രയാസപ്പെടുന്നില്ലെന്നും അവര്‍ ഉറപ്പ് വരുത്തി. സാമ്പത്തികവും ശാരീരികവും മാനസികവുമായി തങ്ങള്‍ക്ക് ചെയ്യാവുന്നതെല്ലാം രാപകലില്ലാതെ ഓടിനടന്ന് ചെയ്ത ഗള്‍ഫിലെ പ്രവാസി മലയാളി സമൂഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. പ്രവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഫീസായി ഈടാക്കിയ കോടികണക്കിന് രൂപ എമ്പസികളുടെ കയ്യിലുഉള്ളപ്പോളാണ് അവര്‍ വെറും നോക്കുകുത്തിയായി നിന്നത്. ഓഫീസ് നവീകരണത്തിനും സമ്മേളന മാമാങ്കങ്ങള്‍ക്കും കോടികള്‍ പൊടിപൊടിക്കുന്ന നോര്‍ക്കയും ലോകകേരളസഭയും തഥൈവ! പ്രവാസികള്‍ തികഞ്ഞ അനാഥത്വം അനുഭവിച്ച നാളുകളാണിത്.

ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, നിത്യരോഗികള്‍, വൃദ്ധര്‍, സന്ദര്‍ശകവിസയില്‍ എത്തിയ മാതാപിതാക്കള്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍, പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനിരിക്കുന്നവര്‍ തുടങ്ങി നാടണയല്‍ അത്യാവശ്യമായവരുടെ നിരന്തര രോദനങ്ങളുടെ ഫലമായി കേരളം നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം മലയാളികളാണ് ഗള്‍ഫില്‍നിന്നും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്തിനായിരുന്നു ഈ രജിസ്ട്രേഷന്‍ എന്നത് ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നു. പിന്നീട് എംബസി രജിസ്ട്രേഷനും ചെയ്യേണ്ടി വന്നു പാവം പ്രവാസികള്‍ക്ക്. വലിയ സമ്മര്‍ദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ അവര്‍ക്ക് നാട്ടിലെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളൈറ്റൊരുക്കി. വന്ദേ ഭാരത് എന്ന ഓമനപ്പേരില്‍ എയര്‍ഇന്ത്യ അന്താരാഷ്ട്ര വിമാനസര്‍വീസ് ആരംഭിച്ചു. പാവങ്ങള്‍ സ്വന്തം പണം മുടക്കി നാട്ടിലേക്ക് പോകണം. സര്‍ക്കാര്‍ ഇന്ധന, എയര്‍പോര്‍ട്ട് നികുതികളും മറ്റും ഈടാക്കി തങ്ങളുടെ പൗരന്മാര്‍ക്ക് തണലേകി! കേരളം വായില്‍ കൊള്ളാത്ത പ്രഖ്യാപനങ്ങളുമായി പ്രവാസി സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. കോര്‍പ്പറേഷന്‍ പൈപ്പിലെ വെള്ളംപോലെ ഓരോ തുള്ളയായി ഇറ്റുന്ന കണക്ക് ഏതാനും ഫ്ളൈറ്റുകള്‍ ആണ് ഗള്‍ഫില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. പാവങ്ങള്‍ക്ക് ടിക്കറ്റിനുള്ള പണം കണ്ടെത്തുക എന്നതും പ്രവാസി സമൂഹത്തിന്റെ ബാധ്യതയായി മാറി. കേരളത്തിലെ സുമനസ്സുകളും ഈ ശ്രമങ്ങള്‍ക്ക് സഹായം നല്‍കി.

ഇങ്ങനെ പോയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും അത്യാവശ്യക്കാര്‍ക്ക് നാട്ടിലെത്താന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ പ്രവാസി സമൂഹം ചാര്‍ട്ടഡ് ഫ്‌ളൈറ്റുകള്‍ക്ക് ശ്രമം തുടങ്ങി. ഒടുവില്‍ അതിന് അനുമതി ലഭിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരെ എങ്ങനെ പ്രയാസപെടുത്താം എന്ന് ഓരോ ഘട്ടത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ന് ഗവേഷണം നടത്തി നിയമക്കുരുക്കുകള്‍ തീര്‍ക്കുകയും ചെയ്തു. എങ്കിലും അനാഥത്വം സമ്മാനിച്ച ധൈര്യം പ്രവാസികളെ തളര്‍ത്തിയില്ല. ഇടക്ക് ടിക്കറ്റ് ചാര്‍ജ്ജ് മടങ്ങുകള്‍ വര്‍ദ്ധിപ്പിച്ച് ലാഭക്കൊതി മൂത്ത എയര്‍ ഇന്ത്യ കാണിച്ച മനുഷ്യത്വ രഹിത നിലപ്പെടുകളെയും പ്രവാസി സമൂഹം ചെറുത്ത് തോല്‍പിച്ചു. അതിനിടയില്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രം കോവിഡ് പരിശോധന വേണം എന്ന തികച്ചും വിവേചനപരമായ നിബന്ധന കേരളം മുന്നോട്ട് വെക്കുന്നത്. അതില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടു. 'പ്രവാസികള്‍ക്ക് ടിക്കെറ്റടുത്ത് നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എന്താ ആ പാവങ്ങള്‍ക്ക് ഒരു ടെസ്റ്റ് കൂടി ചെയ്ത് കൊടുത്താല്‍' എന്നതായിരുന്നു ആ പ്രസ്താവന! ദുരന്തമുഖത്ത് ഭരണകൂടം നിസ്സംഗത പുലര്‍ത്തിയപ്പോള്‍ രക്ഷകരായെത്തിയ പ്രവാസികളെ പരിഹസിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രവാസി സമൂഹത്തിന്റെ സമൃദ്ധികാലത്ത് അവര്‍ നല്‍കിയ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് ദുരന്തമുഖത്ത് മുഖംതിരിഞ്ഞുനിന്ന ഭരണകൂടം ചരിത്രത്തിന്റെ ഏടുകളില്‍ കറുത്ത മഷികൊണ്ട് എഴുതപ്പെടും. സ്‌കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ എഴുതാന്‍ കാത്തിരിക്കുന്ന സ്‌കോറര്‍ ആയി മാറുന്നു നമ്മുടെ ഭരണാധികാരികള്‍. നേട്ടങ്ങളുടെ പട്ടികയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഭരണകൂടങ്ങള്‍ക്ക് പാവങ്ങളുടെ കണ്ണുനീര്‍ കണ്ണുതുറപ്പിക്കാന്‍ ഉതകുന്നില്ലെന്നതില്‍ ലജ്ജിക്കുന്നു. ഗള്‍ഫ്‌നാടുകളില്‍ വന്ന് പ്രോഗാമുകള്‍ അവതരിപ്പിക്കാനും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാനും മത്സരിച്ച മലയാളി കലാകാരന്മാരും സാഹിത്യകാരന്മാരും ഈ ദുരന്തകാലത്ത് കുറ്റകരമായ മൗനത്തില്‍ തന്നെയാണ്. മത, രാഷ്ട്രീയ സാമൂഹിക സംഘടനകളും തങ്ങളുടെ ഭാഗധേയം നിര്‍വഹിച്ചോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്.

ഇതിനിടയില്‍ 300ല്‍ അധികം മലയാളികളാണ് മണലാരണ്യത്തില്‍ മണ്ണോടുചേര്‍ന്നത്. കോവിഡും മാനസിക സമ്മര്‍ദവും മൂലവും ഹൃദയം തകര്‍ന്നും അവര്‍ അന്നംതേടിവന്ന നാട്ടില്‍തന്നെ അന്ത്യവിശ്രമംകൊണ്ടു. പല കുടുംബങ്ങളിലെയും ഏക അത്താണിയാണ് എന്നെന്നേക്കുമായി നഷ്ടമായത്. ഒരുപിടി സ്വപ്നങ്ങളുമായി കുടുംബത്തോട് യാത്രപറഞ്ഞവര്‍ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഭൂവാസം വെടിഞ്ഞു. കേരളവും കേന്ദ്രവും ഈ മരണങ്ങള്‍ അറിഞ്ഞില്ലെന്ന മട്ടിലാണ് പെരുമാറിയത്. നിരാലംബരായ കുടുംബങ്ങള്‍ക്കും അനാഥരായ കുഞ്ഞുങ്ങള്‍ക്കും വൈധവ്യം പേറുന്ന സഹോദരിമാര്‍ക്കും പുത്രവിയോഗം തകര്‍ത്ത മാതാപിതാക്കള്‍ക്കും ആശ്വാസം നല്‍കാന്‍ ഇതുവരെ സര്‍ക്കാരുകളോ കേരളീയ സമൂഹമോ തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്. ക്രൂരമായ രാഷ്ട്രീയകൊലപാതക കേസില്‍ കോടതി ശിക്ഷിച്ച പ്രതി മരണപ്പെട്ടപ്പോള്‍ സ്തുതിഗീതങ്ങളും അനുശോചന പ്രവാഹങ്ങളും നിറഞ്ഞുനിന്ന ഇടങ്ങളില്‍ പ്രവാസി ജീവനുകള്‍ക്ക് വിലയില്ലായിരുന്നു. ഗള്‍ഫില്‍നിന്നും പ്രവാസി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ചില ദിവസങ്ങളില്‍ അഞ്ചും അതിലധികവും മരണങ്ങളാണ് നടക്കുന്നത്. ഹൃദയം നടുങ്ങുന്ന കാഴ്ചകള്‍!

ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് ആരും വരേണ്ട എന്ന മനോഭാവം കേരളീയ പൊതുസമൂഹത്തിന് ഉണ്ടോ എന്ന് സാമൂഹ്യ മാധ്യമങ്ങളും അന്തിച്ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍ തോന്നിപ്പോകും. ഓരോ ദിവസവും കേരളത്തിലെ രോഗികളുടെ എണ്ണം പറയുന്നിടത്ത് വിദേശത്തുനിന്ന് വന്നവര്‍, അന്യസംസ്ഥാനത്തുനിന്ന് വന്നവര്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുന്നതുകൊണ്ടാവും ഈ ഒരു പൊതുബോധം രൂപപ്പെട്ടത്. പക്ഷേ, കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒരുലക്ഷത്തില്‍ താഴെ പ്രവാസികള്‍ മാത്രമെ നാട്ടില്‍ ഇതുവരെ എത്തിയിട്ടുള്ളൂ. അതില്‍ രണ്ട് ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കി 98 ശതമാനം ആളുകള്‍ക്കും രോഗം ഇല്ലെന്ന സത്യം ഈ കണക്കുകള്‍ക്കിടയില്‍ മറക്കപ്പെടുന്നു. രോഗിയാവുക എന്നത് ആരുടെയും കുറ്റമല്ല, അത് നാളെ നമുക്കോരോരുത്തര്‍ക്കും വന്നേക്കാം എന്ന തിരിച്ചറിവുണ്ടാവണം. രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കുക എന്നതാണ് മനുഷ്യത്വമുള്ള ഏതൊരാളുടെയും കടമ. പ്രവാസികളെ അന്യവല്‍ക്കരിക്കാന്‍ ബോധപൂര്‍വം ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു എന്നാണ് കരുതേണ്ടത്. അതിന്റെ പ്രതിഫലനമാണ് കൊല്ലത്ത് പ്രവാസിയെ തടഞ്ഞ സംഭവം. എന്തായാലും പ്രവാസികളെ അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടണം. ഇല്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് നാം സാക്ഷിയാവേണ്ടി വരും.

നാട്ടിലേക്കു മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ചിലരെങ്കിലും ഈ മണ്ണില്‍ തന്നെ അലിഞ്ഞു ചേര്‍ന്നു. ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരും പ്രതിപക്ഷവും കേരള പൊതുസമൂഹവും ശ്രമിക്കേണ്ടത്. കൂടുതല്‍ വിമാന, കപ്പല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറാവണം. അതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണം. കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെയും വിഭവശേഷിയുടെയും വളരെ ചെറിയ ശതമാനം മാത്രമാണ് കോവിഡ് കാലത്ത് ഉപയോഗിച്ചത്. അതുകൊണ്ട് ഇങ്ങോട്ട് വന്നാല്‍ ഇവിടെ പ്രതിസന്ധി രൂക്ഷമാകും എന്ന് പറയുന്നത് ന്യായീകരിക്കാവതല്ല. നമുക്ക് ധാരാളം വിഭവശേഷിയുണ്ട്. അത് ഓരോ കേരളീയന്റെയും ക്ഷേമത്തിന് ഉപയോഗപ്പെടുത്തേണ്ടതു തന്നെയാണ്. ഒന്നാം നമ്പറാകാന്‍ മനുഷ്യജീവനുകള്‍ ബലികൊടുക്കേണ്ടതില്ല. ഇന്ത്യയിലെ ഹോട്ട് സ്‌പോട്ടായ സ്ഥലങ്ങളില്‍നിന്നു പോലും ഒരു പരിശോധനയും കൂടാതെ ഫ്ളൈറ്റില്‍ അടക്കം ദിനേന ആളുകള്‍ വരുന്നു. യൂറോപ്പ്, അമേരിക്ക യു.കെ തുടങ്ങിയ ഹോട്ട്‌സ് പോട്ട് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ടെസ്റ്റ് ആവശ്യമില്ല താനും. അതുകൊണ്ട് തന്നെ വരാന്‍ കാത്തിരിക്കുന്ന പ്രവാസികളെ തടയാന്‍ പറയുന്ന ന്യായങ്ങള്‍ പൊള്ളയാണ്. ഈ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തവര്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങാനിരിക്കുന്നത്. അവരെ ഇനിയും തടയാന്‍ ശ്രമിച്ച് മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിടരുത്. മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസികളെ അപേക്ഷിച്ച് ഗള്‍ഫിലുള്ളവരില്‍ വലിയൊരു വിഭാഗം അന്നംതേടി വന്നവവരാണ്. കുടുംബജീവിതം ആഗ്രഹിച്ച് ഫാമിലി സഹിതം ഗള്‍ഫില്‍ നില്‍ക്കുന്നവര്‍ പോലും ജീവിത ചെലവുകള്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചുപോകുന്നവരാണ്. സ്യുട്ടും കോട്ടുമിട്ട് നടക്കുന്ന കോടീശ്വരന്മാരുടെ മുഖമല്ല ഗള്‍ഫിലെ യാഥാര്‍ഥമുഖം എന്ന് ഇനിയെങ്കിലും നാമൊക്കെ മനസ്സിലാക്കണം.

ഒരു കാര്യം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രവാസികള്‍ മിക്കവാറും നാട്ടില്‍ പോകാന്‍ അര്‍ഹതപ്പെട്ടവര്‍ തന്നെയാണ്. കാരണം ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസം ആണ് പ്രവാസികള്‍ നാട്ടില്‍ വരുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതും. ഫാമിലിയായി താമസിക്കുന്നവര്‍ റമദാന്‍ മുതല്‍ ഹജ്ജ് വരെയുള്ള കാലയളവിലാണ് നാട്ടിലേക്ക് അവധിക്ക് പോവാറുള്ളത്. ഈ അര്‍ഥത്തില്‍ ഗള്‍ഫിലെ ബഹുഭൂരിപക്ഷം ആളുകളും നാട്ടിലേക്ക് വരാന്‍ അര്‍ഹര്‍ തന്നെയാണ്. എന്നാല്‍ ഈ മഹാമാരിയുടെ ഇടയില്‍ അത്യാവശ്യക്കാര്‍ നാട്ടിലേക്ക് പോയിട്ട് നമ്മുടെ കാര്യം ആലോചിക്കാം എന്ന നിലയില്‍ നില്‍ക്കുന്നവരാണവര്‍. സഹജീവിസ്നേഹത്തിന്റെ കരുതലിന്റെ യഥാര്‍ഥ മാതൃക അതുതന്നെയാണ്. സ്വന്തം നാട്ടിലേക്ക് ആരും വരേണ്ടതില്ലെന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും ഭരണ കേന്ദ്രങ്ങളിലും ഇരിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഗള്‍ഫിലുള്ളവര്‍ വരുന്നത് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കുമാണ് എന്നാണ്; ആരുടെയും ഔദാര്യത്തിലേക്കല്ല എന്ന് ഇത്തരക്കാരെ വിനയപൂര്‍വം ഉണര്‍ത്തുന്നു. പ്രവാസികള്‍ക്ക് മുമ്പില്‍ കേരളത്തിന്റെ വാതില്‍ കൊട്ടിയടക്കാന്‍ ആര്‍ക്കും സാധ്യമല്ല. ശക്തമായ പ്രതിഷേധങ്ങള്‍ ഇനിയും ഉയരും. നീതിതേടി നീതിപീഠങ്ങളെ സമീപിച്ചാണ് സര്‍ക്കാരുകളുടെ പല തെറ്റായ തീരുമാനങ്ങളും തിരുത്തിച്ചത്. അത് ഇനിയും പ്രവാസലോകം ഒറ്റക്കെട്ടായി തുടരുക തന്നെ ചെയ്യും.

മരണമടഞ്ഞ പാവം പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. ജോലി നഷ്ടപ്പെട്ട് വരുന്നവരുടെ പുനരധിവാസം, അവര്‍ക്കുള്ള ധനസഹായം, ആരോഗ്യ, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ അധികാരികള്‍ തയ്യാറാവണം. അവര്‍ക്ക് ആശ്വാസ പദ്ധതികളാണ് ഈ സാഹചര്യത്തില്‍ പ്രഖ്യാപിക്കേണ്ടത്. അവധിയില്‍ പോയി സൗദിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്തവര്‍ക്ക് പൂര്‍ണമായും കോവിഡ് മുക്തമായതിന് ശേഷമെ തിരിച്ചുവരാന്‍ സാധിക്കുകയുളൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് മാസങ്ങള്‍ നീണ്ടേക്കാം. അതുകൊണ്ട് നാട്ടിലുള്ളവര്‍ തങ്ങളുടെ വരുമാനമാര്‍ഗം കണ്ടെത്തി പുതുജീവിതം തുടങ്ങുന്നതാണ് അഭികാമ്യം. മൂന്നരക്കോടി മലയാളികളില്‍ മൂന്ന് കോടിയും കേരളത്തില്‍ തന്നെ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. അതുകൊണ്ട് അവിടെ പട്ടിണിയാവും എന്ന് ആരും ഭയപ്പെടേണ്ട. ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴില്‍ കണ്ടെത്തി ശിഷ്ടകാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാം. ഉള്ളതുകൊണ്ട് ജീവിക്കാന്‍ എല്ലാവരും തയ്യാറായാല്‍ സമാധാനവും സംതൃപ്തിയും ഉണ്ടാവും. അനാവശ്യ സമരങ്ങളും അക്രമ സമരങ്ങളും പകപോക്കലുകളും അവസാനിപ്പിച്ച് നാടിന്റെ വിഭവശേഷി ഉപയോഗപ്പെടുത്തി കേരളത്തെ പുനര്‍നിര്‍മിക്കണം. അതിനുള്ള ഇച്ഛാശക്തി രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവുമാണ് കാണിക്കേണ്ടത്. പുതിയ സംരംഭങ്ങള്‍ തുടങ്ങിയവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ സാഡിസ്റ്റ് മനോഭാവം പേറുന്ന ഉദ്യോഗസ്ഥവൃന്ദവും മാറേണ്ടതുതന്നെ.

എന്തായലും സൗദിയും യു.എ.ഇയും അടക്കം പല ഗള്‍ഫ് രാഷ്ട്രങ്ങളും കോവിഡിനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. മിക്ക മേഖലകളും പഴയത് പോലെ പ്രവര്‍ത്തനം ആരംഭിച്ചു. ജാഗ്രതയും കരുതലും കൈവെടിയാതെ ജീവിത സന്ധാരണം സാധ്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. ഈ മഹാമാരിയുടെ പ്രതിസന്ധിച്ചുഴിയില്‍ അകപ്പെട്ട പ്രവാസികളെ അനാഥമാക്കാന്‍ ശ്രമിച്ചവര്‍ക്ക് അതിജീവനത്തിന്റെ പുതുമാതൃക കാണിക്കാന്‍ പ്രവാസി സമൂഹത്തിന് സാധിച്ചു. മത രാഷ്ട്രീയ വ്യത്യാസമന്യെ നന്മയുവുള്ളവര്‍ ഈ രംഗത്ത് തോളോട് തോള്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഗള്‍ഫിലെ കോവിഡ് വ്യാപനത്തിന് ഒരു പരിധിവരെ തടയിടാന്‍ സാധിച്ചത്. ഈ കൂട്ടായ്മയും ഐക്യവും ഭാവിയിലും പ്രതിസന്ധികളെ അതിജയിക്കാനുള്ള കരുത്തായി മാറും എന്ന് പ്രത്യാശിക്കാം.